​ഗാസയിലെ യു.എസ് നിലപാടിൽ പ്രതിഷേധിച്ച് ഞാൻ ഈ അവാർഡ് ഉപേക്ഷിക്കുന്നു

പ്രസ്താവനയുടെ പൂർണ്ണരൂപം

2002-ൽ എനിക്ക് മഗ്‌സസെ അവാർഡ് ലഭിച്ച സമയത്ത്, ഫിലിപ്പെൻസ് പ്രസിഡന്റിൽ നിന്നും അവാർഡ് സ്വീകരിച്ചതിന്റെ പിറ്റേ ദിവസം ഇറാഖിനെതിരെ ആസന്നമായിരിക്കുന്ന ആക്രമണത്തിനെതിരെ മനിലയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള എന്റെ തീരുമാനം ചെറിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഫൗണ്ടേഷന്റെ പ്രശസ്തിക്ക് കോട്ടംതട്ടുമെന്ന ന്യായം പറഞ്ഞ് അന്നത്തെ മാഗ്സസെ ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ ആ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആഗോള ആണവ നിരായുധീകരണത്തിനായി 1999-ൽ പൊക്രാൻ മുതൽ സാരാനാഥ് വരെ നടന്ന സമാധാന മാർച്ചിൽ പങ്കെടുത്തത് ഈ അവാർഡിൽ പരാമർശിച്ചിട്ടുണ്ടെന്നും അതിനാൽ എന്റെ യുദ്ധവിരുദ്ധ നിലപാട് എല്ലാവർക്കും അറിയാമെന്നുമായിരുന്നു എന്റെ വാദം.

യു.എസിലെ ഫോർഡ് ഫൗണ്ടേഷനിൽ നിന്ന് ലഭിച്ച അവാർഡിന്റെ ഭാ​ഗമായ പണം ഞാൻ എയർപോർട്ടിൽ തന്നെ തിരികെ നൽകി. എന്നാൽ മാഗ്‌സസെ ഫൗണ്ടേഷൻ ചെയർപേഴ്‌സണ് എഴുതിയ കത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു, ജനപ്രിയനായ മുൻ ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ പേരിലുള്ള അവാർഡ് തൽക്കാലം ഞാൻ സൂക്ഷിക്കുന്നു. എന്റെ രാജ്യക്കാരായ ജയപ്രകാശ് നാരായൺ, വിനോബ ഭാവെ, ബാബ ആംതെ തുടങ്ങിയ വ്യക്തികൾക്ക് ആ അവാർഡ് നൽകിയിട്ടുണ്ട്. അവരെ ഞാൻ എന്റെ ആദർശങ്ങളായി കണക്കാക്കുന്നു. മാഗ്‌സസെ ഫൗണ്ടേഷൻ അവരുടെ സൽപ്പേര് വളരെയധികം നശിപ്പിക്കുന്നു എന്ന് എപ്പോഴെങ്കിലുമെനിക്ക് തോന്നുന്ന പക്ഷം അവാർഡ് തിരികെ നൽകുന്നതിൽ സന്തോഷമുണ്ടെന്നും ഞാൻ ആ കത്തിൽ സൂചിപ്പിച്ചിരുന്നു. അതിനുള്ള സമയം ‌വന്നിരിക്കുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു.

2002-ൽ സന്ദീപ് പാണ്ഡെയ്ക്ക് മാ​ഗ്സസെ അവാർഡ് ലഭിച്ചപ്പോൾ.

