പഠനം മുടക്കുന്ന സർക്കാർ, സമരം തുടരുന്ന വിദ്യാർത്ഥികൾ

ഗ്രാന്റുകളും സ്കോളർഷിപ്പുകളും മുടങ്ങിയതിനെ തുടർന്ന് ആദിവാസി-ദലിത് വിഭാഗത്തിൽപ്പെടുന്ന നൂറിലേറെ യു.ജി/പി.ജി വിദ്യാർഥികൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ പഠനം അവസാനിപ്പിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ ഏറെ ഭീതിപ്പെടുത്തുന്നതാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇറക്കിയ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻ ഫീ, വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസ്, പരീക്ഷാ ഫീ എന്നിവയെല്ലാം ചേർത്ത് വർഷാവസാനം നൽകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും അത് നൽകിയിട്ടില്ല. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലുമായി പഠിക്കുന്ന നിരവധി എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളാണ് ഈ അനാസ്ഥ കാരണം ദുരിതത്തിലായിരിക്കുന്നത്. പുതിയ വിജ്ഞാപനമനുസരിച്ച് പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായ തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 40 ശതമാനം വിഹിതം വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ ശേഷമേ കേന്ദ്ര സർക്കാരിന്റെ 60 ശതമാനം വിഹിതം ബാങ്ക് അക്കൗണ്ടുകളിൽ എത്തുകയുള്ളൂ. എന്നാൽ ഫണ്ടില്ല എന്ന പേരിൽ രണ്ട് വർഷമായി ഈ തുക സംസ്ഥാന സർക്കാർ നൽകാത്തതാണ് ഗ്രാന്റ് മുടങ്ങാൻ കാരണമായിത്തീർന്നത്. ഇ-ഗ്രാന്റ് മുടങ്ങുന്നതിനെതിരെ എസ്.സി/എസ്.ടി വിദ്യാർത്ഥികൾ നിരന്തരം പ്രതിഷേധിച്ചിട്ടും പരിഹാരം കാണാൻ സർക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

എന്താണ് ഇ – ഗ്രാന്റ്

പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി ലഭ്യമാക്കുന്ന സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ്‌-മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍. കേരളത്തിലെ എസ്.സി/എസ്.ടി, ഒബിസി വിദ്യാർത്ഥികൾക്ക് അർഹമായ പ്രീ-മെട്രിക് പോസ്റ്റ്‌-മെട്രിക് സ്കോളർഷിപ്പുകൾ നൽകുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് ഇ-ഗ്രാന്റ്സ്. 2009 മുതൽ സംസ്ഥാനത്തെ എല്ലാ സ്കോളർഷിപ്പും നൽകിയത് ഇ-ഗ്രാന്റ്സ് വഴി ആണ്. എസ്.സി/എസ്.ടി ഡയറക്ടറേറ്റ് ഓഫീസിലെ കണക്ക് പ്രകാരം 1.4 ലക്ഷത്തോളം എസ്.സി വിദ്യാർത്ഥികളും 15,000 എസ്.ടി വിദ്യാർത്ഥികളും 2022-23 വർഷത്തെ ഇ-ഗ്രാൻഡ്‌സിനായി എൻറോൾ ചെയ്തിട്ടുണ്ട്. പല സ്ഥാപനങ്ങളും ഈ തുക കൈപ്പറ്റാനുള്ള അവസരം നഷ്ടപ്പെടുത്താറാണ് പതിവ്. അതുമല്ലെങ്കിൽ ഒരു വിദ്യാർത്ഥി അവരെ സമീപിക്കുമ്പോൾ അല്ലെങ്കിൽ അവരുടെ പഠനം കഴിയുമ്പോഴാണ് മിക്ക സ്ഥാപനങ്ങളും ഇതിന് പിന്നാലെ പോകാൻ തയ്യാറാവുന്നത്. വിദ്യാർത്ഥികൾ കോഴ്സ് കഴിഞ്ഞ് പോയതിന് ശേഷം മാസങ്ങളോളം ഗ്രാന്റുകൾക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. കോളേജുകൾക്ക് ട്യൂഷൻ ഫീസ് ലഭിക്കാൻ കോടതികളെ സമീപിക്കേണ്ടി വരുന്നു. സർക്കാരുകൾ വാഗ്ദാനം ചെയ്ത ഫ്രീഷിപ്പ് കാർഡ് നൽകാത്തതിനാൽ പ്രവേശനം നേടുമ്പോൾ മുൻകൂർ ഫീസ് അടയ്ക്കാൻ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്തുന്നു. സമയബന്ധിതമായി ഫീസടക്കാൻ സാധിക്കാതെ വരുമ്പോൾ മാർക്ക് ലിസ്റ്റുകൾ, ഹാൾ ടിക്കറ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ സൗകര്യം എന്നിവ നിഷേധിക്കപ്പെടുന്നത് വഴി പഠനം അവസാനിപ്പിക്കാനും നിർബന്ധിതരായവർ നിരവധി പേരാണ്.

എങ്ങനെയാണ് ഇ-ഗ്രാന്റ്സ് പ്രവർത്തിക്കുന്നത് ?

ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആദ്യം അവരുടെ അടിസ്ഥാന വിവരങ്ങളായ പേര്, വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ഇത് ഏതൊരു അക്ഷയ ഇ-സെന്ററിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും പൊതുസേവന കേന്ദ്രം വഴിയോ ചെയ്യാവുന്നതാണ്. ഒറ്റ തവണ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഓരോ വിദ്യാർത്ഥിയെയും തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇതിന് ശേഷം പഠന കാലയളവിലെ ഏതൊരു ആവശ്യവും ഈ സേവനം വഴി ലഭിക്കുന്നതാണ്. ഇത് വഴിയുള്ള സാമ്പത്തിക സഹായം വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതാണ്. ഈ സ്കോളർഷിപ്പിന് രണ്ട് ഘടകങ്ങൾ ആണുള്ളത്: ട്യൂഷൻ ഫീസും എക്സാം ഫീസും. ഇവ രണ്ടും നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് പോവുന്നത്. വിദ്യാർത്ഥിക്ക് ആവശ്യമായ ലംപ്സം ഗ്രാന്റ്, ഹോസ്റ്റൽ ഫീ, പോക്കറ്റ് മണി എന്നിവ നേരിട്ട് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ അലവൻസ് വളരെ അധികം കുറവാണ്. മിക്ക കോളേജുകളിലും പ്രൈവറ്റ് ഹോസ്റ്റലുകൾ 6,500 രൂപ മുതൽ 8,000 രൂപ വരെ വാങ്ങുന്നുണ്ട്. സർക്കാർ നൽകുന്ന ഹോസ്റ്റൽ ഫീസിനു പുറമെ സ്വന്തം കയ്യിൽ നിന്നും ബാക്കി പൈസ കണ്ടെത്തേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. ഓരോ വർഷവും ശരാശരി 1.5 ലക്ഷം എസ്.സി വിദ്യാർത്ഥികൾ ആണ് ഇ-ഗ്രാന്റ്സ് വഴി രജിസ്റ്റർ ചെയ്യുന്നത്. ഇവരുടെ സ്കോളർഷിപ്പിനായി 280 കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. എസ്.ടി വിദ്യാർത്ഥികളുടെ കാര്യത്തിൽ, ഏകദേശം 18,000-19,000 വിദ്യാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്യുന്നത്. ഇവർക്കായി മാറ്റി വച്ച തുക 35 കോടി ആണ്.

കടമെടുത്തും ജോലി ചെയ്‌തും ഗവേഷണം

പട്ടിക വിഭാഗത്തില്‍പ്പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 23,250 രൂപയാണ് ഫെല്ലോഷിപ്പ് തുകയായി പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ നല്‍കേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി നിരവധി വിദ്യാർത്ഥികളാണ് ഫെലോഷിപ്പ് തുക ലഭിക്കാതെ കഷ്ടപ്പെടുന്നത്. ഫെലോഷിപ്പ് വഴി ലഭിക്കുന്ന തുകയിലൂടെ ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും, പഠനകാലത്തെ ചിലവുകളും കണ്ടെത്തേണ്ട ഇവർ വലിയ തുക കടം വാങ്ങിയും പാർട്ട്‌ടൈം ജോലി ചെയ്തുമാണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഫെലോഷിപ്പ് മുടങ്ങി ബുദ്ധിമുട്ടിലായ ഗവേഷകരിൽ ഒരാളാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ജേർണലിസം വിഭാഗത്തിൽ ഗവേഷകയായ ശ്രുതി സി.ആർ.

“ഗവേഷണ കാലഘട്ടം എന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരിക്കും. പഠന ചിലവുകൾക്ക് വീട്ടുകാരെ ആശ്രയിക്കാനോ എന്നാൽ സ്വയം ഒരു തൊഴിൽ ചെയ്യുവാനോ സാധിക്കാത്ത ഒരു പ്രായം ആണത്. നിരവധി ഗവേഷക വിദ്യാർത്ഥികൾക്ക് യൂണിവേഴ്സ്റ്റികളിൽ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ അവർക്ക് വാടക വീടുകളിലോ പ്രൈവറ്റ് ഹോസ്റ്റലുകളിലോ താമസിക്കേണ്ടി വരും. അതിനുള്ള പണം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ പാർട്ട്‌ ടൈം ജോലി ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്. കേരളത്തിന് പുറത്തുള്ള സെമിനാറുകൾക്കോ സർവ്വേകൾക്കോ പോവാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ പോവാൻ കഴിയാത്ത അവസ്ഥ. വില കൂടുതലായതിനാൽ റഫർ ചെയ്യേണ്ട പുസ്തകങ്ങൾ വാങ്ങിക്കാൻ കഴിയാതെ കയ്യിലുള്ള കുറച്ച് മെറ്റീരിയൽസ് ഉപയോഗപ്പെടുത്തി ഗവേഷണം ചെയ്യേണ്ടി വരുന്നു. ഇപ്പോഴും കടം വാങ്ങിയാണ് പഠനാവശ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്, അത് തിരിച്ചു നൽകാൻ പറ്റാതാവുമ്പോൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളോടൊപ്പമാണ് ഗവേഷണം നടക്കുന്നത്.“ പാർട്ട്‌ടൈം ജോലി മുഖ്യവും ഗവേഷണം രണ്ടാമതുമായി മാറുന്ന അവസ്ഥ ശ്രുതി വിശദമാക്കി.

