Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തടവറയില് രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന് ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം പത്തൊൻപത് . വര: നാസർ ബഷീർ
മെയ് ഏഴു മുതൽ, ജയിൽ ക്ലിനിക്ക് ഉൾകൊള്ളുന്ന അഹാത്തയിൽ ഉൾപ്പെട്ട തൻഹായി ബ്ലോക്കിലെ ഒരു മുറി എനിക്കായി വൃത്തിയാക്കി അനുവദിച്ചു തന്നു. ഇനി രണ്ടാഴ്ച ഞാൻ ഇവിടെയാണ് തടവിൽ താമസിക്കുക. അഞ്ച് ഏകാന്ത തടവറകൾ അടങ്ങിയ ഒരു കെട്ടിടമാണത്. ക്ലിനിക്കിന്റെയും, ഞാൻ തലേദിവസം തടവിൽ കഴിഞ്ഞ ഉപേക്ഷിക്കപ്പെട്ട തൻഹായിയുടെയും സമീപത്തു തന്നെയാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇതിന്റെ പിറകിലായിട്ടാണ് മുലായജ ബാരക്കുകളായ ഒമ്പത്, പത്ത് ബാരക്കുകൾ അടങ്ങിയ അഹാത്ത സ്ഥിതി ചെയ്യുന്നത്. എയ്ഡ്സ്, ക്ഷയ രോഗികളെയാണ് ഈ കെട്ടിടത്തിലെ ഏകാന്തതടവിൽ പാർപ്പിച്ചിരുന്നത്. അവർക്ക് ദിവസവും പാലും മുട്ടയും പാൽകട്ടിയും ദലിയയും (ഗോതമ്പ് പായസം) ലഭിക്കും. ഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് മാത്രമാണ് അവരെ പുറത്തിറക്കാറുണ്ടായിരുന്നത്. തണുപ്പ് കാലത്ത് സൂര്യതാപം ഏൽപിക്കാനായി ഉച്ചസമയത്തും പുറത്തിറക്കാറുണ്ടായിരുന്നു. ഒരു തൻഹായിയിൽ തടവിലിട്ട ആൾക്ക് അടുത്ത തൻഹായിയിൽ കിടക്കുന്ന ആളെ കാണാൻ സാധിക്കുമായിരുന്നില്ല. എന്നാലും ചില തടവുകാർ അന്തരീക്ഷത്തിലൂടെ ആശയവിനിമയം നടത്തുകയും ബീഡിയും തമ്പാക്കുവും അച്ചാറും നംകിനും (മിച്ചർ) ബിസ്കോത്തും (ബിസ്കറ്റ്) എല്ലാം ആവശ്യപ്പെടുകയും വളരെ സാഹസികമായി അവ കൈമാറുകയും ചെയ്തിരുന്നു.
ജയിലുകൾ പലപ്പോഴും ചെറിയ പുതിയ കണ്ടുപിടുത്തങ്ങളുടേയും ആശയവിനിമയ കൈമാറ്റത്തിന്റെയും പഴയകാല ബാർട്ടർ സമ്പ്രദായത്തിന്റെയും കേന്ദ്രങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എത്രയെത്ര നൂതന ഭക്ഷണവിഭവങ്ങളാണ് തടവുകാർ പുതിയ ചേരുവകളും രുചിക്കൂട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ച് തടവറകളിൽ ഉണ്ടാക്കിയെടുക്കുന്നത്. ജയിലിൽ നിന്ന് കിട്ടുന്ന പച്ചരി ചോറിനെ ‘ബിരിയാണി’യാക്കിയും പരിപ്പ് വെള്ളത്തെ ‘ദാൽ ഫ്രൈ’ ആക്കിയും അവയെ ഷെയർ ചെയ്ത് കഴിക്കാനും തടവുകാർ കാണിക്കുന്ന സാമർത്ഥ്യം അപാരം തന്നെയാണ്. ച്ഛന (കറിക്കടല) ഉപയോഗിച്ച് ലഡു