ക്ഷേമ പെൻഷൻ ക്രമക്കേട്: തുക തിരിച്ചുപിടിച്ചാൽ പ്രശ്നം തീരുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തെ ഞെട്ടിച്ച ക്ഷേമ പെൻഷൻ ക്രമക്കേടിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും 18 ശതമാനം പലിശ ഈടാക്കാൻ എല്ലാ വകുപ്പ് മേധാവികൾക്കും സർക്കുലർ കൈമാറിയിരിക്കുകയാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. കൈപറ്റിയ പെൻഷൻ തുക തിരിച്ചുപിടിക്കുന്നതിനൊപ്പമാണ് പിഴ പലിശ ഈടാക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായ വിവരം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിട്ടും ഏറെ വൈകിയാണ് സർക്കാർ ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങിയത്. 20 വർഷത്തിലേറെയായി ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നുണ്ടെന്നും അത് കേരളത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും സിഎജി റിപ്പോർട്ട് ചെയ്തത് 2022ൽ ആണ്. ഇപ്പോൾ, ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിൽ ഈ വിവരം പുറത്തുവരുകയും വാർത്തയാവുകയും ചെയ്തതോടെയാണ് തിടുക്കത്തിലുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇത്ര വലിയ ബാധ്യതയുണ്ടാക്കിയ ഒരു സാമ്പത്തിക ക്രമക്കേടിനെതിരെ ഈ നടപടി മതിയാകുമോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.

കേന്ദ്ര – സംസ്ഥന പദ്ധതികളുടെ കീഴിൽ,  ഉപാധികളോടെ അഞ്ച് തരം സാമൂഹിക സുരക്ഷാ പെൻഷനുകളാണ് നൽകുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷൻ, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷൻ, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെന്‍ഷൻ, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷൻ എന്നിവയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകൾ. ഇവ കൈപ്പറ്റുന്നവരിൽ ആദ്യ പരിശോധനയിൽ അർഹരല്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ 2.97 ശതമാനം (513) അപേക്ഷകൾ പുതുതായി ഒരു പരിശോധനയും കൂടാതെ അർഹരെന്ന് എഴുതി കൊടുക്കുകയാണ് ഉദ്യോ​ഗസ്ഥർ ചെയ്തത്. സർക്കാർ ചട്ടം അനുസരിച്ചുള്ള യാതൊരു പരിശോധനയും കൃത്യമായി ഈ കാര്യത്തിൽ നടന്നിട്ടില്ല. ഇങ്ങനെ വന്ന അപേക്ഷകരിൽ പലരും സർക്കാർ ഉപാധികൾക്കും മുകളിൽ സാമ്പത്തിക ശേഷിയുള്ളവരാണെന്ന് സി.എ.ജി. കണ്ടെത്തി. സി.എ.ജി സാംപിളായി പരിശോധിച്ച 54,56,498 ൽ 3,990 പേർ രണ്ട് പെൻഷൻ ഒരേ സമയം വാങ്ങുന്നവരാണ്. അനധികൃതമായി പട്ടികയിൽ എത്തിയ സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻകാർ, താത്കാലില ജീവനക്കാർ എന്നിവരുടെ എണ്ണം ചെറുതല്ല. 2017-18 മുതൽ 2019-20 വരെ സാമൂഹിക സുരക്ഷാ പെൻഷനും സർക്കാർ ശമ്പളവും വാങ്ങിയവർ 9,201 പേരാണ്. ഇത് വഴി കേളരത്തിന്റെ ഖജനാവിന് നഷ്ടമായത് 39.27 കോടി രൂപയാണ്. ഇതേ കാലയളവിൽ തന്നെ 96,285  ഗുണഭോക്താക്കൾ മരിച്ചിട്ടും സാമൂഹിക പെൻഷൻ കൈപ്പറ്റുന്നതായും കണ്ടെത്തി. ഇത് വഴി ഖജനാവിന് നഷ്ടമായത് 118.16  കോടി രൂപയാണ്. ഈ തുകയെല്ലാം കടമെടുത്തതായതിനാൽ പലിശ ഇനത്തിൽ 0.87 കോടിയും ചിലവായിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം അർഹരായവർക്ക് കൃത്യമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം ഒരു വശത്തുള്ളപ്പോഴാണ് അനാസ്ഥ കാരണം കോടികളുടെ നഷ്ടം സർക്കാരിനുണ്ടായിരിക്കുന്നത്.

