Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK) മികച്ച നവാഗത സംവിധായികക്കുള്ള ഫിപ്രസ്കി പുരസ്കാരം കരസ്ഥമാക്കിയത് ‘വിക്ടോറിയ’ എന്ന ചിത്രത്തിന്റെ സംവിധായിക ശിവരഞ്ജിനിയാണ്. മികച്ച പ്രേക്ഷകാഭിപ്രായവും റിപ്പോർട്ടുകളും ചിത്രത്തിനുണ്ടായി. ഈ സിനിമയുടെ തിരക്കഥയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനി തന്നെയാണ്. വനിതാ സംവിധായകർക്കുള്ള കേരള സർക്കാറിൻ്റെ പദ്ധതിയിലുൾപ്പെട്ട അഞ്ചാമത് സിനിമയാണിത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് (KSFDC) ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരിടത്തരം ബ്യൂട്ടിപാർലറിലെത്തുന്ന സ്ത്രീകളുടെ ആഖ്യാനമായി വികസിക്കുന്ന ചിത്രം വിക്ടോറിയ എന്ന ബ്യൂട്ടീഷന്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. വിക്ടോറിയയുടെ ജീവിതസംഘർഷങ്ങളും പാർലറിലെ ദൈനംദിനതയും ഇടകലരുന്ന പ്രമേയത്തിൽ ആകസ്മികതയും ആത്മീയതുമെല്ലാം ആഖ്യാനസാധ്യതകളായി മാറുന്നുണ്ട്. വിക്ടോറിയയിലേക്കെത്തിയ വഴികളെക്കുറിച്ചും വിക്ടോറിയയുടെ വഴികളെക്കുറിച്ചും സംവിധായിക ശിവരഞ്ജിനി കേരളീയത്തോട് സംസാരിക്കുന്നു.
വിക്ടോറിയയിലേക്കെത്തുന്നതുവരെയുള്ള ശിവരഞ്ജിനിയുടെ സിനിമാ ജീവിതം, വിദ്യാഭ്യാസം ഇവയെക്കുറിച്ച് തന്നെ ആദ്യം പറഞ്ഞുതുടങ്ങാം.
സിനിമയോടുള്ള താല്പര്യം ഹൈസ്കൂൾകാലത്താണ് ശക്തമാവുന്നത്. സിനിമയെടുക്കുക എന്നത് വലിയ മോഹമായി മനസ്സിൽ വന്നുതുടങ്ങിയത് അക്കാലത്താണ്. പ്ലസ്ടുവിന് ശേഷം സിനിമ പഠിക്കാൻ പോകണമെന്ന ആഗ്രഹമുണ്ടായെങ്കിലും എൻജിനീയറിംഗ് പഠനത്തിനാണ് ചേർന്നത്. കുസാറ്റിൽ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ശേഷം എൻ.ഐ.ഡിയിൽ സിനിമാ ഡിസൈൻ പി.ജി കോഴ്സ് ചെയ്തു. എൻ.ഐ.ഡി മികച്ച അനുഭവമായിരുന്നു. പഠനത്തിൻ്റെ ഭാഗമായി കല്യാണി, ഋതം എന്നീ ഹ്രസ്വസിനിമകൾ ചെയ്തു. കല്യാണി ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചിരുന്നു. പഠനശേഷം രണ്ടുവർഷക്കാലം ഫ്രീലാൻസായി എഡിറ്റിംഗ് ചെയ്തു. സിനിമയെടുക്കുക എന്നതുതന്നെയായിരുന്നു ഒന്നാമത്തെ ആഗ്രഹം. എന്നാൽ അതിനുള്ള നിർമ്മാണച്ചെലവ് കണ്ടെത്തൽ ഒരു തുടക്കക്കാരിക്ക് അത്ര എളുപ്പല്ല എന്നു ബോധ്യപ്പെടുന്നതോടെയാണ് മുംബൈ ഐ.ഐ.ടി.യിൽ കമ്യൂണിക്കേഷൻ ഡിസൈനിൽ സിനിമ സ്പെഷ്യലൈസേഷനായി പി.എച്ച്.ഡിക്ക് ചേരുന്നത്. ഈ ഔദ്യോഗിക ഗവേഷണം അവസാന ഘട്ടത്തിലാണ്. അതിനിടയിലാണ് വിക്ടോറിയ സംഭവിക്കുന്നത്.
വിവിധ ഘട്ടങ്ങളിലെ സെലക്ഷൻ പ്രോസസ്സിലൂടെയായിരിക്കുമല്ലോ സർക്കാരിൻ്റെ ഈ സിനിമാ സംരഭത്തിലേക്കെത്തിയത്. സിനിമ പൂർത്തിയായി ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമ്മാനിതയായി നിൽക്കുമ്പോൾ ഈ സംരഭത്തെയും സെലക്ഷൻ പ്രോസസ്സിനെയും ശിവരഞ്ജിനി എങ്ങനെയാണ് വിലയിരുത്തുന്നത്?
