ജാമ്യം എടുക്കേണ്ടതില്ലെന്ന നിലപാട്

വായിക്കാൻ ന്യൂസ് പേപ്പർ, വാർത്താ കേൾക്കാൻ ടെലിവിഷൻ, പുസ്തകം വായിക്കുന്നതിന് ലൈബ്രറി തുടങ്ങി മഥുര ജില്ലാ ജയിലിൽ എല്ലാ സൗകര്യവും ഉണ്ടെന്നായിരുന്നു ഫൂൽകട്ടോരി സ്കൂളിൽ നിന്ന് കേട്ടറിഞ്ഞത്. എന്നാൽ, മുലായജ ബാരക്കിൽ ഈ സൗകര്യങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല.

ഞങ്ങളുടെ ബാരക്കിൽ ചായ വിൽപ്പനക്കാർ വന്നിരുന്നു. റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കുന്ന പോലെ ചായ്… ചായ്… എന്ന്  നീട്ടി വിളിച്ചുകൊണ്ട് തടവുകാർ തന്നെയാണ് ചായ വിറ്റിരുന്നത്. അഞ്ചു രൂപ കൊടുത്താൽ ഒരു പേപ്പർ കപ്പിൽ ചായ ലഭിക്കും. ഇടക്ക് പൂരിയും സബ്ജിയും ഇതുപോലെ വിൽപ്പനക്കെത്തിയിരുന്നു. ഒരു പൂരിക്ക് അഞ്ച് രൂപ കൊടുക്കണം. മറ്റ് ബാരക്കുകളെ അപേക്ഷിച്ച് മുലായജ ബാരക്കിൽ വളരെ അപൂർവ്വമായെ ഇവ എത്തിയിരുന്നുള്ളു. ചായയും പൂരിയും വന്നാലും ഞങ്ങൾ നാലുപേരുടേയും കൈയ്യിൽ ഇതൊന്നും വാങ്ങി കഴിക്കാനുള്ള പണമില്ലായിരുന്നു. ഡ്രൈവർ ആലമിന്റെ വീട്ടിൽ നിന്ന് ശിപായി മുഖാന്തരം കൊടുത്തയച്ച 1000 രൂപ പോലും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല.  

ഞങ്ങളുടെ ബാരക്ക് ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ മറ്റേതലക്കലുള്ള പത്താം നമ്പർ ബാരക്കിലെ വി.ഐ.പി എന്ന് തോന്നിക്കുന്ന ഒരു തടവുകാരൻ ചില ദിവസങ്ങളിൽ പുറത്തിരുന്ന് പത്രം വായിക്കുന്നത് കണാമായിരുന്നു. ഹിന്ദുസ്ഥാൻ, അമർ ഉജാല എന്നീ രണ്ട് ഹിന്ദി പത്രങ്ങൾ ആണ് ഒമ്പത്, പത്ത് ബാരക്കുകൾ ഉൾപ്പെട്ട ഞങ്ങളുടെ കോംപൗണ്ടിൽ (അഹാത്തയിൽ) ചിലപ്പോൾ പ്രത്യക്ഷപ്പെട്ടിരുന്നത്. (അഹാത്ത എന്ന ഹിന്ദി പദത്തിന് അർത്ഥം അങ്കണം, മുറ്റം എന്നൊക്കെയാണ്. അഹാത്തയെ ലോപിപ്പിച്ച് ആളുകൾ സംസാരഭാഷയിൽ ‘ഹാത്ത’ എന്നാണ് ഉച്ചരിച്ചിരുന്നത്.  രണ്ടു മൂന്നും ബാരക്കുകൾ അടങ്ങിയ ചുറ്റും മതിൽ കെട്ടിയ ഒരു കോംപൗണ്ടിനാണ് ജയിലിൽ ഹാത്ത എന്ന് പറയുന്നത്).

