Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തടവറയിൽ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പൻ ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം പതിനെട്ട്. വര: നാസർ ബഷീർ
ഉത്തർപ്രദേശ് സർക്കാരിന്റെ ശക്തമായ എതിർപ്പ് തള്ളി, ഏപ്രിൽ 28ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് എന്നെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഡൽഹി എയിംസിലേക്കോ രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് കോടതി നിർദേശിച്ചത്. ഏപ്രിൽ 28ന് കോടതി ഉത്തരവിട്ടെങ്കിലും 30ന് ഉച്ചയോടെയാണ് എന്നെ ഡൽഹിയിലേക്ക് കൊണ്ടുപോയത്. അതീവ രഹസ്യമായിട്ടായിരുന്നു എയിംസിലേക്കുള്ള യാത്ര. എന്നെ എയിംസിലേക്ക് മാറ്റുന്ന ദിവസം ജയിലിൽ, തടവുകാർക്ക് ഫോൺ ചെയ്യാനുള്ള സംവിധാനം എല്ലാം നിർത്തലാക്കി. ആരേയും വീട്ടിലേക്ക് ഫോൺ ചെയ്യാൻ അനുവദിച്ചില്ല. എന്നെ ജയിലിൽ നിന്ന് പുറത്തിറക്കുന്ന സമയം പുറത്തറിയാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും ജയിൽ അധികൃതർ എടുത്തിരുന്നു. ഡെപ്യൂട്ടി ജയിലർ സന്ദീപ് ശ്രീവാസ്തവ, ജയിൽ ക്ലിനിക്കിലെ പ്രധാന ഡോക്ടർ സത്യേന്ദർ സോളങ്കി, ഒരു ഡിവൈഎസ്പി, അദ്ദേഹത്തിന് കീഴിൽ ഒരു സബ് ഇൻസ്പെക്ടറും ഏതാനും കോൺസ്റ്റബിൾമാരും ജയിൽ ശിപായിമാരും അടങ്ങിയ ഒരു സംഘത്തോടൊപ്പമാണ് എന്നെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് എന്നെ അറിയിച്ചിരുന്നില്ല. എന്നെ ഒരു ആംബുലൻസിലാണ് കയറ്റിയിരിക്കുന്നത്. ഡെപ്യൂട്ടി ജയിലറും ഡോക്ടറും ഒരു വാഹനത്തിലും ജയിലിൽ നിന്നുള്ള ശിപായിമാർ ഒരു ജിപ്സിയിലും ഡിവൈഎസ്പിയും സംഘവും വേറൊരു വാഹനത്തിലുമായി എന്നെ കയറ്റിയിരിക്കുന്ന ആംബുലൻസിന്റെ മുൻപിലും പിറകിലുമായി ഒരു കാരവനായിട്ടാണ് ഡൽഹിയിലേക്കുള്ള യാത്ര. ഡ്രൈവറും ഞാനും മാത്രമെ ആംബുലൻസിൽ ഉണ്ടായിരുന്നുള്ളു. ആംബുലൻസിന്റെ മുന്നിലായി ഡിവൈഎസ്പിയും സംഘവും യാത്ര ചെയ്യുന്ന വാഹനം അതിന് പിറകിലായി ഡെപ്യൂട്ടി ജയിലറുടെ വാഹനം, ആംബുലൻസിന്റെ പിറകിൽ ജയിൽ ശിപായിമാർ യാത്ര ചെയ്യുന്ന ജിപ്സി എന്ന രീതിയിലാണ് ഡൽഹി യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയിൽ ഞാൻ, ഇരുന്നും കിടന്നും പുറത്തെ കാഴ്ചകൾ കണ്ടും സമയം തള്ളി നീക്കി.
ഉത്തർപ്രദേശ് എസ്.ടി.എഫിന്റെ (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് തെളിവെടുപ്പിന് എന്ന പേരിൽ 2020 ഡിസംബറിലാണ്, ജയിലിൽ ആയതിന് ശേഷമുള്ള എന്റെ ആദ്യത്തെ ഡൽഹി യാത്ര. അതിന് ശേഷം ഒരിക്കൽ കൂടി മഥുരയിൽ നിന്ന് ഡൽഹി വഴി ഞാൻ ഒരു യാത്ര നടത്തിയിരുന്നു, പൊലീസ് അകമ്പടിയോടെ. 2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു ആ യാത്ര. രോഗിയായ എന്റെ ഉമ്മയെ കാണാൻ സുപ്രീം കോടതി അനുവദിച്ച അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യത്തിൽ നാട്ടിൽ പോകുന്നതിനായിട്ടായിരുന്നു അത്.