ശ്രുതി സി.ആർ

ഗ്രാന്റിനെ മാത്രം ആശ്രയിച്ച് പഠനം തുടരുന്നവർ

ഇ-ഗ്രാന്റ്സ് ഉള്ളത് കൊണ്ട് മാത്രം പഠനം തുടരുന്ന നിരവധി വിദ്യാർത്ഥികൾ ഇനി തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്. കേരള യൂണിവേഴ്സിറ്റിയിൽ എം.ബി.എ പഠിക്കുന്ന മൃദുൽ പി ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. “ഞാൻ സി.എം.എ ചെയ്യണം എന്നാഗ്രഹമുള്ള വിദ്യാർത്ഥി ആയിരുന്നു. അതിന്റെ കോച്ചിംഗിനും മറ്റും ധാരാളം പണം വേണ്ടതിനാൽ വീട്ടിൽ നിന്ന് പഠിച്ചു. പഠനം തുടരാൻ ബുദ്ധിമുട്ടായപ്പോൾ ഡിഗ്രിക്ക് ചേരാം എന്ന തീരുമാനത്തിലെത്തി. പഠനം തുടരാനുളള തീരുമാനം എടുത്തത് തന്നെ ഇത്തരം സ്കോളർഷിപ്പുകൾ ഉണ്ട് എന്നതിനാലാണ്. പ്ലസ്ടു വരെ പഠിക്കാൻ മുൻപന്തിയിലായതിനാൽ എനിക്ക് ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ് കൂടെ ഉണ്ടായിരുന്നു. അതിൽ നിന്നാണ് ഫുഡ്‌, യാത്ര, സ്റ്റഡി മെറ്റീരിയൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പണം കണ്ടെത്തിയത്. കൂടാതെ ആ സമയത്ത് പാർട്ട്‌ടൈം ജോലികളും ചെയ്തിരുന്നു. ഡിഗ്രിക്ക് ശേഷം സെൻട്രൽ യൂണിവേഴ്സിറ്റി സ്വപ്‌നങ്ങൾ എല്ലാം മാറ്റി വെച്ച് കേരളത്തിൽ പഠിക്കാൻ തീരുമാനിച്ചത് ഇത്തരം ഗ്രാന്റുകളും സ്കോളർഷിപ്പുകളും നഷ്ടപ്പെടാതിരിക്കാനാണ്. ഈ പ്രായത്തിൽ വീട്ടുകാരെ ആശ്രയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായത്തിനാൽ പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോലികളും ചെയ്യുന്നു. പ്രൊജക്റ്റ്‌ ടൈമിൽ പ്രിന്റ് എടുക്കാനും സ്റ്റഡി മെറ്റീരിയൽ വാങ്ങാനും ധാരാളം പണം ആവശ്യമാണ്. ഗ്രാന്റ് വൈകുന്നത് പിജി സർട്ടിഫിക്കറ്റ് കിട്ടാനുള്ള സമയവും വൈകിപ്പിക്കും.” ഭാവിയെക്കുറിച്ചുള്ള ആശങ്ക മൃദുൽ പങ്കുവച്ചു.

മൃദുൽ പി

ഹോസ്റ്റലില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ

പോസ്റ്റ് മെട്രിക് കോഴ്‌സ് പഠിക്കുന്നവർക്കായി 19 ഹോസ്റ്റലുകൾ എസ്.സി/എസ്.ടി വകുപ്പ് നേരിട്ട് നടത്തുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ 1980-ന് ശേഷം കേരളത്തിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിർമ്മിക്കുന്നില്ലെന്നാണ് ഇ-ഗ്രാന്റ്സ് സംരക്ഷണ സമിതി പറയുന്നത്. ആദിവാസി മേഖലകളിൽ നിന്നും നഗരങ്ങളിൽ വന്ന് പഠിക്കുന്ന വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ അനുഭവിക്കുന്ന പ്രയാസം ഗുരുതരമാണ്. ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ പഠനാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആദിശക്തി സമ്മർ സ്കൂൾ ആക്ടിങ് പ്രസിഡന്റ് മണികണ്ഠൻ അത് വിശദമാക്കുന്നു. “എറണാകുളം, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളിൽ നിൽക്കുകയല്ലാതെ മറ്റ് മാർഗമില്ല. അവിടെ കാര്യക്ഷമമായ ഹോസ്റ്റൽ സൗകര്യം പോലുമില്ല. ഹോസ്റ്റൽ ഫീസ് 6000 മുതൽ 7000 രൂപ വരെയാണ് വരുന്നത്. സർക്കാർ, കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് പ്രതിമാസം 3500 രൂപയും, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.ടി വിഭാഗക്കാർക്ക് 3000 രൂപയും, എസ്.സി വിദ്യാർത്ഥികൾക്ക് 1500 രൂപയുമാണ് ഹോസ്റ്റൽ ഫീ ഇനത്തിൽ സർക്കാർ ഇപ്പോൾ വകയിരുത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കേണ്ട തുക ഇപ്പോഴും വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല.”

