Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന് ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം പതിനാറ്. വര: നാസർ ബഷീർ
രണ്ടു ദിവസമാണ് ഇതേ രീതിയില്‍ കെ.എം മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡില്‍ കഴിച്ചുകൂട്ടിയത്. അഞ്ചു ദിവസം ഏകാന്ത തടവില്‍ കഴിഞ്ഞതിനേക്കാള്‍ ദൈര്‍ഘ്യമുണ്ടായിരുന്നു, ആ രണ്ടു ദിവസത്തിന്. കൃത്യം ഏഴാമത്തെ ദിവസം എനിക്ക് കൊറോണ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷം ആശുപത്രിയില്‍ നിന്നെന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. രണ്ടു ദിവസം മുന്‍പ് എനിക്ക് വീട്ടിലേക്ക് വിളിക്കാൻ മൊബൈല്‍ ഫോണ്‍ തന്ന് സഹായിച്ച വാര്‍ഡ് ബോയിയാണ് ഇക്കാര്യം എന്നെയറിയിച്ചത്. കട്ടിലുമായി ചേർത്ത് എന്നെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന കൈയ്യാമത്തിന്റെ ചാവിയുമായാണ് വാര്‍ഡ് ബോയിയുടെ വരവ്.
“ആപ് കാ ഡിസ്ചാര്‍ജ് ഹെ ആജ്, ജാനെ കേലിയെ തയ്യാരി കരോ” (ഇന്ന് താങ്കളുടെ ഡിസ്ചാര്‍ജാണ്,പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കോളൂ) എന്ന് വാര്‍ഡ് ബോയി പറഞ്ഞപ്പോള്‍ വിവരണാതീതമായ സന്തോഷമാണ് എനിക്കുണ്ടായത്. ഒരു തടവുകാരന് താന്‍ ജയില്‍ മോചിതനാവാന്‍ പോകുന്നു എന്നറിയുമ്പോഴുണ്ടാകുന്ന സന്തോഷത്തോളമുണ്ടായിരുന്നു എനിക്കപ്പോള്‍. എല്ലാ തടവുകാരും ജയിലില്‍ നിന്ന് എങ്ങനെയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് കിട്ടാന്‍ പ്രര്‍ത്ഥനയും പൂജയും നടത്തുമ്പോഴാണ് ഞാനെങ്ങനെയെങ്കിലും ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് പോകാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്.
കെ.എം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് എനിക്കു തന്ന സമ്മാനങ്ങളില്‍ ആ വിശ്വവിഖ്യാതമായ കുപ്പിയൊഴികെ ബാക്കിയെല്ലാം ഞാന്‍
ബക്കറ്റില്‍ നിക്ഷേപിച്ചു. കുപ്പി ഉപേക്ഷിക്കാന്‍ കാരണം അതില്‍ നിറയെ എന്റെ മൂത്രമായിരുന്നു. സത്യത്തില്‍ അതവിടെ ഉപേക്ഷിച്ച് പോരാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു, എന്തെന്നാൽ കുറച്ചെങ്കിലും ആശ്വാസത്തോടെ എന്നെ മൂത്രമൊഴിക്കാൻ സഹായിച്ചത് ആ കുപ്പിയായിരുന്നു. അതൊരു വിശിഷ്ട വസ്തുവായി കാത്തുസൂക്ഷിക്കണം എന്നെനിക്കുണ്ടായിരുന്നു. പക്ഷെ,മൂത്രം കളഞ്ഞ് വൃത്തിയാക്കി ആ കുപ്പി ജയിലിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നതിനാലാണ് അതവിടെ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് വന്നപ്പോള്‍ കൊണ്ടുവന്ന മാഗസിനുകളും എന്റെ രണ്ടു ജോഡി വസ്ത്രങ്ങളുമെല്ലാം കൈയ്യിലുണ്ടായിരുന്ന ബാഗിലിട്ട് വാര്‍ഡ് ബോയിയോടൊപ്പം മുകളിലെ ജനറല്‍ വാര്‍ഡില്‍ നിന്ന് താഴത്തെ നിലയിലേക്ക് ഇറങ്ങിവന്നു. ഞാന്‍ ഓടിപോകുമോ എന്ന് ഭയന്നിട്ടാണോ എന്നറിയില്ല, വാര്‍ഡ് ബോയി എന്റെ ട്രാക്ക്സ്യൂട്ടിന്റെ അരഭാഗത്തെ ഇലാസ്റ്റിക്, ടീ ഷര്‍ട്ടും ചേര്‍ത്ത് മുറുകെ പിടിച്ചിട്ടുണ്ട്. എന്റെ വലതു കയ്യിലെ ബക്കറ്റിൽ ആശുപത്രിയില്‍ ഞാന്‍ സഹിച്ച യാതനകള്‍ക്ക് പകരമായി സൈനികനായ മാനേജര്‍ നല്‍കിയ പാരിതോഷികങ്ങളും ഇടതു കൈ തോളില്‍ ജയിലില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന ബാഗുമിട്ടാണ് ഞാന്‍ നടക്കുന്നത്. ആശുപത്രിയുടെ പുറത്തെത്തിയപ്പോൾ എന്നെ കാത്ത് ആംബുലന്‍സും ഒരു പോലീസ് വാഹനവും ഒരു ഡസനോളം പോലീസുകാരും ഏതാനും ജയില്‍ ശിപായിമാരും സജ്ജമായി നില്‍ക്കുന്നുണ്ടായിരുന്നു.
ഒരു ഫോണ്‍ കോള്‍ ചെയ്യാനായി ഞാന്‍ വാര്‍ഡ് ബോയിക്ക് ഓഫര്‍ ചെയ്ത ഒരു ക്വാര്‍ട്ടര്‍ മദ്യത്തിന്റെ പൈസ അദ്ദേഹം എന്നോട് ചോദിച്ചതേയില്ല. ഞാന്‍ കൊടുത്ത വാഗ്ദാനം അദ്ദേഹം മറന്നതാണോ, അതോ ഗൂഗിള്‍ പേ വഴി പണം വരുമെന്ന പ്രതീക്ഷയിലാണോ, അതുമല്ലെങ്കില്‍, ഒരു ഏടാകൂടത്തില്‍ ചെന്ന് ചാടണ്ട എന്നു കരുതിയാണോ എന്നറിയില്ല, അതേക്കുറിച്ച് അദ്ദേഹം ഒന്നും സംസാരിച്ചില്ല. ഞാന്‍ അതു മറന്നിരുന്നില്ല, എന്റെ കൈയ്യിലാണെങ്കില്‍ അദ്ദേഹത്തിന് കൊടുക്കാനുള്ള പണമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതേക്കുറിച്ച് ഞാനും മൗനം പാലിച്ചു. മുകള്‍ നിലയിലുള്ള ജനറല്‍ വാര്‍ഡില്‍ നിന്ന് ആശുപത്രിയുടെ പുറത്തെത്തുന്നത് വരെ ഞാനോ വാര്‍ഡ് ബോയിയോ പരസ്പരം ഒന്നും സംസാരിച്ചില്ല. പോലീസുകാരും മാനേജരടക്കമുള്ള ആശുപത്രി ജീവനക്കാരും ശിപായിമാരും നോക്കിനില്‍ക്കെ ആശുപത്രി വരാന്തയില്‍ വെച്ച് വാര്‍ഡ് ബോയി എന്റെ അരയിലെ പിടിത്തം വിട്ട് എന്നെ സ്വതന്ത്രനാക്കി. ഞാന്‍ ആർക്കും മുഖം കൊടുക്കാതെ, ആശുപത്രിയുടെ ഗെയ്റ്റിന് സമീപം എനിക്കായി തയ്യാറായിരുന്ന ആംബുലന്‍സിനെ ലക്ഷ്യമാക്കി നടന്നു. ഞാന്‍ വാഹനത്തിൽ കയറിയതോടെ അതിന്റെ ഡോര്‍ ആരോ വലിച്ചടച്ച് പുറത്തുനിന്നും ലോക്ക് ചെയ്തു. ഇപ്പോള്‍ ആംബുലന്‍സിന്റെ പിറകില്‍ ഞാനും,മുന്നില്‍ ഡ്രൈവറും മാത്രം. ആംബുലിന്‍സിന്റെ മുന്നിലും പിറകിലുമായി ഓരോ പോലീസ് വാഹനങ്ങളുടെ അകമ്പടിയുണ്ട്. അരമണിക്കൂർ യാത്രയ്ക്ക് ശേഷം, മഥുര ജില്ലാ ജയിലിന്റെ കവാടത്തില്‍ ആംബുലന്‍സെത്തി. ജയിലിന്റെ പ്രധാന കവാടത്തിന് സമാന്തരമായി ആംബുലന്‍സിന്റെ പിറകിലെ ഡോര്‍ വരുന്ന രീതിയില്‍ ആംബുലന്‍സ് റിവേഴ്സെടുത്ത് നിര്‍ത്തി. ജയിൽ പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ എന്നെ ആംബുലന്‍സില്‍ തന്നെയിരുത്തി. പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 10 മിനിറ്റ് എടുത്തുകാണും. അതിനുശേഷം എനിക്കായി ജയിലിന്റെ കവാടം തുറക്കപ്പെട്ടു.