നിർമിക്കുന്നവരും പ്യാസ് (വലിയ ഉള്ളി) ഉപയോഗിച്ച് വിവിധ തരം അച്ചാറുകൾ നിർമ്മിക്കുന്നവരും ചൗക (പരിപ്പ് കറിക്ക് മീതെ പാകി നിൽക്കുന്ന കടുകെണ്ണ ഊറ്റി എടുത്തത്) ഉപയോഗിച്ച് പേരറിയാത്ത, പേരിടാത്ത എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടാക്കി തങ്ങൾക്ക് കിട്ടുന്ന ഭക്ഷണങ്ങൾ സ്വാദിഷ്ടമായി കഴിക്കുന്നവരും ജയിലിലെ നിത്യകാഴ്ചകളാണ്. എന്നെ തടവിൽ വെച്ചിരുന്ന തൻഹായിയുടെ മുൻ വശത്തായി ഒരു ആൽമരവും അതിന് ചുറ്റും ആൽത്തറയും തറയിൽ രണ്ടു ദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ടായിരുന്നു. തടവുകാരായ വിശ്വാസികൾ അവിടെ പൂജ നടത്തുകയും ആൽത്തറ വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. ആൽ മരത്തിന് സമീപത്തായി തടവുകാർക്ക് കുളിക്കാനുള്ള ജലസംഭരണിയും രണ്ടു ചെറിയ മുറികളോടു കൂടിയ ഒരു കെട്ടിടവുമുണ്ടായിരുന്നു. ആ കെട്ടിടത്തിലാണ് ക്ലിനിക്കിലെ ദന്താശുപത്രി പ്രവർത്തിച്ചിരുന്നതും, ക്ലിനിക്കിലെ മരുന്നുകൾ സൂക്ഷിക്കുന്ന റെഫ്രിജറേറ്റർ വെച്ചിരുന്നതും, ഡോക്ടർമാർക്ക് ചായ ഉണ്ടാക്കുന്നതിനും തടവുകാരുടെ പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതും.
ആലിന്റെ പരിസരത്തായി തടവുകാരെ കൊണ്ട് പച്ചക്കറികളും ഫലവൃക്ഷങ്ങളും കൃഷി ചെയ്യിച്ചിരുന്നു. അവ വിളവെടുത്താൽ ക്ലിനിക്കിലെ പ്രധാന ഡോക്ടറും ശിപായിമാരും വീട്ടിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. ഈ കൃഷിത്തോട്ടം എന്റെ തൻഹായിയിൽ നിന്ന് എനിക്ക് നയനാന്ദകരമായ ഒരു കാഴ്ചയായിരുന്നു. എന്റെ കെ.എം മെഡിക്കൽ കോളേജിലെ അനുഭവവും എയിംസ് ചികിത്സയും, തലേദിവസത്തെ നരകതുല്യമായ തൻഹായി വാസവും കാരണമാണെന്ന് തോന്നുന്നു, മറ്റു തടവുകാരിൽ നിന്ന് വ്യത്യസ്തമായി ചില പരിഗണനകൾ എനിക്കിവിടെ ലഭിച്ചിരുന്നു. രാവിലെ ആറു മണിക്ക് തൻഹായി തുറന്നാൽ പിന്നെ വൈകുന്നേരം വരെ തൻഹായി അടക്കില്ല, ആൽത്തറയിൽ പോയിയിരിക്കാനും കൃഷിത്തോട്ടത്തിലൂടെ നടക്കാനും എല്ലാം ജയിലറുടെ പ്രത്യേക അനുവാദമുണ്ടായിരുന്നു. പക്ഷെ, ഞാൻ വളരെ പരിമിതമായ തോതിൽ മാത്രമെ അത് ഉപയോഗിച്ചിരുന്നുള്ളു. തൻഹായിക്കുള്ളിൽ തന്നെ ഇന്ത്യൻ ക്ലോസറ്റ് സ്ഥാപിച്ചിരുന്നതിനാൽ വളരെ അത്യാവശ്യത്തിന് മാത്രമേ ഞാൻ തൻഹായിയിൽ നിന്ന് പുറത്ത് പോകുമായിരുന്നുള്ളു.
