Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ദലിത്-ആദിവാസി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച്, കൂടുതൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ഉപസംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഇ.വി ചിന്നയ്യ VS സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധി തിരുത്തി 2024 ആഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് പട്ടികജാതി വിഭാഗങ്ങൾക്ക് ഉപസംവരണം ഏർപ്പെടുത്താമെന്ന പുതിയ വിധി പുറപ്പെടുവിക്കുന്നത്. ഉപവർഗീകരണ വിധിയെ തുടർന്ന് സംവരണത്തെ കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ കുറിച്ചും വലിയ സംവാദമണ്ഡലം രൂപപ്പെട്ടിരിക്കുകയാണ്. ഉപവർഗീകരണ വിഷയത്തിൽ സുപ്രീംകോടതിയല്ല, ഡോ. അംബേദ്കറാണ് ശരിയെന്ന് വിശദീകരിക്കുകയാണ് മുൻ യു.ജി.സി ചെയർമാനും ജെ.എൻ.യുവിലെ എമിരിറ്റസ് പ്രൊഫസറും അംബേദ്കറൈറ്റുമായ ഡോ. സുഖ്ദേവ് തോറാട്ട്. ഡോ. പി.വി അനിൽകുമാർ, എം. ഗീതാനന്ദൻ എന്നിവരുമായി നടത്തിയ സംഭാഷണം.
ഡോ. അനിൽകുമാർ പി.വി : വിശാലമായ മാനമുള്ള ഒരു ചോദ്യത്തോടെ തുടങ്ങാം, 1949 നവംബർ 25-ന് ഭരണഘടനാസഭയിലെ അവസാന പ്രസംഗത്തിൽ അംബേദ്കർ പുതുതായി സൃഷ്ടിക്കപ്പെട്ട ഇന്ത്യൻ റിപ്പബ്ലിക്ക് പ്രവേശിക്കുന്ന ഒരു വൈരുദ്ധ്യാവസ്ഥയെ പരാമർശിച്ച് സംസാരിക്കുന്നുണ്ട്. ഒരു വശത്ത്, ഔപചാരിക സമത്വവും രാഷ്ട്രീയ സമത്വവും വാഗ്‌ദാനം ചെയ്യുന്ന ഒരു ഭരണഘടന നമുക്കുണ്ട്. മറുവശത്ത്, നമ്മുടെ സമൂഹം ചരിത്രപരമായി ജാതി അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടതാണ്. ഏറ്റവും ക്രൂരമായ രൂപത്തിൽ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ നിലനിൽക്കുന്നൊരു സമൂഹമാണിത്. ഭരണഘടനയെ കുറിച്ച് എന്താണ് താങ്കളുടെ കാഴ്ച്ചപ്പാട്? നമ്മുടെ റിപ്പബ്ലിക്കിന്റെ ആരംഭത്തിൽ അബേദ്ക്കർ ചൂണ്ടിക്കാട്ടിയ ഈ പരസ്പരവിരുദ്ധതയെ സംബോധന ചെയ്യുന്നതിൽ ഭരണഘടന പരാജയപ്പെട്ടോ? അല്ലെങ്കിൽ ഈ വിരുദ്ധാവസ്ഥയെ പരിഹരിക്കാൻ ഭരണഘടനയ്ക്ക് സാധ്യമാണോ?
ഭരണഘടന, അതിന്റെ ആമുഖത്തിലും മൗലികാവകാശ പ്രഖ്യാപനങ്ങളിലും ഇപ്രകാരം വ്യക്തമായിരിക്കുന്നു, ഓരോ പൗരനും തുല്യാവകാശങ്ങൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഓരോ പൗരനും സ്വാതന്ത്ര്യം ലഭിക്കണം, ഒരു പൗരനും വർഗം, നിറം, ജാതി, ഉല്പത്തി, വംശീയത തുടങ്ങിയവയെ അടിസ്ഥാനമാക്കി വിവേചനത്തിനിരയാകരുത്. അതായത്, ഭരണഘടനയുടെ ലക്ഷ്യങ്ങൾ വ്യക്തമാണ്. ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ സമത്വവും, സ്വാതന്ത്ര്യവും, സാമൂഹ്യനീതിയും ജനങ്ങളുടെ ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഭരണഘടനയുടെ ലക്ഷ്യങ്ങൾ സുവ്യക്തമാണ്. പക്ഷേ, ഡോ. അംബേദ്കർ മുന്നറിയിപ്പ് നൽകിയതും ഇത് തന്നെയാണ്. ഇവ ലക്ഷ്യങ്ങളാണ്, എന്നാൽ യാഥാർത്ഥ സമൂഹത്തിൽ സാമ്പത്തിക- സാമൂഹിക അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും ‘തൊട്ടുകൂടാത്തവർ’ തുല്യാവകാശങ്ങൾ നേടുന്നില്ല. തന്റെ അവസാന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് ഇതാണ്, നമ്മൾ വോട്ട് ചെയ്യാനുള്ള അവകാശം പൗരർക്ക് നൽകി. പക്ഷേ സമത്വത്തിന്റെ ഒരു മൂല്യം നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നില്ല. ഇപ്പോൾ, 75 വർഷം പിന്നിടുമ്പോൾ പുരോഗതിയുണ്ടെന്ന് ഞാൻ കരുതുന്നു. ജനാധിപത്യം കൂടുതൽ പാകത കൈവരിച്ചിരിക്കുന്നു. ദേശീയതയുടെ ആശയം കൂടുതൽ ഊന്നിപ്പറയാൻ കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾ കൂടുതൽ ബോധവാന്മാരായിട്ടുണ്ട്, തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് ശരിയായ പ്രതിനിധികളെ നിയമസഭയിലും പാർലമെന്റിലും അയക്കാൻ അവർ ശ്രമിക്കുന്നു. അതിനാൽ, ഔപചാരിക ജനാധിപത്യം വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഡോ. അംബേദ്കർ പറഞ്ഞതുപോലെ, ഡോ. മന്മോഹൻ സിങ് പറഞ്ഞതുപോലെ നമ്മുടേതൊരു വർക്കിംഗ് ഡെമോക്രസി ആണ്. നമ്മളൊരു പരിപൂർണ ജനാധിപത്യത്തിലേക്ക് നടന്നുനീങ്ങുകയാണ്. അതിനാൽ തന്നെ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയും നിലനിൽക്കുന്ന സാമൂഹ്യ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം കുറഞ്ഞിട്ടുണ്ടാകാം. പക്ഷേ അവ ഇപ്പോഴുമുണ്ട്. അതിനാൽ, അവയെ പരിഹരിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ 10 വർഷങ്ങളായി ഡോ. അംബേദ്‌കറിന്റെ ‘Communal Deadlock and a Way to Solve it’ എന്ന തന്റെ ലേഖനത്തിലും അവസാന പ്രഭാഷണത്തിലും നൽകിയ മുന്നറിയിപ്പ് പ്രസക്തമാവുകയാണ്. മതാധിഷ്ഠിത മാർഗ്ഗങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഭൂരിപക്ഷം എന്ന ആശയം നിലകൊള്ളേണ്ടത് മൂല്യങ്ങളെയും തത്വങ്ങളെയും അടിസ്ഥാനമാക്കിയ രാഷ്ട്രീയ ഭൂരിപക്ഷത്തിലായിരിക്കണമെന്നും, മതവും ജാതിയും നൽകുന്ന കരുത്തിന്റെ അടിത്തറയിലാവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷമായി മതാധിഷ്ഠിത പാതകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൂടുതൽ കടന്നുവരികയാണ്. ആ അർത്ഥത്തിൽ നമ്മൾ ജനാധിപത്യത്തെ പിറകോട്ട് പിടിച്ചുവലിക്കുകയാണ്. മതരഹിത ജനാധിപത്യത്തിനും മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ തെരഞ്ഞെടുപ്പിനും പകരം മതാധിഷ്ടിത ജനാധിപത്യ സങ്കല്പങ്ങൾ ശക്തി പ്രാപിച്ചിരിക്കുന്നു.