വിളകള്‍ക്ക് കീടനാശിനി തളിക്കുന്ന പമ്പുപയോഗിച്ച് ജയില്‍ നമ്പര്‍ദാര്‍ എന്റെ ശരീരമാസകലം സാനിറ്റൈസര്‍ സ്പ്രേ ചെയ്തു. ശേഷം,എന്നോട് ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നില്‍ക്കാന്‍ പറഞ്ഞു.
“വരിഷ്ട് അധിക്ഷക് കാ പേശി ഹെ…”
ഓഫീസിന്റെ ഉത്തരവാദിത്തമുള്ള റൈറ്റര്‍ പ്രവീണ്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിനെയാണ് അധിക്ഷക് എന്ന് വിളിക്കുന്നത്. വരിഷ്ട് അധിക്ഷക്
എന്നാല്‍, സീനിയര്‍ സൂപ്രണ്ട്. അദ്ദേഹത്തിന് മുന്‍പില്‍ ഹാജരാകുന്നതിനാണ് പേശി എന്ന് പറയുന്നത്. എനിക്കായി സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസ് വാതിലുകള്‍ തുറന്നു. പ്രവീണ്‍ എന്നെ ഓഫീസിനകത്തേക്ക് ക്ഷണിച്ചു. കാലിലുണ്ടായിരുന്ന ചെരിപ്പും കയ്യിലുണ്ടായിരുന്ന ബാഗും, ബക്കറ്റും ഓഫീസിന് പുറത്ത് വെച്ച് ഞാന്‍ സൂപ്രണ്ടിന്റെ ഓഫീസിനകത്തേക്ക് കയറി. ഉത്തരേന്ത്യക്കാര്‍ സാധാരണയായി അഭിസംബോധന ചെയ്യാറുള്ള ‘നമഷ്കാര്‍’ (നമസ്കാരം) എന്ന് അഭിവാദ്യം ചെയ്തു കൊണ്ടാണ് ഞാന്‍ ഓഫീസിനകത്തേക്ക് കയറിയത്. സൂപ്രണ്ട് കൈകള്‍ കൂപ്പി വളരെ മാന്യമായി എന്നെ സ്വാഗതം ചെയ്തു. ആശുപത്രിയില്‍ എനിക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങളെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നതായും അതിനെല്ലാം താന്‍ മറുപടി പറഞ്ഞു മടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അതിനോടകം എന്റെ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കൊല്ലം സ്വദേശി റഊഫ് ഷെരീഫിനെ മഥുര ജയിലിൽ തടവിലാക്കിയെന്നും കോവിഡ് ബാധിതനായ അദ്ദേഹത്തെ ക്വാറന്റൈന്‍ ബാരക്കിലേക്ക് മാറ്റിയിരിക്കുകയാണെന്നും സൂപ്രണ്ട് അറിയിച്ചു.
