Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കുറച്ച് വർഷങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബുൾഡോസർ കേവലം ഒരു യന്ത്രമല്ല. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയുടെ ഒരു രാഷ്ട്രീയ ആയുധമായി ആ മണ്ണിളക്കിയന്ത്രം മാറിയിരിക്കുന്നു. അനധികൃത കയ്യേറ്റമെന്നും കുറ്റവാളികളുടേതെന്നും ആരോപിച്ച് മുസ്ലീം ഭവനങ്ങൾ വ്യാപകമായി തകർക്കപ്പെടുകയാണ്. യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ആരംഭിച്ച ‘ബുൾഡോസർ രാജ്’ ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പതിവായി മാറി. പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിട്ടും ഇടിച്ചുനിരത്തൽ അവസാനിക്കാതെ വന്നതോടെ ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയും രംഗത്തെത്തിയിരിക്കുന്നു. ഒരാൾ കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ അയാളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കാനാവില്ലെന്ന് 2024 സെപ്തംബർ 3ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ബുൾഡോസർ രാജിന് എതിരായ ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ട് ഇപ്രകാരം നിരീക്ഷിച്ചത്. ഭരണഘടനാ അവകാശങ്ങൾ പോലും ലംഘിച്ചുകൊണ്ടുള്ള ഈ നടപടിക്കെതിരായ ശക്തമായ താക്കീതായി മാറി സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ.
കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് പാലിക്കേണ്ട മാർഗ നിർദേശങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കണം. അനധികൃത കെട്ടിടമാണെങ്കിൽ പോലും പൊളിച്ചുമാറ്റുന്നതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. ആദ്യം നോട്ടീസ് അയച്ച് തുടർന്ന് വിശദീകരണം നൽകാനുള്ള സമയം അനുവദിക്കണം. നിയമപരിഹാരങ്ങൾ തേടാനുള്ള അവസരമുണ്ടാകണം. ഇതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ. റോഡിലോ പൊതുസ്ഥലത്തോ ഉള്ള അനധികൃത നിർമ്മാണങ്ങളെ കോടതി പിന്തുണയ്ക്കുന്നില്ല. അത്തരം സാഹചര്യത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം കെട്ടിടങ്ങൾ പൊളിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മാർഗ്ഗരേഖയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഹർജിക്കാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭയാത്രയുടെ ഭാഗമായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടികൾക്കെതിരെ രാജ്യസഭാ മുൻ എം.പിയും സിപിഎം നേതാവുമായ ബൃന്ദ കാരാട്ട്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചത്. ഹരിയാനയിലെ നൂഹിൽ സാമുദായിക കലാപമുണ്ടായതിനെത്തുടർന്ന് മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുകളഞ്ഞതിനെതിരേയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 17ന് വീണ്ടും ഹർജികൾ പരിഗണിക്കും.
എന്നാൽ സുപ്രീം കോടതിയിയുടെ ഈ ഉത്തരവിനെ പാടെ തള്ളുകയാണ് ബി.ജെ.പി. ക്രിമിനൽ കേസിലെ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്നും അത് നല്ല കാര്യമാണെന്നും ഉത്തർപ്രദേശ് ഊർജവകുപ്പ് മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയുമായ എ.കെ ശർമ്മ പറഞ്ഞു. സമാജ് വാദി പാർട്ടിയുടെ ഭരണകാലത്ത് തഴച്ചുവളർന്ന ഗുണ്ടകൾക്കും മാഫിയകൾക്കുമെതിരായാണ് യോഗി ആദിത്യനാഥ് സർക്കാർ ബുൾഡോസർ ഉപയോഗിക്കുന്നതെന്നും സുപ്രീം കോടതി നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് എ.കെ ശർമ്മ പറഞ്ഞു.
പൊളിച്ചു മാറ്റപ്പെടുന്ന പൗരാവകാശം
2022 ഏപ്രിലിൽ ഡൽഹിയിൽ മുസ്ലീം സമുദായത്തിന് നേരെ നടന്ന അതിക്രമങ്ങൾക്ക് പിന്നാലെ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ജഹാംഗീർപുരിയിൽ നിരവധി വീടുകൾ തകർത്തതായി ജാമിയത്ത് ഉലമ -ഇ-ഹിന്ദ് പറയുന്നു. മാധ്യമ പ്രവർത്തകയായ ഗസാല അഹമ്മദ് സംവിധാനം ചെയ്ത ‘ഇന്ത്യാസ് ബുൾഡോസർ ജസ്റ്റിസ്’ എന്ന ഡോക്യുമെന്ററി ഇതിന്റെ ഭീകരത തുറന്നുകാണിക്കുന്നു. ഡൽഹിയിലെ ജഹാംഗീർപുരി മുതൽ ഷഹീൻബാഗ് വരെ, ഉത്തർപ്രദേശ് മുതൽ മധ്യപ്രദേശ് വരെ ‘കലാപക്കാർ’ എന്ന് ആരോപിക്കപ്പെടുന്ന മുസ്ലീം വീടുകൾ ഇടിച്ചുനിരത്തുന്നത് ഭരണകൂടവും പൊലീസും മാധ്യമങ്ങളും ചേർന്ന് ‘അനധികൃത നിർമ്മാണം പൊളിക്കലായി’ ന്യായീകരിക്കുന്നതിനെ ഈ ഡോക്യുമെന്ററി രൂക്ഷമായി വിമർശിക്കുന്നു.
