

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“പൂച്ച തട്ടി തൂവിയ പാൽപ്പാത്രം ഒരു ഭൂപടമായി ചമഞ്ഞതിന് യാതൊരർത്ഥവുമില്ല” എന്ന് എ അയ്യപ്പൻ എഴുതിയതാണ് ഓർമ്മവരുന്നത്. താലൂക്കുകളുടെയും ജില്ലകളുടെയും സംസ്ഥാനത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും നിർമ്മാണം മനുഷ്യരുടെ സ്വഭാവത്തെയോ സംസ്കാരത്തെയോ മുൻനിർത്തി തീരുമാനിക്കപ്പെടുന്നതല്ല. പകരം അതാതു കാലത്തെ ഭരണത്തിൻ്റെ രാഷ്ട്രീയ സൗകര്യങ്ങളിൽ നിന്നാണ് വാർഡുകൾ, വില്ലേജുകൾ, പഞ്ചായത്തുകൾ, താലൂക്ക്, ജില്ല, സംസ്ഥാനം രാഷ്ട്രം എന്നിവയെല്ലാം പിറക്കുന്നതും അഴിച്ചു പണിയുന്നതും.
പലപ്പോഴും താൽക്കാലിക നിർമ്മിതികളായ ഈ ഭരണമേഖലകളെ അടിസ്ഥാനമാക്കി ആളുകൾ എൻ്റെ പഞ്ചായത്തെന്നും എൻ്റെ താലൂക്കെന്നും എൻ്റെ ജില്ലയെന്നും മറ്റും ഊറ്റം കൊള്ളുന്നതു കാണാം. “ഞങ്ങൾ …….. ജില്ലക്കാർ /……. പഞ്ചായത്തുകാർ പൊളിയാണ്” എന്ന് വീമ്പിളക്കുന്നത് കണ്ടിട്ടുണ്ട്.
ഒരു ജില്ലയിൽ തന്നെ പല ഭാഷാഭേദങ്ങൾ ഉണ്ട്. പൊന്നാനി മലയാളത്തിന് ചേർച്ച ‘വന്നേരി നാട്’ എന്ന ഇന്നത്തെ തൃശൂർ ജില്ലയുടെ ഭാഗമായ – പ്രദേശങ്ങളോടാണ്. തിരൂർ മലയാളമല്ല ഏറനാട്ടിലെ മലയാളം. ആലപ്പുഴ ജില്ലക്കാരാണെങ്കിലും ചേർത്തലക്കാരുടെ ഭാഷയും കുട്ടനാട് /ചെങ്ങന്നൂർ ഭാഷയും ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരിക്കൽ പൊന്നാനി താലൂക്ക് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു. അന്ന് പൊന്നാനിക്കാർ ഞങ്ങൾ പാലക്കാട്ടുകാർ എന്ന് ഊറ്റം കൊണ്ടിരുന്നോ ആവോ? ഇപ്പോൾ, മലപ്പുറം ജില്ല തന്നെ വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി ജില്ല വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെടുത്തിയതിന് ശേഷവും പുതിയ സംസ്ഥാനങ്ങൾ ഇന്ത്യയിൽ പിറന്നുവീണു. ഇന്നത്തെ ഇന്ത്യയല്ലായിരുന്നു ബ്രിട്ടീഷ് ഇന്ത്യ. മുമ്പ്, “അവർ തിരുവിതാംകൂറുകാർ, ഞങ്ങൾ കൊച്ചിക്കാർ, അപ്പുറത്ത് മലബാറുകാർ” എന്നിങ്ങനെയായിരുന്നു ജനങ്ങൾ വേർതിരിക്കപ്പെട്ടത്. അതിനാൽ താൽക്കാലികമായി ഉയരുകയും മാറുകയും മറിയുകയും മാറ്റിവരയ്ക്കുകയും ചെയ്യുന്ന ഭൂപടങ്ങളെ ചൂണ്ടി “ഞങ്ങൾ കേമന്മാർ” എന്നോ, “ആ ജില്ലക്കാർ കൊള്ളാത്തവ”രെന്നോ വിലയിരുത്തുന്നതിൽ എന്താണർത്ഥം ?


