Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
Écrits – 6 (ബുക്ക് റിവ്യൂ കോളം)
“Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Into that heaven of freedom, my Father, let my country awake.” – Tagore
ഒന്ന്
മാതൃരാജ്യത്തോടുള്ള സ്നേഹസൂചകമായി സിനിമ തീയേറ്ററുകളില്‍ ചലച്ചിത്രപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയഗാനം അവതരിപ്പിക്കണം എന്ന് 2016 നവംബര്‍ 30 നാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം വിധിക്കുന്നത്. ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും വികാരം ഒരാളില്‍ ഉളവാക്കാന്‍ ദേശീയഗാനത്തിന്റെ അവതരണത്തിലൂടെ സാധിക്കും എന്നാണ് ജസ്റ്റിസുമാരായ ദീപക്മിശ്ര, അമിതാവ് റോയ് എന്നിവര്‍ അന്ന് നിരീക്ഷിച്ചത്. പനാജിയിലെ സിനിമാ ഹാളിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റു നിൽക്കാത്തതിന്റെ പേരിൽ വീൽചെയറിലിരുന്നയാളെ ദമ്പതികള്‍ മർദ്ദിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി തീരുമാനം അറിയിച്ചത്. ”ജനങ്ങൾ ഒരു രാഷ്ട്രത്തിലാണ് ജീവിക്കുന്നതെന്നും ദേശീയഗാനത്തോടും ദേശീയ പതാകയോടും ബഹുമാനം കാണിക്കുന്നുവെന്നും ജനങ്ങൾക്ക് തോന്നണം” എന്ന് വിധിയില്‍ സുപ്രീംകോടതി പറയുന്നു. ദേശീയഗാനം ആലപിക്കുമ്പോൾ സിനിമാ ഹാളുകളുടെ എല്ലാ വാതിലുകളും അടച്ചിരിക്കണമെന്നും ആളുകൾ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും തടയണമെന്നും സുപ്രീംകോടതിയുടെ വിധിയിലുണ്ട്.
ഈ വിധി സുപ്രീംകോടതി തന്നെ 2018 ല്‍ പുനഃപരിശോധിച്ചു. ദേശീയഗാനത്തിന്റെ അവതരണം സിനിമ ഹാളുകളില്‍ നിര്‍ബന്ധമില്ല, എന്നാല്‍ ദേശീയഗാനം അവതരിപ്പിക്കുന്ന പക്ഷം ആളുകള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പക്ഷെ ദേശീയഗാനത്തിന്റെ പേരില്‍ ആളുകളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന ശ്രമങ്ങളോട് ജസ്റ്റിസ് ചന്ദ്രചൂഢ് അടങ്ങിയ ബെഞ്ച് എതിര്‍പ്പ് പ്രകടിപ്പിച്ചു. ദേശസ്നേഹത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളോടുള്ള സുപ്രീംകോടതിയുടെ എതിര്‍പ്പ് ഈ വിധിയില്‍ പ്രകടമായിരുന്നു.
ദേശീയതയെ സംബന്ധിച്ച ചര്‍ച്ചകള്‍ മുഖ്യധാരയില്‍ സജീവമായ നാളുകളായിരുന്നു അത്. ‘ദേശീയഗാന’മായിരുന്നു ഈ നാളുകളില്‍ ദേശവിരുദ്ധ ചാപ്പ നല്‍കുന്നവരുടെ പ്രധാന ആയുധം. ഈ വേളയില്‍ പ്രസിദ്ധീകരിച്ച സുഗതബോസിന്റെ ഒരു ലേഖനത്തില്‍ ഒരു സന്ദര്‍ഭം വിവരിക്കുന്നുണ്ട്. “സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം, 1947 ഓഗസ്റ്റ് 29-ന് കൽക്കത്തയിൽ ഗാന്ധിയുടെ പ്രാർത്ഥനാ യോഗത്തിൽ ബന്ദേമാതരം ആലപിച്ചപ്പോൾ, സുഹ്‌റവർദി ഉൾപ്പെടെയുള്ള ഹിന്ദു-മുസ്ലിം നേതാക്കൾ വേദിയിൽ ബാക്കിയുള്ള സദസ്സിനൊപ്പം ആദരവ് പ്രകടിപ്പിക്കാൻ എഴുന്നേറ്റു. മഹാത്മാവ് തന്റെ ഇരിപ്പിടത്തിൽ തുടർന്നു. ഒരു ദേശീയഗാനത്തോടുള്ള ആദരവോടെ നിവർന്നുനിൽക്കുന്നത് ഒരു പാശ്ചാത്യ ആചാരമാണ്, ഇന്ത്യൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ല എന്ന തന്റെ വിശ്വാസത്തിൽ അദ്ദേഹം ഉറച്ചുനിന്നു.” ഗാന്ധി ഏതു യുക്തിയുടെ പേരിലാണ് എഴുന്നേല്‍ക്കാതിരുന്നതെങ്കിലും അടിസ്ഥാനപരമായി അന്ധമായ ദേശരാഷ്ട്രയുക്തികളോടുള്ള വിയോജിപ്പാണ് തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്.
