സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധങ്ങൾ

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത നടത്തിയ ശക്തമായ വാദങ്ങള്‍ തള്ളിക്കൊണ്ട് എന്നെ ഡല്‍ഹിയിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഡല്‍ഹിയിലെ എയിംസ്, ആര്‍.എം.എല്‍ പോലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതില്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചികിത്സയ്ക്ക് ശേഷം കാപ്പന്‍ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സൊളിസിറ്റര്‍ ജനറല്‍ പരമോന്നത നീതിപീഠത്തിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ നടത്തിയ വാദങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വരും കാലങ്ങളില്‍ നിയമ വിദ്യാര്‍ത്ഥികള്‍ പഠന വിധേയമാക്കേണ്ട രേഖകളായി അത് രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നുണ്ട്. ഒരു മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ എങ്ങനെ എല്ലാം തെറ്റിദ്ധരിപ്പിച്ച് പരിഹാസ്യമാക്കി എന്നതിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരണം.

കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനായി ഒരു കിടക്ക ഒഴിച്ചിടാന്‍ കോടതി പ്രത്യേകം നിര്‍ദേശം നല്‍കണമെന്ന വിചിത്രമായ (പരിഹാസം കലര്‍ന്ന) വാദവും സൊളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. കോവിഡ് പോസിറ്റീവായ ഒരാളെ നീക്കി ആ കിടക്ക കാപ്പന് നല്‍കണമെന്ന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കോടതിയില്‍ ഉന്നയിച്ചിരുന്നു. സെളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ച ചില അപഹാസ്യവും അസത്യവുമായ വാദങ്ങള്‍ പ്രധാന ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു :
Mehta contended that ‘thousands of honest tax payers’ were getting treated at the Mathura hospital and that many with serious health problems were getting treatment in UP. “Why should the accused get special treatment just because a so-called association of journalists has filed a habeas corpus petition? Why should an accused who is associated with a banned organization get preferential treatment over honest tax payers,” he asked, adding that there would be people with comorbidities in every jail.

‘ആയിരക്കണക്കിന് സത്യസന്ധരായ നികുതിദായകര്‍’ മഥുര ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള പലരും യു.പിയില്‍ ചികിത്സയിലാണെന്നും സത്യസന്ധരായ നികുതി ദായകരേക്കാള്‍ മുന്‍ഗണന ഒരു പ്രതിക്ക് നല്‍കുന്നത് എന്തിനാണെന്നുമായിരുന്നു തുഷാര്‍ മെഹ്തയുടെ വാദം.

തുഷാര്‍ മെഹ്ത

ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേ വഴിയാണ് ഞങ്ങള്‍ ഹാത്രസിലേക്ക് പുറപ്പെട്ടത്, ജേവര്‍ ടോള്‍ പ്ലാസയില്‍ 450 രൂപ നികുതി കൊടുത്താണ് ഞാന്‍ യാത്ര ചെയ്തത്. എന്നിട്ടും, സൊളിസിറ്റര്‍ ജനറല്‍ പറഞ്ഞ ആ ‘സത്യസന്ധരായ’ നികുതിദായകരില്‍ ഞാനില്ല! പരമോന്നത കോടതിയെ ഒരു മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിപ്പിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഇത് തന്നെ ധാരാളം. ഏപ്രില്‍ 27ന്, മഥുരയിലെ കെ.എം മെഡിക്കല്‍ കോളേജിലെ ആശുപത്രി വാസം കഴിഞ്ഞ്, ജയിലില്‍ തിരിച്ചെത്തിയപ്പോഴാണ് സുപ്രിം കോടതിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ഞാന്‍ അറിയുന്നത്.