ഇതിനോടകം ഏകാന്ത തടവിനോട് ഞാൻ ഏറെ പൊരുത്തപ്പെട്ടിരുന്നു, വായിക്കാനും പ്രാർത്ഥിക്കാനും എല്ലാം ഏറ്റവും സൗകര്യം ഏകാന്തതയാണെന്ന് എനിക്ക് തോന്നിതുടങ്ങിയിരുന്നു. അത് ഞാൻ പരമാവധി ആസ്വദിക്കാനും തുടങ്ങി. ഒരു നിലയ്ക്ക് നോക്കിയാൽ അതൊരു ഒളിച്ചോട്ടമായിരുന്നു. 60 ഉം 70ഉം പേരുള്ള ബാരക്കുകളിൽ മറ്റുള്ളവരുടെ സങ്കടങ്ങളും വിശമങ്ങളും കേൾക്കുകയും കഴിയാവുന്ന രീതിയിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്ത് ജീവിച്ചു കൊണ്ടിരുന്ന എന്റെ ഒരു ഒളിച്ചോട്ടമായി അതിനെ വ്യാഖ്യാനിക്കാവുന്നതാണ്.
2021ലെ റംസാൻ മാസക്കാലമായിരുന്നു അത്. ആദ്യത്തെ ഏഴു ദിവസമാണ് നോമ്പെടുത്തത്. പിന്നീട് മെയ് ആറു വരെ ജയിൽ ക്ലിനിക്കും കെ.എം മെഡിക്കൽ കോളേജും ഡൽഹി എയിംസിലുമായി കറങ്ങിത്തിരിയുകയാണ്. ഇനി കഷ്ടിച്ച് നാലോ അഞ്ചോ നോമ്പാണ് ബാക്കിയുള്ളത്. നോമ്പെടുക്കരുതെന്ന് ജയിൽ സീനിയർ സൂപ്രണ്ട് എസ്.കെ മൈത്രേയയുടെ കർശനനിർദേശമുണ്ട്. വ്രതം അനുഷ്ടിച്ചില്ലെങ്കിലും ഖുർആൻ പാരായണത്തിലും മറ്റുമായി ഞാൻ സമയം കഴിച്ചുകൂട്ടി. നോമ്പുകാർക്കുള്ള ഭക്ഷണം എനിക്ക് സമയത്തിന് എത്തിച്ച് തന്നിരുന്നു. മുസ്ലീം തടവുകാർ പിരിവെടുത്ത് നോമ്പുകാർക്കായി പ്രത്യേക ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തിരുന്നു. ഭക്ഷണ വിതരണം ചെയ്യാൻ വന്നിരുന്ന തടവുകാരുടെ കൈയ്യിൽ റഈഫ് ശരീഫും മസൂദും ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ ന്യൂസ് പേപ്പറുകൾ കൊടുത്തുവിടുമായിരുന്നു. ന്യൂസ് പേപ്പറിലെ പരസ്യ പേജുകളിലും പ്രിന്റിംഗ് ഇല്ലാത്ത ഭാഗങ്ങളിലും സന്ദേശങ്ങൾ എഴുതിയാണ് പരസ്പരം വിവരങ്ങൾ കൈമാറിയിരുന്നത്. എന്റെ കൂടെ അറസ്റ്റിലായ ടാക്സി ഡ്രൈവർ ആലം, മസൂദ്, അത്തീക്കുറഹ്മാൻ എന്നിവർ ഒരു ബാരക്കിലും പിന്നീട് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന റഊഫ് ശരീഫ് കോവിഡ് ബാധിതനായി മറ്റൊരു ബാരക്കിലുമായിരുന്നു തടവിൽ കഴിഞ്ഞിരുന്നത്. റഊഫ് ശരീഫ് ഒരു റൈറ്റർക്ക് കാശ് കൊടുത്ത് പ്രത്യേകം കോഫി ഉണ്ടാക്കിച്ചിരുന്നു, അതിൽ നിന്ന് ഒരു കപ്പ് എനിക്കും കൊടുത്തയക്കുമായിരുന്നു. വൈകുന്നേരസമയത്ത് സ്വാദിഷ്ടമായ ഒരു കപ്പ് കോഫി എനിക്ക് വലിയ ഉപകാരമായിരുന്നു.