മാഗ്‌സസെ അവാർഡിന് പ്രധാനമായും ധനസഹായം നൽകുന്നത് റോക്ക്ഫെല്ലർ ഫൗണ്ടേഷനാണ്. എനിക്ക് അവാർഡ് ലഭിച്ച വിഭാഗത്തിന് ധനസഹായം നൽകുന്നത് ഫോർഡ് ഫൗണ്ടേഷനാണ്, രണ്ടും അമേരിക്കൻ ഫൗണ്ടേഷനുകളാണ്. പലസ്തീൻ പൗരന്മാർക്കെതിരായി ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ 21,500-ലധികം പേർ മരിച്ചുകഴിഞ്ഞു. ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് തുടരുകയും ഇസ്രായേലിനെ പരസ്യമായി പിന്തുണക്കു‌കയും ചെയ്യുന്ന അമേരിക്കയെ കുറിച്ച് ആലോചിക്കുമ്പോൾ ഈ അവാർഡ് നിലനിർത്തുന്നത് എന്നെ സംബന്ധിച്ച് അസഹനീയമാണ്. അതിനാൽ, ഒടുവിൽ അവാർഡും തിരികെ നൽകാൻ ഞാൻ തീരുമാനിക്കുന്നു.

ഈ അവാർഡ് പ്രസിഡന്റ് രമൺ മഗ്‌സസെയുടെ നാമധേയത്തിലുള്ളതായതിനാൽ ഫിലിപ്പീൻസിലെ ജനങ്ങൾക്ക് എന്റെ പ്രവർത്തി മൂലം വേദനയുളവാക്കുന്നുവെങ്കിൽ അവരോട് ക്ഷമ ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പുരസ്കാരവുമായി ബന്ധപ്പെട്ടിട്ടുള്ള അമേരിക്കൻ ബന്ധം മാത്രമാണ് എന്റെ പ്രതിഷേധത്തിന് കാരണം. ഞാൻ മാഗ്‌സസെ അവാർഡ് തിരികെ നൽകുന്ന സാഹചര്യത്തിൽ യു.എസിൽ നിന്ന് നേടിയ ബിരുദങ്ങളും മടക്കി നൽകണമെന്ന് എനിക്ക് തോന്നുന്നു. അതിനാൽ, ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിൽ മാനുഫാക്‌ചറിംഗ് ആന്റ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ നേടിയ ഇരട്ട ബിരുദാനന്തര ബിരുദവും, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ നേടിയ എന്റെ പിഎച്ച്‌ഡിയും തിരികെ നൽകാനുള്ള തീരുമാനവും ഞാൻ എടുക്കുന്നു. മുൻ യു.എസ് പ്രസിഡന്റ് സീനിയർ ബുഷ് ഇറാഖിനെതിരായ ആരംഭിച്ച യുദ്ധത്തിനെ എതിർത്തുകൊണ്ട് 1991 ൽ ബെർക്ക്‌ലി കാമ്പസിൽ നടന്ന പ്രതിഷേധങ്ങളിലൂടെ യു.എസ് അക്കാദമിക് സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് അവരുടെ എഞ്ചിനീയറിംഗ്, സയൻസ് വകുപ്പുകളുടെ പങ്കാളിത്തത്തെക്കുറിച്ച് മനസിലാക്കാൻ സഹായിച്ചു.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ പ്രൊഫസർ പ്രവീൺ വരയ്യയുടെയയും എന്റെയും ഗവേഷണ മേഖല കൺട്രോൾ സിസ്റ്റംസ് എന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അദ്ദേഹം യുദ്ധവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളിയായിരുന്നു. അതിൽ നിന്നും ഞാനും അറിയാതെ അമേരിക്കയുടെ യുദ്ധ യന്ത്രത്തിന്റെ ഭാഗമാണെന്ന കാര്യം എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ എന്റെ ഗവേഷണ മേഖലയെ കുറിച്ച് നിരാശ തോന്നുകയും 1992-ൽ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ എന്റെ ഗവേഷണ മേഖല മാറ്റാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു.

