കനവ് തുലൈന്തവൾ നാൻ, കവിതൈ മറന്തവൾ നാൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒരു കപ്പൽ യാത്ര നടത്തി തിരിച്ചെത്തിയാൽ, കടലിൻ്റെ മുഴക്കവും തിരമാലകളുടെ ദൃശ്യവും മനസ്സിൽ ബാക്കിയാവും. ഒരു ഹിമാലയ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ മഞ്ഞണിഞ്ഞ കൊടുമുടികളുടെ ഗാംഭീര്യവും താഴ്വരകളിൽ തങ്ങി നിൽക്കുന്ന ഭീകരതയും നിശബ്ദതയും നമ്മെ പിന്തുടരും. ഏകദേശം അതുപോലെ ഒരു അവസ്ഥയിലാണ് ടി.ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ വായിച്ച ശേഷം ഞാൻ. പുസ്തകം മടക്കിവെച്ചെങ്കിലും അതിലെ സംഭവങ്ങളും വിവരണങ്ങളും മനസ്സിൽ വീണ്ടും ഏടുമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

കാന്തള്ളൂർ തിരുവനന്തപുരത്തിനും മാർത്താണ്ഡത്തിനും ഇടയിലുള്ള ഒരു സ്ഥലമാണെങ്കിലും ഇവിടെ അത് സവിശേഷമായ ഒരു സാംസ്കാരിക പശ്ചാത്തലം ഒരുക്കി പല സുവർണ്ണ കാലഘട്ടങ്ങൾക്കും സാക്ഷിയായ ഒരു മിത്തായിട്ടാണ് ടി.ഡി രാമകൃഷ്ണൻ കാണിച്ചുതരുന്നത്. കഥയും കഥാപാത്രങ്ങളും പിന്നോട്ടും മുന്നോട്ടും മാറിവരുമ്പോഴും കഥാസന്ദർഭങ്ങൾ ഇടയ്ക്കിടെ കടന്നുവരുന്ന കാന്തള്ളൂർ വിഖ്യാതമായ ഒരു പുരാതന വിജ്ഞാനകേന്ദ്രം ആയിരുന്നു. ശാസ്ത്രങ്ങളും പുരാണങ്ങളും ലളിതകലകളും മാത്രമല്ല കായികവിദ്യകളും യുദ്ധതന്ത്രങ്ങളും
ചതിവേലകളും എല്ലാം പരിശീലിപ്പിച്ചിരുന്ന ഒരു കേന്ദ്രം. വായനയിലൂടെ വലുതാവുന്ന കാന്തള്ളൂർ നമ്മുടെ അത്ഭുതമായി മാറുകയാണ്. തമിഴകത്തിൻ്റെ ചരിത്രപരമായ വിവരണങ്ങളും സാഹിത്യപരമായ ധാരണകളും സാമ്രാജ്യത്വ ചിന്തയുടെ വസ്തുതാപരമായ ഏറ്റു പറച്ചിലുകളുമാണ് നമ്മെ വിസ്മയിപ്പിക്കുന്ന വിഷയങ്ങളാവുന്നത്. നോവലിൻ്റെ പശ്ചാത്തലം 1500 വർഷം പഴക്കമുള്ള ചേര-ചോള-പാണ്ഡ്യ യുദ്ധ വിജയങ്ങളും പരാജയങ്ങളും ഒക്കെയാണെങ്കിലും അതിലൂടെ വർത്തമാനകാല ഏകാധിപത്യത്തിൻ്റെ ശ്രീലങ്കൻ പതിപ്പുകളാണ് നോവലിസ്റ്റ് തുറന്നു കാണിക്കുന്നത്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