വളരെ അപൂർവ്വമായിട്ടേ ഒമ്പതും പത്തും ബാരക്കുകൾ ഒരുമിച്ച് തുറന്നിരുന്നുള്ളൂ. ഒരു ബാരക്കിൽ ഭക്ഷണ വിതരണം ചെയ്ത്  ആ ബാരക്ക് അടച്ചതിന് ശേഷമേ മറ്റേ ബാരക്ക് തുറക്കുകയുള്ളൂ. അപൂർവ്വം ചില ദിവസങ്ങളിൽ വളരെ കുറഞ്ഞ സമയം രണ്ട് ബാരക്കിലേയും തടവുകാർ ഒരേ സമയം പുറത്തിറങ്ങാറുണ്ട്. അത്തരം ദിവസങ്ങളിൽ ഞാനും പത്രത്തിലെ ചില പ്രധാന തലക്കെട്ടുകൾ നോക്കും. ഇതിനോടകം ഞങ്ങൾ ഏത് കേസിലാണ് ജയിലിൽ വന്നതെന്നുള്ള കാര്യം ഞങ്ങളുടെ ബാരക്കിലും ഹാത്തയിലും എല്ലാം പരന്നിരുന്നു. ഞങ്ങളെ കുറിച്ചുള്ള എന്തെങ്കിലും വാർത്തയുണ്ടെങ്കിൽ ഏതെങ്കിലും തടവുകാരോ റൈറ്റർമാരോ നമ്പർദാർമാരോ ഞങ്ങളോട് വന്ന് പറയും. നമ്പർദാർമാരെ കൈയ്യിലെടുത്ത് മറ്റു ബാരക്കിൽ നിന്ന് പത്രം സംഘടിപ്പിക്കാനൊക്കെ അപ്പോഴേക്കും ഞങ്ങൾ പഠിച്ചിരുന്നു. ഹിന്ദി പത്രങ്ങളിലെല്ലാം എന്നെ ഭീകരവൽകരിച്ചുകൊണ്ടുള്ള വാർത്തകളാണ് അധികവും വന്നുകൊണ്ടിരുന്നത്.  

മുലായജ ബാരക്കിൽ 15 ദിവസമാണ് തടവിൽ പാർപ്പിക്കുക. മുലായജ ബാരക്കിൽ നിൽക്കുന്ന സമയത്ത് തടവുകാർ ജോലി ചെയ്യേണ്ടതില്ല. എന്നാൽ, ബാരക്കിനകത്തെ കക്കൂസ് വൃത്തിയാക്കുക, ബാരക്ക് തൂത്ത് വാരി വൃത്തിയാക്കുക, ഫട്ട (തറയിൽ വിരിക്കാൻ നൽകുന്ന ചണം കൊണ്ടുള്ള കോസടി) പുറത്ത് കൊണ്ടുപോയി തട്ടിക്കൊട്ടി വൃത്തിയാക്കുക എന്നീ ജോലികൾ മുലായജ ബാരക്കിൽ തടവിൽ കഴിയുന്നവർ ചെയ്യണം. അത് ആര് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ബാരക്കിന്റെ റൈറ്ററാണ്. ഓരോ ദിവസം മൂന്നോ നാലോ പേർക്ക് ഉത്തരവാദിത്തം നൽകുകയാണ് പതിവ്. താഴ്ന്ന സാമൂഹിക പശ്ചാതലത്തിൽ നിന്ന് വരുന്നവരെയാണ് കക്കൂസ് വൃത്തിയാക്കാനും തൂത്തുവാരാനും തറ തുടക്കാനും ഏൽപ്പിക്കുക.

മഥുര ജയിലിൽ വിചാരണ തടവുകാർക്ക് പണിയെടുക്കാതെ കഴിയണമെങ്കിൽ 2000 രൂപ നൽകണം. ഇതിന് ‘അഹാത്ത കാഠ്ന’ എന്നാണ് പറയുക. ഹാത്ത ഫീസ് എന്ന് അറിയപ്പെടുന്ന ഈ തുക നൽകാത്തവർ പാക്ശാല (അടുക്കള) യിൽ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന ജോലി ചെയ്യുകയോ, ചായ, പൂരി, പറാത്ത തുടങ്ങിയവ ബാരക്ക് തോറും കൊണ്ടുനടന്ന് വിൽക്കുകയോ വേണം. ജയിലിലെ ഗാർ‍ഡൻ പരിപാലനം, കേത്ഥി (കൃഷി) പണി,  ബാരക്കുകളിൽ ക്യാന്റീൻ സാധനങ്ങൾ വിൽക്കുക തുടങ്ങിയ ജോലികളും ചെയ്യേണ്ടി വരും. ഇത്തരം ജോലിയിൽ ഏർപ്പെടുന്നവർക്ക് ദിവസത്തിന് 20 രൂപയാണ് കൂലി. ഈ പണം മാസവസാനം ഒരുമിച്ചാണ് നൽകുക. ഇത്തരത്തിൽ ജോലി ചെയ്ത് ഹാത്ത ഫീസ് അടച്ച് പിന്നെ ജോലി ഒന്നും ചെയ്യാതെ ജയിൽ കാലാവധി പൂർത്തിയാക്കുന്നവരും ഇങ്ങനെ സമ്പാദിച്ച് തങ്ങളുടെ കേസ് നടത്തുന്നവരും വീട്ടിലേക്ക് പണമയച്ച് കുടുംബം പോറ്റുന്നവരും വരെയുണ്ട്.

