Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന് ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം പന്ത്രണ്ട്. വര: നാസർ ബഷീർ
ജയിലിന് അവിടുത്തേതായ ചില ഭാഷകളും പ്രയോഗങ്ങളും ചുരുക്കെഴുത്തുകളും നിര്‍വചനങ്ങളും നിയമങ്ങളുമുണ്ട്. അതിന്റെയൊക്കെ നിര്‍മ്മാതാക്കള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. മുര്‍ദ ദഹേജിന് ഡി.പി ആക്ട് എന്നാണ് പറയുക. 1961ലെ ഡൗറി പ്രൊഹിബിഷന്‍ ആക്ടിനെ ചുരുക്കി പറയുന്നതാണ് ഡി.പി എന്നത്. എന്നാല്‍, ഡി.പിയുടെ ജയിലിലെ പൂര്‍ണ രൂപം ‘ദഹേജ് പരിഷാന്‍’ എന്നാണ്. ഹിന്ദിയില്‍ ദഹേജ് എന്നാല്‍ സ്ത്രീധനം, പരിഷാന്‍ എന്നാല്‍ പ്രയാസം. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പരിഷാന്‍ – പ്രയാസം- ആക്കുന്നവരെ ജയിലിലാക്കുന്ന നിയമം എന്നാണ് സാധാരണക്കാരുടെ ഡി.പി ആക്ടിനെ കുറിച്ചുള്ള അറിവ്. ഡി.പി ആക്ട് പോലെ ദുരുപയോഗം ചെയ്യുന്ന ഒരു നിയമം വേറെ ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകം ഭാര്യ ആത്മഹത്യ ചെയ്താല്‍, അത് എന്തിന്റെ പേരിലായാലും ഭാര്യ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്താല്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരനും സഹോദരിയും അടക്കം എല്ലാവര്ക്കും കുടുംബ സമേതം ജയിലില്‍ പോകേണ്ടി വരുന്ന ദുരവസ്ഥയാണ് ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്നത്. കേസ് കൊടുക്കാതിരിക്കാനും എഫ്.ഐ.ആറില്‍ നിന്ന് പേര് നീക്കം ചെയ്യാനും ലക്ഷങ്ങളാണ് പരാതിക്കാരും പൊലീസും ആവശ്യപ്പെടുക. ചിലന്തി വലയില്‍ കുടുങ്ങുന്നത് ദുര്‍ബലരായ പ്രാണികളും പാറ്റകളും എന്ന പോലെ നിയമത്തിന്റെ ചിലന്തി വലയിലും കുടുങ്ങുന്നത് പണമില്ലാത്ത ദരിദ്രരായ കുടുംബങ്ങളാണ്. സമ്പന്നരായ ആളുകള്‍ ഇത്തരം കേസുകള്‍ പണം കൊടുത്ത് പറഞ്ഞു തീര്‍ക്കാറാണ് പതിവ്. എന്നാല്‍, ദരിദ്രരായ കുടുംബങ്ങള്‍ മുര്‍ദ ദഹേജ് കേസില്‍ കുടുംബ സമേതം വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ട അവസ്ഥയാണ് യു.പിയില്‍. സ്ത്രീധന സമ്പ്രദായം വളരെ ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മോട്ടോര്‍ ബൈക്കും കാറും ട്രാക്ടറും പണവും ഗാര്‍ഹിക ഉപകരണങ്ങളും എല്ലാം സ്ത്രീധനമായി നല്‍കുന്നുണ്ട്. മത-ജാതി ഭേദമന്യേ എല്ലാം സമുദായങ്ങളിലും ഇത് വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
