Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രിസണ്‍ മാന്വലുകളില്‍ നിലനില്‍ക്കുന്ന ജാതീയമായ തൊഴില്‍ വിഭജനത്തിനെതിരെയും വിവേചന നിബന്ധനകള്‍ക്കെതിരെയും ‘ദ വയര്‍’ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ സുകന്യ ശാന്ത നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഒക്ടോബര്‍ 3ന് ആണ്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന, തടവുകാരുടെ ജാതീയമായ പശ്ചാത്തലം പരിശോധിച്ച് തൊഴില്‍ വിഭജിക്കുന്ന രീതിയിലുള്ള ജയില്‍ മാന്വലുകളാണ് നിലവിലുള്ളത്. ജയില്‍ മാന്വലുകളില്‍ നിലനില്‍ക്കുന്ന വിവിധ തരം ജാതീയ വിവേചന നിബന്ധനകളെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ചോദ്യം ചെയ്യുന്നതാണ് സുകന്യയുടെ റിട്ട് പെറ്റിഷന്‍.
സുകന്യയുടെ പൊതുതാല്പര്യ ഹര്‍ജി ജയിലിനകത്തെ ജാതി നിയമങ്ങളുണ്ടാക്കുന്ന പ്രതിസന്ധി ഇപ്രകാരം വിവരിക്കുന്നു: “ഇന്ത്യന്‍ ശിക്ഷാ നീതിന്യായ വ്യവസ്ഥയ്ക്കകത്തെ ജാതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം, ജാതി അടിസ്ഥാനത്തിലുള്ള ബാരക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവേചന രീതികള്‍ നിലനില്‍ക്കുന്നതാണ്. കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമാണ് ജയിലിലെ ജാതി അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യിക്കുന്ന രീതി. താഴ്ന്ന ജാതിക്കാരായ തടവുകാര്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന, മനുഷ്യാന്തസ്സിനെ മുറിപ്പെടുത്തുന്ന തൊഴിലുകള്‍ ഉയര്‍ന്ന ജാതിക്കാരായ തടവുകാരെക്കൊണ്ട് ചെയ്യിക്കുന്നത് വലിയ ക്രൂരതയായി കാണപ്പെടുമെന്നും നിയമങ്ങള്‍ക്കെതിരായ വെറുപ്പുണ്ടാകുന്നതിന് കാരണമാകുമെന്നുമുള്ള ന്യായീകരണമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് ഉണ്ടായിരുന്നത്.”
“തടവുകാരുടെ അവകാശങ്ങള്‍ അവര്‍ ജയിലിലാണ് എന്ന കാരണം കൊണ്ട് നിഷേധിക്കപ്പെടേണ്ടതല്ല. സ്വതന്ത്രമായി യാത്ര ചെയ്യാനും തൊഴില്‍ ചെയ്യാനും കഴിയാത്ത നിയന്ത്രണങ്ങള്‍ ജയില്‍ അവര്‍ക്കുമേല്‍ വെക്കുന്നു, പക്ഷേ, മറ്റേത് പൗരരെ പോലെയും, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള എല്ലാ അവകാശങ്ങളും അവരുടേതുമാണ്… ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ അപമാനകരവും അനാരോഗ്യമുണ്ടാക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഇത് തടവുകാരുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് എതിരുമാണ്. പ്രിസണേഴ്സ് ആക്റ്റ് തൊഴില്‍ ചെയ്യാതിരിക്കാനുള്ള ഒരു സാധ്യതയും തടവുകാര്‍ക്ക് നല്‍കുന്നില്ല. ഇത്തരം തൊഴില്‍ ചെയ്യുന്നതിനെ എതിര്‍ക്കാനും അതുകൊണ്ട് കഴിയുകയില്ല.” പരാതിക്ക് അടിസ്ഥാനമായ റിപ്പോര്‍ട്ടിനെ കുറിച്ചും സുപ്രീം കോടതി വിധിയെക്കുറിച്ചും സുകന്യ ശാന്ത കേരളീയത്തിന് നല്കിയ അഭിമുഖം വായിക്കാം.
ജയിലുകളിലെ ജാതീയമായ വേർതിരിവിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഈ പരാതിയെക്കുറിച്ച് പറയാമോ? ഈ പരാതിയിൽ ചില സംസ്ഥാനങ്ങൾ കക്ഷി ചേർന്നിട്ടുണ്ടല്ലോ. ഇവർ സ്വമേധയാ കക്ഷി ചേർന്നതാണോ?
ജയിലുകളെക്കുറിച്ച് ഞാൻ ചെയ്ത ഒരു വാർത്താ പരമ്പരയിൽനിന്നാണ് ഈ പരാതി ഉണ്ടാകുന്നത്. പുലിറ്റ്‌സർ സെന്റർ ഫോർ ക്രൈസിസ് റിപ്പോർട്ടിങ്ങിന്റെ സഹായത്തോടെയാണ് ‘ദ വയറി’ൽ ഈ റിപ്പോർട്ട് ചെയ്തത്. ജയിലുകളിലെ ജാതിയെക്കുറിച്ച് അന്വേഷിക്കുന്ന caste in prison എന്ന റിപ്പോർട്ടിൽ നിന്നാണ് പൊതുതാൽപര്യ ഹർജി തയ്യാറാക്കിയത്. ആറോ ഏഴോ മാസങ്ങളെടുത്താണ് ഈ റിപ്പോർട്ട് ഞാൻ ചെയ്തെടുത്തത്.