ഏതാണ്ട് ഒരുവർഷം നീണ്ട സെലക്ഷൻ പ്രോസസ്സായിരുന്നു. മൂന്ന് ഘട്ടങ്ങളിലായിരുന്നു സെലക്ഷൻ. സിനോപ്സിസ്, ട്രീറ്റ്മെൻ്റ് നോട്ട് എന്നിവ തയ്യാറാക്കി. ഒരാഴ്ച നീളുന്ന ട്രെയിനിംഗ് പ്രോസസ്സിലൂടെ കടന്നുപോയി. എഫ്.ടി.ഐയിലെ പ്രമുഖരായിരുന്നു കോഴ്സ് നടത്തിയത്. അതിനുശേഷം ഫൈനൽ സ്ക്രിപ്റ്റ് സമർപ്പിച്ചു. ഇതിൽനിന്ന് അഞ്ചുപേരെയാണ് ഈ ഘട്ടത്തിൽ തിരഞ്ഞെടുത്തത്. പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന മറ്റൊരു ജൂറിയാണ് അവസാന തിരഞ്ഞെടുപ്പ് നടത്തിയത്. സിനിമാ നിർമാണത്തിനുള്ള ഗ്രാൻ്റ്, ചിത്രാഞ്ജലിയുടെ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രൊജക്ട്, ഒരു തുടക്കക്കാരിയെന്ന നിലയിൽ വലിയ സാധ്യതയുള്ള ഒരു പദ്ധതിയായാണ് അനുഭവപ്പെട്ടത്. തീർച്ചയായും സിസ്റ്റമിക് ലാഗ് ഉണ്ടാവാം. സാങ്കേതികമായ ചില പരിമിതികളെ മറികടക്കാൻ പുറത്തുള്ള ടെക്നോളജിയെ ഉപയോഗിക്കാനായിട്ടുണ്ടാവില്ല. എന്നാൽ അതിനെല്ലാമപ്പുറം ഇത്തരമൊരു പ്രൊജക്ടിൻ്റെ ഭാഗമായതുകൊണ്ടാണ് എനിക്ക് ഇത്തരത്തിലുള്ള ഒരു സിനിമയെടുക്കാനായത്.
വിക്ടോറിയ എങ്ങനെയാണ് മനസ്സിലേക്ക് വരുന്നത്? ഇത് സിനിമയ്ക്കു പറ്റിയ വിഷയമാണെന്ന ബോധ്യം ഉറപ്പിക്കുന്നതെങ്ങനെയാണ്? രണ്ടാമതായി, സിനിമയുടെ ഭാഷ നന്നായി വഴങ്ങിയ സംവിധായികയെന്ന് സിനിമകണ്ട പലരും പറയുകയുണ്ടായി. സിനിമ എന്ന മാധ്യമത്തെ ഗൗരവത്തിൽ സമീപിച്ചതിലൂടെയാണ് വിക്ടോറിയയുണ്ടായത്. ശിവരഞ്ജിനിയുടെ മാധ്യമം സിനിമയാണെന്ന ഉറപ്പ് എപ്പോഴാണ് രൂപപ്പെട്ടു തുടങ്ങുന്നത്?
സിനിമയുമായി ബന്ധപ്പെട്ട പല ആലോചനകളും മനസ്സിലുണ്ടായിരുന്നു. കെ.എസ്.എഫ്.ഡി.സിയുടെ ഈ സ്ത്രീ പ്രൊജക്ടിനോട് വിശാലമായ ബാനറിൽ എൻഗേജ് ചെയ്യുന്ന ത്രെഡ് എന്ന നിലയിലാണ് വിക്ടോറിയയിലേക്കെത്തുന്നത്. ദീർഘകാലമായി മനസ്സിലുള്ളതാണ് വിക്ടോറിയ. ഞാൻ പോകാറുള്ള അങ്കമാലിയിലെ ഒരിടത്തരം ബ്യൂട്ടിപാർലറിലെ അനുഭവങ്ങളുമായി ഇതിന് ബന്ധമുണ്ട്. രണ്ടാമത്തെ ചോദ്യം, പ്രാക്ടീസ് പ്രധാനമാണ്. മറ്റേതു കലയും പ്രാക്ടീസ് ചെയ്യുന്നതിനെക്കാൾ ചിലവേറിയതാണ് സിനിമയുടെ പ്രാക്ടീസ്. നേരിട്ട് ഒരു പ്രോഡക്റ്റായിത്തീരേണ്ട കലയിലാണ് പ്രാക്ടീസ് നടത്തേണ്ടത്. ആ നിലയിൽ കയ്യടക്കം എന്നത് ഒരു പ്രോസസ്സാണ്. രൂപപ്പെട്ടുകഴിഞ്ഞ ഒന്നല്ല അത്. സിനിമയുടെ പല ഘട്ടങ്ങളിലും പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വരും. സംവിധാനം എന്ന പ്രോസസ്സിനോട് വലിയ ഇഷ്ടമുണ്ട്. സന്തോഷം തരുന്ന ഏക പണി ഇതാണല്ലോ എന്ന തിരിച്ചറിവുകൂടിയാണ്. അതിൻ്റെ തുടർച്ചയാണ് എഡിറ്റിംഗും. എത്ര പരിമിതികളുണ്ടെങ്കിലും, ഒരു സിനിമാവിദ്യാർത്ഥിയെന്ന നിലയിൽ കലാപരമായ ബാഹ്യസമ്മർദ്ദങ്ങളില്ലാതെ ഒരു തുടക്കക്കാരിക്ക് സിനിമയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ സന്തോഷം.
