ജയിലിനേക്കാള്‍ കഠിനമായ ആശുപത്രി ജീവിതം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മഥുര ജില്ലാ ജയിലിനകത്തെ ക്ലിനിക്കിലെ കോവിഡ് പരിശോധനയ്ക്കും പ്രാഥമിക ചികിത്സകൾക്കും ശേഷമാണ് എന്നെ തുടര്‍ ചികിത്സക്കായി മഥുരയിലെ ഡക്പുരയിലുള്ള കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്. ജയിലില്‍ നിന്ന് മുക്കാല്‍ മണിക്കൂറിനകം എത്തിച്ചേരാവുന്ന ദൂരമെ കെ.എം മെഡിക്കല്‍ കോളേജിലേക്കുള്ളൂ. മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തിനടുത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിന്നു. ഏകദേശം അരമണിക്കൂര്‍ നേരം ഞാന്‍ ആംബുലന്‍സിനകത്ത് തന്നെ ഇരുന്നു. ആംബുലന്‍സിനെ അനുഗമിച്ച് വന്ന പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥരും ജയിലില്‍ നിന്ന് വന്ന ശിപായിമാരും ആശുപത്രിയിലെ മാനേജരുമായി സംസാരിക്കുന്നത് ആംബുലന്‍സിനകത്ത് നിന്ന് എനിക്ക് കാണാമായിരുന്നു. ആശുപത്രി അധികൃതരും പൊലീസ്, ജയില്‍ ശിപായിമാരും തമ്മിലുള്ള സംസാരം നീണ്ടുപോയി. അവസാനം ആംബുലന്‍സ് സൈഡാക്കി നിര്‍ത്തി ഡ്രൈവറും പുറത്തേക്കിറങ്ങി. ശരീരവേദനയും വീഴ്ച മൂലമുണ്ടായ താടി എല്ലിലെ പൊട്ടലും ഇളകിയ പല്ലുകളുടേയും മോണയുടെയും വേദനയും സഹിച്ച് ഞാന്‍ ആംബുലന്‍സില്‍ ഇരുന്നും കിടന്നും സമയം തള്ളിനീക്കുകയാണ്. പെടുന്നനെ ആരോവന്ന് ശക്തമായി ആംബുലന്‍സിന്റെ വാതില്‍ തുറക്കുന്നു. വാതില്‍ തുറന്ന് പിടിച്ചുകൊണ്ട് രൂക്ഷമായി എന്നെ നോക്കുകയാണ് ടിയാന്‍. ആഗതന്റെ നോട്ടം ശരിയല്ലെന്ന് തോന്നിയതോടെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പെട്ടെന്ന് തന്നെ മുഖം തിരിച്ചു, അദ്ദേഹത്തിന് മുഖം കൊടുക്കാതെ ആംബുലന്‍സില്‍ ഇരുന്നു. അത് അദ്ദേഹത്തെ കൂടുതല്‍ ചൊടുപ്പിച്ചു.

“യെ മാസ്റ്റര്‍ മൈന്‍ഡ് ഹേ, യെ ഭാഗ്നെ കേലിയെ ആയ ഇദര്‍, യെ ബീമാര്‍ നഹി ഹേ…” (ഇവന്‍ ആണ് ബുദ്ധികേന്ദ്രം, ഇവന്‍ ഇവിടെ വന്നത് രക്ഷപ്പെടാനാണ്, ഇവനൊരു രോഗവുമില്ല) വളരെ ഉച്ചത്തില്‍ ആക്രോശിക്കുകയാണ് അയാള്‍.

