നിരീക്ഷണ ക്യാമറയുടെ ചുവട്ടിലെ സ്വാതന്ത്ര്യം

ഏഴ് ദിവസമാണ് ഞാൻ കെ.എം മെഡിക്കൽ കോളേജിൽ കഴിഞ്ഞത്. അഞ്ചാമത്തെ ദിവസം രാവിലെ പത്ത് മണിയോടടുത്ത സമയത്ത് എന്നെ കാണാൻ ആരോ വരുന്നുണ്ടെന്ന് പറഞ്ഞ് വാർഡ് ബോയ് എന്നെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ചു. എന്നെയും കൊണ്ട് ആശുപത്രിയുടെ പുറത്തേക്കിറങ്ങി. ആശുപത്രിയുടെ മുറ്റത്ത് ഒരു മൂലയിലായി മൂന്ന് കസേര നിരത്തിയിട്ടിരിക്കുന്നു. അതിന്റെ രീതി കണ്ടപ്പോൾ എന്നെ വീണ്ടും ഏതോ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വരികയാണെന്നാണ് എനിക്ക് തോന്നിയത്. ഇതിനോടകം നിരവധി അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത് കഴിഞ്ഞിരിക്കുന്നു. അതിനാൽ, ഇപ്പോൾ ചോദ്യം ചെയ്യൽ നടപടി എനിക്കൊരു തമാശയും പ്രഹസനവുമായാണ് അനുഭവപ്പെടാറ്. എന്നാൽ, എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുവന്ന സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയിരുന്ന എക്സ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ആശുപത്രി മാനേജരുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു വിശിഷ്ട വ്യക്തിയോട് പെരുമാറുന്ന പോലെ വളരെ മാന്യമായാണ് ഇപ്പോൾ അദ്ദേഹം എന്നോട് പെരുമാറുന്നത്. കൈകൂപ്പി താണുവണങ്ങിയാണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ ഭാര്യ മലയാളിയാണെന്നും എനിക്ക് സൗത്ത് ഇന്ത്യക്കാരോട് വലിയ ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അതെല്ലാം വെറുതെ കേൾക്കുക മാത്രം ചെയ്തു. നിർവികാരത അഭിനയിച്ച്, എന്നാൽ മനസ്സിനുള്ളിൽ ഇയാൾക്കിത് എന്തുപറ്റിയെന്ന് അത്ഭുതം കൂറി കൊണ്ട് അദ്ദേഹം പറയുന്നതിൽ വലിയ ശ്രദ്ധകൊടുക്കാതെ അങ്ങനെ നിന്നു.

വാർഡ് ബോയിയുടെ ഫോണുപയോഗിച്ച് വീട്ടിൽ വിളിച്ചത് വല്ല അപകടവും വരുത്തിയോ എന്ന് ഞാൻ നേരത്തെ ഭയപ്പെട്ടിരുന്നു. ആശുപത്രി മാനേജറുടെ താണുവണങ്ങിയുള്ള സംസാരം കണ്ട് കാര്യങ്ങളിൽ മറ്റെന്തൊക്കോയോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നൂഹിച്ച് നിൽക്കുന്നതിനിടെ മാന്യമായി വസ്ത്രം ധരിച്ച രണ്ട് പേർ ആശുപത്രിയുടെ മുറ്റത്ത് കസേര നിരത്തിയ ഭാഗത്തേക്ക് കടന്നുവന്നു. മാനേജറും വാർഡ് ബോയിയും കൂടി എന്നെ കസേര നിരത്തിയ ഭാഗത്തേയ്ക്ക് ‘ആദരപൂർവ്വം ആനയിച്ച്’ കൊണ്ടുപോകുന്ന സമയത്ത് അദ്ദേഹം പറഞ്ഞു, ‌”മേരെ ഖിലാഫ് ശിഖായത്ത് നഹി ബോൽന” (എനിക്കെതിരെ പരാതി പറയരുതേ). ഞാനതിനോട് ഒന്നും പ്രതികരിച്ചില്ല.

