ഫോട്ടോ ജേർണലിസത്തിൽ ജേർണലിസം ആണ് വേണ്ടത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കം, തീരശോഷണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ തന്റെ ഫോട്ടോഗ്രാഫിയിലൂടെ പൊതുസമൂഹത്തിന്റെ മുൻപിൽ എത്തിക്കുന്ന ഫോട്ടോജേർണലിസ്റ്റാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ചീഫ് ഫോട്ടോ ജേർണലിസ്റ്റായ എസ് എൽ ശാന്ത് കുമാർ.

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോഴും തമിഴ്നാട്ടിലെയും കേരളത്തിലെയും തീരങ്ങളിൽ സംഭവിക്കുന്ന തീരശോഷണങ്ങളെയും അടയാളപ്പെടുത്തുന്നു. തിരുവനന്തപുരം വിഴിഞ്ഞം തീരത്തുള്ള തീരശോഷണങ്ങൾ ഡോക്യുമെന്റ് ചെയ്യുന്ന ഫോട്ടോ സീരീസ് ആണ് ഇപ്പോൾ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് .

കാലാവസ്ഥാ വ്യതിയാനമെന്ന പ്രശ്നത്തെ സർക്കാരുകളും ജനങ്ങളും അതിന്റെ ഗൗരവത്തോടെ മനസിലാക്കുന്നത് വരെ താൻ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കും എന്ന് നിശ്ചയിച്ചിരിക്കുന്ന ശാന്ത് കുമാർ കേരളീയത്തോട് സംസാരിക്കുന്നു.

എസ് എൽ ശാന്ത് കുമാർ

ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ, ശക്തമായ ആഖ്യാനങ്ങൾ ക്യാമറയിലൂടെ ആവിഷ്കരിക്കാനും അത് ആളുകളിലേക്ക് എത്തിക്കാനും താങ്കൾക്ക് കഴിയുന്നുണ്ട്. ഫോട്ടോഗ്രഫിയിലൂടെയുള്ള കഥ പറച്ചിലിനെ താങ്കൾ എങ്ങനെയാണ് സമീപിക്കുന്നത്? താങ്കളുടെ വർക്കുകളിലൂടെ എന്താണ് പ്രതീക്ഷിക്കുന്നത്?

ഒരാളുടെ ജീവിതം രേഖപ്പെടുത്തുക എന്നത് അയാളുടെ ഇടത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമാണ്. ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ, സബ്ജക്ടിനോടും അവരുടെ സാഹചര്യങ്ങളോടും സെൻസിറ്റീവ് ആയിരിക്കുകയും, സാംസ്കാരികമോ മതപരമോ വ്യക്തിപരമോ ആയ അഭ്യർത്ഥനകൾ ഉണ്ടെങ്കിൽ അവയെ മാനിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഡെങ്കിപ്പനി പടരുന്നത് തടയാൻ മുംബൈയിലെ മുഹമ്മദ് അലി റോഡിൽ പുകയ്ക്കുന്ന ഒ.ബി.എം.സി. പ്രവർത്തകൻ – എസ് എൽ ശാന്ത് കുമാർ

എൻറെ സാന്നിധ്യം അറിയിക്കുകയും ഞാൻ അവർക്കൊരു ഭീഷണിയല്ലെന്ന് ഉറപ്പ് നൽകുകയും ചെയ്ത് കഴിഞ്ഞാൽ, അവിടെ നടക്കുന്ന സംഭവ വികാസങ്ങൾ ഞാൻ പകർത്താൻ തുടങ്ങും. എല്ലാ ചായ്വുകളും മാറ്റി നിർത്തി, അവിടെ നടക്കുന്ന സംഭവങ്ങളോട് സത്യസന്ധത പുലർത്തുകയും ചെയ്യും.

എന്താണ് താങ്കളെ ഫോട്ടോജേർണലിസത്തിലേക്ക് ആകർഷിച്ചത്? ഈ പ്രൊഫഷൺ തന്നെ പിന്തുടരണമെന്ന് താങ്കൾ ഉറപ്പിച്ചത് എപ്പോഴാണ്?