എന്നിട്ടും എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ അധിക്ഷേപിക്കുന്ന വിദ്വേഷ പരാമർശം നടത്തിയത്? വെള്ളാപ്പള്ളിയുടെ ആക്ഷേപത്തിനെതിരെ മലപ്പുറത്തിൻ്റെ ജനമൈത്രി എത്ര മാത്രമെന്ന് എണ്ണിയെണ്ണി പറയുന്ന വാക്കുകൾ മലപ്പുറംകാരിൽ നിന്നും, ഇവിടെ വന്ന് താമസിക്കുന്ന മറ്റ് ജില്ലക്കാരിൽ നിന്നും ഉടനെ തന്നെ വരികയുണ്ടായി; വളരെ നല്ലത്. അതായത് മലപ്പുറത്തിൻ്റെ നന്മയെപ്പറ്റി വെള്ളാപ്പള്ളി മനസ്സിലാക്കാതെ പറയുന്നതിനാൽ, അദ്ദേഹത്തെ അത് വേണ്ടവണ്ണം പഠിപ്പിക്കാനുള്ള ആത്മാർത്ഥമായ ബോധവൽക്കരണ ശ്രമമാണ് മലപ്പുറത്തെ അടുത്തറിയുന്നവർ നടത്തിയത്. അത് വെള്ളാപ്പള്ളി നോക്കില്ലെങ്കിലും മലപ്പുറമെന്തെന്ന് പുറംലോകത്തിനറിയാൻ ഒരവസരം വീണുകിട്ടി.
ഇത്തരം കൗണ്ടറുകളൊക്കെ വെള്ളാപ്പള്ളി പ്രതീക്ഷിച്ചത് തന്നെയാകും. പുള്ളിക്കാരനെ സംബന്ധിച്ച് മലപ്പുറത്തെ ടാർജറ്റ് ചെയ്യുക എന്നതാണ് പ്രധാനം. കാരണം മലബാറിൻ്റെ ഭാഗമായ മലപ്പുറത്തിൻ്റെ നന്മയാണ് വെള്ളാപ്പള്ളിയെ അസ്വസ്ഥമാക്കുന്നത്. താൻ സ്വാധീനം ഉറപ്പിച്ചെടുത്ത ചില പ്രദേശങ്ങൾ പോലെ, തൻ്റെ ഇച്ഛകൾക്കൊത്ത് മലപ്പുറം വഴങ്ങാത്തതിൻ്റെ അമർഷമാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൻ്റെ അന്തർധാര. വെള്ളാപ്പള്ളിയെ പോലൊരാൾ മലപ്പുറത്തെ ആക്ഷേപിക്കുന്നുവെങ്കിൽ അതിൻ്റെയർത്ഥം ഈ മനുഷ്യൻ്റെ അധികാര രാഷ്ട്രീയ ബാന്ധവ കരുനീക്കങ്ങൾ മലപ്പുറത്ത് വേകാൻ എളുപ്പമല്ല എന്നാണ്.
പഴയ തിരുവിതാംകൂർ പ്രദേശങ്ങളിലേതുപോലെ ജാതിരാഷ്ട്രീയം അത്ര ശക്തമല്ല മലബാറിൽ എന്ന് വേണം പറയാൻ. എസ്.എൻ.ഡി.പി.ക്കും എൻ.എസ്.എസിനും തെക്കൻ കേരളത്തിലേതുപോലെ അടിത്തട്ട് വേരോട്ടം ശാഖകൾതോറും ഇനിയും മലബാറിൽ സാധ്യമായിട്ടില്ല. വളാഞ്ചേരി കഴിഞ്ഞ് വട്ടപ്പാറ വളവ് കയറുമ്പോൾ, മഞ്ഞക്കൊടി വെച്ച ഒരു എസ്.എൻ.ഡി.പി മന്ദിരം കാഴ്ചയിൽ വന്നിട്ട് അത്ര കാലമൊന്നുമായിട്ടില്ല.