ജയിലിൽ ക്യാന്റീൻ സാധനങ്ങൾ എന്ന് പറയുന്നത് സ്റ്റേഷനറി സാധനങ്ങളാണ്, ബീഡിയും സിഗരറ്റും, തംബാക്കുവും മുതൽ സോപ്പ്, ടൂത്ത് പേസ്റ്റ്, തക്കാളി, വലിയഉള്ളി, പച്ചമുളക്,  ഫെയ്സ് വാഷ്, മുടി കളർ ചെയ്യുന്നതിനുള്ള വിവിധ കളറുകൾ എല്ലാം ക്യാന്റീൻ വഴി ലഭിക്കും. എല്ലാത്തിനും നൂറും ഇരുന്നൂറും ശതമാനം അധിക വില നൽകണം എന്നു മാത്രം. ഒരു രൂപയുടെ തീപ്പെട്ടിക്ക് അഞ്ചു രൂപ നൽകണം. 20 രൂപ വിലയുള്ള ഒരു കെട്ട് ബീഡിക്ക് 40 മുതൽ 50 രൂപ വരെ കൊടുക്കണം. 55 രൂപ വിലയുള്ള കേപ്സ്റ്റൻ  സിഗരറ്റ് പാക്ക് 100 ഉം 110ഉം രൂപക്കാണ് ജയിലിൽ വിൽക്കുക, 340 രൂപ വിലയുള്ള  ഗോൾഡ് ഫ്ലേക്ക് കിംഗിന് 450 രൂപയായിരുന്നു മഥുര ജയിലിലെ വില. ഗോൾഡ് ഫ്ലേക്ക് കിംഗ് ഒക്കെ വലിക്കുന്ന തടവുകാരെ വലിയ സമ്പന്നരായും വി.ഐ.പികളായും ഒക്കെയാണ് മറ്റു തടവുകാരും നമ്പർദാർമാരും പരിഗണിക്കുക. അത്തരം ആളുകൾക്ക് സേവനങ്ങൾ ചെയ്യാൻ ദരിദ്രരായ തടവുകാർ മത്സരിക്കുമായിരുന്നു. വി.ഐ.പികൾക്ക് ബോഡി മസ്സാജ് ചെയ്തുകൊടുക്കുക, തലമുടി കറുപ്പിച്ച് കൊടുക്കുക, അവർ കുളിക്കാൻ പോകുമ്പോൾ തോർത്ത് മുണ്ടും സോപ്പും ബാൾട്ടിയും (ബക്കറ്റ്) പിടിച്ച് കൂടെ പോകുക, അവർക്ക് പുറം ഉരച്ച് തേച്ച് കൊടുക്കുക എന്നിവയാണ് സാമൂഹികമായും സാമ്പത്തികമായും താഴെക്കിടയിൽ നിൽക്കുന്ന തടവുകാർ സമ്പന്ന തടവുകാർക്ക് ചെയ്തു കൊടുക്കുന്ന സേവനങ്ങൾ. ഇതിന് പ്രതിഫലമായി പണമോ സിഗരറ്റോ ഭക്ഷണ സാധനങ്ങളോ ആണ് ലഭിക്കുക.