സി മണികണ്ഠൻ

ഒരുപാട് സ്വപ്നങ്ങളുമായി ഗവേഷണം ചെയ്യാൻ വന്ന വിദ്യാർഥിയാണ് പി.ആർ രാഹുൽ. തിരുവനന്തപുരം എം.ജി കോളജിൽ കോമേഴ്‌സ് വിഭാഗത്തിൽ ഗവേഷണം തുടരുന്ന രാഹുൽ തന്റെ ദയനീയാവസ്ഥ വിശദീകരിച്ചു. “പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിൽ ഗവേഷക വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്തതിനാൽ ഒരുപാട് കഷ്ടപ്പെട്ടു. ചെയ്തുകൊണ്ടിരുന്ന ജോലി കളഞ്ഞാണ് ഞാൻ പി.എച്ച്.ഡിക്ക് ചേർന്നത്. അതിനാൽ തന്നെ പ്രൈവറ്റ് ഹോസ്റ്റലിൽ നിൽക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അവസാനം മന്ത്രിയെ കണ്ട് ഒരുപാട് സംസാരിച്ചിട്ടാണ് തനിക്ക് ഹോസ്റ്റൽ ലഭിച്ചത്.” കഴിഞ്ഞ അക്കാദമിക വർഷം വരെ ഗവേഷകർക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിക്കാനുള്ള സൗകര്യം നൽകിയിരുന്നു. എന്നാൽ ഈ വർഷം മുതൽ ഗവേഷകർക്ക് ഈ സൗകര്യം നൽകാൻ കഴിയില്ല എന്ന് ഡിപ്പാർട്മെന്റിൽ നിന്നും പറഞ്ഞതായും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ പി.ആർ

ഫീസിന്റെ പേരിൽ ജാതി അധിക്ഷേപം

ഇ-ഗ്രാന്റ് ലഭിക്കാത്ത പ്രതിസന്ധിക്ക് പിന്നാലെ ജാതി അധിക്ഷേപവും നേരിട്ടിരിക്കുകയാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ. ഇ-ഗ്രാന്റ് മുടങ്ങിയതിനെ തുടർന്ന് ആറ് ദിവസത്തോളമായി ഇവർ സമരരംഗത്തായിരുന്നു. രണ്ടര വർഷത്തോളമായി ഇ-ഗ്രാന്റ് മുടങ്ങിയതിനാൽ സ്വന്തം കയ്യിലുള്ള പണം എടുത്തായിരുന്നു ഇവർ മെസ്സ് ഫീസും പരീക്ഷ ഫീസുമെല്ലാം അടച്ചിരുന്നത്. ഒരു മാസത്തെ ഫീസ് അടക്കാൻ വൈകിയതിനാൽ ഭക്ഷണം കഴിക്കാൻ ചെന്ന ആദിവാസി വിദ്യാർത്ഥിയായ ശ്രീജിത്തിനെ അധികൃതർ ഫീസ് ചോദിച്ച് അപമാനിച്ചു. ഇ-ഗ്രാന്റ് വരുമ്പോൾ ഫീസ് അടക്കാമെന്ന് പറഞ്ഞപ്പോൾ, ഗ്രാന്റ് കിട്ടുന്നത് നിങ്ങൾ കയ്യിൽ വെച്ചോ ഫീസ് ഇപ്പോൾ തരണമെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ നാണം കെടുത്തുന്ന തരത്തിൽ പെരുമാറിയെന്നും ശ്രീജിത്ത്‌ പറഞ്ഞു. “എസ്.സി – എസ്.ടി വിദ്യാർഥികളോട് ഫീസടക്കമുള്ള കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്നതാണ് രീതി. ഇത്തരം നിർദേശങ്ങൾ നിലനിൽക്കെ തന്നെയാണ് ലേഡീസ് ഹോസ്റ്റലിന്റെ മേട്രനും മെസിന്റെ നടത്തിപ്പുകാരിയുമായ അധ്യാപിക മെസ് ഫീസടക്കാത്തതിന് ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ച് അപമാനിച്ചത്. രണ്ട് വർഷമായി ഇ-ഗ്രാന്റ് മുടങ്ങി കിടക്കുന്ന സാഹര്യത്തിലാണ് ഇത് നടക്കുന്നതെന്നോർക്കണം. അവരുടെ രീതികളെ ചോദ്യം ചെയ്യുമ്പോൾ ആദിവാസികളാണോ എന്നറിഞ്ഞിട്ടല്ല ഫീസ് ചോദിക്കുന്നതെന്നാണ് പറയുന്നത്. പക്ഷേ കൃത്യമായ ലിസ്റ്റ് അവരുടെ കയ്യിലുണ്ട് എന്നതാണ് സത്യം. പ്രതികരിക്കുന്ന വിദ്യാർഥികളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ്. അതിനാൽ, അധിക്ഷേപം നേരിടുന്ന പുതിയ വിദ്യാർത്ഥികൾക്ക് പ്രതികരിക്കാൻ തന്നെ ഭയമാണ്. വയനാട് സ്വദേശിയായ എന്റെ കമ്മ്യൂണിറ്റിയിൽ നിന്നും ആകെ പഠിക്കാൻ വരുന്നത് ഞാനും എന്റെ സഹോദരിയും ആണ്. തങ്ങൾ പഠിക്കുന്നത് കണ്ടിട്ട് ഒരാൾ അവിടെ നിന്ന് പഠിക്കാൻ വന്നാൽ അതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. അപ്പോൾ ഇത് പോലുള്ള അവസ്ഥകൾ കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നാൽ ഇല്ലാതാകുന്നത് ഒരു കമ്മ്യൂണിറ്റിയുടെ മുഴുവൻ സ്വപ്നമാണ്. അതിനാൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുക എന്നത് അത്യന്താപേക്ഷികമാണ്.” ശ്രീജിത്ത് കേരളീയത്തോട് പറ‍ഞ്ഞു.

