

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ലോകത്ത് അറിയപ്പെടുന്ന എല്ലാ ഭരണഘടനയും സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടനാ രൂപകല്‍പ്പന ചെയ്തത്. ഭരണഘടനാ നിര്‍മ്മാണസഭയില്‍ വച്ച് ഡോ. ബി.ആര്‍ അംബേദ്ക്കര്‍ പ്രസംഗിച്ചതിലെ ഒരു ഭാഗമായിരുന്നു അത്. അസമത്വത്തിന്റെ വിളനിലത്തിലാണ് നമ്മള്‍ ജനാധിപത്യത്തിന്റെ വിത്ത് പാവുന്നത് എന്നൊരു മുന്‍കരുതലും രാഷ്ട്രശില്‍പ്പികള്‍ക്ക് മുന്നില്‍ അദ്ദേഹം തുറന്ന് പറഞ്ഞു. ഭരണഘടന പാസാക്കുന്നതിന് മുന്നോടിയായി “ഇത് കേവലം നിയമജ്ഞര്‍ക്കുള്ള ഒരു ഡോക്യുമെന്റല്ല. ഇത് ജീവിതത്തിന്റെ ഒരു വാഹനമാണ്. അതിന്റെ ആത്മാവ് കാലഘട്ടത്തിന്റെ ആത്മാവാണ്”, അംബേദ്ക്കര്‍ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഇന്ന് കാണുന്ന ഇന്ത്യയെ ഇന്ത്യയാക്കിയത് നമ്മുടെ ഭരണഘടനയാണ്. ഇന്ന് കാണുന്ന ഇന്ത്യയ്ക്ക് ചര്‍ച്ച ചെയ്യേണ്ട അനവധി പോരായ്മകള്‍ ഉണ്ടെങ്കിലും ഇന്ത്യയ്ക്ക് ഒപ്പം സ്വാതന്ത്ര്യം നേടിയ ഒരുപാട് രാജ്യങ്ങള്‍ പലവിധ ദുരന്തങ്ങളും അഭിമുഖീകരിച്ചതായി നാം കണ്ടു. പ്രധാനമായും ഏകാധിപതികളുടെ വാഴ്ച്ചയും, അധികാര കൈമാറ്റത്തിലെ ജനാധിപത്യ നിരാസവും, മനുഷ്യാവകാശങ്ങളുടെ ധ്വംസനങ്ങളും പല രാജ്യങ്ങളും നേരിട്ടപ്പോഴും ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഭരണഘടന കാരണം ആരോഗ്യകരമായി ഇന്നും നിലനില്‍ക്കുന്നു. 2024 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. രാജ്യത്ത് ഏതാണ്ട് എല്ലാ പൗരരും ഇന്ത്യന്‍ ഭരണഘടനയില്‍ അഭിമാനം കൊള്ളുകയും അതിന്റെ മഹത്വം വിളിച്ച് പറയുകയും ചെയ്യുന്നു. പക്ഷേ, ചില കൂട്ടര്‍ക്ക് ഭരണഘടനയോട്; പ്രത്യേകിച്ച് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സോഷ്യലിസം, സെക്യുലറിസം എന്ന വാക്കുകളോടും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്ന സങ്കല്‍പ്പത്തോടും അസഹിഷ്ണുതയാണ്.


