Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“അടൂർ പറയുന്നു, താൻ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എന്നിട്ടും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചെവികൊടുക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. മറ്റൊരു നായർക്ക് പിന്തുണയുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹത്തിന് തന്നെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. സ്വയംവിമർശനത്തിന് വിധേയനാവുക എന്നതാണ് ജാതിവ്യവസ്ഥയെ ഇല്ലായ്മ ചെയ്യാൻ ആദ്യം ചെയ്യേണ്ട കാര്യം. അർഹതപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിങ്ങൾ സ്വയം ജാതിവ്യവസ്ഥയുടെ വക്താവായി തീരുകയാണ്.”
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തിൽ പങ്കുചേർന്നുകൊണ്ട് പുതുതലമുറയിലെ ശ്രദ്ധേയനായ ദലിത് പണ്ഡിതനും ആക്ടിവിസ്റ്റും അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകനുമായ സൂരജ് യെങ്ഡേ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. വിവർത്തനം: റോണി കപ്പൂച്ചിൻ
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ കടന്നുപോകുന്നത് വളരെ പ്രയാസം നിറഞ്ഞ സമയത്തിലൂടെയാണ്. എന്നാൽ ഈ സമരത്തിലൂടെ ഉരുത്തിരിഞ്ഞ നല്ല കാര്യം ഒരുപക്ഷേ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങി, അധികമാരും അറിയാതെ പോകാമായിരുന്നു ഈ സ്ഥാപനത്തെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്. ശരത്തിന് കടന്നുപോകേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് വായിച്ചത് എനിക്ക് ആഴത്തിലുള്ള വേദനയുളവാക്കി. ഒരിക്കൽ അടിച്ചമർത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന് അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി ഈ സ്ഥാപനം പ്രയോഗിച്ച നയങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. പാർശ്വവത്കരിക്കപ്പെട്ട്, നിരന്തരം അടിച്ചമർത്തലുകൾക്കും അപമാനത്തിനും വിധേയരാകേണ്ടി വരുന്ന ഒരു സമൂഹത്തിന് അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കഴിയുന്ന ഒരു ഇടത്തെയാണ് അധികാര ദുർവിനിയോഗം കൊണ്ട് ഇവർ നിഷേധിക്കുന്നത്. കാരണം സമൂഹത്തിലെ ജാതിവ്യവസ്ഥയെ ഉയർത്തിപ്പിടിക്കുന്ന, ചാതുർവർണ്യത്തിൽ അടിസ്ഥാനമായ മനോഭാവമാണ് ഇപ്പോഴും ഇവർ പുലർത്തുന്നത്. അതല്ലാതെ മറ്റൊരു നീതികരണവും ഇതിനില്ല. ജാതിവ്യവസ്ഥയിൽ തങ്ങൾ വിശ്വസിക്കുന്നില്ല, അതിനെ അംഗീകരിക്കുന്നില്ല എന്ന് അവർ പറയുമ്പോൾ ജാതിവിവേചനം ഉണ്ടാകുന്ന ഒരു സാഹചര്യം ഇവിടെ ഉടലെടുക്കാൻ പാടില്ലായിരുന്നു എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് പ്രതികൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ അതിനർത്ഥം ഇപ്പോഴും ഇവിടെ ജാതിവ്യവസ്ഥ ഉണ്ട് എന്നാണ്. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ട വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ അതിനർത്ഥം ഭരണഘടനാ മൂല്യങ്ങളെ ഈ സ്ഥാപനം ചോദ്യം ചെയ്യുന്നു എന്നാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നിയമങ്ങൾക്കെതിരെ സ്ഥാപനം പ്രവർത്തിക്കുന്നുവെങ്കിൽ കോടതി മുമ്പാകെ വിചാരണയ്ക്ക് വിധേയമാകാനും പൊതുജനത്തിന് മറുപടി കൊടുക്കാനും സ്ഥാപനത്തിന് ബാധ്യതയുണ്ട്. കാരണം ഇത് പൊതുജനത്തിന്റെ നികുതി നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു പൊതു സ്ഥാപനമാണ്. പ്രാഥമികമായി സർക്കാരിന്റെ ഉത്തരവാദിത്വം ഒരാൾക്കും നീതിനിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ്. പ്രത്യേകിച്ച് ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ട, പാർശ്വവത്കരിക്കപ്പെട്ട, ദുർബല ജനവിഭാഗത്തിന്.