വിക്ടോറിയയുടെ കാസ്റ്റിംഗ്, മറ്റ് ടെക്നീഷ്യൻസ് ഇവരുടെ തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു. ഇത്തരം തിരഞ്ഞെടുപ്പുകളിൽ നിർമാതാവ് എന്ന നിലയിൽ KSFDC യുടെ സമീപനം എന്തായിരുന്നു?
ചാലക്കുടി മുതൽ ആലുവ വരെയുള്ള ഭാഷ സംസാരിക്കുന്ന അഭിനേത്രികളെയാണ് പരിഗണിച്ചത്. കാസ്റ്റിംഗ് കോൾ വഴി ഒഡിഷൻ നടത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ജോളി ചിറയത്ത് ഒഴികെയുള്ള എല്ലാവരെയും തിരഞ്ഞെടുത്തത് ഈ പ്രോസസ്സിലൂടെയാണ്. അഭിനേത്രികൾക്ക് ഒരാഴ്ച ആക്ടിംഗ് വർക് ഷോപ്പ് നടത്തി. സിനിമയിൽ ധാരാളം ലോംഗ് ടേക്കുകളാണുള്ളത്. അതുകൊണ്ട് ആ നിലയിലുള്ള റിഹേഴ്സലുകളും ഇതിൻ്റെ ഭാഗമായിരുന്നു. ക്രൂ എല്ലാവരും ഫീച്ചർ സിനിമയിലെ തുടക്കക്കാരാണ്. എല്ലാവരും അവരുടെ കലയിൽ ടെക്നിക്കലി സൗണ്ടായ മനുഷ്യരായിരുന്നു. സുഹൃത്തുക്കളുമാണ്. സാങ്കേതിക മേഖലകളിൽ പ്രമുഖരെ എടുക്കണമെന്ന നിർദ്ദേശമാണ് കെ.എസ്.എഫ്.ഡി.സി യുടെ ഭാഗത്തുനിന്നുണ്ടായത്. പുതിയ സംവിധായികയോടൊപ്പം പുതിയ സാങ്കേതിക പ്രവർത്തകരാവുമ്പോൾ സിനിമ എങ്ങനെയാവുമെന്ന ആശങ്ക, നിർമ്മാതാക്കളെന്ന നിലയിൽ അവർക്കുണ്ടായിട്ടുണ്ടാവും. അത് സ്വാഭാവികവുമായിരിക്കാം. എന്നാൽ അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒരു സിനിമാവിദ്യാർത്ഥിയെന്ന നിലയിലുള്ള കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. വർക്ക് പുരോഗമിക്കുന്നതോടെ കെ.എസ്.എഫ്.ഡി.സിയും ഇക്കാര്യത്തിൽ കൺവിൻസ്ഡ് ആയി.
എൺപത്തിനാലു മിനിറ്റുള്ള വിക്ടോറിയയിലെ തുടക്കവും ഒടുക്കവുമൊഴികെ മറ്റെല്ലാം സംഭവിക്കുന്നത് ഒരു ബ്യൂട്ടിപാർലറിനകത്താണ്. പുറം ദൃശ്യങ്ങളുടെ സമൃദ്ധിക്ക് അവിടെ സാധ്യതയില്ല. ചലനങ്ങളുടെ ദൂരത്തിനും സാധ്യതയ്ക്കും പരിമിതിയുണ്ട്. ഈ പരിധികൾക്കകത്താണ് സിനിമ നടക്കുന്നത്. സാങ്കേതികമായി, ഈ അകം പരിമിതിയാണോ സാധ്യതയാണോ?