സുഗതബോസ് തന്റെ ലേഖനത്തില്‍ ദേശീയഗാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ജനഗണമന എന്നാരംഭിക്കുന്ന ഇന്ത്യയുടെ ദേശീയഗാനം 1911 ലാണ് രവീന്ദ്രനാഥ ടാഗോര്‍ രചിക്കുന്നത്. ‘ഭാരതോ ഭാഗ്യോ ബിധാതാ’ എന്ന പേരില്‍ ബംഗാളി ഭാഷയിലാണ് അഞ്ച് ഖണ്ഡങ്ങള്‍ ഉള്ള ഈ കവിത ആദ്യം രചിക്കപ്പെട്ടത്. 1911 ഡിസംബര്‍ 27 ന് കല്‍ക്കത്തയില്‍ വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ഈ കാവ്യം ആദ്യമായി ടാഗോറിന്റെ മരുമകളായ സരളാദേവി ചൗധുറാണി ആലപിച്ചു. 1912 ല്‍ ബ്രഹ്മസമാജത്തിന്റെ മുഖപത്രമായ തത്ത്വബോധിനി പത്രികയില്‍ ഈ കാവ്യം ആദ്യമായി പ്രസിദ്ധീകരിച്ചു. 1942 ല്‍ ജനഗണമന എന്ന ആദ്യ ഖണ്ഡം ദേശീയഗാനമായി തിരഞ്ഞെടുത്തത് സുഭാഷ്ചന്ദ്രബോസായിരുന്നു.
ജര്‍മ്മനിയില്‍ ജര്‍മ്മന്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രാരംഭ യോഗത്തില്‍ ഹാംബെര്‍ഗ് റേഡിയോ സിംഫണി ഓര്‍ക്കെസ്ട്ര സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായി ഈ ഗാനം അവതരിപ്പിച്ചു. മുംതാസ് ഹുസൈനും ആബിദ് ഹസനും നേതാജിയുടെ നിര്‍ദ്ദേശപ്രകാരം ഈ ഗാനം ഇന്ത്യയിലെ പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. ടാഗോറിന്റെ ഗാനത്തെ പദാനുപദം വിവര്‍ത്തനം ചെയ്യുന്നതിനു പകരം ആ ഗാനത്തിന്റെ ആത്മാവിനെ മറ്റു ഭാഷകളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്തത് എന്ന് സുഗത ബോസിന്റെ ‘ദി നേഷൻ ആസ് മദർ ആൻഡ് അദർ വിഷൻസ് ഓഫ് നേഷൻഹുഡ്’ എന്ന പുസ്തകത്തില്‍ കാണാം. ദേശീയഗാനം പെട്ടെന്ന് ഒരുനാള്‍ രൂപപ്പെട്ടതല്ല, പല രൂപഭേദങ്ങളിലൂടെ സഞ്ചരിച്ച ചരിത്രമാണ് അതിനുള്ളത്. ദേശാതിര്‍ത്തികള്‍ക്കും ദേശീയചിഹ്നങ്ങള്‍ക്കും ദേശീയതയ്ക്കും ഇതേ ചരിത്രമാണ് ഉള്ളത്. പല കാലങ്ങളില്‍ പലതായിരുന്നു ദേശീയതയുടെ ആന്തരികയുക്തി. ദേശാതിര്‍ത്തികളും ഇപ്രകാരമായിരുന്നു. മാറിമറഞ്ഞും പരസ്പരും കലര്‍ന്നും വികസിക്കുന്നതാണ് മനുഷ്യജീവിതം. അതുകൊണ്ട് ഏകശിലാത്മകമായ കാഴ്ച്ചപ്പടില്‍ ദേശസ്നേഹത്തെയും ദേശീയതെയും പാരമ്പര്യത്തെയും നിര്‍വഹിക്കുന്നത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമായിരിക്കും.
ദേശീയതയൂടെ രൂപങ്ങളെയെല്ലാം രൂക്ഷമായി വിമര്‍ശിച്ച ടാഗോര്‍ എഴുതിയ ഒരു ഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്തവരെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന ഭരണകൂടം ടാഗോറിനെയും ഭാവിയില്‍ ദേശവിരുദ്ധനാക്കിയേക്കാം. ‘ദേശീയത’ എന്ന പുസ്തകം ഇന്ത്യന്‍ ഭരണകൂടത്തെ അത്രമാത്രം പ്രകോപിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
രണ്ട്
ടാഗോറിന്റെ ദേശീയത സങ്കല്പം ഇന്നു രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ ദേശീയത ബോധ്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നതാണ്. പല സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ടാഗോര്‍ തന്റെ ദേശീയത സങ്കല്പത്തെ വിശദീകരിച്ചിട്ടുണ്ട്. വീടും ലോകവും (“I am willing to serve my country; but my worship I reserve for right which is far greater than country. To worship my country as a god is to bring curse upon it.”) എന്ന 1916 ല്‍ രചിച്ച നോവല്‍, ഗാന്ധിജിക്കും എ എം ബോസിനും എഴുതിയ കത്തുകള്‍ തുടങ്ങിയ രചനകളെ ടാഗോറിന്റെ ദേശീയത സങ്കല്പം മനസ്സിലാക്കുന്നതിന് ആശ്രയിക്കാവുന്നതാണ്. 1908 ല്‍ എ.എം ബോസിനെഴുതിയ കത്തിലാണ് ടാഗോര്‍ ദേശീയതയെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ പ്രസ്താവന നടത്തുന്നത്. ടാഗോര്‍ എഴുതുന്നു “Patriotism can’t be our final spiritual shelter. I will not buy glass for the price of diamonds and I will never allow patriotism to triumph over humanity as long as I live.” ദേശീയതയെക്കാള്‍ മനുഷ്യത്വത്തിലാണ് ടാഗോര്‍ വിശ്വാസമര്‍പ്പിച്ചിരുന്നത്. ടാഗോറിന്റെ ദേശീയത സങ്കല്പം ഇത്രമാത്രം വിശാലമാവാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് ടാഗോറിന്റെ ദാര്‍ശനിക ബോധമാണ്. മറ്റൊന്ന് അനുശീലനങ്ങളിലൂടെ ടാഗോറിന് കൈവന്ന മാനസികമായ വിശാലതയാണ്. ടാഗോര്‍ തന്റെ സര്‍വ്വകലാശാലയ്ക്ക് വിശ്വഭാരതി എന്ന പേരാണ് നിര്‍ദ്ദേശിച്ചത്. അതുകൂടാതെ ബാവുളുകളുടെ ജീവിതദര്‍ശനവും സൂഫിസവും ഉപനിഷത് ദര്‍ശനവും ടാഗോറിന്റെ ചിന്തകളെ സ്വാധീനിച്ചു.