കൗമാര കാലത്ത് ഞാനൊരു സ്റ്റുഡിയോ ഡാർക്ക് റൂമിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ എന്റെ ബോസ് ഒരു ഫോട്ടോ ജേർണലിസ്റ്റായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ജോലിയോട് ആരാധനയായിരുന്നു. അടുത്ത ദിവസം പത്രത്തിൽ പ്രസിദ്ധീകരിച്ചു വരുന്ന ചിത്രങ്ങൾ, പ്ലാനുകളൊന്നുമില്ലാത്ത ദിനചര്യ, ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ള അപകടങ്ങൾ അതിന്റെ അനിശ്ചിതത്വം… എല്ലാം എനിക്ക് കൗതുകമായിരുന്നു. ഇതാണ് എന്റെ വഴിയെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. ഒരു ഫോട്ടോ ജേർണലിസ്റ്റാകാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സ്റ്റീവ് മക്കറി എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ്.

സ്റ്റീവ് മക് കറി

അദ്ദേഹത്തിന്റെ വർക്കുകൾ, ലോകം സംഭവങ്ങളെ കാണുന്ന രീതിയെ മാറ്റിമറിക്കുന്നത് കണ്ടപ്പോൾ എന്നെങ്കിലും ഞാനും അതുപോലെ ആകണമെന്ന് ഉറപ്പിച്ചിരുന്നു.

ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ എങ്ങനെയാണ് വിഷയങ്ങളും സ്റ്റോറികളും തിരഞ്ഞെടുക്കുന്നത്? ഏത് സ്റ്റോറി ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് എന്തെങ്കിലും ക്രൈറ്റീരിയകളോ, ഗൈഡ് ലൈൻസോ ഉണ്ടോ?

നിങ്ങളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഒരു ന്യൂസ് അല്ലെങ്കിൽ ഡോക്യുമെൻററി ഫോട്ടോഗ്രാഫറാകുന്നത്. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരാണ് എന്നത് നിങ്ങൾ കാണുന്ന കാഴ്ചയിലും അത് നിങ്ങൾക്കായി തുറന്നുതരുന്ന കഥകളിലും പ്രതിഫലിക്കും. ഡോക്യുമെന്റ് ചെയ്യപ്പെടാൻ കാത്തിരിക്കുന്ന ഒരു കഥയാണ് ഈ ലോകം, ബാക്കി നിങ്ങൾ എന്താണ് കാണാൻ തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

സ്വേരിയിലെ എണ്ണയൊഴുകി വൃത്തിഹീനമായ റോഡിലൂടെ നടക്കുന്ന കുട്ടി – എസ് എൽ ശാന്ത് കുമാർ

ക്യാമറയുമായി യാത്ര ചെയ്യുമ്പോൾ പ്രചോദനാത്മകവും ഹൃദയഭേദകവുമായ നിമിഷങ്ങൾക്ക് താങ്കൾ സാക്ഷ്യം വഹിക്കുന്നുണ്ടാകും. അത്തരം വൈകാരിക നിമിഷങ്ങളെ എങ്ങനെയാണ് പ്രതിരോധശേഷിയും ലക്ഷ്യബോധവും നിലനിർത്തിക്കൊണ്ട് കൈകാര്യം ചെയ്യുന്നത്?

അത് വളരെ ദുഷ്കരമായ ഒന്നാണ്. ഹൃദയഭേദകമായ നിമിഷങ്ങൾ ഒപ്പിയതിന് ശേഷം ഞാൻ മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട്. എന്റെ വർക്കിലൂടെ ഒരു കഥ ലോകത്തോട് പറഞ്ഞുവെന്നതിൽ ഞാൻ ആശ്വാസം കണ്ടെത്തും. അതിലൂടെ ചിലപ്പോൾ അയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രത്യാശിക്കും.

കടൽ കെടുതി – എസ് എൽ ശാന്ത് കുമാർ

പക്ഷേ അത് കഠിനമായ അനുഭവമാണ്. എല്ലാ പത്രപ്രവർത്തകരും ഇത്തരം വൈകാരികതകളെ ആരുമറിയാതെ അതിജീവിക്കുന്നുണ്ട്. അതിങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും.

AIയുടെയും മാനിപുലേറ്റഡ് ഇമേജസിന്റെയുമൊക്കെയുള്ള ഈ കാലത്ത്, താങ്കൾ എങ്ങനെയാണ് ഫോട്ടോ ജേർണലിസത്തിലെ ആധികാരികതയും കൃത്യതയും ഉറപ്പാക്കുന്നത്? കഥപറച്ചിലിലെ വിശ്വാസ്യതയും സത്യസന്ധതതയും നിലനിർത്താൻ താങ്കൾ എന്തൊക്കെയാണ് ചെയ്യുക?