മിത്തും ചരിത്രവും ഫാന്റസിയും സമൃദ്ധമായി പ്രയോജനപ്പെടുത്തിക്കൊണ്ട് സമീപകാല ശ്രീലങ്കൻ ദുരവസ്ഥകളിലെ ഏകാധിപതികളുടെ ഭരണ ഭീകരതയും പട്ടാളക്കാരുടെ രാക്ഷസീയമായ പീഡന പരമ്പരകളും പരിചയപ്പെടുത്തി നമ്മെ അമ്പരപ്പിക്കുമ്പോൾ അവയെ എല്ലാം നിസ്സാരമാക്കുന്ന പീഡിതരുടെ പ്രതിരോധത്തേയും സ്വാതന്ത്ര്യ ബോധത്തെയും ഇച്ഛാശക്തിയെയും ആണ് നോവലിന്റെ പേരിൽത്തന്നെ നിറഞ്ഞുനിൽക്കുന്ന കഥാപാത്രം കാഴ്ചവെയ്ക്കുന്നത്. കാലവും ദേശവും മാറിയാലും പെണ്ണും പെണ്മയും അവളുടെ സഹനശക്തിയും മാറുന്നില്ല. അവ പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങളാണ് നോവലിലെ കാതലായ അംശം. പീഡനരീതികളിലെ അമാനുഷികത വർദ്ധിക്കുകയാണ് എന്ന സത്യം ബോദ്ധ്യപ്പെടുത്തുന്ന ഘട്ടങ്ങളിലൂടെ ക്രമംതെറ്റിയൊഴുകുന്ന കഥാപ്രവാഹത്തിൽ, ഒരാൾ മൂന്നാവുമ്പോഴും മൂന്നാളും ഒന്നാവുമ്പോഴും അതിലൂടെയെല്ലാം സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും വലിച്ചു കീറപ്പെടുകയും ചെയ്യുന്നത് പെണ്ണിൻ്റെ ശരീരം തന്നെയാണ്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി കാണിച്ചുതരുന്നത് വായിച്ചുമറന്ന ചരിത്രത്തിൻ്റെ സുഗന്ധമാണ്; തമിഴകത്തിന്റെ വിശ്വാസങ്ങളിലെ ദൈവികതയാണ്; വർത്തമാന സ്വാതന്ത്ര്യപോരാട്ടങ്ങളിലെ വീരനായികയെയാണ്. അവൾ മിത്രമായും ശത്രുവായും മാറുമ്പോഴും സംഗീതജ്ഞയായും നർത്തകിയായും രാജപത്നിയായും ഉയർത്തപ്പെടുമ്പോഴും വിൽപ്പനച്ചരക്കായും പട്ടവേശ്യയായും മാറ്റപ്പെടുമ്പോഴും വായനക്കാർക്ക് പ്രിയപ്പെട്ടവളാണ്. തമിഴകത്തിന്റെ ചരിത്രവും സാഹിത്യവും വിശ്വാസവും സംഗീതവും കലയും ശില്പവിദ്യയും എല്ലാമായി അവൾ പ്രദർശിപ്പിക്കപ്പെടുമ്പോഴും അവൾ ഒരു സ്വർണ്ണഖനിയാണ്.

നോവലിൽ പലഭാഗത്തായി മിന്നിത്തിളങ്ങുന്ന ‘മാർഗഴിത്തിങ്കൾ’ എന്ന കീർത്തനവും അതിൻ്റെ ധ്വനിവിന്യാസങ്ങളും ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആണ്ടാൾ എന്ന കവിയെ ഓർമ്മിപ്പിക്കുന്നു. അവരുടെ പാടൽ സംഗീതമായും നൃത്തമായും ചേര-ചോള ചരിത്രത്തിന്റെ സൗന്ദര്യ രേഖകളിൽ കസവു പാവുന്ന ഒരു ഘടകമായി മാറുന്നത് ദേവനായകിയെ അവതരിപ്പിച്ചുകൊണ്ടാണ്. ചേരനാട്ടുകാരിയായ സുഗന്ധിയുടെ ചുവന്നസൗന്ദര്യം ചേരനും ചോളനും പാണ്ഡ്യനും ആവോളം കോരിക്കുടിക്കുന്നു. അതിൻ്റെ വശ്യത പിറകെ വന്ന സിംഹള മന്നന്മാരേയും മത്തുപിടിപ്പിക്കുന്ന സന്ദർഭങ്ങൾ നോവലിൽ ധാരാളം. പുരാതനമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും വഴക്കങ്ങളും കഥാസന്ദർഭങ്ങളെ വിശ്വസനീയമാക്കുന്നതിന് എത്രയോ ഉദാഹരണങ്ങൾ കാണാം. സൗന്ദര്യവും ഗാംഭീര്യവും കലർന്ന രാജകീയത പരിലസിക്കുന്ന കൊട്ടാരദൃശ്യങ്ങളും അലങ്കാര സമൃദ്ധിയും ശില്പവേലകളും ചോളരാജാക്കന്മാരുടെ കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ടി.ഡി രാമകൃഷ്ണൻ