ജാതി എന്നത് ഈ ഉപഭൂഖണ്ഡത്തിലെ യാഥാർത്ഥ്യമാണ്. പുറംലോകത്ത് നിലനിൽക്കുന്ന ജാതി ജയിലിനകത്തും ഉണ്ടാകുമെന്നത് ഒരാൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ, കാരണം പുറംലോകത്തിന്റെ പ്രതിബിംബം തന്നെയാണ് ജയിലും. ജയിലിനകത്ത് ജാതിക്ക് പങ്കുണ്ട് എന്നത് മനുഷ്യാവകാശ പ്രവർത്തകർക്ക് അറിയുന്ന കാര്യമാണ്. ഒരു മനുഷ്യാവകാശ റിപ്പോർട്ടർ ആയതുകൊണ്ട് ഈ വിവരം എന്നിൽ ഞെട്ടലുണ്ടാക്കിയില്ല. പക്ഷേ, എത്ര ആഴത്തിലാണ് ജയിലിനകത്ത് ജാതി നിലനിൽക്കുന്നത് എന്നെനിക്ക് അറിയണമായിരുന്നു. ഈ റിപ്പോർട്ടിലൂടെ ഞാൻ അതാണ് മനസ്സിലാക്കാൻ ശ്രമിച്ചത്. ഈ സ്‌റ്റോറിയുടെ തുടക്കത്തിൽ പ്രത്യേകിച്ച് പ്രിസൺ മാന്വലിലേക്ക് ശ്രദ്ധ തിരിച്ചിരുന്നില്ല. തടവിലാക്കപ്പെട്ട വ്യക്തികളുമായി സംസാരിക്കാമെന്ന് കരുതി. ഞാൻ നിയമം പഠിച്ചിട്ടുണ്ട്, കുറേ വർഷങ്ങളായി ജുഡീഷ്യറിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല മനുഷ്യാവകാശ സംഘടനകൾക്കും വേണ്ടി മനുഷ്യാവകാശ ഗവേഷകയായി പ്രവർത്തിച്ചിട്ടുണ്ട്, ജയിലിനകത്ത് ഒരു റിപ്പോർട്ടറായും ഗവേഷകയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെയെല്ലാം എനിക്ക് കോണ്ടാക്റ്റും ഉണ്ട്. ജാതി എങ്ങനെയെല്ലാം വ്യത്യസ്തമായ രീതികളിൽ പ്രവർത്തിക്കുന്നു എന്ന് അറിയാൻ ആദ്യം പരിചയമുള്ളവരുമായി സംസാരിക്കാം എന്നായിരുന്നു ആലോചിച്ചത്. ജയിലിന്റെ ഘടന എങ്ങനെ എന്നറിയുക, ഈ ഘടനയുടെ പ്രശ്‌നം എന്താണെന്നറിയുക അത്യാവശ്യമാണെന്ന് മനസ്സിലായി.
രാജസ്ഥാനിലെ പ്രിസൺ മാന്വലിൽ ജാതിയെക്കുറിച്ചുള്ള പരാമർശമുണ്ടെന്ന വിവരം കിട്ടിയതനുസരിച്ച് ഞാൻ രാജസ്ഥാൻ പ്രിസൺ മാന്വൽ പരിശോധിച്ചു. ജാതിയെ സംബന്ധിച്ച് വളരെ ദീർഘമായി അന്വേഷണങ്ങൾ നടത്തിയ വ്യക്തിയെന്ന നിലയിൽ, പ്രിസൺ മാന്വലിൽ ജാതിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന രീതി എനിക്ക് വലിയ ഞെട്ടലുണ്ടാക്കി. ജയിലിനകത്ത് തടവുകാർ തൊഴിൽ ചെയ്യേണ്ടിവരും. രാജസ്ഥാനിലെ മെഹ്തർ എന്ന പട്ടികജാതി സമുദായത്തെക്കുറിച്ച് – മെഹ്തർ ജാതിയിലുള്ള ഒരാൾ ജയിലിലെത്തിയാൽ അയാളെ ചില പ്രത്യേക തൊഴിലുകൾ ഏൽപ്പിക്കണം. മെഹ്തർ ജാതിയിൽ നിന്നുള്ള ഒരു വ്യക്തി ജയിലിൽ തൂപ്പ് ജോലിയും തോട്ടിപ്പണിയും ചെയ്യേണ്ടിവരും. ജാതിയുടെ അടിസ്ഥാനത്തിൽ ജയിലിനകത്ത് ജോലി ചെയ്യേണ്ടിവരും എന്നത് അറിയുന്ന കാര്യമാണെങ്കിലും ഒരു നിയമമായി അത് ജയിലിൽ പാലിക്കുന്നു എന്നറിഞ്ഞത് കൂടുതൽ ഞെട്ടലാണുണ്ടാക്കിയത്. ഇങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. ജയിൽ പോലെ നിയന്ത്രിതമായൊരു ഇടത്ത് ഇങ്ങനെ ചെയ്യിക്കുക എന്നത് ബോണ്ടഡ് ലേബർ ആണ്. ബോണ്ടഡ് ലേബർ എന്നാൽ അടിമത്തമാണ്, അടിമവ്യവസ്ഥ നിരോധിക്കപ്പെട്ടതാണ് ഇവിടെ. ഇത് നിയമപരമായി എഴുതിവെച്ചിരിക്കുക കൂടിയാണ്. ഞാൻ കൂടുതൽ വായിച്ചു, പ്രിസൺ റൂൾ പറയുന്നത് ചില ജോലികൾ മാത്രം ആരാണ് ചെയ്യേണ്ടത് എന്ന് കൂടിയാണ്. ബ്രാഹ്‌മണ ജാതിയിൽ നിന്നുള്ള ഒരു വ്യക്തിക്ക് ഭക്ഷണമുണ്ടാക്കുന്ന ജോലിയാണ് നൽകുന്നത്. ജയിലിന് പുറത്തായിരുന്നപ്പോൾ ഈ വ്യക്തികളുടെ തൊഴിൽ ഭക്ഷണം പാചകം ചെയ്യലോ അടിച്ചുവാരലോ ആയിരുന്നോ? അല്ല, അടിച്ചുവാരൽ ജോലി ചെയ്യേണ്ടിവരുന്ന വ്യക്തി പുറത്ത് മറ്റെന്തെങ്കിലും കായികാധ്വാനം വേണ്ടുന്ന ജോലിയായിരിക്കും ചെയ്യുന്നത്. അല്ലെങ്കിൽ എന്തെങ്കിലും വൈറ്റ് കോളർ ജോലിയായിരിക്കും, നമുക്കറിയില്ല. അതുപോലെ ജയിലിലെത്തുന്ന ഒരു ബ്രാഹ്‌മണ പുരുഷൻ ഒരു മോശം പാചകക്കാരനാകാം.
ഈ രീതിയിൽ മനുവിന്റെ ജാതി വ്യവസ്ഥയെ ജയിൽ മാന്വൽ ഒരു നിയമമായി അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റ് നിയമാവലികളിൽ ഇതിങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. പ്രിസൺ മാന്വലുകൾ അങ്ങനെ എളുപ്പത്തിൽ കിട്ടുന്നതല്ല. പ്രിസൺ ഒരു സംസ്ഥാനത്തിന്റെ ഭരണപരിധിയിലാണ് വരുന്നത്. ഓരോ സംസ്ഥാനത്തിനും അതിന്റേതായ റൂൾ ബുക്ക് ഉണ്ട്. എല്ലാ തടവുകാരും എല്ലാ ജയിൽ ഉദ്യോഗസ്ഥരും ഇത് അനുസരിക്കേണ്ടതാണ്. പ്രിസൺ മാന്വൽ മുന്നോട്ടുവെക്കുന്ന നിയമങ്ങൾ അനുസരിച്ചാണ് ഒരോ തടവുകാരും പ്രിസൺ ഉദ്യോഗസ്ഥരും പ്രവർത്തിക്കുക. പ്രിസൺ മാന്വൽ എളുപ്പം കിട്ടുന്നതല്ല, തടവുകാർ അവരുടെ അവകാശങ്ങൾ എന്താണെന്ന് മനസ്സിലാക്കാതിരിക്കാൻ വേണ്ടി ഇത് രഹസ്യരേഖകളാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ അവർ അതിനായി ശബ്ദമുയർത്തും, അതുണ്ടാകാതിരിക്കാൻ അവരെ ഇതേക്കുറിച്ച് അറിയിക്കാതിരിക്കുക. ഇത് തടവുകാർക്ക് കിട്ടുന്നില്ലെങ്കിൽ, തടവുകാരുടെ അഭിഭാഷകർക്ക് കിട്ടുന്നില്ലെങ്കിൽ നമ്മൾ മാധ്യമപ്രവർത്തകർക്ക് എങ്ങനെയാണിത് കിട്ടുക?
