കേരൾ കാ പത്രകാർ കോൻ ഹേ…?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന്‍ ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം രണ്ട്.

വര: നാസർ ബഷീർ

മാണ്ഡ് ടോൾ പ്ലാസയിൽ ഞങ്ങളുടെ വാഹനം എത്തുമ്പോൾ രാവിലെ പത്തര മണിയോടടുത്തിരുന്നു. ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ടനിര. കുറേനേരം അവിടെ കെട്ടിക്കിടക്കേണ്ടി വന്നു. ടോൾ പിരിക്കാനുള്ള സാധാരണ താമസം ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വൈകാതെ മനസ്സിലായി വാഹന പരിശോധന നടക്കുന്നതിനാലാണ് ഇത്രയും ട്രാഫിക് ജാം എന്ന്. ഓരോ വാഹനത്തിലേയും യാത്രക്കാരുടെ മാസ്ക് നീക്കിയാണ് പൊലീസ് പരിശോധന നടത്തുന്നത്. ആരേയോ തിരയുകയാണ് പൊലീസ്, വല്ല ക്രിമിനലുകളെയും തിരയുകയാകും എന്നാണ് കരുതിയത്. ഒരു പൊലീസുകാരൻ ഞങ്ങളുടെ വാഹനത്തിന്റെ സമീപത്തുമെത്തി. മുൻ സീറ്റിലിരിക്കുന്ന അത്തീക്ക് റഹ്മാനോട് മാസ്ക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അദ്ദേഹം മാസ്ക്ക് ഊരി. പോലീസുകാരൻ അദ്ദേഹത്തിന്റെ മുഖത്തേക്കും തന്റെ കയ്യിലിരിക്കുന്ന മൊബൈലിലേക്കും മാറി മാറി നോക്കുന്നു, തിരിച്ച് പോകുന്നു. ഇങ്ങനെ ഒന്നിൽ കൂടുതൽ തവണ ആവർത്തിക്കുന്നു, ആദ്യ തവണ ഒരു പൊലീസുകാരനായിരുന്നു ഞങ്ങളുടെ വാഹനത്തിന് അടുത്ത് വന്ന് വാഹനത്തിനകത്തേക്ക് തലയിട്ട് ഈ കോപ്രായങ്ങൾ കാട്ടിയത്. എന്നാൽ അടുത്ത തവണ പോലീസുകാരുടെ എണ്ണത്തിൽ വർധനയുണ്ടായി. മൂന്നാമത്തെ തവണ ഞങ്ങളുടെ വാഹനത്തിന് ചുറ്റും പോലീസുകാർ ! ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തിറക്കി. അദ്ദേഹത്തോട് പേര് ചോദിച്ചു, അദ്ദേഹം പേര് പറഞ്ഞു, ലൈസൻസ് വാങ്ങി നോക്കി പേര് ഉറപ്പ് വരുത്തി, അദ്ദേഹത്തെ വീണ്ടും വാഹനത്തിലേക്ക് തന്നെ തിരികെ കയറ്റി.

ഡ്രൈവിങ് സീറ്റിൽ ഒരു പോലീസുകാരൻ ഇരുന്നു. ഡ്രൈവർ അടക്കം ഞങ്ങൾ നാലു പേരെയും കൂടാതെ, നാലോ അഞ്ചോ പോലീസുകാർ കൂടി കാറിൽ ഇടിച്ചു കയറി. ഞങ്ങളെ അവർ സാൻഡ് വിച്ചാക്കി, ഞെക്കി ഞെരുക്കിയാണ് ഇരുത്തിയത്. വാഹനത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. കാർ ഡൽഹിയുടെ ഭാഗത്തേക്ക് തിരിച്ച് നിർത്തി. ഞങ്ങളുടെ വാഹനം പരിശോധിക്കാൻ വന്ന പോലീസുകാരന്റെ മൊബൈലിൽ അത്തീക്കുറഹ്മാന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നെടുത്ത അദ്ദേഹത്തിന്റെ പടമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇത് നിന്റെ പടമാണോ എന്ന് അദ്ദേഹത്തോട് പോലീസ് ചോദിച്ചു. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നും പോലീസ് ചോദിക്കുന്നുണ്ടായിരുന്നു. അതിനും മറുപടി പറഞ്ഞത് കാറിന്റെ മുൻ സീറ്റിൽ ഇരുന്ന അത്തീക്കുറഹ്മാൻ തന്നെയായിരുന്നു. മുന്നോട്ട് പോകുന്നതിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിരിച്ച് പോയി കൊള്ളാമെന്ന് ഞങ്ങൾ പൊലീസുകാരെ അറിയിച്ചു. എന്നാൽ ഞങ്ങളെ ചെവിക്കൊള്ളാതെ, ഞങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മാണ്ഡ് പൊലീസ് സ്റ്റേഷനിലെ ഭീം സിങ് ചൗളയുടെ നേതൃത്വത്തിലുള്ള സംഘം ഞങ്ങളുടെ വാഹനം ഡൽഹി ഭാഗത്തേക്ക് മാറ്റി നിർത്തി. അപ്പോൾ ഞാൻ കരുതിയത് ഞങ്ങളെ ഡൽഹിയിലേക്ക് തന്നെ തിരിച്ചയക്കാനുള്ള ശ്രമമാണ് എന്നായിരുന്നു. എന്നാൽ അര മണിക്കൂർ നേരത്തോളം ഡൽഹി ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിച്ച് നിർത്തി, വണ്ടിയിൽ നിന്ന് ഞങ്ങളെ ഇറങ്ങാൻ അയക്കാതെ വണ്ടി ലോക്ക് ചെയ്ത് പൊലീസ് സംഘം പുറത്ത് നിലയുറപ്പിച്ചു. അവർ ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴേക്കും അന്നത്തെ സ്ഥലം എസ്.പി അടക്കമുള്ളവർ സ്ഥലത്തെത്തി.

റോഡിൽ നിന്ന് പൊലീസ് സംഘം ആർക്കൊക്കെയോ വിളിക്കുന്നതും പരസ്പരം ചർച്ച ചെയ്യുന്നതും വാഹനത്തിൽ ബന്ധിതരായ ഞങ്ങൾക്ക് വ്യക്തമായി കാണാമായിരുന്നു. ഞങ്ങളെ ഡൽഹിയിലേക്ക് തന്നെ തിരിച്ചയക്കാൻ പദ്ധതിയില്ലെന്ന് എനിക്ക് ബോധ്യമായി. ഇടക്കിടെ വാഹനത്തിന് അടുത്തേക്ക് വരുന്ന ചില പൊലീസുകാരോട് ഞാൻ, എന്താ പ്രശ്നം, ഞങ്ങളെ തിരിച്ച് പോകാൻ അനുവദിക്കൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

അൽപം സമയം കഴിഞ്ഞപ്പോൾ പൊലീസ് സംഘം വീണ്ടും ഞങ്ങളുടെ വാഹനത്തിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ അടക്കം പരമാവധി അഞ്ചു പേർക്ക് ഇറിക്കാവുന്ന കാറിൽ ഇപ്പോൾ ഞങ്ങളും പൊലീസുകാരും അടക്കം പത്തോളം പേർ.! കാറിന്റെ ഡോർ പൂർണ്ണമായി അടക്കാതെയാണ് വാഹനം മുന്നോട്ട് നീങ്ങുന്നത്.

വണ്ടി ഓടിക്കുന്നത് ഒരു പൊലീസുകാരൻ. എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത് എന്ന് ഞങ്ങൾ മാറി മാറി പല പ്രാവശ്യം ചോദിക്കുന്നുണ്ടായിരുന്നു. നിങ്ങളെ ഉടൻ വിട്ടയക്കും, ചില കാര്യങ്ങൾ ചോദിച്ചറിയാനാണ്, മാണ്ഡ് പൊലീസ് ചൗക്കിയിലേക്കാണ് (പൊലീസ് എയ്ഡ് പോസ്റ്റ്) പോകുന്നത് എന്നും ഭീം സിങ് ചൗള മറുപടി പറഞ്ഞു.