ഒരു ദിവസം വൈകുന്നേരം മൂന്നു മണിയോടടുത്ത സമയം, ഞാൻ ആൽത്തറയിൽ ഇരിക്കുകയായിരുന്നു. ബാക്കി തടവുകാർ എല്ലാം ബാരക്കിലാണ്, ബാരക്ക് തുറക്കാനുള്ള സമയം ആവുന്നതെയുള്ളു. ജയിലർ എം.പി സിങ്, അക്കൗണ്ടന്റ് തിവാരി, ഒന്നു രണ്ട് ശിപായിമാർ ഏതാനും പ്രിസൺ ഓഫീസർമാരായ റൈറ്റർമാർ, നമ്പർദാർമാർ അടങ്ങിയ ഒരു സംഘം ഞാനിരിക്കുന്ന ആൽത്തറ ലക്ഷ്യമാക്കി നടന്നുവരുന്നു. നമ്പർദാർമാരുടെ കൈകളിലെല്ലാം ഫൈബറിന്റെ ലാത്തിയുണ്ട്. ജയിലർ അഹാത്തകളും ബാരക്കുകളും സന്ദർശിക്കുമ്പോൾ ഒന്നോ രണ്ടോ ശിപായിമാരും നാലോ അഞ്ചോ മഞ്ഞ ഉടുപ്പിട്ട നമ്പർദാർമാരും ലാത്തിയുമായി അദ്ദേഹത്തെ അനുഗമിക്കും. ജയിലറും സംഘവും എന്റെ അടുത്തേക്ക് എത്തിയതോടെ, ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റു. ഒരു ചെറുപുഞ്ചിരിയോടെ ജയിലർ എന്നെ അഭിവാദ്യം ചെയ്തു, കുശലാന്വേഷണങ്ങൾ നടത്തി. തൻഹായിയിലെ സൗകര്യങ്ങളെക്കുറിച്ചും മുട്ടയും പാലും പാൽകട്ടിയും ദലിയയും എല്ലാം കിട്ടുന്നില്ലെ എന്നൊക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആശുപത്രിയിൽ മുട്ടയും പാലും വിതരണം ചെയ്യാൻ ചുമതലപ്പെട്ട നമ്പർദാർക്ക് നേരെ തിരിഞ്ഞ്, ‘കപ്പൻ കൊ അണ്ട, ദൂദ്, പനീർ,…സബ് ദേതാ ഹേ ക്യാ,..‘(കാപ്പന് മുട്ടയും പാലും പാൽകട്ടിയും എല്ലാം കൊടുക്കുന്നുണ്ടല്ലോ അല്ലേ) എന്ന് ചോദിച്ചു, അദ്ദേഹം ‘ജി സാബ്‘ എന്ന് മറുപടിയും പറഞ്ഞു. എന്റെ കേസും ആശുപത്രി പ്രവേശനവും എല്ലാം ദേശീയശ്രദ്ധ നേടുകയും മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തതോടെ, ജയിൽ അധികൃതരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ടായിരുന്നു. ഇടക്കൊക്കെ ജയിലറോ ഡെപ്യൂട്ടി ജയിലറോ സർക്കിൾ ഹെഡ് ശിപായിയോ വന്ന് സുഖവിവരം അന്വേഷിക്കുമായിരുന്നു.
എന്നാൽ, ഒരു വൻ പരിവാരവുമായി ഇപ്പോൾ ജയിലർ എഴുന്നള്ളിയതിന് പിന്നിൽ വേറെ എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി. എന്റെ തോന്നൽ തെറ്റിയില്ല. ജയിലറുടെ സുഖാന്വേഷണങ്ങൾ കഴിഞ്ഞതോടെ, അക്കൗണ്ടന്റ് തിവാരി സംസാരം തുടങ്ങി.
‘കപ്പൻ…’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
ജി..സാർ.. എന്ന് ഞാനും മറുപടി പറഞ്ഞു.
തിവാരി തുടർന്നു.