പ്രിസൺ പ്രവർത്തിക്കുന്നത് ഒരു റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലാണ്. പ്രിസൺ സംസ്ഥാന വിഷയമാണ്, ഓരോ സംസ്ഥാനത്തിനും റൂൾ ബുക്ക് ഉണ്ട്. ഓരോ തടവുകാരും ഈ മാന്വൽ അനുസരിക്കണം, ഓരോ പ്രിസൺ ഉദ്യോഗസ്ഥരും ഇതനുസരിച്ച് പ്രവർത്തിക്കണം എന്നാണ്. ഈ മാന്വലുകൾ എളുപ്പത്തിൽ ലഭ്യമാകുന്നതല്ല. ഇവയുടെ സ്വഭാവം തന്നെ അങ്ങനെയാണ്. തടവുകാർ അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയാതിരിക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമാണ്. സ്വന്തം അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ തടവുകാർ അവ ഉയർത്തിപ്പിടിക്കുമെന്ന് കരുതുന്നതുകൊണ്ടാണ്. അത്രയും രഹസ്യമായി സൂക്ഷിക്കുന്നതാണ് പ്രിസൺ മാന്വൽ. പ്രിസൺ മാന്വൽ കണ്ടെത്തുക എന്നതായിരുന്നു ഈ റിപ്പോർട്ടിന് വേണ്ടി ഞാൻ ചെയ്ത പ്രധാനജോലി. ഒരു പ്രിസൺ മാന്വൽ കിട്ടിയാൽത്തന്നെ അത് അപ്‌ഡേറ്റ് ചെയ്യപ്പെട്ട വേർഷൻ ആണോ എന്ന് ഉറപ്പുവരുത്തണം. അതിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ എങ്ങനെയാണ് അത് അറിയുക? പ്രിസൺ മാന്വൽ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി പല തവണ യാത്ര ചെയ്യേണ്ടിവന്നു. പതിനഞ്ചോളം പ്രിസൺ മാന്വലുകൾ ഞാൻ അങ്ങനെ കണ്ടെത്തി, അവ ഓരോന്നായി വായിക്കാൻ തുടങ്ങി. രാജസ്ഥാൻ ഒരു ഒറ്റപ്പെട്ട കേസ് അല്ല എന്നെനിക്ക് മനസ്സിലായി. പശ്ചിമ ബംഗാളിന്റെ പ്രിസൺ മാന്വലിൽ അവിടത്തെ ദലിത് വിഭാഗമായ ചണ്ഡാൽ ജാതിയിൽ നിന്നുള്ളവർ എന്തൊക്കെ ചെയ്യണം എന്നും ബ്രാഹ്‌മണ ജാതിയിൽ നിന്നുള്ളവർ എന്തൊക്കെ ചെയ്യണമെന്നും എഴുതിയിട്ടുണ്ട്.
പ്രിസൺ മാന്വൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ അറിയേണ്ടത് ഇതെല്ലാം പ്രയോഗത്തിലുള്ളതാണോ എന്നാണ്. അതിനായി ഓരോ സംസ്ഥാനങ്ങളിലും തടവുകാരായിരുന്നവരുമായി സംസാരിക്കണമായിരുന്നു. ഒരു മാധ്യമപ്രവർത്തകയായും ഗവേഷകയായും ജയിലുമായി ഇടപെട്ടിട്ടുള്ളതുകൊണ്ട് എനിക്കുള്ള കോണ്ടാക്റ്റ് ഉപയോഗപ്പെടുത്തി പലരുമായും സംസാരിച്ചു. ഭരണഘടനാവിരുദ്ധമായ ഒട്ടേറെ കാര്യങ്ങൾ പ്രിസൺ മാന്വലിൽ ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതെല്ലാം നിയമപരമായി തന്നെ ഭരണകൂടം ചെയ്യുന്ന കുറ്റകൃത്യങ്ങളാണ്. എന്നാൽ, കേരളത്തിലും മഹാരാഷ്ട്രയിലും റൂൾബുക്കിൽ ഇത്തരം കാര്യങ്ങളൊന്നും പറയുന്നില്ലെങ്കിലും പ്രായോഗികമായി ഇതെല്ലാം നടക്കുന്നുണ്ട്. അതേ മനുസ്മൃതി തന്നെയാണ് ഇവരെല്ലാം പ്രയോഗിക്കുന്നത്. മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കണമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വിഭജനവും വേണമെന്ന് ഇവർ വിശ്വസിക്കുന്നു. തമിഴ്‌നാടിന്റെ കാര്യത്തിൽ ഇങ്ങനെ പ്രശ്‌നമില്ല. പക്ഷേ, തമിഴ്‌നാട്ടിൽ ഉള്ളത് മറ്റൊരു പ്രശ്‌നമാണ്. തൊഴിൽപരമായി വിഭജിച്ചില്ലെങ്കിലും തടവറകൾ തന്നെ ഓരോ ജാതിയുടെയും പേരിൽ വിഭജിച്ചിരിക്കുകയാണ്! പള്ളർ ബാരക്ക്, നാടാർ ബാരക്, തേവർ ബാരക് എന്നിങ്ങനെ. ഈ ജാതിസമുദായങ്ങളെ ഒരുമിച്ച് നിർത്താതിരിക്കുക എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള ഇവരുടെ ന്യായീകരണം. ഇവരെല്ലാം ഒന്നിച്ച് നിൽക്കുന്ന ഇടങ്ങളിൽ സംഘർഷ സാധ്യതയുണ്ട് എന്നാണ് ജയിലിന്റെ ന്യായീകരണം. ഈ ന്യായീകരണം തുറന്നൊരു ഇടത്തിൽ ചിന്തിച്ചുനോക്കൂ. ഒരു ചേരി- അവിടത്തെ ആളുകളെ ആ ചേരിയിൽ മാത്രമായി നിയന്ത്രിക്കാൻ കഴിയുമോ? സവർണ ജാതിയിൽ നിന്നുള്ള ഒരാളെ അയാളുടെ ഇടത്തിൽ മാത്രമായി നിയന്ത്രിക്കാൻ കഴിയുമോ? അതിനെ നമുക്ക് നീതീകരിക്കാൻ കഴിയുമോ? അത് അംഗീകരിക്കാൻ കഴിയില്ല. പക്ഷേ ജയിലിൽ ഇത് നീതീകരിക്കപ്പെടുന്നു.