ഈ പ്രതിഷേധം പ്രധാനപ്പെട്ടതാണ്. കാരണം നമ്മുടെ സഹോദരനായ രോഹിത് വെമുലയുടെ ഏഴാം ചരമവാർഷികം ആചരിക്കുകയാണ്. അവൻ കടന്നുപോയ ദുരനുഭവങ്ങൾ നമുക്കറിയാം. പുതിയൊരു മൂവ്മെന്റിന് അവൻ തുടക്കം നൽകി. രോഹിത് വെമുലയുടെ ജീവത്യാഗത്തിന്റെ സ്മരണാർത്ഥം നമ്മൾ പോരാട്ടം തുടരുക തന്നെ വേണം. തുല്യതയ്ക്ക് വേണ്ടി പോരാടിയ നമ്മുടെ പൂർവികരുടെ ആ പാരമ്പര്യത്തിലാണ് രോഹിത് വിശ്വസിച്ചത്, അത് ശ്രീനാരായണഗുരു ആകട്ടെ, അംബേദ്കർ ആകട്ടെ, മഹാത്മ അയ്യങ്കാളി ആകട്ടെ, അപ്പച്ചൻ ആകട്ടെ, അല്ലെങ്കിൽ ഈ കാലത്ത് തുല്യതയ്ക്ക് വേണ്ടി പോരാടുന്നവർ ആകട്ടെ. അവരുടെ പോരാട്ടങ്ങളെ നമ്മുടെ ജീവിതത്തിലേക്ക് സാംശീകരിക്കേണ്ടതുണ്ട്. അത് സംഭവിക്കണമെങ്കിൽ നിങ്ങൾ വിദ്യാഭ്യാസം നേടുകയും ലഭ്യമായ അറിവുകളും ബിരുദങ്ങളും സ്വന്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതുവഴി സംഭാഷണങ്ങളിലും സംവാദങ്ങളിലും തുല്യ പങ്കുവഹിക്കാൻ നിങ്ങൾക്ക് കഴിയും. അപ്പോൾ പങ്കാളിയാകാനുള്ള നിങ്ങളുടെ അവസരത്തെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. നിങ്ങൾ അവരുടെ വംശാവലിയിൽ (Pedigree) പെട്ടതല്ലെങ്കിൽ അവർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുകയില്ല, കേൾക്കുക പോലുമില്ല. എന്നാൽ നിങ്ങൾ ഒരു നിലയിൽ എത്തിയാൽ, ഉന്നത വിദ്യാഭ്യാസത്തിലൂടെ, ജീവിതാനുഭവങ്ങളിലൂടെ സമൂഹത്തിന് നിഷേധിക്കാനാവാത്ത ഒരു നിലയിലേക്ക് ഉയർന്നാൽ, നിങ്ങൾക്കു മുമ്പിൽ അവർക്ക് പാത ഒരുക്കേണ്ടി വരും. പക്ഷെ അത് സംഭവിക്കാൻ അവർ അനുവദിക്കുകയില്ല. അത്തരമൊരു ഇടം സ്വന്തമാക്കിയാൽ നിങ്ങൾ അവർക്ക് പ്രശ്നക്കാരായി തീരുമെന്ന് അവർ കരുതുന്നു. കാരണം അവർ ഇപ്പോഴും ജാതിവ്യവസ്ഥയിൽ വിശ്വസിക്കുന്നു. എന്നാൽ പുറമെ അവർ ആ വസ്തുത നിരസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ സമരം പ്രാധാന്യമർഹിക്കുന്നു. കാരണം കേരളത്തിൽ മറ്റൊരു രോഹിത് ഉണ്ടാകരുത്. അതെന്റെ വലിയൊരു ഭയമാണ്. അനീതിക്കെതിരായ ഈ പോരാട്ടത്തിൽ നിങ്ങൾ ശക്തമായി ഉറച്ചു നിൽക്കണം.
ജാതിവിവേചനം ഇല്ല എന്ന് പ്രഖ്യാപിക്കുകയും എന്നാൽ ദലിത് വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഏതെങ്കിലും കോഴ്സുകൾക്ക് അഡ്മിഷൻ നിഷേധിക്കുകയും ചെയ്താൽ അവിടെ ശക്തമായി ജാതിവിവേചനം നിലനിൽക്കുന്നു എന്നുതന്നെയാണ് അർത്ഥം. കേരളത്തെപ്പോലെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ മുന്നോക്കം നിൽക്കുന്നു എന്ന് പറയുന്ന ഒരു സമൂഹത്തിൽ ശക്തനായ ഒരു ദലിത് അല്ലെങ്കിൽ ആദിവാസി നേതാവ് ഉയർന്നുവരുവാൻ തക്ക അവസരങ്ങൾ ഒന്നും നൽകിയിട്ടില്ല. മാറിമാറി വരുന്ന ഇടതു-വലത് സഖ്യ സർക്കാരുകൾ ഒക്കെ തന്നെ ജാതീയമായ അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ ബൗദ്ധിക-സാംസ്കാരിക-രാഷ്ട്രീയമായ ഇടം ദലിതുകൾക്ക് നിരന്തരം നിഷേധിക്കുകയാണ്. ഇത് വളരെ സങ്കടകരമായ വസ്തുതയാണ്. കേരളത്തെക്കുറിച്ച് കേൾക്കുമ്പോൾ ദലിതരോ ആദിവാസികളോ ഇവിടെയുള്ളതായി അപൂർവ്വമായേ കേൾക്കാറുള്ളൂ. എന്നാൽ ഇപ്പോൾ ഇവിടെ നമ്മൾ കേൾക്കുന്നത് ജാതീയമായ അടിച്ചമർത്തലുകളുടെ, അവഹേളനങ്ങളുടെ കഥകളാണ്. കേരളത്തിലെ ദലിതുകളെയും ആദിവാസികളെയും പിന്നോക്ക വിഭാഗങ്ങളെയും കുറിച്ച് ഇപ്പോൾ കേൾക്കുന്നതൊക്കെയും അവർ അനുഭവിക്കേണ്ടിവരുന്ന ക്രൂരമായ വിവേചനങ്ങളെക്കുറിച്ചാണ്, നീതിനിഷേധങ്ങളെ കുറിച്ചാണ്. നിർഭാഗ്യവശാൽ ഇപ്പോൾ കേരളത്തിലുള്ളത് ഇത്തരം ഒരവസ്ഥയാണ്. ഈ ഒരു സാഹചര്യത്തെ നേരിടാൻ സർക്കാരുകൾ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഇടതു സർക്കാർ പിന്നോട്ട് പോകുമ്പോൾ ഭരണഘടനാ മൂല്യങ്ങളിൽ നിന്നുതന്നെയാണ് അവർ പിന്നോക്കം പോകുന്നത്. ഈ സാഹചര്യത്തിൽ നമ്മൾ ഉന്നയിക്കേണ്ട ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവയാണ്.