ആഗതർ എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ കസേരയിൽ ഇരുന്നു. അവരിലൊരാൾ സ്വയം പരിചയപ്പെടുത്തി. അതെനിക്കൊരു പുതിയ അനുഭവമായിരുന്നു. അറസ്റ്റിലായതിന് ശേഷം, നിരവധി ഏജൻസികൾ എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. അതിലൊരാൾ പോലും ഞങ്ങൾ ഇന്ന ഏജൻസിയാണെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടില്ല.

representational image

“ഞാൻ ജില്ലാ മെഡിക്കൽ ഓഫീസർ… ഇത് മഥുര എസ്.‍ഡി.എം (സബ് ഡിവിഷണൽ മജിസ്ട്രേറ്റ്). കോടതി നിർദേശ പ്രകാരമാണ് ഞങ്ങൾ വരുന്നത്. നിങ്ങൾക്കിവിടെ എന്താണ് പ്രശ്നം? നിങ്ങളുടെ ആരോഗ്യ സ്ഥിതി എങ്ങനെയുണ്ട്? ചികിത്സ ലഭിക്കുന്നുണ്ടോ”?

എനിക്കഭിമുഖമായി ഇരിക്കുന്ന ഈ രണ്ട് ഉദ്യോഗസ്ഥർക്ക് പിറകിലായി ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ട് കൈകൂപ്പി നിൽക്കുകയാണ് ആശുപത്രി മാനേജർ.

“എനിക്ക് ചികിത്സ ലഭിക്കുന്നില്ല, നേരത്തിന് ഭക്ഷണവും. ഇവ രണ്ടും എനിക്ക് വേണമെന്നില്ല. പക്ഷേ, എന്നെ ചങ്ങലയിൽ ബന്ധിച്ച് കിടത്തിയിരിക്കുകയാണ്. പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ വാഷ് റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ല. ഇദ്ദേഹം എന്നോട് വളരെ മോശമായാണ് പെരുമാറുന്നത്.” മാനേജറെ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു. ഞാനിത്രയും പറഞ്ഞതോടെ മെഡിക്കൽ ഓഫീസർ മാനേജർക്ക് നേരെ തിരിഞ്ഞു. എന്നെ സമാധാനിപ്പിക്കാനെന്ന പോലെ അദ്ദേഹത്തോട് ശകാര സ്വരത്തിൽ പറഞ്ഞു.

“യെ ക്രിമിനൽ നഹി ഹെ, യേ പത്രകാർ ഹേ, തമീസ് സെ വ്യവഹാർ കർനാ.” (ഇദ്ദേഹം കുറ്റവാളിയല്ല, പത്രക്കാരനാണ്, ഇദ്ദേഹത്തോട് മാന്യമായി പെരുമാറണം).

“ജി സാബ്, ജി സാബ്…ഹം ഐസ നഹി കിയ…” (ശരി സാർ, ശരി സാർ ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല). മാനേജർ താണുവണങ്ങിക്കൊണ്ട് മറുപടി പറഞ്ഞു. ഞാൻ അദ്ദേഹത്തെ രൂക്ഷമായി ഒന്നു നോക്കിയപ്പോൾ അദ്ദേഹം എനിക്കു നേരെ കൈകൂപ്പി. ഇദ്ദേഹം കള്ളം പറയുകയാണ്, ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളും എന്നെ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച പൊലീസുകാരും ആശുപത്രിയിലെ ജീവനക്കാരും ഇദ്ദേഹം എന്നോട് പെരുമാറിയതിന് സാക്ഷികളാണെന്ന് ഞാൻ അൽപം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു. എനിക്ക് കൂടുതൽ പറയാനുണ്ടെന്നും അത് മാനേജറുടെ സാന്നിദ്ധ്യത്തിൽ പറയില്ലെന്നും ഞാൻ പറഞ്ഞു. അതോടെ, അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി. അദ്ദേഹം കുറച്ചകലെ പോയി നിന്നു. പക്ഷേ, എനിക്ക് പറയാനുള്ളതെല്ലാം ഞാൻ മാനേജറുടെ സാന്നിദ്ധ്യത്തിൽ തന്നെ പറഞ്ഞുകഴിഞ്ഞിരുന്നു. മാനേജർ ഇവരെ ഭയപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തെ ഒന്ന് വിറപ്പിക്കാനായിരുന്നു അങ്ങനെ പറഞ്ഞത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതലുള്ള കാര്യങ്ങൾ ഞാൻ എസ്.ഡി.എമ്മിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും മുന്നിൽ വിവരിച്ചു. അന്ന് ഞാൻ ചുവന്ന ഒരു ടീ ഷർട്ടും ട്രാക്ക്സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അത് കണ്ടിട്ടാണെന്ന് തോന്നുന്നു, മെഡിക്കൽ ഓഫീസർ എന്നോട് ചോദിച്ചു, “താങ്കൾ ലെഫ്റ്റിസ്റ്റാണോ? താങ്കൾ ജെ.എൻ.യുവിൽ പഠിച്ചിട്ടുണ്ടോ?” ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് മറുചോദ്യം ചോദിച്ചു.
“ലാൽ കപട പഹൻ നെ മെ… ആപ് മുചെ…” (ചുവന്ന വസ്ത്രം ധരിച്ചതിന്…. താങ്കൾ എന്നെ…)
ഞാനത് മുഴുവനാക്കുന്നതിനു മുൻപ് അദ്ദേഹം ഇടപെട്ടു.
“ന…ന…സിദ്ദിഖി…ഐസാ നഹി” (അല്ല, അല്ല, സിദ്ദിഖി, അങ്ങനെയല്ല). ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