2021 ഫെബ്രുവരി 15, യാദൃശ്ചികമായിരിക്കാം അന്നെന്റെ ജന്മദിനമായിരുന്നു, സുപ്രീംകോടതി എനിക്ക് ഉമ്മയെ കാണാൻ അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചത് 15നാണെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽ നിന്ന് ഇറങ്ങാൻ രണ്ട് ദിവസമെടുത്തു. ഫെബ്രുവരി 17ന് വൈകുന്നേരം ഡൽഹിയിൽ നിന്നും നേരിട്ട് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. യു.പി പോലീസിന്റെ കെടുകാര്യസ്ഥത മൂലം ആ വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പിന്നീട്, ഡൽഹി-ബാംഗ്ലൂർ-കോഴിക്കോട് കണക്ഷൻ വിമാനത്തിൽ ആണ് യാത്ര ചെയ്തത്. പതിനേഴിന് രാത്രി പത്തരയോടെ വീട്ടിലെത്തേണ്ടിയിരുന്ന ഞാൻ 18ന് രാവിലെ പത്തേ ഇരുപതിനാണ് വീട്ടിലെത്തിയത്. മഥുരയിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഈ യാത്രയായിരുന്നു ജയിലിൽ നിന്നുള്ള എന്റെ രണ്ടാമത്തെ ഡൽഹി യാത്ര.
200 ഓളം കിലോമീറ്റർ യാത്ര ചെയ്ത് വേണം മഥുരയിൽ നിന്ന് റോഡ് മാർഗം ഡൽഹിയിലെത്താൻ. ഈ യാത്രയ്ക്ക് മൂന്ന് മണിക്കൂറിൽ അധികം സമയമെടുക്കും. എന്നെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ എത്തുമ്പോൾ നേരം ഉച്ചയായിരുന്നു. ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നെ ആംബുലൻസിൽ നിന്നിറക്കി, നേരെ കൊണ്ടുപോയത് എയിംസ് ഡയറക്ടറുടെ ഓഫീസിന് മുന്നിലേക്കാണ്. സ്റ്റെതസ്കോപ്പ് കഴുത്തിലണിഞ്ഞ ഡോക്ടർ സത്യേന്ദർ സോളങ്കിയും ഡെപ്യൂട്ടി ജയിലർ സന്ദീപ് ശ്രീവാസ്തവയും ഓഫീസിനകത്തേക്ക് കയറിപ്പോയി. ഏതാനും സമയങ്ങൾക്ക് ശേഷം അവർ തിരികെവന്നു. കൂടെ, ഒരു സ്ട്രെച്ചറുമായി ആശുപത്രി ജീവനക്കാരനും. പൊലീസ് പടയുടെ മധ്യത്തിൽ, ഡയറക്ടറുടെ ഓഫീസിന് പുറത്ത് കാത്തുനിൽക്കുന്ന എന്നോട് സ്ട്രെച്ചറിൽ കയറി കിടക്കാൻ ആവശ്യപ്പെട്ടു. ഞാൻ സ്ട്രെച്ചറിൽ കയറി കിടന്നു. സ്ട്രെച്ചറിൽ എന്നെയും വഹിച്ചുകൊണ്ട് അദ്ദേഹം എങ്ങോട്ടോ പോവുകയാണ്. സ്ട്രെച്ചറിനു ചുറ്റും ആയുധമേന്തിയവരും അല്ലാത്തവരുമായ ഒരു ഡസനോളം പൊലീസുകാർ. എയിംസിന്റെ തിരക്കുകൾക്കിടയിലൂടെ, സ്ട്രെച്ചറിൽ മലർന്ന് കിടന്ന് എയിംസിന്റെ മേൽക്കൂരയും നോക്കി കൊണ്ട് ഞാനങ്ങനെ കിടന്നു. എയിംസിൽ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും എല്ലാം എന്നെ സഹതാപത്തോടെ നോക്കുന്നത്, അവർക്ക് മുഖം കൊടുക്കാതെ ഇടം കണ്ണിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. സ്ട്രെച്ചറിന് ചുറ്റും പോലീസ് ഉണ്ടായതിനാൽ, എയിംസിന്റെ ഇടനാഴികളിലെ തിരക്കൊന്നും വകഞ്ഞുമാറ്റേണ്ട ഗതികേട് സ്ട്രെച്ചർ വലിക്കുന്ന ആശുപത്രി ജീവനക്കാരനില്ലായിരുന്നു, എല്ലാവരും സ്വമേധയാ വഴിമാറികൊടുക്കുന്നുണ്ടായിരുന്നു.
