ഉന്നത വിദ്യാഭ്യാസ മേഖലയും ജെൻ‍‍ഡർ പോളിസിയുടെ രാഷ്ട്രീയവും

ക്യാമ്പസ് ഓഡിറ്റ് – 1

ക്വിയർ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള പ്രവേശനവും, പഠനകാലയളവിലെ ചിലവുകളും, അപരമായ ക്യാമ്പസ് അന്തരീക്ഷവും വലിയ വെല്ലുവിളികളുയർത്തുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി രൂപകൽപന ചെയ്യപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജെന്റർ പോളിസികൾ ‘ട്രാൻസ്ജെൻഡർ പോളിസികൾ’ മാത്രമായി ഒതുങ്ങിയിരുന്നു. ട്രാൻസ്ജെൻഡർ പോളിസി എന്ന് ഉപയോഗിക്കുമ്പോൾ അത് ഇന്റർസെക്സ്, ജെൻഡർ ക്വിയർ, നോൺ ബൈനറി തുടങ്ങിയ ജെൻഡർ ഐഡന്റിറ്റികളെ ദൃശ്യതയിൽ നിന്ന് മറക്കുന്നുണ്ട്. ഈ സാഹ​ചര്യത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലടി സംസ്‌കൃത സർവകലാശാല ഒരു ജെൻഡർ പോളിസിക്ക് രൂപം നൽകിയത്. ഈ സമിതിയിലെ അംഗവും ക്വിയർ വിദ്യാർത്ഥിയുമായ ശ്രീവാസ് ഇപ്പോൾ ഗവേഷണം ഉപേക്ഷിച്ച് ബി.എഡ് പഠനത്തിന് ചേർന്നിരിക്കുകയാണ്. ജെൻഡർ പോളിസിയെക്കുറിച്ചും കാലടിയിലെ ക്യാമ്പസ് അനുഭവങ്ങളെക്കുറിച്ചും ഗവേഷണം ഉപേക്ഷിക്കാനുള്ള കാരണങ്ങളെക്കുറിച്ചും ശ്രീവാസ് എഴുതുന്നു.

ജീവിതത്തിന്റെ ഒരു നിർണ്ണായക കാലഘട്ടം തുടങ്ങുന്നത് കാലടി സർവകലാശാലയിൽ നിന്നാണ്. 2019 ലാണ് ഞാൻ കാലടിയിൽ എത്തുന്നത്. കാലടിയിലെ അക്കാദമിക് പരിസരം കുറെ കൂടി വിമർശനാത്മക ചിന്തകളെയും വിശകലന സ്വാഭവത്തെയും സ്വാഗതം ചെയ്യുന്നതാണ്. 2019 ൽ പി.ജിയ്ക്ക് പ്രവേശിക്കുമ്പോൾ, ഡിഗ്രി കാലത്തിന്റെ വസ്തുനിഷ്ഠമായ ഒരു പഠന സാഹചര്യത്തിൽ നിന്ന് വിമർശനാത്മക – വിശകലന ചിന്തകളുടെ മറ്റൊരു ലോകത്തെക്കാണ് എത്തിയത്. ഇവിടെ നിന്നാണ് ഒറ്റ ലോകമല്ല ഒരുപാട് ലോകങ്ങൾ ഉണ്ടെന്നും എല്ലാ ലോകങ്ങളും സുപ്രധാനമാണെന്നും ഉള്ള തിരിച്ചറിവുണ്ടാവുന്നത്. ഈ പുതിയ സാഹചര്യത്തിൽ മുന്നേ പഠിച്ച സിസ്റ്റമിക്ക് ലോകത്തിന്റെ ക്രമങ്ങളെയും ധാരണകളും അൺലേൺ (Unlearn) ചെയ്യേണ്ടതായി വന്നു. ഇത്തരം പ്രക്രിയകൾ പുതിയ പല തിരിച്ചറിവുകളെയും പാകപ്പെടുത്തുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ തിരിച്ചറിവുകളാണ് എന്റെ ഗവേഷണ ജീവിതത്തിന്റെ അടിത്തറയാവുന്നത്. എഴുത്തിന്റെയും വായനയുടെയും അക്കാദമിക് ലോകത്തേക്ക് പ്രവേശിക്കുന്നതോടെയാണ് ഒരാൾക്ക് ഈ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത്.