മാണ്ഡ് ടോൾ പ്ലാസ

ഞങ്ങളുടെ കാർ പൊലീസ് ചൗക്കിക്ക് പുറത്ത്, യമുന എക്സ്പ്രസ് വേയുടെ ഓരത്ത് പാർക്ക് ചെയ്ത്, തോക്കേന്തിയ പോലീസുകാരുടെ അകമ്പടിയോടെ ഞങ്ങളെ പൊലീസ് ചൗക്കിയിൽ എത്തിച്ചു. ചൗക്കി ഇൻചാർജ് ഇരിക്കുന്ന മുറിയിലാണ് ഞങ്ങളെ ഇരുത്തിയത്. ചൗക്കി ഇൻചാർജുമായി സൗഹൃദ സംഭാഷണം നടത്തികൊണ്ട് അവിടെ ഇരുന്നു. ഇടക്കിടെ ചൗക്കി ഇൻചാർജിനോട് എന്താ ഞങ്ങളെ വിട്ടയക്കാത്തത് എന്ന് ചോദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അതിന് വളരെ സരസമായി ചിരിച്ചു കൊണ്ടാണ് മറുപടി പറയുന്നത്. മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ ഉടൻ നിങ്ങളെ വിട്ടയക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ ചൗക്കി ഇൻചാർജ് ഞങ്ങളുടെ പേരു വിവരങ്ങളും മറ്റും എഴുതി എടുക്കുന്നുണ്ടായിരുന്നു. ഈ വിവരങ്ങൾ ഏതോ മേലുദ്യോഗസ്ഥന് വാട്സ്അപ് വഴി അയച്ച് കൊടുക്കുന്നതും കാണാമായിരുന്നു.

ഞാൻ ഒരു മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ എന്റെ ഐ.ഡി, വിസിറ്റിങ് കാർഡ് എന്നിവ ചോദിച്ചു. ചൗക്കിയിൽ ഉണ്ടായിരുന്ന പല പോലീസുകാരും വല്ല മിഠായിയും വെറുതെ കിട്ടുന്ന കുട്ടിയുടെ ലാഘവത്തോടെ രണ്ടും മൂന്നുമൊക്കെ വിസിറ്റിങ് കാർ‍‍ഡുകൾ കൈവശപ്പെടുത്തി. ചിലർ കേരളത്തിന്റെ പേരും പെരുമയും പറഞ്ഞ് സംസാരിക്കുകയും കേരളം സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഞാൻ അവരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും കേരളത്തിൽ എത്തിയാൽ എന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്റെ ജയിൽ ജീവിതത്തിനിടയിൽ പലപ്പോഴും കേരളത്തിന്റെ ഒരു ബ്രാൻഡ് അംബാസഡറായാണ് ഞാൻ പ്രവർത്തിച്ചത്. കേരളത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഉത്തർപ്രദേശിലെ ജനങ്ങൾ വാചാലരാവുന്നത് ഞാൻ ശ്രദ്ധിച്ചു. പലരും കേരളം ഒരു സ്വപ്നഭൂമിയായാണ് കാണുന്നത്. കേരളത്തിൽ ലഭിക്കുന്ന ഉയർന്ന കൂലിയും വിദ്യാഭ്യാസ നിലവാരവും മതമൈത്രിയും ഒക്കെയാണ് അവരെ കേരളത്തിലേക്ക് ആകർഷിക്കുന്നത് എന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി. കേരളത്തിൽ നാടൻ തൊഴിലാളികൾക്ക് ദിവസക്കൂലി ആയിരം രൂപക്ക് മുകളിൽ കിട്ടുമെന്ന വിവരം അവരിൽ പലർക്കും അത്ഭുതകരമായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാടത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് 500 രൂപ പോലും തികച്ച് ലഭിക്കില്ലെന്നാണ് അവർ പറയുന്നത്. അതിനാൽ തന്നെ ഉത്തരേന്ത്യൻ തൊഴിലാളികളുടെ സ്വപ്ന ഭൂമിയാണ് കേരളം.

സമയം മുന്നോട്ട് നീങ്ങും തോറും എന്റെ മനസ്സിൽ ആശങ്ക വർധിച്ചുകൊണ്ടിരുന്നു. ആശങ്ക വർധിക്കാനുള്ള പ്രധാന കാരണം ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പൈസ, തിരിച്ചറിയൽ രേഖകൾ, എ.‍ടി.എം കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് ചൗക്കിയിൽ വാങ്ങി വെച്ചതാണ്. ഒരു വെള്ള തുണ്ടു പേപ്പറിൽ ഇവ എല്ലാം എഴുതി വെക്കുന്നു. ഓരോരുത്തരുടെ കയ്യിലുമുണ്ടായിരുന്ന സാധനങ്ങളും പൈസയും ഒരു പേപ്പറിൽ എഴുതിവെക്കുന്നുണ്ടെങ്കിലും, ഞങ്ങളെക്കൊണ്ട് ആ പേപ്പറിൽ ഒപ്പുവെപ്പിക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നതായിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന ലാപ്ടോപ്പ് അല്ലാത്ത എല്ലാം ഞാൻ നൽകി. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ തിരിച്ചറിയൽ കാർഡ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (ഡി.യു.ജെ) അംഗത്വ കാർഡ്, പാൻ കാർഡ്, ഈസി ‍ഡേയുടെ പർച്ചേഴ്സ് കാർഡ്, ഡ്രൈവിങ് ലൈസൻസ്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, എന്റെ കൈവശമുണ്ടായിരുന്ന 4620 രൂപ എന്റെ പേഴ്സ് അടക്കം, പേഴ്സിൽ ഉണ്ടായിരുന്ന ഉപ്പയുടെയും ഉമ്മയുടെയും പാസ്പോർട്ട് സൈസ് ഫോട്ടോയും എല്ലാം അവർ വാങ്ങിവെച്ചു.

അതിനിടെ, പലതവണ ഞങ്ങളുടെ പേരു വിവരങ്ങളും ഫോട്ടോയും എല്ലാം ചൗക്കി ഇൻചാർ‍ജ് ആർക്കൊക്കെയോ വാട്സ്അപ് വഴി അയച്ചുകൊടുത്തുകൊണ്ടിരുന്നു. അവിടെ നിന്ന് പൊലീസ് അയച്ച് കൊടുത്ത പടങ്ങൾ ആണ് പിന്നീട് പല ഹിന്ദി മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച് വന്നത്.

അത്തീക്കുറഹ്മാന്റെ ഫോണും ഐ.ഡി കാർ‍ഡും കാറിൽ നിന്നു തന്നെ ഭീം സിങ് ചൗള എന്ന പൊലീസുകാരൻ കൈക്കലാക്കിയിരുന്നു. എന്റെയും മറ്റു രണ്ടു പേരുടേയും മൊബൈലും പേഴ്സും പൊലീസ് ചൗക്കിയിൽ എത്തി ഒന്നൊന്നര മണിക്കൂറിന് ശേഷമാണ് വാങ്ങി വെക്കുന്നത്. അപ്പോഴും എന്റെ ബാക്കിൽ ശരീരത്തോട് ഒട്ടി തൂങ്ങി കിടക്കുന്ന ലിനോവയുടെ ലാപ്ടോപ്പ് അവർ ചോദിക്കുകയോ ഞാൻ കൊടുക്കുകയോ ചെയ്തിരുന്നില്ല. ലാപ്ടോപ്പ് ചാർജർ, ഒരു ബ്ലു ടൂത്ത് മൗസ്, എട്ടു ജി.ബിയുടെ ഒരു പെൻ ഡ്രൈവ്, കെ.യു.ഡബ്ല്യു.ജെയുടെ ചില ബുക്കുകൾ, രണ്ട് പേന, രണ്ട് നോട്ട് പാഡുകൾ, എന്റെ കുറച്ച് വിസിറ്റിങ് കാർഡുകൾ എന്നിവയാണ് ലാപ്പ്ടോപ്പ് ബാഗിൽ ഉണ്ടായിരുന്നത്. ഇപ്പോൾ വിട്ടയക്കും എന്ന സ്ഥിരം മറുപടി മാത്രമാണ് എപ്പോൾ ചോദിക്കുമ്പോഴും ചൗക്കി ഇൻചാർജ് തന്നുകൊണ്ടിരുന്നത്.