കെ ദാമോദരന്‍ ടാഗോറിന്റെ തത്ത്വചിന്തയെക്കുറിച്ച് എഴുതുന്ന വേളയില്‍ ഇങ്ങനെ പറയുന്നുണ്ട്, “ചൈനയിലെ പ്രഭാഷണങ്ങൾ എന്ന പുസ്തകത്തിൽ അദ്ദേഹം തന്റെ സ്വഭാവത്തെയും വീക്ഷണഗതിയെയും രൂപപ്പെടുത്തുന്നതിൽ വളരെയേറെ സ്വാധീനം ചെലുത്തിയ മൂന്നു ഘടകങ്ങളെപ്പറ്റി എടുത്തു പറയുന്നുണ്ട്. ഒന്നാമത്തേത്, പത്തൊമ്പതാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്ര ചാറ്റർജി. രണ്ടാമത്തേത്, റാംമോഹൻ റായിയുടെയും ബ്രഹ്മസമാജത്തിന്റെയും ആശയങ്ങൾ. മൂന്നാമത്തേത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന ദേശീയ പ്രസ്ഥാനം. എന്നാൽ, ഇവയിൽ ഒരൊറ്റ ഘടകത്തപ്പോലും പൂർണമായി പിന്തുടരാൻ അദ്ദേഹം തയ്യാറായില്ല. ഉദാഹരണത്തിന്, സാഹിത്യകാരനും ദേശാഭിമാനിയുമായ ബങ്കിംചന്ദ്ര ചാറ്റർജിയാണ് അദ്ദേഹത്തെ ആകർഷിച്ചത്. മതപരമായ വിഭാഗീയ പ്രവണതകൾ പ്രചരിപ്പിച്ച ബങ്കിംചന്ദ്ര ചാറ്റർജിയല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും ബാലഗംഗാധരതിലകൻ, അരവിന്ദഘോഷ് തുടങ്ങിയ നേതാക്കന്മാർ ഒരേ സമയത്തു തന്നെ ഹിന്ദുദേശീയവാദത്തിന്റെയും രാഷ്ട്രീയമായ തീവ്രവാദത്തിന്റെയും വക്താക്കളായി രംഗപ്രവേശം ചെയ്തുകഴിഞ്ഞിരുന്നു. അവരുടെ രാഷ്ട്രീയാദർശങ്ങളോട് ടാഗോറിന് ആനുകൂല്യമായിരുന്നു. പക്ഷെ, മതപുനരു ജീവനസംരംഭങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാൻ അദ്ദേഹം കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ നോട്ടം ഭൂതകാലത്തിലേയ്ക്കായിരുന്നില്ല, ഭാവിയിലേയ്ക്കായിരുന്നു.” (ഭാരതീയ ചിന്ത, പേജ് 567).
തീവ്രമതബോധത്തിന്റെ അടിത്തറയില്‍ രാഷ്ട്രനിര്‍മ്മാണം നടത്തുന്ന ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന് ടാഗോറിന്റെ ചിന്തകളോട് ഒരുതരത്തിലും ഐക്യപ്പെടാന്‍ സാധിക്കില്ല. ബൃഹത്തായ അനുചരവൃന്ദത്തെ ഈ ഭരണകൂടം വികസിപ്പിച്ചുകഴിഞ്ഞു. മര്‍ദ്ദനമുറകളിലൂടെ അടിച്ചേല്‍പ്പിക്കുന്ന ‘ദേശീയത ‘യാണ് ഇന്ന് ഇന്ത്യയെ നിര്‍വചിക്കുന്നത്. ഗാന്ധിയുടെ ദേശീയത സങ്കല്പങ്ങളോട് ടാഗോര്‍ പലപ്പോഴും വിയോജിച്ചു. ദേശീയതയ്ക്കും അന്യമതവിദ്വേഷത്തിനും ഇടയിലുള്ള നേരിയ വരയില്‍ ടാഗോര്‍ ആശങ്കപ്പെട്ടു. “the poet lives in a magnificent world of his own creation — his world of ideas.” എന്ന് ഗാന്ധി ടാഗോറിന്റെ ചിന്തകളെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഗാന്ധിയുടെ ദേശീയത സങ്കല്പം ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന് ഏതൊക്കെ വിധത്തില്‍ ഇന്ധനമായി എന്ന് ആലോചിക്കാവുന്നതാണ്.
