Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കർണ്ണാടക – ഗോവ അതിർത്തിയിലൂടെ കടന്നു പോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിൽ ഷിരൂരിൽ കുന്നിടിഞ്ഞു വീണു കാണാതായ കോഴിക്കോട് സ്വദേശി അർജുനും തദ്ദേശവാസികളായ മറ്റു മൂന്നുപേർക്കുമായുള്ള തെരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കട ഉടമയടക്കം പത്തുപേർ നേരത്തെ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. അപകടം നടന്ന് ഏഴാം ദിവസവും അർജുന്റെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. കർണ്ണാടക പോലീസും റവന്യു അധികൃതരും ഗൗരവത്തോടെ ഇടപെട്ടില്ലെന്ന് കുടുംബം തുടക്കം മുതൽ പരാതി ഉന്നയിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, കെ സി വേണുഗോപാൽ എം പി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയോട് സാധ്യമായതെല്ലാം ചെയ്യാൻ ആവശ്യപ്പെടുന്നത്. അങ്ങനെ രക്ഷാപ്രവർത്തനത്തിന് ചെറുതായെങ്കിലും ജീവൻ വച്ചു. അതിനിടയിൽ മൂന്ന് ദിവസം കഴിഞ്ഞാണ് എൻ ഡി ആർ എഫ് സംഘം ഈ ദുരന്തം ഒരു ജീവൻ രക്ഷാദൗത്യം എന്ന രീതിയിൽ കാണാൻ തുടങ്ങിയതെന്നും അതുവരെ തടസ്സപ്പെട്ട ചരക്കു ഗതാഗതം പുനഃസ്ഥാപിക്കാനുള്ള മണ്ണ് നീക്കൽ ആയിരുന്നു നടന്നതെന്നും അർജുനന്റെ കുടുംബാഗം ദുരന്ത സ്ഥലത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറയുകയുണ്ടായി. അഞ്ചു ദിവസം മാധ്യമങ്ങൾക്ക് ദുരന്ത സ്ഥലത്തു പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു ഭരണകൂടം. അതിനിടയിൽ കേരളത്തിൽ നിന്നുള്ള സന്നദ്ധ സേവകരായി എത്തിയ രക്ഷാ ദൗത്യ സംഘത്തിന് അവിടെ പ്രവേശനം നേടുന്നതിനും ഏറെ കടമ്പകൾ നേരിടേണ്ടി വന്നു. സന്നദ്ധ സേവകനായി ജീവൻ രക്ഷാ പ്രവർത്തനത്തിന് കേരളത്തിൽ നിന്നും എത്തി ചേർന്ന രഞ്ജിത് ഇസ്രയേലും കർണ്ണാടക സർക്കാർ നിർണ്ണായകമായ ആദ്യ ദിവസങ്ങളിൽ കാണിച്ച ഗുരുതരമായ അലംഭാവത്തെ ചൂണ്ടിക്കാട്ടുന്നു. വലിയ മെറ്റൽ തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ സംവിധാനം ഏഴാം ദിവസവും എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് രഞ്ജിത് പറയുന്നു. ഇത് അർജുൻ്റെ ലോറി കണ്ടെത്തൽ എളുപ്പമാക്കുമെന്നാണ് ഒട്ടനവധി ദുരന്ത ഭൂമികളിൽ ജീവൻ രക്ഷാ പ്രവർത്തനം നടത്തി അനുഭവമുള്ള രഞ്ജിത് പറയുന്നത്. കൂടാതെ അഞ്ചു ദിവസം കഴിഞ്ഞാണ് സൈന്യം ഈ ദൗത്യത്തിൽ ഇടപെടുന്നതെന്നും കാണാം. കേരളം ഏറെ ചർച്ച ചെയ്ത ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ ജോയിയെ നഗര ജീവിതം വലിച്ചെറിഞ്ഞ മാലിന്യങ്ങളുടെ നടുവിൽ രണ്ടു ദിവസത്തിന് ശേഷം ജീവനില്ലാതെയാണ് കണ്ടെത്തിയത്. ഇതിനു ശേഷം ഏറെ മാധ്യമ ശ്രദ്ധ നേടിയ തിരോധാനമാണ് അർജുൻ എന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയുടെത്. ഇത്തരം ദുരന്തങ്ങളും അത് നേരിടുന്നതിലെ പോരായ്മകളും നമ്മുടെ ഭരണ സംവിധാനത്തിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും പറ്റുന്ന കൈപ്പിഴവുകളാണോ, അവരുടെ അലംഭാവമാണോ, ഒഴിവാക്കാനാവാത്ത അപകടങ്ങളാണോ എന്നൊക്കെ പരിശോധിക്കേണ്ടത് അനിവാര്യമാകുന്നു.
ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി മണ്ണ് നീക്കം ചെയ്യാനുള്ള ദൗത്യത്തിനിടയിൽ പെട്ടെന്ന് ഭരണകൂടം കൂടുതൽ ജാഗ്രത കാണിക്കാൻ തുടങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഉള്ളിൽ കുടുങ്ങി കിടക്കുന്ന ആൾ ഒരു ഡ്രൈവർ അല്ലെ? എന്താണ് ഇങ്ങനെ കർണ്ണാടക സർക്കാരിന്റെ ഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടാകാൻ കാരണം എന്നായിരുന്നു അയാൾ ചോദിച്ചത്. കേരളത്തിൽ നിന്നുള്ള ഇടപെടലിന് ശേഷം കർണ്ണാടക സർക്കാർ കൂടുതൽ ജാഗ്രത കാണിക്കുന്നതിനോടുള്ള ഉദ്യോഗസ്ഥ മേധാവികളുടെ പ്രതികരണമായിരുന്നു ഇത്. ഇതിനെ ചെയ്യുന്ന തൊഴിലനുസരിച്ച് ജീവന്റെ മൂല്യം കണക്കാക്കുന്ന നീതി രാഹിത്യം മാത്രമായി കണ്ടാൽ മതിയോ എന്ന ചോദ്യം പ്രധാനമാണ്. ഇതിനെ ദുരന്തത്തിന്റെ ആദ്യ നാളുകളിൽ തടസ്സപ്പെട്ട ചരക്കു നീക്കം സുഗമമായി നടത്താൻ പ്രാമുഖ്യം നൽകി നടത്തിയ ‘രക്ഷാ പ്രവർത്തന’വുമായി ചേർത്തുവായിക്കേണ്ടിവരുമെന്ന് തോന്നുന്നു. അപ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. എന്തുകൊണ്ടാണ് ഏറെ വികസിച്ച, ശാസ്ത്ര സാങ്കേതിക വിദ്യകൾ പുരോഗമിച്ച ഒരു നാട്ടിൽ ഒരു സാധാരണ മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കാനും, ജീവൻ രക്ഷിക്കാനും, ജീവിത ഗുണനിലവാരം വർധിപ്പിക്കാനും നമുക്ക് വിഭവങ്ങൾ മതിയാകാതെ വരുന്നത്? എന്തുകൊണ്ടാണ് പൗരന്മാരുടെ ജീവന് സംരക്ഷണം നൽകാനും അവർക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കാനും സമയബന്ധിതമായി ഇടപെടാൻ ഒരു ഭരണകൂടത്തിന് കഴിയാത്തത്? അതിനെ കുറ്റകരമായ അനാസ്ഥ എന്ന് മാത്രം വിശേഷിപ്പിച്ചാൽ മതിയോ? ഇത് അർജുന്റെയും ജോയിയുടെയും ജീവന് മീതെ ഉയരുന്ന നീതിയുടെ ചോദ്യം മാത്രം അല്ല, നമ്മുടെ രാജ്യത്ത് സാമൂഹിക സാമ്പത്തിക നീതി നിഷേധിക്കപ്പെട്ട ഒട്ടനവധി മനുഷ്യരുടെ, ഇനി നഷ്ടപ്പെടാനിരിക്കുന്നവരുടെ ജീവിത യാഥാർഥ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളാണ്.
ചരക്കിൽ വിലമതിക്കാതെ പോകുന്ന മനുഷ്യ ജീവൻ
“തൊഴിലാളി കൂടുതൽ സമ്പത്ത് ഉത്പാദിപ്പിക്കുംതോറും ദരിദ്രനാകുന്നു. അവൻ്റെ ഉൽപ്പാദനക്ഷമതയും അളവും വർദ്ധിക്കുമ്പോഴും അത് തുടരുന്നു. തൊഴിലാളി കൂടുതൽ ചരക്കുകൾ സൃഷ്ടിക്കുന്നതിനനുസരിച്ച് വിലകുറഞ്ഞ ചരക്കായി മാറുന്നു.” മാർക്സ് തന്റെ Economic and Philosophic Manuscripts of 1844 ൽ പറയുന്നു. മാർക്സിന്റെ ഈ നിരീക്ഷണം ഇന്നും പ്രസക്തമായി തുടരുന്നു.
സുരക്ഷിതവും അന്തസ്സുറ്റതുമായ ഒരു ജീവിതം ആധുനിക ജനായത്ത ഭരണകൂടങ്ങൾ ഓരോ പൗരനും വാഗ്ദാനം ചെയ്യുമ്പോഴും അത് പല കാരണങ്ങളാൽ യാഥാർഥ്യമാവാതെ പോവുകയാണ്. ഇന്ത്യൻ സാഹചര്യത്തിൽ അത് ജാതി വ്യവസ്ഥയുമായും അധികാര ശ്രേണിയിലെ കയറ്റിറക്കങ്ങളുമായും നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയുമായും കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടു തന്നെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളായ തുല്യത, നീതി, സ്വാതന്ത്ര്യം എന്നിവ കോടാനുകോടി മനുഷ്യർക്ക് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ ചരക്കുവൽക്കരിക്കപ്പെടുന്ന മനുഷ്യ ജീവിതം എന്ന പ്രശ്‌നത്തെ ആധുനിക ദേശ രാഷ്ട്ര സങ്കൽപ്പവും അത് പിന്തുടരുന്ന സാമ്പത്തിക നയങ്ങളുമായി ബന്ധിപ്പിച്ചു മനസിലാക്കേണ്ടത് അനിവാര്യമാവുന്നു. ആ രീതിയിൽ നമ്മുടെ ദേശത്തെ സാധാരണ മനുഷ്യർ അനുഭവിക്കുന്ന നീതി നിഷേധത്തിന് സ്റ്റേറ്റ് പിന്തുടരുന്ന വളർച്ചയിലും ലാഭത്തിലും അധിഷ്ഠിതമായ വിപണി സമ്പദ്ഘടനയുമായും സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയുമായും അടുത്ത ബന്ധം ഉണ്ടെന്നു തിരിച്ചറിയാനാവും. അതുകൊണ്ടാണ് ജോയിയെപ്പോലുള്ള തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും, അർജുനനെ പോലുള്ള മനുഷ്യർ ദുരന്തത്തിനിരയാവുമ്പോൾ കാലവിളംബമില്ലാതെ ജീവൻ രക്ഷിക്കാനും ഭരണകൂടത്തിന് താല്പര്യമില്ലാതെ പോവുന്നത്. പകരം അതിവേഗ പാതകളും ബുള്ളെറ്റ് ട്രെയിനുകളും ഭരണകൂടം വികസനത്തിന്റെ പേരിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് ഒരു ന്യൂനപക്ഷത്തിന് വേണ്ടിയുള്ള