അദ്ദേഹം തുടർന്നു, “മേം ജെ.എൻ.യു മെ പഠാ ത്ഥാ. ഇസ് ലിയെ പൂച്ഛാ, ഔർ ആപ് അച്ഛി തരഹ് ഹിന്ദി ബോൽതി ഹെ.” (ഞാൻ ജെ.എൻ.യുവിൽ പഠിച്ചതാണ്, അതുകൊണ്ട് ചോദിച്ചതാണ്. കൂടാതെ, താങ്കൾ നല്ല പോലെ ഹിന്ദി സംസാരിക്കുന്നു).

“ഞാൻ ലെഫ്റ്റും റൈറ്റുമല്ല സെൻട്രിസ്റ്റാണ്, ഒരു മാധ്യമ പ്രവർത്തകനാണ്. ഞങ്ങൾ കേരളക്കാർ ഒരു ഭാഷയ്ക്കും എതിരല്ല, കേരളത്തിൽ അഞ്ചാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട്, ഞാൻ പന്ത്രണ്ടാം ക്ലാസ് വരെ ഉപ ഭാഷയായി ഹിന്ദി പഠിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ കുറേ വർഷമായി ഡൽഹിയിലാണ് മാധ്യമ പ്രവർത്തനം നടത്തുന്നത്. അതിനാൽ കുറച്ചൊക്കെ ഹിന്ദി സംസാരിക്കും.”
ഞാൻ ചിരിച്ചുകൊണ്ടു തന്നെ മറുപടി പറഞ്ഞു.

താങ്കളുടെ അഭിഭാഷകൻ നൽകിയ ഹർജി പ്രകാരം കോടതി ഞങ്ങളെ താങ്കളുടെ ആരോഗ്യസ്ഥിതിയും ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച റിപ്പോർട്ടും നൽകാൻ ചുമതലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സംസാരം കഴിഞ്ഞ് കസേരയിൽ നിന്നും എണീറ്റ് ഞങ്ങൾ നിന്ന് സംസാരിക്കാൻ തുടങ്ങി. അപ്പോൾ അദ്ദേഹം കേരളത്തിന്റെ പ്രക‍ൃതിഭംഗിയിയെക്കുറിച്ചും ആലപ്പുഴയിലെ കായലുകളെക്കുറിച്ചും സംസാരിച്ചു. ഞങ്ങൾ സൗഹൃദ സംഭാഷണത്തിലാണെന്ന് മനസ്സിലാക്കിയ ആശുപത്രി മാനേജർ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു ബക്കറ്റും അതിൽ വെള്ളം മുക്കി കുളിക്കാൻ ഒരു കൈപാട്ട, കുറച്ചു ഷാംപൂ പാക്കറ്റുകൾ, തലയിൽ തേക്കാനുള്ള എണ്ണ, സോപ്പ്, ഒരു ടർക്കി മുണ്ട്, ഒരു വാട്ടർ ബോട്ടിൽ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം എനിക്കുള്ളതാണെന്നും ഡിസ്ചാർജ് ചെയ്ത് പോകുമ്പോൾ ജയിലിലേക്ക് കൊണ്ടുപോകാമെന്നും മാനേജർ പറഞ്ഞു. അദ്ദേഹം തന്ന ബക്കറ്റും കൈയ്യിലേന്തി ഞാൻ ആശുപത്രിയ്ക്കകത്തേക്ക് പോയി. എന്റെ കൂടെ സ്ത്രീധന പീഡന കേസിൽ തടവിൽ കഴിയുന്ന പൊലീസുകാരനും.