ഇന്ത്യക്കാരെ മുഴുവന്‍ ഇന്ത്യക്കാരായി കാണാന്‍ കഴിയാത്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധികളാണ് ഭരണഘടനയില്‍ നിന്നും സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് വാദിക്കുന്നത്. ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, അഡ്വ. അശ്വനി കുമാര്‍ ഉപാധ്യായ, ഡോ. ബലറാം സിങ് തുടങ്ങിയ ഹിന്ദുത്വവാദികളാണ് പ്രസ്തുത വാക്കുകള്‍ നീക്കം ചെയ്യാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1976 ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ വന്ന ആ മാറ്റത്തെ 2020ലാണ് സുപ്രീംകോടതിയില്‍ അവര്‍ ചലഞ്ച് ചെയ്തത്. അവരുടെ ഹർജി തീര്‍പ്പാക്കിക്കൊണ്ട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞത് ഇങ്ങനെയാണ്: “എല്ലാ മതങ്ങളെയും തുല്യമായി ആദരിക്കുന്ന ഒരു റിപ്പബ്ലിക്കെന്ന നിലക്കാണ് സെക്യുലറിസം എന്ന വാക്ക് കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത്. സോഷ്യലിസം പ്രതിനിധീകരിക്കുന്നത് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാവിധ ചൂഷണങ്ങളും തുടച്ച് നീക്കുക എന്ന അര്‍ത്ഥത്തിലുമാണ്.” സുപ്രീംകോടതിയുടെ പ്രസ്തുത വാക്കുകള്‍ എല്ലാ ജനാധിപത്യവാദികള്‍ക്കും ഭരണഘടനാ അഭ്യുദയകാംക്ഷികള്‍ക്കും ഈ ഫാഷിസ്റ്റ് യുഗത്തില്‍ വലിയ ആശ്വാസവും ആവേശവും പകരുന്നു.
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് 1976ലെ 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അടിയന്തിരാവസ്ഥ കാലത്താണ് ഇങ്ങനെയൊരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്ന വിഷയവും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കാനും കേന്ദ്ര ഭരണം കൂടുതല്‍ കടുപ്പിക്കാനും ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ അജണ്ടകള്‍ ശക്തമായി നടപ്പിലാക്കാനുമായി പല ഭരണഘടനാ ഭേദഗതികളും 42-ാം ഭേദഗതിയില്‍ കൊണ്ടുവന്നു. ഭരണഘടന ആമുഖത്തിലെ മാറ്റങ്ങളും, മൗലികാവകാശങ്ങളിലും, മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളിലും, അധികാര വിഭജനത്തിലെ മാറ്റങ്ങളുമെല്ലാം ആ ഭേദഗതിയില്‍ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ കൂടുതല്‍ വിവാദമായ പല പ്രൊവിഷനുകളും പിന്നീട് അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടി സര്‍ക്കാര്‍ 44-ാം ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞിരുന്നു. അപ്പോള്‍ പോലും ആമുഖത്തിലെ മാറ്റങ്ങളായ സോഷ്യലിസം, സെക്യുലറിസം, യൂണിറ്റി ആന്റ് ഇന്റഗ്രിറ്റി എന്ന വാക്കുകളുടെ കൂട്ടിച്ചേര്‍ക്കലുകളെ നിലനിര്‍ത്തുകയാണ് ഉണ്ടായത്. അതായത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇന്ത്യന്‍ രാഷ്ട്രീയരംഗം ഒന്നടങ്കം ഏറ്റെടുത്തിരുന്ന തത്വസംഹിതകളായിരുന്നു അവയെന്ന് നമുക്ക് മനസ്സിലാക്കാനാവും.


ആര്‍ക്കാണ് പ്രശ്‌നം?