പ്രൊജക്ടുകളാണെന്ന് എളുപ്പത്തിൽ മനസിലാവും. ഇങ്ങനെ ഭരണകൂടവും വിപണിയും ചേർന്നൊരുക്കുന്ന വിരുന്നിൽ ക്ഷണം ലഭിക്കാനുള്ള യോഗ്യത നേടാൻ ചില മാനദണ്ഡങ്ങൾ ഉണ്ടെന്നു കാണാനാകും. നിങ്ങൾ വിപണന സാധ്യതകൾക്ക് മുതൽക്കൂട്ടാകുന്ന സാമ്പത്തിക സ്രോതസ്സിനു ഉടമയാവുക, ജാതിയിൽ ഉന്നത ശ്രേണിയിൽപ്പെടുന്നവനാവുക, അല്ലെങ്കിൽ ഭരണകൂടവുമായി ബന്ധമുള്ള പൊളിറ്റിക്കൽ ക്ലാസിന്റെ ഭാഗമാവുക, അതുമല്ലെങ്കിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥവൃന്തത്തിന്റെ ഭാഗമാവുക, അല്ലെങ്കിൽ ഇതിലേതെങ്കിലും ഏജൻസിക്ക് പ്രിയപ്പെട്ട വ്യക്തിയാവുക എന്നീ പ്രിവിലേജുകളിൽ ഏതിന്റെയെങ്കിലും ഭാഗമാവുകയാണെങ്കിൽ നിങ്ങൾക്ക് ഭൗതിക സമൃദ്ധിയുടെ വിരുന്നുകാരനാവാൻ കഴിയും. ഇതിന്റെയെല്ലാം മൂലാധാരം വിപണിക്ക് മുതൽക്കൂട്ടൊരുക്കുന്ന, വ്യവസ്ഥയെ പരിപാലിക്കുന്ന വ്യവഹാരങ്ങളിൽ കാര്യമാത്ര പ്രസക്തമായ പങ്കു വഹിക്കുന്ന ഒരാളായിരിക്കുക എന്നതാണ്. ഈ സംവിധാനത്തിൽ ഒരു ഡ്രൈവർ, ഒരു ശുചീകരണ തൊഴിലാളി ഒക്കെ അവസാനത്തെ ശ്രേണിയിൽ അവസാന ഊഴത്തിൽ മാത്രം പരിഗണിക്കാൻ യോഗ്യതയുള്ളവരാണ്.
ജി ഡി പി യും പൗര സമൂഹവും
ആധുനിക സ്റ്റേറ്റിന്റെ പരിഗണനയിൽ പ്രാഥമിക സ്ഥാനം സാമ്പത്തിക ശക്തികൾക്കാണ്. അവരാണ് സ്റ്റേറ്റിന് നികുതി ലഭിക്കാനും ജി ഡി പി വർധിപ്പിക്കാനും സഹായം ചെയ്യുന്നവർ. പ്രാകൃതിക മൂലധനം ഉപയോഗിച്ച് പരമാവധി ഉൽപ്പാദനം നടത്തുന്നവർ, അത് വിപണിയിലെത്തുമ്പോൾ പരമാവധി ഉപഭോഗം ചെയ്യുന്നവർ എന്നീ രണ്ടു വിഭാഗം ജനങ്ങൾ ഒരു സ്റ്റേറ്റിനെ സംബന്ധിച്ച് അവിഭാജ്യ ഘടകമാവുന്നു. അതെ സമയം ഈ സാമ്പത്തിക വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നവരിലെ അവസാന ശ്രേണിയിൽ പെടുന്നവരാണ് ശാരീരിക അധ്വാനം ചെയ്തു ജീവിക്കുന്ന സാധാരണ മനുഷ്യർ. അതിൽ ഏറ്റവും കൂടുതൽ അവഗണയും നീതി നിഷേധവും അനുഭവിക്കുന്നവരാണ് താഴ്ന്ന ജാതിയിൽപ്പെടുന്നവർ. അവരാണ് മാലിന്യം പേറാനും, ഖനികളിൽ ജീവൻ പണയം വച്ച് പണിയെടുക്കാനും, മാൻ ഹോളിൽ ഇറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഗത്യന്തരമില്ലാതെ തയ്യാറാവുന്നവർ.
