Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
‘സ്വതന്ത്ര മാധ്യമങ്ങൾക്ക് ഇത് നല്ല ദിവസം’, എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ വിട്ടയയ്ക്കാൻ ഉത്തരവിട്ട സുപ്രീംകോടതി നടപടി സ്വാഗതം ചെയ്തുകൊണ്ട് ന്യൂസ് ക്ലിക്ക് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ചൈനയില്‍നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്ന കേസില്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവ് തീർച്ചയായും ഭരണകൂട ഭീഷണിയുടെ വാൾമുനയിൽ നിൽക്കുന്ന ഇന്ത്യയിലെ സ്വതന്ത്ര മാധ്യമങ്ങൾക്ക് ആശ്വാസകരമാണ്. ഒപ്പം, മാധ്യമ സ്വാന്തന്ത്ര്യ സൂചികയിൽ ഏറ്റവും മോശമായ നിലയിലേക്ക് ഇന്ത്യയെ എത്തിച്ച നരേന്ദ്രമോദി സർക്കാരിനും അന്യായമായ അറസ്റ്റിന് ശ്രമിച്ച ഡൽഹി പൊലീസിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു. അറസ്റ്റ് നടപടികള്‍ ശരിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ പൂർണ്ണമായും നിരസിച്ച സുപ്രീംകോടതി ഉത്തരവ്, യു.എ.പി.എ കേസുകൾ പരിഗണിക്കവെ ജുഡീഷ്യറി പാലിക്കേണ്ട നിയമപരമായ സൂക്ഷമതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായി മാറുന്നു. അറസ്റ്റുചെയ്യുന്ന സമയത്ത് അതിനുള്ള കാരണം അറിയിച്ചില്ല, അതിനാല്‍ യു.എ.പി.എ. ചുമത്തിയുള്ള ഡല്‍ഹി പോലീസിന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് പ്രബീറിനും കൂടെ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എച്ച്.ആർ മേധാവിക്കും നല്‍കിയില്ലെന്നതടക്കം നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പ്രബീറിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യാമോയെന്ന അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ചോദ്യത്തിന്, അതില്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നും സുപ്രീംകോടതി പ്രതികരിച്ചു.
ഒക്ടോബർ മൂന്നിന് നടന്നത്
2023 ഒക്ടോബർ മൂന്നിന് ന്യൂസ്‌ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ റെയ്ഡിന് ശേഷമായിരുന്നു പുരകായസ്തയെ അറസ്റ്റ് ചെയ്തത്. 46 പേരുടെ വസതികളിലാണ് വലിയ രീതിയിലുള്ള പരിശോധനകളും ചോദ്യം ചെയ്യലുകളും നടന്നത്. നിരവധി ലാപ്‌ടോപുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പ്രമുഖ മാധ്യപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ. രഘുനന്ദൻ എന്നിവരുടെയും വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു. ഒക്ടോബർ മൂന്നിന് പുലര്‍ച്ചെ ഡൽഹി പൊലീസ് സ്പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡ് വൈകുന്നേരം ഏറെ വൈകിയാണ് അവസാനിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യു.എ.പി.എ നിയമപ്രകാരം പുരകായസ്തയെ അറസ്റ്റ് ചെയ്തത്.