എന്നെയും വഹിച്ചുകൊണ്ടുള്ള സ്ട്രെച്ചർ ചെന്ന് നിന്നത് ഒരു കൊറോണ വാർഡിലായിരുന്നു. ശ്വാസം വലിക്കാൻ പ്രയാസപ്പെടുന്ന നിരവധിയാളുകൾ, വെള്ള പുതച്ച് മൃതശരീരങ്ങൾ എന്നിവയാണ് എന്റെ തലങ്ങും വിലങ്ങും കിടക്കുന്നത്. അരമണിക്കൂറിൽ അധികം ഞാൻ അതേ സ്ട്രെച്ചറിൽ ഒരേ കിടപ്പ് കിടന്നു. ഇവിടെ ഇപ്പോൾ പൊലീസും ആരവവും ഒന്നുമില്ല. സ്ട്രെച്ചറിൽ ഞാൻ മാത്രം. ആരും ആരേയും ശ്രദ്ധിക്കുന്നില്ല. ജീവനുള്ളവർ ജീവവായു നിലനിർത്താനുള്ള തത്രപ്പാടിലാണ്. ആത്മാവ് യാത്ര പറഞ്ഞ ചില ശരീരങ്ങൾ വെള്ള പുതച്ച് ദീർഘ നിദ്രയിലാണ്. എന്റെ വലത് വശത്തെ സ്ട്രെച്ചറിൽ കൃത്രിമ ശ്വാസോച്ഛ്വാസ യന്ത്രം ഘടിപ്പിച്ച് വളഞ്ഞ്കുത്തിയിരിക്കുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീ നിലത്തേക്ക് വീണു. ആ ശബ്ദം കേട്ടതോടെ ഒന്ന് രണ്ട് സിസ്റ്റർമാരും ഹൗസ് സർജൻമാരും ഓടി വന്നു, അവരെ സ്ട്രെച്ചറിലേക്ക് തന്നെ എടുത്ത് കിടത്തി. ആ കൂട്ടത്തിൽ വന്ന ഒരു ഹൗസ് സർജൻ എന്റെ സ്ട്രെച്ചറിൽ കിടന്നിരുന്ന പേഷ്യന്റ് ഫയൽ എടുത്തുനോക്കി. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. എന്റെ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും എല്ലാം കോവിഡ് പരിശോധനയ്ക്കുള്ള സാമ്പിളുകളും കൈയ്യിൽ നിന്ന് രക്തവും ശേഖരിച്ചു. പിന്നെയും മണിക്കൂറുകൾ അവിടെ തന്നെ കിടത്തി. എങ്ങും ശ്മശാന മൂകത. കണ്ണെത്തും ദൂരത്തെങ്ങും എന്റെ കൂടെ വന്ന പൊലീസുകാരെയോ ജയിൽ ശിപായിമാരെയോ കാണുന്നില്ല. രണ്ട് മൂന്ന് മണിക്കൂർ നീണ്ട യാത്രയും ശീതീകരിച്ച റൂമിന്റെ തണുപ്പും ഞാൻ പതുക്കെ ഉറക്കിലേക്ക് വഴുതിവീണു. ഞാൻ കണ്ണ് തുറക്കുമ്പോൾ സി.ടി സ്കാൻ ചെയ്യുന്ന റൂമിന്റെ അകത്താണ് എന്നെ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ സ്ട്രെച്ചറിന് ചുറ്റുമായി രണ്ട് മൂന്ന് പൊലീസുകാരുണ്ട്. സി.ടി സ്കാനിങ് അടക്കമുള്ള ഏതാനും പരിശോധനകൾ പൂർത്തിയാക്കി എന്നെ എയിംസിന്റെ ഒന്നാം നിലയിലുള്ള വാർഡിലേക്ക് മാറ്റി. വാർഡിൽ എനിക്ക് കൂട്ടുണ്ടായിരുന്നത്, രണ്ട് പൊലീസ് ഗൺമാൻമാരും ഒരു ജയിൽ ശിപായിയുമായിരുന്നു. മലയാളി നഴ്സുമാരുടേയും ഡോക്ടർമാരുടെയും ആത്മാർത്ഥമായ പരിചരണം എനിക്ക് അവിടെ വെച്ച് ലഭിച്ചു. എന്നെ എയിംസിലേക്ക് മാറ്റിയ വിവരം ചാനലുകളിലൂടെ അറിഞ്ഞ ചില മലയാളി നഴ്സുമാരും ജൂനിയർ ഡോക്ടർമാരും എന്നെ കാണാനായി വന്നിരുന്നു.