പെൻഷൻ വാങ്ങുന്ന സാധാരണക്കാർ. കടപ്പാട്: twitter

ഇപ്പോൾ ക്ഷേമപെൻഷൻ മുടക്കം വരാതെ വിതരണം ചെയ്യാനായി 3000 കോടി രൂപ സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുക്കാനുള്ള തീരുമാനത്തിലാണ് ധനകാര്യ വകുപ്പ്. സർക്കാർ ഗ്യാരണ്ടിയിലാണ് വായ്പ്പവാങ്ങുന്നത്. 9.1 ശതമാനം വാർഷിക പലിശ നിരക്കിൽ ഒരു വർഷത്തെ കാലാവധിയിലാണ് സഹകരണ ബാങ്കുകളിൽ നിന്ന് നിന്ന് വായ്പ്പയെടുക്കുന്നത്. ഓരോ മാസവും പലിശ നൽകും. ഈ തുകയെല്ലാം സാധാരണക്കാരുടെ നികുതിയിൽ നിന്നാണ് അടയ്ക്കുന്നതെന്ന് ഓർക്കണം.

പ്രശ്നം സാങ്കേതികവിദ്യയുടേതല്ല

കേവലം സാങ്കേതികവിദ്യയിൽ വന്ന പ്രശ്നമല്ല ഈ ക്രമക്കേടിന് കാരണമായിത്തീർന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഐടി വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യു. “സാമൂഹികസുരക്ഷാ പെൻഷനിൽ നടക്കുന്നത് ബോധപൂർവമായ അഴിമതിയാണ്. ഇവ പരിശോധിക്കാൻ മാത്രമേ സാങ്കേതികവിദ്യ ഉപയോഗിച്ച് കഴിയൂ. ആധാർ എടുത്താൽ, ‘aadhaar is a unique identifier’ എന്ന് പറയുന്നുണ്ടെങ്കിലും ഓരോ വ്യക്തിക്കും പല ആധാർ കാർഡ് ഉള്ളതായി കണ്ടെത്തി. ഇവിടെ നടക്കുന്നത് ആസൂത്രിത അഴിമതിയാണ്. അധികാരത്തിൽ ഉള്ളവർ ഡേറ്റാബേസ് ഉപയോഗിച്ച് അഴിമതി നടത്തുമ്പോൾ സാങ്കേതികവിദ്യ ഉപയോഗിച്ച് അത് തടയാൻ ആവില്ല. വില്ലേജ് ഓഫീസർ സർട്ടിഫൈ ചെയ്ത് കൊടുക്കേണ്ട ഒരു സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടുന്നത്. എന്നിട്ടും എങ്ങനെയാണ് ഇത്രയും അധികം സർക്കാർ ജീവനക്കാർക്ക് പെൻഷൻ കിട്ടിയത്? അതുകൊണ്ട് അഴിമതിക്ക്  സാങ്കേതികവിദ്യയാണ് പരിഹാരമെന്ന് തോന്നുന്നില്ല, മറിച്ച് രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്.” ജോസഫ് സി മാത്യൂ കേരളീയത്തോട് പറഞ്ഞു.