ചൈനീസ് അനുകൂലമെന്ന ആരോപണം
ചൈനീസ് സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നതാണ് ന്യൂസ് ക്ലിക്കിനെതിരെ പൊലീസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ന്യൂസ് ക്ലിക്ക് വെബ്സൈറ്റിൽ എവിടെയും ചൈനീസ് അനുകൂലമെന്ന് പറയുന്ന വാർത്തകളൊന്നും കാണാൻ കഴിയില്ല. ആരോപണം സ്ഥാപിക്കുന്നതിനായി വളരെ ദുർബലമായ വാദങ്ങളാണ് പൊലീസ് നിരത്തുന്നത്. അതുകൊണ്ടുതന്നെ, സർക്കാർ നയങ്ങളെ വിമർശിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിന് നേരെയുണ്ടായ ആസൂത്രിതമായ നടപടിയാണിതെന്ന സംശയം ബലപ്പെടുന്നുണ്ട്. ന്യൂസ് ക്ലിക്കിന് അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘം സഹായധനം നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയുടെ ചുവടുപിടിച്ചായിരുന്നു ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിൽ വാർത്ത വന്നു എന്ന് മാത്രമല്ല, ബി.ജെ.പി എം.പി നിഷികാന്ത് ദുബെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുകയും ചെയ്തു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ ഈ ആരോപണം ആവർത്തിച്ചു. നെവില്‍ റോയ് സിംഘം സഹായധനം നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വാർത്ത തന്നെ ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നായിരുന്നു. എന്നാൽ ബി.ജെ.പി അത് ആസൂത്രിതമായ ഉപയോഗിച്ചതിന്റെ ഭാഗമായാണ് റെയ്ഡും അറസ്റ്റും അടക്കമുള്ള നടപടികളിലേക്ക് പൊലീസ് വൈകാതെ എത്തുന്നത്. ഡല്‍ഹി പൊലീസിന്റെ കേസിന് പിന്നാലെ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്ന കേസില്‍ സി.ബി.ഐയും പുരകായസ്തയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് എഫ്.ഐ.ആറിലെ വിചിത്ര വാദങ്ങൾ
മാധ്യമസ്ഥാപനത്തിനെതിരായ എഫ്.ഐ.ആർ ആയിട്ടും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള കാര്യങ്ങളല്ല എഫ്.ഐ.ആറിൽ കൂടുതലും ഉൾപ്പെട്ടിരുന്നത്. പകരം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾ പലരീതിയിൽ ന്യൂസ് ക്ലിക്കിനെതിരെ ഉന്നയിക്കാനാണ് പൊലീസ് ശ്രമിച്ചത്.
ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഗൗതം നവലാഖ ന്യൂസ് ക്ലിക്കില്‍ ഓഹരിയുടമയാണെന്നും ഇദ്ദേഹത്തിന് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റ് ഗുലാം നബി ഫായിയുമായും നിരോധിത മാവോവാദി സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇവരുമായി ചേര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും പൊലീസ് ആരോപിക്കുന്നു. (നവ്‌ലാഖ ഭീകരപ്രവർത്തനം ചെയ്തു എന്നതിന് തെളിവില്ല എന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി ഇന്നലെ, മെയ് 14ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു).
കര്‍ഷകസമരം നീട്ടിക്കൊണ്ടുപോയി ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കാന്‍ ശ്രമിച്ചു. വിദേശത്ത് നിന്ന് ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് കർഷക സമരത്തെ പിന്തുണച്ച് അവശ്യസാധനങ്ങളുടെ വിതരണം തടസ്സപെടുത്താൻ ശ്രമിച്ചു. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണത്തെ തെറ്റായ പ്രചാരണങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്കുലറിസവുമായി ചേര്‍ന്ന് പുരകായസ്ത ഗൂഢാലോചന നടത്തി. ജമ്മു കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗം അല്ലെന്ന് വരുത്താൻ ന്യൂസ്ക്ലിക് സ്ഥാപകനും കൂട്ടാളികളും ശ്രമിച്ചു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഇന്ത്യൻ വാക്സിൻ നിർമ്മാണ കമ്പനികൾക്ക് എതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളാണ് എഫ്.ഐ.ആർ പറയുന്നത്.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായിരിക്കെ 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ടിൻ്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പ്രബീര്‍ പുരകായസ്ത. ചരിത്രം ആവർത്തിക്കുന്ന പോലെയാണ് മറ്റൊരു നിഷ്ഠൂര നിയമമായ യു.എ.പി.എ പ്രകാരം 2023ൽ പ്രബീർ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നത്. ‘Keeping Up the Good Fight: From the Emergency to the Present Day’ എന്ന പുസ്തകത്തിൽ ഈ രണ്ട് കാലങ്ങളുടെയും ഓർമ്മകൾ പുരകായസ്ത പങ്കുവയ്ക്കുന്നുണ്ട്.