മെയ് ഒന്നിന് എന്റെ ഭാര്യയും മകനും എന്നെ കാണാനായി കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് വന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ എന്റെ ഭാര്യയേയും മകനേയും അവിടെ നിന്ന് പിക് ചെയ്യാൻ വാഹനം അയച്ചത് രാജ്യസഭാംഗമായ പി.വി അബ്ദുൽ വഹാബ് എം.പിയായിരുന്നു. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയും വാഹനവും അവർക്കായി വിട്ടുകൊടുത്ത് എം.പി ചെയ്ത സഹായം എന്റെ കുടുംബത്തിന് വലിയ ആശ്വാസമായി.
കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ, ഡൽഹിയിലെ എന്റെ സഹപ്രവർത്തകരായ പത്രപ്രവർത്തക യൂണിയൻ അംഗങ്ങൾ പലരും നാട്ടിലായതിനാലും ജോലി തിരക്ക് കാരണവും ആർക്കും എന്റെ കുടുംബത്തോടൊപ്പം എയിംസിലേക്ക് വരാൻ സാധിച്ചിരുന്നില്ല. അതേസമയം, ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ (ജെ.എൻ.യു) ഗവേഷണ വിദ്യാർത്ഥിയും മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.എസ് ഹരിഹരൻ സഖാവിന്റെ മകനുമായ അപ്പുവിന്റെ സാന്നിദ്ധ്യം ഈ സമയത്ത് കുടുംബത്തിന് വലിയ ഉപകാരമായി. മെയ് ഒന്നിന് തന്നെ അപ്പുവിനോടൊപ്പം എന്റെ ഭാര്യയും മകനും എയിംസിലെത്തി എന്നെ കാണാൻ ശ്രമമാരംഭിച്ചു. എന്നാൽ, എന്നെ കാണാൻ അവർക്ക് യു.പി പോലീസ് അനുമതി നിഷേധിച്ചു. എന്നെ കിടത്തിയിരുന്ന വാർഡിന്റെ പുറത്ത് വരെ അവർ വന്നെങ്കിലും അവർക്ക് എന്നെ കാണിച്ച് കൊടുത്തില്ല. എന്നെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന മെയ് ആറ് വരെ അവർ എന്നെ കാണാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. രാഷ്ട്രീയ, ഉദ്യോഗസ്ഥ, നിയമ വഴികളിലൂടെ എല്ലാം അവർ പരിശ്രമിച്ച് നോക്കി. എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് അഡ്വക്കേറ്റ് വിൽസ് മാത്യൂസ് മുഖേന മഥുര കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കൂടാതെ, കാപ്പനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസറ്റിസിന് റൈഹാനത്ത് കത്തയക്കുകയും ചെയ്തു. മഥുര കോടതിക്ക് മുൻപിലുള്ള ഹരജിയും ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ മുൻപാകെയുള്ള കത്തും ഒന്നും ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയില്ല.