മലബാറിൽ തിയ്യർ ഭൂരിപക്ഷമാണെങ്കിലും അവർ വെള്ളാപ്പള്ളി നയിക്കുന്ന സംഘബോധത്തിന് പുറത്താണിപ്പോഴും. നായന്മാരും ഏതാണ്ടിങ്ങനെ തന്നെയാണ് മലബാറിൽ. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും ഇരു സമുദായങ്ങൾക്കും ശാഖകൾ മുഖേന തെക്കൻ ജില്ലകളിൽ കാണുന്ന മധ്യസ്ഥ ഇടപാടൊന്നും ഇപ്പോഴും മലബാറിൽ സാധാരണമല്ല. ഇവിടുത്തുകാർ സമുദായ സംഘടനകളുടെ പിടിയിൽ നിന്നും സ്വതന്ത്രരാണ്. സാമുദായിക നേതൃത്വത്തിൻ്റെ ബന്ധനത്തിലേക്ക് മലബാറിനെ മെരുക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കാൽനൂറ്റാണ്ടിൽ തകൃതിയായി നടക്കുന്നുണ്ടാകണം. അത് ഇച്ഛിക്കുന്ന പോലെ പുഷ്പിക്കാത്തതിൻ്റെ നിരാശ വെള്ളാപ്പള്ളിക്കുണ്ടാകും.


തിരുവിതാംകൂറും കൊച്ചിയും രാജാവ്, കൊട്ടാരം, രാജസ്തുതി, സ്വന്തം നാണയം എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളായും, മലബാറാകട്ടെ രാജാവാഴ്ചയില്ലാതായി, മദ്രാസ് പ്രവിശ്യയിൽ നേരിട്ട് ബ്രിട്ടീഷ് ഭരണപ്രദേശമായും വന്നു ചേർന്ന സാംസ്കാരിക വ്യതിയാനങ്ങൾ വിശദമായ പഠനം അർഹിക്കുന്നതാണ്. രാജവാഴ്ചയിലെ ആധുനിക ഭരണപരിഷ്ക്കാരങ്ങളും സ്ഥാപനങ്ങളും മറ്റും അധികാരത്തിൻ്റെ ഭാഗമാകാൻ നായർ – ഈഴവ സമുദായ നേതൃത്വങ്ങളെ മലയാളീ മെമ്മോറിയലായും ഈഴവ മെമ്മോറിയലായും മത്സരിപ്പിക്കുന്ന അന്തരീക്ഷം ആധുനിക മലബാർ ചരിത്രത്തിൽ കാണാനില്ല. തിരു-കൊച്ചിയുടെ ചരിത്രത്തിൽ രാജവാഴ്ചയ്ക്കും വിദേശഭരണത്തിനും എതിരെയുള്ള സമരം പോലെ സമാന്തരമാണ് രാജാധികാരത്തിൻ്റെ ഭാഗമാകുന്നതിന് സമുദായങ്ങളായി സംഘടിച്ചുകൊണ്ടുള്ള ജാതിനേതൃത്വ കിടമത്സരങ്ങൾ. ഭരണാധികാരത്തിലെ പങ്കാളിത്തത്തിനായി സാമുദായിക സംഘനേതാക്കളുടെ ഇത്തരം ആസക്തനീക്കങ്ങൾ നാട്ടുരാജ്യമല്ലാത്ത മലബാറിന് അന്യമാണ്.