ഇതൊരു വെല്ലുവിളിയായിരുന്നു. ഈ ഇന്നർസ്പേസ് മൂവ്മെൻ്റിനെ ലിമിറ്റ് ചെയ്യുമെന്ന പേടിയുണ്ടായിരുന്നു. സ്പേസ് നിർമ്മിച്ചെടുക്കുക എന്ന വെല്ലുവിളിയെ അവിടെ അഡ്രസ്സ് ചെയ്തു. ഡേലൈറ്റ് ഒട്ടും ഉപയോഗപ്പെടുത്താനാവില്ലെന്ന പരിമിതിയുമുണ്ട്. ഈ പരിമിതികളെ സാധ്യതകളാക്കിമാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള സെറ്റിൻ്റെയും സ്പേസിൻ്റെയും നിർമ്മാണത്തിലൂടെ ഇത് മറികടക്കാൻ കഴിഞ്ഞുവെന്നാണ് കരുതുന്നത്.
മുമ്പുന്നയിച്ച വിഷയത്തെ ഒന്നുകൂടി നീട്ടിയാൽ അത് കലയുടെ സൗന്ദര്യരാഷ്ട്രീയത്തിലേക്കും നീളുന്നതായി കാണാം. സിനിമ എന്ന കലയുടെ സാങ്കേതികത സിനിമയുടെ ഉള്ളടക്കവുമായി ചാർച്ചയിലാവുന്ന സന്ദർഭം കൂടിയാണിത്. ലേഡീസ് പാർലറിന്റെ അകത്ത് ക്യാമറ വയ്ക്കുന്നു എന്നതിന് പെൺലോകങ്ങളുടെ അകം എന്നുകൂടി അർത്ഥമുണ്ടല്ലോ. എന്നാൽ അകം X പുറം എന്നീ കേവല ദ്വന്ദ്വങ്ങളെ സാമാന്യശീലങ്ങളെ സിനിമ മറികടക്കുന്നുമുണ്ട്. ഈ സമീപനത്തെ സിനിമയെന്ന സാങ്കേതികതയുടെ സ്ഥലപരതയുമായി ബന്ധപ്പെടുത്തുമ്പോൾ എങ്ങനെയാണ് കാണാനാവുക?
ഇതൊരു ക്രൂഷ്യൽ ചോദ്യമാണെന്നു തോന്നുന്നു. കല, സിനിമയുടെ സാങ്കേതികതയ്ക്കു പുറത്തോ സാങ്കേതികത, കലയ്ക്കു പുറത്തോ വേറിട്ടുനിൽക്കുന്നതല്ല. ഫോമും കണ്ടൻ്റും തമ്മിലുള്ള വേറിടാത്ത ബന്ധം ഇവിടെ പ്രധാനമാണ്. വിക്ടോറിയ എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചത്. അതായിരുന്നു ലക്ഷ്യം. കാമറയ്ക്കുവേണ്ടി വിക്ടോറിയയെ പ്ലേസ് ചെയ്യുക എന്നതിനപ്പുറം വിക്ടോറിയക്കുവേണ്ടി കാമറയെ ചലിപ്പിക്കാനാണ് ശ്രമിച്ചത്. വിക്ടോറിയക്കുവേണ്ടിയാണ് മറ്റു കഥാപാത്രങ്ങളെ ഫോളോ ചെയ്യുന്നതെന്നും പറയാം. ഹാൻഡ്ഹെൽഡ് കാമറയുടെ ഏസ്‌തെറ്റിക്സ് ഈ സിനിമയുടെ സൗന്ദര്യ സങ്കല്പമാവുന്നത് ഇത്തരത്തിലാണെന്നു തോന്നുന്നു. സംവിധായികയെന്ന നിലയിൽ ഞാനിത് പറയുമ്പോഴും ഇക്കാര്യങ്ങൾ എത്തരത്തിൽ സെൻസിബിളാവുന്നു എന്നു പറയേണ്ടത് കാണികളാണ്. പാർലറിന്റെ അകത്തേക്കുള്ള നോട്ടം ഒട്ടും വോയറിസ്റ്റിക്കാവരുത് എന്നതുമുണ്ട്. വൈഡ് ലെൻസിൻ്റെ ഉപയോഗവും ക്ലോസാവാതിരിക്കാനുള്ള ശ്രമവും ഇതിൻ്റെ ഭാഗാമാണ് . ഒരു പെണ്ണെന്ന നിലയിലുള്ള ബോധവും അബോധവും ഒരുപോലെ ഇതിൽ പ്രവർത്തിച്ചിട്ടുണ്ടാവാം.
നേർച്ചപ്പൂവൻ ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണല്ലോ. ജന്തുലോകം പൊതുവിലും ഒരൊറ്റ പൂച്ചയോ പട്ടിയോ കോഴിയോ സവിശേഷമായും നമ്മുടെ സിനിമയിലും സാഹിത്യത്തിലും പലമട്ടിൽ വരുന്നുണ്ട്. ഈ ജന്തുലോകത്തിൽ കോഴിയെ ഒരു കാണി എന്ന നിലയിൽ സംവിധായിക എങ്ങനെയാണ് സ്ഥാനപ്പെടുത്തുക?