എന്തുകൊണ്ടാണ് അംബേദ്കർ കേരളത്തിലെ പൊതുസമൂഹത്തിന്റെ ഭാഗമാകാതെ പോകുന്നത് ?
ഒരു പ്രത്യേക ജനത മാത്രം എന്തുകൊണ്ടാണ് ആധുനിക ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവിനെ ആദരിക്കുന്നത്?
എന്തുകൊണ്ടാണ് ഒരു പ്രത്യേക ജാതിയിൽപ്പെട്ട ജനങ്ങൾ മാത്രം നമ്മുടെ സമൂഹത്തിൽ ദൃശ്യമായ ആധിപത്യം പുലർത്തുന്നത്?
ഈയൊരു സമരം ഒരു സ്ഥാപനത്തിനെതിരെ മാത്രമുള്ള ഒരു പ്രതിഷേധമായി ഒതുങ്ങരുത്. ഇതേപോലെ അനീതിയും വിവേചനവും നിലനിൽക്കുന്ന മറ്റ് ഇടങ്ങളിലേക്കും ഈ സമരം വ്യാപിക്കട്ടെ. അധ്യാപകരും വിദ്യാർത്ഥികളും പൊതുസമൂഹവും ഈ സമരത്തിൽ ഒരുമിച്ച് നിന്ന് ഒരു പുതിയ മുന്നേറ്റം നടത്തുകയും ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തരത്തിൽ തുല്യതയുള്ള ഒരു ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുകയും ചെയ്യണം. മെറിറ്റിലൂടെ അഡ്മിഷൻ നേടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ സ്ഥാപനത്തിൽ ചേർക്കാൻ അവർ മറ്റു വഴികൾ കണ്ടെത്തുന്നതിന്റെ ഒരു ഉദാഹരണം ആണ് സാമ്പത്തിക സംവരണം.
2008ലോ 2009ലോ പൂന ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രവേശന പരീക്ഷയിൽ ഞാൻ പത്താം റാങ്ക് നേടുകയുണ്ടായി. സിനിമാട്ടോഗ്രഫി- ഡയറക്ഷൻ കോഴ്സിന്റെ ഇന്റർവ്യൂന് പോയി.
എന്നോട് അവർ ചോദിച്ചു, “നിങ്ങൾ ഒരിക്കലെങ്കിലും ക്യാമറ ഉപയോഗിച്ചിട്ടുണ്ടോ?”
ഞാൻ പറഞ്ഞു, “ഉണ്ട്.”
“പക്ഷെ, ഒരു ക്യാമറ ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതിൻറെ വിശദമായ അറിവ് നിങ്ങൾക്കുണ്ടോ?”
“ഇല്ല. പക്ഷെ പ്രവേശന പരീക്ഷ പാസായി പത്താം റാങ്കിൽ എത്തിയതാണ്” എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഞാൻ ഇന്റർവ്യൂവിന് തോറ്റു. കാരണമായി അവർ പറഞ്ഞത് അനുഭവസമ്പത്തുള്ളവരെയാണ് അവർക്ക് ആവശ്യമെന്നാണ്. ഞാൻ അവിടെ സിനിമാട്ടോഗ്രഫി പഠിക്കാൻ ചേർന്നിരുന്നെങ്കിൽ അവർ പഠിപ്പിക്കുന്നത് ഉൾക്കൊള്ളാൻ എനിക്ക് പ്രയാസമുണ്ടാകുമായിരുന്നു. എനിക്കൊരു പിന്തുണയും ഉണ്ടായിരുന്നില്ല. അവർ എനിക്ക് അഡ്മിഷൻ തരാതിരുന്നതിലൂടെ എന്നിൽ നിന്ന് ഇപ്പോഴത്തെ സൂരജ് യെങ്ഡേയെയാണ് അവർ പുറത്തുകൊണ്ടുവന്നത്. ഇന്ന് ഞാൻ മറ്റൊരു സ്ഥാനത്തെത്തി, അവരുടെ അനീതിക്കെതിരെ പ്രതികരിക്കാൻ കഴിയുന്ന ഒരു സ്ഥാനത്ത് നിൽക്കുന്നു. എപ്പോഴൊക്കെ നിങ്ങൾക്കെതിരെ അവർ അനീതി പ്രവർത്തിക്കുന്നുവോ അപ്പോഴൊക്കെ അത് ഒരുമിക്കാനുള്ള ഒരു അവസരമായി കാണുക. നിങ്ങളുടെ അവബോധങ്ങളെ ഉണർത്തുക. ഒരിക്കലും തോറ്റു പിൻവാങ്ങരുത്. നിങ്ങളുടെ അടിത്തറ ഇളക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.