“താങ്കളുടെ വക്കീലന്മാർ സുപ്രീം കോടതിയിൽ കൺടമ്പ്ന്റ് (Contempt of court) ഫയൽ ചെയ്തിട്ടുണ്ട്, ജയിലിനെതിരെ, അതു പിൻവലിക്കാൻ പറയണം. ജയിലിൽ താങ്കൾക്ക് ഞങ്ങൾ എല്ലാ സൗകര്യങ്ങളും ചെയ്ത് തരുന്നില്ലെ,…‘’തുടക്കത്തിൽ വളരെ മാന്യമായിട്ടാണ് പറഞ്ഞു തുടങ്ങിയത്. ഇതിനോടകം, അഡ്വ.വിൽസ് മാത്യൂസ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തിരുന്നു. അക്കാര്യം ഞാനറിഞ്ഞിരുന്നില്ല. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ജയിൽ അധികൃതർ എന്നിവർക്കെതിരെയാണ് ഹരജി ഫയൽ ചെയ്തിരുന്നത്. സുപ്രീം കോടതി ഉത്തരവ് മാനിക്കാതെ, എന്റെ ചികിത്സ പൂർത്തിയാക്കാതെ എയിംസിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്ത കാര്യം എനിക്കറിയില്ലെന്നും ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ അന്വേഷിക്കാമെന്നും മറുപടി പറഞ്ഞു. എന്റെ മറുപടിയിലൊന്നും തൃപ്തിയാകാതെ തിവാരി സംസാരം തുടർന്നു. തുടക്കത്തിലെ സൗമ്യതയും മാന്യതയും എല്ലാം അവസാനത്തേക്ക് കുറഞ്ഞുവന്നു. പിന്നീട് ഭീഷണിയുടെ സ്വരത്തിലാണ് സംസാരം.
“നിങ്ങൾ കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല, കേസ് സർക്കാർ നോക്കികൊള്ളും, പക്ഷെ, താങ്കളെ പോലുള്ള ഹൈ പ്രൊഫൈൽ തടവുകാരെ ഇവിടെ തടവിൽ വെക്കാൻ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഞങ്ങൾ മുകളിലേക്ക് എഴുത്ത് കൊടുക്കും. അപ്പോൾ നിങ്ങളെ എല്ലാവരേയും യു.പിയിലെ വിവിധ ജയിലുകളിലേക്ക് മാറ്റും. നിങ്ങളെ ഓരോരുത്തരേയും വ്യത്യസ്ത ഹൈ സെക്യൂരിറ്റി ജയിലിലേക്കാവും മാറ്റുക. അത് നിങ്ങൾക്ക് തന്നെയാണ് പ്രയാസമാകുക.” തിവാരി ഭയപ്പെടുത്തി ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിക്കുന്നത്. ഇത്രയം കാലം അനുഭവിച്ചതിന്റെ വെളിച്ചത്തിൽ ഇനി ഇതിലും മേലെ എന്ത് വരാൻ എന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്റെ സംസാരം കേട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ. എങ്കിലും അത്തരത്തിലുള്ള ഒരു മറുപടിയും ഞാൻ തിരിച്ചു പറഞ്ഞില്ല. ഞാൻ നേരത്തെ പറഞ്ഞ മറുപടി തന്നെ ആവർത്തിച്ചു. ജയിലറും സംഘവും തിരിച്ചുപോയി.