രാജകീയതയുടെ തിളക്കങ്ങളുള്ള ഉടയാടകളും ആഭരണങ്ങളും അണിഞ്ഞ് തോഴിമാരുടെ അകമ്പടിയോടെ അകത്തളങ്ങളിലേയ്ക്കും പള്ളിയറയിലേക്കും ആനയിക്കപ്പെടുന്ന സുഗന്ധി തന്നെയാണ് ദേവനായകിയായി വിവിധരംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. പുസ്തകത്തിൻ്റെ മുഖചിത്രമായി വിലസുന്ന ദേവനായകി അണിഞ്ഞൊരുങ്ങുന്ന രംഗം ടി.ഡി രാമകൃഷ്ണൻ അവിസ്മരണീയമാക്കിയിരിക്കുന്നു. അതു എടുത്തുകാണിക്കാതിരിക്കാൻ പറ്റാത്തതാണ്.

“കസ്തൂരിയും മഞ്ഞളും നെന്മേനിവാകയും തേച്ച്, കൊട്ടാരത്തിനകത്ത താമരപ്പൊയ്കയിൽ കുളിച്ചുതോർത്തി, ഇളംപച്ച ചീനപ്പട്ട് ധരിച്ച്, അതേ നിറത്തിലുള്ള മുലക്കച്ച ഒതുക്കിക്കെട്ടി, കണ്ണെഴുതി പൊട്ടു തൊട്ട്, ചന്ദനത്തൈലവും പനിനീരും പുരട്ടി, മട്ടിപ്പാൽ പുക കൊള്ളിച്ച്, ഒതുക്കിക്കെട്ടിയ മുടിയിൽ ചെമ്പകപ്പൂവും മുല്ലപ്പൂവും കൈതപ്പൂവും ചൂടി….”

പരിചിതകാവ്യങ്ങളിലെ പലനായികമാരേയും ഓർക്കാമെങ്കിലും ഇത്രയും വ്യക്തതയും കൃത്യതയും സൂക്ഷ്മതയും അപൂർവ്വമാണ്. ആഖ്യാന തന്ത്രത്തിലെ നവഭാവുകത്വം സ്വപ്നസഞ്ചാരമായും വിഭ്രമാത്മകതയായും നോവലിൻ്റെ ഘടനയുടെ സവിശേഷതയായി വേറിട്ടു നിൽക്കുന്നു. ഏതാണ് ചരിത്രം ഏതാണ് സ്വപ്നം എന്നു തിരിച്ചറിയാത്ത വിധമാണ് പലസന്ദർഭങ്ങളും ആഖ്യാനശൈലിയും.

തമിഴകത്തെ രാജപരമ്പരകളും അവരുടെ ചേരിപ്പോരുകളും പകയും വിദ്വേഷവും പ്രതികാരവാഞ്ഛയുമാണ് സിംഹളത്തിന്റെ ചരിത്രത്തെ മാറ്റിയെഴുതിയതും അവിടത്തെ വംശീയ കലാപങ്ങൾക്കു കാരണമായതും എന്ന വസ്തുത നോവലിൽ തെളിയുന്നുണ്ട്. പലതവണ പലരാജക്കന്മാർ പിടിച്ചടക്കുകയും അനുഭവിക്കുകയും ചെയ്ത സിംഹളനാട് ഗോത്രങ്ങളുടെയും വംശങ്ങളുടെയും മേൽക്കോയ്മയക്കുവേണ്ടിയും വന്നുകയറിയവരുടെ അധിനിവേശത്തിന്നെതിരായും നടത്തിയ പോരാട്ടങ്ങളുടെ പടനിലമായി ആശാന്തിയുടെയും അസ്വസ്ഥതയുടെയും വിളനിലമായതിൽ അത്ഭുതപ്പെടാനില്ല.