സമയം ആരോടും അനുമതി ചോദിക്കാതെ ദ്രുതഗതിയിൽ നീങ്ങിക്കൊണ്ടിരുന്നു. പക്ഷേ, എനിക്ക് ആ പകലിന് 48 മണിക്കൂറിന്റെ ദൈർഘ്യം അനുഭവപ്പെട്ടു. ളുഹർ നിസ്കാരത്തിന്റെ (മധ്യാഹ്ന പ്രാർത്ഥന) സമയമായപ്പോൾ ഞാൻ നിസ്കരിക്കാൻ സൗകര്യം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. അതോടെ, ഏതോ ഒരു പോലീസുകാരൻ എവിടെ നിന്നോ വൃത്തിഹീനമായ ഒരു ബ്ലാങ്കറ്റ് കൊണ്ടുവന്ന് തന്നു. ഞങ്ങൾ അത് ചൗക്കി ഇൻചാർജിന്റെ ഓഫീസ് മുറിയിൽ തന്നെ വിരിച്ച് നിസ്കരിച്ചു. ചൗക്കിക്കകത്തെ ബാത്ത് റൂമിൽ പോവാൻ വരെ ഞങ്ങൾക്ക് തോക്കേന്തിയ പൊലീസുകാരൻ കൂട്ടുവരുന്ന അവസ്ഥയായിട്ടുണ്ടായിരുന്നു അപ്പോഴേക്കും.

വര: നാസർ ബഷീർ

ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവർ ആലം വീട്ടിൽ നിന്ന് കരുതിയ ടിഫിൻ വാഹനത്തിൽ നിന്ന് എടുത്തുകൊണ്ടുവരാൻ പൊലീസിന്റെ അനുമതി തേടി. ഒരു പൊലീസുകാരന്റെ അകമ്പടിയോടെ ആലം ടിഫിൻ കൊണ്ടു വന്നു. ഉച്ചയായപ്പോഴേക്കും എല്ലാവർക്കും നല്ല പോലെ വിശക്കുന്നുണ്ടായിരുന്നു. ടിഫിനുലുണ്ടായിരുന്ന ഒരാൾക്ക് കയിക്കാവുന്ന ചപ്പാത്തിയും സബ്ജിയും ഞങ്ങൾ നാലു പേരും ചേർന്ന് പങ്കിട്ട് കഴിച്ച് വിശപ്പടക്കി.

സമയം, വൈകുന്നേരം അഞ്ചു മണിയും കഴിഞ്ഞു. ഞങ്ങളെ വിട്ടയക്കാൻ പദ്ധതിയില്ലെന്ന് എനിക്ക് ബോധ്യമായി തുടങ്ങി.

അതിനിടെ, മസൂദിന്റെ കയ്യിലുണ്ടായിരുന്ന രണ്ടാമത്തെ ഫോൺ – ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിമുഖം റെക്കോഡ് ചെയ്യാനായി മാറ്റിവെച്ചിരുന്നത് – വഴി അദ്ദേഹം അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന് വാട്സ്അപ് സന്ദേശം അയച്ചു. സന്ദേശം അയച്ച് ഏതാനും സമയം കഴിഞ്ഞിട്ടും സന്ദേശം അദ്ദേഹം കാണുകയോ പ്രതികരണം ലഭിക്കുകയോ ചെയ്തില്ല. തുടർന്ന്, മസൂദിന്റെ കയ്യിലുണ്ടായിരുന്ന ഫോണിൽ എനിക്ക് പരിചയമുള്ള ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയുടെ നമ്പറിലേക്ക് ഞാൻ ഒരു ശബ്ദ സന്ദേശം അയച്ചു. അത് അദ്ദേഹം കേൾക്കുകയും മറുപടി ലഭിക്കുകയും ചെയ്തു. ഞങ്ങൾ പോലീസ് കസ്റ്റഡിയിലാണെന്ന ആദ്യ വിവരം ‍ഞങ്ങളിലൂടെ പുറത്ത് അറിയുന്നത് ഈ ശബ്ദ സന്ദേശത്തിലൂടെയാണ്. ഇതോടെ, ആ ഫോണും നിശബ്ധമാക്കി എന്റെ കൈവശമുള്ള ലാപ്പ് ടോപ്പ് ബാഗിൽ സൂക്ഷിച്ചു. ഈ മൊബൈൽ ഫോണും എന്റെ ലെനോവോയുടെ ലാപ്ടോപ്പും അടങ്ങുന്ന ലാപ്ടോപ്പ് ബാഗും മടിയിൽ വെച്ച് പിന്നെയും കുറേസമയം മാണ്ഡ് പോലീസ് ചൗക്കിയിൽ നീതിയും പ്രതീക്ഷിച്ച്, പൊലീസിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച് ഞങ്ങൾ ഇരുന്നു. അതിനിടെ, ഒരു പൊലീസുകാരൻ അദ്ദേഹത്തിന്റെ മൊബൈലിൽ വന്ന ഒരു വാട്സ്അപ് മെസ്സേജ് ഞങ്ങളെ കാണിച്ചു. ‘മസ്റ്റ് അറസ്റ്റ്’ എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന ഭാഗമാണ് കാണിച്ചു തന്നത്. ഞങ്ങളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആ സന്ദേശം. അപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയെന്നും പൊലീസ് ഞങ്ങളെ ചതിക്കുകയായിരുന്നു എന്ന കാര്യവും കൂടുതൽ വ്യക്തമായത്.

വൈകുന്നേരം അഞ്ച് മണി കഴിഞ്ഞതോടെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. പൊലീസ് ചൗക്കിയിലേക്ക് കൂടുതൽ ഉദ്യോഗസ്ഥർ വരാൻ തുടങ്ങി. ആദ്യമെത്തിയത് നാലാൾ അടങ്ങിയ ഒരു സംഘമാണ്. ഒരു ഭീകരരൂപിയായ തടിച്ച് ഉരുണ്ട 50 പിന്നിട്ട ഉദ്യോഗസ്ഥനും മൂന്ന് യുവാക്കളും. നാലു പേരും സിവിൽ ഡ്രസ്സിലാണ്. പൊലീസ് ചൗക്കിയിലുള്ള ഏതോ ഒരു പൊലീസുകാരൻ പറഞ്ഞാണ് അറിഞ്ഞത്, ഇവർ എൽ.ഐ.ഒ – ലോക്കൽ ഇന്റലിജൻസ് ഓഫീസർ – ഉദ്യോഗസ്ഥർ ആണ് എന്നത്. ഇവർക്ക് വേണ്ടത് കേരളക്കാരനെയായിരുന്നു. ഞങ്ങൾ ഇരിക്കുന്ന ചൗക്കി ഇൻചാർജിന്റെ റൂമിലേക്ക് കയറി വന്ന സംഘം ആരാണ് കേരളക്കാരൻ എന്ന് ചോദിച്ചു, എല്ലാവരും എന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തു. കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന് തോന്നി. ഭീകരരൂപിയായ സംഘത്തവലൻ ആക്രോശിക്കുന്നു, “കേരൾ കാ പത്രകാർ കോൻ ഹേ…?” മുൻ നിരയിൽ നിന്ന് ഏതാനും പല്ലുകൾ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ആക്രോശം, ചെറുപ്പത്തിൽ ബാല ചിത്രകഥകളിൽ കണ്ട ഒരു രാക്ഷസന്റെ രൂപമാണ് എന്നെ ഓർമിപ്പിച്ചത്.