ശ്രീജിത്ത് സി.ബി

ക്യാമ്പസിൽ ഇത് ആദ്യ സംഭവമല്ല എന്നതിനാൽ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ദലിത്‌ ആദിവാസി വിദ്യാർത്ഥികൾ ചേർന്ന് അസുർ ആക്ട് എന്ന ഒരു തിയേറ്റർ മൂവ്മെന്റിന് രൂപം നൽകി. വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിച്ച ലേഡീസ് ഹോസ്റ്റൽ മേട്രനേയും ഹോസ്റ്റൽ വാർഡനെയും അവരുടെ ചുമതലകളിൽ നിന്നും പുറത്താക്കുക, വാർഡനും മേട്രനും പരസ്യമായി വിദ്യാർത്ഥികളോട് മാപ്പു പറയുക, സ്കൂൾ ഓഫ് ഡ്രാമ ഫൈൻ ആർട്സിൽ കാലാകാലങ്ങളായി എസ്.ടി സീറ്റുകൾ യൂണിവേഴ്സിറ്റിയുടെ സർക്കുലർ പ്രകാരമല്ലാതെ പരിവർത്തനം ചെയ്യുന്നത് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നൽകിയ പരാതിയിന്മേൽ അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ അസുർ ആക്ട് ആ​ഗസ്ത് 6 മുതൽ 11 വരെ അനിശ്ചിതകാലത്തേക്ക് സമരം നടത്തി. ആറ് ദിവസത്തോളമായി പഠിപ്പു മുടക്കി പ്രതിക്ഷേധിച്ച അസുർ ആക്ടിന്റെ സമരം വിജയിച്ചു. ആദിവാസി-ദലിത്‌ വിദ്യാർത്ഥികളോട് ജാതിയധിഷേപം നടത്തിയ ഹോസ്റ്റൽ വാർഡനും മേട്രനും സ്ഥാനങ്ങൾ ഒഴിയേണ്ടിവന്നു.

അസുർ ആക്ട് നടത്തിയ സമരത്തിൽ നിന്ന്.

ആദിശക്തി സമ്മർ സ്കൂളിന്റെ ഇടപെടലുകൾ

ആദിവാസി-ദലിത്‌ പിന്നാക്ക വിഭാഗങ്ങളുടെ ഫെലോഷിപ്പ് കാലോചിതമായി പരിഷ്കരിക്കാനും സമയബന്ധിതമായി കൊടുത്ത് തീർക്കാനും ആവശ്യപ്പെട്ടുകൊണ്ട് ആദിശക്തി സമ്മർ സ്കൂൾ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 2023 ഒക്ടോബർ മാസത്തിൽ ധർണ്ണയും, ധനകാര്യവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് വിദ്യാഭ്യാസ അവകാശ യാത്രയും നടത്തി. ഇ-ഗ്രാന്റ്സ് വിതരണത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഗവേഷകരുടെ കൂട്ടായ്മ 2023 ഒക്ടോബർ 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ ‘പൈക്കിഞ്ചന’ എന്ന പേരിൽ സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരങ്ങളിലൂടെ പഠന സഹായം മുടങ്ങുന്ന പ്രശ്നം പലപ്പോഴായി അധികാരികളുടെ മുന്നിലെത്തിയിട്ടും തീരുമാനങ്ങളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ 2024 ജൂലൈ 27ന് സെക്രട്ടറിയേറ്റ് ധർണയും രാജ്ഭവൻ മാർച്ചും നടത്തിയത്. 2023-2024 കാലയളവിൽ ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത്തെ സമരമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) മാർഗനിർദ്ദേശങ്ങൾ പിൻതു‌ടർന്നുള്ള നാല് വർഷ ബിരുദ പദ്ധതിയടക്കമുള്ള പരിഷ്ക്കാരങ്ങളിലൂടെ വിദ്യാഭ്യാസ അവകാശ ലംഘനം നടത്തുകയാണ് ഇരു സർക്കാരുകളുമെന്ന് ആദിശക്തി സമ്മ‌ർ സ്കൂൾ പ്രവർത്തകർ പറയുന്നു.

ആദിശക്തി സമ്മർ സ്കൂൾ നടത്തിയ രാജ്ഭവൻ മാർച്ച്.