ജോസഫ് സി മാത്യൂ

പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം

അനർഹരായവർ പെൻഷൻ കൈപ്പറ്റുന്നതായി ഇപ്പോൾ പുറത്തുവന്ന കണക്ക് വളരെ ചെറുതാണെന്നും അതിലേറെ ആളുകൾ ഈ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരാവകാശ പ്രവർത്തകനും, പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ ഭാരവാഹിയുമായ ഹരിദാസ് (പ്രോപ്പർ ചാനൽ) പറയുന്നത്. “കൃതിമ രേഖകൾ ഉണ്ടാക്കിയാണ് ക്ഷേമ പെൻഷൻ ആളുകൾ വാങ്ങുന്നത് എന്ന വിവരം കാണിച്ച് 2021ൽ സർക്കാരിന് ഞാൻ ഒരു നിവേദനം സമർപ്പിച്ചിരുന്നു. ഇപ്പോൾ ഈ ക്ഷേമ പെൻഷൻ വാങ്ങുന്നതിൽ ഏകദേശം 25 ശതമാനം ആളുകൾക്ക് അതിന് അർഹതയില്ല. അർഹതപ്പെട്ടവർക്ക് രണ്ടായിരം രൂപ പെൻഷൻ കൊടുക്കാൻ സർക്കാർ തയ്യാറാകുമ്പോൾ, അതിനുള്ള ഫണ്ട് കണ്ടത്താനുള്ള ഏറ്റവും നല്ല മാർഗം ക്ഷേമപെൻഷൻ കൃത്രിമ രേഖയുണ്ടാക്കി കൈപ്പറ്റുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കുകയാണ്. ഈ വിവരങ്ങൾ കാണിച്ച് നൽകിയ നിവേദനത്തിന് മേൽ എന്ത്  നടപടിയെടുത്തു എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, അഞ്ചര ലക്ഷത്തോളം പേരെ ഇതിൽ നിന്ന് ഓഴിവാക്കി എന്നാണ്. എന്നാൽ അഞ്ചര ലക്ഷമൊന്നുമല്ല യഥാർത്ഥ കണക്ക്. നിലവിൽ 62.63 ലക്ഷം ആളുകൾക്ക് പെൻഷൻ കൊടുക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് ഇനിയും ഒരു പന്ത്രണ്ടര ലക്ഷം ആൾക്കാരെ ഒഴിവാക്കാൻ ഉണ്ട്. ഇപ്പോൾ പെൻഷൻ വാങ്ങികൊണ്ടിരിക്കുന്ന 50 ലക്ഷം പേർക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ. ബി.പി.എൽ കാർഡ് കിട്ടിയ ധാരാളം എ.പി.എല്ലുകാരുണ്ട്.” ഹരിദാസ് കേരളീയത്തോട് പറഞ്ഞു.

“സപ്ലൈഓഫീസും താലൂക്ക് ഓഫീസും വില്ലേജ് ഓഫീസും സംയുക്തമായി ഇതിന്റെ യാഥാർഥ്യം കണ്ടെത്തി, ഇതിൽ നിന്ന് ഒരുപാട് പേരെ ഒഴിവാക്കാനുണ്ട്. ബി.പി.എൽ കാർഡിന് അർഹതയുള്ളവർക്ക് അത് ലഭിക്കാതെ വരികയും ആഡംബര വാഹനം അടക്കമുള്ള എ.പി.എൽ കാർഡിന് അർഹതയുള്ളവർ ബി.പി.എൽ വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്യുന്നു. വീട്ട് ജോലിചെയ്യുന്ന മേരി എന്ന ഒരു സ്ത്രീക്ക് കിട്ടിയത് എ.പി.എൽ കാർഡാണ്. ആ സ്ത്രീ ഏഴോ എട്ടോ വീട്ടിൽ ജോലിചെയ്യുന്ന ആളാണ്. ബി.പി.എൽ കാർഡിന് അപേക്ഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ അത് തടയുകയാണ്. രാഷ്ട്രീയ നേതാക്കളെ കൂട്ട് പിടിച്ചുകൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് കൃത്രിമമായി സംഘടിപ്പിച്ച് ഇത്തരത്തിൽ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങികൊണ്ടിരിക്കുന്ന നിരവധി പേർ കേരളത്തിൽ ഉണ്ട്. പുറത്ത് വന്നത് കേവലം ഒരു മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്.” ഹരിദാസ് പറഞ്ഞു.

ഈ കാര്യത്തിൽ സർക്കാർ കൃത്യമായ അന്വേഷണവും നടത്തില്ലെന്നും അങ്ങനെ അന്വേഷിച്ചാൽ കൃതൃമ രേഖകളുണ്ടാക്കി സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതിന്റെ അന്വേഷണം അവസാനം എത്തി നിൽക്കുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ചയിലായിരിക്കുമെന്നും ഹരിദാസ് പറയുന്നു.  “ഒരു സിം കാർഡ് എടുക്കാൻ പോയാൽ പോലും നമ്മുടെ ആധാർ, ഫോട്ടോ എന്നിവ എടുക്കും. ഇത്തരം കാര്യങ്ങൾ സ്വകാര്യ മേഖലയിൽ നിലനിൽക്കുമ്പോഴാണ് സർക്കാർ തലത്തിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത്. 2016 ൽ  ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറിയത് മുതൽ 2024  ആഗസ്റ്റ് വരെ ട്രഷറികളിൽ നിന്ന് ജീവനക്കാർ എത്ര കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന വിവരാവകാശ ചോദ്യത്തിന് കിട്ടിയ മറുപടി ഞെട്ടിക്കുന്നതാണ്. 1.02 കോടി രൂപ എട്ട് ട്രഷറികളിലായിട്ട് സർക്കാർ  ജീവനക്കാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ട്രഷറിയിൽ വരുന്ന പണം പോലും സുതാര്യമായി കൈകാര്യം ചെയ്യാൻ,  ഇത്രയും ഡിജിറ്റൽവത്കരിച്ചിട്ടും ഒരു സംവിധാനവും നമുക്കില്ല.” ഹരിദാസ് ചൂണ്ടിക്കാട്ടി.