ദേശീയതയെ തെറ്റായി മനസ്സിലാക്കിയ ഇന്ത്യന്‍ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ച് ജനതയുടെ ദേശസ്നേഹം പരിശോധിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനവും, ദേശീയപതാക എല്ലാ വീടുകളിലും ഉയര്‍ത്തി ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന ഭരണകൂടത്തിന്റെ ആഹ്വാനവും തെളിച്ചുകാട്ടുന്നത് ദേശീയത എന്നാല്‍ ദേശീയപതാകയോടുള്ള സ്നേഹം കുറച്ചു ദിവസം പ്രദര്‍ശിപ്പിക്കലും , ദേശീയഗാനം ഏപ്പോള്‍ കേട്ടാലും എഴുന്നേറ്റ് നില്‍ക്കലും മാത്രമാണെന്നാണ്. ദേശീയത കേവലം ദേശചിഹ്നങ്ങളോ, ദേശാതിര്‍ത്തിയോ, ഭരണകൂടമോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയതയുടെ വിശാലാര്‍ത്ഥത്തെ കേവലചിഹ്നങ്ങളിലേക്ക് ചുരുക്കുന്ന രാഷ്ട്രീയയുക്തി ഇന്ന് ഇന്ത്യയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചിഹ്നങ്ങളോട് പരസ്യമായി ആദരവ് പ്രദര്‍ശിപ്പിക്കാത്തവര്‍ ദേശവിരുദ്ധരാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഞങ്ങള്‍, നിങ്ങള്‍ എന്ന വിഭജനം സൃഷ്ടിക്കുകയും ദേശപാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഞങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഒരു പറ്റം ആളുകളാണ് ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത്. സത്യാനന്തര (post -truth) കാലത്ത് തെറ്റായ പ്രചരണങ്ങളിലൂടെയും നുണകളാല്‍ നിര്‍മ്മിച്ച ചരിത്രത്തിലൂടെയും ‘ദേശീയത ‘ എന്ന ആശയത്തെ ഭരണകൂടത്തിന്റ ഇച്ഛയ്ക്കനുസൃതമായി നിര്‍മ്മിച്ചെടുക്കാന്‍ ഭരണകൂട പാര്‍ട്ടിക്ക് സാധിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ മനോനിലയെ ഭരിക്കുന്ന ദേശീയത ബോധം സംഘപരിവാര്‍ നിര്‍മ്മിച്ചെടുത്ത ദേശീയ ബോധമാണ്. ദേശമെന്നാല്‍ ഭരണകൂടമാണ്, ദേശമെന്നാല്‍ പാരമ്പര്യമാണ്, ദേശമെന്നാല്‍ ഭൗതികമായ അതിര്‍ത്തികളാണ്, ദേശമെന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ പാരമ്പര്യമാണ്, ആ വിഭാഗത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളാണ് എന്നീ ആശയങ്ങള്‍ക്ക് പൊതുജനസമ്മതി കൂടുന്ന കാലമാണിത്. അപരസ്വത്വങ്ങളെ റദ്ദ് ചെയ്യുകയും, വിയോജിപ്പുകളെ രാജ്യദ്രോഹകുറ്റമായി ഗണിക്കുകയും , ജനാധിപത്യത്തിന്റെ ആധാരശിലകള്‍ ഓരോന്നായി പിഴുതെറിയപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ‘ദേശീയത ‘ യെക്കുഴിച്ചുള്ള ആലോചനകള്‍ക്ക് പ്രസക്തിയേറും.
മൂന്ന്
റൊമില ഥാപ്പര്‍ ‘Whats is nationalism’ എന്ന പുസ്തകത്തില്‍ ‘ദേശീയത ‘യെ സുസൂക്ഷ്മം വിശകലന വിധേയമാക്കുന്നുണ്ട്. ദേശവും ഭരണകൂടവും ഒന്നല്ല എന്നത് ആ പുസ്തകത്തിലെ സുപ്രധാന നിരീക്ഷണമാണ്. ഭരണകൂട വിമര്‍ശനം ദേശീയതയുടെ വിമര്‍ശനമായിഗണിച്ച് ദേശദ്രോഹം കുറ്റംചുമതി പൗരജനതയെ തുറങ്കിലടക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ദേശീയതയെക്കുറിച്ചുള്ള ആലോചനകള്‍ക്ക് സാംഗത്യമേറും. ദേശീയത എന്ന പദത്തിന് പല തലങ്ങളിലായി വിഭിന്നാര്‍ത്ഥങ്ങള്‍ ഉണ്ട്. ആ പദത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരത്തെ പരിഗണിച്ചു മാത്രമെ ‘ദേശീയത’യെ നിര്‍വചിക്കാന്‍ സാധിക്കുകയുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദേശീയത ഒരു മൂര്‍ത്ത വസ്തുവല്ല, അമൂര്‍ത്തമായ ആശയമാണ് എന്ന ബെനിഡിക് ആന്‍ഡേഴ്‌സന്റെ കാഴ്ച്ചപ്പാടാണ്. ദേശീയത വ്യത്യസ്ത പശ്ചാത്തലങ്ങളിലും സ്വത്വങ്ങളിലും പുലരുന്ന ജനതയെ ഒന്നിപ്പിക്കുന്ന പൊതുവായ കാര്യമാണ്. ദേശീയത ഒരു ദേശത്തെ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമാണ്. പല ഭാഷകളിൽ, ദേശങ്ങളിൽ, സാമൂഹിക സാഹചര്യങ്ങളിൽ സാംസ്കാരികമായ ഈടുവെപ്പുകളിൽ ജീവിതം പുലർത്തുന്ന മനുഷ്യരെ അവരുടെ വ്യത്യസ്തതകളെയെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ കൂട്ടിച്ചേർക്കുന്ന സാങ്കല്പിക സമുദായമാണ് ദേശം. ദേശീയത ഈ സാങ്കല്പിക സമുദായത്തിന്റെ അകപ്പൊരുളാണ്.