ജി ഡി പി വളർച്ചയ്ക്ക് വേണ്ടി ഉൽപ്പാദനം നടത്താനും ഉപഭോഗം നടത്താനും പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന നിലയിൽ കൂടിയാണ് ആദിവാസി/ ദളിത് വിഭാഗങ്ങൾ അവഗണനയും ചൂഷണവും നേരിടുന്നത്. അതുകൊണ്ടു തന്നെ അവരെ ചൂഷണം ചെയ്യുന്ന ഉന്നത ശ്രേണിയിൽപ്പെട്ട വിഭാഗങ്ങൾക്ക് സ്റ്റേറ്റിന്റെ സംരക്ഷണവും പിന്തുണയും കിട്ടുന്നു. ആദിവാസി ഭൂ സംരക്ഷണ നിയമം അട്ടിമറിക്കാൻ ഒറ്റക്കെട്ടായി നിന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളെ (ഗൗരിയമ്മ ഒഴികെ) ഇത്തരുണത്തിൽ ഓർക്കാം. വാളയാറിൽ റേപ്പ് ചെയ്തു കൊല്ലപ്പെട്ട സഹോദരിമാരെയും. അപ്പോൾ മാത്രമേ ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും പരീക്ഷണങ്ങൾ നടത്താൻ മത്സരിക്കുന്ന ഭരണകൂടങ്ങൾ എന്തുകൊണ്ടാണ് ജോയിയെ പോലുള്ള മനുഷ്യർക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താത്തതെന്ന് മനസിലാവുകയുള്ളൂ , ജീവൻ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്താനുള്ള സാധ്യത വിനിയോഗിക്കാൻ ഒരു ഭരണകൂടം അമാന്തിക്കുന്നത്തിന്റെ കാരണവും. അതോടൊപ്പം ജാതി ഉച്ച നീചത്വങ്ങൾ പുതിയ രീതിയിൽ നിലനിൽക്കുന്നതുകൊണ്ടാണ് തോട്ടിപ്പണി നിയമപരമായി നിരോധിക്കപ്പെട്ട ഒരു രാജ്യത്തു ഇപ്പോഴും മാലിന്യം വൃത്തിയാക്കാനും അത് സംസ്ക്കരിക്കാനും ജോയിയെപ്പോലുള്ള ജാതിയിൽ താഴ്ന്നവർക്കു പോകേണ്ടിവരുന്നത്.
ഇതിനോടനുബന്ധിച്ചു ശാസ്ത്രമാത്ര വാദികളുടെ അവകാശ വാദത്തെയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകൾ പുരോഗമിക്കുന്നത് നിക്ഷ്പക്ഷമായല്ല എന്നും അത് വിപണി മൂല്യങ്ങളാൽ നിയന്ത്രിതമാണെന്നുമുള്ള യാഥാർഥ്യവും ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസിലാക്കാൻ കഴിയും. ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ലാഭവും സാമ്പത്തിക വളർച്ചയും അപ്രമാദിത്വം നേടുമ്പോൾ നഷ്ടമാകുന്ന നീതിയുടെയും ധാർമികതയുടെയും ഒടുങ്ങാത്ത ആർത്തിയുടെയും ഇരകൾ കൂടിയാണ് നമ്മുടെ സമൂഹത്തിലെ സാധാരണ മനുഷ്യർ. അതുകൊണ്ടു ജീവിതം അവർക്കൊരു ദുരിതപൂർണ്ണമായ യാത്രയായി മാറുന്നു. നീതി എന്നും ഒരു കാലഹരണപ്പെട്ട സ്വപ്നവും. കാലാന്തരത്തിൽ ആധുനിക പാർലിമെന്ററി സംവിധാനങ്ങൾ പിന്തുടരുന്ന അധികാര വിവേചനം, അന്യായങ്ങൾ, പ്രീണനം തുടങ്ങിയവ നിലനിൽക്കുന്ന വ്യവസ്ഥയയുടെ അനിവാര്യമായ പരിമിതികളോ യാഥാർഥ്യങ്ങളോ ആയി അംഗീകരിക്കപ്പെട്ടു. അതിൽ നാമമാത്രമായ ഭരണകൂട ഇടപെടലുകളെ അധികാര വർഗ്ഗത്തിന്റെ നന്മയും നീതി പ്രദാനം ചെയ്യലുമായി വാഴ്ത്തിപ്പാടാനും തുടങ്ങി. അങ്ങനെ ഒരു വലിയ സമൂഹം തങ്ങളുടെ അസ്തിത്വത്തിന്റെ വ്യഥകൾ അനിവാര്യ യാഥാർഥ്യങ്ങളായി കണക്കുകൂട്ടി തങ്ങളുടെ വിധിയെ പഴിച്ചു മരണം വരെ അതിജീവിക്കാനും തുടങ്ങി.