ഹരിദാസ് (പ്രോപ്പർ ചാനൽ)

പെൻഷൻ വാങ്ങുന്ന അനർഹർ ആരെല്ലാം?

സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്നാണ് നിയമം. എന്നിട്ടാണ് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവര്‍ വരെ വർഷങ്ങളായി ക്ഷേമ പെൻഷൻ വാങ്ങിക്കൊണ്ടിരുന്നത്. ഡയറക്റ്റ് ബെനഫിറ്റ് സെല്ലുകൾ വഴി അനർഹരായവർ പെൻഷൻ വാങ്ങുന്നത് കൃത്യമായി കണ്ടെത്താൻ ഇൻഫർമേഷൻ കേരള മിഷൻ ശ്രമിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് അഭിപ്രായപ്പെടുന്നത്.

“2022 ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പുറത്തുവിട്ട റിപ്പോർട്ടിൽ, റിപ്പോർട്ട് നമ്പർ 7 ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസഫറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രശനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പാവപ്പെട്ടവർക്ക് നേരിട്ട് സഹായം കിട്ടുന്ന പദ്ധതി എന്നാണ് ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവായ ഉപാധികളോടെ അഞ്ച് തരം പെൻഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. അതുപോലെ തന്നെ ഓവർ പെൻഷനും പ്രത്യേകം ചില ഉപാധികളുണ്ട്. ഉദാഹരണം വിധവ പെൻഷൻ. വിധവയാണ് എന്ന സർട്ടിഫിക്കറ്റ്, മറ്റ് വേരിഫിക്കേഷനുകൾ എന്നിവ നടത്തി വിധവയാണെന്ന് മനസ്സിലായാൽ പെൻഷൻ കൊടുക്കും. പക്ഷേ അവർ പുനർവിവാഹം ചെയ്‌താൽ ആ പെൻഷൻ പിൻവലിക്കണം. ഇതാണ് പ്രത്യേക ഉപാധി. അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഡിസെബിലിറ്റി ഉള്ളവർ സർക്കാർ ജോലിയോ മറ്റ് ജോലിയോ കിട്ടിയാൽ വിവരങ്ങൾ അറിയിച്ച് നിലവിലെ പെൻഷനിൽ നിന്നും പിൻവലിക്കണം. പഞ്ചായത്ത് രാജിലെ മൂന്ന് തലങ്ങളിലും സംസ്ഥാന തലത്തിലും ഇതിനായുള്ള ഡയറക്റ്റ് ബെനഫിറ്റ് സെല്ലുകളുണ്ട്. അല്ലാത്ത പക്ഷം പെൻഷൻ കാര്യങ്ങൾ ക്രമപ്പെടുത്താനായുള്ള സേവന സോഫ്റ്റ്‌വെയറിനെ കൃത്യമായി ഇൻഫർമേഷൻ കേരള മിഷൻ വെരിഫൈ ചെയ്യണം. ഒന്നിലധികം പെൻഷൻ വാങ്ങുന്നത്, ജോലി കിട്ടിയിട്ടും പെൻഷൻ വാങ്ങുന്നത്, പുനർ വിവാഹം ചെയ്തതിന് ശേഷം പെൻഷൻ വാങ്ങുന്നത് കണ്ടെത്താനുള്ള സംവിധാനം വേണം.” ഡോ. മേരി ജോർജ് കേരളീയത്തോട് പറഞ്ഞു.

ഡോ. മേരി ജോർജ്

“2017-18 മുതൽ 2020-21 വരെ സംസ്ഥാനത്ത് 96,285 പേർ മരിച്ചിട്ടും സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റി. ഇതുവഴി 118.16 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് നഷ്ടമായത്. കടമെടുത്തതിനാൽ പലിശയായി 0.87 കോടി രൂപയും ചെലവായി. സാധാരണ ഗതിയിൽ മരിച്ചു കഴിഞ്ഞാൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൽ ഇവയിൽ എവിടെയെങ്കിലും ഉടനെ തന്നെ രജിസ്റ്റർ ചെയ്യണം. ആ രജിസ്റ്ററും സേവന സോഫ്റ്റ്വയറുമായി ബന്ധിപ്പിച്ച് പരിശോധന നടത്തേണ്ടതാണ്. കേരളം ഡിജിറ്റൽവത്കരിച്ചു എന്നാണല്ലോ പറയുന്നത്. എന്നിട്ടും ഇത്തരം ക്രമക്കേടുകൾ നടക്കുന്നു. രജിസ്റ്റർ ഓഫ് ഡെത്തിൽ രജിസ്റ്റർ ചെയ്തവർ പോലും സേവന സോഫ്റ്റുവയറിൽ നിന്ന് മാറ്റപ്പെടുന്നില്ല.” ‍ഡോ. മേരി ജോർജ് പറഞ്ഞു.