“ഈ രാജ്യം ഘോരവനമായി മാറിയിരിക്കുന്നു. ഇവിടെ ഒരു ഭരണഘടനയോ നിയമമോ ഇല്ല. ഇവിടെ ഞാനും നിങ്ങളും ആരും തന്നെ സംരക്ഷിക്കപെടുന്നില്ല. ഒരു ബുൾഡോസർ നാളെ എന്റെ വീടിന് മുമ്പിൽ വന്നേക്കാം, നിയമപരമായ യാതൊരു പ്രക്രിയയുമില്ലാതെ അതെന്റെ വീട് തകർത്തേക്കാം. നിയമം മാനിക്കപ്പെടുന്ന ഏതൊരു രാജ്യത്തും ജുഡീഷ്യൽ നടപടിയുണ്ട്. പരാതി ഉണ്ടാകും, എഫ്.ഐ.ആർ ഉണ്ടാകും, കോടതി നടപടികൾ ഉണ്ടാകും, ചിലപ്പോൾ ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും അവിടുന്ന് ചിലപ്പോൾ മറ്റ് നടപടികളിലേക്കും പോകും. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇവിടെ ഇതൊന്നും ഒരു ശതമാനം പോലും ഇല്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.” ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ നിലവിലെ അവസ്ഥയെ കുറിച്ച് ‘ഇന്ത്യാസ് ബുൾഡോസർ ജസ്റ്റിസ്’ എന്ന ഡോക്യുമെന്ററിയിൽ ഇപ്രകാരം പറഞ്ഞു.
വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നതിലൂടെ അവരുടെ സ്വപ്നങ്ങൾ തകർക്കുകയും, ഓർമ്മകൾ ഇല്ലാതാക്കുകയും ചെയ്യുന്ന കാഴ്ച ഇന്നത്തെ ഇന്ത്യയിലെ പുതിയ സാധാരണമായി മാറിയിരിക്കുന്നു. “കൊല്ലപ്പെട്ട വീടും ആൾക്കൂട്ട കൊലപാതകമാണ്, അതിലെ താമസക്കാർ ഒഴിഞ്ഞുകൊടുക്കുകയാണെങ്കിലും…”എന്ന മഹ്മൂദ് ദർവേശിന്റെ കവിതയിലൂടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.
വീടുവിടുന്ന ന്യൂനപക്ഷം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി തെളിയിക്കുന്ന കണക്കുകൾ പുറത്തുവന്നിരുന്നു. നിർബന്ധിത കുടിയൊഴിപ്പിക്കലിൽ 7.4 ലക്ഷം പേർ ഭവനരഹിതരായെന്നും കണക്കുകൾ പറയുന്നു. 2022-23 വർഷത്തെ ഹൗസിംഗ് ആൻഡ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്ക് (എച്ച്.എൽ.ആർ.എൻ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇതുവരെ പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് തകർത്തത്. രാജ്യത്തെ നഗര-ഗ്രാമ മേഖലയിൽ നിന്ന് 738,438 പേരെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കി. 2017 മുതൽ 2023 വരെ 16.8 ലക്ഷം പേരെയാണ് ഇത്തരത്തിൽ കുടിയൊഴിപ്പിച്ചതെന്ന് ഈ റിപ്പോർട്ട് പറയുന്നു. 2022 ൽ 46,371 വീടുകൾ തകർത്തു. 2,22,686 പേർ ഭവനരഹിതരായി. 2023 ൽ 107,449 വീടുകൾ തകർത്തു. 515,752 പേർ ഭവനരഹിതരായി.
ചേരി ഒഴിപ്പിക്കൽ, അനധികൃത നിർമ്മാണം തടയൽ, നഗരസൗന്ദര്യവത്കരണം തുടങ്ങിയവയാണ് ഈ കുടിയൊഴിപ്പിക്കലിന് സർക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ. 2023ൽ കുടിയൊഴിപ്പിക്കൽ കൂടുതലായി നടന്ന പ്രദേശങ്ങൾ മധ്യപ്രദേശിലെ ചിറാപൂർ, ഉത്തർപ്രദേശിലെ പ്രയാഗരാജ്, സഹാറൻപൂർ, ഹരിയാനയിലെ നൂഹ്, ഡൽഹിയിലെ ജഹാൻഗീർപുരി എന്നിവിടങ്ങളാണ്. അനധികൃത നിർമ്മാണം പൊളിക്കൽ എന്ന പേരിൽ നടക്കുന്ന ഈ അനീതിക്കെതിരെ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടൽ ബി.ജെ.പിക്ക് രാഷ്ട്രീയമായ തിരിച്ചടിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.