ജനാധിപത്യം വഴുതിമാറികൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ, സംവരണത്തിന്റെ ഉപവർഗീകരണത്തെ കുറിച്ചുള്ള സുപ്രീം കോടതിയുടെ പുതിയ വിധിയെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?
എന്റെ അഭിപ്രായത്തിൽ, പട്ടികജാതികൾക്കിടയിലുള്ള തുല്യത ഇല്ലായ്‌മ ഒരു യഥാർത്ഥ പ്രശ്‌നമാണ്. ചില ഉപജാതികൾ മറ്റ് ഉപജാതികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പിന്നാക്കം നിൽക്കുന്നു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. പക്ഷേ, ഇവ പിന്നാക്കം നിൽക്കാൻ കാരണമാകുന്ന യഥാർത്ഥ കാരണം കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ കൈവശമില്ല. അതിനാൽ ആദ്യം ഈ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്.
താങ്കൾ പറയുന്നത് തെളിവുകളില്ലാതെ, സുപ്രീം കോടതി ചില അനുമാനങ്ങളുമായി പ്രവർത്തിച്ചു എന്നാണോ?
ഉപവർഗീകരണത്തെ സുപ്രീം കോടതി ആദ്യം നിയമപരമായും, രണ്ടാമത് പട്ടികജാതികൾക്കിടയിലെ വൈവിധ്യം സംബന്ധിച്ച ചില പഠനങ്ങൾ പ്രകാരം പട്ടികജാതികളിൽ അവസരങ്ങളുടെ തുല്യതയില്ലായ്മ ഉണ്ടെന്ന് നിരീക്ഷിക്കുന്നതിനാലുമാണ് ഈ വിധി. ഈ പഠനങ്ങൾ എസ്.സി വിഭാഗത്തിനുള്ളിലെ അസമത്വവും വർഗ്ഗവിവിധത്വവും ദൃശ്യമാക്കുന്നു. ഇത് ഏറ്റവും പിന്നാക്കക്കാർക്ക് സംവരണം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. പക്ഷേ,സമൂഹത്തിലെ സാമൂഹിക പരിഗണനകൾ, അന്തർവിവാഹങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പട്ടികജാതികൾക്കിടയിലുള്ള വിവേചനമാണ് ചീഫ് ജസ്റ്റിസ് ആധാരമാക്കിയ തെളിവുകൾ. സർക്കാർ സേവനങ്ങളിൽ ഈ വിഭാഗങ്ങളുടെ പ്രതിനിധാനമില്ലായ്മയുടെ തെളിവുകൾ നൽകേണ്ടിയിരുന്നു. സർക്കാർ ജോലികളിലെ പ്രാതിനിധ്യമില്ലായ്മയുടെ കാരണം, അവരിലെ സാമ്പത്തിക ബലമില്ലായ്മയും അതിനെ തുടർന്നുള്ള വിദ്യാഭ്യാസമില്ലായ്മയുമാണ്. ഉയർന്ന വിദ്യാഭ്യാസമില്ലെങ്കിൽ, സർക്കാർ ജോലികളിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും. ചീഫ് ജസ്റ്റീസിന്റേതായ തെളിവുകൾ മതിയായതല്ല. അവ സാമ്പത്തിക മേഖലയിലെ അസമത്വവും വിദ്യാഭ്യാസ മേഖലയിലെ വിവേചനവും രേഖപ്പെടുത്തുന്ന വിവരങ്ങൾ ശേഖരിച്ചിട്ടില്ല. ഇത് ദുർബലമായ വാദമാണ്. എൻ്റെ അഭിപ്രായത്തിൽ, എല്ലാ ഉപജാതികൾക്കും സംവരണം ലഭിക്കണം. പക്ഷേ ചില ഉപജാതികൾ പിന്നോക്കം നിൽക്കുന്നത് വിദ്യാഭ്യാസനില താഴ്ന്നതുകൊണ്ടും സാമ്പത്തിക ശക്തി കുറവായതുകൊണ്ടുമാണ്. സാമ്പത്തിക ശക്തിയും വിദ്യാഭ്യാസ നിലയും മെച്ചപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിലൂടെ സർക്കാർ ജോലികൾ നേടാനുള്ള കഴിവിനെ വർദ്ധിപ്പിക്കാൻ കഴിയും. ചില മുൻഗണനകൾ നൽകാം, പക്ഷേ അവരുടെ സാമ്പത്തിക സാഹചര്യവും വിദ്യാഭ്യാസ നിലവാരവും പരിഹരിക്കാതെ സംവരണങ്ങൾ നൽകുന്നത് ഉപജാതികളുടെ അന്തർവ്യത്യാസങ്ങൾ നീക്കുകയില്ല. ഉപജാതികളെ തമ്മിൽ സമതുല്യമാക്കാൻ, ചീഫ് ജസ്റ്റിസ് പരാമർശിക്കുന്ന ‘യഥാർത്ഥ സമത്വം’ നേടുന്നതിന്, സംവരണം തുടരേണ്ടത് ആവശ്യമാണെങ്കിലും, പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ സാമ്പത്തികവും വിദ്യാഭ്യാസവുമായ ശക്തികരണം അനിവാര്യമാണ്. ഇത് ഉപജാതി സംവരണത്തിന് പകരമായ കൂടുതൽ നല്ലതായ ഒരു പരിഹാരമായിരിക്കും.
എം. ഗീതാനന്ദൻ: താങ്കൾ അടുത്തിടെ ഔട്ട്ലുക്ക് മാഗസിനിൽ ഒരു ലേഖനം എഴുതിയിരുന്നു, അതിൽ സുപ്രീം കോടതി വിധിയിൽ തത്ത്വചിന്തയുടെ കുറവും, സീരിയസ് അക്കാദമിക് സമീപനമില്ലായ്മയുമുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതിനെക്കുറിച്ച്, ഡോ. അംബേദ്കറിന്റെ വൈവിധ്യങ്ങൾക്കെതിരെ (heterogeneity) ഏകതാനത (homogeneity) എന്ന കാഴ്ചപ്പാടിനെ ആസ്പദമാക്കി വിശദീകരിക്കാമോ?
അംബേദ്കർ ആദ്യമായി താഴ്ന്ന ജാതികളെ ഒരു വിഭാഗമായി ഒന്നിപ്പിച്ചു.