“കേരള സർക്കാർ മുഴുവനായും അഴിമതിയിൽ കുളിച്ചു കിടക്കുകയാണ്. അതിന്റെ  തെളിവാണ് ഈ മരിച്ചവർ പെൻഷൻ വാങ്ങുന്നത്. സർക്കാർ സംവിധാനത്തിൽ നിന്ന് വിരമിച്ചവരും അല്ലാത്തവരും ഈ പറയുന്ന അഞ്ചുതരം പെൻഷനുകളും ഒരേ സമയത്ത് വാങ്ങിക്കുന്നതുൾപ്പടെ നിരവധി ക്രമക്കേടുകളാണ് സി.എ.ജി ചൂണ്ടിക്കാണിക്കുന്നത്. ഈ ക്രമക്കേടുകൾ കണ്ടെത്തിയാൽ സംസഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ അളവുവരെ അറുതി വരും. ഖജനാവിലേക്ക് വരേണ്ട പണമാണ് ഇത്തരത്തിൽ ധൂർത്തടിച്ച് പോവുന്നത്. കേരളം രൂക്ഷമായ പ്രതിസന്ധിയിലായതിനാൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൊടുക്കുന്നതിനുള്ള ധനസമാഹരണത്തിനായി കൊണ്ടുവന്നതാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്. അതുവഴി കടം വാങ്ങുന്ന പണം ഉപയോഗിച്ചാണ് സാമൂഹിക സുരക്ഷാ പെൻഷനുകളിൽ കൊടുക്കുന്നത്. അതിന്റെ പലിശ ഭാരം കൂടി ജനങ്ങളുടെ തലയിൽ വരികയാണ്. സാധാരണക്കാർ നൽകുന്ന നികുതി പണം കൊണ്ടാണ് ഇവ തിരിച്ചടക്കുന്നത്. ധനികനായ വ്യക്തി തന്റെ വരുമാനത്തിന്റെ ഒരു ശതമാനമായിരിക്കും നിത്യോപയോഗ സാധനങ്ങളിൽ ചിലവഴിക്കുക. എന്നാൽ സാധാരണക്കാർ ദിവസക്കൂലിയായ ആയിരം രൂപ, അഞ്ഞൂറ് രൂപ കിട്ടിയാൽ അത് മുഴുവൻ വിപണിയിൽ മുടക്കുകയാണ്. അതിൽ നിന്നാണ് ടാക്സ് ഈടാക്കുന്നത്. അപ്പോൾ സാധാരണക്കാർ നൽക്കുന്ന നികുതിപ്പണമാണ് ഇത്തരം ചൂതാട്ടത്തിനായി സർക്കാർ എടുന്നതെന്ന് വ്യക്തം.” ഡോ. മേരി ജോർജ് ചൂണ്ടിക്കാട്ടി.