കറൻസിക്ക് പകരം ഉത്തർപ്രദേശിലെ ജയിലുകളിൽ നൂറു രൂപയുടെ മൂല്യത്തിനുള്ള കൂപ്പൺ ബുക്കുകളാണ് നൽകിയിരുന്നത്. ഒരു ബുക്കിൽ അഞ്ച്, പത്ത്, 20 രൂപയുടെ കൂപ്പണുകൾ ആണ് ഉണ്ടാകുക. അഞ്ച് രൂപയുടെ ആറ് കൂപ്പണുകളും പത്ത് രൂപയുടെ മൂന്ന് കൂപ്പണും 20 രൂപയുടെ രണ്ട് കൂപ്പണും അടങ്ങിയതായിരുന്നു 100 രൂപയുടെ ഒരു കൂപ്പൺ ബുക്ക്. തടവുകാരെ കാണാൻ വരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജയിൽ കവാടത്തിന് പുറത്തെ കൗണ്ടറിൽ തടവുകാരുടെ പേരിൽ പൈസ അടയ്ക്കും. അവ ജയിലിനകത്ത് തടവുകാർക്ക്  കൂപ്പണായി വിതരണം ചെയ്യും. ഒരു മാസം 2400 രൂപ മാത്രമെ ഒരു തടവുകാരന്റെ പേരിൽ ഇത്തരത്തിൽ അടക്കാനാവൂ എന്ന ഒരു നിയമം മഥുര ജയിലിൽ ഉണ്ടായിരുന്നു. എന്നാൽ, അതൊന്നും ജയിൽ അധികൃതരും തടവുകാരും പാലിച്ചിരുന്നില്ല.

ജയിൽ കവാടത്തിൽ പൈസ സ്വീകരിക്കാൻ ഇരിക്കുന്ന ശിപായിക്കും ജയിലിനകത്ത് തടവുകാർക്കിടയിൽ കൂപ്പൺ വിതരണം ചെയ്യുന്ന അക്കൗണ്ടന്റ് റൈറ്ററും എല്ലാം തടവുകാരുടെ ബന്ധുക്കളേയും തടവുകാരേയും പിഴിയുന്നത് പതിവാണ്. ജയിൽ അധികൃതർ കൈക്കൂലി വാങ്ങുന്നതിനാൽ തടവുകാർക്ക് എത്ര പണവും ജയിലിൽ ജമാ (അടയ്ക്കുക) ചെയ്യാമായിരുന്നു. 2400 രൂപ വരെ ജമാ ചെയ്യുന്നവരിൽ നിന്ന് അക്കൗണ്ടന്റ് റൈറ്റർ യോഗേഷ് 100 രൂപ വാങ്ങും. ജയിലിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ഇതര സംസ്ഥാനക്കാരായ തടവുകാർ  പണം വരുത്തിയിരുന്നത്. മാസത്തിൽ പതിനായിരവും അതിന് മുകളിലുമൊക്കെ പണം വരുത്തുന്ന വി.ഐ.പി തടവുകാർക്ക് ജയിൽ അക്കൗണ്ടന്റ് തിവാരിയുടെയോ കുടുംബാംഗങ്ങളുടെയോ പേഴ്സണൽ അക്കൗണ്ട് നമ്പറോ, അക്കൗണ്ടന്റ് റൈറ്റർ യോഗേഷിന്റെ കുടുംബാംഗങ്ങളുടെ അക്കൗണ്ട് നമ്പറോ ഒക്കെയാണ് നൽകിയിരുന്നത്.  ഇത്തരത്തിൽ സ്വകാര്യ അക്കൗണ്ട് വഴി പണം വരുത്തുന്ന തടവുകാർ 500 രൂപ മുതൽ മുകളിലോട്ടുള്ള സംഖ്യ കൈക്കൂലി നൽകണം. അക്കൗണ്ട് ഓഫീസിന് തിവാരിയുടെ ഓഫീസ് എന്ന അപരനാമവും ഉണ്ടായിരുന്നു. ജയിലിലെ എല്ലാ പർച്ചേഴ്സും സേവനവും  തിവാരി ഓഫീസ് മുഖേനയാണ് നടക്കുക. ഇതിനെല്ലാം കമ്മീഷൻ (കൈക്കൂലി) പറ്റുന്നത് തിവാരി നേരിട്ടാണ്. എന്നാൽ, ഇതിന്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഡിപ്ടി (ഡെപ്യൂട്ടി ജയിലർ ) മുതൽ, ജയിലർ, സൂപ്രണ്ട്, ജയിൽ മന്ത്രി വരെ ഉണ്ടെന്നാണ് ജയിലിലെ സംസാരം

