വയലൻസ് സാധാരണമായി തീരാതിരിക്കാൻ പല രാഷ്ട്രീയങ്ങൾക്ക് ഇടം വേണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വർഷങ്ങളായി റാഗിങ്ങും വയലൻസും സാധാരണമായിത്തീർന്നിരിക്കുന്ന ക്യാമ്പസാണിത്. ഇങ്ങനെ സാധാരണവൽക്കരിക്കുന്നതിന് ഇത്രയും ഗ്രാവിറ്റി ഉണ്ടെന്ന് ഇവരാരും വിചാരിച്ചിരുന്നില്ല. ഇങ്ങനെയൊരു സംഭവമുണ്ടാകുമ്പോൾ, മാധ്യമങ്ങൾ അതിനെ സെൻസേഷണലെെസ് ചെയ്യാൻ വേണ്ടി ‘വിദ്യാർത്ഥികളുടെ മൗനം’, ‘പ്രതികരണശേഷി ഇല്ലാത്ത കൂട്ടം’ എന്നൊക്കെ പറയുമ്പോൾ സ്വാഭാവികമായും സാധാരണമാക്കപ്പെട്ടതാണ് ഇതെല്ലാം എന്ന് കരുതിയാണ് ഇവിടെ ജീവിക്കുന്നത്. ഇത് ഭയങ്കരമായ ആന്തരിക സമ്മർദ്ദവും ലജ്ജയും ഉണ്ടാക്കുന്നുണ്ട്. മരണം നടന്ന് അടുത്ത ദിവസങ്ങളിലൊക്കെ ഇതിനോട് പ്രതികരിക്കുക എന്ന് പറയുന്നത് പ്രയാസമായിരുന്നു എന്നാണ് ക്യാംപസിൽ പോയി സംസാരിച്ച സമയത്ത് എനിക്ക് മനസ്സിലായത്. പലർക്കും ഈ കേസ് ഇല്ലാതാക്കപ്പെടും എന്ന ആശങ്ക ഉണ്ടായിരുന്നു. അത് തുറന്ന് പറയുന്ന കാര്യത്തിൽ അവരുടെയും നിലനിൽപ്പിന്റെ പ്രശ്നമുണ്ടല്ലോ. രണ്ടാം വർഷം മുതലുള്ള വിദ്യാർത്ഥികളുണ്ട്. എനിക്ക് മെൻസ് ഹോസ്റ്റലിലെ കാര്യം അത്ര അറിയില്ല, എന്നാലും അവിടെയുള്ള വിദ്യാർത്ഥികളെ സംബന്ധിച്ച് നടന്ന സംഭവങ്ങൾ പുറത്തുപറയുമ്പോൾ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകൾ എന്നതും പ്രധാന കൺസേൺ ആണ്. പല കാര്യങ്ങളും അവിടെ ഇതുപോലെ മൂടിവെക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രൊഫഷണൽ കോളേജ് കൂടിയാണ്. ഇതൊക്കെ ഇവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് ആ പോയിന്റിൽ അവർ ചിന്തിച്ചിട്ടുമുണ്ട്.

അത്ര ആഴത്തിലല്ല ഇവർ കാര്യങ്ങളെ മനസ്സിലാക്കുന്നത്. സ്വാഭാവികമായും ഇതൊക്കെ സാധാരണമാക്കപ്പെട്ട സമയത്തുതന്നെ ഇതൊന്നും തുറന്നുകാണിക്കാനും ചോദ്യം ചെയ്യാനും പറ്റിയിട്ടില്ല. പെട്ടെന്ന് പ്രതികരിക്കാൻ തീരുമാനിച്ചാൽ എന്താണ് സംഭവിക്കുക? ഇപ്പോൾ മീഡിയ പറയുന്നത് വിദ്യാർത്ഥികൾ പ്രതികരിക്കുന്നില്ല എന്നാണ്, പക്ഷേ, പ്രതികരിക്കുന്ന സമയത്ത് ഈ വിദ്യാർത്ഥികൾ ചോദ്യം ചെയ്യപ്പെടും. അവരുടെ ഇന്റഗ്രിറ്റിയും സെൻസിറ്റിവിറ്റിയും എല്ലാം ചോദ്യം ചെയ്യപ്പെടും. ഇത് ഉണ്ടായ സമയത്ത് തന്നെ കോളേജ് അധികാരികൾ ഇതിനെ മറച്ചുപിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൂടി കാണുമ്പോൾ ഈ കാര്യങ്ങളൊക്കെ പുറത്തുവന്ന് മീഡിയയോട് സംസാരിക്കാൻ വിദ്യാർത്ഥികൾക്ക് സ്വാഭാവികമായും ഭയമുണ്ടാകും.