ഇതേസമയം, ഒരു രോഗിക്ക് ലഭിക്കേണ്ട പരിചരണം ഒന്നുമില്ലാതെ മൂന്ന് യൂണിഫോം ധാരികളുടെ നിരീക്ഷണത്തിൽ, ദിവസവും രണ്ട് നേരം വന്ന് രക്തത്തിലെ ഷുഗർ ലെവൽ പരിശോധിക്കുന്ന സിസ്റ്റർമാരുടെ മാത്രം ശ്രദ്ധയിൽ കഴിഞ്ഞു കൂടുകയായിരുന്നു ഞാൻ. ഇടക്ക് വന്ന് പരിശോധിച്ചു പോകുന്ന ഡോക്ടർമാർ എന്നെ പരിചരിക്കേണ്ട നിർദേശങ്ങൾ നൽകുന്നത് എനിക്ക് കൂട്ടിരിക്കുന്ന പൊലീസുകാർക്കാണ്. അവർ ഒരു ചെവിയിലൂടെ കേട്ട് മറ്റെ ചെവിയിലൂടെ വിട്ടുകളയുകയാണ് പതിവ്. എല്ലാ ദിവസവും മൂത്രത്തിന്റെ അളവ് എടുക്കേണ്ടതും മറ്റുമുള്ള നിർദേശങ്ങൾ ഒന്നും അവർ ഒരു ദിവസം പോലും പാലിച്ചിരുന്നില്ല. എന്നാൽ, ടോയ്ലറ്റിലേക്ക് മൂത്രമൊഴിക്കാൻ പോകാൻ വരെ തോക്കേന്തിയ പൊലീസുകാരന്റെ അനുമതിയും അകമ്പടിയും നിർബന്ധമായിരുന്നു. രണ്ട് ദിവസത്തെ, ജനറൽ വാർഡ് വാസത്തിന് ശേഷം എന്നെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി. അവിടേക്ക് പോലീസിന് പ്രവേശനമില്ലായിരുന്നു. എയിംസിലെ ഒരാഴ്ച കാലത്തെ ആശുപത്രി വാസത്തിൽ ഞാൻ അൽപം സ്വസ്ഥമായി കിടന്നത് ഇവിടെയായിരുന്നു. എയിംസിലെ നഴ്സുമാരുടെ ഗൃഹതുല്യമായ പരിചരണവും ഹൃദ്യമായ പെരുമാറ്റവും അനുഭവിച്ച ദിവസങ്ങളായിരുന്നു അത്. ഭാര്യയും മകനും അഭിഭാഷകനുമെല്ലാം എന്നെ കാണാനായി എയിംസിൽ എത്തിയ കാര്യവും അവർക്ക് എന്നെ കാണാൻ അനുമതി ലഭിക്കാത്ത കാര്യവും സിസ്റ്റർമാർ മുഖേനയാണ് ഞാൻ അറിഞ്ഞത്. ഡൽഹിയിലെ എന്റെ മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കൾ എയിംസിലെ അവർ അറിയുന്ന ജീവനക്കാരെ ബന്ധപ്പെട്ട് എന്നെ കുറിച്ചുള്ള വിവരങ്ങൾ നിരന്തരം മനസ്സിലാക്കുന്നുണ്ടായിരുന്നു. ഒരു സിസ്റ്റർ എനിക്ക് അവർ വീട്ടിൽ വെച്ച് പാകം ചെയ്ത ഭക്ഷണം വരെ കൊണ്ടുവന്ന് തന്നിരുന്നു. കൂടാതെ, അവരുടെ ഫോണിൽ നിന്ന് എന്റെ ഭാര്യയെ വിളിച്ച് എന്റെ അസുഖ വിവരങ്ങളും മറ്റും അവരെ അറിയിക്കുകയും എനിക്ക് ഒരു തവണ സംസാരിക്കാൻ അവസരമൊരുക്കി തരികയും ചെയ്തിരുന്നു. എന്നെ ഒന്ന് നേരിൽ കാണാനായി കേരളത്തിൽ നിന്നും ഡൽഹിയിലെത്തിയ എന്റെ കുടുംബം ഒരാഴ്ചയാണ് എയിംസിന്റെ വാതിൽ പടിക്കൽ കാത്തുകെട്ടി കിടന്നത്. പി.വി അബ്ദുൽ വഹാബ് എം.പിയുടെ ഡൽഹിയിലെ വസതിയിലും ‘ദ കാരവൻ’ മാഗസിനിൽ ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവർത്തക സുഹൃത്തിന്റെ റൂമിലുമായിരുന്നു എന്റെ കുടുംബം ഇക്കാലയളവിൽ താമസിച്ചിരുന്നത്. ഇത്തരത്തിൽ തീർത്താൽ തീരാത്ത കടപ്പാടുള്ള നിരവധി പേരുകൾ പരാമർശിക്കപ്പെടേണ്ടതുണ്ട്. പലപേരുകളും ഓർത്തെടുക്കാനുള്ള പ്രയാസവും അവരുടെ എല്ലാം നിസ്വാർത്ഥമായ സേവനങ്ങളും സഹായങ്ങളും നന്ദി വാക്കിൽ ഒതുക്കാൻ സാധിക്കാത്തതിനാലും ഇവിടെ ഉദ്ധരിക്കുന്നില്ല.