ഇത് മനസിലാക്കാൻ നമ്മുടെ രാജ്യത്ത് അവതരിപ്പിക്കുന്ന ബജറ്റ് പരിശോധിച്ചാൽ മതി. പതിവുപോലെ നിർമ്മല സീതാരാമൻ അവതരിപ്പിച്ച അവസാന ബജറ്റിന്റെ സിംഹഭാഗവും സർക്കാരെടുത്ത വായ്പ്പ തിരിച്ചടക്കാൻ നീക്കിവച്ചിരിക്കുകയാണ്. സമ്പൂർണ വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത, പ്രതിരോധ മേഖലകൾക്കാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിന് അനുവദിച്ച ബജറ്റിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയാതായി കാണാം. ഇങ്ങനെ നമ്മുടെ ഭരണകൂടം പണത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് മനുഷ്യന്റെ ജീവിത നിലവാരം ഉയർത്താൻ വേണ്ടിയല്ല എന്ന് കാണാം. ആയുധ വ്യാപാരികളും വൻകിട കോർപ്പറേറ്റുകളും ധനാധിപത്യം നേടുമ്പോൾ അവസാന പരിഗണന മാത്രമേ ജോയിക്കും അർജുനും പോലുള്ള മനുഷ്യർക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ടു കൂടിയാണ് കോർപ്പറേറ്റ് ഭീമന്മാർക്ക് നികുതിയിളവും കടം എഴുതി തള്ളലും നടത്തുന്ന ഭരണകൂടം ജീവിതത്തിലെ അടിസ്ഥാന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ കടം എഴുതി തള്ളാനോ അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില നിയമപരമായി ഉറപ്പാക്കാനോ തയ്യാറാകാത്തത്.
നോർമലൈസ് ചെയ്യപ്പെടുന്ന അനീതികൾ
“ഭരണവർഗ്ഗം, അതിൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ഭരണം നിലനിർത്തുന്നതിനുമായി, സഭ, വിദ്യാഭ്യാസ സമ്പ്രദായം, മാധ്യമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഒരു ആധിപത്യ സംസ്കാരം വികസിപ്പിക്കുന്നു. ഈ സംസ്കാരം നിലവിലുള്ള സാമൂഹിക ക്രമത്തെ സ്വാഭാവികവും അനിവാര്യവുമാക്കി നിലനിർത്തുന്നു” അന്റോണിയോ ഗ്രാംഷിയുടെ (Selections from the Prison Notebooks ) ഈ നിരീക്ഷണം ഏറെ ശരിയാണെന്ന് ഇന്ത്യയുടെ അവസ്ഥ പരിശോധിക്കുമ്പോൾ മനസിലാകും. സ്വാതന്ത്ര്യം നേടി 77 വർഷങ്ങൾ പിന്നിടുമ്പോഴും തുല്യതയും നീതിയും സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുമ്പോഴും 80 കോടിയിലേറെ ജനങ്ങൾ ഭക്ഷണത്തിന് വകയില്ലാതെ ദരിദ്രരായി ജീവിക്കുന്ന ഒരു രാജ്യമായി നമ്മൾ തുടരുന്നു. ഇതിൽ കൂടുതലും ദളിതരും ആദിവാസികളുമായ ജനവിഭാഗങ്ങളാണ്.
അതെ സമയം oxfam പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സമ്പത്തിൻ്റെ 60 ശതമാനത്തിൽ കൂടുതൽ 5 ശതമാനം ഇന്ത്യക്കാരുടെ കൈവശമാണ്, കൂടാതെ 10 ശതമാനം പേർ രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനം സ്വന്തമാക്കി വയ്ക്കുന്നു. ഈ കൊടിയ അനീതിയുടെയും നമ്മുടെ ജനായത്ത സംവിധാനത്തിന്റെ വലിയ പരിമിതികളുടെയും ഇരകളായി വേണം ഒരു വലിയ വിഭാഗം ജനങ്ങൾക്ക് അന്തസുറ്റ ജീവിതവും സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും ലഭിക്കാതെ പോകുന്നതിനെ വിലയിരുത്താൻ. എന്നാൽ ഈ യാഥാർഥ്യം ഒരു അനിവാര്യതയായി അംഗീകരിക്കാൻ വലിയ വിഭാഗം ജനങ്ങളും പരിശീലിക്കപ്പെട്ടിരിക്കുന്നു. പാർലമെന്ററി ജനാധിപത്യം നിലനിൽക്കാനും പൊളിറ്റിക്കൽ ക്ലാസിന് തങ്ങളുടെ ജൈത്ര ജാത്ര തുടരാനും ഈ പരിശീലനം സഹായകരമാകുന്നു.