ദേശീയത മറ്റ് വിശ്വാസപ്രമാണങ്ങൾക്കെല്ലാം അതീതമായ ഒന്നാണ്. മതം, ജാതി, വംശീയത, ദേശം തുടങ്ങി മനുഷ്യരെ വിഭജിക്കുന്ന ഘടകങ്ങൾക്കെല്ലാം മുകളിൽ നിൽക്കുന്ന ഒന്നാണ് ദേശീയത. ദേശീയതയെക്കുറിച്ച് പറയുമ്പോൾ അടിസ്ഥാനമായി നാം മനസ്സിലാക്കേണ്ട ഒന്നാണ് ദേശവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസം. ദേശത്തിന്റെ അവകാശങ്ങളെ ഹനിക്കാൻ ഒരു ഭരണകൂടത്തിന് കഴിയില്ല. ദേശീയത ദേശത്തിലാണ് നിലകൊള്ളുന്നത്, അല്ലാതെ ഭരണകൂടത്തിൽ അല്ല. ബ്രിട്ടീഷ് ഇന്ത്യയുടെ അതിർത്തിയല്ല സ്വതന്ത്രാനന്തര ഇന്ത്യയുടെ അതിർത്തി. അതുകൊണ്ടുതന്നെ സ്വതന്ത്രനന്തര ഇന്ത്യയുടെ ദേശീയത, ബ്രിട്ടീഷ് ഇന്ത്യയിലെ ദേശീയതയല്ല. ദേശീയത നിരന്തരം നിർവചിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കാലങ്ങളിലൂടെ ഒരു ദേശം കടന്നുപോകുമ്പോൾ അതിന്റെ അതിർത്തി രേഖകളും മാറിക്കൊണ്ടിരിക്കും. ഒരു ദേശത്തിലെ ജനതയ്ക്ക് എല്ലാം തന്നെ തുല്യനീതിയും തുല്യ അവകാശങ്ങളും ഉറപ്പുവരുത്തുന്നത് ദേശീയതയാണ്. ദേശീയ താല്പര്യം എന്നത് എല്ലാ പൗരരുടെയും ജീവിത നിലവാരം ഉയർത്തുകയും ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജനതയ്ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ്. സാമൂഹികനീതിയും സാമ്പത്തിക വളർച്ചയും ഒരു ദേശത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ദേശീയ പതാക ഉയർത്തുന്നതിലൂടെയോ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിലൂടെയോ മുദ്രാവാക്യങ്ങൾ വിളിക്കാത്ത ജനങ്ങളെ മർദ്ദിക്കുന്നതിലൂടെയോ പുലരേണ്ടുന്ന ഒന്നല്ല ദേശീയത. കുറെക്കൂടി വിശാലമായ അർത്ഥമുണ്ട് ആ പദത്തിന്. ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിന് അനുസൃതമായി ദേശീയതയെ നിർവചിക്കുമ്പോൾ തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്ക് പുറത്തുള്ളവരെല്ലാം ദേശവിരുദ്ധരായി തീരുന്നു. അങ്ങനെ പുറന്തള്ളലിന്റെ പേരായി ദേശീയത മാറുന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വംശങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച ‘ദേശീയത’ എന്ന പദത്തിന് 16-17 നൂറ്റാണ്ടുകളിലാണ് രാഷ്ട്രീയമായ അര്‍ത്ഥം കൈവരുന്നത്. ഇന്നുള്ള അര്‍ത്ഥത്തിലേക്ക് എപ്പോഴാണ് ആ പദം എത്തിയതെന്ന് കൃത്യമായി പറയാനാകില്ലെന്ന് റെയ്മണ്ട് വില്യംസ് ‘കീവേഡ്സ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ദേശീയത മുന്നേറ്റങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത് പലതരത്തിലുള്ള രാഷ്ട്രീയ സംഘങ്ങളെ, വേർതിരിവുകളെ അത് ഒത്തുചേർക്കുന്നതിലൂടെയാണ്. പല രാജ്യങ്ങളിലും ദേശീയത ഒരു രാഷ്ട്രീയ മുന്നേറ്റമായി പത്തൊന്‍പതാം നൂറ്റാണ്ടോടെ വികസിക്കുന്നതായി വില്യംസ് പറയുന്നുണ്ട്. പ്രവിശ്യകളായും പ്രദേശങ്ങളായും ഭാഷയായും വംശങ്ങളായും വേർതിരിക്കപ്പെട്ട മനുഷ്യരെ ഒത്തുചേര്‍ക്കുന്ന ഒന്നായി ദേശീയത മാറുന്നു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇന്ത്യയെ ഒരു ഉദാഹരണമായും പരിഗണിക്കുന്നുണ്ട്.