വളരെ കാലമായി നിലനിൽക്കുന്ന ഒരു പ്രശ്നമാണിത്. ആദ്യമൊക്കെ ഡാർക്ക് റൂമിലും, പിന്നീട് ഫോട്ടോഷോപ്പിലും, ഇപ്പോളത് AI ജനറേറ്റഡ് ചിത്രങ്ങളിലുമെത്തി നിൽക്കുന്നു. ഖേദകരമെന്ന് പറയട്ടെ, ഇന്നത്തെ കാലത്ത് യഥാർത്ഥ ചിത്രങ്ങളിൽ നിന്നും മാനിപ്പുലേറ്റഡായ ചിത്രങ്ങളെ വേർതിരിച്ച് അറിയാൻ ഒരു മാർഗവുമില്ല.

തോളത്തെ പെൺകുട്ടി – എസ്‌ എൽ ശാന്ത് കുമാർ

ഒരു പ്രശസ്ത പത്രത്തിന് അല്ലെങ്കിൽ ഏജൻസിക്ക് മെറ്റീരിയൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്രിമത്വം പരിശോധിക്കുന്നതിന് വളരെ ഉയർന്ന മാനദണ്ഢങ്ങളും നടപടിക്രമങ്ങളുമുണ്ട്. ശരിയായ വാർത്താ വിവരങ്ങൾക്കായി പ്രശസ്തമായ കമ്പനികളെ ആശ്രയിക്കുന്നതാകും ഏക പോംവഴി എന്ന് ഞാൻ കരുതുന്നു.

ഒഴുകുന്ന മാലിന്യങ്ങളും പൈപ് ലൈനിൽ ഉറങ്ങുന്ന മനുഷ്യനും – എസ്‌ എൽ ശാന്ത് കുമാർ

ബിപർജോയ് ചുഴലിക്കാറ്റ് എങ്ങനെയാണ് മുംബൈ തീരത്തെ ബാധിച്ചത്? ഒരു ഫോട്ടോ ജേർണലിസത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങൾ നിരന്തരം പകർത്തുന്നയാളാണല്ലോ താങ്കൾ?

ബിപർജോയ് ചുഴലിക്കാറ്റ് മുംബൈ തീരത്തെ അധികം ബാധിച്ചിരുന്നില്ല. ‘Get wet, get dirty and take the risk’ എന്നത് മാത്രമാണ് ചുഴലിക്കാറ്റോ വെള്ളപ്പൊക്കമോ പോലുള്ള സംഭവങ്ങളെ പകർത്താനുള്ള ഒരേയൊരു മാർഗം.

കനത്ത മഴയിൽ വെള്ളക്കെട്ടായ മുംബൈയിൽ കുർള തെരുവ് – എസ്‌ എൽ ശാന്ത് കുമാർ

സെക്ഷ്വൽ മൈനോറിറ്റികളുടെ ഉത്സവം എന്നറിയപ്പെടുന്ന കൂത്താണ്ടവർ ഉത്സവത്തെ ആസ്പദമാക്കി ചെയ്ത് ‘No Ordinary Lives’ എന്ന ഫോട്ടോ സീരീസ് ചെയ്യാൻ എന്തുകൊണ്ടാണ് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫി തെരഞ്ഞെടുത്തത്?

ചില സമയങ്ങളിൽ ഒരു സ്റ്റോറിയിലെ നിർണ്ണായക നിമിഷങ്ങൾ പകർത്തുക എന്നതിനായിരിക്കും മുൻഗണന. അത് കൃത്യമായ ലൈറ്റിങ് ഉള്ള സാഹചര്യമോ പരിമിതമായ ലൈറ്റിങ് ഉള്ള ഇടമോ ആകാം. അത്തരം സന്ദർഭങ്ങളിൽ, പാച്ച് ലൈറ്റിൽ നിന്നുള്ള ഡിസ്റ്റർബൻസുകളും, കളർ ഡിസ്ട്രാക്ഷൻസും ഒഴിവാക്കി സ്റ്റോറി ടെല്ലിങ് സാധ്യമാക്കാൻ ബ്ലാക്ക് ആൻറ് വൈറ്റിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