ഇത് കേട്ടതോടെ ഞാന്‍ അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി. ഏതാനും നിമിഷം ഞാനും അദ്ദേഹവും കണ്ണുകള്‍ കൊണ്ട് ആക്രോശിച്ചു. അദ്ദേഹം എന്നേയും ഞാന്‍ അദ്ദേഹത്തെയും കണ്ണുകള്‍ കൊണ്ട് ഏറ്റുമുട്ടി. ഞാന്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ ശപിച്ചു. ഞാനാണോ അദ്ദേഹമാണോ ആദ്യം കണ്ണ് തിരിച്ചത് എന്ന് എനിക്കോര്‍മ്മയില്ല. ആ നിശബ്ദത ഭജ്ഞിച്ചത് അദ്ദേഹമാണ്. “ഇന്‍കൊ ഹത്ഥ്ഗഢി ലഗാഹോ…” (ഇവനെ കൈയ്യാമം വെക്കൂ) എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവിടെ നിന്ന് പോയി. അതോടെ, ജയിലില്‍ നിന്ന് എന്നെ അനുഗമിച്ച് വന്ന ശിപായിമാരില്‍ ഒരാള്‍ വന്ന് എന്റെ കൈകളില്‍ കൈയ്യാമം വെച്ചു. എന്നെ ആംബുലന്‍സില്‍ നിന്ന് ഇറക്കി, ആശുപത്രി കോമ്പൗണ്ടിലേക്ക് നടത്തി കൊണ്ടുപോയി. ആശുപത്രിയുടെ പുറത്തെ അര മതിലില്‍ ഇരുത്തി. കൂടെ വന്ന പൊലീസ് ഉദ്യോഗസ്ഥരും ജയില്‍ ശിപായിമാരും ദൂരെ മാറി നില്‍ക്കുന്നു. ആശുപത്രി ജീവനക്കാരനായ ടിയാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ അയാള്‍ ഒന്നും പറയുന്നില്ല. എന്നെ നോക്കി പേടിപ്പിക്കുകയാണ്, ഞാന്‍ തിരിച്ചും. വലത്തെ കയ്യിന്റെ ചൂണ്ടുവിരലും നടുവിരലും ചൂണ്ടി എന്റെ കണ്ണ് കുത്തി പൊട്ടിക്കും എന്ന ആംഗ്യം കാണിച്ചാണ് അദ്ദേഹം അവിടെ നിന്ന് പോയത്. പിന്നെ, ഒരു ഡോക്ടര്‍ വന്ന് (ഡോക്ടര്‍മാര്‍ ധരിക്കുന്ന വെള്ള കോട്ട് ധരിച്ച ഒരാള്‍) കോവിഡ് പരിശോധിക്കാനായി എന്റെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം ഒരാള്‍ വന്ന് എന്നെ ആശുപത്രിക്കകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹവും ജയിലില്‍ നിന്ന് കോവിഡ് ബാധിതനായി അവിടെ ചികിത്സ തേടി എത്തിയതാണ്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്ന അദ്ദേഹം മുര്‍ദ ദഹേജ് കേസില്‍ (ഭാര്യ ആത്മഹത്യ ചെയ്തതിന് തടവിലായത്) ജയിലില്‍ എത്തിയതാണ്.