“സര്‍ ഉസ്കൊ അസ്പതാല്‍ മത് ലേ ജാഹോ, ഉദര്‍ ബഹുത് ബുരാ ഹാലത്ത് ഹെ”
(സര്‍, അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോവരുത്, അവിടെ വളരെ മോശം അവസ്ഥയാണ്) ഞാന്‍ ആശുപത്രിയില്‍ അനുഭവിച്ച ദുരനുഭവങ്ങളെല്ലാം കുറഞ്ഞ വാക്കുകളില്‍ സൂപ്രണ്ടിനോട് വിശദീകരിച്ചുകൊണ്ടാണ് റഊഫിനെ ആ ആശുപത്രിയിലേക്ക് കൊണ്ടു പോകരുതെന്ന് ഞാൻ അഭ്യര്‍ത്ഥിച്ചത്.
എന്നെ കാണാന്‍ സൂപ്രണ്ട് ആശുപത്രിയില്‍ വന്നപ്പോൾ ഞാൻ ജനറല്‍ വാര്‍ഡില്‍ കിടക്കുന്ന കാഴ്ച സി.സി.ടി.വി ക്യാമറയിലൂടെ കണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോഴാണ് ഒരു പകല്‍ മുഴുവന്‍ എന്നെ കൈയ്യാമമില്ലാതെ ജനറല്‍ വാര്‍ഡില്‍ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തില്‍ കിടത്തിയത് എന്തിനായിരുന്നുവെന്ന് എനിക്ക് മനസ്സിലായത്. ആശുപത്രിയില്‍ ഞാന്‍ നേരിടേണ്ടി വന്ന ദുരവസ്ഥ പുറം ലോകമറിയുകയും വര്‍ത്തയാവുകയും ചെയ്തതോടെയാണ് സൂപ്രണ്ട് എന്നെ കാണാന്‍ ആശുപത്രിയില്‍ വരികയും ജനറല്‍ വാര്‍ഡില്‍ പുസ്തകം വായിച്ച് ‘സന്തോഷത്തോടെ’ കിടക്കുന്ന എന്നെ സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെ കാണുകയും ചെയ്തത്. എന്നെ കണ്ടപാടെ മാദ്ധ്യമങ്ങളോടും എന്റെ അഭിഭാഷകരോടും ഞാന്‍ ആശുപത്രിയില്‍ കൈയ്യാമത്തില്‍ ബന്ധിതനല്ലെന്നും കെ.എം മെഡിക്കല്‍ കോളേജില്‍ എനിക്ക് മാന്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ എന്നെ നേരെ കൊണ്ടുപോയത് ജയിലിനകത്തെ ക്ലിനിക്കിലേക്കാണ്. തടവുകാര്‍ ജയില്‍ അസ്പതാല്‍ എന്ന് വിളിക്കുന്ന ജയില്‍ ക്ലിനിക്ക് ജയിലിനകത്തെ അഴിമതിയുടെ ഒരു പ്രധാന കേന്ദ്രമാണ്. പതിനഞ്ചോളം കട്ടിലുകളും, കൂളറുകളും, ടെലിവിഷനുമുള്ള ക്ലിനിക്കില്‍ രണ്ടു ഡോക്ടര്‍മാരും അവരെ സഹായിക്കാനായി തടവുകാരായ ഏതാനും പ്രിസണ്‍ ഓഫീസര്‍മാരുമാണുള്ളത്. കട്ടിലില്‍ കിടക്കുന്നവരെല്ലാം പണവും രാഷ്ട്രീയ സ്വാധീനവുമുള്ള സ്വയംപ്രഖ്യാപിത ‘രോഗികളായ’ തടവുകാരാണ്. മാസം 30,000 രൂപ വരെ കൊടുത്താല്‍ (ഡോക്ടറുമായി വിലപേശല്‍ നടത്തിയാണ് സംഖ്യ ഉറപ്പിക്കുക) ക്ലിനിക്കിലെ കട്ടിലില്‍ കിടന്ന്, രോഗികള്‍ക്കായി, പ്രത്യേകിച്ച് ക്ഷയം, മാനസിക രോഗം, എച്ച്.ഐ.വി ബാധിതരായവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന
പാലും മുട്ടയും പാല്‍കട്ടിയും കഴിക്കാം. വി.ഐ.പി തടവുകാരായ ‘രോഗികള്‍’ കട്ടിലില്‍ ബെഡ് വിരിച്ച് കിടക്കുമ്പോള്‍ യഥാര്‍ത്ഥ രോഗികളായ തടവുകാര്‍ ക്ലിനിക്കിലെ തറയില്‍ ചണം കൊണ്ടുള്ള ചാക്ക് വിരിച്ച് അതിലാണ് കിടക്കുക. വി.ഐ.പി ‘രോഗി’കള്‍ക്ക് ക്ലിനിക്കില്‍ വേറെയും പ്രത്യേകാവകാശങ്ങള്‍ ലഭിക്കും. രാവിലെ ആറുമണിക്ക് ക്ലിനിക്കിലെ ബാരക്ക് തുറക്കുന്ന സമയം മുതല്‍ രാത്രി എട്ട്-ഒമ്പത് മണിവരെ ക്ലിനിക്കിനു പുറത്ത് ഉലാത്താനാവും. എന്നാല്‍ യഥാര്‍ത്ഥ രോഗികള്‍ക്ക് രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം മൂന്ന് മണിമുതല്‍ ആറു മണിവരെയും മാത്രമെ ക്ലിനിക്കിലെ ബാരക്ക് വാര്‍ഡില്‍ നിന്ന് പുറത്തേക്ക് പ്രവേശനമുള്ളു. യഥാര്‍ത്ഥ രോഗികള്‍ക്ക് രോഗമൊന്ന് ഭേദമായി എന്ന് തോന്നിയാലുടനെ ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ബാരക്കുകളിലേക്കോ തന്‍ഹായികളിലേക്കോ അയക്കും. എന്നാല്‍, വി.ഐ.പി രോഗികളെ മാസത്തില്‍ ഒരിക്കല്‍ ബാരക്കുകളിലേക്ക് അയക്കും, അവര്‍ വീണ്ടും ‘കോണ്‍ട്രാക്ട്’ പുതുക്കി ക്ലിനിക്കില്‍ അഡ്മിഷന്‍ നേടും. ജയില്‍ ഡി.ഐ.ജിയോ ജയില്‍ വകുപ്പില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോ ജയില്‍ സന്ദര്‍ശനത്തിന് വരുന്ന ദിവസം വി.ഐ.പി രോഗികളെ തല്‍ക്കാലത്തേക്ക് ബാരക്കിലേക്ക് മാറ്റും. അന്നേ ദിവസം യഥാര്‍ത്ഥ രോഗികളെ കട്ടിലിലേക്ക് മാറ്റി കിടത്തുകയാണ് പതിവ്. ഐ.പി.എല്‍ ക്രികറ്റ് മാച്ചുകള്‍ കാണാനും പന്തയം വെക്കാനുമെല്ലാം സൗകര്യമുള്ളതിനാല്‍ ജയിലിലെ ഏതൊരു തടവുകാരന്റെയും സ്വപ്നമാണ് ജയില്‍ ക്ളീനിക്കിലെ തടവുജീവിതം.
‘സട്ട ഖേല്‍നാ ഹേ തോ അസ്പതാല്‍ ജാനാ ഹെ’ (പന്തയം വെച്ച് കളിക്കണമെങ്കില്‍ ആശുപത്രിയില്‍ പോവണം) എന്ന ഒരു ജയില്‍ പഴഞ്ചാല്ല് തന്നെയുണ്ട്,മഥുര ജയിലില്‍. 50 ഉം 100 ഉം രൂപ മുതല്‍ ആയിരത്തിനും പതിനായിരത്തിനുമെല്ലാം പന്തയങ്ങള്‍ നടക്കുന്ന ഇടമാണ് ജയില്‍ ക്ലിനിക്ക്. അത്തരമൊരു സ്ഥലത്താണ് ഞാനിപ്പോൾ എത്തപ്പെട്ടിരിക്കുന്നത്. ഇവിടെ എന്റെ സ്ഥാനം എവിടെയാണെന്നറിയില്ല.