ജെൻഡർ പോളിസി യൂണിവേഴ്സിറ്റിക്ക് കൈമാറുന്ന ചടങ്ങിൽ നിന്ന്

ഒരു വിദ്യാർത്ഥി കോളേജ് പരിസരത്തിൽ നിന്നും സർവകലാശാല പരിസരത്തിലേക്ക് എത്തുമ്പോൾ കുറേക്കൂടി വൈവിദ്ധ്യങ്ങളാർന്ന സമൂഹത്തെയും വിഷയങ്ങളെയുമാണ് അഭിമുഖീകരിക്കേണ്ടി വരുക. അവിടെ പലതരം അനുഭവങ്ങളോടും ജീവിതങ്ങളോടുമുള്ള ഡയലോഗിനും കോൺഫ്‌ളിക്റ്റിനും സാധ്യമാകുന്ന തരത്തിലുള്ള ഇടങ്ങൾ കാണാം. പല സാഹചര്യത്തിൽ നിന്നും, പല പരിസരങ്ങളിൽ നിന്നും, പല സന്ദർഭങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ഒരു സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ പല തട്ടുകളിലാണ് വിവേചനങ്ങൾ നേരിടേണ്ടിവരുന്നത്. അത് ജാതിയാകാം, ജെൻഡറാകാം, സെക്ഷ്വാലിറ്റിയാവാം, ക്ലാസ്സാവാം, ഡിസെബിളിറ്റിയാവാം. ദൃശ്യതയില്ലാത്ത സമൂഹങ്ങൾ ഒരു സ്ഥാപനത്തിനുള്ളിൽ ദൃശ്യത കൈവരിക്കുന്നതോടെ നിലനിൽക്കുന്ന സിസ്റ്റം പൊളിയുവാൻ തുടങ്ങും. അതിനുദാഹരണമാണ് ട്രാൻസ്ജെന്റർ വിദ്യാർത്ഥികളോ ഡിസേബ്ൾഡ് വിദ്യാർത്ഥികളോ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ എത്തുന്നതോടെ നിലനിൽക്കുന്ന ദ്വന്ദ്വ സങ്കൽപത്തിൽ അധിഷ്ഠിതമായ, എബിൾഡ് മാതൃകയിലുള്ള ഘടനയുടെ (infrastructure) പരിമിതികൾ വെല്ലുവിളിക്കപ്പെടുന്നത്. അപ്പോഴാണ് നമ്മുടെ കെട്ടിടങ്ങൾ എത്രമാത്രം ജെന്റേഡാണെന്നും പുരുഷകേന്ദീകൃതമാണെന്നും എബിൾഡാണെന്നും വ്യക്തമാകുന്നത്. അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല വെല്ലുവിളിയാകുന്നത്, മാനസികമായ സാഹചര്യങ്ങൾ ഉയർത്തുന്ന ഭീഷണികളും വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമായി നിലനിൽക്കുന്നുണ്ട്. ഇത്തമൊരു സാഹചര്യത്തിലാണ് കാലടി സർവകലാശാലയുടെ “Gender Inclusion and Diversity Policy, 2023” ന്റെ നിർദ്ദേശങ്ങൾ പ്രസക്തമാവുന്നത്. നിലവിൽ പോളിസി സർവകലാശാലയുടെ അംഗീകാരത്തിനായി സമർപ്പിച്ചു കഴിഞ്ഞു. Gender Evaluation and Monitoring Committee യുടെ കൺവീനറായ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് വകുപ്പ് മേധാവിയും ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വുമൺ സ്റ്റഡീസ് കോഡിനേറ്ററുമായ പ്രാെഫസർ ഡോ. ഷീബ കെ.എം, Committee for Policy Framing കൺവീനറായ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രാെഫസർ ഡോ. രേഷ്മ ഭരദ്വാജ് എന്നിവരാണ് സർവകലാശാലയിലെ പുതുക്കിയ ജെന്റർ പോളിസി രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത്. യമുന കെ, മിനി ടി , ഷംഷാദ് ഹുസ്സൈൻ കെ.ടി, ശീതൾ എസ് കുമാർ, പ്രമീള എ കെ, സാജു ടി.എസ്, ആരിഫ് ഖാൻ, നാദിറ മെഹറിൻ, റിതിഷ റിതു എന്നിവരാണ് പോളിസി നിർമാണ കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.