ഞാന്‍ തടവില്‍ കഴിഞ്ഞിരുന്ന പതിനാലാം നമ്പര്‍ ബാരക്കില്‍ മാത്രം ഒരു ഡസനോളം പേരാണ് മുര്‍ദ ദഹേജ് കേസില്‍ തടവില്‍ കഴിഞ്ഞിരുന്നത്. മുര്‍ദ ദഹേജ് കേസില്‍ ജയിലില്‍ എത്തിയ, നോയ്ഡയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജയപ്രകാശ് എന്ന സുമുഖനായ യുവാവും അദ്ദേഹത്തിന്റെ വയോധികനായ പിതാവും എന്റെ ബാരക്കിലായിരുന്നു. ഞങ്ങള്‍ ജെ.പി എന്ന് വിളിച്ചിരുന്ന ജയപ്രകാശിന്റെ അമ്മയും ഇതേ ജയിലില്‍ മഹിളാ ബാരക്കില്‍ തടവില്‍ ആണ്. ഗര്‍ഭിണിയായിരുന്ന ജെ.പിയുടെ ഭാര്യ, അവരുടെ വീട്ടില്‍ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു. ജെ.പിയുടെ സഹോദരിയടക്കം നാലു പേര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തത്. എന്നാല്‍, പൊലീസിന് കൈക്കൂലി കൊടുത്ത് സഹോദരിയുടെ പേര് എഫ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയ്ക്കും അവസാനമാണ് ജാമ്യം ലഭിക്കുക. ജെ.പിയുടെ കുറ്റപത്രം നിരവധി തവണ ഞാന്‍ വായിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് കുറ്റപത്രമെങ്കിലും ജെ.പി എഴുത്തും വായനയും അറിയുന്ന ആളായിട്ടും അദ്ദേഹം എന്നെക്കൊണ്ട് കുറ്റപത്രം വായിപ്പിച്ച് കാര്യങ്ങള്‍ വിശദമാക്കി കൊടുക്കാന്‍ ആവശ്യപ്പെടും. കുറ്റപത്രത്തിലെ ലൂപ് ഹോളുകള്‍ (കേസില്‍ നിന്ന് ഊരി പോവാനുള്ള ഉപായങ്ങള്‍) കണ്ടെത്തി കൊടുക്കാന്‍ പറയും. സ്ത്രീധന പീഢന മരണ കേസുകളില്‍ പലതും ആരാണ് ഇര ആരാണ് വേട്ടക്കാരന് എന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്.
പതിനാലാം നമ്പര്‍ ബാരക്കില്‍ ജയപ്രകാശ് എന്ന പേരില്‍ മറ്റൊരു തടവുകാരനുമുണ്ടായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന പശ്ചിമ ഉത്തര്‍ പ്രദേശിലെ ഭാഗ്പത്ത് ജില്ലയില്‍ നിന്നുള്ള ജയപ്രകാശ് ചാച്ചയ്ക്ക് എഴുപതിനടുത്ത് പ്രായമുണ്ട്. ദുരഭിമാന കൊലയില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിലെത്തിയതാണ് അദ്ദേഹം. ജയിലില്‍ നമ്പര്ദാറായി കുറേ കാലം ജോലി ചെയ്ത ചാച്ച, ഇപ്പോള്‍ വിശ്രമത്തിലാണ്. പതിനാലാം നമ്പര്‍ ബാരക്കില്‍ തടവില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ കഫീല്‍ ഖാന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത് ജയപ്രകാശ് ചാച്ചക്കായിരുന്നു. ഇംഗ്ലീഷില്‍ അങ്കിള്‍ എന്ന് പറയുന്നതിന് തുല്യമായ ഹിന്ദി പദമാണ് ചാച്ച. ബാരക്കില്‍ ഞാന്‍ അടക്കം മിക്കവരും ജയപ്രകാശ് ചാച്ചയെ, ചാച്ച എന്ന് മാത്രമാണ് വിളിച്ചിരുന്നത്. ചാച്ച എനിക്ക് ബാരക്കില്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. ജയില്‍ അധികൃതര്‍, അദ്ദേഹത്തെ എന്നെ ശ്രദ്ധിക്കാന്‍ ഏല്‍പ്പിച്ചതാണോ എന്ന് എനിക്കറിയില്ല. ബാരക്കില്‍ ഞാന്‍ മിക്ക സമയവും ചിലവഴിച്ചിരുന്നത് ചാച്ചയുമായി സംസാരിക്കാനും മറ്റുള്ളവരുടെ കുറ്റപത്രം വായിച്ച് കൊടുക്കാനും പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കാനുമായിരുന്നു. ചാച്ചയുമായുള്ള സംസാരത്തില്‍ അധികവും അദ്ദേഹം പറഞ്ഞിരുന്നത്, കഫീല്‍ ഖാന്റെ ജയില്‍ ജീവിതത്തെ കുറിച്ചും കഫീല്‍ ഖാനെ അദ്ദേഹം പരിപാലിച്ച കഥകളും ഒക്കെയായിരുന്നു. ചാച്ചയുമായുള്ള അടുപ്പം എനിക്ക് ജയിലില്‍ വലിയ ഉപകാരമായിട്ടുണ്ട്. ചാച്ച വഴിയാണ് നഖം മുറിക്കാനും ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാനുമുള്ള നെയ്ൽ കട്ടറും ഷേവിങ് ബ്ലേഡും കണ്ണാടിയും എല്ലാം ലഭിച്ചിരുന്നത്. ശിപായിമാര്‍ വഴിയും ജയിലിലെ ബാര്‍ബര്‍മാര്‍ വഴിയും ചാച്ച അവ എല്ലാം എത്തിച്ച് തരുമായിരുന്നു. ബാരക്കിന് പുറത്ത് ധാരാളം പ്രാവുകളും അണ്ണാന് കുഞ്ഞുങ്ങളും വരുമായിരുന്നു. അവയ്ക്ക് ചപ്പാത്തി ചെറുകഷ്ണങ്ങളാക്കി തീറ്റ കൊടുക്കല്‍ ഞാന്‍ ഒരു ഹോബിയാക്കിയിരുന്നു. മറ്റു ചില തടവുകാരും ഇത് ചെയ്തിരുന്നു.
മഥുര ജയിലില്‍ ഒരു തടവുകാരന് ലഭിച്ചിരുന്ന ഡയറ്റില്‍ ഏഴു ചപ്പാത്തിയും ഒരു കോരി പരിപ്പ് കറിയും ഒരു കോരി പാലക്ക് താളിച്ചതോ അല്ലെങ്കില്‍ മൂലി താളിച്ചതോ ആയിരുന്നു. മൂന്നോ നാലോ ചപ്പാത്തിയാണ് പലരും തിന്നുക. ഇതില്‍ ബാക്കി വരുന്ന ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി പ്രാവുകള്‍ക്കും അണ്ണാന് കുഞ്ഞുങ്ങള്‍ക്കും ഇട്ട് കൊടുക്കും. ഞാനും ഡ്രൈവര്‍ ആലമും ഇത് ചെയ്യുന്ന കണ്ട്, ബാരക്കിലെ മറ്റു തടവുകാര്‍ അവരുടെ ബാക്കിയുള്ള ചപ്പാത്തികള്‍ ഞങ്ങള്‍ക്ക് കൊണ്ടു തരുമായിരുന്നു, ചിലര്‍ ചെറിയ കഷ്ണങ്ങളാക്കി തന്നെ തരുമായിരുന്നു. ബാരക്ക് അടയ്ക്കുന്ന, ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്താണ് ‘റൊട്ടി തോഡ്ന’ (റൊട്ടി നുറുക്കുന്ന) പണി എടുക്കുക. മൂന്ന് മണിക്ക് ബാരക്ക് തുറക്കുമ്പോള്‍ പുറത്ത് പോയി അത് പ്രാവുകള്‍ക്കും അണ്ണാന്മാര്ക്കും ഇട്ടുകൊടുക്കും. ആ മിണ്ടാപ്രാണികള്‍ അവ തിന്നുന്നതും നോക്കി ഇരിക്കും. വിവിധ തരം കിളികളും തത്തകളും എല്ലാം ഞങ്ങളുടെ സ്ഥിരം അതിഥികളായിരുന്നു. എന്നാല്‍, മഥുര ജയിലിനകത്ത് ഞാന്‍ ഒരിക്കല്‍ പോലും കാണാത്ത പക്ഷി കാക്കയാണ്. കാക്കകള്‍ ജയിലിനകത്തേക്ക് വരാത്തതിനെ കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കുകയും പലരോടും ചോദിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് അതിന് തൃപ്തികരമായ ഒരു മറുപടി ലഭിച്ചിരുന്നില്ല. മഥുരയില്‍ കാക്കകള്‍ കുറവായത് കൊണ്ടാണോ അതോ കാക്കകള്‍ വരാതിരിക്കാനുള്ള വല്ല സൂത്രവും ജയില്‍ മതിലുകളില്‍ ഘടിപ്പിച്ചത് കൊണ്ടാണോ എന്നെനിക്കറിയില്ല.