നമ്മൾക്ക് മനസ്സിലാക്കാൻ കഴിയുന്നിടത്തോളം ഈ സ്ഥാപനം വിദ്യാർത്ഥികൾക്ക് എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും പാർശ്വവത്ക്കരിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവർക്കെതിരായിട്ടാണ് പ്രവർത്തിക്കുന്നത്. ഈ സമരം ഉയർന്ന ജാതിയിൽപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടിയല്ല. അവർക്ക് ധാരാളം അവസരങ്ങളും സാഹചര്യങ്ങളും ഉണ്ട്. അത്തരം സാഹചര്യങ്ങൾ ഇല്ലാത്ത, സാമ്പത്തിക സ്ഥിതിയില്ലാത്ത, നിരന്തരം അടിച്ചമർത്തപ്പെട്ട, ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. അതുകൊണ്ടാണ് നിങ്ങളുടെ സമരം മനോഹരമായി തീരുന്നത്. കാരണം നിങ്ങൾ സംസാരിക്കുന്നത് ഭരണഘടന മൂല്യങ്ങളെ കുറിച്ചാണ്. യഥാർത്ഥത്തിൽ, ഭരണകൂടങ്ങളെയും ഈ സ്ഥാപനത്തിന്റെ അധികാരികളെയും ഭരണഘടന മൂല്യങ്ങൾ എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് പഠിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ഓർമ്മിക്കാനും ആദരിക്കാനും ഉള്ള വെറുമൊരു പുസ്തകം മാത്രമല്ല ഭാരതത്തിന്റെ ഭരണഘടന. മറിച്ച് അംബേദ്കർ പറഞ്ഞതുപോലെ അത് ജീവനുള്ള ഒരു രേഖയാണ് (ലിവിങ് ഡോക്യുമെന്റ്). അതിന് ശ്വസിക്കാൻ കഴിയണം. എല്ലാവർക്കും തുല്യ പങ്കാളിത്തമുള്ള ഒരിടം സൃഷ്ടിക്കാൻ അതിന് കഴിയണം. ജനാധിപത്യപരമായ സമരത്തിലൂടെ, ഭരണഘടനാപരമായ മൂല്യങ്ങളും നിയമങ്ങളും പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ, രാഷ്ട്രീയവും സാമൂഹികമായ മാറ്റത്തിൽ പങ്കാളികളാകുന്നതിലൂടെ, ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരായി നിങ്ങൾ മാറുന്നു. അതിലൂടെ ഐക്യഭാരതത്തെ സ്വപ്നം കാണുന്ന ഒരു ജനതയായി നിങ്ങൾ മാറുകയാണ്. ഇവിടുത്തെ അധികാരികൾക്ക് ഇതിനെക്കുറിച്ച് അവബോധം ഉണ്ടായിരുന്നുവെങ്കിൽ പട്ടിണിക്കിടാതെ നിങ്ങളെ അവർ ആഘോഷിക്കുമായിരുന്നു.
വളരെ മനുഷ്യത്വരഹിതമായി നിങ്ങൾക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്ന വിവരം വളരെ വേദനയോടെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ സമരത്തിന് പിന്തുണയുമായി എത്തിയ സമൂഹം നിങ്ങളുടെ ഈ സമരത്തോടൊപ്പം ഉണ്ട്. നിങ്ങൾ ഈ സമരത്തിൽ ഉറച്ചു നിൽക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. കാരണം ഭരണഘടനാ മൂല്യങ്ങളും അടിസ്ഥാന മാനുഷിക മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിലാണ് നിങ്ങളെന്ന് അവർ തിരിച്ചറിയുന്നു. ഈ ഒരു സമരം ഇതുപോലെയുള്ള മറ്റനേകം സമരങ്ങളിലേക്ക് വഴിതുറക്കുക തന്നെ ചെയ്യും. അതുപോലെതന്നെ പങ്കാളിത്ത ജനാധിപത്യം രൂപീകരിക്കാനുള്ള വഴിയിൽ ഒരു മുന്നേറ്റം ആവുകയും ചെയ്യും. പൊതുവിഭാഗത്തിൽ നിന്ന് വിവിധ കോഴ്സുകളിലേക്ക് കുട്ടികളെ എടുക്കുകയും ദലിത് വിഭാഗത്തിന് അഡ്മിഷൻ നിഷേധിക്കുകയും ചെയ്യുന്നത് കൃത്യമായ ഭരണഘടനാ ലംഘനമാണ്. കോടതിക്ക് മുന്നിൽ എത്തേണ്ടതും ഏറെ നിരാശ നിറഞ്ഞതുമായ ഒരു കാര്യവുമാണത്.
സ്വതന്ത്ര ഭാരതം കണ്ടതിൽ വച്ച് ഏറ്റവും മഹാനായ കെ.ആർ നാരായണന്റെ പേരിലുള്ള ഈ സ്ഥാപനത്തിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് വളരെ നിന്ദ്യമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാൽ മനസ്സിലാകും വളരെയധികം ഔന്നിത്യമുള്ള സ്ഥാനം വഹിക്കുമ്പോഴും എളിമ നിറഞ്ഞ ജീവിതം ആയിരുന്നു നയിച്ചതെന്ന്. തന്ത്രപ്രധാനമായ പല ഓഫീസുകളും കൈകാര്യം ചെയ്ത, യു,എസ് പോലെയുള്ള രാജ്യങ്ങളിൽ അംബാസിഡർ ആയിരുന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരളത്തിലെ ഒരു ദലിത് കുടുംബത്തിൽ നിന്ന് ഉയർന്നുവന്നതാണ്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് രാജ്യത്തെ ആദ്യ ദലിത് രാഷ്ട്രപതിയായി അദ്ദേഹം ഉയർന്നു. രാജ്യത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനത്തിന്റെ പ്രതിനിധിയായ അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പൗരനായി മാറിയത് ദലിത് സമൂഹത്തിന്റെ അഭിമാനമുഹൂര്‍ത്തമായിരുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ അദ്ദേഹം തന്റേതായ ഒരു സ്വാധീനം ചെലുത്തുകയും നമ്മുടെ അഭിമാനത്തെ ഉയർത്തുകയും ചെയ്തു. കാരണം നമ്മളിൽ ഒരാളായ അദ്ദേഹം