***

ഫൂൽകട്ടോരി സ്കൂളിൽ തടവിൽ കഴിഞ്ഞ ദിവങ്ങളിൽ രണ്ട് മൂന്നു തവണ ഞങ്ങളെ വീഡിയോ കോൺഫ്രൻസ് മുഖേന കോടതിയിൽ ഹാജരാക്കിയിരുന്നു. കോവിഡ് കാലമായതിനാൽ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. വീഡിയോ കോൺഫ്രൻസ് വഴി കോടതിയിൽ ഹാജർ രേഖപ്പെടുത്തുന്നതിനെ വി.സി.ആർ എന്ന ചുരുക്കപ്പേരിലാണ് വിളിച്ചിരുന്നത്. ഡെപ്യൂട്ടി ജയിലറുടെ മൊബൈൽ ഫോണിലേക്ക് കോടതിയിലെ ഗുമസ്ഥൻ വാട്ട്സാപ്പ് കോൾ ചെയ്യും. ഡിപ്ടി അദ്ദേഹത്തിന്റെ ഫോൺ ക്യാമറ ഞങ്ങൾക്ക് നേരെ തിരിക്കും, മറുതലക്കൽ നിന്ന് ഞങ്ങൾ ഓരോരുത്തരുടേയും പേര് വിളിക്കും. എഫ്.ഐ.ആറിൽ നൽകിയ ഓർഡറിലാണ് പേര് വിളിക്കുക. ‘…..അത്തീക്കുറഹ്മാൻ സൺ ഓഫ് റോണക് അലി,… മസൂദ് അഹമ്മദ് സൺ ഓഫ് ശക്കീൽ അഹമ്മദ്, സിദ്ദിഖി സൺ ഓഫ് മുഹമ്മദ്, ആലം സൺ ഓഫ് ലെയ്ക്ക് പഹൽവാൻ… ‘ മറുതലക്കിൽ നിന്ന് പേര് വിളിക്കുന്ന മുറയ്ക്ക് കൈപൊക്കി ‘ഹാജർ’ എന്ന് പറയും.

(ഇംഗ്ലീഷിൽ എഴുതുമ്പോൾ  എന്റെ പേരിന്റെ അവസാന മൂന്നക്ഷരം ക്യു.യു.ഇ എന്നായതിനാൽ ഹിന്ദിക്കാർ എന്നെ ‘സിദ്ദീഖി‘ എന്നാണ് വിളിച്ചിരുന്നത്. സിദ്ദീഖി എന്നത് ഉത്തരേന്ത്യൻ മുസ്ലീങ്ങൾക്കിടയിലെ പ്രസിദ്ധമായ ഒരു ജാതി പേര് കൂടിയായതിനാൽ, അവർക്ക് എളുപ്പത്തിൽ മനസ്സിൽ നിൽക്കുന്ന ഒരു പദം കൂടിയായിരുന്നു ഇത്. ‘കാപ്പൻ’ എന്നത് ഒരിക്കൽ പോലും ഹിന്ദിക്കാർ ശരിയായി ഉച്ഛരിക്കാറില്ല, അതിന് കാരണം  ‘കെ.എ.പി.പി.എ.എൻ‘ എന്ന് എഴുതിയാൽ അവർക്കത് ‘കപ്പൻ’ എന്നെ ആവുന്നുള്ളൂ, ‘കെ‘യ്ക്ക് ശേഷം ഒരു ‘എ‘ ഉള്ളതിനാൽ ഹിന്ദിയിൽ ‘ക‘ എന്നെ ഉച്ചരിക്കൂ.. ‘കാ‘ എന്ന്  ആകാരം ചേർത്ത് ഉച്ഛരിക്കണമെങ്കിൽ ‘കെ‘യ്ക്ക് ശേഷം രണ്ട് ‘എ‘ ചേർക്കണം. അതിനാൽ ഞാൻ ഹിന്ദി മാധ്യമങ്ങൾക്കും ഹിന്ദിക്കാർക്കും ‘സിദ്ദിഖി കപ്പൻ‘ ആയി.)