റമളാൻ മാസമായതിനാൽ, നോമ്പില്ലെങ്കിലും ഖുർആൻ പാരായണവും നിസ്കാരവും പ്രാർത്ഥനയും പുസ്തക വായനയുമായി മനസിനെ പരമാവധി ശാന്തമാക്കി, പാലും മുട്ടയും പാൽകട്ടിയും ദലിയയും ദാലും ചാവലുമായി എന്റെ തൻഹായി ജീവിതം വലിയ അല്ലലില്ലാതെ കടന്ന് പോയി. ദിവസവും രാവിലെയും വൈകുന്നേരവും ഇൻസുലിൻ കുത്തിവെക്കാൻ മാത്രം പുറത്തിറങ്ങും, ബാക്കി മിക്ക സമയവും ഞാൻ തൻഹായിക്കകത്ത് തന്നെ കഴിച്ചു കൂട്ടി. ബാരക്കിന് പുറത്ത് ജയിൽ വളപ്പിൽ നടക്കുമ്പോൾ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിൽപ്പെടുന്ന സ്ഥലത്ത് കൂടി ആയിരിക്കണമെന്ന നിർദേശം നേരത്തെ തന്നെ ഡെപ്യൂട്ടി ജയിലർ സന്ദീപ് നൽകിയിരുന്നു. അതേക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും സുരക്ഷാ പ്രശ്നങ്ങളാണ് കാരണമായി പറഞ്ഞത്. തടവുകാർ ഷേവ് ചെയ്യാൻ ഉപയോഗിച്ച പഴയ ബ്ലൈഡ് കഷ്ണങ്ങളും തടവുകാർക്ക് വെള്ളം കുടിക്കാൻ നൽകുന്ന സ്റ്റീൽ കപ്പിന്റെ ഭാഗങ്ങൾ പൊട്ടിച്ചെടുത്തും സ്റ്റീലിന്റെ സ്പൂണുകൾ കോൺഗ്രീറ്റ് തറയിലും ചുമരിലും ഉരസി മൂർച്ച കൂട്ടിയും ആത്മഹത്യക്ക് ശ്രമിക്കുന്നവരും മറ്റുള്ളവരെ ആക്രമിക്കുന്നതും എല്ലാം ജയിലിൽ ഇടക്കിടെ നടക്കുന്ന സംഭവങ്ങളാണ്. ജയിലിൽ നിന്ന് കോടതിയിലേക്ക് അദാലത്തിന് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തിൽ വെച്ച് ഒരു തടവുകാരനെ കൊലപ്പെടുത്തിയ സംഭവവും മഥുര ജയിലിൽ നടന്നിട്ടുണ്ട്. മഥുര ജില്ലാ ജയിലിൽ രണ്ടു ഡെപ്യൂട്ടി ജയിലർമാരാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾക്ക് നേരെ ജയിലിന് പുറത്ത് വെച്ച് ആക്രമണം നേരിടേണ്ടി വന്നത് ഞാൻ മഥുര ജയിലിൽ ഉണ്ടായിരുന്ന കാലയളവിലാണ്. ആ സംഭവം നടന്നതിന് ശേഷമാണ് ഡെപ്യൂട്ടി ജയിലർ അദ്ദേഹത്തിന്റെ ഓഫീസിൽ വിളിച്ച് വരുത്തി സി.സി.ടി.വി ക്യാമറയുള്ള ഭാഗത്തിലൂടെ മാത്രം സഞ്ചരിക്കണമെന്ന നിർദേശം നൽകിയത്. രാഷ്ട്രീയ എതിരാളികളേയും കുല, ജാതി ശത്രുക്കളെയും വകവരുത്താൻ വേണ്ടി ക്വട്ടേഷൻ ഏൽക്കുന്ന ആളുകൾ ജയിലുകളിൽ എത്തി കൊലപാതകം നടത്തുന്ന സംഭവങ്ങളും ഉത്തർപ്രദേശിൽ സാധാരണമാണ്. എന്റെ കേസ് വലിയ മാദ്ധ്യമ ശ്രദ്ധ നേടിയതോടെ, ജയിൽ അധികൃതർക്ക് എന്റെ സുരക്ഷ ഒരു പ്രധാന പ്രശ്നമായി മാറികൊണ്ടിരുന്നു. ജയിലിനകത്തെ ലൈബ്രറിയിലേക്കോ ക്ലിനിക്കിലേക്കോ മറ്റു ഓഫീസുകളിലേക്കോ പോകുമ്പോൾ എനിക്ക് കൂട്ടായി ഒരു പ്രിസൺ ഓഫീസർ (നമ്പർദാർ) കൂട്ടിനുണ്ടാവുമായിരുന്നു.