മഥുര കെ.എം മെഡിക്കല്‍ കോളേജ് കവാടം

ആശുപത്രിയിലെ ഗ്രൗണ്ട് ഫ്ലോറിലെ ഒരു വാര്‍ഡിലേക്കാണ് അദ്ദേഹം എന്നെ ആദ്യം കൊണ്ട് പോയത്. അവിടെ ഒരു അഞ്ച് മിനിറ്റ് നേരം മാത്രമെ എന്നെ കിടത്തിയുള്ളൂ. ഉടനെ തന്നെ അദ്ദേഹം വീണ്ടുമെത്തി, എന്നെ മറ്റൊരു കുടുസ്സ് മുറിയിലേ​ക്ക് മാറ്റി. ഒരു ബാത്ത് റൂമിന്റെ വലിപ്പമുള്ള ചെറിയ ഒരു റൂം. ആ മുറിക്കകത്തേക്ക് വായു സഞ്ചാരത്തിനുള്ള ഒരു ദ്വാരമോ ജനലോ ഉണ്ടായിരുന്നില്ല. ഒരു ഇരുമ്പിന്റെ കട്ടിലും അതില്‍ ഒരു ബെഡ്ഡും ചെറിയ ഒരു ടേബിളും മാത്രം. വൃത്തിഹീനമായ ഒരു കുടുസ്സായ മുറി. എന്നെ ആ കട്ടിലില്‍ കൈയ്യാമം വെച്ച് ബന്ധിച്ച് വാതില്‍ പുറത്ത് നിന്ന് കുറ്റിയിട്ട് അദ്ദേഹം പോയി. പുറത്ത് നിന്ന് അകത്തേക്ക് നോക്കിയാല്‍ കാണുന്ന തരത്തിലുള്ള ഗ്ലാസ് വാതിലിന്റെ മദ്ധ്യത്തിലുണ്ട്. എനിക്ക് മുന്‍പ് ആ റൂമില്‍ കിടന്നിരുന്ന ആരോ ഉപേക്ഷിച്ച് പോയ ഒരു വെള്ളക്കുപ്പിയും ഒരു ഫ്രൂട്ടിയുടെ ബോട്ടിലും ടേബിളില്‍ കിടന്നിരുന്നു. എന്റെ ഇടത്തെ കൈ കട്ടിലിന്റെ കാലുമായി ചേര്‍ത്ത് കൈയ്യാമം വെച്ച് ബന്ധിച്ചിരിക്കുകയാണ്. തിരിഞ്ഞോ മറിഞ്ഞോ കിടക്കാന്‍ സാധിക്കുന്നില്ല. ശരീരമാസകലം വേദന, വീഴ്ച്ചയിൽ താടിയെല്ല് പൊട്ടിയിരിക്കുന്നു. പല്ലുകള്‍ ഇളകിയിരിക്കുകയാണ്. ഷുഗര്‍ നില 500ന് അടുത്താണ്. കൈയ്യാമം വെച്ച് കട്ടിലിന്റെ കാലുമായി ബന്ധിച്ച എന്റെ ഇടത്തെ കൈ മടക്കി, അതില്‍ കവിള്‍ വെച്ച് ഒന്ന് കിടക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. ശരീരത്തിന്റെ വേദനയും മനസ്സിനേറ്റ ആഘാതവും സങ്കടവും ഒക്കെ എന്റെ ഉറക്കം കെടുത്തി. കിടന്നും ഇരുന്നും ഞാന്‍ ആ ഏകാന്ത തടവില്‍ സമയം തള്ളിനീക്കി. ആരെങ്കിലും ഒന്ന് വന്ന് വാതില്‍ തുറന്നിരുന്നെങ്കില്‍ മൂത്രമൊഴിക്കാന്‍ പോകാന്‍ അനുമതി ചോദിക്കാമായിരുന്നു.