ഹാജർ പറഞ്ഞുകഴിഞ്ഞാൽ പിന്നെ അടുത്ത പതിനാലാം ദിവസത്തെ മറ്റെരു തിയ്യതി തരും. പതിനാല് ദിവസത്തേക്ക് ഞങ്ങളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി എന്നാണ് ഇതിനർത്ഥം. പതിനാലാം ദിവസം വീണ്ടും ഇതേ കലാപരിപാടി ആവർത്തിക്കും. മാണ്ഡ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) വി.സി.ആർ നടത്തുമ്പോൾ അദ്ദേഹം തന്നെയാണ് വീഡിയോ കോളിൽ വന്നിരുന്നത്. അദ്ദേഹം ‘ഹാജരെടുത്തതിന്’ ശേഷം ആദ്യം ചോദിക്കുക ഞങ്ങൾ എന്തുകൊണ്ടാണ് ജാമ്യം എടുക്കാത്തത് എന്നായിരുന്നു.  ജാമ്യക്കാരെ അയച്ചാൽ ജാമ്യം നൽകാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾക്ക് ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല, ഫോൺ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല എന്നായിരുന്നു ഞങ്ങൾ തുടക്കത്തിലൊക്കെ അദ്ദേഹത്തിന് മറുപടി നൽകിയിരുന്നത്. എന്നാൽ, ഈ കേസിൽ ഇനി ഞങ്ങൾക്ക് ജാമ്യം വേണ്ട എന്ന നിലപാടാണ് പിന്നീട് ഞങ്ങൾ എടുത്തത്. പൊലീസ് സ്റ്റേഷനിൽ നിന്നോ, പരമാവധി മജിസ്ട്രേറ്റ് സ്വന്തം ആൾ ജാമ്യത്തിലോ ജാമ്യം നൽകാവുന്ന കേസിൽ മാസങ്ങളോളം ഞങ്ങൾ ജയിലിൽ കിടന്നുകഴിഞ്ഞു. അതിനാൽ ഇതിൽ ഇനി ജാമ്യം എടുക്കുന്നില്ലെന്ന് ഞങ്ങൾ നാലു പേരും എസ്.ഡി.എമ്മിനോട് പ്രത്യേകം പറയുകയും ചെയ്തിരുന്നു. ഈ കേസിന്റെ പരമാവധി ശിക്ഷ എത്രയാണ് എന്ന് വരെ ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. മജിസ്ട്രറ്റിന്റെ മുന്നിൽ നിന്ന് വളരെ എളുപ്പത്തിൽ ജാമ്യം എടുക്കാവുന്ന കേസിൽ നിങ്ങൾ ഞങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് മേൽ പൊലീസ് രാജ്യദ്രോഹ വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തിയിരിക്കുകയാണെന്നും ആ കേസിൽ തീരുമാനമായതിന് ശേഷമെ ഇനി ഞങ്ങൾ എസ്.ഡി.എം കോടതിയിൽ നിന്ന് ജാമ്യം എടുക്കുന്നുള്ളു, അല്ലെങ്കിൽ ഞങ്ങൾക്ക് ഈ കേസിൽ ശിക്ഷ വിധിച്ചോളൂ എന്നൊക്കെ ഞങ്ങൾ എസ്.ഡി.എമ്മിനോട് പറയുകയും ചെയ്തിരുന്നു.

ക്രിമിനൽ നടപടി ചട്ടം – സി.ആർ.പി.സി – 151, 116, 107 പ്രകാരമാണ് മാണ്ഡ് എസ്.ഡി.എം ഞങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 1973ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സമാധാന ലംഘനവുമായി ബന്ധപ്പെട്ട വകുപ്പാണിവ. ഞങ്ങളുടെ അറസ്റ്റിന് കാരണമായ ഈ കേസിൽ 2021 ജൂൺ 15ന് ഞങ്ങളെ കുറ്റവിമുക്തരാക്കി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടു മാസവും 10 ദിവസത്തിനു ശേഷം ഞങ്ങളെ വെറുതെവിട്ടത്. കുറ്റം ചുമത്തിയതിന് തെളിവുകൾ ഹാജരാക്കി ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കുന്നതിൽ ഉത്തർപ്രദേശ് പൊലീസ് പരാജയപ്പെട്ടു എന്നാണ് മാണ്ഡ് എസ്.ഡി.എം കോടതി പറഞ്ഞത്.