തിരുവിതാംകൂറിൽ പരദേശീ ബ്രാഹ്മണർക്ക് ഉദ്യോഗത്തിലുള്ള സമ്പൂർണ്ണ സംവരണം തങ്ങൾക്കും കൂടി നൽകണമെന്ന് നായർ ജാതികളും, അതിൽ തങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നു ഇഴവ ജാതികളും നിവേദനങ്ങൾ നൽകിയ പ്രാതിനിധ്യാവകാശ പ്രഖ്യാപനങ്ങൾ സാമുദായിക സംഘടനകളുടെ വളർച്ചക്കും വ്യാപനത്തിനും കാരണമായി. അധികാരത്തിലെ പങ്കാളിത്തത്തിന് വേണ്ടിയുള്ള ജനായത്തപരമായ ഈ ആവശ്യത്തിന് ഒരു സൈഡ് ഇഫക്ട് കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. അത് അധികാരത്തിൻ്റെ തന്നെ ഭാഗമായി മേൽത്തട്ട് അധികാരരൂപങ്ങളെ അപ്പാടെ അനുകരിക്കുക എന്നതാണ്. അധികാര ഹിംസകളുടെ സംസ്കാരത്തിൻ്റെ അനുകർത്താക്കളും ആരാധകരുമായി സാമുദായിക സംഘങ്ങളുടെ നേതൃത്വം അധഃപതിക്കുന്ന ദുഃസ്ഥിതി ഇവിടെ വന്നുചേർന്നിരിക്കുന്നു. ബ്രാഹ്മണ്യാധികാരത്തോട് എൻ.എസ്.എസ് നേതൃത്വം അതിശീഘ്രം താദാത്മ്യപ്പെട്ടത് ഇപ്പോൾ എസ്.എൻ.ഡി.പി. നേതൃത്വത്തെയും ബാധിച്ചു കഴിഞ്ഞു. ഗുരു പ്രതിഷ്ഠ നടത്തിയ ആരാധനാലയങ്ങളിൽ, എവിടെ നിന്നൊക്കെയോ ബ്രാഹ്മണ പുരോഹിതന്മാരെ കൊണ്ടുവന്ന് പലതരം യാഗങ്ങൾ കെങ്കേമമായി നടത്തുന്ന നിലയിലേക്ക് ഈ നേതൃത്വം അണികളെ എത്തിച്ചിരിക്കുന്നു.
ഇക്കാലത്ത് കേന്ദ്രഭരണത്തിൽ ഹിന്ദുത്വ രാഷ്ട്രീയം പ്രബലമായി സ്ഥാപിതമായതോടെ, കേരളത്തിൽ ഹിന്ദുമതത്തിനകത്തെ സാമുദായിക നേതൃത്വങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം കരസ്ഥമാക്കുന്നതിനുള്ള നൂതനമായ ഒരവസരം കൈവന്നിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയമാകട്ടെ, നിലവിൽ എൽ.ഡി.എഫ് – യു.ഡി.എഫ് വോട്ടുകളെ വിഘടിപ്പിച്ച് സ്വന്തമാക്കാൻ ഉപയോഗിക്കുന്ന ചട്ടുകങ്ങൾ ഹിന്ദു – ക്രിസ്ത്യൻ സാമുദായിക നേതൃത്വങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയവുമായി ഭരണബാന്ധവത്തിന് തയ്യാറായില്ലെങ്കിൽ, അതിൻ്റെ പരിണതഫലം ഈ സാമുദായിക നേതൃത്വങ്ങളുടെ പലവിധ സാമ്പത്തിക സ്രോതസ്സുകൾ അടച്ചുകളയുക എന്നതായിരിക്കും. അതിനാൽ ഏതുവിധത്തിൽ നോക്കിയാലും ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ അധികാരം സ്ഥാപിക്കാനും അതുവഴി സ്വശക്തി പൂർവ്വാധികം ദൃഢപ്പെടുത്താനുമുള്ള അങ്കത്തട്ടിലേക്ക് വെള്ളാപ്പള്ളിയെ പോലുള്ള സാമുദായിക സംഘടനാ നേതൃത്വശക്തികൾ എത്തപ്പെട്ടിരിക്കുന്നു.