പൂവൻകോഴി എന്നതിനെ ഒരു മെയിൽ റപ്രസൻ്റേറ്റിവ് എന്ന നിലയിലാവാം പെട്ടെന്ന് കാണാനാവുക. സിനിമയിൽ അതിനപ്പുറത്തേക്ക് പല നിലകളിൽ കോഴിയെ കാണാമെന്നു തോന്നുന്നു. ഒരൊറ്റ തീർപ്പിലല്ല കോഴിയും പെണ്ണുങ്ങളുമെന്നാണ് ഒരു കാണി എന്ന നിലയിൽ എനിക്കു തോന്നിയിട്ടുള്ളത്. ഒരു വോയറല്ല സിനിമയിലെ കോഴി. അത് സ്പിരിച്വൽ വിറ്റ്നസ്സ് കൂടിയാണ്. വിക്ടോറിയയെ അവളുടെ തീരുമാനത്തിലേക്കെത്തിക്കുന്ന ദൈവിക/ആത്മീയ സാന്നിധ്യവും ഭൗതിക സാന്നിധ്യവുമായി കോഴി പ്രവർത്തിക്കുന്നുണ്ടാവണം. കോഴിയും അവളും തമ്മിൽ ഒരു കമ്യൂണിക്കേഷൻ ചാനൽ രൂപപ്പെടുന്നുണ്ട്. സിനിമയിലെ ഡ്രീം സീക്വൻസിൽപോലും ഇതിൻ്റെ തുടർച്ചയുണ്ട്. മാനസികമായ തുല്യനിലകൾ അവളിലും കോഴിയിലും ആരോപിക്കുകയുമാവാം. പുണ്യാളനു നേർച്ചയ്ക്കായി വീട്ടിൽ വളർത്തിയ നേർച്ചക്കോഴിയാണത്. നേർച്ചയെ ഒരു മോശം കാര്യമായി കാണുന്നില്ല. എന്നാൽ രാഷ്ട്രീയബലതന്ത്രങ്ങൾ പ്രവർത്തിക്കാത്ത ശുദ്ധശൂന്യമായ ഒരു സ്ഥലത്തെ ഭൂതത്തിൽനിന്നോ വർത്തമാനത്തിൽനിന്നോ കണ്ടെടുക്കാൻ ശ്രമിക്കുന്നുമില്ല. ബലിമൃഗമെന്നതിനപ്പുറമുള്ള നിൽപ് വിക്ടോറിയയിലെ കോഴിക്കുണ്ടെന്നാണ് എൻ്റെ കാഴ്ച. കാണികളുടെ സ്പേസിലേക്ക് സംവിധായിക കടക്കേണ്ടതില്ലെന്നാണ് തോന്നുന്നത്.
സംവിധാനം, തിരക്കഥാരചന, എഡിറ്റിംഗ് എന്നീ മൂന്നു ഡിപാർട്മെൻ്റും ഒരാൾതന്നെ കൈകാര്യം ചെയ്യുന്നത് സിനിമയെ ഏതെല്ലാം നിലയിൽ സഹായിച്ചിട്ടുണ്ട്? മറ്റൊരാളായിരുന്നു എഡിറ്ററെങ്കിൽ കൂടുതൽ സഹായകമാവുമായിരുന്നു എന്ന് ചിന്തിക്കേണ്ടി വന്ന ഏതെങ്കിലും സന്ദർഭങ്ങളുണ്ടായിരുന്നോ?
തിരക്കഥയുടെ ഘട്ടത്തിൽ എഡിറ്റിംഗ് അറിയാവുന്നത് സഹായകമായി തോന്നി. ഷോർട് ബ്രേക്കുകൾ എഴുത്തിൽ വരുന്നതെല്ലാം എഡിറ്ററുടെ കാഴ്ചയിൽ കാണാനാവും. ഇനി എഡിറ്റിംഗിലേക്കുവന്നാൽ, ഈ സിനിമയിൽ കൂടുതൽ ലോംഗ് ടേക്കുകളായതിനാൽ ഒരു പരിധിവര എഡിറ്റിംഗിലൂടെ മറ്റൊരു സിനിമയാവാനുള്ള സാധ്യത കുറവായിരുന്നു. പിന്നെ ഈ മൂന്നു റോളുകളും എന്നു പറയുമ്പോൾ, സംവിധാനം എനിക്ക് നന്നായി ആസ്വദിക്കാനാവുന്നുണ്ട്. സ്ക്രിപ്റ്റിൽ മറ്റൊരാൾകൂടിയുണ്ടാവുന്നത് നല്ലതാണ്. നമ്മുടെ പരിമിതികൾ ആവർത്തിക്കാതിരിക്കാൻ അതുപകരിക്കും. പരസ്പര സഹകരണത്തോടെയുള്ള സ്ക്രിപ്റ്റാണ് കൂടുതൽ നന്നാവുകയെന്നാണ് എൻ്റെ തോന്നൽ. സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോളും ചില പ്രശ്നങ്ങളുണ്ട്. ഒഴിവാക്കലുകളെക്കുറിച്ചുള്ള ആശങ്കകൾ വന്നേക്കാം. സംവിധായികയെന്ന സെൽഫുമായി എഡിറ്റർ എന്ന സെൽഫിൽ കോൺഫ്ലിക്ടുകൾ സ്വാഭാവികമാണ്. ഇതിലും രണ്ടുമൂന്നു സ്ഥലങ്ങളിൽ ചില എഡിറ്റർമാരുമായി കൺസൽട്ട് ചെയ്തിട്ടുണ്ട്. അതങ്ങനെ പരിഹരിക്കുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്.