പൊറുതിമുട്ടി സാധാരണക്കാർ

ക്ഷേമപദ്ധതികൾക്ക് ആവശ്യമായ ഫണ്ട് സർക്കാർ വകയിരുത്താത്തതിനാൽ ചികിത്സ സഹായം പോലും ലഭിക്കാതെ ഭിന്നശേഷിക്കാർ ബുദ്ധിമുട്ടുന്നതായും നിരാമയ ഇഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങളും ഭിന്നശേഷി സ്കോളർഷിപ്പുമെല്ലാം മുടങ്ങിയിട്ട് മാസങ്ങളായെന്നുമുള്ള വാർത്തകൾ ഈ സമയത്ത് തന്നെയാണ് പുറത്തുവരുന്നത്. ആരോഗ്യപരിരക്ഷാപദ്ധിയായ നിരാമയ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഇൻഷുറൻസിനുള്ള ഗുണഭോക്തൃവിഹിതം സംസ്ഥാന സർക്കാരാണ് അടച്ചിരുന്നത്. ഇപ്പോൾ ഗുണഭോക്താക്കൾ നേരിട്ട് തന്നെ പണം അടയ്ക്കണമെന്നതാണ് വ്യവസ്ഥ. വൃക്ക രോഗബാധിതർക്ക് ഡയാലിസിസ് ചെയ്യുന്നതിന് സാമൂഹിക സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിവഴി 1,100 രൂപ പ്രതിമാസം സഹായമായി നൽകിയിരുന്നു. ഇതും നിലച്ചിട്ട് വർഷങ്ങളായി. ഒന്നാം ക്ലാസ് മുതൽ പ്രൊഫഷണൽ-പിജി കോഴ്‌സുകൾക്കുവരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂടി വകയിരുത്തി സ്കോളർഷിപ് നൽകിയിരുന്നു. വർഷത്തിൽ 6,500 മുതൽ 28,500 വരെ മൂന്നുഘട്ടങ്ങളായാണ് ലഭിച്ചിരുന്നത്. എന്നാൽ പല പഞ്ചായത്തുകളും നഗരസഭകളും സ്കോളർഷിപ്പിന്റെ ആദ്യ ഗഡുപോലും വിദ്യാർത്ഥികൾക്ക് നൽകിയില്ല.  

“കേരളത്തിൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ കുട്ടികൾ പോലും കേരളം വിട്ട് വിദേശ നാട്ടിലേക്ക് പോകുന്നു. അവർക്ക് ഇന്ത്യയ്ക്കകത്ത് വേറൊരു സംസ്ഥാനത്ത് പോലും രക്ഷയില്ല. കാരണം കേരളത്തിൽ കിട്ടുന്ന കൂലിയോ മറ്റ് സൗകര്യങ്ങളോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ല. പ്ലസ് ടു കഴിഞ്ഞവർ വിദേശ രാജ്യങ്ങളിൽ പോയാൽ നേഴ്സിങ് അസിസ്റ്റന്റ് പോലെയുള്ള ജോലികളിലേക്കാണ് ഈ കുട്ടികളിൽ അധികവും എത്തിപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ്, പതിനഞ്ച് ലക്ഷം മുതൽ നാല്പത് ലക്ഷം വരെ ബാങ്ക് വായ്പ്പ എടുത്താണ് പലരും പോവുന്നത്. വിദ്യാഭ്യാസം വില്പനച്ചരക്കായി കൊണ്ടുനടക്കുന്ന, അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഓർഗനൈസേഷനുകളാണ് നമ്മുടെ ഇക്കണോമിയിൽ ചിലവഴിക്കേണ്ട പണത്തെ പുറത്തേക്ക് എത്തിക്കുന്നത്. ഇതൊന്നും അവരുടെ വിദ്യാഭ്യാസത്തിനല്ല ചെലവഴിക്കുന്നത്. പോവുന്ന കുട്ടികൾ അവിടെ കിട്ടുന്ന ജോലി ചെയ്താണ് ജീവിക്കുന്നത്. ഈ ഒരു അവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുന്നത് സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയാണ്.” ഡോ. മേരി ജോർജ് കേരളീയത്തോട് പറഞ്ഞു.

ക്ഷേമ പെൻഷൻ വാങ്ങുന്ന അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന വേണ്ടതുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിൽ നടന്ന ക്ഷേമ പെൻഷൻ ക്രമക്കേടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കൂടുതൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്ന സംശയമുയർത്തുന്നുണ്ട്. മരണവും മറ്റും റിപ്പോർട്ട് ചെയ്യാതെ ബന്ധുക്കൾ പെൻഷൻ വാങ്ങുന്നതായി മുമ്പും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരായവരുടെ ലിസ്റ്റ് കൃത്യമാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടച്ചയായി പരാജയപ്പെടുകയാണുണ്ടായത്. അനർഹർ കൈപ്പറ്റിയ പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത് കൂടാതെ അനർഹർ എന്തുകൊണ്ട് ലിസ്റ്റിൽ കടന്നുകൂടുന്നു, എവിടെയാണ് അഴിമതി നടക്കുന്നത് എന്ന കാര്യങ്ങൾ കൂടി അടിയന്തിരമായി പരിശോധിക്കുകയും പരിഹരിക്കുകയും വേണമെന്ന ആവശ്യമാണ് അഴിമതി വിരുദ്ധ പ്രവർത്തകരും സാമ്പത്തിക വിദഗ്ധരും ഉയർത്തുന്നത്.

Also Read

8 minutes read December 15, 2024 2:38 pm