ഉത്തർപ്രദേശ് സർക്കാർ എനിക്കൊപ്പം എയിംസിലേക്ക് നിയോഗിച്ച പൊലീസ് സംഘത്തിലെ സബ് ഇൻസ്പെക്ടർ നിരന്തരം ആശുപത്രി ജീവനക്കാരെ, എന്നെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യിക്കാൻ നിർബന്ധിച്ചുകൊണ്ടെയിരുന്നു. എന്നെ പരിശോധിക്കാൻ വരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹം ഒരു തലവേദനയായി മാറി. ഡോക്ടർമാർ നിർദേശിച്ച പരിശോധനകൾ മുഴുവൻ പൂർത്തിയാക്കാതെ മെയ് ആറിന് രാത്രിയോടെ എന്നെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ജയിൽ സെല്ലിനകത്ത് വീണതുമൂലം ഇളകിയ പല്ലുകളുടെ പരിശോധനയോ താടിയെല്ലിന്റെ പൊട്ടലുകളോ ഒന്നും ചികിത്സിക്കാതെയാണ് എന്നെ അടിയന്തിരമായി എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അസുഖം ഭേദമായ ശേഷമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാവൂ എന്ന് ഏപ്രിൽ 28ന്റെ സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അവ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ്, കോവിഡ് പൊസിറ്റീവായിരിക്കെ എന്നെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഉത്തർപ്രദേശ് പൊലീസിന്റെ ഈ നടപടിക്കെതിരെ പിന്നീട്, അഡ്വക്കേറ്റ് വിൽസ് മാത്യൂസ് മുഖേന കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ കോടതീയലക്ഷ്യ ഹരജി ഫയൽ ചെയ്തു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ജയിൽ സൂപ്രണ്ട് എന്നിവർക്കെതിരെയാണ് കോടതീയാലക്ഷ്യ ഹരജി ഫയൽ ചെയ്തത്. ചികിത്സ പൂർത്തിയാക്കാതെ, മെയ് ആറിന് എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും ജയിലിൽ വീണതിനെ തുടർന്ന് പല്ലിനേറ്റ പരിക്കിന്റെ ചികിത്സ ബാക്കി നിൽക്കെയാണ് ഡിസ്ചാർജ് ചെയ്തത് എന്നും ചൂണ്ടികാട്ടിയാണ് ഹരജി നൽകിയിരുന്നത്.
മെയ് ആറിന് വൈകുന്നേരം ഏഴ് മണിക്കാണ് ഔദ്യോഗികമായി എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അതിന് ശേഷം വാർഡിൽ നിന്ന് പുറത്തിറക്കി, മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിന് പുറത്തെ തറയിൽ ഇരുത്തി. ആംബുലൻസ് പോലും തരപ്പെടുത്താതെയാണ് ആശുപത്രിയിൽ നിന്ന് എന്നെ പുറത്തെത്തിച്ചിരിക്കുന്നത്. ആംബുലൻസ് വന്ന് എന്നെ ജയിലിലെത്തിക്കുമ്പോൾ അർദ്ധരാത്രി ഒന്നേ ഇരുപതായിരുന്നു.
ജയിലിൽ എത്തിയപ്പോൾ ബാരക്കുകളും ജയിൽ ക്ലിനിക്കും എല്ലാം അടച്ചുപൂട്ടിയിരുന്നു. അവയൊന്നും ആ സയമത്ത് തുറന്ന് എന്നെ പ്രവേശിപ്പിക്കാൻ തയ്യാറാവാതിരുന്ന, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഹെഡ് ശിപായി ധർമേന്ദ്ര യാദവ് എന്നെ കൊണ്ടുപോയത്, കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഒരു ഏകാന്ത തടവറയിലേക്കാണ്. ജയിൽ ക്ലിനിക്കിന് സമീപത്തായി സഥിതിചെയ്യുന്ന ആ തൻഹായിയി, ഒരു ഇന്ത്യൻ ക്ലോസറ്റ് ഫിറ്റ് ചെയ്ത വൃത്തിഹീനമായ ഒരു ടോയ്ലറ്റിന്റെ നീളവും വീതിയുമുള്ള ഇടുങ്ങിയ റൂമാണ്. ചണംകൊണ്ടുള്ള കീറിപറിഞ്ഞ കുറെ ചാക്കുകളും ഉപേക്ഷിക്കപ്പെട്ട ഒരു ഇന്ത്യൻ ക്ലോസറ്റും കുറെ ചപ്പുചവറുകളും നിറഞ്ഞ ആ മുറിയിലാക്കി പുറത്തുനിന്ന് ലോക്ക് ചെയ്ത് ഞങ്ങൾ യാദവ് ജി എന്ന് വിളിക്കുന്ന അദ്ദേഹം പോയി. ഇപ്പോൾ തൽക്കാലം ഇവിടെ കിടക്ക്, നേരം പുലരാനായി, രാവിലെ ആറു മണിക്ക് ബാരക്ക് തുറക്കുമ്പോൾ നിന്നെ ഇവിടെ നിന്നും മാറ്റിത്തരാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോയത്. അതിനകത്ത് ഒന്ന് ഇരിക്കാൻ പോലുമുള്ള സൗകര്യമോ വൃത്തിയോ ഇല്ലായിരുന്നു. ഞാൻ നേരം പുലരും വരെ ഉറങ്ങാതെ കൊതുകിന്റെ കടിയും മൂളിപ്പാട്ടും കേട്ട് കഴിച്ചുകൂട്ടി. ഓരോ രാത്രിക്കും അടുത്തത് പ്രതീക്ഷയുടെ പുതിയ പുലരിയാണ് എന്ന് മനസ്സിൽ കരുതിയാണ് ഞാൻ സമയം തള്ളി നീക്കുന്നത്.