നാല്
മതകേന്ദ്രിതവും പാരമ്പര്യകേന്ദ്രിതവുമായ ദേശീയത ബോധങ്ങളെ ടാഗോര്‍ ഒരിടത്ത് ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. ടാഗോര്‍ പറയുന്നു, “പക്ഷേ, ഏതുരീതിയിലുള്ള അഭിമാനമായാലും ശരി, അതൊടുവിൽ നയിക്കുക അന്ധതയിലേക്കായിരിക്കും. കൃത്രിമമായ ഉത്തേജനങ്ങൾ പോലെ, ആദ്യമത് ബോധാവസ്ഥയെ വളർത്തുകയും അളവു കൂടുന്നതനുസരിച്ച് ആ സുബോധം നശിച്ച്, മതിഭ്രമമുണ്ടാക്കുന്ന ഒരവസ്ഥയിലേക്കെത്തിക്കുകയും ചെയ്യും.” (ദേശീയത, പേജ് 88). ടാഗോറിന്റെ ‘ദേശീയത’ സങ്കല്പം ഉയര്‍ന്ന ശിരസ്സും നിര്‍ഭയമായ മനസ്സും സ്വതന്ത്രമായ അറിവും ഉള്ള വിഭജനങ്ങളില്ലാത്ത ദേശത്തിന്റെ ആന്തരികസത്തയാണ്. ടാഗോര്‍ പലയിടങ്ങളിലായി തന്റെ ദേശിയത സങ്കല്പം വിവരിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ദേശീയത’ എന്ന പുസ്തകം ‘ദേശീയത’ യെ മുന്‍നിര്‍ത്തി ഏകാധിപത്യരാഷ്ട്രം കെട്ടിപ്പടുക്കുന്ന ഭരണകൂടത്തോടുള്ള വിയോജിപ്പാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ ദേശദ്രോഹകുറ്റമായി ഗണിക്കാവുന്ന ‘കുറ്റ’മാണ് ടാഗോര്‍ ‘ദേശീയത’ എന്ന പുസ്തകത്തിന്റെ രചനയിലൂടെ നിര്‍വഹിച്ചത്.
പാശ്ചാത്യ ദേശീയത, ജപ്പാനിലെ ദേശീയത, ഇന്ത്യയിൽ ദേശീയത എന്നിങ്ങനെ മൂന്നുതരത്തിൽ ദേശീയതയെ വിശദീകരിക്കുകയാണ് ടാഗോർ. വർത്തമാനകാല ഇന്ത്യൻ സന്ദർഭത്തിൽ ഈ ദേശീയ വിശദീകരണം പ്രസക്തമാണ്.
പുസ്തത്തിന്റെ മുഖവുരയായി അതിലെ ലേഖനങ്ങള്‍ രൂപപ്പെട്ട ചരിത്രപശ്ചാത്തലം പ്രസാധകര്‍ സൂചിപ്പിക്കുന്നുണ്ട്. പാശ്ചാത്യദേശീയത എന്ന ആദ്യ ലേഖനം 1916-17 ലെ ശിശിരകാലത്ത് അമേരിക്കയിൽ നടത്തിയ ഒരു പ്രഭാഷണ പരമ്പരയിലെ ഒരു ഭാഗമാണ്. ഈ പ്രഭാഷണത്തില്‍ ടാഗോര്‍ പ്രധാനമായും ഊന്നല്‍ കൊടുത്തത് ‘ദേശരാഷ്ട്രം’ ഒരു വിപത്തായി എങ്ങനെയാണ് ജനതയുടെ മേല്‍ പതിക്കുന്നതെന്ന് വിശദീകരിക്കാനായിരുന്നു. അതിനു മുന്നോടിയായി ഇന്ത്യയുടെ ആത്മീയ പാരമ്പര്യവും സാമൂഹിക ജീവിതവും ടാഗോര്‍ പറയുന്നു. 1916 ജൂൺ, ജൂലായ് മാസങ്ങളിൽ ഇംപീരിയൽ സർവകലാശാലയുടെയും കിയോ ജിജോക്കു സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ രണ്ടു പ്രഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ് ജപ്പാനിലെ ദേശീയത. പല തരത്തിലുള്ള അധിനിവേശത്തിന്റെ മുറിവുകളെ പാരമ്പര്യത്തിന്റെ ഊര്‍ജ്ജം ആധുനിക ബോധത്തിലേക്ക് സന്നിവേശിപ്പിച്ച് ജപ്പാന്‍ എങ്ങനെയാണ് കുതിച്ചുയര്‍ന്നത് എന്നത് ടാഗോര്‍ ഈ പ്രഭാഷണത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ദേശീയത എന്ന മൂന്നാമധ്യായം അമേരിക്കന്‍ ജനതയെ അഭിമുഖീകരിച്ച് ടാഗോര്‍ നടത്തിയ പ്രഭാഷണത്തിന്റെ ലിഖിത രൂപമാണ്. ടാഗോര്‍ പലപ്പോഴായി നടത്തിയ പ്രഭാഷങ്ങളുടെയും എഴുതിയ ലേഖനങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ദേശീയത’ എന്ന രവീന്ദ്രനാഥ ടാഗോറിന്റെ ലേഖനസമാഹാരം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് രാജീവ് ചേലനാടാണ്.