ഓരോകാലവും പോറ്റിവളർത്തിയ നായകന്മാരും പ്രതികാരദാഹികളായി അതിക്രൂരമായ പ്രത്യാക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. സമീപകാലശ്രീലങ്കയിലെ സംഘടനകളും സമരതന്ത്രങ്ങളും ഏറ്റുമുട്ടലുകളിൽ ഇരയാക്കപ്പെട്ടവരും മറ്റുരാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോയവരും ഇതിലുണ്ട്. അങ്ങനെയാണ് നോവലിലെ പലഭാഗങ്ങളും പല രാജ്യങ്ങളിലായാണ് പൂർത്തിയാവാതെ കിടക്കുന്നത്. അതിൽ പടിഞ്ഞാറൻ രാജ്യങ്ങളും കിഴക്കൻ രാജ്യങ്ങളും ഉൾപ്പെടുന്നു. അതുകൊണ്ടാണ് ഇതിന് ഒരു ആഗോളസ്വഭാവം ഉണ്ടാവുന്നത്.

നോവലിൻ്റെ ആഗോള സ്വഭാവം ഉറപ്പിക്കുന്നതാണ് ഇതിൽ ആഖ്യാനത്തിലും സംഭാഷണത്തിലും മലയാളത്തിന്നു പുറമേ ഉപയോഗിച്ചിട്ടുള്ള തമിഴും സിംഹളവും ഇംഗ്ലീഷും. സിംഹളത്തെ സിംഹങ്ങളും കടുവകളും ഭരണത്തിൻ്റെയും അധികാരത്തിൻ്റെയും പുതിയരീതികൾ തേടുമ്പോൾ ഭരിക്കപ്പെടുന്നവരും അവഗണിക്കപ്പെടുന്നവരും സ്വാതന്ത്ര്യത്തിനുള്ള പോരാട്ടം തുടരുന്നതിന്റെ കഥകൂടിയാണ് രാമകൃഷ്ണൻ പറയുന്നത്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഇംഗ്ലീഷ് പരിഭാഷ

എവിടെയായാലും ഇരകളാവുന്നത് മുഖ്യമായും സ്ത്രീകളാണ്. സ്ത്രീത്വത്തിന്റെ മുറിവുകളും നോവുകളും എല്ലാ കാലത്തും ഒന്നുതന്നെയാണ്. ഭരണകൂടത്തിൻ്റെയും അതിനെ നിലനിർത്തുന്ന പട്ടാളത്തിൻ്റെയും പീഡനമുറകൾ നവീകരിക്കപ്പെടുമ്പോൾ പീഡകരുടെ കാടത്തം കൂടുതൽ കർക്കശമാവുകയാണ്. പീഡിതരുടെ ദയനീയാവസ്ഥ കൂടുതൽ ബീഭത്സമാവുകയും.

“First rape then question” എന്ന ചട്ടം പട്ടാളമേധാവികളും കീഴുദ്യോഗസ്ഥന്മാരും ഒരേപോലെ ഏറ്റെടുത്തതിൻ്റെ തെളിവുകളാണ് വെറും പേരുകളായി അവശേഷിക്കുന്ന കലാപകാരികളും രക്തസാക്ഷികളും. ആസിഡ് ബ്രഷുകളും, ടോർച്ചർ പേനകളും, മൊസ്ക്വിറ്റോ ഡ്രോണുകളും, മൂർച്ചയുള്ള പലതരം ആയുധങ്ങളും പോരാതെ വരുമ്പോൾ അടച്ചുപൂട്ടാൻ പാകത്തിലുള്ള പെട്ടികളും അവയിലേയ്ക്ക് കടത്തിവിടുന്ന ക്ഷുദ്രജീവികളും പാമ്പുകളും മാറിമാറി ‌പ്രയോജനപ്പെടുത്തിയിട്ടും അണയാതെ കത്തുന്ന കലാപകാരികൾ തീപ്പന്തങ്ങളാവുന്നതും ചരിത്രം തന്നെയാണ്.