ആശുപത്രിക്കകത്ത് എന്നെ കട്ടിലിൽ കെട്ടിയിട്ട ഏകാന്ത തടവറയിലേക്കല്ല എന്നെയിപ്പോൾ കൊണ്ടുപോകുന്നത്. അതെനിക്ക് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു. മുകളിലെ നിലയിലുള്ള ഒരു ജനറൽ വാർഡിലേക്കാണ് എന്നെയും കൊണ്ട് പൊലീസുകാരൻ പോകുന്നത്. ജനറൽ വാർഡിൽ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണ പരിധിയിൽ, ക്യാമറക്കടുത്തായാണ് എനിക്ക് കിടക്കാനുള്ള കട്ടിൽ ലഭിച്ചത്. അപ്പോഴെനിക്ക് കൈയ്യാമം വെച്ചിട്ടില്ല. ഞാനാ സ്വാതന്ത്ര്യം നല്ല പോലെ ആസ്വദിച്ചു. സ്ത്രീകളും പുരുഷൻമാരുമടക്കം നിരവധി രോഗികളെ ഈ വാർഡിൽ താമസിപ്പിച്ചിട്ടുണ്ട്. എല്ലാവരും കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളാണ്. അവരുടെ കൈയ്യിൽ മൊബൈൽ ഫോൺ കണ്ടപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി. ഞാനിപ്പോൾ ജനറൽ വാർഡിലേക്ക് എത്തിയിട്ടെയുള്ളൂ. കുറച്ച് സമയം കഴിഞ്ഞ് ആളുകളുമായൊക്കെ ഒന്ന് പരിചയപ്പെടണം. അവരോട് മൊബൈൽ ഫോൺ ചോദിക്കാം, വീട്ടിലേക്ക് ഫോൺ ചെയ്യാം, ഞാനപ്പോൾ അവരുടെ കണ്ണിൽ ഒരു തടവുകാരനല്ല, ഈ വാർഡിലെ മറ്റുള്ളവരെ പോലെ തന്നെ കോവിഡ് പോസിറ്റീവായ ഒരു രോഗി മാത്രമാണ്. എന്നെ നിരീക്ഷിക്കാൻ പൊലീസോ മറ്റ് ജീവനക്കാരോ ഇല്ല. ഞാൻ ചോദിച്ചാൽ അവരിലാരെങ്കിലും ഒരാൾ എനിക്ക് ഫോൺ തരാതിരിക്കില്ല. അവരെല്ലാം വീട്ടിലേക്ക് നിരന്തരം ഫോൺ ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ കുടുംബാംഗങ്ങൾ, ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങളോടെല്ലാം അവർ നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