പൂക്കോട് വെറ്ററിനറി കോളേജ്.

ഞങ്ങളുടെ ഒരു സീനിയർ അവിടെ ബെെക് അപകടത്തിൽ മരിച്ചിരുന്നു. അത് ഒരു ദുരൂഹമരണമാണ് എന്ന രീതിയിലും ചിലർ പറയുന്നുണ്ട്. എസ്.എഫ്.ഐ അതിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്. “നോക്കൂ, ഇങ്ങനെ വരെ മാധ്യമങ്ങൾക്ക് കള്ള പ്രചരണങ്ങൾ നടത്താൻ പറ്റും. നാളെ നിങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ഇങ്ങനെ പറയും. ഇപ്പോൾ ഒരു പ്രതിരോധം ഉണ്ടാക്കിയില്ലെങ്കിൽ നിങ്ങളോരോരുത്തരും ഇതുപോലെ തന്നെ മാധ്യമങ്ങളുടെ മുന്നിൽ വിചാരണ ചെയ്യപ്പെടും” എന്നെല്ലാമുള്ള ഒരു ആഖ്യാനം എസ്.എഫ്.ഐക്ക് ഇതുപോലുള്ള അധാർമ്മികമായ മാധ്യമ ഇടപെടൽ കാരണം കുട്ടികൾക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായി കൂടുതലായി എടുത്ത് പറയുന്നത് വിദ്യാർത്ഥിയുടെ ബെെക് അപകടവുമായി ബന്ധപ്പെട്ടുള്ള കാര്യമാണ്. എല്ലാവരെയും സ്പർശിക്കാൻ പറ്റിയ കാര്യം ഇതായിരുന്നു. എസ്.എഫ്.ഐ അവിടെ നിലനിൽക്കുന്നത് ഇത്തരം തിരിമറികളിലൂടെയാണ്. അതുകൊണ്ടുതന്നെ എസ്.എഫ്.ഐക്ക് പെട്ടെന്നുതന്നെ എല്ലാ ആഖ്യാനങ്ങളെയും മാറ്റിമറിക്കാനും വിദ്യാർത്ഥികളെ കൂടെ നിർത്താനും കഴിയാറുണ്ട്. വസ്തുതകൾ എല്ലാം മാറ്റിവെച്ച് വെെകാരികത ഇളക്കിവിടുകയാണ് എസ്.എഫ്.ഐ ചെയ്യുക. കൊലപാതകം റൊമാന്റിസെെസ് ചെയ്യുന്ന പോസ്റ്റുകളൊക്കെ അതിൽ നിന്നുണ്ടാകുന്നതാണ്. “നിങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ പോയി ഏത് പാർട്ടിയിലും വർക്ക് ചെയ്യാം. നാട്ടിൽ നിങ്ങൾ ആർ.എസ്.എസ് ആണെങ്കിലും കെ.എസ്.യു ആണെങ്കിലും നിങ്ങൾ എന്തു പൊളിറ്റിക്കൽ പാർട്ടിയിലായാലും ഞങ്ങൾക്ക് വിഷയമല്ല. ഈ ക്യാംപസിൽ വന്നാൽ ക്യാംപസിന്റെ യൂണിറ്റിയുടെ ഭാഗമായി, ക്യാംപസിന്റെ വർഷങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി ഇവിടെ എസ്.എഫ്.ഐ ആകാനേ പറ്റുകയുള്ളൂ” എന്ന് എസ്.എഫ്.ഐ വളരെ പരസ്യമായി പറഞ്ഞിട്ടുണ്ട്.

സിദ്ധാര്‍ഥൻ ആക്രമിക്കപ്പെട്ട ഹോസ്റ്റൽ മുറിയിൽ നിന്നുള്ള ദൃശ്യം. കടപ്പാട്: ജിതിൻ ജോയൽ ഹാരിം.