സോഷ്യലിസം, സെക്യുലറിസം തുടങ്ങിയ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളോട് അസഹിഷ്ണുത വച്ച് പുലര്‍ത്തുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളായ സംഘപരിവാര്‍ കക്ഷികള്‍. അവര്‍ക്ക് നൈസര്‍ഗിഗമായി അസമത്വത്തോടും അനീതിയോടുമാണ് പത്യം. ജന്മാടിസ്ഥാനത്തില്‍ മനുഷ്യരെ വിവിധ വര്‍ണ്ണത്തിലും ജാതിയിലും തട്ടുകളായി വേര്‍തിരിച്ച് കാണുന്ന ദര്‍ശനമാണ് അവരുടെ അടിത്തറ. അസമത്വം സ്വാഭാവികമായി കരുതി പോരുന്ന വിഭാഗമാണത്. അതിന് മതപരമായ ചില പ്രാമാണികതയും അവര്‍ക്ക് അവകാശപ്പെടാനുണ്ട്. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളോടും സാമൂഹിക ജനാധിപത്യത്തോടും സംഘപരിവാരത്തിന് വലിയ എതിര്‍പ്പ്. സംഘപരിവാര്‍ കൃതികളായ ‘വിചാരധാര’യും, ‘നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വചിക്കുന്നു’ തുടങ്ങിയവ അത് വ്യക്തമാക്കുന്നു. 2020 ഏപ്രിലില്‍ അമേരിക്കന്‍ ചാനലായ വൈസ് ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്, ‘ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സമത്വത്തിന് അവകാശമില്ലാ’ എന്നാണ്. അഭിമുഖം നടത്തിയ ഇസബല്‍ യൂജ്, ഭരണഘടനയിലെ സമത്വം എല്ലാവര്‍ക്കും തുല്യത ഉറപ്പ് നല്‍കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഭരണഘടനയെ ദുര്‍വാഖ്യാനിച്ചിരിക്കുകയാണ്, സമന്മാര്‍ക്കിടയില്‍ മാത്രമേ സമത്വം ഉള്ളൂ, മുസ്ലീങ്ങളെ സമന്മാരായി കൂട്ടില്ലാ എന്ന മറുപടിയാണ് സ്വാമി നല്‍കിയത്.
സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ളവര്‍ ആശ്ലേഷിച്ചിട്ടുള്ളത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ്. ബ്രാഹ്മണ്യ മേല്‍ക്കോയ്മയ്ക്ക് വേണ്ടി കൗശലം കൊണ്ട് കെട്ടിപ്പൊക്കിയ രാഷ്ട്രീയ സിദ്ധാന്തമാണത്. ജനങ്ങളെ തുല്യമായി പരിഗണിക്കാന്‍ ശേഷിയില്ലാത്തതും മതനിരപേക്ഷ സ്വഭാവത്തിനോട് വിപ്രതിപത്തി പ്രകടിപ്പിക്കുന്നതുമായ സംസ്‌കാരമാണത്. അതിന്റെ താത്വികാചാര്യനായ വി.ഡി സവര്‍ക്കര്‍ 1937ല്‍ ഹിന്ദുമഹാസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത് അവരുടെ ‘ഇന്ത്യന്‍’ ഇല്ലായ്മയെ വ്യക്തമാക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ട് രണ്ട് രാഷ്ട്രങ്ങളാണെന്നും അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്നും ഇന്ത്യയില്‍ ആദ്യം പറഞ്ഞത് സവര്‍ക്കറാണ്. ഏകപക്ഷീയമായി ഒരു ‘ഹിന്ദു’ സംസ്‌കാരത്തെ സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടി നിര്‍മ്മിക്കുകയും അതെന്തോ വലിയ സംഭവമാണെന്ന് സാധാരണക്കാരായ ആളുകളെ പറഞ്ഞ് കബിളിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഏര്‍പ്പാടാണ് ഹിന്ദുത്വ. ജനങ്ങളെ സാരമായി ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും നിലനില്‍ക്കുന്ന ബ്രാഹ്മണ്യ മേല്‍ക്കോയ്മ അഥവാ അസമത്വ വ്യവസ്ഥയില്‍ നിന്നും ആളുകളെ നോട്ടം തെറ്റിക്കുന്നതിനും വേണ്ടി വര്‍ഗ്ഗീയത എന്ന അഭ്യാസം പയറ്റിക്കൊണ്ടിരിക്കുന്ന ഒരു ഏര്‍പ്പാടാണ് ഹിന്ദുത്വര്‍ക്ക് അനുവര്‍ത്തിക്കാനുള്ളത്.