ജയിലില്‍ ഭക്ഷണം തേടി എത്തുന്ന പ്രാവുകളോടും അണ്ണാന്മാരോടും കിളികളോടും തത്തകളോടും എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. വിശാലമായ ആകാശത്ത് പാറി നടക്കുകയും വയറ് നിറയെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും സ്വതന്ത്രമായി ഇണചേരുകയും ചെയ്യുന്ന ഇതിലൊരു പക്ഷിയായിരുന്നെങ്കില്‍ എന്ന് പലപ്പോഴും കൊതിച്ചുപോയിട്ടുണ്ട്. പറവകളുടെ ലോകത്ത് ജയില്‍ ഉണ്ടാവുമോ, ഇല്ല. പറവകള്‍ എന്നല്ല, മനുഷ്യരൊഴികെ മറ്റൊരു ജീവികള്‍ക്കിടയിലും അവരുടെ തന്നെ സമൂഹം സൃഷ്ടിച്ച ഒരു തടവറ ഉണ്ടാവില്ല. പറവകളെ പോലെ പറക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഞാന്‍ ശ്രമിക്കാത്തത് കൊണ്ടാണോ എനിക്ക് പറക്കാന്‍ സാധിക്കാത്തത് എന്ന് ചിന്തിച്ച് പലപ്പോഴും കൊച്ചുകുട്ടികളെ പോലെ ഇരു കൈകളും വശങ്ങളിലേക്ക് നിവര്‍ത്തി പിടിച്ച്, കണ്ണുകള്‍ അടച്ച് പറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോള്‍, ഞാന്‍ നില്ക്കുന്ന ഭാഗം മാത്രം പിളര്‍ന്ന് ഭൂമിക്കടിയിലൂടെ എന്റെ വീട്ടിലേക്ക് ഒരു സുരക്ഷിത പാത തുറന്ന് കിട്ടിയാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു ഹെലികോപ്റ്ററില്‍ വന്ന് എന്നെ ഒരു കയറില്‍ എയര്‍ ലിഫ്റ്റ് ചെയ്താല്‍ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. ഞാന്‍ ആഗ്രഹിക്കാത്തതിന്റെ പേരില്‍ എനിക്ക് ആ ഒരു അവസരം നഷ്ടപ്പെടരുതല്ലോ എന്നായിരുന്നു എന്റെ ചിന്ത. ദൈവത്തിന് ഇതൊക്കെ എത്ര നിസ്സാരമായ കാര്യമാണ് എന്ന് സ്വയം മനസ്സില്‍ പറയുകയും ചെയ്യും. ഇത്തരം മണ്ടന്‍ ചിന്തകളെ കുറിച്ച് ചിന്തിച്ച് പലപ്പോഴും ചിരിക്കുകയും ചെയ്തിരുന്നു.
കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്ന എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്ന പ്രദീപ് ഞാനുമായി പെട്ടെന്ന് സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രം ബാരക്കില്‍ വന്നിരുന്നു. ഞാന്‍ മാണ്ഡ് ടോള്‍ പ്ലാസയില്‍ വെച്ച് അറസ്റ്റിലായ വിവരം എല്ലാം പ്രദീപ് പത്രത്തിലൂടെ വായിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എന്റെ കേസിനെ കുറിച്ച് എല്ലാം നല്ല ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ബാരക്ക് റൈറ്റര്‍ കാളീചരണിന്റെ അടുത്തായിരുന്നു പ്രദീപിന്റെ ഫട്ട (കിടക്കപ്പായ). പ്രദീപിന്റെ അടുത്ത് തന്നെ കിടന്നിരുന്ന ഞങ്ങള്‍ വര്‍മ്മാജി എന്ന് വളിച്ചിരുന്ന ആഗ്ര സ്വദേശി സൂരജ് വര്‍മ്മയും ഒരു കൊലപാതക കേസില്‍ അകത്തായതാണ്. പ്രദീപും വര്‍മ്മയും ഒക്കെ പറയുന്നത് അവര്‍ കുറ്റം ചെയ്യാതെ, കുടുംബ വൈരാഗ്യത്തിന്റെ പേരില്‍ ജയിലില്‍ എത്തിയതാണെന്നാണ്.