സിസ്റ്റർഹുഡ് എന്നു പറയാവുന്ന തലത്തിലുള്ള ഒരു പരിണാമഘട്ടത്തിലൂടെ വിക്ടോറിയയും കൂട്ടുകാരിയും കടന്നുപോവുന്നതായി ചിത്രീകരിക്കുന്നുണ്ടല്ലോ, അതുപോലെ പാർലറിലേക്ക് കയറിയ വിക്ടോറിയ ആയിട്ടല്ല അവൾ തിരിച്ചിറങ്ങുന്നത്. സിനിമ/കല എന്ന പ്രക്രിയ അവളെ പുതുക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഈയൊരു ഷിഫ്റ്റ് നമുക്ക് ജീവിതത്തിൽ ഒരുപക്ഷെ പരിചയമുണ്ടാവാം. എന്നാൽ സിനിമയിലെ ഇതിനായുള്ള പ്രോസസ്സ് അത്ര പരിചിതമല്ല. എങ്ങനെയാണ് ഇത്തരമൊരു പ്രൊസസ്സ് രൂപപ്പെട്ടുവരുന്നത്?
വിക്ടോറിയയെ ചെറുപ്പം മുതലേ അറിയുന്ന സുഹൃത്താണ് ആ കഥാപാത്രം. ഒന്നും പറയാതെ അവർ എന്തൊക്കെയോ പരസ്പരം വിനിമയം ചെയ്യുന്നുണ്ട്. ഇൻസെക്യൂറായി, ഡൗണായി, കോൺഫിഡൻസില്ലാതാവുന്ന വിക്ടോറിയയിൽ ഭൂതകാലവും വർത്തമാനകാലവും പ്രവർത്തിപ്പിക്കാൻ ആ കഥാപാത്രത്തിനാവുന്നുണ്ട്. അതിലൂടെയാണ് വിക്ടോറിയ സ്വയം നിർണയിക്കാനുള്ള ആത്മവിശ്വാസത്തിലേക്ക് വരുന്നതെന്നും പറയാം. മറ്റെല്ലാവരും വിക്ടോറിയയെ പാസ്സീവ്‌ലി കാണുന്നുണ്ട്. എന്നാൽ വിക്ടോറിയയെ കാണാൻ കഴിഞ്ഞവൾ ഈ കൂട്ടുകാരിയാണ്. ഒരുപാട് പറച്ചിലുള്ള ഈ സിനിമയിൽ, കാഴ്ചയുടെ പ്രത്യേകവഴി ഈ കഥാപാത്രത്തിൻ്റേതാവാം. പിന്നെ എന്താണ് ഈ പ്രോസസ്സ് എന്ന് ചോദിച്ചാൽ, അതാണ് ഈ സിനിമയുടെ ഏസ്‌തെറ്റിക്കൽ സെൻസിബിലിറ്റി എന്നാണ് പറയാനുള്ളത്. അത് സംബന്ധിച്ച പലതരം കാഴ്ചകളും വിശദീകരണങ്ങളും എനിക്കുണ്ട്. സിനിമയുടെ കാണികളിലാണ് സിനിമ നിൽക്കുന്നത് എന്നു കരുതുന്നു. നമ്മൾ സ്വയം എത്ര വിശദീകരിക്കാൻ ശ്രമിച്ചാലും സിനിമ നിൽക്കില്ല. ഏതൊരു കലയും നിൽക്കില്ല. അതിനാൽ ഈ പ്രോസസ്സ്, അത്തരമൊന്നുണ്ടെങ്കിൽ, അത് കാണികളിലാണെന്നാണ് കരുതുന്നത്. വിക്ടോറിയ എത്തിച്ചേർന്ന അവസാന ഉത്തരമാണ് സിനിമയിലുള്ളതെന്ന നിലയുമില്ല. ക്ലോസ്ഡല്ലല്ലോ അത്. വിക്ടോറിയയുടെ തുടർജീവിതവും കാണിയിലാണുള്ളത്.