ഞാൻ അമേരിക്കൻ ജനതയ്ക്കോ രാജ്യത്തിനോ എതിരല്ലെന്ന് വീണ്ടും വ്യക്തമാക്കട്ടെ. വാസ്തവത്തിൽ, മനുഷ്യാവകാശങ്ങളെ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും മികച്ച അഭിപ്രായ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യമാണ് യു.എസ് എന്നാണ് ‍ഞാൻ മനസിലാക്കുന്നത്. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, അത് രാജ്യത്തിനുള്ളിൽ മാത്രമാണ്. യു.എസിന് പുറത്ത്, മനുഷ്യാവകാശങ്ങളോട്, പ്രത്യേകിച്ച് മൂന്നാംലോക രാജ്യങ്ങളുടെ കാര്യത്തിൽ അവർക്ക് കാര്യമായ പരിഗണനയില്ലെന്ന് തോന്നുന്നു.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ​ഗാസയിലെ വീടുകൾ. കടപ്പാട്: newarab.com

അവർ നീതിയെ മാനിക്കുന്നുണ്ടെങ്കിൽ ഏത് യുദ്ധത്തിലും അടിച്ചമർത്തൽ നേരിടുന്ന പക്ഷത്തോടൊപ്പം നിൽക്കണം. യുക്രെയ്നിനെതിരായ റഷ്യൻ യുദ്ധത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചത്, എന്നാൽ പലസ്തീനെതിരെ നിൽക്കുന്ന ഇസ്രായേലിന്റെ കാര്യം വരുമ്പോൾ, പലസ്തീനികളുടെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും നേരെ കണ്ണടയ്ക്കാനും ഇസ്രായേലി പ്രതിരോധ സേനയുടെ കുറ്റകൃത്യങ്ങളെ അവഗണിക്കാനും അമേരിക്ക ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനാകാത്തതാണ്. മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ, വർണ്ണവിവേചനം നിലനിന്നിരുന്ന കാലത്ത്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കൊപ്പം നിന്ന് ഉപരോധം ഏർപ്പെടുത്തിയതുപോലെ അമേരിക്ക ഇസ്രയേലിനെതിരേയും ഉപരോധമേർപ്പെടുത്തുമായിരുന്നു.

ആ​ഗോള ജനപ്രിയ അഭിപ്രായത്തിന് വിരുദ്ധമായി പലസ്തീനികൾക്കെതിരായ ആക്രമണം തുടരാൻ ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുന്നതിൽ യു.എസിന് പങ്കുണ്ടെന്ന് ഞാൻ കരുതുന്നതിനാൽ എനിക്ക് കഠിനമായ തീരുമാനം എടുക്കേണ്ടി വരും. ഒരിക്കൽ ചെയ്തതുപോലെ യു.എസിന് മധ്യസ്ഥന്റെ പങ്ക് വഹിക്കാമായിരുന്നു, ഇസ്രായേലിനും പലസ്തീനിനുമിടയിൽ സമാധാന ചർച്ചകൾ നടത്താൻ ശ്രമിക്കാമായിരുന്നു. പലസ്തീൻ എന്ന പരമാധികാര രാഷ്ട്രം രൂപീകരിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ്ണ അംഗമായി അംഗീകരിക്കുകയും ചെയ്യുന്നത് പ്രശ്നപരിഹാരത്തിന് അത്യന്താപേക്ഷിതമാണ്. സാധാരണക്കാരായ അഫ്​ഗാനികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പൗരസ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് നന്നായി അറിഞ്ഞുകൊണ്ടുതന്നെ വിസ്തൃതിയിൽ വളരെ വലുതായ അഫ്ഗാനിസ്ഥാനെ, താലിബാന് വെള്ളിത്തളികയിൽ കൈമാറിയ അമേരിക്കയാണ് ഹമാസ് തീവ്രവാദ സംഘടനയാണെന്ന ഇസ്രായേൽ വാദം തത്തയെ പോലെ ആവർത്തിക്കുന്നത്. താലിബാനിൽ നിന്ന് വ്യത്യസ്തമായി പലസ്തീനിൽ ഹമാസ് ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന വസ്തുത അവർ അവഗണിക്കുകയാണ്. യു.എസ് ഗവൺമെന്റിന്റെ ഇരട്ടത്താപ്പ് വിളിച്ചുപറയേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read January 4, 2024 11:30 am