വിദ്യാഭ്യാസ ഗ്രാന്റുകളുടെ വിതരണത്തിന്റെ പരിഷ്ക്കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ 2021 ലെ ഗൈഡ് ലൈനിൽ (P.M.S.S.) എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന വാർഷികവരുമാന പരിധി 2.5 ലക്ഷം രൂപയാണ്. ദരിദ്രർക്ക് മുൻഗണന നൽകി കൂടുതൽ പേരെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ജീവിത നിലവാരം മെച്ചപ്പെടുന്നവർ ഭരണഘടന പരിരക്ഷയിൽ നിന്നും പിന്നീട് ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര ഗൈഡ് ലൈൻ അനുസരിച്ച് വർഷത്തിൽ നാലുതവണയായി ഗ്രാന്റുകൾ നൽകാനാണ് തീരുമാനം. സംസ്ഥാന വിഹിതം വർഷത്തിൽ നാലുതവണ ഇ-ഗ്രാന്റ് പോർട്ടലിൽ നിക്ഷേപിക്കാനുള്ള ഒരു ടൈംലൈൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ 2023 ജനുവരി 5ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ വർഷത്തിൽ ഒറ്റത്തവണയായി ഗ്രാന്റുകൾ നൽകിയാൽ മതി എന്നാക്കി മാറ്റി. ബജറ്റിൽ കൃത്യമായ തുക വകയിരുത്തിയിട്ടും കേന്ദ്രം നിർദ്ദേശിച്ച സമയപരിധി പാലിച്ച് സംസ്ഥാനം ഈ തുക കൃത്യസമയത്ത് ഇ-ഗ്രാന്റ് പോർട്ടലിൽ നിക്ഷേപിക്കാത്തതുകൊണ്ടാണ് രണ്ട് വർഷത്തിലേറെയായി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റുകൾ ലഭ്യമാകാത്തത്. ഇ-ഗ്രാന്റ് പോർട്ടലുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വിദഗ്ധ സ്റ്റാഫുകളുടെ അഭാവവും വകുപ്പിലുണ്ട്.

വാർഷിക ബഡ്ജറ്റിൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ കൃത്യമായി ഒരു തുക വകയിരുത്തുന്നുണ്ട്. എന്നാൽ ഇ-ഗ്രാന്റ് തുകകൾ സമയോചിതമായി വിദ്യാർത്ഥികൾക്ക് നൽകാൻ എസ്.സി/എസ്.ടി വകുപ്പും ധനകാര്യവകുപ്പും തയ്യാറാകുന്നില്ല. വകയിരുത്തുന്ന തുകകൾ മറ്റാവശ്യങ്ങൾക്കായി മാറ്റുന്നുവെന്ന ആരോപണങ്ങളുമുയരുന്നുണ്ട്. മന്ത്രിമാരുടെയും സ്റ്റാഫിന്റെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നൽകുകയും കുടിശിക ലഭിക്കേണ്ടവരുടെ ലിസ്റ്റിൽ പോലും എസ്.സി/എസ്.ടി വിഭാഗക്കാരെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെയാണ് ആദിശക്തി സമ്മർ സ്കൂൾ ശബ്ദമുയർത്തുന്നത്.

ആദിശക്തി സമ്മർ സ്കൂൾ നടത്തിയ രാജ്ഭവൻ മാർച്ചിൽ നിന്ന്.

ഫ്രീഷിപ്പ് കാർഡ്

എസ്.സി/എസ്.ടി വിദ്യാർത്ഥികളിൽ സ്‌കോളർഷിപ്പിന് അർഹതയുള്ളവർക്ക് പ്രവേശന ഫീസ് നൽകാതെ തന്നെ കോളേജിൽ അഡ്മിഷനെടുക്കാവുന്ന സംവിധാനമുണ്ട്. ഫ്രീഷിപ്പ് കാർഡ് എന്നാണ് ഇതിനെ പറയുന്നത്. പക്ഷേ ഫ്രീഷിപ്പ് കാർഡുമായി ബന്ധപ്പെട്ട അവബോധം വിദ്യാർഥികൾക്ക് നൽകാത്തതുകൊണ്ടുതന്നെ ഇവരാരും ഇതിനെക്കുറിച്ച് അറിയുകയോ ഈ സംവിധാനം ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എസ്.സി/എസ്.ടി ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കുപോലും ഫ്രീഷിപ്പ് കാർഡിനെക്കുറിച്ച് വലിയ അറിവില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരം സ്‌കോളർഷിപ്പിന് അർഹരായവർക്ക് സംസ്ഥാന സർക്കാർ ഫ്രീഷിപ്പ് കാർഡ് അനുവദിക്കും. ഈ ഫ്രീഷിപ്പ് കാർഡ് അംഗീകരിച്ച് മുൻകൂർ ഫീസ് വാങ്ങാതെ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണം. ഫ്രീഷിപ്പ് കാർഡിനായി വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്‌സ് പോർട്ടൽ/സ്‌കോളർഷിപ്പ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഫ്രീഷിപ്പ് കാർഡ് ലഭിക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. അപേക്ഷിച്ച് 30 ദിവസത്തിനകം ഇ- ഗ്രാന്റ്‌സ് പോർട്ടൽ വഴി ഫ്രീഷിപ്പ് കാർഡ് ലഭിക്കും. ഇത് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾ നൽകുന്ന ഫ്രീഷിപ്പ് കാർഡ് അംഗീകരിച്ച് മുൻകൂർ ഫീസ് അടയ്ക്കാതെ തന്നെ സ്ഥാപനങ്ങൾ അഡ്മിഷൻ നൽകണമെന്നും വ്യവസ്ഥയുണ്ട്.