പ്രദീപിന്റെ ഫട്ടയില്‍ പോയിരുന്നാണ് ഞാന്‍ ആദ്യമൊക്കെ പത്രം വായിച്ചിരുന്നത്. ഞങ്ങളുടെ ബാരക്കില്‍ പ്രദീപും വര്‍മ്മാജിയും മാത്രമാണ് ഇംഗ്ലീഷ് പത്രം വായിച്ചിരുന്നത്. ഹിന്ദുസ്ഥാന്‍, അമര്‍ ഉജാല, പഞ്ചാബ് കേസരി, ദൈനിക് ജാഗരണ്‍ തുടങ്ങിയ ഹിന്ദി പത്രങ്ങളും ഞങ്ങളുടെ ബാരക്കില്‍ തടവുകാര്‍ വരുത്തിയിരുന്നു. കോവിഡ് വൈറസിന്റെ പേരു പറഞ്ഞ്, പത്രങ്ങള്‍ എല്ലാം ഒരു ദിവസം വൈകിയാണ് ജയിലില്‍ തടവുകാര്‍ക്ക് നല്‍കിയിരുന്നത്. ജയിലില്‍ പത്രങ്ങള്‍ കിട്ടണമെങ്കില്‍ ഒരു മാസത്തെ പണം മുന്‍കൂറായി നല്‍കണം എന്ന വ്യവസ്ഥയുണ്ട്. എല്ലാ പത്രങ്ങള്‍ക്കും അധിക വില നല്‍കണമായിരുന്നു. ദ ഹിന്ദുവിന് 500 രൂപയായിരുന്നു ജയിലിലെ വില. ഹിന്ദി പത്രങ്ങളില്‍ വരുന്ന ജയിലുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും കട്ട് ചെയ്ത് സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയാണ് ജയിലില്‍ വിരതരണം ചെയ്തിരുന്നത്. തടവുകാര്‍ ജയില്‍ ചാടിയ വാര്‍ത്തകള്‍, ജയിലുകളില്‍ നടന്ന ആത്മഹത്യ വാര്‍ത്തകള്‍, ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവയാണ് കട്ട് ചെയ്തിരുന്നത്.
എന്നാല്‍, ഇംഗ്ലീഷ് പത്രങ്ങളില്‍ വളരെ വിരളമായിട്ടാണ് ഇത്തരം സെന്‍സര്‍ഷിപ്പുകള്‍ നടന്നിരുന്നത്. അതിന്റെ പ്രധാന കാരണം ഇംഗ്ലീഷ് പത്രങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍, അത് വായിക്കാന്‍ അറിയാവുന്ന പ്രിസണ്‍ ഓഫീസര്‍മാരുടെ അഭാവമായിരുന്നു. ഹിന്ദി പത്രങ്ങളില്‍ ഇടക്കിടെ എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു കൊണ്ടേയിരുന്നു. പലതും വ്യാജ വാര്‍ത്തകളായിരുന്നു. ഹിന്ദി പത്രങ്ങള്‍ തടവുകാര്‍ കൂട്ടം കൂടിയിരുന്നാണ് വായിച്ചിരുന്നത്. ഹിന്ദി വായിക്കാന്‍ അറിയാവുന്ന ഒരാള്‍ കുറച്ചുറക്കെ പത്രം വായിക്കും, അദ്ദേഹത്തിന് ചുറ്റും നിന്നും ഇരുന്നും മറ്റുള്ളവര്‍ വാര്‍ത്തകള്‍ കേള്‍ക്കുകയും അതേ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഇതായിരുന്നു ജയിലിലെ പതിവ് കാഴ്ചകള്‍. എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു പലപ്പോഴും ജയിലിലെ പ്രധാന ചര്‍ച്ചാ വിഷയം. ബ്രേക്കിങ്, എക്സ്ക്ല്യുസീവ് എന്ന രീതിയില്‍ ഹിന്ദി പത്രങ്ങളില്‍ കള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നു.