ഡോ. അനിൽകുമാർ പി.വി: അയിത്തജാതിക്കാരെ ഒരു ഏകതാന സമൂഹമായി പരിഗണിക്കുന്ന ആ കാഴ്ച്ചപ്പാട് ഭരണഘടനയുടെ ഒരു ഭാഗം തന്നെയാണെന്ന് നമുക്ക് വാദിക്കാവുന്നതാണ്.
1920 മുതൽ, അസ്പൃശ്യർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ദേശീയ തലത്തിൽ വലിയ ദൃശ്യപരതയില്ലായിരുന്നു, കോൺഗ്രസിന്റെ ചില പ്രസ്താവനകൾ ഉണ്ടായിരുന്നെങ്കിലും. ഈ സമൂഹത്തെ തിരിച്ചറിയുകയും, അവരുടെ പൊതുപ്രശ്നം എന്ന് പറയാവുന്ന തൊട്ടുകൂടായ്‌മ (Untouchability) നിർണയിക്കുകയും ചെയ്തതും, അവരെ Depressed Classes എന്നും പിന്നീട് Scheduled Castes എന്ന് വിളിച്ചതും ഡോ. അംബേദ്കറാണ്. അദ്ദേഹം അവർക്കൊരു സ്വത്വം നൽകി. തൊട്ടുകൂടായ്മയ മൂലം സാമൂഹിക, ധാർമ്മിക, സാമ്പത്തിക മേഖലകളിൽ തുല്യാവകാശങ്ങൾ നിഷേധിക്കുന്നതാണവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്നദ്ദേഹം വിലയിരുത്തി. ഈ പ്രശ്നത്തിന് നിയമപരമായ സംരക്ഷണവും സംവരണവും ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, ഉപജാതികളിൽ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വ്യക്തികളുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള വ്യക്തികൾക്കാവശ്യം സാമ്പത്തികവും വിദ്യാഭ്യാസവുമായ ശാക്തികരണമാണെന്നും, തദ്വാരാ അവർ സംവരണത്തിന്റെ പ്രയോജനം ലഭിക്കാൻ കഴിവുള്ളവരായി മാറുമെന്നും അംബേദ്‌കർ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ, ഈ പ്രശ്നത്തിന് ഡോ. അംബേദ്കറിന് ദ്വിമുഖമായ നയമുണ്ടായിരുന്നു (dual policy). അംബേദ്കറുടെ ഈ പരിഹാരം ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ പരിഹാരത്തേക്കാൾ മികച്ചതാണെന്ന് പറയാം. ഡോ. അംബേദ്കർ ഉപജാതികൾക്കുള്ള സംവരണം ഒരിക്കലും ശുപാർശ ചെയ്തില്ല. തൊട്ടുകൂടായ്മ അനുഭവിക്കുന്നവർ എന്ന സംജ്ഞയിൽ മാത്രം സംവരണത്തിനായി അദ്ദേഹം വാദിച്ചു.
ഡോ. അനിൽകുമാർ പി.വി: ഭരണഘടനയോടുള്ള ഈ സമീപനം, ഇതിൽ വന്ന പുതിയ വിധി, ഭരണഘടനയെ ബാധിക്കുന്നില്ലേ? അംബേദ്കറുടെ കാലം മുതൽ പട്ടികജാതിക്കാർ ഒരുമിച്ച് തൊട്ടുകൂടായ്മ എന്ന പൊതുപ്രശ്നത്തെ അടിസ്ഥാനമാക്കി ഏകജാതിയായി കാണപ്പെട്ടിട്ടുണ്ട്, അല്ലേ?
പട്ടിക ജാതിക്കാർ വ്യത്യസ്തരാണെന്നും അവർക്കിടയിൽ അസമത്വം ഉണ്ടെന്നും നിങ്ങൾ പറയുകയാണെങ്കിൽ, ഉപജാതി വർഗീകരണത്തിനും സംവരണത്തിനുമൊരു അടിസ്ഥാനമുണ്ടെന്ന് നിങ്ങൾക്ക് വാദിക്കാം. ഭരണഘടന പ്രകാരമുള്ളത് പട്ടികജാതിക്കാരാണ്. പട്ടികജാതിക്കാർ ഏകശിലാത്മകമാണെന്ന് ചിലർ പറയുന്നു. മറ്റ് ചിലർ പറയുന്നത് അവർ വൈവിധ്യം നിറഞ്ഞവരാണെന്നാണ്. ഈ വിഷയത്തിൽ എവിടെയാണ് വ്യക്തത ലഭിക്കുന്നത്? ഇതൊരു കുഴഞ്ഞുമറിഞ്ഞ നിയമപ്രശ്നമാണെന്ന് പറയാം. പട്ടിക ജാതിക്കാർ ഏകശിലാത്മകമാണോ അതോ വ്യത്യസ്തരാണോയെന്ന ഒരേയൊരു വിഷയത്തിൽ ഇത്ര വ്യത്യസ്തമായ തീരുമാനങ്ങളുണ്ടാകാൻ പാടില്ല. ജസ്റ്റിസ് ചന്ദ്രചൂഢ് വൈജാത്യങ്ങൾക്ക് അധിക പിന്തുണ നൽകിയെങ്കിലും അത് വളരെ ദുർബലമായ പിന്തുണയായിരുന്നു. പ്രാതിനിധ്യ കുറവുണ്ടാക്കുന്ന ഘടകങ്ങൾ അദേഹം വ്യക്തമാക്കിയില്ല. പരിഗണിച്ചത് സാമൂഹ്യമായ തുല്യതയില്ലായ്‌മ മാത്രമാണ്. എന്റെ അഭിപ്രായത്തിൽ, നിയമപരമായി നാം വളരെ മോശമായ സ്ഥിതിയിലാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് മതിയായ പ്രതിനിധാനം ലഭിക്കുന്നതിന് അവരെ വികസിപ്പിക്കാൻ പൊതുവായൊരു വ്യവസ്ഥ നൽകണം. എന്നാൽ ഉപജാതികളെ പരാമർശിച്ചിട്ടില്ല, ഇവയെല്ലാം ശേഷമുള്ള വിപുലീകരണങ്ങളാണ്.
ഡോ. അനിൽകുമാർ പി.വി: ഔട്ട് ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച താങ്കളുടെ ലേഖനത്തിൽ, അംബേദ്‌കറിന്റെ ഇരട്ട നയ പരിഹാരത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. വ്യക്തിക്ക് പകരമായി ഗ്രൂപ്പിനെ സംവരണത്തിന് പാത്രമായും വ്യക്തിയെ വികസന നയങ്ങളുടെ കേന്ദ്രത്തിൽ വയ്ക്കുകയും ചെയ്യുന്ന സമീപനത്തെക്കുറിച്ച് വിശദീകരിക്കാമോ?