അറിവില്ലാത്ത ഉദ്യോഗസ്ഥരും കാര്യക്ഷമമല്ലാത്ത പോർട്ടലുകളും

ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ ചെന്നാൽ അതിനെ കുറിച്ച് യാതൊരു വിവരവും കൃത്യമായി നൽകാൻ സാധിക്കാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് സംസഥാനതലത്തിൽ ഉള്ളതെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. സംശയങ്ങൾ ചോദിക്കാൻ ഉള്ള ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ഫോൺ പോലും എടുക്കില്ലെന്നും പരാതിയുണ്ട്. “കഴിഞ്ഞ ആഴ്ചയിൽ കുറച്ച് വിദ്യാർത്ഥികൾക്ക് അവർക്ക് ലഭിക്കാനുള്ള പണം ഒന്നിച്ച് സ്റ്റുഡന്റ് അക്കൗണ്ടിൽ ആണ് വന്നത്. അത് എങ്ങനെ വിനിയോഗിക്കണമെന്ന് അവർക്ക് അറിയില്ല എന്ന് മാത്രമല്ല അത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനോ വ്യക്തമായ വിവരം നൽകാനോ ഒരു എക്സ്പേർട്ട് തിരുവനതപുരത്തെ ഡയറക്ടറേറ്റിൽ ഇല്ല.” ആദിശക്തി സമ്മർ സ്കൂൾ ആക്ടിങ് പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു. ഗവൺമെന്റ് കോളേജിലേക്കും ഓട്ടോണമസ് കോളേജുകളിലേക്കുമുള്ള തുക വ്യത്യസ്ഥമാണ് എന്നിരിക്കെ മുഴുവൻ തുകയും വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ വരുന്നത് അവരെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ-ഗ്രാന്റ്‌സുമായി ബന്ധപ്പെട്ട എല്ലാ വിനിമയങ്ങളും പോർട്ടലിലൂടെയാണ്. സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കേരള സർക്കാരിന്റെ ഇ-ഗ്രാന്റ് വെബ്‌സൈറ്റും കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലും തമ്മിൽ പൊരുത്തക്കേടുണ്ട്. അതിനാൽ പലർക്കും സകോളർഷിപ്പ് രജിസ്റ്റർ ചെയ്യാനാകുന്നില്ല. ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നുമില്ല. ഇരുപത് ശതമാനത്തോളം അപേക്ഷകളാണ് ഈ പോർട്ടലുകളിൽ മുടങ്ങിക്കിടക്കുന്നത്. ഇ-ഗ്രാന്റ്സ് വെബ്‌സൈറ്റ് ഒട്ടും ഉപയോഗപ്രദമായ രീതിയിലല്ല രൂപകല്പന ചെയ്തിരിക്കുന്നത്. സംശയങ്ങൾ ഉന്നയിക്കാനും പരിഹരിക്കാനും അതിൽ സംവിധാനമില്ല. വെബ്‌സൈറ്റ് സാങ്കേതികമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നുമില്ല. വെബ്‌സൈറ്റിലെ പ്രശ്‌നങ്ങൾ ഗ്രാന്റ് രജിസ്ട്രേഷനെ പ്രതികൂലമായി ബാധിക്കും. പല വിദ്യാർഥികൾക്കും ഗ്രാന്റ് അനുവദിച്ചെന്ന തെറ്റായ അലേർട്ടുകൾ വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പലരും ബാങ്കിൽ പോയി അന്വേഷിക്കുമ്പോഴാണ് ഗ്രാന്റ് വന്നിട്ടില്ലെന്ന് മനസ്സിലാകുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം നടത്തിയാലും അവർക്ക് വ്യക്തമായ മറുപടിയുണ്ടാകാറില്ല. ഈ വർഷം പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ഇതുവരെ പോർട്ടൽ ഓപ്പൺ ആയിട്ടില്ലെന്നും പരാതിയുണ്ട്.