ഇന്ത്യയിലെ സോഷ്യലിസവും സെക്യുലറിസവും
സോഷ്യലിസത്തെ യൂറോപ്യന്‍ സൈദ്ധാന്തികരില്‍ നിന്നും വ്യത്യസ്തമായാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റുകളായ ഭരണഘടനാ ശില്‍പ്പികളും ദേശീയ പ്രസ്ഥാന നായകരും വിഭാവനം ചെയ്തിട്ടുള്ളത്. സോഷ്യലിസത്തിന്റെ അടിസ്ഥാന മൂല്യം സമത്വ സങ്കല്‍പ്പമാണ്. മനുഷ്യര്‍ എല്ലാവരും തുല്യരാണെന്നും ജാതിയുടെയോ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ലിംഗത്തിന്റെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ ആരും വിവേചനത്തിന് ഇരകളാകരുതെന്നുമുള്ള കാഴ്ച്ചപ്പാടാണ് അതിന്റെ നിദാനം. മനുഷ്യന്‍ മനുഷ്യരെ ചൂഷണം ചെയ്യുന്ന ബ്രാഹ്മണ്യ മേല്‍ക്കോയ്മ രൂപപ്പെടുത്തിയ ഒരു ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ നിന്നും ജനങ്ങള്‍ വിമോചിതരാവുന്നതിന് വേണ്ടി പുരോഗമന ആശയക്കാരായ ദേശീയ നേതാക്കള്‍ വിഭാവനം ചെയ്തതാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പം. ബ്രാഹ്മണരായ നേതാക്കള്‍ പോലും ബ്രാഹ്മണ്യത്തിന്റെ അപകടം തിരിച്ചറിഞ്ഞ് സോഷ്യലിസത്തെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തെ നല്ല നിലക്ക് നയിക്കണം, ഇന്ത്യയില്‍ നല്ല ഭരണം വരണം, ക്ഷേമ രാഷ്ട്രമായി ഇന്ത്യ മാറണം, എല്ലാവരും തുല്യരായി പരിഗണിക്കപ്പെടണം, രാജ്യത്തിന്റെ അടിസ്ഥാന ജനതയിലേക്ക് വികസനം എത്തണം, എല്ലാ വിധ ചൂഷണ സമ്പ്രദായങ്ങളും അവസാനിക്കണം എന്ന് തുടങ്ങിയ വിശാലമായ വിപ്ലവ സങ്കല്‍പ്പങ്ങളായിരുന്നു രാഷ്ട്ര ശില്‍പ്പികള്‍ ഇന്ത്യന്‍ സോഷ്യലിസത്തെ സംബന്ധിച്ച് വിഭാവനം ചെയ്തത്. മഹാത്മാ ഗാന്ധിയുടെ സര്‍വോദയ (എല്ലാവരുടെയും ക്ഷേമം) പദ്ധതിയും സ്വയംപര്യാപ്ത ഗ്രാമങ്ങളും വികേന്ദ്രീകൃത ഉല്‍പ്പാദനവും ഇന്ത്യന്‍ സോഷ്യലിസത്തെ കാര്യമായി സ്വാധീനിച്ചതിന്റെ ഫലമായാണ് നമ്മള്‍ ഇന്ന് കാണുന്ന ത്രിതല പഞ്ചായത്തുകള്‍ രൂപം കൊണ്ടത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മിശ്രസമ്പദ്‌വ്യവസ്ഥയും റാം മനോഹര്‍ ലോഹ്യയുടെ സാമൂഹിക നീതി പരിരരക്ഷയും ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെ ജാതി നിര്‍മൂലനവും സാമൂഹിക ജനാധിപത്യവും ഇന്ത്യന്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളുടെ ദാര്‍ശനിക പാഠങ്ങളാണ്.