എന്റെ കൈ കട്ടിലുമായി ബന്ധിച്ചതിനാല്‍ എനിക്ക് വാതിലിന്റെ അടുത്തേക്ക് എത്താന്‍ സാധിക്കില്ല. വാതിലില്‍ മുട്ടി ആരെയെങ്കിലും വിളിക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പാഴായി. മണിക്കൂറുകളോളം മൂത്രമൊഴിക്കാനാവാതെ ഞാന്‍ പിടിച്ചുനിന്നു. ഒന്ന് ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴേക്കും മൂത്രം അറിയാതെ പുറത്തുപോവാന്‍ തുടങ്ങി. കട്ടിലിന് സമീപത്തുള്ള വാട്ടര്‍ ബോട്ടിലെടുത്ത് അതില്‍ മൂത്രമൊഴിച്ചു. വെള്ളത്തിന്റെ ബോട്ടിലും ഫ്രൂട്ടിയുടെ ബോട്ടിലും നിറഞ്ഞു. ഫ്രൂട്ടി ബോട്ടിലില്‍ നിറയാന്‍ ബാക്കിയുള്ള കുറച്ച് ഭാഗത്ത് മൂത്രമൊഴിക്കുന്നതിനിടെ നിര്‍ത്താന്‍ കഴിയാതായതോടെ ബോട്ടില്‍ നിറഞ്ഞ് എന്റെ കൈയ്യിലൂടെ മൂത്രം പുറത്തേക്ക് കവിഞ്ഞൊഴുകി, മൂത്രം നിയന്ത്രിക്കാനാവാതെ ഞാന്‍ പ്രയാസപ്പെട്ടു. മൂത്രം തറയിലൂടെ ഒഴുകി വാതിലിനടിയിലൂടെ പുറത്തേയ്ക്ക് ഒലിച്ചിറങ്ങി. രണ്ട് ലിറ്ററിന്റെ വാട്ടര്‍ ബോട്ടിലും ഒന്നര ലിറ്ററിന്റെ ഫ്രൂട്ടി ബോട്ടിലും മൂത്രം കൊണ്ട് നിറഞ്ഞ് കവിഞ്ഞു. അവ ഭദ്രമായി അടച്ച് റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ അധികമായതിനാല്‍, ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരും. റൂമിന്റെ തറയിലും മൂത്രമാണ്. ഇനി മൂത്രമൊഴിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയും തറയില്‍ മൂത്രം വീണതിന്റെ ജാള്യതയും എല്ലാം ചേര്‍ന്ന ഒരു പ്രത്യേക അവസ്ഥയിലായിരുന്നു ഞാന്‍. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു വാര്‍ഡ് ബോയ് വാതില്‍ തുറന്ന് അകത്തേയ്ക്ക് വന്നു. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം, തറയില്‍ വീണ മൂത്രം എല്ലാം വൈപര്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി. ഞാന്‍ വാര്‍ഡ് ബോയിയുമായി കുശലാന്വേഷണങ്ങള്‍ നടത്തി അദ്ദേഹവുമായി സൗഹൃദത്തിലായി.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനും നല്ല ഭക്ഷണം കഴിക്കാനുമെല്ലാം അവസരങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഞാന്‍ നേരത്തെ തന്നെ ജയിലില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. അത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. കാരണം എനിക്ക് ഇതുവരെ മറ്റൊരാളെയും കാണാനോ ഇടപഴകാനോ സാധിച്ചിട്ടില്ല. ഞാനാണെങ്കില്‍ മറ്റു തടവുകാരില്‍ നിന്നും വ്യത്യസ്തനായി ഏകനായി ഒരു ഇടുങ്ങിയ മുറിയില്‍ ബന്ധിതനായി കിടക്കുകയാണ്. വാട്ടര്‍ബോട്ടിലില്‍ മൂത്രം ഒഴിക്കാന്‍ തോന്നിയതും മൂത്രം നിറഞ്ഞ് കവിഞ്ഞൊഴുകി ഇടനാഴിയിലേക്ക് പരന്നൊഴികിയതും നന്നായി. ഊര്‍വശി ശാപം ഉപകാരമെന്ന പോലെയാണ് വാര്‍ഡ് ബോയി എന്റെ റൂമിലേക്ക് കടന്നുവന്നപ്പോൾ എനിക്ക് തോന്നിയത്. ഞാന്‍ അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തിന് വ്യക്തമാക്കി കൊടുത്തു. എന്റെ പാന്റിന്റെ പോക്കറ്റില്‍ അഞ്ഞൂറ് രൂപയുടെ ഒരു ഒറ്റ നോട്ടുണ്ടായിരുന്നു, അതിന്റെ ബലത്തിലാണ് ഞാന്‍ ഇപ്പോള്‍ വാര്‍ഡ് ബോയിയുമായി സംസാരിക്കുന്നത്.