ജെൻഡൻ പോളിസി ഡോക്യുമെന്റ് അക്കായി പദ്മശാലിക്ക് കൈമാറുന്ന ക്വിയർ വിദ്യാർത്ഥികൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജെൻഡർ പോളിസികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, 2014 ലെ സുപ്രീം കോടതിയുടെ ശ്രദ്ധേമായ NALSA വിധി ട്രാൻസ്ജെൻഡർ മനുഷ്യരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പ്രതികൂല സാഹചര്യത്തെ കണക്കിലെടുത്ത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ട്രാൻസ്ജെൻഡർ, ഇന്റർ സെക്സ്, ജെന്റർ ക്വിയർ മനുഷ്യർക്ക് നിയമപരമായ അംഗീകാരത്തിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കേരളത്തിലെ സർവകലാശാലകളായ കേരളയിലും, കാലിക്കറ്റിലും ട്രാൻസ്ജെന്റർ പോളിസികൾ രൂപംകൊണ്ടു. എന്നാൽ സമഗ്രമായി ഉൾകൊള്ളിക്കേണ്ട പല വിഷയങ്ങളും ഈ ട്രാൻസ്‌ജെൻഡർ പോളിസികൾ വിട്ടുപോയിട്ടുണ്ട്. ഈ പോളിസികൾ കാലടി സർവകലാശാല ജെന്റർ പോളിസി രൂപീകരണത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. മുൻ മാതൃകകൾ എന്ന നിലക്ക് ഇത്തരം പോളിസികൾ പല വിഷയങ്ങളെയും പുനരാലോചിക്കാൻ സഹായിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ജെൻഡർ പോളിസികൾ കുറെകൂടി ‘ട്രാൻസ്ജെന്റർ പോളിസികൾ’ എന്ന നിലക്ക് മാത്രമേ കണക്കായിരുന്നുള്ളൂ. ട്രാൻസ്ജെൻഡർ പോളിസി എന്ന് ഉപയോഗിക്കുമ്പോൾ അത് ഇന്റർസെക്സ്, ജെന്റർ ക്വിയർ, നോൺ ബൈനറി തുടങ്ങിയ ജെൻഡർ ഐഡന്റിറ്റികളെ ദൃശ്യതയിൽ നിന്ന് മറയ്ക്കുന്നുണ്ട്. ട്രാൻസ്ജെൻഡർ മനുഷ്യർ മാത്രം പ്രത്യേകമായി പരിഗണിക്കപ്പെടുന്നു എന്ന വിമർശനങ്ങളും പലപ്പോഴും കമ്മ്യൂണിറ്റിക്കകത്ത് നിന്ന് ഉയരാറുണ്ട്. ചില സമയത്തെങ്കിലും ജെൻഡർ പോളിസികളുടെ വെല്ലുവിളി സെക്ഷ്വാലിറ്റിയുടെ പ്രശ്നങ്ങൾ അഡ്രസ് ചെയ്യാൻ സാധ്യതകൾ അതിനകത്ത് ഇല്ല എന്നതാണ്.