ഞാനിപ്പോൾ മനസ്സിൽ സ്വപ്നക്കോട്ട പണിതുകൊണ്ടിരിക്കുകയാണ്. അവരുടെ വിളി കഴിഞ്ഞാൽ ആരെങ്കിലും ഒരാളുമായി ചങ്ങാത്തം കൂടണം. അങ്ങനെ ഇവിടെ നിൽക്കുന്ന ദിവസത്തോളം ദിവസവും ഒരു നേരമെങ്കിലും വീട്ടിൽ വിളിച്ച് വിവരങ്ങൾ അറിയണം, കേസിന്റെ കാര്യങ്ങൾ അറിയണം, ഉമ്മയുമായി സംസാരിക്കണം, മക്കളെയും ഭാര്യയേയും ആശ്വസിപ്പിക്കാനാവും..! മനസ്സിൽ ആസൂത്രണങ്ങൾ നടത്തിക്കൊണ്ട് എന്റെ കൈയ്യിലുണ്ടായിരുന്ന ഫ്രണ്ട്ലൈൻ, ഔട്ട് ലുക്ക്, ദി വീക്ക്, ഓപ്പൺ മാഗസിനുകൾ എല്ലാം തുറന്ന് മാറി മാറി വായിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം അനുഭവിച്ച ഏകാന്ത തടവറയിൽ നിന്നും കൈയ്യാമത്തിൽ നിന്നും മോചനം ലഭിച്ചിരിക്കുന്നു. ആ ദിവസങ്ങളിൽ അനുഭവിച്ച മാനസിക പിരിമുറുക്കവും അൽപാൽപമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ആവശ്യമായി വരുമ്പോൾ വാഷ് റൂമിൽ പോകാം, അതിന് ഇപ്പോൾ ആരുടേയും അനുമതി വേണ്ട. ഞാൻ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിലാണെങ്കിലും ഞാൻ മാനസികമായി സ്വാതന്ത്ര്യം അനുഭവിക്കുയാണ്. ഞാൻ ആശുപത്രി കിടക്കയിൽ കിടന്നും, ഇരുന്നും, മാഗസിനുകൾ വായിച്ചും, ദിവാ സ്വപ്നങ്ങൾ കണ്ടും കഴിച്ചുകൂട്ടി.

ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ടാണ് എനിക്ക് പരിസര ബോധം വന്നത്. മാസങ്ങളായി എനിക്ക് പരിചയമുള്ള ശബ്ദമാണിത്. അപ്പോഴാണ് എനിക്ക് സമയത്തെക്കുറിച്ച് ചിന്തവന്നത്. വാർഡിലെ ക്ലോക്കിൽ ഞാൻ സമയം നോക്കി, വൈകുന്നേരം ആറ് മണിയോടടുത്തിരിക്കുന്നു. ചങ്ങലയുടെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ ഞാൻ മാഗസിൻ വായിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരു ജയിൽ പുള്ളിയാണെന്ന് എന്റെ വാർഡിലുള്ള മറ്റു രോഗികളെല്ലാം അറിയാൻ പോവുകയാണ്. ഇനി ഞാൻ അവരോട് എങ്ങനെ ഫോൺ ചോദിക്കും, ചോദിച്ചാൽ തന്നെ അവർ എങ്ങനെ എനിക്ക് തരും. ആ ഒരു ആധിയാണ് ഇപ്പോൾ എന്നെ അലട്ടികൊണ്ടിരിക്കുന്നത്. ചങ്ങലയുടെ കിലുക്കം ഇപ്പോൾ എന്റെ തൊട്ടടുത്ത് എത്തിയിരിക്കുന്നു. സ്ത്രീധന പീഡന കേസിൽ ജയിലിലായ ആ പൊലീസുകാരൻ തന്നെയാണ് കൈയ്യാമവും കൊണ്ട് വന്നിരിക്കുന്നത്. അദ്ദേഹം എന്റെ മുന്നിൽ നിൽക്കുകയാണ്. ഇപ്പോൾ എന്റെ കൈ കട്ടിലിന്റെ കാലിൽ കൈയ്യാമവുമായി ബന്ധിക്കും. ആശുപത്രി അധികൃതർക്ക് ഞാൻ രാത്രിയിലെങ്ങാനും അവിടെ നിന്ന് ചാടിപ്പോയാലോ എന്ന വ്യാകുലതയായിരിക്കാം. ഞാൻ മാനസികമായി ബന്ധനത്തിന് തയ്യാറായി. ഞാൻ ഒന്ന് മൂത്രമൊഴിച്ച് ഫ്രഷായി വരാമെന്ന് ആ പൊലീസുകാരനോട് പറഞ്ഞു. വാർഡിലെ മറ്റ് രോഗികൾക്കൊന്നും മുഖം കൊടുക്കാതെ ഞാൻ വാഷ് റൂമിൽ പോയി ഫ്രഷായി തിരിച്ചുവന്നു. പൊലീസുകാരന് ഞാനെന്റെ ഇടത്തെ കൈ നീട്ടി കൊടുത്തു. അതിൽ കൈയ്യാമം ബന്ധിച്ച് ഞാൻ കിടക്കുന്ന കട്ടിലിന്റെ കാലിൽ ബന്ധിച്ചു. ഏതാനും മണിക്കൂർ നേരത്തെ എന്റെ സ്വാതന്ത്ര്യം അവസാനിച്ചിരിക്കുന്നു. ദിവാ സ്വപ്നങ്ങൾ എല്ലാം കരിഞ്ഞുണങ്ങി. ഇനി യാഥാർത്ഥ്യത്തിന്റെ ലോകത്താണ്.