ഞാൻ ഈ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സി അരുൾമണി എന്നയാൾ ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മനുഷ്യരെ ഈ രീതിയിൽ ജാതീയമായി വേർതിരിക്കുന്നതിനെതിരെ ഹർജി നൽകി. തടവുകാർ മാത്രമല്ല ജയിൽ ഉദ്യോഗസ്ഥരും ജാതിയുടെ പേരിൽ വേർതിരിക്കപ്പെട്ടവരാണ്. മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചിനെയാണ് അരുൾമണി സമീപിച്ചത്. സർക്കാർ ഇതിനെ ന്യായീകരിച്ചത് ഇതൊരു ക്രമസമാധാന പ്രശ്‌നമാണ്, ഇങ്ങനെ ചെയ്യുന്നത് ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടിയാണ് എന്നുമായിരുന്നു. വളരെ ചെറിയൊരു വാദമായിരുന്നു നടന്നത്, സർക്കാരിന്റെ വാദത്തെ കോടതി അംഗീകരിച്ചു. പിന്നീട് പരാതിക്കാരന് ഈ പരാതിയുമായി ഉന്നത കോടതിയെ സമീപിക്കാനുള്ള സാമ്പത്തിക സാഹചര്യങ്ങളുണ്ടായിരുന്നില്ല.
പാളയംകോട്ടൈ സെൻട്രൽ ജയിലിലെ ഈ വിവേചനത്തെ കുറിച്ച് അറിഞ്ഞശേഷം ഞാൻ അഡ്വക്കേറ്റ് കെ രാജയുമായി സംസാരിച്ചു. കുറേ കാലമായി ഇത്തരം കേസുകളിൽ കെ രാജ ഇടപെടൽ നടത്തിവരുന്നു. മുമ്പ് തടവുകാരായിരുന്ന നിരവധിപേരുമായി സംസാരിക്കാൻ കെ രാജ എനിക്ക് അവസരമൊരുക്കിത്തന്നു. രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പേരറിവാളൻ പരോളിൽ പുറത്തുവന്നപ്പോൾ അദ്ദേഹത്തെയും എനിക്ക് കാണാൻ കഴിഞ്ഞു. പാളയംകോട്ടൈ ജയിലിൽ പേരറിവാളൻ ഉണ്ടായിരുന്നു. അതുവഴി എനിക്ക് കുറേപ്പേരുമായി സംസാരിക്കാൻ കഴിഞ്ഞു. അങ്ങനെ അവസാനം റിപ്പോർട്ട് എഴുതി പ്രസിദ്ധീകരിച്ചു. അതിനോട് നല്ല പ്രതികരണങ്ങളുണ്ടായി. ഈ റിപ്പോർട്ട് പുറത്തുവന്ന ശേഷം രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പൂർ ബെഞ്ച് ഈ റിപ്പോർട്ട് സ്വമേധയാ പരിഗണിച്ചു. രാജസ്ഥാൻ എന്റെ കേസ് സ്റ്റഡിയിലെ പ്രധാന ഭാഗമായിരുന്നതിനാൽ രാജസ്ഥാൻ പ്രിസൺ മാന്വലിൽ നിന്നും ജാതിയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കണണെന്ന് കോടതി പറഞ്ഞു. ഒരു റിപ്പോർട്ടറെന്ന നിലയിൽ എനിക്ക് വലിയ സന്തോഷം തോന്നി, കാരണം ചൂണ്ടിക്കാണിച്ച ഒരു കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുകയാണല്ലോ. എഴുപത്തഞ്ച് വർഷങ്ങളിൽ ആദ്യമായി രാജസ്ഥാൻ അവരുടെ ജയിൽ മാന്വൽ മാറ്റി. മാറ്റങ്ങൾക്ക് ശേഷം രാജസ്ഥാൻ പ്രിസൺ മാന്വൽ നന്നായോ? ഇല്ല. കാരണം, അവർ മാറ്റിയത് ഞാൻ റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ മാത്രമാണ്. എനിക്ക് കഴിയുന്നത്ര കാര്യങ്ങൾ ഞാൻ മനസ്സിലാക്കുകയും പരിമിതികളിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തതിലൂടെ പുറത്തുകൊണ്ടുവരാൻ പറ്റിയ കാര്യങ്ങളാണിത്. ചില കാര്യങ്ങൾ എനിക്ക് അറിയാത്തതുകൊണ്ടും ആവശ്യമുള്ള വിവരങ്ങൾ ആവശ്യമുള്ള സമയത്ത് കിട്ടാത്തതുകൊണ്ടും പല കാര്യങ്ങളും അറിയാതെ പോയിട്ടും ഉണ്ടാകാം. എന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ പ്രിസൺ ഭേദഗതിയിലും ഉൾപ്പെട്ടിട്ടില്ല.
രാജസ്ഥാൻ ഹൈക്കോടതിയിൽ ഈ ഇടപെടലുണ്ടായപ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കും ഇത്തരം ഇടപെടൽ നടത്താൻ കഴിയില്ലേ എന്ന് ഞാൻ ആലോചിച്ചു. ഒരു റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ അതിന്റെ advocacy എങ്ങനെ ചെയ്യണമെന്ന് നമ്മൾ കൂടുതലായി ചിന്തിക്കാറില്ല. ഞാൻ ഒരു സംസ്ഥാനം കവർ ചെയ്യുന്ന റിപ്പോർട്ടറുമാണ്, എനിക്ക് വേറെയും കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ളതാണ്. ജയിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുറേ സംഘടനകളെ ഞാൻ സമീപിച്ചു. പക്ഷേ. അവരിൽനിന്നും അനുകൂല പ്രതികരണങ്ങൾ കിട്ടിയില്ല. ഇടപെടാനുള്ള വഴികൾ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. ഗവേഷണം തുടർന്നു, ഞാൻ കുറേ വായിച്ചു. പ്രിസൺ മാന്വലുകൾ വീണ്ടും വീണ്ടും വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഞാൻ വിട്ടുപോയ വളരെ പ്രധാനപ്പെട്ടൊരു കാര്യമുണ്ടായിരുന്നു. ക്രിമിനൽ ട്രൈബ്‌സ് ആക്റ്റ് അനുസരിച്ച് കുറ്റവൽക്കരിച്ചിരുന്ന, പിന്നീട് കുറ്റവിമുക്തമാക്കിയ ഗോത്രവിഭാഗങ്ങളെ കുറിച്ചാണത്. ഡീ നോട്ടിഫൈഡ് ട്രൈബ്‌സ് എന്നാണ് ഈ ഗോത്രവിഭാഗങ്ങൾ ഇന്ന് അറിയപ്പെടുന്നത്. പ്രിസൺ മാന്വലിൽ ഇവരെ വ്യക്തമായ നിർവ്വചനത്തോടെ മാറ്റിനിർത്തുന്നുണ്ട്, ജയിലിൽ ജോലികൾ നൽകുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഇങ്ങനെയാണ്, ഭരണപരമായ കാര്യങ്ങൾ ഒരിക്കലും habitual offender ആയ ആരെയും ഏൽപിക്കരുത് എന്ന് പറയുന്നു. ആരാണ് ഈ habitual offender? ചിലയിടങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്, ആരാണ് habitual offender എന്ന്, നാടോടികളായ ഗോത്രവിഭാഗങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഞാനൊരു വലിയ മേഖല തന്നെ റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുണ്ട് എന്നു മനസ്സിലായി. ഇത്തരം പരാമർശങ്ങൾ പ്രിസൺ മാന്വലുകളിൽ നിന്നും നീക്കം ചെയ്യപ്പെടുക എന്നതാണ് അത്യാവശ്യം.