ഡോ. ഷീബ കെ.എം
ഡോ. രേഷ്മ ഭരദ്വാജ്

ഈ പ്രശ്നങ്ങൾ കാലടി സർവ്വകലാശാലയിലെ ജെൻഡർ പോളിസി രൂപീകരണ സമയങ്ങളിലും വലിയ ചോദ്യങ്ങളായി ഉയർന്നിട്ടുണ്ട്. ഇത്രയും വൈവിധ്യമുള്ള ഒരു കമ്മ്യൂണിറ്റിയെ അടയാളപ്പെടുത്തുന്നതിൽ ഭാഷ ഒരു വലിയ പരിമിതിയായി നിലനിന്നിരുന്നു. പലതരത്തിലുള്ള ആശങ്കകളായിരുന്നു പോളിസിയുടെ രൂപീകരണ സമയത്ത് ഉയർന്നിരുന്നത്. ട്രാൻസ്ജെൻഡർ പോളിസി എന്നതിനപ്പുറത്തേക്ക് എല്ലാ ജെൻഡർ ഐഡന്റിറ്റികളെയും ഉൾക്കൊള്ളിക്കുന്ന എന്തു തലക്കെട്ട് കൊടുക്കാനാവും ? ജെൻഡർ വിഷയങ്ങൾക്കൊപ്പം സെക്ഷ്വാലിറ്റിയും അഡ്രസ് ചെയ്യാൻ സാധിക്കുമോ? ട്രാൻസ്ജെൻഡർ/ഇന്റർസെക്സ് വിദ്യാർത്ഥികൾ പ്രവേശന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആണോ അതോ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സർട്ടിഫിക്കറ്റ് ആണോ ഒരാളുടെ ജെന്റർ സാക്ഷ്യപ്പെടുത്തുന്ന രേഖയായി എടുക്കേണ്ടത് ? ഉയർന്ന ഈ ചോദ്യങ്ങൾക്കെല്ലാം ഒറ്റ വാക്കിൽ ഉത്തരമില്ല എന്നതാണ് വാസ്തവം. ഭാഷയുടെ പരിമിതികൾ കൊണ്ട് തന്നെ ജെൻഡർ പോളിസി രൂപീകരണത്തിന്റെ ആദ്യ സമയങ്ങളിൽ “Gender Non Conforming Person’s Policy” എന്ന പേരാണ് നിർദ്ദേശിച്ചിരുന്നത്. പിന്നീട് വിദഗ്ധാഭിപ്രായത്തിനായി ഒരു വർക്ഷോപ്പ് സംഘടിപ്പിക്കുകയും അതിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ അസിസ്റ്റൻറ് പ്രൊഫസർ കെത്ക്കി റാൺഡേ, ക്വിയർ ആക്ടിവിസ്റ്റായ പ്രിജിത്ത് പി.കെ, മുൻ TG Cell പ്രൊജക്റ്റ് ഓഫീസർ ശ്യാമ എസ് പ്രഭ തുടങ്ങിയ 11 ഓളം എക്സ്പെർട്ടുകൾ പങ്കെടുക്കുകയും ചെയ്തു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് “Gender Inclusion and Diversity Policy” എന്ന പേര് പോളിസിക്കായി തെരഞ്ഞെടുക്കപ്പെടുന്നത്.