പഠനത്തിനായി ചേർന്ന സമയത്ത് എസ്.എഫ്.ഐയുടെ അംഗത്വ ഫോമുമായി വന്നപ്പോൾ ഞാനും പൂരിപ്പിച്ച് കൊടുത്തിട്ടുണ്ട്. ഒരു വർഷം വരെ ഞാനും എസ്.എഫ്.ഐ സംഘടിപ്പിച്ച സമരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. അന്ന് എസ്.എഫ്.ഐയുടെ ബുദ്ധികേന്ദ്രങ്ങൾ സീനിയർ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ആയിരുന്നു. അവർ പറയുന്നത്, ‘വെറ്ററിനറി കമ്മ്യൂണിറ്റി ഒരു ചെറിയ കമ്മ്യൂണിറ്റി ആയതുകൊണ്ട് പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വന്നാൽ ഭിന്നതകൾ ഉണ്ടാകും. നമ്മുടെ രാഷ്ട്രീയ അവകാശങ്ങൾ ഉന്നയിക്കാൻ പറ്റാത്ത സാഹചര്യം വരും. അതുകൊണ്ടാണ് ഞങ്ങൾ ഏക വിദ്യാർത്ഥി പ്രസ്ഥാനം വേണമെന്ന് വാദിക്കുന്നത്. എ.ബി.വി.പി, കെ.എസ്.യു, എം.എസ്.എഫ് സംഘടനകളൊക്കെ ക്യാംപസിൽ വന്നാൽ ഇവിടെ വർഗീയത വളരും’ എന്നെല്ലാമാണ്. ഇതെല്ലാം പലരും വിശ്വസിക്കും. 18 വയസ്സിലൊക്കെ ഈ വിശദീകരണം മതിയാകും. പിന്നീട് പല സാഹചര്യങ്ങളിലും ഇതിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത് ഭയങ്കരമായ കാപട്യം ഈ വാദത്തിൽ കാണാൻ കഴിഞ്ഞതോടെയാണ്. പുറകോട്ട് ചിന്തിക്കുമ്പോൾ ഇവർ തന്ന വിശദീകരണങ്ങളൊക്കെ എന്തുമാത്രം കൃത്രിമമായിരുന്നു എന്ന് എനിക്കുതന്നെ മനസ്സിലാകുന്നുണ്ട്. എനിക്കുതന്നെ ഇത് തിരിച്ചറിയാൻ കുറച്ച് കാലമെടുത്തു. എന്റെ കുടുംബം സി.പി.എമ്മിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്, ആ പശ്ചാത്തലത്തിൽ നിന്നാണ് ഞാനീ കോളേജിലെത്തുന്നത്. എസ്.എഫ്.ഐയിൽ നിന്ന് പുറത്തുപോകുന്നവർക്ക് മോശം അനുഭവങ്ങളാണ് ഉണ്ടാകുന്നത്.

ഇപ്പോൾ സിദ്ധാർഥന്റെ അച്ഛൻ തന്നെ പറയുന്നുണ്ടല്ലോ സംവരണീയനായിരുന്നു എന്നതുകൊണ്ട് അവൻ പല തരത്തിലുള്ള അധിക്ഷേപങ്ങൾക്കും ഇരയായിട്ടുണ്ടെന്ന്. വർഗത്തെ മാത്രം ഒരു മർദ്ദന സംവിധാനമായി കാണുന്ന ഇടതുപക്ഷ സിദ്ധാന്തത്തിന്റെ ഭാഗമായി എസ്.എഫ്.ഐയ്ക്ക് എല്ലാം ഉണ്ടാകുന്ന പൊതുവായ സംവരണ വിരുദ്ധത ഈ ക്യാമ്പസിലും നിലനിൽക്കുന്നുണ്ട്. ഞങ്ങളൊക്കെ കാശു കൊടുത്തിട്ടാണ് പഠിക്കുന്നത്, നിങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങൾ സർവ്വ സാധാരണമാണ്.

സിദ്ധാർഥൻ

ക്യാമ്പസിലുള്ള വിദ്യാർത്ഥികളുടെ ആന്തരിക സമ്മർദ്ദങ്ങളും സങ്കോചങ്ങളുമെല്ലാം എസ്.എഫ്.ഐ മുതലെടുക്കുന്നുണ്ട്. എല്ലാവരുടെയും രക്ഷാകർതൃത്വം അവർ മൊത്തത്തിൽ ഏറ്റെടുക്കുന്നു. ഇപ്പോഴും എസ്.എഫ്.ഐ ആക്ടീവായി അവിടെ ക്യാമ്പയിൻ നടത്തുന്നുണ്ട്. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ ആൾക്കൂട്ട ആക്രമണത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. പലതരം ചർച്ചകളുണ്ടാകേണ്ടതാണല്ലോ, അതൊന്നും ഉണ്ടാകാത്ത രീതിയിൽ മാധ്യമങ്ങൾ ഈ സംഭവത്തെ ആ ഒരു ആക്ടിലേക്ക് മാത്രമായി സെൻസേഷണലെെസ് ചെയ്തിട്ടുമുണ്ട്.