കുവാഗം – എസ്‌ എൽ ശാന്ത് കുമാർ

കാലാവസ്ഥാ വ്യതിയാനം പലപ്പോഴും ദുർബല സമൂഹങ്ങളെ ആനുപാതികമല്ലാത്ത രീതിയിലാണ് ബാധിക്കുന്നത്. വിഴിഞ്ഞത്തെ തീരനഷ്ടത്തിന്റെയും മുംബൈയിലെ വെള്ളപ്പൊക്കത്തിന്റെയും ഫോട്ടോഗ്രാഫുകൾ അത്തരം കഥകൾ പറയുന്നവയായിരുന്നു. താങ്കളുടെ വർക്കുകളിൽ അവരുടെ പ്രാതിനിധ്യത്തെ എങ്ങനെയാണ് ഉറപ്പാക്കുന്നത്?

ഞാൻ വളരെക്കാലമായി മുബൈയിൽ പ്രാദേശികമായി കാലവസ്ഥാ വ്യതിയാനത്തെ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. താമസിയാതെ അതൊരു വലിയ തീരദേശ പ്രശ്നമാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. കാലവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനും കാരണമാകുന്നു. അത് പ്രാദേശിക സമൂഹങ്ങളുടെ ജീവിതത്തെയും മാറ്റിമറിക്കുന്നു. ഓരോ വർഷവും കൂടുതൽ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് പ്രശ്നം വളരുന്നത് ഞാൻ കണ്ടു.

മനുഷ്യനിർമ്മിത ദുരന്തത്തിൽ നഷ്ടപ്പെടുന്ന ഭൂമി – എസ്‌ എൽ ശാന്ത് കുമാർ

ലോകമെമ്പാടുമുള്ള സർക്കാരുകൾ ഈ പ്രശ്നത്തെ അതിന്റെ ഗൗരവത്തോടെ കാണുന്നില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് സർക്കാരിന്റെ ആളുകൾ മനസിലാക്കുന്നത് വരെ ഈ വിഷയം ചെയ്തുകൊണ്ടിരിക്കണമെന്ന് ഞാൻ തീരുമാനിച്ചത് അങ്ങനെയാണ്.

ഫോട്ടോകളിലൂടെ മാറ്റങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ ജേർണലിസ്റ്റുകളോട് താങ്കൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?

ഫോട്ടോ ജേർണലിസ്റ്റിൽ ഫോട്ടോഗ്രഫറേക്കാൾ ഒരു പത്രപ്രവർത്തകനാണ് വേണ്ടത്. കൂടുതൽ വായിക്കുക, സമകാലിക വിഷയങ്ങളെക്കുറിച്ച് ബോധമുള്ളവരായിരിക്കുക, ആളുകളോട് സംസാരിക്കുക, യാത്ര ചെയ്യുക, സത്യം പറയാൻ ഒരിക്കലും ഭയപ്പെടരുത്. അതിനെല്ലാമുപരിയായി ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ അനുകമ്പയോടെയും സഹാനുഭൂതിയോടെയും പ്രവർത്തിക്കുക.

വീട്ടിൽ കയറുന്ന വേലിയേറ്റം എസ്‌ എൽ ശാന്ത് കുമാർ

ഫോട്ടോ ജേർണലിസത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾ എന്താണ് വിഭാവനം ചെയ്യുന്നത്?

ഫോട്ടോ ജേർണലിസം എപ്പോഴും അതേപടി നിലനിൽക്കും. ഒരു ചിത്രം ആയിരം വാക്കുകൾക്ക് സമമാണ്. ക്യാമറയിൽ പകർത്തിയ ഒരു ക്ഷണിക നിമിഷം ചരിത്രത്തിൽ എക്കാലവും നിലനിൽക്കും. സാങ്കേതികവിദ്യ മാറും, അവതരണരീതി മാറും, പ്രേക്ഷകർ മാറും എന്നാൽ സത്യസന്ധമായ കഥപറച്ചിലിന്റെ അടിസ്ഥാനകാര്യങ്ങൾ എല്ലാക്കാലവും നിലനിൽക്കും

Also Read

5 minutes read July 16, 2023 11:40 am