കേരളത്തിലെ ക്യാമ്പസുകൾക്ക് ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിച്ച് ഒരു സമഗ്ര ജെൻഡർ പോളിസി രൂപീകരിക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്വിയർ വിരുദ്ധമായ അന്തരീക്ഷം അന്തർലീനമായും അല്ലാതെയും പ്രവർത്തിക്കുന്നത് നാം ഈ കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ച് മുജാഹിദ് സറ്റുഡന്റ് മൂവ്മെന്റ് (MSM) പോലെയുള്ള ആൾക്കൂട്ടങ്ങൾ ജെൻഡർ ചർച്ചകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഉദാഹരണമാണ്. ഇതേ മുഖമുള്ളയാളുകൾ തന്നെയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം ചർച്ചയെ ക്വിയർ സമൂഹമായി കൂട്ടിചേർത്ത് വിദ്വേഷ പരാമർശങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലും അല്ലാതെയും കെട്ടഴിച്ചുവിട്ടത്. ജെൻഡർ പോളിസി വിഷയവുമായി ബന്ധപ്പെട്ട് നേരിടുന്ന മറ്റൊരു പ്രശ്നം ഏതുതരം അധ്യാപകരെയാണ് സിസ്റ്റം ഉണ്ടാക്കിയിട്ടുള്ളതെന്നതാണ്. സദാചാര ബോധത്തിലും മേൽ-കീഴ് അധികാരബന്ധങ്ങളിലും അധിഷ്ഠിതമാണ് കേരളത്തിലെ അദ്ധ്യാപക വിദ്യാർത്ഥി ബന്ധം. വലിയ രീതിയിലുള്ള സദാചാര ബോധം നിലനിൽക്കുന്ന ഇത്തരം ക്യാമ്പസിടങ്ങളിലെ അധ്യാപകർ ക്വിയർ മനുഷ്യരെ സ്വാഗതം ചെയ്യാൻ സജ്ജരാണെന്ന് കരുതുന്നില്ല. അത്തരം വിദ്യാഭ്യാസാന്തരീക്ഷത്തിൽ ക്വിയർ മനുഷ്യർ നേരിട്ടുള്ള വിവേചനങ്ങളെക്കാൾ പരോക്ഷമായിട്ടുള്ള വിവേചനങ്ങൾ (Indirect Harrassment) അനുഭവിക്കാനാണ് സാധ്യതയേറെ. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗത്തു നിന്നോ, അതിന്റെ ഘടനയിൽ അന്തർലീനമായ സ്വഭാവം കൊണ്ടോ, സ്ഥാപനത്തിന്റെ നിയമാവലികൾ, പോളിസികൾ, പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉയർത്തുന്ന വെല്ലുവിളികൾ കൊണ്ടോ പരോക്ഷമായ വിവേചനം നേരിടാൻ സാധ്യതയുണ്ട്.

ജെൻഡൻ പോളിസി ഡോക്യുമെന്റ് കവർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് റിസർവേഷൻ നൽകുന്നത് വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിൽ അവരുടെ കൊഴിഞ്ഞുപോക്കുകളെ കുറിച്ചുള്ള ചർച്ചകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നത് വരെ മാത്രമേ സർക്കാരുകളുടെ നോട്ടമെത്തുന്നുള്ളു. ഒരു ക്വിയർ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പ്രവേശിക്കൽ മാത്രമല്ല ദുഷ്കരമായിട്ടുള്ളത്, പഠനകാലയളവിലെ ചിലവുകളും അപരമായ ക്യാമ്പസന്തരീക്ഷവും വലിയ വെല്ലുവിളികളുയുർത്തുന്ന യാഥാർത്ഥ്യം മുന്നിലുണ്ട്. റിസർവേഷൻ പോളിസി കൊണ്ട് മാത്രം ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കഴിയില്ലായെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ക്വിയർ വിദ്യാർത്ഥികൾക്ക് സൗഹാർദപരമായ ക്യാമ്പസന്തരീക്ഷങ്ങളാണ് അത്യാവശ്യമായിട്ടുള്ളത്. ഇത്തരം സങ്കീർണ്ണ സാഹചര്യങ്ങളെ അഡ്രസ്സ് ചെയ്താണ് കാലടി സർവകലാശാലയിലെ പുതിയ ജെൻഡർ പോളിസി സർവകലാശാല അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.