സംവരണ നയം പൊതുപദവികളിൽ 16% സംവരണം നൽകുന്നു. എല്ലാ പദവികൾക്കുമുള്ള കുറഞ്ഞ യോഗ്യത സർക്കാർ നിർണയിക്കുന്നതായിരിക്കും, യോഗ്യരായവർ ആ പദവികളിൽ പ്രവേശിക്കാം. എന്നാൽ, യോഗ്യതയുള്ള സ്ഥാനാർത്ഥി, അതായത്, ഈ പ്രക്രിയ സമുദായത്തിന്റെ വിദ്യാഭ്യാസ നിലയെ ആശ്രയിച്ചിരിക്കും. ഉപജാതികളിലെ ചില വ്യക്തികൾക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭ്യമല്ല. അതിനാൽ, അവർ തുല്യ യോഗ്യതയുള്ളവരല്ല. അവർക്ക് പ്രാതിനിധ്യം ലഭിക്കില്ല. ഡോ. അംബേദ്കറുടെ ആശയം ഇതായിരുന്നു. സംവരണം നൽകുമ്പോൾ, എല്ലാ ഉപജാതികളേയും ഉൾപ്പെടുത്തപ്പെടണം, ഉപജാതികളിലെ എല്ലാ വ്യക്തികളേയും ഉൾപ്പെടുത്തപ്പെടണം. എന്നാൽ, ഉപജാതികളിലെ ചില വ്യക്തികൾക്ക് സാമ്പത്തിക ശേഷി കുറവാണ്. അതുകൊണ്ടുതന്നെ അവർക്കു സാമ്പത്തികവും വിദ്യാഭ്യാസവുമായ മുന്നേറ്റമില്ല. അതിന്റെ ഫലമായി, അവർ സർക്കാർ പദവികൾക്ക് വേണ്ടവിധത്തിൽ സജ്ജരാക്കപ്പെട്ടിട്ടില്ല. അതിനാൽ, അവരെ സാമ്പത്തികവും വിദ്യാഭ്യാസവുമായ രീതിയിൽ ശക്തമാക്കേണ്ടതുണ്ട്. അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയും സംവരണ നയങ്ങൾ മുതലാക്കാൻ കഴിയുകയും വേണം. ഡോ. അംബേദ്കറുടെ കണക്കാക്കൽ ഇതായിരുന്നു. ഒരു വിഭാഗത്തിന് മുൻഗണന നൽകുന്നത് ശരിയാകും, പക്ഷേ, സംവരണത്തിനുള്ള ഉപജാതി വർഗീകരണത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാമർശിച്ചിട്ടില്ല. കാരണം, എല്ലാ പട്ടികജാതി വിഭാഗങ്ങളുടെയും ലക്ഷ്യം ഒന്ന് തന്നെയാണ്. എന്നാൽ, ആസ്തിയുടെ ഉടമസ്ഥതയിലും വിദ്യാഭ്യാസ നിലയിലും വ്യത്യാസമുണ്ട്. അവിടെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ, ഉപജാതികളിലെ വ്യക്തികളെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പ്രാപ്തരാക്കാനുള്ള നയവും, എല്ലാ ഉപജാതികൾക്കും സമൂഹം അടിസ്ഥാനമാക്കിയ സംവരണ നയവും. ഇതാണ് അദ്ദേഹം നിർദ്ദേശിച്ച ഇരട്ട നയം.
ഡോ. അനിൽകുമാർ പി.വി : ഈ നിയമസങ്കീർണതകൾ എങ്ങനെ നേരിടും?
എനിക്കറിയില്ല. ഒരേ വിഷയത്തിൽ വ്യത്യസ്ത ബെഞ്ചുകൾക്ക് വ്യത്യസ്തമായ തീരുമാനങ്ങളുണ്ടാകുന്നത് സുപ്രീം കോടതിയിൽ സാധാരണമാണ്. ഇപ്പോൾ ഈ ബെഞ്ച് പട്ടിക ജാതിക്കാർ ഹെറ്ററോജിനസ് ആണെന്നൊരു തീരുമാനമെടുത്തിരിക്കുന്നു. ഇത് ചീഫ് ജസ്റ്റിസിന്റെ നിയമപരമായ അഭിപ്രായമാണ്. ആ അർത്ഥത്തിൽ നിങ്ങളുടെ അഭിപ്രായം വേഴ്‌സസ് എന്റെ അഭിപ്രായം എന്ന നിലയിലേ അതിനെ കാണാൻ സാധിക്കൂ. അല്ലാതെന്തു പറയാൻ? ഞാൻ അക്കാദമിക വാദങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നു, അവയ്ക്ക് വലിയ പരിമിതികളാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ ചീഫ് ജസ്റ്റിസിന്റെ നിലപാട് നീതിവത്കരിക്കാവുന്നതല്ല. ഉപജാതികൾ തമ്മിലുള്ള സാമ്പത്തിക അസമത്വവും വിദ്യാഭ്യാസ അസമത്വവും, ഉപജാതികളിൽ ഒന്ന് മറ്റേതിനോടും നടത്തുന്ന പീഡനത്തെക്കുറിച്ചും ഒരു പഠനം നടത്തിക്കാണിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ നിലപാടിന് സാധൂകരണമുണ്ട്. പക്ഷെ അദ്ദേഹമത് ചെയ്തിട്ടില്ല. പ്രാതിനിധ്യക്കുറവ് വിദ്യാഭ്യാസ അഭാവത്തിന്റെ ഫലമാണ്, വിദ്യാഭ്യാസ അഭാവം കുടുംബത്തിന്റെ ദാരിദ്ര്യവും സർക്കാരിന്റെ പോളിസികളുടെ അഭാവവും മൂലമാണെന്നും, അത് രണ്ട് ഉപജാതികൾ തമ്മിലുള്ള ഇടകലർന്ന വിവാഹങ്ങളുടെ അഭാവമോ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതോ അല്ല. ഇത് തികച്ചും സാമ്പത്തികവും വിദ്യാഭ്യാസപരവും പിന്നാക്കവുമായ അവസ്ഥയുടെ ഫലമാണ്. എന്നാൽ ആ സംഗതി ചീഫ് ജസ്റ്റിസ് ചർച്ച ചെയ്തിട്ടില്ല.
എം. ഗീതാനന്ദൻ: പട്ടിക ജാതികൾക്കിടയിൽ ഒരു ക്രിമിലെയർ ഉണ്ടെന്നാണ് ബെഞ്ചിലെ നാല് ജഡ്ജിമാരുടെ അഭിപ്രായങ്ങളിൽ ഒന്ന്. എമ്പിരിക്കലായ ഡാറ്റയുടെ അടിസ്ഥാനത്തിൽ അതുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാനാകുമോ?