മതകീയമായ പുരാവൃത്തങ്ങളുടെയും അനക്ഡോടുകളുടെയും ഒരു വഴി സിനിമയിലുണ്ട്. പറച്ചിലുകൾകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു പെൺലോകവും സിനിമയിൽ പ്രത്യക്ഷമാണ്. ഓർമയും വിശ്വാസവും അതിശയവും പറച്ചിലായി ഒഴുകുന്നു. ആ നിലയിൽ മലയാളത്തിൻ്റെ ധാതുബലമുള്ള സിനിമകൂടിയാണിത്. പറച്ചിൽ ഒരാഖ്യാന സങ്കേതമായതെന്തുകൊണ്ട്? പറച്ചിലിൻ്റെ ഈ ഘടനയിൽ സൗന്ദര്യവും രാഷ്ട്രീയവുമുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
പല ലെയറുകളിൽ സിനിമ നിൽക്കുന്നുവെന്ന് പറയുന്നത് സന്തോഷം. ജീവിതത്തിൻ്റെ അത്രയും കോൺഫ്ലിക്ട് സിനിമയിൽ കൊണ്ടുവരികയെന്നത് സാധിക്കില്ല. സിനിമ ഒരു ആക്സിഡൻ്റല്ല. ബോധപൂർവമാണ് ഓരോ നീക്കവും നടത്തുന്നത്. ചിലപ്പോൾ പാളിപ്പോയേക്കാം. സിനിമയിലെ റിയലിസം ജീവിതത്തിലെ റിയലിസവുമായി ഐക്യപ്പെടുന്നില്ല. അങ്ങനെ ആയാലാണ് പ്രശ്നമെന്നാണ് എൻ്റെ തോന്നൽ. പലതരം കാഴ്ചകളുണ്ടാവുന്നതു തന്നെയാണ് പ്രധാനം. പിന്നെ സൂചിപ്പിച്ച പറച്ചിൽ എന്ന നരേറ്റീവ് സ്ട്രക്ചറിനെക്കുറിച്ച്, ഇവിടെ പെണ്ണുങ്ങളുടെ പറച്ചിൽ കേട്ടിരിക്കാൻ ‘വിധിക്കപ്പെടുന്ന’ ഒരു കാണിയുണ്ടാവുന്നു. ഈ പറച്ചിൽ വളരെ പ്രധാനമെന്ന നിലപാടാണുള്ളത്. മലയാള സിനിമാ ചരിത്രത്തിലെ പെൺപറച്ചിലുകളുടെ തരവും തോതും നോക്കിയാൽത്തന്നെ ഇത് വ്യക്തമാണ്. സാന്നിധ്യം, സഹ സാന്നിധ്യം, പൂരിപ്പിക്കൽ എന്നീ നിലയാണ് ഏത്ര ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കുമുള്ളത്. സ്ത്രീപക്ഷ സിനിമകൾ എന്ന് വിലയിരുത്തപ്പെട്ട സിനിമകളിലടക്കം ആണുങ്ങളാണ് സംസാരിക്കുന്നത്. അഥവാ പെണ്ണിൻ്റെ സയലൻസ് ആണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അവിടെയാണ് പറച്ചിലിൻ്റെ ഘടന പ്രധാനമാവുന്നതെന്ന് തോന്നുന്നു. ഞാൻ വളർന്ന ചുറ്റുപാടിൻ്റെ ഘടനയെന്നതുതന്നെ സ്ത്രീകൾ കൂടിയിരുന്നുള്ള പറച്ചിലാണ്. അംഗവിക്ഷേപങ്ങളോടെയുള്ള ഈ പറച്ചിലാണ്, അതിൻ്റെ ഭാഷയാണ് നാടിൻ്റെ അടിസ്ഥാനം. ഇതിനെ അതികാല്പനികവത്കരിച്ച് ശുദ്ധമാക്കുകയല്ല. പാർലർ എന്ന മൂർത്താനുഭവവുമുണ്ട്. ആരും മിണ്ടാതിരിക്കുന്ന ഒരു പുതിയതരം പാർലറോ യുനിസെക്സായ ഒരു പാർലറോ സങ്കല്പിക്കുകയെന്നത് അതിനാൽത്തന്നെ ഈ സിനിമയുടെ ജോഗ്രഫിയിൽപ്പെടുന്ന വിഷയമല്ല. നാടും പെണ്ണുങ്ങളും തമ്മിലുള്ള ബന്ധം കൂടിയാണിത്. ‘കെട്ടിച്ചുവിട്ട’ പെണ്ണുങ്ങളും സ്വന്തം നാടിനെ സൂക്ഷിക്കുന്നുണ്ട്, അതിൻ്റെ വർത്തമാനത്തെ അറിയുന്നുണ്ട്. എലേന ഫെറാന്റെയുടെ നിയോപോളിറ്റൻ നോവലുകളിൽ ഈ നാട് മറ്റൊരു തരത്തിൽ കാണാം. മലയാളത്തിൽ എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിൽ ആർ രാജശ്രീയുടെ ‘കല്യാണിയും ദാക്ഷായണി’യുമാണ് റഫറൻസായി തോന്നിയത്.