സെക്യുലറിസത്തിന്റെ ഇന്ത്യന്‍ വിഭാവനയും യൂറോപ്പ്യന്‍ സിദ്ധാന്തത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ്. മതത്തെയും മതസങ്കല്‍പ്പങ്ങളെയും പൂര്‍ണ്ണമായും നിരാകരിക്കുന്ന ഒരു ആശയമാണ് യൂറോപ്പ്യന്‍ സെക്യുലറിസം. രാഷ്ട്രത്തിന്റെ പരിഗണനയില്‍ മതനിരാസം കുടികൊണ്ടിട്ടുള്ള ഒരുതരം രീതിയാണത്. മതസങ്കല്‍പ്പങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലാത്ത ഭരണ വ്യവഹാരം. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രശില്‍പ്പികള്‍ അത്തരം സെക്യുലര്‍ സങ്കല്‍പ്പമല്ല വിഭാവനം ചെയ്തത്. രാഷ്ട്രശില്‍പ്പികളായ ഗാന്ധി, ആസാദ്, അംബേദ്ക്കര്‍, നെഹ്‌റു, പട്ടേല്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ സെക്യുലറിസത്തെ സംബന്ധിച്ച് വിപുലമായ ദാര്‍ശനിക അടിത്തറ ഒരുക്കിയിട്ടുണ്ട്. അവയെല്ലാമാണ് ഇന്ത്യയുടെ രാഷ്ട്രീയ പാരമ്പര്യം.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വലിയ ഒരു മതവിശ്വാസിയായിരുന്നുവെങ്കിലും ഒരു മതനിരപേക്ഷ രാഷ്ട്രവ്യവഹാരമാണ് വിഭാവനം ചെയ്തത്. ഗാന്ധിയുടെ മതം പോലും മതനിരപേക്ഷമായിരുന്നു. അതുകൊണ്ടാണ് ഗാന്ധിയുടെ ദര്‍ശനത്തെ പ്രത്യേകം ഒരു ഇസമായി കൊണ്ടാടുന്നത്. ഗാന്ധിസം എന്ന പഠനശാഖ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നത് അതിന്റെ പ്രത്യേക മതനിരപേക്ഷ സ്വഭാവം കൊണ്ടാണ്. ഹിന്ദുയിസം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയ മതങ്ങള്‍ ഒരു നദിയുടെ വിവിധ ശാഖകള്‍ എന്ന നിലക്കാണ് ഗാന്ധി മനസ്സിലാക്കിയത്.
ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും രാഷ്ട്രശില്‍പ്പികളില്‍ പ്രധാനിയുമായ മൗലാനാ അബുല്‍കലാം ആസാദ് ഇന്ത്യന്‍ സെക്യുലര്‍ ചിന്താപദ്ധതിയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1940ല്‍ കോണ്‍ഗ്രസിന്റെ രാംഗഢ് സെഷനില്‍ പ്രസിഡന്‍ഷ്യല്‍ അഡ്രസ് ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു,’മതം വെറുപ്പ് ഉദ്‌ബോധിപ്പിക്കുന്നില്ലാ. നമ്മുടെ പൊതുവായ ചരിത്രമാണ് നമ്മളെ ഒരു ജനതയും ഒരു രാഷ്ട്രവുമാക്കിയിരിക്കുന്നത്.’ മഹത്തായ ദേശീയ ഐക്യത്തിന് വലിയ മുന്‍ഗണന നല്‍കിയിരുന്ന നേതാവായിരുന്നു അദ്ദേഹം. അതുപോലെ തന്നെ 1947ല്‍ അലിഗഢിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത് ഏതൊരു സെക്യുലര്‍ രാഷ്ട്രത്തിനും എടുത്ത് അണിയാവുന്ന ഒരു ആഭരണമാണ്: ‘ഒരു യഥാര്‍ത്ഥ മതേതര രാഷ്ട്രം എല്ലാ മതങ്ങളുടെയും അഭിമാനം ഉറപ്പുവരുത്തുകയും അവിടത്തെ സര്‍ക്കാര്‍ മുന്‍വിധിയോടെ ഒരു വിശ്വാസത്തേയും സമീപിക്കാതിരിക്കും ചെയ്യുന്നതാണ്.’ സമാനമായ വാക്കുകള്‍ അദ്ദേഹം തന്റെ ‘ഇന്ത്യാ വിന്‍സ് ഫ്രീഡം’ എന്ന പുസ്തകത്തിലും എഴുതിയിട്ടുണ്ട്. ഇന്ത്യാ വിഭജനത്തെ എല്ലാ ഘട്ടത്തിലും അതിനിശിതമായി എതിര്‍ത്തിരുന്ന ഒരു ദേശീയ നേതാവ് കൂടിയായിരുന്നു ആസാദ്. അവസാന ഘട്ടത്തില്‍ ഗാന്ധി പോലും സമ്മര്‍ദ്ദത്തിന് വിധേയപ്പെട്ടപ്പോള്‍ ആസാദിന്റെ നിലപാടില്‍ മാറ്റമില്ലായിരുന്നുവെന്ന് ലാരി ക്വാളിന്‍സിന്റെ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുസ്തകത്തില്‍ കാണാം.