ഭരണകൂടത്തിനെതിരെ ഉയർത്തെഴുന്നേറ്റ ലിബറേഷൻ സംഘടനകളും, വാർവിഡോസ് മൂവ്മെൻറുകളും, ഞെട്ടിക്കുന്ന കഥകൾ പറയുമ്പോൾ നിലവിളിക്കുന്നവർക്കൊപ്പം നിൽക്കാൻ വായനക്കാരും ഉണ്ടാവുന്നു. നോവലിലെ സ്ഥലങ്ങളും സംഭവങ്ങളും കഥാപാത്രങ്ങളുടെ തമിഴ്- സിംഹളപേരുകളും യാത്രകളുടെയും അന്വേഷണങ്ങളുടെയും നീണ്ടകാലത്തെ പ്രയത്നഫലമാണ്.

യുദ്ധത്തിൽ കാണാതായവരുടെ ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്നും കടപ്പാട് : arabnews.com

നോവലിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ പറ്റാത്തവയും. അവിടവിടെ കലാപകാരികൾ കോറിവരച്ചിട്ടുള്ള കവിതകൾ പൊള്ളിക്കുന്നവയാണ്. ഈ രീതിയിൽ നോവലിനെ സമീപിച്ചാലും അതൊരു റിസർച്ച് മെറ്റീരിയലാണ്. അതോടൊപ്പം പ്രതിഫലിക്കുന്ന തമിഴ് ചരിത്രവും സാഹിത്യവും പ്രാധാന്യത്തോടെ ചർച്ച ചെയ്യാവുന്നതാണ്. ഇതിൽ കണ്ടെത്താനും കൈമാറാനും കഴിയുന്ന ധാരാളം വസ്തുതകളും വിവരണങ്ങളുമുണ്ട്.

തമിഴകവുമായി ബന്ധപ്പെട്ട ചരിത്രഭാഗങ്ങളിലെ ചില പേരുകൾ – ചേരചക്രവർത്തി ഭാസ്കരരവിവർമ്മൻ, കാന്തള്ളൂർ മഹാരാജാവ് മഹേന്ദ്രവർമ്മൻ, രാജരാജചോളൻ, രാജേന്ദ്രചോളൻ. രാജപരമ്പരക്കൊപ്പം മലയരും കുറവരും അടങ്ങുന്ന അഗസ്ത്യ മുനിയുടെ പരമ്പരയിലെ കോണങ്കി എന്ന ജ്ഞാനി താണുമാലയൻ ഋഷിയായ കഥയും ഉണ്ട്. കഥയുടെ മുഖ്യപശ്ചാത്തലം കാന്തള്ളൂർ തുറമുഖനഗരം. യവന- ചീന- അറബിക്കപ്പലുകൾ നങ്കൂരമിട്ട കടൽക്കര. പട്ടും പവിഴവും മുത്തും കുരുമുളകും ഏലവും കച്ചവടം ചെയ്യുന്ന സ്ഥലം. മാത്രമല്ല ചരിത്രത്തിലെ പ്രസിദ്ധമായ വിജ്ഞാനകേന്ദ്രം. നളന്ദ, തക്ഷശില പോലെ പേരുകേട്ട തെന്നിന്ത്യൻ ഗുരുകുലം. കാന്തള്ളൂരിലെ തിരുവൈഗൈനദിക്കരയിൽ താണുമാലയനും ദേവനായകിയും സ്ഥാപിച്ച താണുമാലയൻ ക്ഷേത്രവും പരാമർശിക്കപ്പെടുന്നുണ്ട്. തോമസ് ഹാർഡിയുടെ എഗ്ഡൻ ഹീത്തും, മാർക്കേസിൻ്റെ മെക്കോണ്ടയും, ആർ.കെ. നാരായണൻ്റെ മാൽഗുഡിയും പോലെ ടി.ഡി.രാമകൃഷ്ണൻ്റെ കാന്തള്ളൂർ ഒരു സാങ്കല്പികചരിത്രനഗരമായാലും അത് വായനയെ വസ്തുതകളിലൂടെയും ഫാൻ്റസികളിലൂടെയും മുന്നോട്ടു കൊണ്ടുപോവുന്നു.