ക്രിമിലെയർ എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല. അതൊരു അശ്ലീലമായ വാക്കാണ്. നമ്മൾക്ക് പറയാൻ സാധിക്കുന്നത്, പട്ടിക ജാതി വിഭാഗങ്ങളിൽ സാമ്പത്തികമായി കൂടുതൽ നല്ല നിലയിലുള്ളവരും സാമ്പത്തികമായി ദുർബലരായവരും ഇടത്തരം സാമ്പത്തിക നിലയിലുള്ളവരുമുണ്ടെന്ന് മാത്രമാണ്. കാലാകാലങ്ങളിൽ സംവരണ നയത്തിന്റെ പ്രാവർത്തികതയും സ്വകാര്യ മേഖലയിൽ നിന്നുള്ള മറ്റ് സാദ്ധ്യതകളും മൂലം പട്ടിക ജാതികളിൽ ഒരു സാമ്പത്തിക മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി, ഇന്ന് സാമ്പത്തികമായി മെച്ചപ്പെട്ട വ്യക്തികൾ പട്ടിക ജാതിക്കാർക്കിടയിൽ രൂപപ്പെട്ടു, ഇവർ ഉയർന്ന ജാതികളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രമേൽ നന്നല്ലെങ്കിലും സാമ്പത്തികമായി ദുർബലരായവരുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ടവരാണ്. ഇപ്പോൾ സുപ്രീം കോടതി വിധിയിൽ ഉന്നയിക്കുന്ന ഒരു സംഗതി ഇതാണ്: സാമ്പത്തികമായി മുന്നേറ്റം കൈവരിച്ച വ്യക്തികളെ സംവരണത്തിൽ നിന്ന് ഒഴിവാക്കണം. കാരണം, അവർക്ക് ഇപ്പോൾ സ്വതന്ത്രമായി മുന്നോട്ട് പോകാൻ കഴിയും; ഉയർന്ന ജാതികളോടൊപ്പം തുല്യമായി പ്രവർത്തിക്കാനും കഴിയും. അതിനാൽ അവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കണം. മറ്റൊരു വാദം കൂടി ഉണ്ട്, സാമ്പത്തിക മാനദണ്ഡം ഏർപ്പെടുത്തണം; സാമ്പത്തിക ദുർബലർക്കേ സംവരണം നൽകാവൂ. ഈ രണ്ട് വാദങ്ങളും ക്രിമിലെയർ വാദവും ഒരേ സ്വഭാവമുള്ളവയാണ്.
എന്റെ അഭിപ്രായത്തിൽ, ഈ വാദങ്ങൾ വസ്തുതകളെ സ്വാഭാവികമായി മനസ്സിലാക്കികൊണ്ടുള്ളതല്ല. സംവരണ നയങ്ങൾ അല്ലെങ്കിൽ അഫർമേറ്റീവ് ആക്ഷൻ പോളിസികൾ, ജാതി, ലിംഗം, വംശം, വർണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനിരയായ സമുദായങ്ങൾക്ക് മാത്രം ലഭ്യമാക്കപ്പെടുന്ന ഒന്നാണ്. ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്, വിവേചനം സാമ്പത്തിക നിലയുമായി ബന്ധപ്പെട്ടതല്ല, അത് ജാതിയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ട വിഭാഗത്തെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് നിങ്ങൾ പറയുമ്പോൾ, സാമ്പത്തികമായി മെച്ചപ്പെട്ട പട്ടിക ജാതിക്കാർ ഇപ്പോഴും വിവേചനം നേരിടുന്നുണ്ടോ എന്ന് ചോദിക്കേണ്ടി വരും. സിദ്ധാന്തപരമായി പറഞ്ഞാൽ, വിവേചനം സാമ്പത്തിക നിലയോട് ബന്ധമില്ലാത്തതാണ്, സാമ്പത്തികമായി മെച്ചപ്പെട്ടവരും വിവേചനത്തിന് ഇരയാകുന്നു എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. അവസ്ഥ അങ്ങനെയാണെങ്കിൽ, സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് ചില സംരക്ഷണം നൽകേണ്ടതുണ്ട്. നിയമപരമായ സംരക്ഷണം അവർക്ക് ലഭ്യമാണ്, പക്ഷേ അവർക്കും ഒരു ന്യായമായ ഓഹരി ഉറപ്പാക്കാൻ സംവരണം വഴി സംരക്ഷണം നൽകേണ്ടതുണ്ട്. അതിനാൽ പട്ടിക ജാതിയിൽ സാമ്പത്തികമായി മെച്ചപ്പെട്ടവരെ സംവരണത്തിൽ നിന്ന് നീക്കം ചെയ്യാൻ ഇതുവരെ കൃത്യമായ വാദമുഖങ്ങളൊന്നുമില്ല. ബദലായി, അവർക്ക് സർക്കാർ നൽകുന്ന ചില സാമ്പത്തിക സബ്സിഡികളും സൗകര്യങ്ങളും (അവർക്ക് സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്നവ) പിൻവലിക്കാം.
എം ഗീതാനന്ദൻ: കൂടാതെ, ജോലി ചെയ്യുന്നവർ താഴ്ന്ന നിലയിലെ സമൂഹത്തിലെ അംഗങ്ങളാണ്. അതായത് എസ്.സി./എസ്.ടി. വിഭാഗത്തിൽപെട്ടവർ കൂടുതലും തൊഴിലെടുക്കുന്നത് താഴ്ന്ന തസ്തികകളുള്ള സി, ഡി കാറ്റഗറിയിലാണ്. ഇവർ ഉയർന്ന പദവികളിൽ 11% മാത്രം ഉള്ളതായി താങ്കൾ പരാമർശിച്ചിരുന്നില്ലേ?
അത് വേറൊരു വാദമാണ്. ജസ്റ്റിസ് പങ്കജ് മിത്തലിന്റെ വാദം ആണത്. ആകെ തസ്തികകളും സാമ്പത്തികമായി മെച്ചപ്പെട്ടവരായ പട്ടികജാതി വിഭാഗക്കാർ പിടിച്ചെടുത്തുവെന്നാണ് അവരുടെ വാദം.
ഡോ. അനിൽകുമാർ പി.വി: താങ്കൾ ഇതിനോട് വിരുദ്ധമായി വാദിക്കുകയാണോ?
ആ വാദത്തിന് ഒരു അടിസ്ഥാനവുമില്ല. മറിച്ച്, സംവരണം സാമ്പത്തികമായി പിന്നാക്കങ്ങളായ വിഭാഗങ്ങൾക്ക് കൂടുതൽ പ്രയോജനകരമായി മാറുന്നതായാണ് നമുക്ക് കാണുവാൻ കഴിയുന്നത്. ഇതിനനുരോധമായ കണക്കുകൾ നമുക്ക് നൽകുവാൻ കഴിയും. ഏകദേശം 75% മുതൽ 80% വരെ സംവരണത്തിന് കീഴിൽ പട്ടികജാതി വിഭാഗക്കാർ നേടുന്ന തസ്തികകൾ സി, ഡി, എന്ന താഴ്ന്ന തസ്തികകളാണ്. താഴ്ന്ന തസ്തികകളിൽ ജോലി നേടിയവരുടെ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കണ്ടറി അല്ലെങ്കിൽ ബിരുദതലത്തിലാണ്. അതിനാൽ, സാമ്പത്തികമായി പിന്നാക്കങ്ങളായ പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം കൊണ്ട് വലിയതോതിൽ പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്. അതിനാൽ, സംവരണം സാമ്പത്തികമായി മെച്ചപ്പെട്ടവർ പിടിച്ചെടുത്തുവെന്ന വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്.
ഡോ. അനിൽകുമാർ പി.വി: താങ്കളുടെ പ്രഭാഷണത്തിന്റെ അവസാനത്തിൽ നടന്ന ചോദ്യോത്തര സെഷനിൽ, ഡോ. സനൽ മോഹന്റെ Modernity of Slavery എന്ന കൃതിയെ കുറിച്ച് താങ്കൾ പരാമർശിച്ചു. ദലിത് സമൂഹത്തിന് നേരിട്ട ചരിത്രനീതികേടുകൾ, അടിമത്തം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം അല്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആശയം താങ്കൾ ഉയർത്തിക്കാട്ടിയിരിക്കുന്നു. ഇത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ എങ്ങനെ നടപ്പാക്കപ്പെടുന്നു? വിശദീകരിക്കുമോ?