ഇന്ത്യയിലെ സെക്യുലറിസം പൊതുവേ അറിയപ്പെടുന്നത് നെഹ്‌റുവിയന്‍ സെക്യുലറിസം എന്ന പേരിലാണ്. രാഷ്ട്രത്തിന് ഒരു ഔദ്യോഗിക മതമില്ലാ. കൂടാതെ പ്രത്യേകിച്ച് ഒരു മതത്തോട് അടുപ്പവുമില്ലാ, അകലവുമില്ലാ. എല്ലാ മതത്തേയും ഒരുപോലെ ആദരിക്കുന്നു. മതങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ രാഷ്ട്രം ഇടപെടില്ലെങ്കിലും ഭരണഘടനാ മൂല്യങ്ങളായ തുല്യതയും മനുഷ്യാവകാശങ്ങളും നിഷ്‌കര്‍ഷിക്കും. കൂടാതെ പൊതുഅച്ചടക്കം, ധാര്‍മികത, ആരോഗ്യം പരിഗണിച്ചുള്ള മത സ്വാതന്ത്ര്യം അനുവദിക്കുന്നു. മതനിബിഢമായ ഇന്ത്യാ മഹാരാജ്യത്ത് ഒരുപാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നതിനെ മുന്നില്‍ കണ്ടുകൊണ്ടാണ് പൗരരിൽ സയന്റിഫിക്ക് ടെമ്പര്‍ (അഥവാ ശാസ്ത്രബോധം) വളര്‍ത്തുന്നതിനെ പരിപോഷിപ്പിക്കും എന്നുവരെ ഭരണഘടനയില്‍ പറഞ്ഞുവയ്ക്കുന്നത്. ‘നമ്മുടെ പൊതുനയങ്ങള്‍ക്ക് മീതെ അധീശത്വം സ്ഥാപിക്കാന്‍ മതങ്ങളെ നമുക്ക് അനുവദിച്ചുകൂടാ. ഒരു ആധുനിക രാഷ്ടം നയിക്കപ്പെടേണ്ടത് യുക്തിയാലും ശാസ്ത്രീയ പുരോഗതിയാലുമാണ്’ എന്ന നെഹ്‌റുവിന്റെ വാക്ക് മതേതരത്വവും ആധുനികതയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വാദമാണ് മുന്നോട്ട് വയ്ക്കുന്നത്.