അഭിഭാഷകയും സുഹൃത്തുമായ ദിഷ വാഡേക്കറുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്, ഈ കേസിൽ എന്റെ അഭിഭാഷകരിലൊരാൾ ദിഷയാണ്. ജാതി ഉന്മൂലന രാഷ്ട്രീയം തന്നെയാണ് ദിഷയുടെ രാഷ്ട്രീയവും. ഇതിനെ മനസ്സിലാക്കാൻ കൂടുതൽ ആഴത്തിലേക്ക് പോകണമെന്ന് ഞങ്ങൾ മനസ്സിലാക്കി. കൂടുതൽ പ്രശ്‌നങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ ഹൈക്കോടതികളിലേക്ക് കത്തയക്കാമെന്ന ആശയമാണ് നമുക്ക് ആദ്യമുണ്ടായിരുന്നത്. അവർ അതിൽ പ്രതികരിച്ചില്ലെങ്കിൽ കേസ് മുന്നോട്ടുപോകുകയില്ല. കത്ത് എഴുതുകയാണെങ്കിലും അതിൽ കാര്യമായ ഗവേഷണം നടത്തണം. ഒരു പെറ്റിഷൻ തയ്യാറാക്കുന്നതാണ് നല്ലത് എന്നുതോന്നി. പരാതിക്കാരി ഞാൻ ആയിരിക്കും എന്നൊരു തീരുമാനവും ഉണ്ടായിരുന്നില്ല. തടവുകാരായിരുന്ന ആരെങ്കിലും അല്ലെങ്കിൽ തടവുകാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനകൾ- ഇവർ പരാതി നൽകുന്നതാകും നല്ലത് എന്ന് ഞാൻ കരുതി. സംഘടനകളിൽ നിന്നും എനിക്ക് അനുകൂല പ്രതികരണങ്ങൾ കിട്ടിയില്ല. തടവുകാരായിരുന്ന ആളുകൾക്ക് ഇത്തരമൊരു പരാതിയുമായി മുന്നോട്ടുപോകുന്നതിലുള്ള സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. അവർ കൂടുതൽ പ്രശ്‌നങ്ങളിലാകാൻ സാധ്യതയുണ്ട്. സർക്കാരിനെതിരെ പരാതി നൽകിയാൽ അവർ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയൊരാൾ പരാതി നൽകാൻ മുന്നോട്ടുവന്നെങ്കിലും ഏതെങ്കിലും രീതിയിൽ ഭരണകൂട നടപടി നേരിടേണ്ടിവരുമെന്ന ഭയവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ പരാതിക്കാരിയായത്. ജാതിയെക്കുറിച്ച് റിപ്പോർട്ടിങ്ങ് ചെയ്യുന്നതുകൊണ്ടും വർക്ക് ജാതിയെ കേന്ദ്രീകരിച്ചുള്ളതായതുകൊണ്ടും പരാതിക്കാരിയാകുന്നതിൽ കുഴപ്പമില്ല എന്നാണ് അഭിഭാഷകർ എന്നോട് പറഞ്ഞത്.
പൊതുതാൽപര്യ ഹർജികൾ പറയുന്നത് ഏതൊരാൾക്കും അനീതിയെ സംബന്ധിച്ചുള്ള ഒരു പരാതി ഉന്നയിക്കാം എന്നതിന്റെ സാധ്യതയാണല്ലോ?
അതെ. പൊതുതാൽപര്യ ഹർജികളുടെ ആശയം അങ്ങനെയാണ്. പക്ഷേ പൊതുതാൽപര്യ ഹർജികൾക്കെതിരെ കോടതികളുടെ നിലപാടിൽ പ്രശ്‌നങ്ങളുണ്ട്. ചില പൊതുതാൽപര്യ ഹർജികളെ അവയിൽ സ്ഥാപിത താൽപര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാരോപിച്ച് തള്ളിക്കളയാറുണ്ട്. പരാതിക്കാർ കോടതിയെ സമീപിക്കുമ്പോൾ ചില കേസുകളിൽ പിഴ ചുമത്തുന്ന പതിവുമുണ്ട്. ഈ കേസിൽ ഒരു ജേണലിസ്റ്റിന്റെ ജേണലിസ്റ്റിക് വർക്ക് ഗൗരവത്തിൽ പരിഗണിച്ചു എന്നതാണ് പ്രത്യേകത. നന്നായി ഗവേഷണം നടത്തി തയ്യാറാക്കിയ റിപോർട്ട് എന്ന നിലയിൽ തന്നെ കോടതി അതിനെ കണ്ടു.
പ്രിസൺ മാന്വലുകളെക്കുറിച്ചുള്ള പഠനത്തിൽ നിന്നും ഇവയിൽ പൊതുവായി ഉണ്ട് എന്ന് സുകന്യ കണ്ടെത്തിയ കാര്യങ്ങൾ എന്തൊക്കെയാണ്? തടവുകാരെ അവർ ചെയ്ത/ അല്ലെങ്കിൽ ചെയ്തതായി ആരോപിക്കുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്നുണ്ടോ?
ജയിലിനകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലൊന്ന് തടവുകാരുടെ ജാതി സ്വത്വത്തിന്റെ പേരിലുള്ള വേർതിരിവ് തന്നെയാണ്. ഒരാളുടെ സാമ്പത്തിക പദവിയും ഇതിൽ വലിയ ഘടകമാകും. ജയിലിനകത്ത് ജീവിതം അൽപമെങ്കിലും മെച്ചപ്പെടുത്താൻ പണം കൈക്കൂലിയായി നൽകേണ്ടിവരും. അങ്ങനെ പണം കൊടുക്കാൻ കഴിയാത്തവരുടെ ജീവിതം വലിയ ബുദ്ധിമുട്ടായിരിക്കും. പുറംലോകവുമായി ബന്ധമില്ലാത്ത, അകത്തേക്ക് കാണാൻ പറ്റാത്ത ഒരിടമാണ് ജയിൽ. ജയിലിനകത്ത് നടക്കുന്ന പല കാര്യങ്ങളും ആരും അറിയുകയില്ല. പുറംലോകത്ത്, അടഞ്ഞ മുറിക്കുള്ളിൽ നടന്ന അക്രമത്തെക്കുറിച്ചാണെങ്കിലും എങ്ങനെയെങ്കിലും വിവരം പുറത്തുവരും. ജയിലിനകത്തുനിന്ന് അങ്ങനെയൊരു വിവരം പുറത്തുവരാൻ സാധ്യതകൾ കുറവാണ്. ദലിത്, ബഹുജൻ സമുദായങ്ങളിൽ നിന്നുള്ള തടവുകാർ അവരുടെ ജാതി സ്വത്വം കാരണം, മറ്റുള്ളവരെക്കാൾ കൂടുതൽ vulnerable/ ദുർബലർ ആണ്. മഹാരാഷ്ട്രയിൽ ഞാൻ മനസ്സിലാക്കിയ മറ്റൊരു പ്രശ്‌നം ജാതിയും മതവും ഭൂപ്രദേശവും എല്ലാം ചേർന്ന സങ്കീർണമായ ഒരവസ്ഥയാണ്. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവർ ആണെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ചാണ് ഞാൻ പറയുന്നത്. മഹാരാഷ്ട്രയിലെ വനിതാ ജയിലായ ബൈക്കുള്ള ജയിലിലായിരുന്നു ഞാൻ ഈ തടവുകാരെ കണ്ടത്. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ നിന്നുമുള്ളവരായിരിക്കാം ഇവർ. ദലിത് ജാതികളിലുള്ള മുസ്ലീം സ്ത്രീകളാണ് ഇവർ. നിയമവിരുദ്ധമായി കുടിയേറിയെന്ന് ആരോപിച്ച് ഫോറിനേഴ്‌സ് നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതാണ് ഇവരെ. ഒരു സ്ത്രീ ബംഗ്ലാദേശ് പൗരയാണെന്നാരോപിക്കപ്പെട്ട് അറസ്റ്റിലാകുമ്പോൾ അവരുടെ കുടുംബം മുഴുവനായും സംശയത്തിന്റെ നിഴലിലാകുന്നു. അവരുടെ ഭർത്താവും കുട്ടികളുമെല്ലാം സംശയത്തിന്റെ നിഴലിലാകുന്നു. ഇവരെയെല്ലാം തിരിച്ചയക്കുകയോ ഇവരെയെല്ലാം ഫോറിനേഴ്‌സ് ആക്റ്റ് ചുമത്തി തടവിലാക്കുകയോ ആണ് ചെയ്യുക. ഒരു കുടുംബത്തിലെ മറ്റെല്ലാവരും ഇവരിൽനിന്നും മാറിനിൽക്കേണ്ടിവരും. കോടതിയിൽ വന്നാലോ, അവർക്ക് മണി ഓർഡർ അയച്ചാലോ ജയിലിൽ കാണാൻ പോയാലോ അങ്ങനെ ഏതുതരത്തിൽ ബന്ധം സൂക്ഷിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം.
അങ്ങനെയുള്ള തടവുകാർ ഒറ്റപ്പെട്ടുപോകും അല്ലേ?
അതെ. ജയിലിൽ ഒറ്റയ്ക്കാവുക എന്നാൽ, ആരും കാണാൻ വരാൻ ഇല്ലാതെ, നിങ്ങൾക്കുവേണ്ടി ഇടപെടാൻ ആരും ഇല്ലാതെ, ആരായിരിക്കും നിങ്ങളുടെ ലോയർ എന്ന് അറിയാനാവാതെ, ജയിലിനകത്തെ കാന്റീനിൽ നിന്നും എന്തെങ്കിലും വാങ്ങി കഴിക്കാൻ ഒന്നോ രണ്ടോ മൂന്നോ ആയിരം രൂപ മണി ഓർഡറായി ആരും അയച്ചുതരാതെ, പുറംലോകത്ത് ഒന്നും ഒരാളെ സഹായിക്കാൻ ഇല്ലെങ്കിൽ ജയിലിലെ ജീവിതം യഥാർത്ഥത്തിൽ നരകമായിരിക്കും. എല്ലാവർക്കും ജയിൽ ഒരു നരകം തന്നെയാണ്. പക്ഷേ, വിദേശ പൗരത്വം ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഏറ്റവും ഭീതിപ്പെടുത്തുന്ന നരകമായിരിക്കും അവിടെ.
കോടതിവിധിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറയുന്നുണ്ട്, “വേർതിരിവ് ഒരിക്കലും പുനരധിവാസം സാധ്യമാക്കുകയില്ല” എന്ന്. പ്രിസൺ മാന്വലിലൂടെ വെളിപ്പെടുന്ന ഇന്ത്യൻ ജയിലുകളുടെ സ്വഭാവം നോക്കുമ്പോൾ ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ് ജയിലും എന്ന് നമുക്ക് വ്യക്തമാകുന്നുണ്ട്. ജയിൽ തിരുത്തലിനും പുനരധിവാസത്തിനുമുള്ള ഒരിടമാണ് എന്ന ആശയം വെച്ചു നോക്കുമ്പോൾ ഇന്ത്യൻ ജയിലുകളിലെ ഇന്നത്തെ അവസ്ഥയെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? ജാതീയമായ വേർതിരിവ് ഇല്ലായിരുന്നു എങ്കിൽ എല്ലാം നന്നായി പോകുന്ന ഒരു പുനരധിവാസ സ്ഥലമാണ് ജയിൽ എന്ന ധ്വനിയും ഈ പ്രസ്താവനയിലുണ്ട്. കെട്ടിച്ചമച്ച കേസുകളിലും നിയമവിരുദ്ധമായും അറസ്റ്റ് ചെയ്യപ്പെടുന്നവരാണ് ജയിലിലെ വലിയൊരു ഭൂരിപക്ഷം തടവുകാരും. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
പശ്ചിമ ബംഗാളിൽ ജയിലിനെ ‘കറക്ഷണൽ സെന്റർ’ എന്നാണ് പറയുന്നത്. ജയിലുകൾ ‘കറക്ഷണൽ സെന്ററുകൾ’ എന്നാണ് അറിയപ്പെടുന്നത്. ജയിൽ എന്നതിന്റെ ആശയം തന്നെ പുനരധിവാസം സാധ്യമാക്കുക എന്നാണ് എന്ന് ജയിൽ ഘടന അവകാശപ്പെടുന്നത്. നമുക്ക് ലഭ്യമായ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ജയിലിനകത്തെ സാഹചര്യങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. നാഷണൽ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ വാർഷിക ഡാറ്റ പറയുന്നത് 4 മുതൽ 5 ലക്ഷം വരെ ആളുകൾ ജയിലിൽ എത്തുന്നുണ്ട് എന്നാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ഏറെക്കാലം തടവനുഭവിക്കാതെ ജയിലിൽ വന്നു പോകുന്നവരുടെ എണ്ണം പ്രതിവർഷം 15 മുതൽ 20 ലക്ഷം വരെയാണ്. ഇന്ത്യയിലെ മൊത്തം ജയിൽ കപ്പാസിറ്റി 2.5 മുതൽ 2.75 ലക്ഷം വരെയാണ്. 200 ശതമാനം വർധനവാണ് തടവുകാരെ ഉൾക്കൊള്ളാനുള്ള ഇടത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്നത്. ഇന്ത്യയിലെ ജയിലുകൾ തിങ്ങിനിറഞ്ഞവയാണ്. ഇരിക്കുവാനും ഉറങ്ങുവാനും ഭക്ഷണം കഴിക്കുവാനും ചെറിയ ഇടം മാത്രം. ഓരോരുത്തരും കഴിക്കുന്ന ഭക്ഷണം പോലും അളന്നുതൂക്കിയാണ് നൽകുക. ഒരു വ്യക്തിക്ക്, അല്ലെങ്കിൽ ഒരു സ്ത്രീക്ക്, ആറ് വയസ്സുവരെ അമ്മയുടെ കൂടെ കഴിയുന്ന – സ്ത്രീ തടവുകാരുടെ കുഞ്ഞുങ്ങൾക്ക് – കൊടുക്കുന്ന ഭക്ഷണം അളന്ന് തിട്ടപ്പെടുത്തിയതായിരിക്കും. ജയിലനകത്ത് ജനസംഖ്യ വർധിക്കുമ്പോഴും ജയിൽ വകുപ്പിലേക്കുള്ള ബജറ്റ് വിഹിതം വർധിക്കാറില്ല. ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതിനാൽ ജയിലിനകത്ത് രോഗവ്യാപനമുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. രോഗം ബാധിച്ചാൽ ആശുപത്രിയിൽ കൊണ്ടുപോകണം. ജയിലിലെ ആശുപത്രിയിലോ ജയിലിന് പുറത്തുള്ള ആശുപത്രിയിലോ രോഗബാധിതർക്ക് ചികിത്സ ഉറപ്പാക്കണം. ജയിലിലെ ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടാകുക. ഒരു ദിവസം ഒരു ഡോക്ടർക്ക് 500 പേരെയാണ് ചികിത്സിക്കാൻ കഴിയുക. പക്ഷേ, ജയിലിലെ ജനസംഖ്യ അതിലും നാന്നൂറിരട്ടിയാണ്. ഇത്രയധികം ആളുകളുള്ള ഒരിടത്ത് ഈ ഡോക്ടർക്ക് കൂടുതൽ ജോലി ചെയ്യേണ്ടിവരും. 500 നു പകരം 2000 രോഗികൾ ഉണ്ടാകാം. ഇവർ ശരിക്ക് ജോലി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊന്നും പരിശോധിക്കാൻ ഒരു സംവിധാനവുമില്ല. എന്നിട്ടും ജയിലിനെ പുനരധിവാസ കേന്ദ്രമെന്നും കരക്ഷണൽ സെന്റർ എന്നും വിളിക്കുന്നു. ജയിലിൽ ഓരോ വർഷവും വ്യത്യസ്തമായ കാരണങ്ങളാൽ 1800 മുതൽ 2000 പേർ വരെ മരിക്കുന്നു എന്നാണ് എൻസിആർബി ഡാറ്റ. അതിൽ 10 ശതമാനം പേരുടേത് ആത്മഹത്യയാണ്. മറ്റൊരു 10 ശതമാനം പേർ കാൻസർ, എച്ച്‌ഐവി, ടിബി പോലുള്ള അസുഖങ്ങൾ കാരണമാണ് മരിച്ചത്. തലവേദന കാരണം എന്ന് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മരണങ്ങളുണ്ട്. തലവേദന ഒരാളുടെ മരണത്തിന് കാരണമാകുമോ? അയാൾക്ക് തലവേദന ഉണ്ടായിരുന്നിരിക്കാം, അതൊരു ട്യൂമർ ആയിരുന്നിരിക്കാം, അയാളെ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ലാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല. രോഗനിർണയം നടത്താത്തതുകൊണ്ട് നമുക്കറിയില്ല. ഹൃദയരോഗം എന്നത് എന്തുമാകാം, കൊളസ്‌ട്രോൾ മുതൽ ഹൃദയാഘാതം വരെ, പല അവസ്ഥകളും ഉണ്ടാകാം. ക്ഷയരോഗം (ടിബി) ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. പക്ഷേ ജയിലിനകത്ത് ആളുകൾ ക്ഷയരോഗം ബാധിച്ച് മരിക്കുന്നുണ്ട്. ഇതാണ് നമ്മൾ പറയുന്ന ജയിൽ എന്ന ഇടം. ഇതിനെ കരക്ഷണൽ സെന്റർ എന്നും പുനരധിവാസ കേന്ദ്രം എന്നുമൊക്കെ വിളിക്കുന്നത് വിരോധാഭാസമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുകന്യ ഇന്ത്യയിലെ ജയിലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ. ജയിലിനെക്കുറിച്ച്, തടവുകാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നാൽ ഭരണകൂടത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നുകൂടിയാണ്. ഈ റിപ്പോർട്ടിങ് അനുഭവത്തെക്കുറിച്ച് എന്തൊക്കെയാണ് പറയാനുള്ളത്?