Reparations (പരിഹാരം) അല്ലെങ്കിൽ compensation (നഷ്ടപരിഹാരം) എന്നത് ഒരു ദർശനത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ചൂഷണം ചെയ്ത് ആനുകൂല്യം നേടിയവരാണെങ്കിൽ, അതിന് പരിഹാരം നൽകണമെന്നതാണ് പ്രസ്തുത തത്വശാസ്ത്രത്തിന്റെ കാതൽ. ഉദാഹരണത്തിന്, അമേരിക്കൻ അടിമത്തം. കറുത്തവരാണ് അടിമകളായിരുന്നത്. കറുത്തവരുടെ തൊഴിൽശേഷി വളരെ കൂടുതൽ അളവിൽ ഉപയോഗിക്കുകയും പ്രതിഫലമായി വളരെ കുറച്ചു മാത്രം വിഭവങ്ങൾ നൽകുകയും ചെയ്ത ഒന്നാണ് അമേരിക്കൻ അടിമത്തം. കറുത്തവരുടെ തൊഴിൽ പരമായി ചൂഷണം ചെയ്ത് വെള്ളക്കാർ സ്വത്ത് സമ്പാദിച്ചു എന്നത് അവിടെ വെളിപ്പെട്ടതാണ്. അടിമത്തം അവസാനിച്ചപ്പോൾ, “നിങ്ങൾ കറുത്തവരുടെ കഠിനാധ്വാനത്തിലൂടെ സമ്പത്ത് സമ്പാദിച്ചിരിക്കുന്നു, അതിന് അവർക്ക് നഷ്ടപരിഹാരം നൽകണം,” എന്ന ആവശ്യമുയർന്നു. ചരിത്രപരമായി അവർക്ക് നേരിടേണ്ടി വന്ന നഷ്ടങ്ങൾക്ക് പരിഹാരം നൽകണമെന്നതാണ് ഈ ഫിലോസഫി പറയുന്നത്.
ഇത് കറുത്തവരുടെ അടിമത്തവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ, ജർമനിയിൽ നശിപ്പിക്കപ്പെട്ട ജൂതന്മാരുടെ സ്വത്തുക്കൾക്കും നഷ്ടപരിഹാരം ലഭിച്ചു. ജർമനി ആ കുടുംബങ്ങളുടെ ശേഷിക്കുന്ന അംഗങ്ങൾക്ക് വലിയ നഷ്ടപരിഹാരം നൽകി. അമേരിക്കയിൽ ജപ്പാൻ ആക്രമിച്ച പേൾ ഹാർബറിന് ശേഷം, യുഎസിലെ ജപ്പാനികൾ രാജ്യസ്നേഹികളല്ല എന്നു കരുതിയിരുന്നു. അതിനാൽ, അവരെ അറസ്റ്റുചെയ്ത് സമാനമായ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോയി. എന്നാൽ, പിന്നീട് അവർ സ്നേഹികളായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവർക്ക് ഓരോരുത്തർക്കും 25,000 ഡോളർ നഷ്ടപരിഹാരം നൽകി. ഇതുപോലെ, ഒരാൾ മറ്റൊരാളുടെ ചൂഷണത്തിലൂടെ ആനുകൂല്യം നേടിയതിൽ reparations നൽകിയ അനേകം ഉദാഹരണങ്ങൾ ഉണ്ട്. ഇന്ത്യയിൽ, തൊട്ടുകൂടാത്തവരുടെ അധ്വാനത്തിന്റെ ആനുകൂല്യം പറ്റിയവരാണ് ഉയർന്ന ജാതിക്കാർ. പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമിയുടെ അവകാശം നിഷേധിച്ചു. അതേസമയം, ഭൂമിയുടെ അവകാശം ഉയർന്ന ജാതികൾ കുത്തകയാക്കി കൈവശം വെച്ചു. പട്ടികജാതികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. വിദ്യാഭ്യാസ അവകാശവും ഉയർന്ന ജാതിക്കാർ കുത്തകയാക്കി. പട്ടികജാതി വിഭാഗങ്ങൾ ഭൂമിയില്ലായ്മയും വിദ്യാഭ്യാസമില്ലായ്മയും അനുഭവിക്കേണ്ടി വന്നത് ഉയർന്ന ജാതികൾ അവരിൽ നിന്ന് അവകാശങ്ങൾ നിഷേധിച്ചതിനാലാണ്. ഉയർന്ന ജാതികൾ അവരുടെ കഷ്ടപ്പാടുകൾ ഉപയോഗിച്ച് ആനുകൂല്യം നേടി, തലമുറകളിലേക്ക് ഈ ആനുകൂല്യം കൈമാറി, ഇന്ന് അവരുടെ യുവജനങ്ങൾക്കും ആ ആനുകൂല്യം ലഭിച്ചു. ഡോ. സനൽ മോഹന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്, കേരളത്തിലെ പറയർ തുടങ്ങിയ അയിത്ത ജാതികൾ അടിമകൾ ആയിരുന്നു എന്നാണ്. എന്താണ് അടിമകൾ? അവർ ഉടമയുടെ സ്വത്താണ്, അവരെ ഉടമയ്ക്ക് വിൽക്കാം, ഉടമയ്ക്ക് വാങ്ങാം. കുറഞ്ഞ വേതനം, അത്യധികം ജോലി, മാനസിക ചൂഷണം, കുടുംബങ്ങളെ ശിഥിലമാക്കിയുള്ള അടിമക്കച്ചവടം ഇതെല്ലാം അവരനുഭവിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രയുടെ പലഭാഗങ്ങളിലും നിലനിന്നിരുന്ന ദക്ഷിണേന്ത്യൻ അടിമത്തത്തിന് തെളിവുകൾ ഉണ്ട്. 1801-ലെ Law Commission Report പ്രകാരം ഇത് ഇന്ത്യയിൽ മൊത്തമായി നിലനിന്നിരുന്ന ഒന്നാണ്. തൊട്ടുകൂടാത്തവർ അടിമ ജാതികളെ പോലെ ആയിരുന്നു.
അതിനാൽ, ഈ സാഹചര്യത്തിൽ, കേരളത്തിലെ untouchables reparations ഉചിതമാണെന്ന് പറയാൻ മതിയായ കാരണമുണ്ട്. പറയരുടെ അടിമവേലയിൽ നിന്ന് ഉയർന്ന ജാതികൾ ആനുകൂല്യം നേടിയതാണ്. അതിന്റെ ഫലമായി പറയർ ഭൂമിയില്ലാത്തവരും സാക്ഷരത കുറഞ്ഞവരുമായി മാറി. ഉയർന്ന ജാതികൾ അവരുടെ കഷ്ടപ്പാടുകൾ ഉപയോഗിച്ച് ആനുകൂല്യം നേടിയതിനാൽ അവർ പിന്നോക്ക ജനവിഭാഗങ്ങളായി. അതിന് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. കേരളത്തിലെ അടിമത്തത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാനുള്ള ഒരു ശക്തമായ ആവശ്യകത നിലവിലുണ്ട്. അവർക്ക് ഭൂമി നൽകുകയും വിദ്യാഭ്യാസത്തിന് പിന്തുണ നൽകുകയും വേണം.