അംബേദ്ക്കറുടെ സെക്യുലര്‍ കാഴ്ച്ചപ്പാട് കൂടുതല്‍ വിവരിക്കേണ്ടി വരില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സെക്യുലറിസം എന്ന വാക്ക് 1976ലാണ് വന്നതെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ സ്വഭാവം തന്നെ സെക്യുലറാവാന്‍ കാരണം അംബേദ്ക്കറുടെ ഇടപെടലാണ്. മതത്തെ കേവലം വ്യക്തികളുടെ സ്വകാര്യ ഇടപാടാണെന്നും, രാഷ്ട്രം മതത്തില്‍ നിന്നും തീര്‍ത്തും സ്വതന്ത്രവും വേര്‍പിരിഞ്ഞ ഒന്നുമാണെന്നാണ് അംബേദ്ക്കര്‍ വാദിച്ചത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥ സൃഷ്ടിക്കുന്ന മതത്തെ സംബന്ധിച്ച് അംബേദ്ക്കര്‍ വലിയ നിലക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ഒരു ആദര്‍ശ സമൂഹത്തില്‍ ജാതീയത ഉണ്ടായിരിക്കില്ല. മതം യുക്തിപരവും അസമത്വത്തെ പുണ്യവത്ക്കരിക്കരിക്കാതിരിക്കുകയും വേണം’ എന്ന കാര്യം അംബേദ്ക്കര്‍ തന്റെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. സാമൂഹിക നീതിക്കും ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കും മുന്‍ഗണന കൊടുത്ത് കൊണ്ടുള്ള ഒരു ഭരണഘടനാ ധാര്‍മ്മികതയാണ് അംബേദ്ക്കര്‍ ഉയര്‍ത്തിപ്പിടിച്ച സെക്യുലറിസത്തിന്റെ അടിത്തറ. ഇന്ത്യന്‍ സെക്യുലറിസത്തെ സംബന്ധിച്ച് പട്ടേലും ഊഷ്മളമായ ദര്‍ശനമാണ് പങ്കുവച്ചത്. രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് സെക്യുലറിസം കൂടിയേതീരൂ എന്നാണ് പട്ടേല്‍ വാദിച്ചത്. 1949ല്‍ ലക്‌നവില്‍ വച്ച് കമ്യൂണല്‍ സംഘര്‍ഷാവസ്ഥ നിലനിന്ന ഘട്ടത്തില്‍ പട്ടേല്‍ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു: ‘നമ്മള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്നത് നമ്മള്‍ മറക്കേണ്ടിയിരിക്കുന്നു. നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യ നമ്മുടെ പൊതുഗൃഹമാണ്.’ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തിലും ഭരണഘടനാ അസംബ്ലിയില്‍ പട്ടേല്‍ ശക്തമായി നിലകൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ യൂണിയനില്‍ ന്യൂനപക്ഷങ്ങള്‍ തുല്യരും സുരക്ഷിതരുമാണ് എന്ന് ഉറപ്പുവരുത്തല്‍ ഓരോ പൗരരുയും രാഷ്ട്രത്തിന്റെയും ഉത്തരവാദിത്തമാണെന്ന് പട്ടേല്‍ പ്രസംഗിച്ചു.
ഇന്ത്യയെ ഇന്ത്യയാക്കി നിലനിര്‍ത്തുന്ന പ്രമാണമാണ് ഇന്ത്യന്‍ ഭരണഘടന. അതിനെ വികൃതമാക്കാന്‍ പല ശക്തികളും ശ്രമിച്ചെന്ന് വരും. ഭരണഘടനയുടെ രക്ഷിതാവായി കണക്കാക്കുന്ന ഒരു ഭരണഘടനാ ക്രമീകരണമാണ് സുപ്രീംകോടതി സംവിധാനം. ഇന്ത്യയിലെ നിയമനിര്‍മ്മാണവും കാര്യനിര്‍വഹണവും ഭരണഘടനാപരമാണോ എന്ന് പരിശോധിച്ച് ഭരണഘടനയെ നിലനിര്‍ത്തുകയാണ് സുപ്രീംകോടതിയുടെ കര്‍ത്തവ്യം. പക്ഷേ, എല്ലാത്തിനുപരിയായി ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങള്‍ക്കാണ്. കാരണം ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പൂര്‍വ്വസൂരികളുടെ പരിശ്രമഫലമായിരുന്നു നമ്മള്‍ ഇന്ന് കാണുന്ന രാജ്യം. രാഷ്ട്രശില്‍പ്പികള്‍ വിഭാവനം ചെയ്ത മൂല്യവത്തായ ഭരണക്രമം സാക്ഷാത്കൃതമാവാന്‍ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുണ്ട്. സോഷ്യലിസവും സെക്യുലറിസവും എല്ലാ കാലവും ഇന്ത്യയുടെ അനിഷേധ്യ മൂല്യങ്ങളായി നിലനില്‍ക്കുന്നതാണ്.