27ന് പകല്‍ ജയിലില്‍ എത്തിയ എനിക്ക് ജയില്‍ ക്ലിനിക്കിലെ കട്ടിലാണ് ലഭിച്ചത്. എന്റെ ആശുപത്രി വാസവും അവിടത്തെ പരിചരണവും ജനശ്രദ്ധ നേടിയത് കൊണ്ടാവാം ആശുപത്രിയില്‍ നല്ല പരിചരണമാണ് ലഭിച്ചത്. രോഗികളും വൃദ്ധരുമായ പലരും ക്ലിനിക്കിലെ തറയില്‍ കിടക്കുന്നതിനാല്‍ കട്ടിലിലെ കിടത്തം എനിക്ക് മാനസികമായി പൊരുത്തപ്പെടുന്നില്ലായിരുന്നു. ജയില്‍ ബാരക്കിലായാലും ക്ലിനിക്കിലായാലും ബാത്ത്റൂമിന്റെ സമീപത്ത് സ്ഥാനം ലഭിക്കുന്നത് എപ്പോഴും താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ്. ടി.വിയുടെ അടുത്തും കൂളറിന്റെ അടുത്തുമെല്ലാം വി.ഐ.പികള്‍ സ്ഥാനം പിടിച്ചിരിക്കും. ജയില്‍ ക്ലിനിക്കില്‍ ബാത്ത്റൂമില്‍ നിന്ന് ഒരു കട്ടില്‍ ദൂരത്ത് ഒരു കൂളറിന്റെ സമീപത്താണ് എനിക്ക് കട്ടില്‍ ലഭിച്ചിരിക്കുന്നത്. ഞാന്‍ കിടക്കുന്ന കട്ടിലില്‍ നിന്ന് ഒരു മീറ്റര്‍ അകലത്തില്‍ മറ്റൊരു കട്ടില്‍, അത് ബാത്ത്റൂമിന്റെ വാതിലിനോട് ചാരിയാണ് കിടക്കുന്നത്. ബാത്ത്റൂമിന്റെ ദുര്‍ഗന്ധവും വൃത്തികേടുകളും എല്ലാം സഹിക്കേണ്ടത്, ഈ രണ്ടു കട്ടിലില്‍ കിടക്കുന്നവരാണ്. ആശുപത്രിയില്‍ നിന്ന് ‘മോചിതനായി’ ജയിലില്‍ എത്തിയ ഞാന്‍ വലിയ ആശ്വാസത്തിലാണ്. മറ്റൊന്നും നോക്കാതെ കിട്ടിയ കട്ടിലിനടിയില്‍ എന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ വെച്ച് കട്ടിലില്‍ കയറി കിടന്നു. ഒന്ന് കണ്ണു മാളിയപ്പോഴേക്കും എന്നെ വിളിക്കാന്‍ ക്ലിനിക്കിന്റെ ഉത്തരവാദിത്തമുള്ള റൈറ്റര്‍ സഞ്ജയ് വന്നു.

‘സിദ്ദിഖി ഭായി ആപ്കോ മില്‍നെ കേലിയെ റഊഫ് ഭായ് ആഗയ’ (സിദ്ദിഖ് ഭായ് താങ്കളെ കാണാനായി റഊഫ് ഭായ് വന്നിട്ടുണ്ട്) പതുക്കെ എന്റെ കാലില്‍ തട്ടി കൊണ്ട് സഞ്ജയ് പറഞ്ഞു.

ജയില്‍ ക്ലിനിക്കിലെ നല്ല പെരുമാറ്റത്തിന് ഉടമയായ റൈറ്ററാണ് സഞ്ജയ്. എനിക്ക് ആവശ്യമുള്ളപ്പോള്‍ ഒക്കെ ഒ.ആര്‍.എസ് പാക്കറ്റും ഗ്ലൂക്കോസ് പൊടിയും എല്ലാം ബാരക്കില്‍ എത്തിച്ച് തരുമായിരുന്നു. എന്നോട് നല്ല അടുപ്പവും സഹാനുഭൂതിയും കാണിച്ചിരുന്ന സഞ്ജയ് പക്ഷെ, ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു കേസിലാണ് ജയിലില്‍ വന്നിരിക്കുന്നത്. കാമുകിക്ക് നേരെ ആസിഡ് ആക്രമണം (തേസ്വാബ് അമല) നടത്തിയ കേസിലാണ് അദ്ദേഹം ജയിലിലെത്തിയത്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് സഞ്ജയ്. അദ്ദേഹത്തിന്റെ കുറ്റപത്രവും കോടതി ഉത്തരവുകളും എല്ലാം എന്നെ കൊണ്ട് വായിപ്പിക്കുകയും ഏതെങ്കിലും സുപ്രീംകോടതി വക്കീലിനെ കേസ് ഏല്‍പ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