സമൂഹത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയായിരുന്നു. ക്രിയാത്മകമായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയത്തക്കവിധം തങ്ങളുടെ കഴിവുകളെ ഉപയോഗിക്കാൻ ഇവിടെയെത്തുന്നവരെ അദ്ദേഹത്തിന്റെ പേരിലുള്ള ഈ സ്ഥാപനം തീർച്ചയായും സഹായിക്കേണ്ടതായിരുന്നു. ക്രിയാത്മകതയെ എങ്ങനെ ഈ സമരത്തിൽ ഉപയോഗിക്കണമെന്ന് ഞാൻ പറയേണ്ടതില്ല. കാരണം നിങ്ങൾ തന്നെ ഈ സമരത്തെ അടയാളപ്പെടുത്തുന്നത് ആർട്ട് ഓഫ് പ്രൊട്ടസ്റ്റ് എന്നാണ്. നമുക്ക് സ്വയം അഭിനന്ദിക്കാം. കാരണം ഈ ചെറിയ ഒരു വിജയവും നമ്മൾ ആഘോഷിക്കണം. ഓരോ ചെറിയ വിജയവും നമ്മൾ ലക്ഷ്യം വയ്ക്കുന്നതിലേക്കുള്ള പടവുകളാണ്. എന്താണ് നിങ്ങൾ ലക്ഷ്യം വെക്കുന്നത്? എന്താണ് നിങ്ങൾ ആവശ്യപ്പെടുന്നത്? മറ്റുള്ളവർ ഭക്ഷിക്കരുത് എന്നല്ല നിങ്ങൾ ആവശ്യപ്പെടുന്നത്, മറിച്ച് എനിക്കും ഭക്ഷിക്കണമെന്നാണ്. കാരണം എനിക്ക് വിശക്കുന്നുണ്ട്. ആ വിരുന്നിൽ പങ്കെടുക്കാൻ ന്യായമായ അവകാശം ഉണ്ടായിരിക്കെ എനിക്ക് അവസരം നിഷേധിക്കുന്നു. കാരണം ജാത്യാഭിമാനം സൂക്ഷിക്കുന്ന നിങ്ങളുടെ മനസ്സ് ഇപ്പോഴും ചിന്തിക്കുന്നത് പഴയകാല അടിമകളിലൊന്നാണ് ഞാനെന്നും, ചിന്തിക്കാൻ ബുദ്ധിയോ മത്സരിക്കാൻ മനസ്സോ ഇല്ല എന്നുമാണ്. അതുകൊണ്ട് അവർ പറയുന്നു നിങ്ങൾക്ക് സ്ഥാനം പുറത്താണ്. നിങ്ങൾ ശുചിമുറികൾ വൃത്തിയാക്കുക, പറമ്പിൽ പണിയെടുക്കുക. നിങ്ങളെപ്പോലെയുള്ള ഒരാൾക്ക് ഒരു സിനിമാട്ടോഗ്രഫർ ആകാൻ കഴിയില്ല. ഒരു എഡിറ്ററോ, ഡയറക്ടറോ ആയി സമൂഹത്തിൽ ക്രിയാത്മകമായ ഒരു മാറ്റം വരുത്താൻ കഴിയുകയില്ല. നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. കാരണം നിങ്ങൾ ഇപ്പോഴും പുലയനാണ്, നിങ്ങളിപ്പോഴും തീയനാണ്, അല്ലെങ്കിൽ ദലിതനാണ്. നമ്മൾ സംസാരിക്കുന്നത് ഇവിടുത്തെ കാര്യം മാത്രമല്ല. മറിച്ച് കേരളത്തിന്റെ പൊതുവായ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് മൊത്തമായാണ്.
നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുള്ളത്, നിങ്ങളുടെ സംസ്ഥാനത്തെക്കുറിച്ച് നിങ്ങൾ അഭിമാനം കൊള്ളുമ്പോൾ തന്നെ നിങ്ങൾ ഇവിടെ മാത്രമായി ഒതുങ്ങിപോകരുത് എന്നാണ്. നിങ്ങളുടെ രാഷ്ട്രീയത്തെ രാജ്യത്തിന്റെ വിശാലമായ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുക. രാഷ്ട്രത്തിന്റെ പൊതുവായ പാരമ്പര്യവുമായി ബന്ധപ്പെടുത്തുക. കേരളത്തിൽ നിലനിന്നിരുന്ന ബുദ്ധിസ്റ്റ് പാരമ്പര്യത്തെ അനുസ്മരിക്കുക. തദ്ദേശീയമായ വിശ്വാസം ആചരിക്കുക എന്നതായിരുന്നു ബുദ്ധിസം അർത്ഥമാക്കുന്നത്. ബുദ്ധിസത്തിന്റെ മൂല്യങ്ങൾ ഈ നാട്ടിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതിന്റെ വളരെ പ്രധാനപ്പെട്ട ഒരു തെളിവാണ് ശബരിമല. അവിടുത്തെ ക്ഷേത്രം യഥാർത്ഥത്തിൽ ബുദ്ധക്ഷേത്രമാണ്. ചരിത്രപരമായ ഒരു ബുദ്ധ അടയാളമാണത്. കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഇത്തരമൊരു ചരിത്രത്തെക്കുറിച്ച് അറിവില്ല. ഈഴവ സമൂഹം ശ്രീലങ്കയിൽ നിന്ന് വന്ന, ബുദ്ധമതം ആചരിച്ചിരുന്ന ഒരു സമൂഹമാണ്. ബുദ്ധമതത്തിന്റെ പ്രധാന ശത്രു കേരളത്തിൽ നിന്നുള്ള ശങ്കരാചാര്യരായിരുന്നു. ഭൗതികമായും ധാർമ്മികമായും ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാൻ അദ്ദേഹത്തിന്റെ ബ്രാഹ്മിണിസം പരിശ്രമിച്ചു. പത്തോ മുന്നൂറോ വർഷങ്ങൾ മാത്രമുള്ള ചരിത്രമാണ് ഇവിടെ പ്രബലമായി അറിയപ്പെടുന്നത്. നിങ്ങൾ അതിനും പിന്നിലുള്ള നിങ്ങളുടെ സുവർണ്ണ ചരിത്രത്തോടാണ് നിങ്ങളെ ബന്ധിപ്പിക്കേണ്ടത്. എല്ലാ മനുഷ്യർക്കും, സാധാരണക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും, ഒരുപോലെ ഇടം നൽകിയ മഹാബലിയുടെ രാജ്യവുമായാണ് നിങ്ങളെ ബന്ധപ്പെടുത്തേണ്ടത്. പല പേരുകളിലാണ് അദ്ദേഹം ഇന്ത്യയിൽ പല നാടുകളിൽ അറിയപ്പെടുന്നത്. ഓണം, വൈശാഖി ഇതെല്ലാം വ്യത്യസ്തമായ നാടുകളിലെ ആഘോഷങ്ങൾ ആണെങ്കിലും നിങ്ങളുടെ പൂർവികർ ഒന്നാണെന്ന് എന്നതിന്റെ തെളിവാണത്. നിങ്ങൾ ഇപ്പോഴും ഒരേ മൂല്യങ്ങളാണ് സൂക്ഷിക്കുന്നത്. ഒരേ ചരിത്രമാണ്, ഒരു മിത്തുകളാണ് അവലംബിക്കുന്നത്. അതായിരിക്കണം നിങ്ങൾ അന്വേഷിക്കേണ്ട, നിങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചരട്.