എസ്.എൻ.ഡി.പി പോലുള്ള സാമുദായിക നേതൃത്വങ്ങൾക്ക് ഇനിയും വേരോടാൻ സാധിക്കാത്ത മലബാർ മേഖലയിൽ തിയ്യ സമുദായത്തെ ഹിന്ദുത്വയുമായി അടുപ്പിക്കണമെങ്കിൽ, ഹിന്ദുത്വ രാഷ്ട്രീയം അഖിലേന്ത്യാ തലത്തിൽ പയറ്റുന്ന മുസ്ലീം ശത്രുവൽക്കരണ പദ്ധതിയെ തന്നെ പിന്തുടരുക എന്നതാണ് വെള്ളാപ്പള്ളിയുടെയും പോംവഴി. അതിന് ഏറ്റവും പറ്റിയ കുരുട്ടുബുദ്ധി മലപ്പുറത്തെ ‘പ്രത്യേക രാജ്യ’മായി മുദ്രകുത്തി സാമുദായിക രാഷ്ട്രീയത്തിന് തെക്കൻ കേരളത്തിലേതുപോലെ വടക്കും സാധ്യതകൾ കെട്ടിപ്പടുക്കുക എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്താൽ സദാ ആളിക്കത്തിക്കുന്ന മുസ്ലീം ശത്രുതയെന്ന എരിതീയിൽ എണ്ണ കോരിയൊഴിക്കുന്ന സേവകദൗത്യം വെള്ളാപ്പള്ളി നിർവ്വഹിക്കുന്നു.


തെക്കൻ കേരളത്തിൽ നിന്ന് ഭിന്നമായ ഒരു സാംസ്കാരികാന്തരീക്ഷം മലബാറിൽ പ്രത്യക്ഷമാണെങ്കിൽ, അതിനുള്ള കാരണങ്ങളിൽ പ്രധാനം വെള്ളാപ്പള്ളിയെ മാതിരി സാമുദായിക നേതൃത്വങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഹിന്ദുസമൂഹം ഇവിടെ കാണപ്പെടുന്നില്ല എന്നതാണ്. മാത്രമല്ല മലബാറിലെ മുസ്ലീം സമൂഹം തികച്ചും മതേതരവും ഭരണഘടനാപരവുമായ അവകാശങ്ങളിൽ അടിയുറച്ച രാഷ്ട്രീയത്തിൽ ഊന്നുന്നവരാണ്. അതുകൊണ്ടുതന്നെ അവരിൽ നല്ലൊരുപങ്കും കോൺഗ്രസ്സിനും ഇടതുകക്ഷികൾക്കും ഒപ്പമുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലകൊള്ളുന്നു എന്നതാണ് മുസ്ലീം ലീഗിൻ്റെ സവിശേഷതയും.
തിരുവിതാംകൂർ രാജാവോ കൊച്ചി രാജാവോ തങ്ങളുടെ ബ്രാഹ്മണ പ്രീതി മുൻനിർത്തി ജാതിവ്യവസ്ഥയെ ഉറപ്പിച്ച കേന്ദ്രീകൃത ഭരണരാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നും പുറത്തുവരാനുള്ള ഭാഗ്യം, ഇത്തരം നാട്ടു രാജാക്കന്മാരുടെ ഭരണകൂടത്തിൽ നിന്നും മുന്നേതന്നെ സ്വതന്ത്രമായ മലബാറിന് കൈവന്നതും ഇവിടുത്തെ ജനമൈത്രിക്ക് കാരണമായിട്ടുണ്ട്. എന്നാൽ തെക്കൻ കേരളമാകട്ടെ ഭരണാധികാരത്തിൻ്റെ ഉദ്യോഗസ്ഥ പങ്കാളിത്തത്തിലും അതിലേക്കു കയറാൻ ജാതിരാഷ്ട്രീയത്തിലും അതോടൊപ്പം സവർണ്ണവൽക്കരണത്തിലും ഒരേപോലെ ആകൃഷ്ടമായിരുന്നു. ഭരണാധികാര /ഉദ്യോഗ പങ്കാളിത്തം അടിത്തട്ട് ജനതയുടെ ധാർമിക ബോധത്തെ അപചയപ്പെടുത്തിയ ചരിത്രം കൂടി തെക്കൻ കേരളം പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് എസ്.എൻ.ഡി.പിയുടെ തലപ്പത്ത് വെള്ളാപ്പള്ളി എത്തിച്ചേരുന്നതും.