എന്നെ ‍‍ജയിലിലെ ക്ലിനിക്കില്‍ നിന്ന് ജയിലിന് പുറത്തെ ആശുപത്രിയിലേക്ക് മാറ്റുന്നു എന്ന വിവരം അറിഞ്ഞ അത്തീക്കുറഹ്മാന്‍ ഒരു നമ്പര്‍ദാര്‍ വഴി കൊടുത്തയച്ച പൈസയാണ് എന്റെ പോക്കറ്റില്‍ കിടക്കുന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാന്‍ അവസരം കിട്ടുമെന്നും അതിന് ഈ പണം ഉപയോഗിക്കാമെന്നുമാണ് നമ്പര്‍ദാര്‍ വഴി അത്തീക്കുറഹ്മാന്‍ പറഞ്ഞയച്ചത്. ആശുപത്രിയില്‍ ചികിത്സക്കെത്തിയിരിക്കുന്ന നാട്ടുകാരായ സാധാരണ രോഗികള്‍ക്കൊ അവര്‍ക്ക് കൂട്ടിരിക്കാന്‍ വന്ന ബന്ധുകള്‍ക്കോ അമ്പതോ നൂറോ കൊടുത്താല്‍ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ കിട്ടുമെന്നാണ് നമ്പര്‍ദാര്‍ പറഞ്ഞത്. വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പറ്റിയ ഒരു സാഹചര്യമാണ് ഇപ്പോള്‍ എനിക്ക് വീണ് കിട്ടിയിരിക്കുന്നത്. ഇനി ഒരു പക്ഷെ ഇത്തരമൊരു അവസരം ലഭിക്കില്ല. പക്ഷേ, എങ്ങനെ തുടങ്ങും, നേരിട്ട് അദ്ദേഹത്തോട് ഫോണ്‍ ചോദിച്ചാല്‍ അദ്ദേഹം തരുമോ? അതും കൈ ആശുപത്രി കട്ടിലിനോട് ബന്ധിച്ച് കിടത്തിയിരിക്കുന്ന ഒരു ‘അപകടകാരിയായ’ തടവുപുള്ളിക്ക് അദ്ദേഹം തന്റെ ഫോണ്‍ നല്‍കുമോ? അദ്ദേഹത്തോട് കുശലാന്വേഷണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാലും ഒറ്റയടിക്ക് ഫോണ്‍ ചെയ്യാന്‍ അവസരം ചോദിച്ച് ഈ വീണുകിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.

എനിക്കൊരു കുപ്പി വെള്ളവും ഒരു ഫ്രൂട്ടി ബോട്ടിലും വാങ്ങിത്തരാമോ എന്ന് ഞാന്‍ വളരെ ഭവ്യതയോടെ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം സമ്മതം മൂളി. ഞാന്‍ എന്റെ കൈയ്യിലുള്ള 500 രൂപയുടെ നോട്ടെടുത്ത് അദ്ദേഹത്തിന് കൊടുത്തു. പൈസ കൊടുത്ത് വളരെ കഴിഞ്ഞിട്ടും വെള്ളവും ജ്യൂസും കാണാതായപ്പോള്‍, കൊടുത്ത കാശ് പോയി എന്ന് തന്നെ ഞാന്‍ സംശയിച്ചു. എന്നാല്‍, ഒന്ന് രണ്ട് മണിക്കൂറിന് ശേഷം ഒരു ലിറ്ററിന്റെ ഒരു കുപ്പി വെള്ളവും 65 രൂപ വില വരുന്ന ഒരു ഫ്രൂട്ടി ബോട്ടിലും അദ്ദേഹം എനിക്കെത്തിച്ച് തന്നു. അതിനദ്ദേഹം ഈടാക്കിയത് 200 രൂപ!. ബാക്കി 300 രൂപ എനിക്ക് മടക്കി തന്നു. അപ്പോള്‍ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ഇനി ഇദ്ദേഹത്തോട് എന്റെ പ്രധാന ആവശ്യം അവതരിപ്പിക്കാമല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോള്‍. ഞാന്‍ വളരെ ഭവ്യത‍‍യോ‍‍ടെ എന്റെ ആവശ്യം അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചു. “ഭയ്യാ, മുജെ ഏക് ഫോണ്‍ കോള്‍ കര്‍ണാ ചാഹിയെ, മേരാ വക്കീല്‍ സാബ് കൊ”- സഹോദരാ, എനിക്കൊരു ഫോണ്‍ കോള്‍ ചെയ്യണമായിരുന്നു, എന്റെ അഭിഭാഷകന് – അയാള്‍ അതിന് മറുപടി പറഞ്ഞത് അല്‍പ സമയം ആലോചിച്ചതിനും ചുറ്റുപാടും ഒന്ന് വീക്ഷിച്ചതിനും ശേഷമാണ്.