സിംഹളത്തിൻ്റെ ഉല്പത്തിക്കഥ ഇതിൽ വിവരിക്കുന്ന ഒരു മിത്താണ്. ഒരു സിംഹം എടുത്തു വളർത്തിയ രണ്ടു കുട്ടികളാണ് സിംഹളദേശത്തെ ഒരു സാമ്രാജ്യമാക്കിയത് എന്ന കഥ ഇപ്പോഴും ശ്രീലങ്കയിൽ പ്രബലമാണ്. സിംഹബാഹുവും സിംഹസവലിയുമാണ് അവർ. അവരുടെ ദേശം സിംഹപുര എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. ഇതിന്നു സമാന്തരമായി റോമിലും ഒരു കഥ പ്രചാരത്തിലുണ്ട്. ഒരു ചെന്നായ എടുത്തു വളർത്തിയ റോമുലസ് റീമസ് എന്ന രണ്ടു ബാലകരാണ് റോമാസാമ്രാജ്യത്തിൻ്റെ ശില്പികൾ എന്നു പറയപ്പെടുന്നു. ഇതേ ഗണത്തിൽ വരുന്ന മറ്റൊരു കഥയാണ് സംഗമിത്രയുടെ ഉല്പത്തിക്കഥ. ‘ നോവലിൽ വിവരിച്ചതനുസരിച്ച്, ജ്ഞാനം സിദ്ധിക്കുന്നതിന്നു മുമ്പെ ശ്രീബുദ്ധന് അത്തിപ്പഴം സമ്മാനിച്ച പൂർണ്ണിമ എന്ന ഒരു കുരങ്ങനാണ് അശോകചക്രവർത്തിയുടെ മകൾ സംഗമിത്രയായി ജനിച്ച് പിൽക്കാലത്ത് സിലോണിൽ ബുദ്ധമതപ്രചരണത്തിന് എത്തിയത്.

ശ്രീലങ്കൻ പതാകയിലെ സിംഹം കടപ്പാട് : stock.adobe.com

സിംഹള വംശചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ചിലപേരുകൾ രസകരമാണ്. അമരകീർത്തി, സൂപ്പാദേവി മുതൽ കംബൂജ, ചാം പ്രസിധി, മഹീന്ദൻ വരെ പലരും. സിംഹളദേശത്തിലെ പ്രധാന സ്ഥലമായ സിംഹശൈലം മഹീന്ദൻ്റെ സ്വപ്നനഗരമാണ്. സിഗിരിയയിലെ ചൂതാട്ടകേന്ദ്രം ആധുനിക നഗരങ്ങളിലെ ഉല്ലാസകേന്ദ്രങ്ങളെ വെല്ലുന്നതാണ്. അതിൻ്റെ തെളിവാണ് അവിടത്തെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂൾ. പോരാളികളുടെ വീരപരാക്രമങ്ങളെ സൂചിപ്പിക്കാൻ സിംഹത്തിനു പെൺകടുവയിൽ പിറന്ന വീരന്മാർ എന്ന അർത്ഥത്തിൽ “സിടുവ ” എന്ന പുതിയവാക്കും Tigon എന്നു നേരത്തേയുള്ള വാക്കും രാമകൃഷ്ണൻ സന്ദർഭോചിതമായി പ്രയോഗിക്കുന്നുണ്ട്. അതുപോലെ രാജകൊട്ടാരത്തിലെ സുരതോത്സവങ്ങളെ “സ്വർഗ്ഗയാത്ര”കളായും ഉയർത്തിയിട്ടുണ്ട്. സിംഹളനായകന്മാർക്ക് സമ്മാനിക്കുന്ന പെൺപുലികൾക്ക് അവർ കീഴടങ്ങാനുള്ള അവസരമല്ല, സിംഹക്കുട്ടികളെ പ്രസവിക്കാനുള്ള ഭാഗ്യമാണ് കൊടുക്കുന്നത്. ഭരണകൂടത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധനം നടത്തിയസമരപോരാളികളുടെ പേരുകൾ രജനി തിരണ ഗാമ, പൂമണി സെൽവ നായകം.