ഘനീഭവിച്ച മനസ്സുമായി ഇരുന്നിരുന്ന കസേരയിൽ നിന്ന് ഞാൻ തനിയേ യാന്ത്രികമായി പൊങ്ങി. അവർ എന്നേയും കൂട്ടി, ചൗക്കിയിൽ ഉള്ള മറ്റൊരു മുറിയിലേക്ക് പോയി. ചൗക്കി ഇൻചാർജിന്റെ കിടപ്പുമുറിയായിരുന്നു അത്. അവിടെ ഉണ്ടായിരുന്ന ഒരു കട്ടിലിന്റെ നടുവിൽ കയറി ചമ്രം പടിഞ്ഞ് സംഘത്തലവൻ ഇരിപ്പുറപ്പിച്ചു. ഉടനെ തന്നെ അദ്ദേഹം ഒരു ബീ‍ഡിക്ക് തീ കൊളുത്തി. സംഘത്തവൻ എന്തൊക്കെ പറയുന്നുണ്ടായിരുന്നു, ചുണ്ടിൽ എരിയുന്ന ബീഡിയും വായിലെ പല്ലിന്റെ കുറവു കാരണം അദ്ദേഹം പറയുന്നതൊന്നും എനിക്ക് ശരിയായി മനസ്സിലാവുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മൂന്ന് യുവാക്കളിൽ രണ്ടാൾ കട്ടിലിന്റെ ഒരു തലക്കലും മൂന്നാമൻ അവർക്ക് സമീപത്തായി ഒരു കസേരയിലും ഇരുന്നു. മൂവർ സംഘത്തിന്റെ മുൻപിലായി എനിക്കും ഒരു സ്റ്റൂൾ ഇട്ടു തന്നു. കസേരയിലിരിക്കുന്ന മൂന്നാമൻ എനിക്ക് വേണ്ടി പ്രത്യേകം കൊണ്ടു വന്ന ദ്വിഭാഷിയായിരുന്നു. അദ്ദേഹം ഇംഗ്ലീഷിലാണ് എന്നോട് സംസാരിച്ചത്. മറ്റു രണ്ടു പേരും ഹിന്ദി മാത്രമാണ് സംസാരിക്കുന്നത്. കട്ടിലിന്റെ മധ്യത്തിൽ ഉപവിഷ്ടനായ സംഘത്തലവൻ ഇടക്ക് കയറി എന്തൊക്കെയോ ആക്രോശിക്കുന്നുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ അവഗണിച്ചു. അവിടെ റൂമിൽ ഉണ്ടായിരുന്ന ഒരു ലാത്തി അപ്പോഴേക്കും അദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. അതു പൊക്കി കാണിച്ചാണ് അദ്ദേഹത്തിന്റെ ആക്രോശങ്ങൾ. ഞാൻ പറയുന്ന കാര്യങ്ങൾ കുറിച്ചെടുക്കുന്നത് ആ മൂന്ന് യുവാക്കളിൽ മധ്യത്തിൽ ഇരിക്കുന്ന തടിച്ച് ഉരുണ്ട ശരീരപ്രകൃതക്കാരനായിരുന്നു. അവന്റെ നോട്ടവും ഭാവവും എല്ലാം ക്രൂരത മുറ്റിനിൽക്കുന്നതായിരുന്നു. കസേരയിൽ ഇരിക്കുന്ന മൂന്നാമൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അദ്ദേഹം ഇടപെട്ടു. നിനക്ക് ഹിന്ദി അറിയാമല്ലേ, പിന്നെ നീ എന്തിനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്നായി അവൻ. ഞാൻ അതിനൊന്നും മറുപടി പറഞ്ഞില്ല. ഇംഗ്ലീഷിൽ സംസാരിക്കുന്നയാൾ കുറച്ച് മാന്യമായാണ് എന്നോട് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ കൂടുതൽ പരിഗണിച്ചത്. ലോക്കൽ ഇന്റലിജൻസ് ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ എന്റെ ലാപ്ടോപ്പും അവർ വാങ്ങിയിരുന്നു. അതിൽ ഉണ്ടായിരുന്ന എന്റെ ബയോഡാറ്റയിൽ നിന്നാണ് എന്റെ ഭാഷാ പരിജ്ഞാനം അവർ മനസ്സിലാക്കിയത്. ഇവന് ഹിന്ദിയും ഉർദുവും ഒക്കെ അറിയാം, ഇവൻ ഭാഷ അറിയാത്ത പോലെ അഭിനയിക്കുകയാണെന്ന് അദ്ദേഹം മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യ ചോദ്യം തന്നെ എനിക്ക് ഏതൊക്കെ ഭാഷ അറിയും എന്നായിരുന്നു. ഹിന്ദി കുറച്ചൊക്കെ അറിയും, എഴുതാനും വായിക്കാനും അറിയും, സംസാരിക്കാൻ അൽപം പ്രയാസമാണ് എന്ന് ഞാൻ മറുപടി നൽകി.
അതോടെ, അദ്ദേഹത്തിന്റെ അടുത്ത ചോദ്യം വന്നു, നിനക്ക് അറബി അറിയുമോ എന്ന്. ഞാൻ പറഞ്ഞു, ചെറിയ തോതിൽ അറബി സംസാരിക്കാനും വായിക്കാനും അറിയുമെന്ന്. ഇതോടെ, ചോദ്യകർത്താവിന്റെ രൂപവും ഭാവവും കൂടുതൽ ക്രൂരമാവുന്നത് ഞാൻ കണ്ടു. അദ്ദേഹം തന്റെ ഇടത്തും വലത്തും ഇരിക്കുന്ന രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. എന്റെ ഏതോ വലിയ കുറ്റകൃത്യം കണ്ടു പിടിച്ച ഒരു ജേതാവിന്റെ മുഖഭാവമായിരുന്നു അപ്പോൾ അദ്ദേഹത്തിന്. അറബി അറിയാം എന്ന് പറഞ്ഞത് തെറ്റായി പോയി എന്ന് എനിക്ക് തോന്നി. പിന്നീട് എന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങളും വർഗ്ഗീയത നിറഞ്ഞതായിരുന്നു.

സാക്കിർ നായിക്കുമായി എത്ര പ്രാവശ്യം കൂടിക്കാഴ്ച നടത്തി ? എത്ര തവണ ഇസ്ലാമാബാദിൽ പോയി ? ബീഫ് കഴിക്കാറുണ്ടോ ? ഡൽഹി കലാപം റിപ്പോർട്ട് ചെയ്തിരുന്നോ ? എൻ.ആർ.സി, സി.എ.എ (പൗരത്വ പ്രക്ഷോഭ സമരം) പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നോ ? ഇതിൽ ആദ്യത്തെ രണ്ടു ചോദ്യവും എനിക്ക് തമാശയാണോ കാര്യമാണോ എന്ന് തിരിച്ചറിയാൻ പോലും സാധിച്ചില്ല. സാക്കിർ നായിക്കിനെ ഞാൻ കണ്ടിട്ടുണ്ട് എന്ന കാര്യത്തിൽ ചോദ്യകർത്താവിന് സംശയമേതുമില്ല. എത്ര പ്രാവശ്യം കൂടിക്കാഴ്ച നടത്തി എന്ന കാര്യത്തിൽ മാത്രമേ അദ്ദേഹത്തിന് വ്യക്തതവേണ്ടിയിരുന്നുള്ളു. അതുപോലെ തന്നെയാണ് ഞാൻ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ എത്ര തവണ പോയി എന്ന കാര്യത്തിലുള്ള വ്യക്തത മാത്രമേ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നുള്ളു.

ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഞാൻ വ്യക്തമായി മറുപടി നൽകിയില്ല. ഞാൻ മാംസാഹാരം കഴിക്കാറുണ്ട്. എന്ന പൊതു മറുപടിയാണ് നൽകിയത്. അടുത്തതായി, എന്നെ ഹാത്രസിലേക്ക് പറഞ്ഞയച്ച സി.പി.ഐ (എം) എം.പിമാരുടെ പേരാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സി.പി.ഐ(എം) കഴിഞ്ഞപ്പോൾ പിന്നെ, ജെ.എൻ.യു (ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി) സംബന്ധിച്ച ചോദ്യങ്ങളായി. നീ ജെ.എൻ.യുവിൽ പഠിച്ചിട്ടുണ്ടോ, നീ ഐസ (എ.ഐ.എസ്.എ) എന്ന വിദ്യാർത്ഥി സംഘടനയുടെ ആളല്ലേ, ഡി.എസ്.യു എന്ന വിദ്യാർത്ഥി സംഘടനയുമായി നിനക്കുള്ള ബന്ധമെന്താണ്…?. നിനക്ക് ഗേൾ ഫ്രണ്ടുണ്ടോ…? എന്നിങ്ങനെ നീളുന്ന ചോദ്യങ്ങൾ.

എന്നെ ചോദ്യം ചെയ്യുന്ന സമയത്ത് എന്റെ മൊബൈൽ ഫോൺ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.