ആകാശത്ത് വെള്ള കീറുന്നതും കാത്ത് തൻഹായിയുടെ (ഏകാന്ത തടവറ) ഇരുമ്പ് അഴികളും പിടിച്ച് ആകാശത്തേക്ക് കണ്ണും നട്ട് ഞാൻ കാത്തിരുന്നു. അറിയാവുന്ന പ്രാർത്ഥനാ വാചകങ്ങൾ അറബിയിലും മലയാളത്തിലും ഉരുവിട്ട് കൊണ്ടാണ് ഞാൻ നിൽക്കുന്നത്. ഊരയും കാലും വല്ലാതെ വേദനിക്കുമ്പോൾ ആ മുഷിഞ്ഞ തറയിൽ ചാക്കുകൾ അട്ടിയിട്ട് അതിൽ ഇരിക്കും. ജീവിതത്തിൽ ഏറ്റവും ദൈർഘമേറിയ രാത്രി, ആ നാലര മണിക്കൂർ സമയത്തിനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. കിളികൾ പുതിയ പ്രഭാതത്തിന്റെ വരവ് അറിയിച്ച് കലപില ശബ്ദമുണ്ടാക്കി തുടങ്ങി. സമയമറിയാൻ വാച്ചോ ക്ലോക്കോ ഒന്നുമില്ല. ആറു മണിയായാൽ ജയിൽ ക്ലിനിക്കിന്റെ ബാരക്ക് തുറക്കും, അത് തുറക്കാൻ വരുന്ന ശിപായി എന്നെ ബന്ദിയാക്കിയിരിക്കുന്ന തൻഹായിയും തുറക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ.
ആറു മണി അറിയിച്ചുകൊണ്ട് ജയിൽ സർക്കിളിൽ നിന്ന് മണി നാദം മുഴങ്ങി. സർക്കിളിൽ ഡ്യൂട്ടിയിലുള്ള ശിപായിമാരിൽ ഒരാൾ അവിടെ സ്ഥാപിച്ച ഇരുമ്പ് തകിടിൽ ഒരു ചുറ്റിക കൊണ്ട് അടിച്ചാണ് ഓരോ മണിക്കൂറിലും സമയം അറിയിക്കുന്നത്. പല ദിവസങ്ങളിലും ഈ മണി നാദം ഞാൻ കേൾക്കാറില്ല, ബെല്ല് അടിക്കുന്ന ശിപായിയുടെ കൃത്യനിഷ്ഠയും പ്രായവും ആരോഗ്യവും അനുസരിച്ച് ചിലപ്പോൾ ബെല്ല് അടിക്കാതിരിക്കുകയോ ചെറിയ ശബ്ദത്തിൽ അടിക്കുന്നതുകൊണ്ടോ ആണ് ആ ശബ്ദം പലപ്പോഴും കേൾക്കാതിരിക്കാൻ കാരണം. ഇന്ന് പക്ഷേ, ഞാൻ ആ മണി നാദത്തിന് കാതോർത്തിരിക്കുകയാണ്. അതുകൊണ്ടായിരിക്കാം ഇന്ന് ഞാൻ ആ ശബ്ദം വളരെ വ്യക്തമായി തന്നെ കേട്ടു. ജയിൽ ക്ലിനിക്ക് ബാരക്കിന്റെ ചുമതലയുള്ള ശിപായി ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്ത തടവുകാരെ തുറന്നുവിട്ടു. തുടർന്ന് ക്ലിനിക്കിന് സമീപത്തുള്ള മറ്റു തൻഹായികൾ എല്ലാം തുറന്നുകൊടുത്തു. തടവുകാർ എല്ലാം പുറത്തുകടന്നു. പലരും ബാത്ത്റൂമുകൾക്ക് മുന്നിൽ ക്യൂ നിൽക്കാനായി തിടുക്കത്തിൽ ബീഡിക്ക് തീ കൊടുത്ത് തിക്കിത്തിരക്കി ഓടുകയാണ്. ജയിലിലെ ഓരോ പകലിലേയും നിത്യകാഴ്ചയാണിത്. ആദ്യമാദ്യം ഓടി സ്ഥാനം പിടിച്ചവർ എല്ലാം പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ച ആശ്വാസത്തിൽ പുറത്തേക്ക് വന്ന് തുടങ്ങി. അപ്പോഴും ഞാൻ എന്റെ തടവറ തുറക്കുന്നതും പ്രതീക്ഷിച്ച് നിൽക്കുകയാണ്. അതിനിടെ എന്നെ തടവിലാക്കിയ തൻഹായിക്ക് അടുത്ത് വന്ന് ചില തടവുകാർ കുശലാന്വേഷണം നടത്താൻ വന്നു. അവരിൽ പലരോടും ഞാൻ എന്നെ തുറന്നുവിടാൻ പറയുന്നതിന് വേണ്ടി ശിപായിയെയോ നമ്പർദാർമോരെയോ റൈറ്റർമാരേയോ വിളിക്കാൻ പറഞ്ഞുവിട്ടു. എന്നാൽ എന്നെ തുറന്നുവിടാൻ ഒരു ശിപായിയോ റൈറ്റർമാരോ ആരും തന്നെ വന്നില്ല. അവരുടെ കൈയ്യിൽ എന്നെ ബന്ധിയാക്കിയിരിക്കുന്ന തൻഹായിയുടെ ചാവി ഇല്ലെന്നാണ് അതിന് കാരണം പറഞ്ഞത്.
ഉച്ചയ്ക്ക് 12 മണിയോടെ, ജയിലറും സംഘവും വന്നതിന് ശേഷമാണ് കൊതുകും പൊടിയും നിറഞ്ഞ വൃത്തിഹീനമായ ആ തടവറയിൽ നിന്ന് എന്നെ പുറത്തുവിട്ടത്. എന്നെ അവിടെ തടവിൽ വെച്ചതിന് ധർമ്മേന്ദ്ര യാദവിന് ജയിലറുടെ വക എന്റെ മുന്നിൽ വെച്ച് ‘ശകാരവും’ ലഭിച്ചു. ആ സെല്ലിൽ നിന്ന് മോചിപ്പിച്ച ഉടനെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ ജയിലർ എന്നെ അനുവദിച്ചു. ആശുപത്രി ബാരക്കിലെ ഫോൺ കേടായതിനാൽ, ഞാൻ ഉടൻ തന്നെ ഒമ്പതാം നമ്പർ ബാരക്കിലേക്ക് ഓടി. ഞാൻ ഭാര്യ റൈഹാനത്തിന്റെ ഫോണിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഞാൻ ഫോൺ ചെയ്യുമ്പോൾ ഭാര്യയും മകനും ഡൽഹിയിൽ തന്നെയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അവർ ഡൽഹിയിൽ എത്തിയിട്ട്, എന്നെ എയിംസിൽ വന്ന് കാണാൻ ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ ഡൽഹിയിലേക്കെത്തിയത്.
എന്റെ ചികിത്സ പൂർത്തിയാക്കാതെ, പൊലീസ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയ വിവരം എയിംസിൽ എന്നെ പരിചരിച്ചിരുന്ന സിസ്റ്റർ എന്റെ ഭാര്യയെ തലേന്ന് രാത്രി തന്നെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ, അതൊരു ഔദ്യോഗിക അറിയിപ്പ് അല്ലാത്തതിനാൽ അക്കാര്യം ഭാര്യം പുറത്ത് പറഞ്ഞിരുന്നില്ല. ഞാൻ ജയിലിൽ നിന്ന് വിളിച്ചറിയിച്ചതിന് ശേഷമാണ് ഭാര്യ ഇക്കാര്യം മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കുന്നതും ആ വിവരം വാർത്തയാകുന്നതും. (തുടരും)