“ഭായീ, മുജെ ഏക് ക്വാര്‍ട്ടര്‍ ശറാബ് കാ പൈസാ ദീചിയെ”- എനിക്കൊരു ക്വാര്‍ട്ടര്‍ മദ്യത്തിനുള്ള പണം തന്നാലും – വളരെ പതുക്കെ, അതിലേറെ ഭവ്യതയോടെ ഉര്‍ദു കലര്‍ന്ന ഹിന്ദി ഭാഷയുടെ എല്ലാ മര്യാദയോടും സൗന്ദര്യത്തോടും കൂടി അദ്ദേഹം മദ്യത്തിന് പൈസ അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

ഞാന്‍ കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, ഒരാള്‍ക്ക് മദ്യം സേവിക്കാന്‍ പൈസ കൊടുക്കുന്നതിലെ ശരി തെറ്റുകളോ നൈതികതയോ ഒന്നും ഞാന്‍ ചിന്തിച്ചതെ ഇല്ല. ഞാന്‍ ഒട്ടും ചിന്തിക്കാതെ മറുപടി പറഞ്ഞു.

“ഭയ്യാ, മേരാ പാസ് സിര്‍ഫ് തീന്‍ സൗ റുപിയാ ഹേ, ആപ് ഫോണ്‍ ദേ ദേഗാ തോ, മേം മേരാ വക്കീല്‍ സാബ് സെ പൈസാ മാങ്കേഗാ.. വൊ ആപ് കൊ ഗൂഗിള്‍ പേ കര്‍ദേ ഗാ.. ” (സഹോദരാ, എന്റെ കൈവശം കേവലം മുന്നൂറ് രൂപ മാത്രമെയുള്ളു. താങ്കള്‍ ഫോണ്‍ തന്നാല്‍, ഞാന്‍ എന്റെ വക്കീലിനോട് താങ്കളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടാം… )

ഞാന്‍ ഒറ്റ ശ്വാസത്തില്‍ എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ത്തു. അവന്റെ മറുപടിക്കായി കാത്തു നിന്നു. അവന്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ച്, ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, മെല്ലെ അവന്റെ കൈവശമുള്ള ഫോണ്‍ എനിക്ക് നല്‍കി. എന്റെ റൂമിന്റെ വാതില്‍ അടച്ച് പുറത്ത് കാവല്‍ നിന്നു. വീട്ടിലേക്ക് വിളിക്കാനാണെന്ന് പറഞ്ഞാല്‍ ഫോണ്‍ തന്നില്ലെങ്കിലോ എന്ന് കരുതിയാണ് വക്കീലിന് വിളിക്കാനാണെന്ന് പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ ഫോണ്‍ എന്റെ കയ്യിലാണ്. എന്റെ റൂമിനകത്ത് ആരുമില്ല. ഞാന്‍ അദ്ദേഹത്തിന് നല്‍കിയ വാക്ക് പാലിക്കാന്‍ എനിക്ക് സാധിക്കില്ല. കാരണം, എനിക്ക് അഡ്വ. വില്‍സ് മാത്യൂസിന്റെ ഫോണ്‍ നമ്പര്‍ അറിയില്ല. ഇനി എന്ത് ചെയ്യും. ഞാന്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ നേരെ എന്റെ ഭാര്യയുടെ നമ്പറിലേക്ക് ഫോണ്‍ ചെയ്തു. ഞാന്‍ മഥുരയിലെ കെ.എം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാണെന്നും എന്നെ ഒരു ഇടുങ്ങിയ മുറിയില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയിട്ട് ബന്ധിച്ച് കിടത്തിയിരിക്കുകയാണെന്നും ഞാന്‍ ഭാര്യയെ അറിയിച്ചു. എന്നെ, എന്തെങ്കിലും ചെയ്ത്, ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യിക്കാനുള്ള മാര്‍ഗം അഡ്വക്കേറ്റ് വില്‍സ് മാത്യൂസുമായി ആലോചിച്ച് ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്.