‘UP Court Drops Breach of  Peace Charges Against Journalist Siddique Kappan.’
‘സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം ഒഴിവാക്കി.’
‘കപ്പൻ പർ ശാന്തി ഭംഗ് കർനെ കെ ആരോപ് റദ്ദ്.’
‘പത്രകാർ സിദ്ദിഖി കപ്പൻ വ തീൻ അന്യ ശാന്തി ഭംഗ് മാമലെ മേം ആരോപ് മുക്ത്’. എന്നിങ്ങനെയായിരുന്നു അടുത്ത ദിവസത്തെ പത്രങ്ങൾ വാർത്ത കൊടുത്തത്.

ഹാത്രസ് ജില്ലയിലെ ഭൂൽഗഢി ഗ്രാമത്തിലേക്കുള്ള യാത്രക്കിടെ മഥുരയിലെ മാണ്ഡ് ടോൾ പ്ലാസയിൽ വെച്ച് ഞങ്ങൾ 2020 ഒക്ടോബർ അഞ്ചിനാണ് പിടിക്കപ്പെടുന്നത്. എന്നാൽ, ഒക്ടോബർ നാലിന്, ഞങ്ങളെ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ തലേ ദിവസം, ഹാത്രസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ‘ ബ്ലാങ്ക് ’ എഫ്.ഐ.ആറിൽ ഞങ്ങളുടെ പേര് എഴുതി ചേർത്തു. യു.എ.പി.എ, രാജ്യദ്രോഹം, ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം അജ്ഞാതരായ ആളുകളുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഞങ്ങൾ നാല് പേരുടെ പേരുകൾ എഴുതി ചേർക്കുകയായിരുന്നു. 2020 ഒക്ടോബർ ഏഴിന് മഥുരയിൽ ഞങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത 199/2020 എന്ന എഫ്.ഐ.ആറിലും ചാന്ദ്പ പോലീസ് സ്റ്റേഷനിൽ ഒക്ടോബർ നാലിന് റെജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലും സമാനമായ വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഹാത്രസ് ജില്ലാ കോടതി ഈ കേസിൽ ഒക്ടോബർ 16ന് ഞങ്ങൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു, ഇക്കാര്യം ഹാത്രസ് ജില്ലാ പോലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് മാസങ്ങൾക്ക് ശേഷം ചാന്ദ്പയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ മഥുരയിലെ എഫ്.ഐ.ആറുമായി ലയിപ്പിച്ച് മഥുര എഫ്.ഐ.ആർ മാത്രം നിലനിർത്തുകയായിരുന്നു. രണ്ടു എഫ്.ഐ.ആറുകളും കൂടി ലയിപ്പിച്ച വാർത്ത പല ഹിന്ദി പത്രങ്ങളും തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തിലാണ് പ്രസിദ്ധീകരിച്ചത്. ‘കാപ്പനെതിരായ യു.എ.പി.എ റദ്ദാക്കി, ദേശദ്രോഹ കേസ് നിലനിൽക്കും’ എന്നായിരുന്നു ഒരു ഹിന്ദി പത്രം തലക്കെട്ട് നൽകിയത്.

ഞാൻ ഒഴികെ മറ്റ് മൂന്നുപേർക്കും വേണ്ടി മഥുരയിലെ കോടതിയിൽ ഹാജരായിരുന്നത് ഉത്തർപ്രദേശിലെ മുതിർന്ന അഭിഭാഷകനായ മധുവൻ ദത്ത് ചതുർവേദിയായിരുന്നു. അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലുകൾ പലപ്പോഴും എനിക്ക് വലിയ സഹായമായിട്ടുണ്ട്. ഞാൻ വക്കാലത്ത് കൊടുത്ത വക്കീൽ അല്ലെങ്കിലും അദ്ദേഹം എന്റെ കാര്യത്തിൽ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. മാണ്ഡ് എസ്.ഡി.എം കോടതിയിലെ കേസിൽ ജാമ്യം എടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു മധുവനും ഉണ്ടായിരുന്നത്. (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read