എം ഗീതാനന്ദൻ: കേരളത്തിൽ, ഏകദേശം 80% ഷെഡ്യൂൾഡ് ട്രൈബുകൾ തൊഴിലാളി ക്യാമ്പുകളിലോ കോളനി കൂട്ടായ്മകളിലോ താമസിക്കുന്നവരാണ്. ഇത് 1970-കളിൽ കേരളത്തിൽ നടപ്പിലാക്കിയ ഭൂമിസംരക്ഷണ നിയമത്തിന്റെ ഫലമാണ്. അവരെ പുനരധിവസത്തിനോ, ഭൂലഭ്യതയ്ക്ക് യോഗ്യരായ കർഷകരായോ ഗവൺമെൻറ് പരിഗണിച്ചില്ല. അവർക്കു മിച്ചം മൂന്ന് സെന്റ് ഭൂമിയോ അഞ്ച് സെന്റ് ഭൂമിയോ മാത്രമാണ് ലഭിച്ചത്. 1970-കളിലെ ഭൂമിസംരക്ഷണ നിയമത്തിന് ശേഷം മൂന്നാം തലമുറ വരെ, ഇത്തരം കോളനികളിലെ ഗെറ്റോ അവസ്ഥകളിൽ കുടുങ്ങിപ്പോയി. . ഷെഡ്യൂൾഡ് കാസ്റ്റും ഷെഡ്യൂൾഡ് ട്രൈബുകളും ഉൾപ്പെടുന്ന ഏകദേശം 50,000 കോളനികൾ ഉണ്ടാകും. സർക്കാർ കണക്കുകൾ പ്രകാരം 12,000 ഷെഡ്യൂൾഡ് കാസ്റ്റ് കോളനികളും, 8000 ഷെഡ്യൂൾഡ് ട്രൈബ് കോളനികളും ഉണ്ട്. ലക്ഷം വീട് കോളനികളും പ്ലാന്റേഷൻ മേഖലയിൽ ‘ലയം’ എന്നും അറിയപ്പെടുന്നവയും ഉണ്ട്. മൊത്തത്തിൽ കേരളത്തിൽ ഏകദേശം അര ലക്ഷം ഇത്തരം ഗെറ്റോകൾ ഉണ്ട്. ഭൂരിഭാഗം കൃഷിഭൂമിയും ഹാരിസൺ, ടാറ്റ പോലെയുള്ള എസ്റ്റേറ്റുകളുടേതാണ്. ഭൂമിസംരക്ഷണ നിയമം കോർപ്പറേറ്റ് മേഖലയെ ബാധിച്ചിരുന്നില്ല. അതേസമയം, കേരളത്തിന്റെ സാമൂഹിക സൂചികകൾ ആഗോളതലത്തിൽ പുരോഗമനാത്മകമായി പ്രദർശിപ്പിക്കപ്പെടുന്നു, പക്ഷേ യഥാർത്ഥ അവസ്ഥ ഇതുതന്നെയാണ്. ഈ കോളനികളിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെയോ, വിദ്യാഭ്യാസം നേടിയവരെയോ കിട്ടാൻ സാധിച്ചിട്ടില്ല. സമുദായത്തിന്റെ മൊത്തം ഒരു ശതമാനം മാത്രമാണ് സർക്കാർ ജോലി ചെയ്യുന്നവർ, അതും സേവന മേഖലയിൽ മാത്രം.
ഇത് വളരെ ദയനീയമാണ്. ഇവർക്കായി ഒരു പ്രത്യേക നയം കൊണ്ടുവരണം, വിദ്യാഭ്യാസ പ്രോത്സാഹനത്തിനായുള്ള പ്രത്യേക നയം.
എം. ഗീതാനന്ദൻ: അതിനാലാണ് ഞാൻ നിങ്ങളുടെ നഷ്ടപരിഹാര മുദ്രാവാക്യത്തെ ഇതുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്.
തീർച്ചയായും. അടിമത്തത്തിൽ നിന്നും തൊട്ടുകൂടായ്മയിൽ നിന്നും ഇവർ അനുഭവിച്ച കഷ്ടപ്പാട് പരിഗണിക്കേണ്ടതുണ്ട്.
എം. ഗീതാനന്ദൻ: അടിയന്തരാവസ്ഥയിലേക്ക്, 1976-ൽ ഇന്ദിരാഗാന്ധിയുടെ 11 വർഷ പ്രോഗ്രാം ഉണ്ടായിരുന്നപ്പോൾ, അതിനിടയിലും കേരളത്തിൽ ബോണ്ടഡ് ലേബർ നിലനിന്നിരുന്നു. അത്, നിയമം മൂലം നിരോധിച്ചിട്ടുകൂടി.
1976-ൽ അവർ ബൗണ്ടഡ് ലേബർ ആക്ട് കൊണ്ടുവന്നു. അടിമത്തം. ബോണ്ടഡ് ലേബർ, അറ്റാച്ച്ഡ് ലേബർ, നിർബന്ധിത തൊഴിൽ, എല്ലാം തെറ്റായിരുന്നു.
ഡോ. അനിൽകുമാർ പി.വി: നഷ്ടപരിഹാരത്തിന്റെ കണക്കുകൾ കണ്ടെത്താൻ സൈദ്ധാന്തികപരമായി എന്തെങ്കിലും സ്റ്റാറ്റിസ്റ്റിക്കൽ വഴികളുണ്ടോ?
അതൊരു നല്ല ചോദ്യമാണ്. നഷ്ടപരിഹാരം എത്രയായായിരിക്കണം എന്നത് സംബന്ധിച്ച് എന്റെ മകൻ അമിത് തോറാട്ടിന് ചില കണക്കുകൂട്ടലുകളുണ്ട്. അത് ഭയങ്കര സങ്കീർണമായ കാര്യം കൂടിയാണ്. ഉദാഹരണത്തിന്, കേരളത്തിലെ അടിമകളായിരുന്ന, പാർശ്വവത്കരിക്കപ്പെട്ട, ഭൂമിയില്ലാത്ത പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികളെ കണ്ടെത്തുക. അവർക്ക് സർക്കാർ ഭൂമിയിൽ നിന്നും 10 ഏക്കറോ 5 ഏക്കറോ ഭൂമി നൽകിയിരുന്നുവെങ്കിൽ ഇന്നവർക്ക് എത്ര ഭൂമി കൊടുക്കാൻ കഴിയുമെന്ന് കണക്കുകൂട്ടാൻ കഴിയും. കൂടാതെ സാക്ഷരതാനിരക്കും എടുക്കണം. അവരുടെ വിദ്യാഭ്യാസനിലയും സാക്ഷരതാനിരക്കും കുറവാണെങ്കിൽ അവരുടേ മക്കൾക്ക് ഒരു വലിയ കാലത്തേക്ക് വിദ്യാഭ്യാസ പിന്തുണ വികസിപ്പിച്ചെടുക്കാൻ സാധിക്കണം. സംവരണം പോലെയല്ല ഭൂമിയുടെ വിതരണം, അത് ഒറ്റത്തവണത്തേക്ക് കണക്കാക്കുന്നതാണ്. സംവരണം തുടർന്നുകൊണ്ടിരിക്കണം. അതിലൂടെ ഇവരുടെ സാമ്പത്തിക പശ്ചാത്തലത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. SC/ ST വിഭാഗത്തിലുള്ള ഓരോ വ്യക്തിക്കും, 5 ഏക്കർ ഭൂമി വിതരണം ചെയ്താൽ അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറും. ഒപ്പം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി സാമ്പത്തിക പിന്തുണയും വേണം. നഷ്ടപരിഹാരത്തിന്റെ കീഴിൽ വരുന്നത് ഇതെല്ലാമാണ്.