മഥുര ജയില്‍ സൂപ്രണ്ട് എസ്.കെ മൈത്രേയയെ ബന്ധപ്പെട്ട് എന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ സാധിക്കുമോ എന്ന സാധ്യതയാണ് ഞാന്‍ ഭാര്യയോട് തേടിയത്. എന്നെ, ജയിലിലെ ക്ലിനിക്കില്‍ നിന്നും മെച്ചപ്പെട്ട ചികിത്സക്കായി ജയിലിന് പുറത്തുള്ള ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത് മൈത്രേയയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ്. സാധാരണ തടവുകാരെ ഏറ്റവും അവസാന സ്റ്റേജില്‍, ഗുരുതരമായ അവസ്ഥയില്‍ മാത്രമാണ് ജയിലിന് പുറത്തെ ആശുപത്രിയിലേക്ക് മാറ്റാറുള്ളത്. എന്നെ ജയിലില്‍ നിന്ന് കെ.എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് മുന്‍പ് ജയില്‍ സൂപ്രണ്ട് മൈത്രേയയുടെ ഓഫീസില്‍ വിളിച്ച് വരുത്തി, അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്താണ് എന്നെ മഥുരയിലെ ഏറ്റവും പ്രസിദ്ധമായ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി അയക്കുന്നതെന്നും അവിടെ എനിക്ക് മികച്ച ചികിത്സ തന്നെ ലഭിക്കുമെന്നും ഒരിക്കലും പേടിക്കരുതെന്നും മുഴുവന്‍ സമയവും സന്തുഷ്ടനായി ഇരിക്കണമെന്നൊക്കെയുള്ള ഉപദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. കൂടാതെ, വീട്ടില്‍ നിന്ന് എനിക്ക് ജയിലിലേക്ക് അയച്ച് തന്ന, ഫ്രണ്ട്ലൈൻ, ദ് വീക്ക്, ഓപ്പണ്‍ മാഗസിന്‍, നിലക്കടലയുടെ ഒരു പാക്കറ്റ് എന്നിവയും അദ്ദേഹം എനിക്ക് തന്നു. മഥുര ജയിലിലെ ആദ്യ നാളുകള്‍ പുസ്തകവും പേനയും എല്ലാം എനിക്ക് വിലക്കപ്പെട്ട കനികളായിരുന്നു. വീട്ടില്‍ നിന്ന് പുസ്തകങ്ങളും ഡ്രൈ ഫ്രൂട്ട്സും അയച്ചാല്‍, അവയില്‍ നിന്ന് ഒന്നോ രണ്ടോ പുസ്തകങ്ങള്‍ മാത്രമെ എനിക്ക് ബാരക്കില്‍ എത്തിച്ച് തന്നിരുന്നുള്ളു. ബാക്കി ജയിലറുടേയൊ സൂപ്രണ്ടിന്റെയോ ഓഫീസില്‍ സൂക്ഷിച്ച് വെക്കും. അവരുടെ മൂ‍ഡ് അനുസരിച്ച് പിന്നീട് എപ്പോഴെങ്കിലും ബാരക്കില്‍ എത്തിച്ച് തരുകയോ അല്ലെങ്കില്‍ ഞാന്‍ സൂപ്രണ്ടിനെയോ ജയിലറെയോ ഡെപ്യൂട്ടി ജയിലറെയോ കണ്ട് അഭ്യര്‍ത്ഥിക്കുകയോ ചെയ്താല്‍ മാത്രമാണ് അവ കിട്ടിയിരുന്നത്.

അത്തരത്തില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ചില മാഗസിനുകളും കുറച്ച് ഡ്രൈ ഫ്രൂട്സുമാണ് ജയിലിന് പുറത്തെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് സൂപ്രണ്ട് എനിക്ക് തന്നത്. പുസ്തകങ്ങള്‍ വായിച്ച് പരമാവധി സംതൃപ്തനായിരിക്കണമെന്നും ഒരിക്കലും ഭീതിയിലോ ടെന്‍ഷനിലോ ആവരുതെന്നുമുള്ള ഉപദേശമാണ് സൂപ്രണ്ട് മൈത്രേയ എനിക്ക് നല്‍കിയത്.