ജയിൽ ഒരു മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ്. പക്ഷേ, നമ്മൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ജയിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നടക്കുന്ന എല്ലാ ലംഘനങ്ങളും ഉൾക്കൊള്ളുന്നില്ല. ഏറെക്കുറെ എല്ലാ പത്രങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും മനുഷ്യാവകാശങ്ങൾ കവർ ചെയ്യുന്ന റിപ്പോർട്ടർ ഉണ്ടായിരിക്കും. ജെൻഡർ സംബന്ധിച്ച പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജെൻഡർ സെൻസിറ്റീവ് ആയ റിപ്പോർട്ടർ ഉണ്ടായിരിക്കും. ഒരു കലാപം നടക്കുമ്പോൾ അതേക്കുറിച്ച് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും റിപ്പോർട്ട് ചെയ്യാൻ വർഗീയവിരുദ്ധ കാഴ്ചപ്പാടുള്ള ഒരു റിപ്പോർട്ടർ ഉണ്ടായിരിക്കും. അവരെയായിരിക്കും അതേക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഏൽപിക്കുക. പക്ഷേ, ആരാണ് ജയിലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്? സാധാരണയായി ക്രൈം റിപ്പോർട്ട് ചെയ്യുന്നവരായിരിക്കും ജയിലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക. അവർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഷ്യം പകർത്തിയെടുത്ത് റിപ്പോർട്ട് ചെയ്യും. ജയിലിൽ നിന്നുള്ളതായി നമ്മൾ സാധാരണയായി കാണുന്ന വാർത്തകൾ ഏതെങ്കിലും ഒരു ഗ്യാങ് നേതാവ് നടത്തിയ തർക്കം, ഒരു ഡ്രഗ് ഡീലർ ജയിലിനകത്ത് ലഹരിവസ്തുക്കൾ എത്തിച്ചു എന്നതിനെക്കുറിച്ച്, ജയിലിനകത്തേക്ക് മൊബൈൽ ഫോൺ കടത്തി എന്നതിനെക്കുറിച്ച്, ഇതൊക്കെയാണ് ജയിൽ ഉദ്യോഗസ്ഥർക്ക് പുറംലോകത്തെ അറിയിക്കാൻ താൽപര്യമുള്ള വാർത്തകൾ. ജയിലിനകത്തെ ജീവിത സാഹചര്യങ്ങൾ ഒരിക്കലും കവർ ചെയ്യപ്പെടുകയില്ല. ജയിലിൽനിന്നും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രധാനമായും പുറത്തെത്തുന്നത് രാഷ്ട്രീയ തടവുകാരുടെ എഴുത്തുകളിലൂടെയും അവരുടെ അനുഭവങ്ങളിലൂടെയുമാണ്. ജയിലിനകത്തുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ഒരേയൊരു സാഹചര്യം അതാണ്. എല്ലാവരും രാഷ്ട്രീയ തടവുകാരായി പരിഗണിക്കപ്പെടുന്നില്ല, ആരാണ് രാഷ്ട്രീയ തടവുകാർ എന്നത് തീർത്തും മറ്റൊരു ചർച്ച ആവശ്യമുള്ള വിഷയമാണ്.
ജയിലുകളെക്കുറിച്ച് നിർമ്മിതമായ, ഇടുങ്ങിയൊരു കാഴ്ച മാത്രമാണ് നമുക്കുള്ളതെങ്കിൽ ജയിലും അതിനകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും നമ്മുടെ ദൈനംദിന പരിഗണനകളുടെ പുറത്ത് നിൽക്കും. എന്റെ മനസ്സിലാക്കൽ, ജയിൽ എന്നത് തുടർച്ചയായ റിപ്പോർട്ടിങ് നടത്താൻ നമ്മുടെ എഡിറ്റർമാർ താൽപര്യം പ്രകടിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ഒരു ഇടമല്ല എന്നുകൂടിയാണ്. അതിൽ കൂടുതൽ സമയം ചെലവഴിച്ച് അതേക്കുറിച്ച് റിപ്പോർട്ട് ചെയ്ത് തുടർച്ചയുണ്ടാക്കാനുളള സാധ്യതയാണ് വേണ്ടത്. ഒരു അന്വേഷണാത്മക കാഴ്ചപ്പാടിലും രാഷ്ട്രീയ, നയപരമായ കാഴ്ചപ്പാടിലും കൂടുതൽ കൗതുകത്തോടെ നോക്കിയാൽ പല കാര്യങ്ങളും വെളിപ്പെടുത്താൻ കഴിയും. പക്ഷേ, ജയിലിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല.
സുപ്രീം കോടതി വിധിയിലെ പ്രശ്‌നം: കോടതി ഉത്തരവിലെ ഒമ്പത് നിര്‍ദ്ദേശങ്ങളില്‍ ഒന്ന് വിചാരണ തടവുകാരുടെയും ശിക്ഷ വിധിക്കപ്പെട്ട തടവുകാരുടെയും രജിസ്റ്ററുകളില്‍ നിന്ന് ജാതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ജാതി കോളവും നീക്കം ചെയ്യണം എന്നാണ്. ഈ നിര്‍ദ്ദേശത്തിന്റെ യുക്തി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരിയും ഇങ്ങനെയൊരു ആവശ്യം പരാതിയിലൂടെ മുന്നോട്ടുവെച്ചിട്ടില്ല. ജയില്‍ രജിസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന, ജാതി ഉള്‍പ്പെടെയുള്ള ഒരു വ്യക്തിയുടെ വിവരങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവിടങ്ങളിലേക്ക് അയക്കും. രാജ്യത്തെ 1330 ജയിലുകളിലായി 5,73,220 തടവുകാര്‍ ഉണ്ട് എന്നാണ് എന്‍സിആര്‍ബി ഡാറ്റയുടെ ഭാഗമായ പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യയുടെ വിവരം. 4,36,266 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയാണ് ഇന്ത്യയിലെ ജയിലുകള്‍. ഇവരില്‍ 70 ശതമാനത്തില്‍ കൂടുതലും എസ് സി, എസ് ടി, ഒബിസി, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഈ നിര്‍ണായക വിവരം ലഭ്യമാകുന്നത് എന്‍സിആര്‍ബി ഡേറ്റയില്‍ നിന്നാണ്. ഈ വിവരം കിട്ടുന്നത് ജാതി, മത കോളങ്ങളില്‍ നിന്നാണ്. തെലങ്കാനയില്‍ ജാതി വിവരങ്ങള്‍ മാത്രമല്ല ഉപജാതി വിവരങ്ങളും രജിസ്റ്ററില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് വാറങ്കല്‍ ഡിഐജി സമ്പത്ത് മന്ദരപ്പു പറയുന്നു. ‘ഈ വിവരശേഖരണം ഏതൊക്കെ സമുദായങ്ങളില്‍നിന്നുള്ളവരാണ് ക്രിമിനല്‍ നിയമ സംവിധാനത്തില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് എന്നറിയാനാണ്.’ അതേസമയം, ജാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്റ്ററിലൂടെ സൂക്ഷിക്കാത്ത ചില സംസ്ഥാനങ്ങളും ഉണ്ടെന്നും റിപോര്‍ട്ട് പറയുന്നു. പക്ഷേ, ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരുടെ ഇത്തരം വിവരങ്ങളും എന്‍സിആര്‍ബി ഡേറ്റയില്‍ ശേഖരിക്കപ്പെടുന്നുണ്ട്.