സഞ്ജയ് ചെയ്ത കുറ്റകൃത്യത്തോടുള്ള എന്റെ എല്ലാ വിയോജിപ്പും അമര്‍ഷവും ഞാന്‍ അദ്ദേഹത്തോട് നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മനുഷ്യ ജീവിയെ, അതും താന്‍ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ മേല്‍ ആസിഡ് ഒഴിച്ച് ശരീരം വികൃതമാക്കിയ ഒരാളോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ സഞ്ജയിയോട് പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായവരെ സഹായിക്കുന്ന ച്ഛാന്‍വ് ഫൗണ്ടേഷന്‍, ലക്ഷ്മി അഗര്‍വാളിന്റെ ദി ലക്ഷ്മി ഫൗണ്ടേഷന്‍ തുടങ്ങിയ എന്‍.‍ജി.ഒയുമായി സഹകരിക്കുന്ന ആളാണ് താനെന്നും ഞാന്‍ സഞ്ജയിയോട് പറഞ്ഞിരുന്നു.

എന്നാല്‍, താന്‍ ചെയ്ത കുറ്റകൃത്യത്തെ സഞ്ജയ് ന്യായീകരിച്ചിരുന്നില്ലെങ്കിലും തന്റെ ഭാഗം കൂടി നിങ്ങള്‍ മനസ്സിലാക്കണമെന്ന് പറഞ്ഞ് മറ്റൊരു രീതിയില്‍ അദ്ദേഹം അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ ചെറുപ്പം മുതല്‍ സ്നേഹിച്ച പെണ്‍കുട്ടി, അവളുടെ വിദ്യാഭ്യാസത്തിനും ദൈനം ദിന ചിലവിനുമുള്ള കാശ് കൊടുത്ത് അവള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി. പരസ്പരം സ്നേഹിച്ച് നടന്ന് അവസാനം അവള്‍ എന്നെ ഒഴിവാക്കി വിദ്യാഭ്യാസവും പണവുമുള്ള ഒരുത്തനോടൊപ്പം ജീവിക്കുന്നത് ആരാണ് സഹിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഞാന്‍ സഞ്ജയിയോടൊപ്പം ക്ലിനിക്കിന് പുറത്തെത്തിയപ്പോള്‍ എന്നെ കാത്ത് റഊഫ് നില്‍ക്കുന്നുണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ച് ഒന്നൊന്നര മീറ്റര്‍ അകലത്തിലാണ് അദ്ദേഹം നില്‍ക്കുന്നത്. ഞാന്‍ കോവിഡ് ബാധിതനായതിന്റെ അടുത്ത ദിവസം തന്നെ റഊഫിനും കോവിഡ് പോസിറ്റീവായി. എന്നാല്‍, അദ്ദേഹത്തെ ജയിലില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. ഞാന്‍ കെ.എം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായതിന് ശേഷം അവര്‍ക്ക് എന്നെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്, പത്രങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. റഊഫില്‍ നിന്നാണ് ഞാന്‍, കഴിഞ്ഞ ദിവസം എന്റെ ചികിത്സ സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിച്ച കാര്യവും എന്നെ ഡല്‍ഹിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കോടതിയില്‍ നടന്ന കാര്യങ്ങളും അറിയുന്നത്. കോടതി നടപടികള്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രം വളരെ വിശദമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിലെ വിവരങ്ങള്‍ അദ്ദേഹം വിശദമാക്കി തരുകയും ചെയ്തു. എന്നെ ഏത് സമയവും ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് റഊഫ് പറഞ്ഞത്.