എന്നെ ആരാണ് ഹാത്രസിലേക്ക് പറഞ്ഞയച്ചത് എന്ന ചോദ്യത്തിന്, ഞാൻ അഴിമുഖം എന്ന വാർത്താ പോർട്ടലിന് വേണ്ടി വാർത്ത ശേഖരിക്കാൻ പോവുകയാണ് എന്നാണ് മറുപടി നൽകിയത്. അതോടെ, അഴിമുഖത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചായി ചോദ്യങ്ങൾ. അഴിമുഖത്തിന്റെ പത്രാധിപർ ആരാണ്. ഏത് പാർട്ടിയുടേതാണ് അഴിമുഖം തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത്. അഴിമുഖത്തെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ അതിന്റെ മാനേജരായിരുന്ന ശശിയേട്ടന്റെ നമ്പർ നൽകി. ശശിധരൻ എന്ന് കേട്ടതോടെ അദ്ദേഹത്തിന് ഫോൺ ചെയ്യാനൊന്നും അവർ തയ്യാറായില്ല. ശശിയേട്ടന് ഫോൺ ചെയ്യാൻ ഞാൻ അവരോട് നിരന്തരം അഭ്യർത്ഥിച്ചുകൊണ്ടേയിരുന്നു. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. പ്രഥമവും പ്രധാനവുമായ കാരണം ഞാൻ അകപ്പെട്ട അവസ്ഥ അദ്ദേഹത്തെ അറിയിക്കുക എന്നതായിരുന്നു.

ജോസി ജോസഫ്

ശശിയേട്ടനേയൊ ജോസി ജോസഫിനേയോ വിളിച്ച് എന്നെ കുറിച്ചുള്ള കാര്യങ്ങൾ തിരക്കാനായി ഞാൻ അവർക്ക് ഇരുവരുടേയും നമ്പർ നൽകി. ജോസി ജോസഫ് എന്ന് കേട്ടപ്പോൾ, അവരിൽ ഒരുത്തൻ ചോദിച്ചു, ഇദ്ദേഹം ഈസായിയാണോ (ക്രിസ്ത്യൻ എന്നതിന് ഹിന്ദിയിൽ പറയുന്ന വാക്ക്) എന്ന്. ഞാൻ അതേ എന്ന് മറുപടി നൽകി. അവർ ശശിയേട്ടനേ വിളിച്ചുവെന്നും അദ്ദേഹം ഫോണെടുക്കുന്നില്ലെന്നുമുള്ള ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് എനിക്ക് ലഭിച്ചത്. അവർ എന്നിൽ നിന്ന് പ്രതീക്ഷിച്ചത് ശശിധരൻ എന്ന പേരല്ല, ഏതെങ്കിലും ഒരു മുസ്ലിം പേരാണ്. ഞാൻ പറഞ്ഞതാവട്ടെ ഒരു ഹിന്ദു പേരും. അവർ ശശിധരന് ഫോൺ ചെയ്തില്ല എന്നാണ് എനിക്ക് തോന്നിയത്.

ചോദ്യം ചെയ്യലിനിടെ ചായയും ബിസ്ക്കറ്റും വന്നു. ഒരു കപ്പ് ചായ എനിക്കും വെച്ചു നീട്ടി. ഞാൻ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച് ചായ നിരസിച്ചു. എന്റെ മൊബൈലിൽ, എന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ തുറന്നുവെച്ചുകൊണ്ടാണ് മൂവരിൽ ഒരുവൻ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്റെ ഫെയ്സ്ബുക്ക് പ്രെഫൈലിൽ ഞാൻ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പഠിച്ച കാര്യം സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടതോടെ, ദ്വിഭാഷിയല്ലാത്ത മറ്റു രണ്ടു പേരും ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. മൂവരിൽ മധ്യത്തിൽ ഇരിക്കുന്ന ഇരുനിറത്തിലുള്ള അസാമാന്യ തടിയുള്ളയാൾ എന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്നു നോക്കി, ഉടൻ തന്നെ, എന്റെ മുഖത്ത് നിന്ന് കണ്ണട ഊരിയെടുത്തു. ജാമിയയിൽ പഠിച്ചിട്ടുണ്ടല്ലേ, എന്ന് ചോദിക്കുകയും പെടുന്നനെ എന്റെ കരണത്ത് ഒരു അടി നൽകുകയും ചെയ്തു. അപ്രതീക്ഷിതമായ അടിയുടെ ആഘാതത്തിൽ ഞാൻ സ്റ്റൂളിൽ നിന്ന് തെന്നി വീഴാൻ പോയി. എന്റെ തല കറങ്ങി, കണ്ണിൽ നിന്ന് പൊന്നീച്ച പാറി, അടിയുടെ ആഘാതത്തിൽ കണ്ണുകളും കാതുകളും അടഞ്ഞു. ആ അവസ്ഥയിൽ നിന്ന് മോചിതനാവാൻ കുറച്ച് സമയം എടുത്തു. ഓർമ്മ വെച്ച കാലം മുതൽ എന്നെ ആരും മുഖത്തടിച്ചതായി എനിക്കോർമ്മയില്ല. ഇത് എനിക്ക് ശാരീരിക വേദനയേക്കാൾ മാനസിക വേദനയായാണ് നൽകിയത്.

അടിയുടെ ആഘാതത്തിൽ നിന്ന് മുക്തനായതോടെ ഞാൻ പറഞ്ഞു, ഉർദു പഠിക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ 2013ൽ ജാമിയയിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ചേർന്ന് ബി.എ.ജി (ബി.എ ജനറൽ) പഠിച്ചിരുന്നു. ജോലിയിൽ സ്ഥലം മാറ്റം ഉണ്ടായതോടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോകേണ്ടി വന്നതിനാൽ എനിക്ക് ആ കോഴ്സ് പൂർത്തിയാക്കാൻ സാധിച്ചില്ല. ഞാൻ സത്യസന്ധമായി കാര്യങ്ങൾ വിവരിച്ചു. കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാൽ അവർക്കത് മനസ്സിലാവുമെന്നും അവർ ഒന്ന് തണുക്കുമെന്നും ഞാൻ വൃഥാ മോഹിച്ചുപോയി. എന്നാൽ, എന്റെ ഈ മറുപടി എനിക്ക് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇടത്തേയും വലത്തേയും കവിളുകളിൽ വീണ്ടും ശക്തമായ രണ്ടു പ്രഹരങ്ങൾ കൂടി ഞാൻ ഏറ്റുവാങ്ങി.

2020 ഫെബ്രുവരിയിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നടന്ന കലാപം, ശാഹിൻ ബാഗിൽ നടന്ന സി.എ.എ, എൻ.ആർ.സി വിരുദ്ധ (പൗരത്വ നിഷേധത്തിനെതിരായ പ്രതിഷേധങ്ങൾ) പ്രക്ഷോഭങ്ങൾ, അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നടന്ന പൊലീസ് അതിക്രമങ്ങൾ എന്നിവയെ കുറിച്ചെല്ലാമാണ് ചോദ്യങ്ങൾ‍… മാന്യമായി മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്ന് ഇതിനോടകം ഞാൻ മനസ്സിലാക്കി കഴിഞ്ഞതോടെ, പിന്നീടുള്ള ചോദ്യങ്ങളോടൊന്നും ഞാൻ പൂർണ്ണാർത്ഥത്തിൽ സഹകരിക്കാൻ തയ്യാറായില്ല.