പല വംശങ്ങളായി നിലനില്‍ക്കുമ്പോള്‍ അതിനിടയില്‍ പുലരുന്ന സാഹോദര്യം ഇന്ത്യയുടെ പ്രത്യേകതയാണ് എന്ന് ടാഗോര്‍ പറയുന്നു. പാശ്ചാത്യ അധിനിവേശം ആ സാഹോദര്യത്തിലേക്കാണ് ഇടിച്ചുകയറിയത്. മാനവികതയോട് ദേശീയത് ചെയ്തത് എന്താണ് എന്ന് ടാഗോര്‍ വിവരിക്കുന്നു. “വംശീയമായി വ്യത്യസ്തതയുള്ള വർഗങ്ങൾ ഈ രാജ്യത്ത് അടുത്തിടപഴകിയിരുന്നു. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ, ഇന്നും തുടരുന്ന യാഥാർഥ്യം അതാണ്. ആ യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട്, അതുമായി ഇടപഴകി നമ്മുടെ മനുഷ്യത്വം സമ്പൂർണമാക്കുക എന്നതാണ് നമ്മുടെ ദൗത്യം. ആ ദൗത്യം സഫലമാകാതിരിക്കുന്നിടത്തോളം കാലം, മറ്റെല്ലാ സൗഭാഗ്യങ്ങളും നമുക്ക് നിഷേധിക്കപ്പെടും.” ഈ പറയുന്നതിലൂടെ ടാഗോര്‍ ദേശീയതയെ ശരിയായ രീതിയില്‍ നിര്‍വചിക്കുകയായിരുന്നു. ദേശീയത മനുഷ്യരെ പുറന്തള്ളാനുള്ള യന്ത്രമായല്ല, മറിച്ച് ചേര്‍ത്തുനിര്‍ത്തേണ്ട മാനവികതയായാണ് പ്രവര്‍ത്തിക്കേണ്ടത്. അക്രമാസക്തമായ ദേശീയതയെ ആരാധിക്കല്‍ അല്ല മാനവചരിത്രത്തിന്റെ ലക്ഷ്യമെന്ന് ടാഗോര്‍ ഉറപ്പിച്ചു പറയുന്നു. ദേശീയയന്ത്രങ്ങളിലൂടെ പാശ്ചാത്യദേശം ഉത്പാദിപ്പിക്കുന്നത് മനുഷ്യഭാണ്ഡങ്ങളെയാണെന്നും അവരാണ് ഇന്ത്യയുടെ ദേശീയതകളില്ലാത്ത, പ്രപഞ്ചത്തെ ദേശമായി സങ്കല്പിക്കുന്ന ഇടത്തേക്ക് ഇരച്ചുകയറിയതെന്ന് ടാഗോര്‍ പറയുന്നുണ്ട്.
കൊളോണിയലിസത്തിന്റെ മഹാവിപത്തുകളിലേക്കും ആപത്കരമായ പ്രവര്‍ത്തനരീതികളിലേക്കുമാണ് ടാഗോര്‍ വിരല്‍ ചൂണ്ടുന്നത്. കൊളോണിയലിസത്തിന്റെ നിര്‍ദ്ദയമായ ചെയ്തികളിലൂടെ രാജ്യം കടന്നുപോയികൊണ്ടിരിക്കുന്ന വേദനാഭരിതമായ നാളുകള്‍ കൂടിയാണ് ടാഗോറില്‍ പ്രവര്‍ത്തിച്ചത്. അങ്ങനെ ടാഗോര്‍ ദേശരാഷ്ട്രം ഏല്‍പ്പിക്കുന്ന മുറിവുകളിലേക്ക് കടക്കുന്നു. അധിനവേശത്തിന്റെ ഒടുങ്ങാത്ത ആര്‍ത്തിയെക്കുറിച്ചാണ് ടാഗോര്‍ ആകുലപ്പെടുന്നത്. മാര്‍ക്സ് ‘ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ’ യില്‍ എഴുതിയതുപോലെ, (“the misery inflicted by the British on Hindustan is of an essentially different and infinitely more intensive kind than all Hindustan had to suffer before…The profound hypocrisy and inherent barbarism of bourgeois civilisation lie unveiled before our eyes, turning from its home, where it assumes respectable forms, to the colonies, where it goes naked”) ബൂര്‍ഷ്വാ നാഗരികതയുടെ നഗ്നമായ രക്തമൂറ്റലിനെയാണ് ടാഗോര്‍ എതിര്‍ക്കുന്നത്. ദേശരാഷ്ട്രത്തിന്റെ അത്യാര്‍ത്തിയോടെയുള്ള നോട്ടം ഇതര ദേശങ്ങളിലേക്കും വ്യാപിക്കുകയും അധിനിവേശം കൂടുതല്‍ മനുഷ്യത്വവിരുദ്ധവും സ്വാര്‍ത്ഥവുമായി മാറുകയും ചെയ്തു. ടാഗോര്‍ ഈ ആലോചനകള്‍ പങ്കു വെക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് എന്നതും ഓര്‍മ്മിക്കേണ്ടതാണ്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകത്തിന്റെ സവിശേഷ ജീവിതസാഹചര്യത്തില്‍. ദേശീയതയുടെ ധനാത്മക മൂല്യമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നയിച്ചത്. ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത, ഒരേ സ്വരത്തില്‍ പാടാം’ എന്ന ബോധം ജനതയില്‍ പടര്‍ത്തിയ വലിയൊരു സമരത്തിന്റെ ഉള്‍താളമായിരുന്നു അപ്പോള്‍ ദേശീയത. വള്ളത്തോള്‍ കവിതകൾ മലയാളത്തില്‍ വികസിപ്പിച്ചത് ദേശീയതയുടെ യഥാര്‍ത്ഥ അര്‍ത്ഥമായിരുന്നു.