എന്റെ കൂടെ അറസ്റ്റിലായവർ ഓരോർത്തരും വല്ലപ്പോഴും എന്നെ കാണാനായി ജയിൽ ക്ലിനിക്കിലേക്ക് വരുമായിരുന്നു. നമ്പർദാർമാരേയും ശിപായിമാരേയും എല്ലാം പാട്ടിലാക്കിയാണ് അത്തരം കൂടിക്കാഴ്ചകൾ നടക്കാറ്. ശിപായിമാർക്ക് അമ്പതോ നൂറോ കൊടുക്കണം. നമ്പർദാർമാർക്കാണെങ്കിൽ, ഒരു തമ്പാക്കുവിന്റെ പാക്കറ്റോ, ഒരു സിഗരറ്റോ വാങ്ങി കൊടുത്താൽ മതിയാവുമായിരുന്നു. ഈ കൂടിക്കാഴ്ചകൾ ഓരോന്നും ചിലവേറിയതായതിനാൽ അത്യാവശ്യങ്ങൾ കൈമാറാൻ പത്രങ്ങളും പുസ്തകങ്ങളും വഴി കുറിപ്പുകൾ കൈമാറുകയായിരുന്നു പതിവ്. കേസിന്റെ തൽസ്ഥിതികൾ, വീട്ടിൽ വിളിച്ച വിവരങ്ങൾ, അവിടെ നിന്ന് കിട്ടുന്ന സാന്ത്വനവാക്കുകൾ എന്നിവയാണ് ഇത്തരം കുറിപ്പുകളിലൂടെ കൈമാറിയിരുന്നത്. കുറിപ്പുകൾ പിടിക്കപ്പെട്ടാൽ നല്ല ശിക്ഷ കിട്ടുമായിരുന്നു. അതിനാൽ, അന്നന്നത്തെ ന്യൂസ് പേപ്പറിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ അച്ചടിച്ച് വരുന്ന പരസ്യ ചിത്രങ്ങളിലും ഒഴിഞ്ഞ പേജുകളിലുമാണ് സന്ദേശങ്ങൾ എഴുതിയിരുന്നത്. കാറുകളുടെ പരസ്യം, ലാപ്ടോപ്പ് പരസ്യങ്ങൾ എന്നിവയായിരുന്നു സന്ദേശങ്ങൾ എഴുതാൻ ഏറ്റവും അനുയോജ്യമായ പ്രതലങ്ങൾ. ഓരോ ദിവസവും പത്രം വരുമ്പോൾ ആദ്യം നോക്കുന്നത് ആ പത്രത്തിൽ കുറിപ്പെഴുതാൻ പറ്റിയ എത്ര പരസ്യമുണ്ട്, എത്ര ഒഴിഞ്ഞ പ്രതലമുണ്ട് എന്നൊക്കെയായിരുന്നു.
ഞാൻ തൻഹായിയിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്താണ്, 2021ലെ ചെറിയ പെരുന്നാൾ വന്നെത്തിയത്. പെരുന്നാൾ നിസ്കാരത്തിനായി ജയിൽ സർക്കിളിൽ, ലൈബ്രി റൂമിന് മുൻവശത്തായുള്ള ഒഴിഞ്ഞ സ്ഥലത്ത് അനുമതി ലഭിച്ചു. ഞാൻ എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വന്നിട്ട് ഒരാഴ്ച തികയുന്നതിന് മുമ്പ് പെരുന്നാൾ ആയതിനാൽ, കോവിഡ് ക്വാറന്റൈന്റെ പേര് പറഞ്ഞ് എന്നെ ഈദ് നിസ്കാരത്തിൽ പങ്കെടുപ്പിക്കാൻ അധികൃതർ ആദ്യം വിസമ്മതിച്ചു. എന്നാൽ എന്റെ കൂടെ അറസ്റ്റിലായ മറ്റുള്ളവർ ഡെപ്യൂട്ടി ജയിലറെ കണ്ട് എന്നെ ഈദ് നിസ്കാരത്തിൽ പങ്കെടുപ്പിക്കാൻ വേണ്ട അനുമതി വാങ്ങുകയായിരുന്നു. ഞാൻ എയിംസിൽ നിന്ന് വന്നതിന് ശേഷം ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് കൂടിയിരുന്നില്ല. എയിംസിൽ ഞാൻ അനുഭവിച്ച പ്രശ്നങ്ങളും അവിടെയുള്ള സമയത്ത് പുറത്ത് നടന്ന കാര്യങ്ങളും എല്ലാമായി ഞങ്ങൾക്ക് കുറേ വിഷയങ്ങൾ പരസ്പരം അറിയാനും പറയാനുമുണ്ട്. അവ പങ്കുവെക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഈദ് കൂടിക്കാഴ്ച. എന്റെ കൂടെ അറസ്റ്റിലായ യു.പി സ്വദേശി അത്തീക്കുറഹ്മാനാണ് പെരുന്നാൾ ഖുതുബ (പ്രസംഗം) നിർവഹിച്ചത്.