പരോക്ഷമായ വിവേചനത്തെ (Indirect Harassment) കുറിച്ചുള്ള ചർച്ചകൾ, പഠനകാലയളവിൽ ജെൻഡർ അഫർമേഷൻ സർജറിക്ക് മെഡിക്കൽ ലീവും മറ്റ് സാമ്പത്തിക സഹായവും, ജെൻഡർ-സെക്ഷ്വാലിറ്റി ഐഡന്റിറ്റികൾ എക്സ്പ്രസ് ചെയ്യാവുന്ന തരത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാനുള്ള അവകാശം, സ്റ്റുഡൻറ് യൂണിയനുകളിലും സർവകലാശാലയുടെ അക്കാദമിക് എക്സിക്യൂട്ടീവ് ബോഡികളിൽ അംഗത്വം നൽകുക, ജെൻഡർ സെൽ രൂപീകരിക്കുക, അതി പിന്നോക്കാവസ്ഥ പരിഗണിച്ച് അടുത്ത അഞ്ചുവർഷത്തേക്ക് പ്രത്യേക ഉപാധികളോടെ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രവേശനം നൽകുകയും പ്രവേശന പരീക്ഷകളിൽ നിശ്ചിത കട്ട് ഓഫ് മാർക്കിൽ നിന്ന് 10 മാർക്ക് വരെ ഇളവു നൽകി പ്രവേശനം സാധ്യമാക്കുകയും ചെയ്യുക, സർവകലാശാലയുടെ എല്ലാവിധ ആപ്ലിക്കേഷൻ ഫീസുകളും ട്രാൻസ്ജെന്റർ വിദ്യാർഥികൾക്ക് ഒഴിവാക്കി കൊടുക്കുക, എല്ലാ അപ്ലിക്കേഷൻ ഫോമുകളിൽ നിന്നും ‘other’ എന്ന ഓപ്ഷൻ നീക്കം ചെയ്യുക, ഗാഡ്ജെറ്റുകൾ വാങ്ങിക്കാനുള്ള സഹായം നൽക്കുക, ട്രാൻസ്ജെൻഡർ, ക്വിയർ വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കുക, ആർത്തവം സംഭവിക്കാൻ സാധ്യതയുള്ള എല്ലാ മനുഷ്യരെയും ആർത്തവാവധിയുടെ പരിധിയിൽ കൊണ്ട് വരുക, ട്രാൻസ്ജെൻഡർ-ഇന്റർസെക്സ് വിദ്യാർത്ഥികളുടെ ഹോർമോൺ തെറാപ്പി, സർജറി എന്നിവ സർവകലാശാലയുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്തുക, ഇലക്ഷനുകളിലും കലോത്സവങ്ങളിലും നിലവിലുള്ള പ്രായപരിധി പരിഷ്കരിക്കുക, പഠനകാലയളവിൽ സർജറിക്ക് വിധേയരാകുന്നുണ്ടെങ്കിൽ അത് മൂലം നഷ്ടമാവുന്ന സെമസ്റ്റർ ‘സീറോ സെമസ്റ്ററായി’ പരിഗണിക്കുക എന്നിവയാണ് പുതിയ ജെൻഡർ പോളിസിയിലെ ശ്രദ്ധേയമായ നിർദ്ദേശങ്ങൾ. ഇത്തരം നിർദ്ദേശങ്ങളടങ്ങുന്ന ഒരു ജെൻഡർ പോളിസി കേരളത്തിലെ സർവകലാശാലയിൽ ആദ്യമാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന ജെൻഡർ പോളിസികൾക്ക് “SSUS Gender Inclusion and Diversity Policy, 2023” ഒരു മാതൃകയാവുമെന്ന കാര്യം തീർച്ചയാണ്.