സർക്കാർ ചെയ്യേണ്ടത്

ഇ-ഗ്രാന്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്നാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്, വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്ന് ഉത്തരവ് പറയുന്നു. പക്ഷേ ഇതെല്ലാം ഒരു വർഷത്തിൽ ഏറെയായി പിന്നിലാണ്. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനം നിലവിലില്ല. പട്ടികവർഗ്ഗ വകുപ്പിൽ ഇ-ഗ്രാന്റ്സ് കൈകാര്യം ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരായ സപ്പോർട്ടിംഗ് എഞ്ചിനീയർമാരെ പിരിച്ചുവിടുകയും ചെയ്തു. ഫലത്തിൽ ഇ-ഗ്രാന്റ്സ് സംവിധാനം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ധനപ്രതിസന്ധിയുടെ പേരിലാണ് ഇ-ഗ്രാന്റുകൾ വൈകുന്നതെന്നും എസ്.സി/എസ്.ടി വകുപ്പ് ഗ്രാന്റുകൾ വർദ്ധിപ്പിക്കാൻ നൽകിയ നിർദ്ദേശങ്ങൾ ധനകാര്യവകുപ്പ് പരിഗണിക്കുന്നില്ല എന്നുമാണ് കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ, വർഷാവർഷം ബജറ്റിൽ തുക വകയിരുത്തുമെങ്കിലും ധനപ്രതിസന്ധിയുടെ പേരിൽ ഇത് ചെലവഴിക്കാറില്ലെന്ന് ഇ-ഗ്രാന്റ് സംരക്ഷണസമിതി ആരോപിക്കുന്നു. എസ്.സി/എസ്.ടി വികസന ഫണ്ടിന്റെ മൃഗീയ ഭൂരിപക്ഷവും ഉപയോഗിക്കാറില്ല എന്നത് കാലങ്ങളായി തുടരുന്ന പ്രശ്നമാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് വേണ്ടി ചെലവഴിക്കേണ്ട കോർപ്പസ് ഫണ്ടിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് പലപ്പോഴും ചെലവാക്കുന്നത്.

വർഷത്തിൽ ഒരിക്കൽ ഗ്രാന്റുകൾ നൽകിയാൽ മതിയെന്ന ഉത്തരവിന്റെ ഭാഗം തിരുത്തപ്പെടേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്റുകളും പ്രതിമാസം ലഭിക്കാൻ പേയ്മെന്റ് സംവിധാനത്തിൽ മാറ്റം വരുത്തണം. ഹോസ്റ്റൽ അലവൻസുകളും മറ്റ് എല്ലാ അലവൻസുകളും ഗ്രാന്റുകളും കാലാനുസൃതവും യഥാർത്ഥ ബോർഡിംഗ്/ലോഡ്ജിംഗ് ചെലവിനനുസരിച്ച് വർദ്ധിപ്പിക്കണം. ട്യൂഷൻ ഫീ നൽകാൻ പ്രത്യേക പേയ്മെന്റ് രീതി ഉണ്ടാക്കണം. പുതിയ ആവശ്യങ്ങൾ കണക്കിലെടുത്ത് അലവൻസുകളും ഗ്രാന്റുകളും പ്രാബല്യത്തിൽ കൊണ്ടുവരണം (ലാപ്ടോപ്പ്, ഡാറ്റാ ചാർജ്, യൂണിഫോം അലവൻസ്, പ്രീ അഡ്മിഷൻ സപ്പോർട്ട് സിസ്റ്റം, ഇന്റേൺഷിപ്പ് ഫീസ്, ആഡ് ഓൺ കോഴ്സസ് ഫീസ്, പ്ലേസ്മെന്റ്സെൽ ഫീസ്, മറ്റു ന്യൂജനറേഷൻ കോഴ്സുകൾക്ക് ആവശ്യമായ തുക). ഗവേഷണ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകകൾ വർദ്ധിപ്പിച്ച് പ്രതിമാസം നൽകണം. ഇ-ഗ്രാൻഡുകൾ നൽകുന്നതിന് രണ്ടരലക്ഷം വരുമാനപരിധി നീക്കം ചെയ്യണം. ബിരുദ-ബിരുദാനന്തര പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് വർഷാരംഭത്തിൽ ധനസഹായം നൽകുകയും എല്ലാ ജില്ലകളിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുടങ്ങുന്നതിനോടൊപ്പം ട്രാൻസ്ജെൻഡർ കുട്ടികൾക്ക് പ്രത്യേക താമസസൗകര്യവും സാമ്പത്തിക സഹായവും ഏർപ്പെടുത്തണം എന്നിവയാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന അടിയന്തിര ആവശ്യങ്ങൾ.

സെക്രട്ടറിയേറ്റ് ധർണ്ണയിൽ നിന്ന്.

ആദിവാസി-ദലിത് വിഭാഗങ്ങളിൽ നിന്ന് വരുന്ന മിക്ക വിദ്യാർത്ഥികളും അവരുടെ കുടുംബത്തിലെ ആദ്യ തലമുറ വിദ്യാർത്ഥികളാണ്. അതിനാൽത്തന്നെ ഈ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കേണ്ടത് സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തമാണ്. നിയമാനുസൃതമായ ഫെലോഷിപ്പുകളും ഗ്രാന്റുകളും യഥാസമയം കൊടുക്കാതിരിക്കുക വഴി ദുർബല വിഭാഗങ്ങൾ വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന സാഹചര്യം സൃഷടിക്കപ്പെടരുത് എന്നാണ് ആദിവാസി-ദലിത് വിദ്യാർത്ഥികൾ നാളുകളായി സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. ഒരുവശത്ത് ഇ.ഡബ്യു.എസ് വഴി സവര്‍ണ സംവരണം നടപ്പാക്കുകയും മറുവശത്ത് ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ പഠനം മുടക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയും ഇവർ ചോദ്യം ചെയ്യുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 21, 2024 12:04 pm