‘കപ്പന് ഭായ്, ആപ് കെ ബാരേ മേ ഖബര്‍ ഹേ ആജ്.’ (കാപ്പന് ഭായ്, താങ്കളെ കുറിച്ച് ഇന്ന് വാര്‍ത്തയുണ്ട്) മിക്ക ദിവസങ്ങളും ഞാന്‍ കേട്ടു കൊണ്ടിരുന്ന പല്ലവിയാണിത്. ഒരാള്‍ അല്ല, പലയാളുകള്‍ അന്നത്തെ ദിവസം മുഴുവന്‍ പലപ്പോഴായി ഇത് പറഞ്ഞുകൊണ്ടേയിരിക്കും. കൊലപാതകം, മോഷണം, പിടിച്ചുപറി, ബലാല്‍സംഗ വാര്‍ത്തകള്‍ എന്നിവയ്ക്കാണ് ജയിലില്‍ കൂടുതല്‍ വായനക്കാരുള്ളത്. പഴയ ന്യൂസ് പേപ്പറുകള്‍ക്ക് വലിയ ഡിമാന്റായിരുന്നു ജയിലില്‍. ഓരോര്ത്തരും കിടക്കുന്ന ഭാഗത്തെ പൊട്ടി പൊളിഞ്ഞ ചുമരുകളില്‍ ഒട്ടിക്കാനും ഭക്ഷണം കഴിക്കുമ്പോള്‍ നിലത്ത് സുപ്ര പോലെ വിരിക്കാനുമാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഗോതമ്പ് നുറുക്ക് കൊണ്ടുണ്ടാക്കുന്ന പായസം പോലുള്ള ദലിയ ഉപയോഗിച്ചാണ് പത്രം ചുമരില്‍ ഒട്ടിച്ചിരുന്നത്. ബ്രേക്ക് ഫാസ്റ്റിന്റെ സമയത്ത് ആഴ്ചയില്‍ മൂന്ന് ദിവസം ഒരു കോരി ദലിയ ലഭിക്കും. രണ്ട് ദിവസം ബന്നും രണ്ടു ദിവസം ഒരു കൈപിടി പുഴുങ്ങിയ ഛനയും (കറിക്കടല) ലഭിക്കുമായിരുന്നു. മിക്ക തടവുകാരും ദലിയ കഴിക്കാത്തവരായിരുന്നു. ഞാന്‍ ദലിയ കഴിക്കുമായിരുന്നു, തിങ്കളും വ്യാഴവുമായിരുന്നു ബന്ന് ലഭിച്ചിരുന്നത്. ആ രണ്ട് ദിവസവും എനിക്ക് വൃതമായിരുന്നതിനാല് എന്റെ ബന്ന് മറ്റുള്ള ആരെങ്കിലും വാങ്ങി കഴിക്കാറായിരുന്നു പതിവ്. ചിലയാളുകള്‍ പാര്‍ലെ ജി ബിസ്കറ്റ് പൊടിച്ച് ദലിയയില്‍ മിക്സ് ചെയ്താണ് കഴിച്ചിരുന്നത്. ചിലര്‍ നംകിന്‍ (മിക്സ്ചര്‍), പാര്‍ലെ ജി എന്നിവ ചേര്‍ത്തും കഴിക്കും. ജയിലില്‍ ലഭിക്കുന്ന ചപ്പാത്തിയും ചോറും ദലിയയും ചായയും സബ്ജിയും എല്ലം പല രീതിയില്‍ രൂപവ്യത്യാസം വരുത്തി രുചികരമാക്കിയാണ് തടവുകാര്‍ ഭക്ഷിച്ചിരുന്നത്. (തുടരും).