എങ്ങനെ, എന്തുകൊണ്ട് സമരം നടത്തണമെന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അനേകം തലമുറകളിലേക്ക് നിലനിൽക്കേണ്ട ഈ സ്ഥാപനത്തിൽ അടുത്തവർഷം നീണ്ട ഒരു മാറ്റമുണ്ടായാൽ നിങ്ങൾക്ക് അഭിമാനിക്കാം, ഇത്തരം ഒരു മാറ്റത്തിന് കാരണക്കാരാകാൻ കഴിഞ്ഞു എന്നതിൽ. ഞാൻ പറയുന്നു, തീർച്ചയായും ഇവിടെ ഒരു മാറ്റമുണ്ടാകാൻ പോകുന്നു. നിങ്ങൾ നിങ്ങളുടെ കഴിവിലും ബുദ്ധിയിലും ഒക്കെ ആശ്രയിച്ച് ഈയൊരു മാറ്റത്തിനു വേണ്ടി പരിശ്രമിക്കുക. ഒരിക്കലും നിങ്ങളുടെ ധാർമ്മികാടിത്തറ നഷ്ടമാക്കരുത്. ഇപ്പോൾ നിങ്ങൾക്കുള്ള ധാർമ്മികമായി മേൽക്കൈ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. കാരണം ഇപ്പോൾ നിങ്ങൾ എടുത്തിരിക്കുന്ന നിലപാടിൽ നിന്ന് ഒരിക്കലും പിന്നോക്കം പോകാൻ നിങ്ങൾക്ക് കഴിയില്ല. ഇവിടെ നിന്ന് മുന്നോട്ട് മാത്രമേ പോകാനാകൂ. എത്രയധികം മുന്നോട്ടുപോകുന്നുവോ അത്രയധികം പിന്തുണ നിങ്ങൾ നേടും. കൂടുതൽ ആക്ടിവിസ്റ്റുകൾ നിങ്ങളുടെ ഈ പരിശ്രമത്തിൽ പങ്കുചേരും. ഈ പരിശ്രമത്തിൽ നിങ്ങൾ തിരിച്ചറിയും, നിങ്ങൾക്കുവേണ്ടി മാത്രമല്ല നിങ്ങൾ ഇത് ചെയ്യുന്നതെന്ന്. മറിച്ച് അടിച്ചമർത്തലിന്റെ ഒരു നീണ്ട ചരിത്രത്തിലേക്കാണ് നിങ്ങൾ കണ്ണിചേർക്കപ്പെടുന്നത്. ആ ഒരു ചരിത്രത്തെയാണ് നിങ്ങൾ തിരുത്താൻ ശ്രമിക്കുന്നത്. ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താനാണ് നിങ്ങൾ സമരം ചെയ്യുന്നത്. സ്വസ്ഥതയുടെ ഒരു പാതയാണ് നിങ്ങൾ വെട്ടിത്തുറക്കുന്നത്. മൂല്യങ്ങളുടെ ഒരു പാതയാണ് നിങ്ങൾ തെളിക്കുന്നത്. ആദരവിന്റെ വഴിയാണ് തുറക്കുന്നത്. ഭാവിയിൽ ഇവിടെ പഠിക്കാൻ വരുന്ന ഒരാൾക്ക്, അയാൾ ദലിതനോ ആദിവാസിയോ ന്യൂനപക്ഷ സമുദായാംഗമോ ആകട്ടെ, എന്തിന് ഇവിടെ പഠിക്കുന്നത് എന്നതിന്റെ കാരണം വിശദീകരിക്കേണ്ട ഒരു ഗതികേട് ഉണ്ടാകരുത്. എവിടെ നിന്നാണ് അവർ വരുന്നതെന്നോ അവരുടെ മാതാപിതാക്കളുടെ തൊഴിലിനെക്കുറിച്ചോ വിശദീകരിക്കേണ്ടി വരരുത്. അത്തരം ഒരു സാഹചര്യം അവർക്ക് ഉണ്ടായാൽ അവർ എപ്പോഴും അനുസ്മരിക്കും തങ്ങൾക്ക് വേണ്ടി സമരം ചെയ്ത, കഷ്ടപ്പെട്ട ഒരു മുൻ തലമുറ ഇവിടെ ഉണ്ടായിരുന്നുവെന്ന്. ഈ സമരത്തിലൂടെ ഈ സ്ഥാപനത്തിന്റെ ചരിത്രവുമായി നിങ്ങൾ അഗാധമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഇവിടെ ഉണ്ടാകാവുന്ന എല്ലാ മാറ്റങ്ങളിലും നിങ്ങൾക്ക് അഭിമാനിക്കാം. കാരണം നിങ്ങൾ ഇതിനുവേണ്ടി വളരെയധികം സഹിച്ചിട്ടുണ്ട്. ഒരു സാമൂഹ്യ മാറ്റം ഉണ്ടാകുമ്പോൾ രാഷ്ട്രീയമായ ഒരു മാറ്റം തുടർന്നുണ്ടാകും. രാഷ്ട്രീയമായ മാറ്റം സാംസ്കാരിക മാറ്റത്തിന് ഒപ്പം നിൽക്കുന്നു. സംഗീതവും ഈ സമരത്തിന്റെ ഭാഗമായിരിക്കട്ടെ. ഈ സമരം സിനിമാ മേഖലയിൽ മാത്രം ഒതുങ്ങരുത്. കലയുടെ എല്ലാ മേഖലകളിലേക്കും പടരട്ടെ.