നോവലിലെ വിവിധഘട്ടങ്ങളെ കൂട്ടിയിണക്കുന്ന ഘടകം ഒരു സിനിമാകമ്പനിയാണ്. കൊലചെയ്യപ്പെട്ട കലാപകാരികളുടെ കഥകൾ സിനിമയാക്കാൻ വരുന്ന അവരാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ശീലങ്കൻ സർക്കാരിൻ്റെ സഹായത്തോടെ Trans National Pictures നിർമ്മിക്കുന്ന Women Behind the Fall of Tigers എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നത് പീറ്റർ ജീവാനന്ദം. സംവിധായകൻ സ്കോട്ലൻഡുകാരനായ ക്രിസ്റ്റി ആൽബർട്ടോ. നിർമ്മാതാവ് ടോറി ബെർണാഡോ. കൂടെ ക്രിസ്റ്റിയുടെ കാമുകി മേരി ആൻ. നോവലിൻ്റെ പ്രധാന ഭാഗങ്ങൾ അനാവൃതമാവുന്നത് സ്ക്രിപ്റ്റ് റൈറ്റർ പീറ്റർ ജീവാനന്ദത്തിൻ്റെ ഭാഷയിലാണ്. നോവലിൻ്റെ തുടക്കത്തിൽ സൂചിപ്പിക്കുന്നതു പോലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ വെള്ളപൂശുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. സാംസ്കാരിക വകുപ്പിലെ ചാൾസ് സമരവീരയാണ് ഇവരെ സ്വീകരിക്കുന്നതും ഇവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നതും. കേണൽ ഡിസിൽവയാണ് ക്യാമ്പ് ഇൻചാർജ്. എന്നാൽ ഒരു ഘട്ടം വരുമ്പോൾ നിയന്ത്രണങ്ങൾ മുറുകുന്നു. സിനിമാനിർമ്മാണം വൈകുന്നു. അതിനിടയിൽ സിനിമക്കാരും നോവലിലെ കഥാപാത്രങ്ങളാവുന്നു. ചില ഇംഗ്ലീഷ് സിനിമകളിലും നോവലുകളിലും ഇങ്ങനെ കണ്ടിട്ടുണ്ട്. റിപ്പോർട്ടേഴ്സും ഫോട്ടോഗ്രാഫേഴ്സും കഥാപാത്രങ്ങളായി മാറുന്ന സാഹചര്യം.

നോവലിലെ പലഘടകങ്ങളും ശ്രദ്ധയർഹിക്കുന്നതാണ്. യാത്രകളും അഭിമുഖങ്ങളും മാത്രമല്ല ഗൂഗിളും, വാട്സപ്പും, ഫെയ്സ്ബുക്ക് കുറിപ്പുകളും കമന്റുകളും ഈ നോവലിൽ സഫലമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ‘ദേവനായകിയിൻ കതൈ’ യുടെ അവസാനഭാഗത്തു കാണുന്ന Comments എന്ന ഉപവിഭാഗം ഇങ്ങനെയൊന്നാണ്. തമിഴ് ചെൽവൻ, കർപ്പൂരനായകി, നല്ലൂർ ഗോപാൽ, ചാൾസ് മുരുകേശ് തുടങ്ങിയവരുടെ കുറിപ്പുകൾ മലയാള നോവൽ ഘടനയിൽ ഒരു പുതിയ ഇടപെടലാണ്. മറ്റൊന്ന് ‘തിരുപ്പാവൈയിൽ’ ആണ്ടാൾ കണ്ണൻ്റെ വെൺശംഖിനോടു നാറ്റത്തെപ്പറ്റി ചോദിക്കുന്ന ഒരു പാടലാണ്:

“കർപ്പൂരം നാറുമോ? കമലപ്പൂ നാറുമോ?”

നാറ്റം എന്ന വാക്കിന്ന് നെഗറ്റീവായ ഒരർത്ഥം മാത്രം കല്പിക്കുന്ന മലയാളിക്ക് ഇത് വിചിത്രമായിത്തോന്നാം.

തമിഴ് പുലികളെ വിമർശിക്കുന്ന തമിഴിലും ഇംഗ്ലീഷിലുമുള്ള കവിതാശകലങ്ങൾ നോവലിന് മറ്റൊരു മാനം കൊടുക്കുന്നു. പിടിക്കപ്പെടാതെ വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രക്ഷോഭകാരികൾ ഓൺലൈൻ മാസികകളിൽ എഴുതിയ കവിതകളാണിവ.