അതുകൊണ്ടു ഉഷ്ണക്കാറ്റിൽ തൊഴിലാളികൾ മരിച്ചു വീഴുമ്പോൾ, റെയിൽവേ ട്രാക്കിലൂടെ നടന്നു നീങ്ങുന്ന പാവപ്പെട്ട മനുഷ്യർ അപകടത്തിൽ പെടുമ്പോൾ ഒക്കെ അതൊരു ചെറിയ കോളം വാർത്തയിൽ ഒതുങ്ങുന്നു. അല്ലെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി കൈകഴുകുന്നു. കഠിനമായ ശാരീരിക അധ്വാനം, അതും മിക്കപ്പോഴും ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലുള്ള ദീർഘനേരത്തെ പണിയൊക്കെ ചെയ്യാൻ നിർബന്ധിതരാകുന്ന ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും ജീവിതത്തിന്റെ അവസാന ഘട്ടം ദുരിതപൂർണ്ണമായി കഴിച്ചുകൂട്ടേണ്ടി വരുന്നതും ഈ വ്യവസ്ഥാപിത അനീതി കാരണമാണ്. കാലാവസ്ഥ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കടുത്ത വെയിലിൽ പണിയെടുക്കേണ്ടി വരുന്ന നിർമ്മാണ തൊഴിലാളികളും മറ്റുള്ളവരും നേരിടുന്ന ദീർഘകാല ആരോഗ്യ പ്രശ്ങ്ങൾ അവഗണിക്കപ്പെടുന്നതും മാർക്കറ്റ് ഇക്കണോമിയുടെ താൽപ്പര്യത്തിന് വേണ്ടിയാണ്.
അന്തസ്സിനുവേണ്ടിയുള്ള പോരാട്ടം
“വിപണിയുടെ യാഥാർത്ഥ്യവും പ്രത്യയശാസ്ത്രത്തിൻ്റെ ഫാൻ്റസിയും ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. പ്രത്യയശാസ്ത്രത്തിൻ്റെ ഭ്രമാത്മകമായ ഇടങ്ങളിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.” കമ്പോള യാഥാർത്ഥ്യങ്ങളും പ്രത്യയശാസ്ത്ര സങ്കൽപ്പങ്ങളും ജീവിതത്തെ എങ്ങനെ വില്പനച്ചരക്കാക്കി നിലനിറുത്തുന്നുവെന്ന് സ്ലാവോജ് സീസക് (The Sublime Object of Ideology ) ചൂണ്ടിക്കാട്ടുന്നു. നവ കൊളോണിയൽ ഭരണം നിലനിൽക്കുമ്പോൾ ഇന്ത്യയിലും ഇത് തന്നെയാണ് യാഥാർഥ്യം.