ഇടതുപക്ഷം നിങ്ങളുടെ സമരത്തിന് നേരെ മുഖം തിരിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെ. ദലിതരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ അവർ പറയുന്നു നിങ്ങൾ ഐഡൻറിറ്റി പൊളിറ്റിക്സ് കളിക്കുന്നു എന്ന്. നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ചോദിക്കുമ്പോൾ അവർ നിങ്ങളെ നിഷേധിക്കും, നിങ്ങളെ മാറ്റിനിർത്തും, നിങ്ങളെ തള്ളിപ്പറയും, കളിയാക്കും, തകർക്കും, അപമാനിക്കും. ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി ചോദിക്കുമ്പോഴും അവർ പറയും, നിങ്ങൾ ഐഡന്റിറ്റി പൊളിറ്റിക്സ് കളിക്കുന്നുവെന്ന്. അതായത് കാലങ്ങളായി തങ്ങൾ പിന്തുടരുന്ന ജാതിവ്യവസ്ഥയെ നിങ്ങൾ നിഷേധിക്കുന്നു എന്നർത്ഥം. ഐഡന്റിറ്റി പൊളിറ്റിക്സ് കളിക്കുന്നു എന്ന് പറയുമ്പോൾ അവരോട് പറയുക, അല്ല ഞങ്ങൾ കമ്മ്യൂണിറ്റി പൊളിറ്റിക്സ് ആണ് കളിക്കുന്നത് എന്ന്. തുല്യ പ്രാതിനിധ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ചോദിക്കുന്നതെന്ന്. സമുദായത്തെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അന്തസ്സിനെക്കുറിച്ചാണ് പറയുന്നത്. അഭിമാനബോധമുള്ള രാഷ്ട്രീയമായിരിക്കണം നിങ്ങളുടെ ചിന്തകളെ നയിക്കേണ്ടത്,നിങ്ങളുടെ സാക്ഷാത്കാരത്തെ രൂപപ്പെടുത്തേണ്ടത്. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നത്. ഒരു നായർ മറ്റൊരു നായരെ അന്ധമായി സഹായിക്കുന്നു. ജാതിവ്യവസ്ഥ സൂക്ഷിക്കുന്ന മുന്നോക്ക ജാതിയിൽ പെട്ടവർ മറ്റു ജാതിയിൽപ്പെട്ടവരെ ക്രിമിനലൈസ് ചെയ്യുന്നു. എന്നിട്ട് തങ്ങൾ അത്തരത്തിലുള്ളവരല്ല എന്ന് പറയുന്നു. അടൂർ പറയുന്നു, താൻ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എന്നിട്ടും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചെവികൊടുക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. മറ്റൊരു നായർക്ക് പിന്തുണയുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹത്തിന് തന്നെ പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്. കാരണം തന്റെ തന്നെ ജാതീയമായ പ്രിവിലേജുകളെ വെല്ലുവിളിക്കുമ്പോൾ അതേ ജാതിയിൽപ്പെട്ട ആളെ അദ്ദേഹത്തിന് ചലഞ്ച് ചെയ്യേണ്ടതായി വരുന്നു. സ്വയംവിമർശനത്തിന് വിധേയനാവുക എന്നതാണ് ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യാൻ ആദ്യം ചെയ്യേണ്ട കാര്യം. അർഹതപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിങ്ങൾ സ്വയം ജാതിവ്യവസ്ഥയുടെ വക്താവായി തീരുകയാണ്. എപ്പോഴും സാർ എന്നും മാഡമെന്നും അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് ജാതിവ്യവസ്ഥ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാകില്ല. താഴ്ന്ന ജാതിയിൽപ്പെട്ട ഒരാൾ നേരിട്ട് സംസാരിക്കുന്നത് അവർക്ക് സഹിക്കാനാകുന്നില്ല. ശരത്തിനെ നമ്മൾ അഭിനന്ദിക്കേണ്ടത് അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനാണ്. അദ്ദേഹം ഹൈക്കോടതി വരെ പോയതിനാണ്. തന്റെ മൂല്യം തെളിയിക്കാൻ ഇവിടെ നിന്ന് 3000 കിലോമീറ്റർ അകലെയുള്ള സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് ചേരേണ്ടതായി വന്നു. സാമൂഹികമായ പിന്നോക്കം നിൽക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ കേരളം പരാജയപ്പെട്ടു.
ജാതിയില്ലാത്ത ഒരു രാഷ്ട്രീയത്തിന് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. ജാതിയോടൊപ്പം പല പ്രശ്നങ്ങളും ഉണ്ടാകുന്നു. വർഗം, മതം, ഭാഷാ മുതലായ പ്രശ്നങ്ങളുണ്ടാകുന്നു. നിങ്ങൾ പറയുന്നു ജനപെരുപ്പമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന്. ഞാൻ പറയുന്നു ജാതിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഇത്രയും അകലെ നിന്ന് ഞാനിവിടെ വന്നത് നിങ്ങളുടെ സമരത്തിൽ പ്രചോദനത്താലാണ്.