ഞാന്‍ ജയിലില്‍ തളര്‍ന്ന് വീണതും കോവിഡ് പോസിറ്റീവായ വിവരവും എന്നെ കെ.എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ വിവരവും അഭിഭാഷകന്‍ വില്‍സ് മാത്യൂസിനെ ജയില്‍ സൂപ്രണ്ട് എസ്.കെ മൈത്രേയ വിളിച്ചറിയിക്കുകയായിരുന്നു. ഇക്കാര്യം വില്‍സ് മാത്യൂസ് എന്റെ ഭാര്യയെ അറിയിക്കുന്നു. കാപ്പന് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും ജയിലില്‍ ചെറുതായൊന്ന് വീണതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സൂപ്രണ്ട് വിളിച്ചറിയിച്ചു എന്നുമാണ് അഡ്വക്കേറ്റ് വില്‍സ് അറിയിച്ചത്. എന്നാല്‍, ജയില്‍ അധികൃതരെ വിശ്വാസത്തില്‍ എടുക്കാനാവില്ലെന്നും കാപ്പനുമായി നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ ഇക്കാര്യം എങ്ങനെ വിശ്വസിക്കുമെന്നുമായിരുന്നു ഭാര്യയുടെ പക്ഷം. ഇതിനായി അവര്‍ സത്യസന്ധമായ വിവരങ്ങള്‍ക്കായി എല്ലാ വഴികളും തേടികൊണ്ടിരുന്നു.

എന്നെ ആശുപത്രിയിലേക്ക് മാറ്റി എന്ന് അറിഞ്ഞ ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 24ന് വൈകുന്നേരം ഞാന്‍ ആശുപത്രിയില്‍ നിന്ന് വാര്‍ഡ് ബോയിയുടെ ഫോണില്‍ നിന്ന് വിളിച്ച് ഭാര്യയുമായി സംസാരിക്കുന്നതുവരെയുള്ള നാലു ദിവസം എന്റെ ഭാര്യയും മക്കളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ എത്രയായിരിക്കുമെന്ന് അവര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വിവരിക്കാനാവുമെന്ന് തോന്നുന്നില്ല. ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെയോ ജയില്‍ അധികൃതരുടെയോ വിശദീകരണമല്ലാതെ മറ്റേതെങ്കിലും ഉറവിടങ്ങള്‍ വഴി എന്നെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നിരന്തര ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു അവര്‍.

അതുമായി ബന്ധപ്പെട്ട്, അന്ന് പൊന്നാനി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇ.ടി മുഹമ്മദ് ബഷീറുമായി ഭാര്യ സംസാരിച്ച് ഫോണ്‍ കട്ട് ചെയ്ത ഉടനെയാണ് എന്റെ ഫോണ്‍ കോള്‍ വരുന്നത്. ഉടന്‍ തന്നെ അവര്‍ ഞാന്‍ വിളിച്ച ഫോണ്‍ നമ്പര്‍ അഡ്വ. വില്‍സ് മാത്യൂവിന് കൈമാറുകയും ആ നമ്പറിലേക്ക് തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും ഇ.ടി മുഹമ്മദ് ബഷീറുമായി സംസാരിച്ച് ഞാന്‍ വിളിച്ച കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹം വക്കീല്‍ വില്‍സ് മാത്യൂസിന്റെ നമ്പര്‍ വാങ്ങി അദ്ദേഹവുമായി സംസാരിച്ചു. വക്കീലുമായി സംസാരിച്ചതിന് ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ ഭാര്യക്ക് തിരിച്ച് വിളിക്കുകയും ജയില്‍ സൂപ്രണ്ട് പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഒരു പാര്‍ലമെന്റ് അംഗം എന്ന നിലക്ക് താങ്കള്‍ക്ക് മറ്റു വഴികളിലൂടെ കാപ്പന്റെ വിവരം അന്വേഷിക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഭാര്യയുടെ ചോദ്യം. അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു.