എന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പ് ബാഗിൽ ഉണ്ടായിരുന്ന, ഞാൻ വാർത്താ സമ്മേളനങ്ങൾക്കും വാർത്താ ശേഖരണത്തിനും മറ്റും പോകുമ്പോൾ കൈവശം കരുതാറുള്ള നോട്ട് പാഡിൽ ഞാൻ എഴുതിയ ചില ചുരുക്കെഴുത്തുകൾ വായിച്ചെടുക്കാനും അതിന് പുതിയ നിർവചനങ്ങൾ നൽകാനും ആ തടിയൻ ഉദ്യോഗസ്ഥൻ പാടുപെടുന്നുണ്ടായിരുന്നു. വാർത്താശേഖരണത്തിന്റെ ഭാഗമായി ആർക്കെങ്കിലും ഫോൺ ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ ഞാൻ എന്റെ മുന്നിൽ തുറന്നുവെക്കുന്ന നോട്ട് പാഡായിരുന്നു അത്. അതിൽ ഞാൻ എഴുതുന്ന പല കാര്യങ്ങളും പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വായിച്ചെടുക്കാനോ തിരിച്ചറിയാനോ എനിക്ക് തന്നെ സാധിക്കാറില്ല. അതാണ് ഇദ്ദേഹം ഇപ്പോൾ വായിച്ചെടുക്കാൻ ശ്രമിക്കുന്നത്. മലയാളവും ഇംഗ്ലീഷും ഹിന്ദിയും അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും എല്ലാം അടങ്ങിയ പൂർണ്ണതയില്ലാത്ത വാക്കുകളും വാചകങ്ങളും ആയിരിക്കും പലപ്പോഴും പല മാധ്യമ പ്രവർത്തകരുടെയും കൈവശമുള്ള നോട്ട് ബുക്കിലും ഡയറികളിലും ഉണ്ടാവുക. അന്നന്നത്തെ വാർത്തകൾ എഴുതാൻ താൽക്കാലികമായി കുറിച്ചുവെക്കുന്ന ചില വാക്കുകളും വാചകങ്ങളും ഷോർട്ട് ഹാൻഡായിട്ട് (ചുരുക്കെഴുത്ത്) കുറിച്ചിടുന്നതാണവ.

സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ കാശിന്റെ കണക്ക്, ശമ്പളം കിട്ടിയാൽ ഓരോർത്തർക്കും കൊടുക്കേണ്ട സംഖ്യ. ടി.വി ചാനലുകളിൽ നിന്നോ ഏതെങ്കിലും പുസ്തകം വായിക്കുമ്പോഴോ ശ്രദ്ധയിൽ പെട്ട സ്ഥിതി വിവര കണക്കുകൾ, അടുത്തതായി വായിക്കേണ്ട പുസ്തകത്തിന്റെ പേര്, കാണേണ്ട സിനിമ, ഗൂഗിൾ ചെയ്യുമ്പോൾ കിട്ടുന്ന പുതിയ എന്തെങ്കിലും വിവരങ്ങൾ… എന്നിവകൾ കൊണ്ട് സമ്പന്നമായിരിക്കും എന്റെ മാധ്യമ പ്രവർത്തന നോട്ട് പാ‍ഡ്. വീടു പണി നടക്കുന്നതിനാൽ, ഭാര്യയുമായി ഫോണിൽ സംസാരിക്കുമ്പോൾ പറയേണ്ടതും അറിയേണ്ടതുമായ കാര്യങ്ങളും ഞാൻ എന്റെ നോട്ട് പാ‍ഡിൽ ചുരുക്കരൂപത്തിൽ കുറിച്ചുവെക്കാറുണ്ടായിരുന്നു.

നോട്ട് പാഡിലെ ചില അക്കങ്ങളും സംഖ്യകളും കാണിച്ച് തടിയൻ ഉദ്യോഗസ്ഥൻ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. ചോദ്യം ചെയ്യലിന് കോറസ്സായി മൂവരിൽ ഒരുത്തൻ ലാത്തി കൊണ്ട് എന്റെ കാൽ മുട്ടിൽ താളം പിടിക്കുന്നുണ്ടായിരുന്നു. ഏതു സമയത്തും ലാത്തി കൊണ്ടുള്ള പ്രഹരം ഏൽക്കാൻ ഞാൻ മനസ്സുകൊണ്ട് പാകപ്പെടുകയായിരുന്നു. തടിയൻ ചോദ്യം ചോദിക്കുമ്പോൾ ലാത്തികൊണ്ട് എന്റെ കാൽ മുട്ടിൽ താളം പിടിക്കുന്നയാൾ ഇതാ ഇപ്പോൾ കിട്ടും എന്ന മട്ടിൽ‍ ലാത്തി പൊക്കത്തിൽ ഉയർത്തും, ഇടക്ക് ലാത്തിയുടെ താളം പിടി നിർത്തി, എന്റെ മൂർദ്ധാവിൽ കൈകൊണ്ടടിച്ചും രസിച്ചുകൊണ്ടിരുന്നു… അതിന് അകമ്പടിയായി അദ്ദേഹത്തിന്റെ അശ്ലീല ചോദ്യങ്ങളും. അശ്ലീലം കലർന്ന പല ചോദ്യങ്ങളും ഇവിടെ പരാമർശിക്കാൻ പ്രയാസമുണ്ട്.

ഒരു മണിക്കൂറിലധികം നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലോക്കൽ ഇന്റലിജൻസ് എന്നെ ആ മുറിയിൽ നിന്ന് പുറത്തുവിട്ടത്. എന്റെ കൂടെ അറസ്റ്റിലായവർ ഇരിക്കുന്ന റൂമിലേക്കല്ല, മറ്റൊരു റൂമിലേക്കാണ് എന്നെ മാറ്റിയത്. എന്നെ ചോദ്യം ചെയ്ത രീതിയും എന്നെ മർദിച്ച കാര്യങ്ങളും എനിക്ക് ശേഷം ചോദ്യം ചെയ്തവരോട് ഇന്റലിജൻസ് പറഞ്ഞതായി പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. എനിക്ക് നേരിട്ട അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാം തുറന്ന് പറയണം എന്നായിരുന്നു മറ്റു മൂന്നു പേരോടും ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. അന്നത്തെ രാത്രി മുഴുവൻ ചോദ്യം ചെയ്യലിന്റെ ദിവസമായിരുന്നു. ഇന്റലിജൻസ് ഉദ്യോഗസ്ഥർ പോയതിന് ശേഷം, ആർമി ഇന്റലിജൻസ്, ലഖ്നോ, നോയ്ഡ എ.ടി.എസ് അടക്കം ഒരു ഡസനോളം ഏജൻസികളാണ് മാറി മാറി ചോദ്യം ചെയ്യാനെത്തിയത്. ആർമി ഇന്റലിജൻസ് വളരെ മോശമായാണ് പെരുമാറിയത്. തറയിൽ കുത്തിയിരുത്തിയും കാലുകൊണ്ട് തൊഴിച്ചും പ്രാകൃതമായ ചോദ്യം ചെയ്യൽ മുറകളാണ് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനിൽ നിന്ന് നേരിട്ടത്. ചോദ്യം ചെയ്യുന്ന ഒരു ഏജൻസിയും തങ്ങൾ ഇന്ന ഏജൻസി ഉദ്യോഗസ്ഥരാണെന്ന് പോലും വ്യക്തമാക്കാതെയാണ് പെരുമാറിയത്. അന്നത്തെ രാത്രി പോലീസ് ചൗക്കിയിലെ ഒരു വൃത്തിഹീനമായ മുറിയിലാണ് ഞങ്ങളെ താമസിപ്പിച്ചത്. ഓരോ ഏജൻസിയും ചോദ്യം ചെയ്ത് കഴിഞ്ഞാൽ ഞങ്ങളോട് ഉറങ്ങാൻ പറയും, ഞങ്ങൾ അവിടെ തറയിൽ കിടക്കും, ഉറക്കത്തിലേക്ക് നീങ്ങുമ്പോഴേക്കും അടുത്ത ഏജൻസി വന്ന് ചവിട്ടി ഉണർത്തും. ചോദ്യം ചെയ്യൽ ആരംഭിക്കും, ചോദ്യങ്ങൾ പലതും പ്രഹസനങ്ങളായിരുന്നു.

കുടുംബത്തിലെ അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു എ.ടി.എസിന്റെ പ്രധാന വിനോദം. ഫാമിലി ട്രീ നിർമ്മിക്കുന്നതിലായിരുന്നു എ.ടി.എസ്സിന് താൽപര്യം. കുടുംബത്തിലെ അകന്ന ബന്ധുക്കളെയും അവിടത്തെ കൊച്ചുമക്കളുടെയും പേരു വിവരങ്ങൾ വരെ കുറിച്ചെടുത്ത് എ ഫോർ ഷീറ്റുകൾ നിറക്കുന്നതിലാണ് അവർ ശ്രദ്ധിച്ചത്. അതിനിടയിൽ ഉദ്യോഗസ്ഥർ തമ്മിൽ വാക്കു തർക്കവും പതിവായിരുന്നു. മുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിപ്പെട്ട് തങ്ങളുടെ പ്രഫഷണലിസം കളഞ്ഞ് കുളിക്കുന്നതിലെ അമർഷം ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു. വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ രാവിലെ (ഒക്ടോബർ ആറ്) എട്ടു മണിയായി.