ലേഡീസ് ഹോസ്റ്റലിലും പല പ്രശ്നങ്ങൾ ഉണ്ടാകുകയും അത് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതുകൊണ്ട് അങ്ങനെയുള്ള സാഹചര്യങ്ങൾ നിന്നുപോയതാണ്. പക്ഷേ, ഇപ്പോഴും കുട്ടികളെ മുറിയിലേക്ക് വിളിച്ച് അവരെ വല്ലാത്ത രീതിയിലൊക്കെ അധിക്ഷേപിക്കാറുണ്ട്. റാഗിങ് നടക്കുന്നുണ്ട്, പരസ്യമായിട്ടല്ലെങ്കിൽ പോലും. സ്വകാര്യ ഇടങ്ങളിൽ ഇപ്പോഴും റാഗിങ് നടക്കുന്നുണ്ട്. കോളേജ് തുടങ്ങിയ സമയം മുതൽ ഞങ്ങളുടെ സെക്കൻഡ് ഇയർ ആകുന്നതുവരെ റാഗിങ് അവിടെ സാധാരണമാക്കപ്പെട്ടിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി അവളെയും അവളുടെ വീട്ടുകാരെയും തെറിവിളിച്ചു. അവളുടെ ഷോളിന്റെ പിൻ ഒക്കെ ഊരിച്ചു. ഇനി നീ ഇങ്ങനെ വേണം ഷോളിടാൻ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ നിന്നിട്ടുള്ളത് ഒരു ചെറിയ സർക്കിളിൽ ആണ്. അതിൽ നിന്ന് അറിയുന്ന കാര്യങ്ങളാണ് ഇത്രയും. സെക്കൻഡ് ഇയർ വരെ ഫിസിക്കൽ ബൗണ്ടറി ലംഘിച്ചുകൊണ്ടുള്ള റാഗിങ് വളരെ സാധാരണമായിരുന്നു. ഇപ്പോഴും ജൂനിയർ വിദ്യാർത്ഥികൾ വന്നാൽ റൂമിലേക്ക് വിളിപ്പിക്കും. ഫിസിക്കൽ ബൗണ്ടറി വയലേറ്റ് ചെയ്യുമ്പോൾ അങ്ങനെ ആരുടെയും ദേഹത്ത് കെെവെക്കുന്നതിനെ ഒന്നും സപ്പോർട്ട് ചെയ്യുന്നില്ല എന്നൊക്കെ പറയും. അല്ലാതെ സ്വകാര്യ ഇടങ്ങളിൽ നടക്കുന്ന റാഗിങ് കുഴപ്പമില്ല എന്ന നിലയിലാണ് എത്ര പുരോഗമിച്ചു എന്ന് പറയുന്നവരുടെയും നിലപാട്.

പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ ചുവരെഴുത്ത്. കടപ്പാട്: ജിതിൻ ജോയൽ ഹാരിം.

എസ്.എഫ്.ഐയുടെ പിന്തുണ അവിടെ റാഗിങ്ങിനുണ്ട്. അധികാര സ്ഥാനങ്ങളിൽ ഉള്ള അധ്യാപകർ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി ഓഫ് കേരള (ടോവുക്) യുടെ ഭാഗമാണ്. ടീച്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെ ഇടതുപക്ഷ സംഘടനയാണ്. എങ്ങനെയൊക്കെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്താലും അതൊക്കെ ഇടതുപക്ഷ ആളുകളുടെ അടുത്ത് മാത്രമേ എത്തുകയുള്ളൂ. അതു കഴിഞ്ഞ് ഈ പരാതികളൊന്നും മുകളിലേക്ക് പോകില്ല. അത് കൃത്യമായി അവിടത്തെ വിദ്യാർത്ഥികൾക്കും ബോധ്യമുണ്ട്. എങ്ങനെയൊക്കെ പുറത്തുവരാൻ ശ്രമിച്ചാലും ഇതിനകത്തു നിന്ന് പുറത്തുവരാൻ പറ്റില്ല. കാരണം, അവിടെ അ‍ഞ്ച് വർഷം അവനവന്റെ അതിജീവനം തന്നെ കുറച്ചുകൂടി എളുപ്പമാകണമെങ്കിൽ ഈ സിസ്റ്റത്തിനും അതുപോലെ എസ്.എഫ്.ഐക്കുമൊക്കെ വിധേയരായിത്തന്നെ ജീവിക്കേണ്ടിവരും. എസ്.എഫ്.ഐ അനുഭാവികൾ ആയിരുന്ന ആളുകൾ പുറത്തുവരുമ്പോൾ കാര്യങ്ങളൊക്കെ ശരിയായി തിരിച്ചറിയുന്നുണ്ട്. അവിടെ നിൽക്കുമ്പോൾ സിസ്റ്റവും ഇതിനെ സാധാരണവത്കരിക്കുന്നുണ്ട്. അവിടെ ഇതുവരെ ഉണ്ടായിട്ടുള്ള വിദ്യാർത്ഥി പ്രസ്ഥാനം എസ്.എഫ്.ഐ ആണ്. എന്തുകൊണ്ടാണ് എസ്.എഫ്.ഐ മാത്രം എന്നത് കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട പ്രശ്നമാണ്.

Also Read

5 minutes read March 4, 2024 4:47 pm