2021 ഏപ്രില്‍ 28ന് ഉത്തര്‍പ്രദേശ് പോലീസിന് വേണ്ടി അഭിഭാഷകന്‍ അഭിനവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാപ്പന്‍ കോവിഡ് മുക്തനായെന്നും അദ്ദേഹത്തെ മഥുരയിലെ ജയിലിലേക്ക് മാറ്റുകയാണെന്നും യു.പി പോലീസ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ‘കോവിഡ് നെഗറ്റീവായെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം, കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി’ എന്നായിരുന്നു അടുത്ത ദിവസത്തെ പത്രങ്ങള്‍ വാര്‍ത്തനല്‍കിയത്. ഏപ്രില്‍ 21ന് കെ.എം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ എന്നെ 27 ന് ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ദിവസം തന്നെ യു.പി പോലീസ് എനിക്ക് കോവിഡ് ഭേദമായെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി. അതേ സമയം, കെ.എം മെഡിക്കല്‍ കോളേജില്‍ നിന്ന് എനിക്ക് ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും കോവിഡ് നെഗറ്റീവാണെന്ന സത്യവാങ്മൂലം കള്ളമാണെന്നും എന്റെ അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നെ ഡല്‍ഹിയിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. കാപ്പന്‍ കോവിഡ് മുക്തനല്ലെന്നും ചികിത്സക്കായി ഡല്‍ഹിയിലെ എയിമ്സിലേക്കോ സഫ്ദര്‍ ജംഗ് ആശുപത്രിയിലേക്കോ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയനും എന്റെ ഭാര്യ റൈഹാനത്തും സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നത്. ഏപ്രില്‍ 27ന് തന്ന ഹർജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വാദത്തില്‍ ഉണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം അപേക്ഷ പരിഗണിക്കുന്നത് 28 ലേക്ക് മാറ്റുകയാണുണ്ടായത്. എന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് യു.പി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കാപ്പനെ മഥുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജില്‍ (കെ.എം.മെഡിക്കല്‍ കോളേജ്) ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന് അഭിഭാഷകനായ വില്‍സ് മാത്യൂസ് കോടതിയെ അറിയിച്ചു, എന്നാല്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഇക്കാര്യം നിഷേധിച്ചു. ഇതേ തുടര്‍ന്നാണ് കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയത്. ഇതിന്റെ ഭാഗമായാണ് 28 ന് യു.പി പോലീസ് സത്യവാങ്മൂലം നല്‍കിയത്. അതിലാണ് ഞാന്‍ കോവിഡ് മുക്തനായെന്നും എന്നെ ജയിലിലേക്ക് മാറ്റിയെന്നും യു.പി പോലീസ് പറഞ്ഞത്. നമ്മുടെ കോടതികളില്‍ നല്‍കപ്പെടുന്ന സത്യവാങ്മൂലങ്ങള്‍ എത്രത്തോളം അസത്യമാണെന്നും സര്‍ക്കാരുകളെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥരായ അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍മാര്‍ വരെ എങ്ങനെയാണ് രാജ്യത്തെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസിനെ (സര്‍വ്വോച്ചിത് ന്യായാദിഷ് എന്നാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ ഹിന്ദിയില്‍ വിളിക്കുന്നത്, അതിന്റെ മുകളില്‍ പിന്നെ ഒരു ന്യായാധിപന്‍ ഇല്ല) വരെ കള്ളം പറഞ്ഞു പറ്റിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ എന്റെ ജയിലനുഭവം വലിയ ഒരു പാഠമാണ്.
2021 ഏപ്രില്‍ 28 ന് സുപ്രീംകോടതിയുടെ ഒന്നാം നമ്പര്‍ മുറിയില്‍ (സുപ്രീം കോടതിയുടെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്) ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ച് മുമ്പാകെ യു.പി സര്‍ക്കാരിന് വേണ്ടി സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വളരെ വിശദമായി തന്നെ വാദിച്ചു. എന്നെ ഡല്‍ഹിയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നത് തടയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഡല്‍ഹിയില്‍ കോവിഡ് സാഹചര്യം വളരെ രൂക്ഷമാണെന്നും ആശുപത്രി കിടക്കപോലും ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നുമായിരുന്നു സൊളിസിറ്റര്‍ ജനറലുടെ വാദം. പക്ഷെ ഇതൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നിലപാട് അറിയിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കേണ്ട ബാധ്യത അവർക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
(തുടരും…)