തുടർന്ന് ഞങ്ങളെ നാലു പേരെയും രണ്ടു പേരുടെ ഗ്രൂപ്പാക്കി രണ്ടു വാഹനങ്ങളിൽ ആയി കയറ്റി. സ്വകാര്യ വാഹനങ്ങളിലാണ് ഞങ്ങളെ കയറ്റിയത്. എന്നെ കയറ്റിയ വാഹനം ഓടിച്ചിരുന്നത് പോലീസ് എയ്ഡ് പോസ്റ്റ് ഇൻ ചാർജ് സോളങ്കിയായിരുന്നു. ഒരു ഡാർക്ക് കളർ വാഹനം, വാഹനത്തിന്റെ മുന്നിൽ ബി.ജെ.പി കൊടി കെട്ടിയിരിക്കുന്നു. പോലീസ് എയ്‍‍‍‍‍ഡ് പോസ്റ്റിന്റെ പിറകിലൂടെയുള്ള ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് വാഹനം പുറത്തിറങ്ങിയത്. കിലോ മീറ്ററുകളോളം വിജനമായ പ്രദേശം, പൊട്ടിപൊളിഞ്ഞ റോഡ്, പാതയുടെ ഇരു ഭാഗവും വയലുകൾ, യാത്ര ദുസ്സഹമായ കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ അമിത വേഗത്തിലാണ് വാഹനം ചീറിപ്പായുന്നത്. ഏത് സമയവും വാഹനം അപകടത്തിൽ പെടാമെന്ന സാഹചര്യം. മനസ്സിൽ ആശങ്ക നിറയാൻ തുടങ്ങി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധരമായ ഉത്തർപ്രദേശ്, വാഹനം അപകടത്തിൽ പെടുത്തി വെടിവെച്ച് കൊല്ലാനുള്ള ശ്രമമാണെന്ന തോന്നൽ വന്നു. വാഹനം അകടത്തിൽ പെട്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച തീവ്രവാദികളെ വെടിവെച്ച് കൊന്നു എന്ന ഒറ്റ വരി വിശദീകരണത്തിൽ ഇന്ത്യൻ പൊതുബോധം സംതൃപ്തിയടയുന്ന കാലത്താണ് നാം ജീവിക്കുന്നത്. രണ്ടും കൽപ്പിച്ച് മരണത്തെ കൺമുന്നിൽ കണ്ട് ദൈവീക സ്മരണയിൽ മുഴുകി മരിക്കാൻ തയ്യാറെടുത്ത് ശാന്തമായി വാഹനത്തിൽ ഇരുന്നു. എന്റെ കയ്യുമായി കൂട്ടിക്കെട്ടിയാണ് സുഹൃത്ത് മസൂദിനെ കൈയ്യാമം വെച്ചിരിക്കുന്നത്. എന്റെ മനസ്സിലുള്ള ആശങ്കകൾ ഒന്നും മസൂദുമായി പങ്കുവെച്ചില്ലെങ്കിലും, ദൈവീക സ്മരണയിലായി കഴിയാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. മസൂദ് ഇടക്ക് സോളങ്കിയോട് ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് എന്ന് ചോദിക്കുന്നുണ്ടെങ്കിലും അതിനൊന്നും അദ്ദേഹം മറുപടി നൽകുന്നില്ല.

മാണ്ഡിലെ ഒരു സർക്കാർ ആശുപത്രി

ആ യാത്ര വളരെ ദീർഘമേറിയതായി എനിക്ക് അനുഭവപ്പെട്ടു. ആ യാത്ര അവസാനിച്ചത്, മഥുരയിലെ മാണ്ഡ് എന്ന പ്രദേശത്തെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുൻപിലാണ്, പൊളിഞ്ഞ് വീഴാറായ, നായകളും മനുഷ്യരും ഒരു പോലെ തിങ്ങി നിറഞ്ഞ വൃത്തി ഹീനമായ ഒരു കെട്ടിടമാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രം. പിന്നീട് ‍ഡോക്ടറെ കാത്തുള്ള നിൽപ്പായി, ഒന്ന് ഇരിക്കാൻ പോലും വ്യത്തിയുള്ള ഒരു ഇരിപ്പിടമില്ല, ആശുപത്രിയുടെ ഇരിപ്പിടത്തിലും ചുമരിലും എല്ലാം മുറുക്കി തുപ്പിയിരിക്കുന്നു, കുറച്ച് വൃത്തിയുള്ള ഭാഗത്തെല്ലാം നായകൾ സ്ഥാനം പിടിച്ചിരിക്കുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ ‍‍ഡോക്ടർ എത്തി, ഞങ്ങളുടെ പേര് ചോദിച്ചു, പേപ്പറിൽ എന്തൊക്കെയോ കുറിച്ച് പോലീസിന് കൈമാറി, ഞങ്ങളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തതാണ് അദ്ദേഹം. അതും വാങ്ങി വീണ്ടും യാത്ര, ഇത്തവണ യാത്ര അവസാനിച്ചത്, മാണ്ഡ് സബ്ഡിവിഷണൻ മജിസ്ട്രേറ്റ് (എസ്.ഡി.എം) ഓഫീസിന് മുന്നിൽ. ഞങ്ങളെ എസ്.ഡി.എം മുൻപാകെ ഹാജരാക്കി. ഞങ്ങളെ ഏതൊക്കെ സെക്ഷൻ പ്രകാരമാണ് ഇവിടെ ഹാജരാക്കിയിരിക്കുന്നത് എന്ന് എസ്.ഡി.എമ്മിനോട് ചോദിച്ചെങ്കിലും ഞങ്ങളെ കേൾക്കാൻ അദ്ദേഹം തയ്യാറായില്ല. ഞങ്ങളെ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഉറങ്ങാൻ പോലും അനുവദിക്കാതെ പൊലീസ് എയ്‍‍ഡ് പോസ്റ്റിൽ ഇരുത്തി എന്നും എസ്.ഡി.എമ്മിനോട് പറഞ്ഞു. ഞങ്ങളെ തടഞ്ഞുവെച്ച കാര്യം ഇതുവരെ ഞങ്ങളുടെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും ഞങ്ങളെ ഫോൺ ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, അതൊന്നും ചെവികൊള്ളാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം ഞങ്ങളുടെ പേരു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങളെ സ്വന്തം ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്ന് അത്തീഖുറഹ്മാൻ എസ്.ഡി.എമ്മിനോട് അഭ്യർത്ഥിച്ചു. നിങ്ങളുടെ ആരെങ്കിലും വന്നാൽ നിങ്ങളെ വിട്ടയക്കാം എന്നു പറഞ്ഞ എസ്.ഡി.എമ്മിനോട്, ഞങ്ങൾക്ക് വീട്ടിൽ വിളിക്കാൻ അവസരം നൽകണമെന്ന് വീണ്ടും അഭ്യർത്ഥിച്ചു. അതോടെ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വിളിച്ച് വിവരം അറിയിക്കാൻ പൊലീസിന് നിർദേശം നൽകി. എസ്.ഡി.എമ്മിന്റെ മുൻപിൽ നിന്ന് ഞങ്ങളെ പുറത്തിറക്കിയ പോലീസ് ഞങ്ങളെ കൊണ്ട് വെള്ള പേപ്പറിൽ ഒപ്പുവെക്കാൻ നിർബന്ധിച്ചു. ഞങ്ങൾ വെള്ള പേപ്പറിൽ ഒപ്പുവെക്കില്ലെന്ന് ശാഠ്യം പിടിച്ചു. കോടതി വളപ്പിൽ ചെറിയ തോതിൽ വാക്ക് തർക്കം തുടങ്ങി. അവസാനം പോലീസിന്റെ ഭീഷണിക്ക് വഴങ്ങി, നാലു പേരും പോരെഴുതാതെ ഒപ്പ് മാറ്റിയിട്ടുകൊടുത്തു. അപ്പോൾ ഒന്നും ഞങ്ങൾക്കെതിരെ എന്ത് കേസാണ് ചാർത്തിയിരിക്കുന്നത് എന്നൊ ഞങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണെന്നോ ഒന്നും എസ്.‍ഡി.എമ്മോ പൊലീസോ അറിയിച്ചിരുന്നില്ല.