ജാതിവ്യവസ്ഥാ പാലകരായ നാട്ടുരാജാക്കന്മാർ നിർമ്മിച്ച സവർണ്ണരാധനാ മനോഭാവവും സാമുദായിക രാഷ്ട്രീയവും അധികാരാസക്തിയും ധാർമികാധപതനവും കലർന്ന സാംസ്കാരിക വ്യാപാരങ്ങളെ മലബാറിലേക്കും വ്യാപിപ്പിക്കുക എന്ന ശ്രമത്തിൻ്റെ നായകസ്ഥാനം വെള്ളാപ്പള്ളി ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കാർമ്മികനായി സ്വയം ഏറ്റെടുത്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകകയാണ് ടിയാൻ്റെ മലപ്പുറം വിദ്വേഷ പരാമർശം. അതിനാൽ മലപ്പുറത്തിൻ്റെ മതേതര മഹിമകൾ പാടി വെള്ളാപ്പള്ളിയെ ബോധവൽക്കരിക്കാം എന്നു കരുതുന്നവർ പാവം നിഷ്ക്കളങ്ക മനസ്ക്കർ മാത്രം.


ഇന്ത്യയിലെവിടെയും ഹിന്ദുത്വ ശക്തികൾ നിലവിലെ രാഷ്ട്രീയഘടനയിൽ, കാശെറിഞ്ഞും വശത്താക്കിയും കരുക്കൾ നീക്കിയും കലാപങ്ങൾ വിതച്ചും സാമൂഹികമായ വിള്ളലുകൾ നിർമ്മിച്ചുമാണ് അധികാരം നേടുന്നത്. കേരളത്തിൽ അത്തരം വിഘടനങ്ങൾ തീർക്കണമെങ്കിൽ മതേതര കക്ഷികളുടെ ഭാഗമായി നിൽക്കുന്ന ഹിന്ദു വോട്ടുകളെ ജാതിരാഷ്ട്രീയത്തിലേക്ക് അടർത്തിമാറ്റി, സാമുദായിക നേതൃത്വങ്ങളുടെ അടിമത്തത്തിലേക്ക് മാറ്റേണ്ടതുണ്ട്. വിദേശ ഫണ്ടുകൾ ലഭ്യമാക്കുന്നതിന് ഭീഷണി ഉയർത്തി ക്രിസ്ത്യൻ മതമേധാവികളെ പാട്ടിലാക്കുന്നത് ഏറെക്കുറെ വിജയം കണ്ടിരിക്കുകയാണ് ഇവിടെ. ഹിന്ദുവോട്ടുകൾ വിഘടിപ്പിക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമങ്ങൾ പ്രബലമായ സാമുദായിക നേതൃത്വങ്ങളുടെ ചങ്ങാത്തത്താൽ നടക്കുകയും ചെയ്യുന്നു. ഇതിൻ്റെ പരിണതഫലം കൂടിയാണ് തൃശൂരിൽ നിന്നും ഒരു എം.പിയെ തരപ്പെടുത്താനായത്. ഇനി തൃശൂരിന് വടക്കോട്ട് ഹിന്ദു വോട്ടുകൾ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സമാഹരിക്കണമെങ്കിൽ പ്രത്യക്ഷത്തിൽ ഹിന്ദുത്വ ശക്തികളല്ലാത്ത അവർണ്ണ സാമുദായിക നേതൃത്വങ്ങളിലൂടെ മുസ്ലീം വിരോധം പ്രചരിപ്പിച്ചാലേ സാധ്യമാകൂ. അതിനുള്ള വെടിമരുന്നു തയ്യാറാക്കുന്ന കൃത്യം വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുന്നു.