ഇപ്പോൾ മുതൽ കൂടുതൽ ഊർജ്ജം നിങ്ങൾ ഇതിൽ നിക്ഷേപിക്കുക. അത് കൂടുതൽ മൂല്യങ്ങൾ സൃഷ്ടിക്കും. കേരള സമൂഹത്തിന് ചെയ്യുന്ന വലിയൊരു സഹായമാണ് ഈ സമരം. നിങ്ങളെപ്പോലെ പോലെയുള്ളവരെയാണ് കേരള സമൂഹത്തിന് ആവശ്യം. നിങ്ങൾ അവരെ ആന്റി കാസ്റ്റ് വൈറസ് ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യുകയാണ്.
വേദിയിലിരിക്കുന്ന ഈ തദ്ദേശീയരായ നേതാക്കളുടെ ഉപദേശം തേടുക. അവർക്ക് കീഴിൽ പ്രവർത്തിക്കുക. അവർക്കൊപ്പം സമയം ചെലവഴിക്കുക. അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക. നിങ്ങൾക്കും നിങ്ങളുടെ ജാതിയിൽപ്പെട്ടവർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സമരത്തിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്. കുലീനമായ ഒരു ദൗത്യമാണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സർഗശേഷിയുള്ളവർ സൃഷ്ടിപരമായി ചിന്തിക്കുന്ന ഒരു ഇടമാണിത്. സർഗശേഷിയുള്ളവർ സമൂഹത്തിൽ ഒരു പ്രത്യേക വിഭാഗമാണ്. കലാകാർ സമരം ചെയ്യുന്നത് തീർച്ചയായും അപകടകരമായ കാര്യമാണ്. കാരണം ഇവരാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ നിലനിർത്തേണ്ടവർ. നിങ്ങളുടെ സമരത്തിലൂടെ നിങ്ങൾ സമൂഹത്തിൽ ചലനം സൃഷ്ടിക്കുന്നു. ഈ ചലനം മാറ്റത്തിന് കാരണമാകും. ലിംഗനീതി, ജാതിവിവേചനം, ദേശം, ഭാഷ, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങളും നിങ്ങളുടെ സമരത്തിന്റെ പരിധിയിൽ വരട്ടെ. വരാനിരിക്കുന്ന കാലത്തിനും ചുറ്റുമുള്ള ലോകത്തിനും ഇതൊരു മാതൃകയായിരിക്കട്ടെ. 1960കളിലും 70കളിലും വിദ്യാർഥി പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. വിയറ്റ്നാമിലെ യുദ്ധവും ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയും മാത്രമല്ല, അത്തരം സമരങ്ങളും വളരെ ക്രിയാത്മകമായ മാറ്റങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. അത്തരമൊരു ആഗോളമാറ്റത്തിന്റെ ഭാഗമായി നിങ്ങളെ സ്വയം അടയാളപ്പെടുത്തുക. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ കേരളത്തിന്റെയോ മാത്രം സമരമായി ഇതിനെ കാണാതിരിക്കുക. വിദ്യാർഥികൾ എവിടെയൊക്കെ ഒരുമിച്ച് ചേർന്നോ അവിടെയൊക്കെ മാറ്റമുണ്ടായിട്ടുണ്ട്. അതുപോലെതന്നെ നിങ്ങളുടെ അന്തസ്സിനെ ഒരിക്കലും ത്യജിക്കാതിരിക്കുക. ഇവിടുത്തെ അധികാരികളുടെ പെരുമാറ്റത്തെക്കുറിച്ചോർത്ത് നിങ്ങൾ നിരാശരാകരുത്. നമുക്ക് മറ്റൊരു രോഹിത് വെമുലയെ ആവശ്യമില്ല. അദ്ദേഹത്തിൻറെ ജീവത്യാഗത്തിന്റെ സ്മരണ സജീവമായി നിലനിർത്തുകയാണ് വേണ്ടത്. അതിനുവേണ്ടി നമ്മൾ ശാരീരികമായും മാനസികമായും ധാർമ്മികമായും ശക്തരായിരിക്കണം. നമ്മുടെ ധാർമ്മികത ശക്തമാണ്. കാരണം നമ്മുടെ പൂർവികർ നമുക്ക് കൈമാറി നൽകിയതാണ് ഈ ധാർമ്മികത. അത് നിങ്ങളുടെ രക്തത്തിലുണ്ട്. നിങ്ങളുടെ വില സ്വയം മനസ്സിലാക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ ജാതിവ്യത്യാസം കൂടാതെ ഇവിടെ സമരം നടത്തുന്നു എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.
വരാനിരിക്കുന്ന തലമുറകൾക്ക് നിങ്ങളൊരു നല്ല മാതൃകയാണ്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും മറ്റു മുന്നേറ്റങ്ങളിൽ നിന്നും പിന്തുണ തേടുക. അങ്ങനെ വളരെ ശക്തമായ ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയം രൂപപ്പെടുത്തുക. ഈ രാജ്യത്തിന് അത് ആവശ്യമുണ്ട്. ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഇത്തരം ബഹുജന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുക. അവരെ പഠിക്കുക. നിങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനിക്കുക. ഒരു അംബേദ്ക്കറൈറ്റ് ആയിരിക്കുന്നതിൽ അഭിമാനിക്കുക. ഈ സമരത്തെ മുന്നിലേക്ക് നയിക്കുക. നന്ദി.