“I am SAD SAD SAD
I am MAD MAD MAD
I Kill me Kill me Kill me
Fxxxk Fxxxk Fxxx Me”

( ഇതിലെ ആവർത്തിക്കുന്ന പദം SAD വിടർത്തിയാൽ Sugandhi Andal Devanayaki എന്നു വായിക്കാം.)

“കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ.”

(ഇത് എല്ലാം നഷ്ടപ്പെട്ട കലാപകാരികളുടെ പരിഹാസപ്പാട്ടാണ് )

സർക്കാറിൻ്റെ കാട്ടുനീതിക്കെതിരെ പൊരുതിയവർ നാട്ടിലെ വിദ്യാസമ്പന്നരായ ഭാവനാശീലരായ വികാരശീലരായ യുവതീയുവാക്കളാണ്. പലരും കഠിനമായ പീഡനങ്ങൾക്കും യാതനകൾക്കും ഇരയായവരാണ്. അവരുടെ കീഴടങ്ങാത്ത അക്ഷരങ്ങൾ കെടാത്ത കനലുകളായി പുതിയ പോരാളികൾക്ക് പ്രചോദനമാവുന്നു. ഇത് എവിടെയും കാണുന്ന ഒരു പ്രതിഭാസമാണല്ലോ. രക്തസാക്ഷികളുടെ രക്തത്തുള്ളികളിൽ നിന്ന് വിപ്ലവം പുതിയ പോരാളികളെ സൃഷ്ടിക്കുന്നു.

ഒന്നിലധികം തവണ ആവർത്തിക്കുന്ന ആണ്ടാളിൻ്റെ മറ്റൊരു പാടൽ “മാർഗഴി തിങ്കൾ..” തമിഴകത്തിൻ്റെ സാഹിത്യ ശീലത്തെയും തേവാര പാരമ്പര്യത്തേയും മാത്രമല്ല, കലാകാരിയും നർത്തകിയും ഗായകിയും ആയ ദേവനായകിയേയും വ്യാഖ്യാനിക്കുന്ന തന്ത്രമായാണ് ഉപയോഗിക്കുന്നത്. സുഗന്ധിക്കും ദേവനായകിക്കും ഇടയിൽ അങ്ങനെയും ആണ്ടാൾ കണ്ണിയാവുകയാണ്. ഹിറ്റ്ലർക്കു പോലും അജ്ഞാതമായിരുന്ന പീഡനമുറകൾ പരീക്ഷിക്കുന്ന ശ്രീലങ്കൻ പട്ടാളക്യാമ്പുകൾ മറക്കാൻ പറ്റാത്തതാണ്.

നോവൽ അവസാനിക്കുന്നില്ലെങ്കിലും ദ്വീപിൻ്റെ ഒരു മുനമ്പിൽ വെച്ച് മുകളിലേക്കുയരുന്ന വിമാനത്തിലിരുന്ന് ആഖ്യാതാവ് വീണ്ടും കാണുന്ന ദേവനായകി ഒരു താക്കീതാണ്. കത്തിയെരിയുന്ന കൊളംമ്പിൽ നിന്ന് ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദ മലയിലും വെച്ച് കാന്തള്ളൂരിലേയ്ക്ക് ആഖ്യാതാവിനോടൊപ്പം നടന്നുനീങ്ങുന്ന ആ ദൃശ്യം അരുൾമൊഴി നാങ്കെയുടെ വരികൾ പാടുമ്പോൾ ഏകാധിപധികൾക്കുള്ള മുന്നറിയിപ്പ് മുഴങ്ങുകയാണ്. ഒരു ഗ്രാമത്തിലോ നഗരത്തിലോ ഒതുങ്ങാതെ, ഒരു ദേശത്തിൻ്റെ ചരിത്രത്തിൽനിന്ന് ഒന്നിലേറെ ദേശചരിത്രങ്ങളിലൂടെ മുകളിലേയ്ക്കുയരുന്ന ഈ കൃതി ഒരു പുതിയ കുതിപ്പാണ് കാഴ്ചവെയ്ക്കുന്നത്.

Also Read

8 minutes read July 9, 2023 6:51 am