അരികുവത്കരിക്കപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത്തരം പോളിസികൾ അവരുടെ ജീവിതങ്ങളെ ദൃശ്യതയിലേക്ക് എത്തിക്കാനുള്ള ഉപാധികളാണ്. അതുകൊണ്ടുതന്നെ ക്വിയർ മനുഷ്യരുടെ വിദ്യാഭ്യാസ ജീവിതത്തിൽ ഇത്തരം അഫെർമേറ്റീവ് പോളിസികൾ സുപ്രധാന പങ്കാണ് വഹിക്കാൻ പോകുന്നത്. മുന്നേ പറഞ്ഞ പോലെ അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുമ്പോൾ നേരിടുന്നത് പല തട്ടുകളിലുള്ള വിവേചനങ്ങളും പ്രശ്നങ്ങളുമാണ്. ഈ മനുഷ്യർക്ക് അക്കാദമിക്ക് മേഖലയെ എത്തിപ്പിടിക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് ജാതി, ക്ലാസ്, ജെന്റർ എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനങ്ങൾ നേരിടുന്ന മനുഷ്യർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് എനിക്ക് ഗവേഷണം നിർത്തി പി.എച്ച്.ഡി ഡിസ്കൺഡിന്യൂ ചെയ്യേണ്ട അവസ്ഥ വന്നത്. എന്റെ നാട്ടിൽ ഞാൻ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് ആദ്യമായാണ് ഒരു പി.എച്ച്.ഡി എൻറോളർ ഉണ്ടാവുന്നത്.

ശ്രീവാസ്

എന്നാൽ അരികുവത്കരിപ്പെട്ട സമൂഹത്തിലെ വിദ്യാർത്ഥികൾ അക്കാദമിക്ക് സ്ഥാപനങ്ങളിൽ നിന്ന് സാഹചര്യങ്ങൾ കാരണം കൊഴിഞ്ഞുപോകുന്നത് (പുറം തള്ളപ്പെടുന്നത്) നിഷ്കളങ്കമായ ഒരു പ്രക്രിയയല്ല. ഇരുപതുകളുടെ അവസാനത്തിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾ നേരിടുന്ന വലിയ പ്രശ്നങ്ങൾ കൃത്യ സമയത്ത് ലഭിക്കാത്ത ഫെല്ലോഷിപ്പ്, തൊഴിലില്ലായ്മ, കടബാധ്യത തുടങ്ങിയവയാണ്. നിലവിലെ പുതുക്കിയ വിദ്യാഭ്യാസ നയം ഗവേഷണാനന്തരം കൂടുതൽ തൊഴിലില്ലായ്മയുടെ പ്രശ്നത്തിലേക്കാണ് ഒരു ഗവേഷക വിദ്യാർത്ഥിയെ എത്തിക്കുക. കാലടി സർവകലാശാലയിൽ നിന്ന് ലഭിച്ച ഓർഡർ പ്രകാരം പി.എച്ച്.ഡി രജിസ്ട്രേഷൻ ക്യാൻസൽ ചെയ്ത് ഡിസ്കണ്ടിന്യൂ ചെയ്യുന്ന വ്യക്തിക്ക് പിന്നീട് സർവകലാശാലയിൽ അഡ്മിഷന് യോഗ്യത നഷ്ടപ്പെടും. പുറത്താക്കപ്പെടുന്ന ഈ സാഹചര്യം ക്വിയർ, ദലിത്, ആദിവാസി, ഡിസേബ്ൾഡ് വ്യക്തികളെ അക്കാദമിക്ക് സമൂഹത്തിൽ നിന്ന് പുറം തള്ളുക എന്ന ആശയത്തിൽ അധിഷ്ഠിതമാണ്. ഈ സാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോൾ ജെൻഡർ പോളിസികൾ പോലെയുള്ള അഫെർമേറ്റീവായ പോളിസികൾ അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളെ ദൃശ്യതയിലേക്ക് എത്തിക്കാൻ സഹായിക്കുന്നവയാണ്. നിരന്തരമുള്ള ചർച്ചകളും പുനരാലോചനകളും പുതുക്കലുകളും ഈ പോളിസികളിന്മേൽ ഉണ്ടാവേണ്ടതും അനിവാര്യമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read