റെയ്ഹാനത്ത്

തുടര്‍ന്ന്, എന്റെ മോചനത്തിനായി, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍.പി ചെക്കുട്ടി, പി.എ.എം ഹാരിസ്, അംബിക, കെ.പി.ഒ റഹ്മത്തുള്ള. കെ.എസ് ഹരിഹരന്‍, സാമൂഹ്യപ്രവര്‍ത്തകരായ ശ്രീജ നെയ്യാറ്റിന്‍കര, റെനി ഐലിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഐക്യദാര്‍ഢ്യ സമിതിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ഭാര്യ റൈഹാനത്ത്, ഞാന്‍ ആശുപത്രിയില്‍ നിന്ന് വിളിച്ച വിവരങ്ങള്‍ വിശദീകരിച്ച് കൊണ്ടൊരു ശബ്ദ സന്ദേശം നല്‍കി. ഈ സന്ദേശം ആക്ടിവിസ്റ്റ് ഹാറൂണ്‍ കാവനൂര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കൂടാതെ, അടുത്ത ദിവസം ഏപ്രില്‍ 25ന് ഭാര്യ റെയ്ഹാനത്ത് ഫെയ്സ്ബുക്കില്‍ വിശദമായ ഒരു കുറിപ്പിട്ടു.

പ്രിയരേ…
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോവുന്നത്… ഏഴ് മാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ കഴിയില്ല. എങ്കിലും ദൈവത്തിന്റെ പരീക്ഷണത്തിൽ തളരാതെ മുന്നോട്ട്… സിദ്ധിക്ക എന്ന മനുഷ്യനെ ഞാൻ അറിയുന്നത്ര ആർക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകൻ ആണ്. സത്യ സന്ധമായി വാർത്തകൾ റിപ്പോർട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകൻ… ആർക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീർക്കണം
എന്തായിരിക്കാം അവരുടെ ഉദ്ദേശം… ആ മനുഷ്യൻ എന്ത് ദ്രോഹമാണ് അവരോടൊക്കെ ചെയ്തത്. യുപിയിൽ നിന്നും കേരളത്തിലേക്ക് ഇക്കയെ കൊണ്ട് വന്നപ്പോ കൂടെ വന്ന പോലീസുകാർ ചോദിച്ചു.. ഈ പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പിടിച്ചുവെച്ചത് എന്ന്..

ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആർക്ക്, എന്ത് നേട്ടം????

ഇതിനു കൂട്ടു നിന്ന ആരായാലും ഒന്നോർക്കുക !!
ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

നിങ്ങൾക്കും കുടുംബം, കുട്ടികൾ, എല്ലാം ഉള്ളവരാണ്. ദൈവത്തിനു മുന്നിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും… തീർച്ച!!
വെള്ളക്കിടക്കയിൽ വ്രണങ്ങളുമായി, എല്ലും തോലുമായ ഒരു ഉമ്മ കിടക്കുന്നുണ്ട്.. അവരുടെ കുഴിഞ്ഞ കണ്ണുകൾ അടയാതെ കാത്തിരിക്കുന്നത് അവരുടെ പൊന്നുമോനെ കാണാൻ വേണ്ടി മാത്രമാണ്..ആ ഉമ്മയുടെ കണ്ണുനീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും.. ഇന്ഷാ അല്ലാഹ്

മൂന്ന് മക്കളുടെ കളിചിരികൾ ഇല്ലാതാക്കിയ ഭരണ കൂടമേ… എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭം?? മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്നേഹിച്ചു കൂടെ… എല്ലവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ.. ഇത് കൊണ്ട് ആർക്കാണ് ഈ കുറഞ്ഞ ജീവിതത്തിൽ സമാധാനം ലഭിക്കുന്നത്..?

ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്.. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്..
ഞങ്ങൾക്ക് ജീവിക്കണം. എന്റെ പ്രിയപ്പെട്ടവൻ ഇന്നനുഭവിക്കുന്ന യാതനകൾ എന്തിന്റെ പേരിലാണ്..?

അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങൾ പൊട്ടിച്ചിരിക്കു… കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും !!

പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളർത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോൾ ഒക്കെ കൂടുതൽ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നിൽക്കുന്ന ഒരു കോവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും… അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും ഇന്നലെ എങ്ങനെയോ 2മിനിറ്റ് എന്നോട് സംസാരിച്ചു. ജയിലിൽ നിന്നും വീണ വീഴ്ചയിൽ താടിയെല്ലിനു പൊട്ടലോ, അല്ലെങ്കിൽ കാര്യമായ മുറിവോ ഉണ്ട്.. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവാൻ സാധിക്കുന്നില്ല.. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിൽ ആണെന്നും പതറിയ സ്വരത്തിൽ പറഞ്ഞ്.. എന്നെ എങ്ങനെ എങ്കിലും ഡിസ്ചാർജ് ചെയ്യാൻ പറ എന്നും പറഞ്ഞ് call കട്ടായി.

ആ മനുഷ്യന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കു…‌
ഇതാണോ ചികിത്സ..?
കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ…
ഭരണകൂടമേ..
പ്രതിപക്ഷ പാർട്ടിയിലുള്ളവരെ..
നാനാവിധ മത സംഘടനകളെ..
സാംസ്‌കാരിക പ്രവർത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്.. 🙏🙏

ഈ ഒരു ഫെയ്സ് ബുക്ക് കുറിപ്പ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. എന്റെ അറസ്റ്റിന് ശേഷം, ഭാര്യ നിരന്തരം സാമൂഹ്യ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ കേസ് സംബന്ധമായ കാര്യങ്ങള്‍ പൊതുസമൂഹവുമായി സംവദിച്ച് കൊണ്ടേയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ജനപ്രതിനിധികള്‍, അന്താരാഷ്ട്ര മാധ്യമ സംഘടനകളായ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ്, വിക്കിപീഡിയ കമ്മ്യൂണിറ്റി, ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ അടക്കം വിഷയം ഏറ്റെടുക്കയും പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്നിവര്‍ക്ക് രാജ്യത്തിനകത്ത് നിന്നും പുറത്തും നിന്നും വിവിധ മാധ്യമ സംഘടനകളും വ്യക്തികളും കത്തയക്കുകയും ചെയ്തു.

2021 ഏപ്രില്‍ 25ന് ട്വിറ്ററില്‍ എന്റെ വിഷയം ട്രന്റായി നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയ സമൂഹത്തിന് സാധിച്ചു. ‘ഫ്രീ സിദ്ദീഖ് കാപ്പന്‍’, ‘ജേണലിസം ഈസ് നോട്ട് എ ക്രൈം’ എന്നീ ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. കോവിഡ് ബാധിച്ച സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന് അകത്തും പുറത്തും നിന്ന് നിരവധി രാഷ്ട്രീയ, സാമൂഹിക പ്രമുഖര്‍ രംഗത്തെത്തി. എന്നെ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 11 പാര്‍ലമെന്റ് അംഗങ്ങള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാന്‍ പരിമിതികള്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന കേരള മുഖ്യമന്ത്രി, ശക്തമായ ബഹുജന പ്രതേഷേധങ്ങള്‍ക്കൊടുവില്‍, ഏപ്രില്‍ 25ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചു. സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും പ്രധാനമന്ത്രിക്ക് കത്തയക്കുകയുണ്ടായി. (തുടരും).

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read