KSFDC-യുമായി ബന്ധപ്പെട്ട മുൻ വിഷയങ്ങൾ പൊതുവായി ഉന്നയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. നിർമാണവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളെ പിന്നീടുവന്ന ഒരാളെന്ന നിലയിൽ എങ്ങനെയാണ് അനുഭവപ്പെട്ടത്?
ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് എനിക്ക് നേരിട്ട വിഷയം. അതൊരു സിസ്റ്റമിക് ഇഷ്യൂവായാണ് ഞാൻ കാണുന്നത്. 2023 മെയ് മാസത്തിൽ ഷൂട്ട് പൂർത്തിയാക്കിയ സിനിമയാണിത്. അതുകഴിഞ്ഞ് ഒന്നരവർഷമെടുത്താണ് ഇത് തീർക്കാനായത്. ഒരു പ്രവൃത്തി പുറത്തു ചെയ്യണമെങ്കിൽ ടെണ്ടർ വിളിക്കണം. ആരും അത് ക്വോട്ട് ചെയ്യാൻ വരണമെന്നില്ല. ഇത്തരം സാങ്കേതികമായ നൂലാമാലകൾ അതിലുണ്ട്. ഇത് നമ്മുടെ സിസ്റ്റത്തിൻ്റെ ഭാഗമാണ്. മറ്റ് വ്യക്തിപരമായ വിഷയങ്ങൾ എനിക്ക് നേരിടണ്ടി വന്നിട്ടില്ല.
മലയാളികൾ ഈ സിനിമ കാണുന്നത് പ്രധാനവുമാണ്. കാരണം എല്ലാ നിലയിലും ഇതൊരു പുതിയ മലയാള സിനിമയാണ്. സിനിമയുടെ ഫെസ്റ്റിവൽ യാത്രകൾ, പ്രദർശനങ്ങൾ ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. സിനിമ കണ്ടവരുടെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു?
അന്താരാഷ്ട്ര ഫെസ്റ്റുകൾക്ക് അയക്കാൻ ശ്രമിക്കുന്നുണ്ട്. IFFKയിൽ പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളും ഫിപ്രസ്കി പുരസ്കാരം ഏറെ സന്തോഷിപ്പിക്കുന്നു. ഒരു ഇൻ്റർനാഷണൽ ജൂറി പ്രാദേശികാഖ്യാനങ്ങളുള്ള സിനിമ സ്വീകരിച്ചതിലെ ആഹ്ലാദമുണ്ട്. ആദ്യ സിനിമ എന്ന നിലയിൽ ഇതെല്ലാം അപ്രതീക്ഷിതമാണ്. പല സ്റ്റൈലുകളുടെ കോൺഫ്ലുവൻസ് സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഒരു ‘ക്ലാസ്സിക്കൽ’ ഓഡിയൻസിനോട് ഇത് സംവദിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. 2025-ൽ സിനിമ തീയറ്ററിൽ റിലീസുണ്ടാവുമെന്നാണ് കരുതുന്നത്.
സിനിമ ശിവരഞ്ജിനിയുടെ മാധ്യമമാണെന്നതിൽ സംശയമില്ല. തുടർ സിനിമകളെ സങ്കൽപിക്കുന്നതെങ്ങനെ?
ഇനി രണ്ടാമത്തെ സിനിമ ചെയ്യുകയെന്നത് വലിയ ചലഞ്ചാണ്. നിർമ്മാണം തന്നെയാണ് വിഷയം. മറ്റുതരം ഗ്രാൻ്റുകൾ ലഭ്യമാവുമോ എന്നൊക്കെയുള്ള അന്വേഷണം തുടർന്ന് നടത്തേണ്ടതുണ്ട്. സ്വന്തമായോ കൂട്ടായതോ ആയ പ്രൊഡക്ഷൻ സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസ്ഥയിലല്ല ഞാനിപ്പോളുള്ളത്. സ്ക്രിപ്റ്റ് കോറൈറ്റ് ചെയ്യണമെന്നും സംവിധാനം സ്വയം ചെയ്യണമെന്നുമാണ് ആഗ്രഹം. എഡിറ്റിംഗിൽ കൂടുതൽ സാധ്യതയുള്ള സിനിമയും സങ്കല്പിക്കുന്നു. ഇതെല്ലാം ആഗ്രഹവും പ്രതീക്ഷയുമാണ്.