എല്ലാ ബാരക്കിൽ നിന്നുള്ള ഇസ്ലാം മതവിശ്വാസികളും പെരുന്നാൾ നിസ്ക്കാരത്തിന് അവിടെ എത്തിച്ചേർന്നിരുന്നു. ഒരേ കേസിൽ ഉൾപ്പെട്ടവരും ഒരേ നാട്ടുകാരും കുടുംബാംഗങ്ങളും എല്ലാം പരസ്പരം കാണാനും സംസാരിക്കാനുമുള്ള ഒരു അവസരമായിട്ടാണ് ഈ സന്ദർഭം ഉപയോഗിച്ചിരുന്നത്. പെരുന്നാൾ നിസ്കാരത്തിന് ശേഷം ഞങ്ങൾ, എന്റെ കേസുമായി ബന്ധപ്പെട്ട എല്ലാവരും അവിടെ നിന്ന് സംസാരിച്ചു. കേസിന്റെ സ്ഥിതിവിവരങ്ങളും പരസ്പരം ആശ്വസിപ്പിക്കലുമാണ് ഇത്തരം കൂടിക്കാഴ്ചകളിലെ പ്രധാന അജണ്ട. പെരുന്നാൾ ദിവസം വിതരണം ചെയ്യുന്നതിനായിട്ട്, നേരത്തെ തന്നെ ജയിലിലെ മുസ്ലീം തടവുകാർ പിരിവെടുത്ത് പായസം പാകം ചെയ്‌തുവെച്ചിരുന്നു. സാമ്പത്തികമായി നല്ല നിലയിലുള്ള ചില തടവുകാർ സ്വന്തം ചിലവിൽ ലഡുവും മധുര പലഹാരങ്ങളും വിതരണം ചെയ്തിരുന്നു. അവ എല്ലാം കഴിച്ചതിന് ശേഷമാണ് എല്ലാവരും സർക്കിളിലെ താൽക്കാലിക ഈദ് ഗാഹിൽ നിന്ന് മടങ്ങിയത്. തടവുകാരിൽ ചിലർ ശിപായിമാർക്കും നമ്പർദാർമാർക്കും പൈസയും സിഗരറ്റും തമ്പാക്കുവും എല്ലാം കൈക്കൂലി കൊടുത്ത് കൂടുതൽ സമയം ഏതെങ്കിലും മരചുവട്ടിലോ ക്യാന്റീനിലോ ഒക്കെയായി സംസാരിച്ച് സമയം തള്ളിനീക്കും. ഈദ് ദിവസങ്ങളിൽ ഈദി (പെരുന്നാൾ ദിവസം സന്തോഷ സൂചകമായി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും പാവപ്പെട്ടവർക്കും മുതിർന്നവർ പൈസ നൽകുന്നതിനാണ് ഈദി എന്ന് പറയുന്നത്) ആവശ്യപ്പെട്ട് കൊണ്ട് ശിപായിമാരും നമ്പർദാർമാരും റൈറ്റർമാരും എല്ലാം മുസ്ലീം തടവുകാരെ സമീപിക്കും. തടവുകാർ മുതൽ ജയിലറും സൂപ്രണ്ടും വരെ ഈദ് മുബാറക് – ഈദ് ആശംസകൾ- എന്ന് പറഞ്ഞ് ആലിംഗനം ചെയ്ത് ഈദി ആവശ്യപ്പെടും. മുസ്ലീം തടവുകാർ അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പത്തും ഇരുപതും അമ്പതും നൂറുമെല്ലാം പെരുന്നാൾ പൈസയായി നൽകുകയും ചെയ്യും.