ഡോ. അനിൽകുമാർ പി.വി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
ഉന്നത വിദ്യാഭ്യാസം വളരെ വിപുലമായി വികസിച്ചിട്ടുണ്ട്. 1960-ൽ 700 കോളേജുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 45,000-ൽ അധികം കോളേജുകളും 2,000-ലധികം സർവകലാശാലകളും ഉണ്ട്. അതേസമയം, 1960-ൽ ഒരു ശതമാനം മാത്രമുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശന നിരക്ക് ഇപ്പോൾ 26 ശതമാനമായി ഉയർന്നിട്ടുണ്ട്, കേരളത്തിൽ ഇതിനെക്കാളും വളരെ കൂടുതലാണ്. എന്നാൽ വിദ്യഭ്യാസ മേഖലയിലെ സമത്വമില്ലായ്മ എന്നത് വലിയ പ്രശ്നം തന്നെയാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ വിദ്യാഭ്യാസ പ്രവേശനത്തിൽ ഇപ്പോഴും പുറകിലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പട്ടികജാതികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശന നിരക്ക് 41% മാത്രമാണ്, പട്ടികവർഗ്ഗങ്ങളുടെത് ഇതിൽ താഴെയാണ്. ഇതിൽ നിന്നും വ്യത്യസ്തമായി, ഉന്നത ജാതികളുടെ നിരക്ക് 79% ആണ്. OBC വിഭാഗം ഇതിന്റെ ഇടയ്ക്ക് നിലകൊള്ളുന്നു. സ്വകാര്യവത്കരണത്തോടെ വിദ്യാഭ്യാസമെന്നത് ദരിദ്രരായ വ്യക്തികൾക്ക് വളരെ ചെലവേറിയതായി മാറ്റിയിരിക്കുന്നു. അതിനാൽ വിവിധ സാമൂഹിക വിഭാഗങ്ങൾ തമ്മിൽ, ജാതികൾ തമ്മിൽ, ഗോത്രങ്ങൾ തമ്മിൽ, താഴ്ന്ന വരുമാന ഗ്രൂപ്പുകളും ഉയർന്ന വരുമാന ഗ്രൂപ്പുകളും തമ്മിലൊക്കെ നിലനിൽക്കുന്ന അസമത്വങ്ങൾ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലെ പ്രധാന പ്രശ്നമാണ്. ഗുണമേന്മ തീർച്ചയായും ഒരു പ്രശ്നമാണ്, എന്നാൽ ഞാൻ കരുതുന്നത് അസമത്വമാണ് മർമ്മപ്രധാനമായ സംഗതി എന്നാണ്. ഇന്ത്യയിൽ എൻറോൾമെന്റ് അനുപാതം 26 ശതമാനമാണ്. അത്തരമൊരു സ്ഥിതി നിൽക്കുമ്പോഴാണ് വലിയ തോതിൽ സ്വകാര്യവത്കരണം അവലംബിച്ചത്. ഇത് ദാരിദ്ര്യരായവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം കുറയ്ക്കുകയാണ്. അതിനാൽ പൊതു വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. കൂടുതൽ പൊതു കോളേജുകൾ, പൊതു കോളേജുകൾക്ക് സമാനമായ എയ്‌ഡഡ് കോളേജുകൾ, കൂടുതൽ പൊതു സർവകലാശാലകൾ, IIT പോലെയുള്ള പൊതു സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവയാണ് നമുക്ക് വേണ്ടത്. എന്നാൽ 1991 മുതൽ, സ്വകാര്യവത്കരണത്തിലേക്ക് കുതിച്ചു നീങ്ങുന്ന ഒരു പ്രക്രിയ കാണാം. അതിനാൽ ഞാൻ കരുതുന്നത്, ഉന്നത വിദ്യാഭ്യാസത്തിലും, സ്കൂൾ വിദ്യാഭ്യാസത്തിലും (രണ്ടാം തലവും ഉയർന്ന തലവും) ആക്സസ് ഉണ്ടാക്കുന്ന അസമത്വമാണ് പ്രതിസന്ധി എന്നാണ്. ഇതിൽ ഇനിയും പ്രശ്നം കടുപ്പമായിരിക്കുകയാണ്, പ്രാദേശിക ഭാഷയിലും മാതൃഭാഷയിലും പഠിക്കുന്നവർ, മറ്റു പാഠ്യഭാഷയായി ഇംഗ്ലീഷ് പ്രയോഗിക്കുന്നവർ, ഇവർ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു.
ഡോ. അനിൽകുമാർ പി.വി: താങ്കൾ പറഞ്ഞ വിവേചനത്തിന്റെ പ്രക്രിയകൾക്കു പുറമേ, ഉന്നത വിദ്യാഭ്യാസത്തിൽ ഞാൻ കണ്ടിട്ടുള്ള മറ്റൊരു പ്രശ്നം പാഠ്യപദ്ധതികളിലൂടെയും അധ്യാപനത്തിലൂടെയും നിലനിൽക്കുന്ന പുറംതള്ളൽ രീതികളിലൂടെ ചില ജനവിഭാങ്ങൾക്ക്, പ്രത്യേകിച്ച് ആദിവാസി പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതാണ്. ഇതിനെ കുറിച്ച് താങ്കൾ ചിന്തിച്ചിട്ടുണ്ടോ?
വിദ്യാഭ്യാസത്തിൽ പ്രവേശനം ഒരു ഭാഗം മാത്രമാണ്. അക്കാദമിക് സ്ഥാപനങ്ങളിൽ പ്രവേശിച്ചശേഷം അവർ നേരിടുന്ന വിവേചനം, പുറന്തള്ളൽ, നിന്ദ, അവജ്ഞ ഇവയെല്ലാം അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. പട്ടികജാതികളും പട്ടികവർഗ്ഗവും നേരിടുന്ന വിവേചനത്തെക്കുറിച്ച് ഇപ്പോൾ ധാരാളം പഠനങ്ങളും രേഖകളും ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനമൂലം ജീവിതം അവസാനിപ്പിച്ച നല്ലൊരു ശതമാനം വിദ്യാർത്ഥികളും പട്ടിക ജാതി-പട്ടിക വർഗങ്ങളിൽ നിന്നുള്ളവരാണ്. അനുകൂലമായ, പിന്തുണ നൽകുന്ന മനോഭാവത്തിന് പകരം, മുൻവിധിയോടെ, വിവേചനാത്മകമായി വിദ്യാർത്ഥികളെ സമീപിക്കുന്നതിന്റെ ഫലമാണിത്. അതും ഒരു പ്രശ്നമാണ്.