അധിനിവേശത്തിന്റെ ആദ്യകാല പ്രതിനിധിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികനായ വാസ്കോഡഗാമ പട്ടാളക്കാരെ കൊച്ചിയിൽ ഇറക്കി വീണ്ടും പോർട്ടുഗലിലേയ്ക്ക് തിരിച്ചു പോകുന്നവഴിക്ക് മക്കയിലേയ്ക്ക് തീർത്ഥാടനത്തിനു പോയിക്കൊണ്ടിരുന്ന മേറി എന്ന കപ്പൽ മുക്കി അതിലെ യാത്രക്കരെ ഒന്നടങ്കം കൊന്നൊടുക്കിയിരുന്നു. ചരിത്രാതീതകാലം മുതൽ അഭംഗുരമായി തുടർന്ന ഇന്ത്യൻ സമുദ്രവ്യാപാരത്തിന് ആദ്യമായ് കളങ്കം ചാർത്തിയ സംഭവം അതായിരുന്നു. ഇത്തരം നിരവധി കൂട്ട കുരുതികളോടെയാണ് വിപണിക്കുവേണ്ടിയുള്ള അധിനിവേശം അതിന്റെ ജൈത്രയാത്ര തുടർന്നത് എന്നത് ചരിത്രം. ആ ചരിത്രം ആവർത്തിക്കാതിരിക്കാൻ മനുഷ്യ ജീവൻ ചരക്കുൽപ്പാദനത്തിനും അതിന്റെ ഗതാഗതത്തിനും വേണ്ടി നഷ്ടപ്പെടുത്തുമ്പോൾ പ്രധിരോധമുയർത്തേണ്ടത് ഒരു പുരോഗമന സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആധുനിക അടിമത്തത്തിനെതിരെ, സീസക്കു പറയുന്ന പ്രത്യയശാസ്ത്രത്തിൻ്റെ ഭ്രമാത്മകമായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വിപണിയുടെ അധീശത്വത്തിനെതിരെ ജനായത്ത സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് സമരം ചെയ്യാൻ കീഴാള സമൂഹത്തിനൊപ്പം പൊതു സമൂഹത്തിനും ബാധ്യതയുണ്ട്.
ദുരന്തങ്ങളിൽ ഒരുമിക്കുന്ന കേരള ജനത
ദുരന്ത സമയത്ത് മനുഷ്യ ജീവന്റെ വിലയറിഞ്ഞ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന പൊതു സമൂഹമാണ് കേരളത്തിലുള്ളത്. അതിന്റെ പ്രതിഫലനമാണ് മാലിന്യ കൂമ്പാരത്തിൽ കുടുങ്ങിപ്പോയ ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിൽ മാലിന്യത്തെ വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ അഗ്നിശമന സേനാംഗങ്ങൾ. സ്റ്റേറ്റിന്റെ സംവിധാനങ്ങൾക്കൊപ്പം മൽസ്യത്തൊഴിലാളികൾ 2008 ലെ പ്രളയ സമയത്ത് നടത്തിയ രക്ഷാ ദൗത്യവും നമ്മുടെ മുൻപിലുണ്ട്. നവോത്ഥാനവും മറ്റു സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സംഭാവന നൽകിയ സോഷ്യൽ ക്യാപിറ്റൽ കേരളത്തിൽ ഇപ്പോഴും ഇത്തരം അവസരങ്ങളിൽ പുതു ജീവൻ വയ്ക്കുന്നത് കാണാനാകും. കൂടാതെ ദൃശ്യ മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഇടപെടലും ഒരു പരിധിവരെ നിർണ്ണായകമാവാറുണ്ട്. ഇതെല്ലം കൂടി ചേരുമ്പോൾ ഒരു ദുരന്തത്തെ നേരിടാൻ ഒരു പരിധിവരെ ഭരണകൂട ജാഗ്രതയും കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് കാണാം, അതിനപവാദമായി ഓഖി പോലുള്ള ദുരന്തങ്ങൾ നേരിട്ടതിലുള്ള വീഴ്ചകൾ നമ്മുടെ മുൻപിലുണ്ടെങ്കിലും. അതേ സമയം ഒരു ചോദ്യം ഉത്തരമില്ലാതെ ബാക്കിയാകുന്നു. നിത്യ ജീവിതത്തിൽ എന്നും പല കാരണങ്ങളാൽ ദുരിതം അനുഭവിക്കുകയും അനീതി നേരിടുകയും ചെയ്യുന്ന മനുഷ്യരോടുള്ള പൊതു സമൂഹത്തിന്റെ സമീപനം എന്താണ്? എന്നാണ് അവരുടെ ദുരിതങ്ങൾക്ക് ഒരു അറുതി വരിക? ജോയിമാർ അന്തസ്സോടെ ജീവിക്കുന്ന കാലം ഏറെ വിദൂരമാണെന്ന് കരുതാനേ തൽക്കാലം നിർവാഹമുള്ളൂ.