രണ്ടോ മൂന്നോ മിനിറ്റ് നേരമാണ് ഞാന്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചത്. എത്രയും പെട്ടെന്ന് എന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിക്കാനുള്ള നീക്കങ്ങള്‍ നടത്തണം, ഇക്കാര്യം ഉടന്‍ തന്നെ അഡ്വക്കേറ്റ് വില്‍സ് മാത്യൂസ് സാറിനെ അറിയിക്കണമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. കതക് അടച്ച് റൂമിന് പുറത്താണെങ്കിലും വാതില്‍ പൊളിയുടെ മധ്യത്തില്‍ ഘടിപ്പിച്ച ഗ്ലാസിലൂടെ വാര്‍ഡ് ബോയി എന്നെ ശ്രദ്ധിക്കുകയും പരിസരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ ഫോണ്‍ വെച്ചതോടെ അദ്ദേഹം കതക് തുറന്ന് അകത്തേക്ക് വന്ന് ഫോണ്‍ വാങ്ങി. റൂം വിട്ട് പോകാന്‍ നേരത്ത് ഞാന്‍ പറഞ്ഞു, “നിന്റെ ഫോണിലേക്ക് കോള്‍ വരാന്‍ സാധ്യതയുണ്ട്, ഗൂഗിള്‍ പേ ചെയ്യുമ്പോള്‍ വക്കീല്‍ സാഹിബ് വിളിക്കും. നീ ഫോണ്‍ അറ്റന്റ് ചെയ്യണം.” അതുകേട്ട് അദ്ദേഹം വളരെ സന്തോഷത്തോടെയാണ് അവിടെ നിന്ന് പോയത്. വാര്‍ഡ് ബോയിക്ക് ഗൂഗിള്‍ പേ ചെയ്യേണ്ട കാര്യമൊന്നും ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നില്ല. അതൊക്കെ ഞാന്‍ വിട്ടുപോയിരുന്നു. എങ്കിലും അപ്പോള്‍ അങ്ങനെയാണ് എനിക്ക് അദ്ദേഹത്തോട് പറയാന്‍ തോന്നിയത്. എന്നാല്‍, കൃത്യം ഒരു അഞ്ച് മിനിറ്റിനകം തന്നെ വാര്‍ഡ് ബോയ് ഫോണുമായി വന്നു. വക്കീല്‍ സാബിന്റെ കോളുണ്ടെന്ന് പറഞ്ഞ്, എനിക്ക് ഫോണ്‍ നീട്ടി. ഞാന്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. വില്‍സ് മാത്യൂസ് വക്കീലാണ് മറു തലക്കല്‍. ആശുപത്രിയിലെ എന്റെ അവസ്ഥകള്‍ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുമെന്ന് വില്‍സ് മാത്യൂസ് പറഞ്ഞു. ഞാന്‍ വക്കീലിനോടും അഭ്യര്‍ത്ഥിച്ചത് എന്നെ എത്രയും പെട്ടൊന്ന് ഈ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് തന്നെ തിരിച്ചയക്കാന്‍ സഹായിക്കണമെന്നാണ്. ജയിലിനേക്കാള്‍ ദുസ്സഹമായിരുന്നു എനിക്ക് കെ.എം മെഡിക്കല്‍ കോളേജിലെ ആ ഏകാന്ത തടവറ.

മല-മൂത്ര വിസര്‍ജനം നടത്താന്‍ സാധിക്കാത്ത രീതിയില്‍ കട്ടിലുമായി ബന്ധിച്ച് കൈയ്യാമം വെച്ച് കിടത്തിയിരിക്കുകയാണ് എന്നെ. തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ സാധിക്കുന്നില്ല. കൈയ്യാമം വെച്ച കൈയും കൈയ്യാമവും തലയണയാക്കി ഒരേ ഭാഗത്തേക്ക് മാത്രം തിരിഞ്ഞ് കിടക്കണം. മലര്‍ന്നോ കമിഴ്ന്നോ വലതുവശത്തേയ്ക്ക് തിരിഞ്ഞോ കിടക്കാന്‍ സാധിക്കില്ല. ജയിലിലെ വീഴ്ചയില്‍ താടിയെല്ല് പൊട്ടിയതിന്റെ വേദന. പല്ലുകള്‍ ഇളകി വേദനിക്കുന്നതിനാല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല. മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ കണ്ണുകളടച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കും.

(തുടരും)

Also Read

8 minutes read April 30, 2024 3:16 pm