അവിടെ നിന്ന് വീണ്ടും വിജനമായ പ്രദേശത്തിലൂടെ അമിതവേഗതയിൽ വാഹനം ഞങ്ങളേയും കൊണ്ട് കുതിക്കുകയായിരുന്നു. ഈ യാത്ര അവസാനിച്ചത്, മഥുരയിലെ രത്തൻ ലാൽ ഫൂൽ കട്ടോരി സ്കൂളിന്റെ മുന്നിൽ. എന്തിനാണ് ഞങ്ങളെ ഈ സ്കൂളിന്റെ മുൻപിൽ കൊണ്ടുവന്നിരിക്കുന്നത് എന്ന് മനസ്സിലാകാൻ അൽപം സമയമെടുത്തു. കോവിഡ് കാലമായതിനാൽ, മഥുര ജില്ലാ ജയിലിന്റെ ക്വാറന്റൈൻ സെന്ററായി പ്രവർത്തിക്കുകയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. ഇവിടെ 14 ദിവസം തടവിൽ കഴിഞ്ഞതിന് ശേഷമാണ് മഥുര ജില്ലാ ജയിലിലേക്ക് തടവുകാരെ മാറ്റുക. സ്കൂളിന്റെ ഗ്രിൽസ് തുറന്ന് ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചു. ധരിച്ച ബെൽറ്റും വാച്ചും ഹൂഡി, ട്രാക്ക് സൂട്ട് എന്നിവയുടെ നാടകളും ഷൂസിന്റെ ലെയ്സും എല്ലാം ഇവിടെ ഊരി നൽകണം. ബെൽറ്റ് ഊരി നൽകിയതോടെ, അയഞ്ഞ പാന്റുകൾ ഒരു കൈകൊണ്ട് കയറ്റി പിടിച്ചാണ് പലരും ഉള്ളിലേക്ക് വേച്ച് വേച്ച് നടക്കുന്നത്. താൽക്കാലിക ജയിലായി മാറിയിരിക്കുന്ന സ്കൂളിലെ റെജിസ്റ്ററിൽ പേരു ചേർക്കലാണ് ഇനിയുള്ള പണി. അതിന് ഷർട്ടും ബനിയനും ഊരി ഊയം കാത്ത് നിൽക്കണം. ഈ ഷർട്ടും ബനിയനും ഈരുന്ന പ്രവർത്തി ഒരു ഞാണിൻമേൽ കളിയാണ്, ബെൽറ്റ് ആദ്യമെ ഊരി നൽകിയതിനാൽ, ഉതിർന്ന് വീഴാൻ നിൽക്കുന്ന പാന്റ്സ് ഒരു കൈകൊണ്ട് പിടിച്ച് വേണം മറ്റേ ഒറ്റ കൈകൊണ്ട് ഷർട്ടു ബനിയനും ഊരി കക്ഷത്ത് വെച്ച് വരി നിൽക്കാൻ. ശരീരത്തിലെ പാടുകളും മുറിവുകളും റെജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ അർദ്ധ നഗ്നതാ പ്രദർശനം. ഈ നടപടികൾ കഴിഞ്ഞാൽ പിന്നെ, അവിടെ കൂട്ടിയിട്ടിരിക്കുന്ന സ്റ്റീൽ പ്ലൈറ്റ്, കപ്പ്, വിരിക്കാനുള്ള ഓരോ ചാക്കിൻ കഷ്ണങ്ങൾ എന്നിവയും എടുത്ത് അവിടത്തെ ഒരു ശിപായിയുടെ പിറകെ പോവണം. കൈയ്യിൽ ഒരു ലാത്തിയും വായിൽ കുറേ തെറിയുമായാൽ ഇവിടത്തെ ഒരു ശിപായിയായി. മാന്യമായ ജീവിത പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ അപമാനകരമായ ഒരു അവസ്ഥയാണിത്.

മാണ്ഡിലെ കെട്ടിടങ്ങൾ

ഈ സ്കൂളിന്റെ ഒന്നാം നിലയിൽ സ്ഥിതിചെയ്തിരുന്ന ആറ് സി ക്ലാസിലാണ് ഞങ്ങളെ ബന്ധികളാക്കിയത്. ആ ക്ലാസ് റൂമിലെ അന്നത്തെ ആദ്യത്തെ അതിഥികൾ ഞങ്ങളാണ്. ക്വാറന്റൈൻ പതിനാല് ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെ നിന്ന് തടവുകാരെ ജില്ലാ ജയിലിലേയ്ക്ക് മാറ്റികൊണ്ടിരിക്കുന്നതിനാൽ പല ക്ലാസ് മുറികളും കാലിയായി കിടക്കുകയാവും. വൈകുന്നേരം ആയപ്പോഴേക്കും ക്ലാസ് മുറിയിൽ തടവുകാരെ കൊണ്ട് നിറഞ്ഞു, നാൽപ്പതോളം പേരാണ് ആദ്യ ദിവസം ഉണ്ടായിരുന്നത്. രണ്ടര മൂന്നടി വീതിയും അഞ്ച്, അഞ്ചര അടി നീളവും തോന്നിക്കുന്ന കീറിപ്പറിഞ്ഞ ചാക്കുകളാണ് ഓരോ തടവുകാരനും നൽകിയിരിക്കുന്നത്. ഇവ ക്ലാസ് റൂമിലെ നിലത്ത് വിരിച്ച് കിടക്കാം. തടവുകാരെ ക്ലാസ് റൂമിലാക്കി വാതിൽ പുറത്ത് നിന്ന് കുറ്റിയിടും, രണ്ടു നേരം ഭക്ഷണം വരുമ്പോൾ മാത്രമാണ് വാതിൽ തുറക്കുക. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ച് പതിനൊന്നര-പന്ത്രണ്ട് മണിക്ക് ‘ബ്രെഞ്ചാ’യിട്ടാണ് ലഭിക്കുക. ഒരാൾക്ക് ഏഴു ചപ്പാത്തിയും അതിലേക്ക് ഒരു കയിൽ പരിപ്പു കറിയും ലഭിക്കും. രാത്രി ഭക്ഷണത്തിന്റെ മെനുവും സമാനമായിരുന്നു. വൈകുന്നേരം അഞ്ച് മണിക്കും ആറിനും ഇടയിലാണ് രാത്രി ഭക്ഷണം ലഭിക്കുക. ചില ദിവസങ്ങളി‍ൽ പാലക്ക് എന്ന ഒരു തരം ചീരയില കറിയും ഒരു കയിൽ ചോറും ലഭിക്കുമായിരുന്നു. പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ ക്ലാസ് മുറിയുടെ ഒരു മൂലയിൽ ഒരു തൊട്ടി പാത്രം വെച്ചിട്ടുണ്ടാവും അതിലാണ് കാര്യങ്ങൾ സാധിക്കേണ്ടത്. എല്ലാം ദിവസവും രാവിലെ ഏതെങ്കിലും ഒരു തടവുകാരൻ ഈ തൊട്ടി പാത്രം സ്കൂളിലെ ടോയ്ലറ്റിൽ കൊണ്ടു പോയി ഒഴിവാക്കി ക്ലാസ് മുറിയിൽ തന്നെ കൊണ്ടുവെക്കും. മിക്കവാറും ദിവസങ്ങളി‍ൽ രാവിലെ ക്ലാസ് മുറിയിലെ തൊട്ടി പാത്രം കവിഞ്ഞൊഴുകി മലവും മൂത്രവും മുറിയിൽ പരന്നൊഴുകിയിട്ടുണ്ടാവും. (തുടരും)

Also Read

16 minutes read October 22, 2023 8:27 am