നിരവധി രോഗികൾ കിടക്കുന്ന ഒരു ജനറൽ വാർഡിൽ കൈയ്യാമത്തിൽ ബന്ധിതനായി മാനസികമായി തകർന്നാണ് ഞാനിപ്പോൾ കിടക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസം അനുഭവിച്ചതിനേക്കാൾ വലിയ മാനസിക സമ്മർദ്ദവും അപമാനവും പേറിക്കൊണ്ടാണ് ഇപ്പോൾ ഓരോ നിമിഷവും ഞാൻ തള്ളി നീക്കുന്നത്. ഏകാന്ത തടവറയിൽ കഴിഞ്ഞ അഞ്ച് ദിവസം എന്നെ കാണാൻ ആരുമില്ലായിരുന്നു. ഇപ്പോൾ, ഒരു കോവിഡ് വാർഡിൽ നിരവധി രോഗികളുടെ മുന്നിൽ കൈകൾ ബന്ധിക്കപ്പെട്ട് ഒരു കൊടും ക്രിമിനലിനെ പോലെ കിടക്കുകയാണ് ഞാൻ. സമയത്തിന് ഭക്ഷണം കിട്ടുന്നുണ്ടെന്നത് മാത്രമാണ് ഒരു ആശ്വാസം. എന്നെ കൈയ്യാമം വെച്ച്, അതിന്റെ ചാവിയുമായി ഡി.പി ആക്ട് കേസിൽ ജയിലിൽ കിടക്കുന്ന പൊലീസുകാരൻ ആശുപത്രിയിൽ സ്വതന്ത്രനായി വിഹരിക്കുകയാണ്. അദ്ദേഹത്തിന്റെ കൈയ്യിൽ എപ്പോഴും മൊബൈൽ ഫോണുണ്ട്. അതിൽ സംസാരിച്ച് കൊണ്ടാണ് അദ്ദേഹം ആശുപത്രി മുഴുവൻ ഉലാത്തുന്നത്.

സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിൽ, മാന്യമായി ഇരിക്കാനോ കിടക്കാനോ സാധിക്കാത്ത വിധത്തിലാണ് ഞാൻ. ശരിയായ രീതിയിൽ ഇരിക്കാൻ സാധിച്ചിരുന്നെങ്കിൽ കൈവശമുള്ള പുസ്തകങ്ങൾ വായിക്കാമായിരുന്നു. മൂത്രമൊഴിക്കണമെങ്കിൽ ഇപ്പോഴും കുപ്പി തന്നെ ശരണം. ആശുപത്രിയിലെ ഏകാന്ത തടവറയിൽ കഴിഞ്ഞിരുന്ന സമയത്ത് ഞാൻ മൂത്രമൊഴിച്ചിരുന്നത് ബിസ്ലറിയുടെ കുടുസ്സായ വായയോടു കൂടിയ വെള്ളകുപ്പിയിലേക്ക് ഉന്നം പിടിച്ചായിരുന്നു. ഒന്ന് ഉന്നം തെറ്റിയാൽ മൂത്രം കൈയ്യിലൂടെ തറയിലേക്ക് ഒഴുകും. എന്നാലിപ്പോൾ വിശാലമായ വായയോടു കൂടിയ അത്യാവശ്യം കട്ടിയും ഘനവും വിസ്താരവുമുള്ള, മൂത്രമൊഴിക്കാൻ ഉന്നം പിടിക്കേണ്ടതില്ലാത്ത വലിയ കുപ്പിയാണുള്ളത്. ഒറ്റക്കായിരുന്ന സമയത്ത് സ്വകാര്യതയിൽ ചെയ്തിരുന്ന കാര്യമിപ്പോൾ, ജനറൽ വാർഡിലെ മറ്റ് രോഗികൾ കാണാതെ പാത്തും പതുങ്ങിയും ചെയ്യുന്നു. ചുരുക്കത്തിൽ, മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യം നേരത്തേതിനേക്കാൾ ദുഷ്കരമായിരിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read