“ഏകീഭവിച്ചൊരുങ്ങുകി
ങ്ങേകോദരജാതർ നമ്മൾ
കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാൻ
നമ്മൾ നൂറ്റ നൂല് കൊണ്ടു
നമ്മൾ നെയ്ത വസ്ത്രം കൊണ്ടു…”
ഒരു രാജ്യത്തെ മനുഷ്യര്‍ അതിരുകളെയെല്ലാം മായിച്ച് ഒത്തുച്ചേരുന്ന ചരിത്രസന്ദര്‍ഭമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ ഒത്തുച്ചേരലില്‍ ബ്രിട്ടനോടൊപ്പം ആകുലചിത്തരായത് ഹിന്ദുത്വസംഘടനകളാണ്. ഇന്ന് അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം ദേശീയതയുടെ മൊത്തവില്പനകാരാവുന്ന കാലഘട്ടത്തില്‍ ദേശീയതയുടെ അര്‍ത്ഥത്തിലേക്ക്, മറവിയാലാണ്ടുപോയ ചരിത്രത്തിന്റെ അടിപ്പടവിലേക്ക് ഇറങ്ങിനോക്കേണ്ടിയിരിക്കുന്നു.
ടാഗോറിനു പ്രിയം ദേശീയതയെക്കാളും മാനവികതയോടായിരുന്നു. ശാശ്വതമായത് മാനവികതയാണെന്ന് ടാഗോര്‍ വിശ്വസിച്ചു. ഉയർന്ന സാമൂഹിക ജീവിതമാണ് മനുഷ്യൻ കൈവരിക്കേണ്ടത്, അല്ലാതെ ദേശം എന്ന രാഷ്ട്രീയത്തിന്റെയും വ്യാപാരത്തിന്റെയും സംഘടനയോടൊപ്പം അല്ല മനുഷ്യർ നിലകൊള്ളേണ്ടത് എന്നും ടാഗോർ പറഞ്ഞു. മാനവികതയുടെ അടിസ്ഥാനം നന്മയും ദേശീയതയുടെ അടിസ്ഥാനം യാന്ത്രികതയും ആണെന്ന് ടാഗോര്‍ സൂചിപ്പിക്കുന്നു. ദേശീയതയുടെ യന്ത്രസമാനമായ ഈ മുഖം മനുഷ്യനിൽ അനുകമ്പയോ ഉത്തരവാദിത്വമോ അവശേഷിപ്പിക്കുകയില്ല എന്നും ടാഗോർ കൂട്ടിച്ചേർക്കുന്നു. അങ്ങനെ സഹജമായ മാനവികത വറ്റിയ യന്ത്രസമാനമായ രൂപങ്ങളെയായിരിക്കും ഒരു ദേശരാഷ്ട്രം സൃഷ്ടിക്കുന്നത്. ടാഗോർ തന്റെ രാജ്യത്തെക്കാളും വിലപ്പെട്ടതായി കണക്കാക്കുന്നത് മാനവികതയെയാണ്. മാനവികതയുടെ പ്രവാചകന്റെ ശബ്ദത്തിൽ ടാഗോർ പറയുന്നു, “എന്റെ രാജ്യത്തിന് ദേശീയത എങ്ങനെ ബാധിക്കുന്നു എന്നതല്ല, മാനവികതയെ ഇതെങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്”.
ഇന്ന് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് ‘ആരാണ് ഇന്ത്യയുടെ യഥാർത്ഥ അവകാശികൾ? . ഇവിടെ ഉള്ളവർ എന്നും പുറത്തുനിന്ന് വന്നവർ എന്നും ജനതയെ രണ്ടായി തിരിക്കുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതിനിയമം വരുന്നത്. അങ്ങനെ ഒരു അപര സ്വത്വത്തെ നിർമ്മിക്കുന്നതിലൂടെ ഒരു വിഭാഗം മനുഷ്യരെ ദേശീയതയുടെ നിര്‍വചനത്തില്‍ നിന്നും പുറന്തള്ളാനുള്ള ശ്രമം നമുക്ക് കാണാം. ടാഗോർ പറയുന്നു, “ഇന്ത്യയുടെ ചരിത്രം ഏതെങ്കിലും ഒരു വംശത്തിന്റേത് മാത്രമല്ലെന്നും ദ്രാവിഡന്മാരും ആര്യന്മാരും മുഹമ്മദന്മാരും പുരാതന ഗ്രീസിലെയും പേർഷ്യയിലെയും പടിഞ്ഞാറിലെയും മധ്യേഷ്യയിലെയും ഒക്കെ വിവിധ വംശങ്ങളും സംഭാവന ചെയ്ത ഒരു ചരിത്ര പ്രക്രിയയാണ് ഇതെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.” അതുകൊണ്ടാണ് ടാഗോർ ഇന്ത്യയുടെ ചരിത്രത്തേക്കാൾ മാനവികതയുടെ ചരിത്രത്തിന് പ്രാധാന്യം നൽകുന്നത്.
“വർത്തമാന കാലഘട്ടത്തിലെ മനുഷ്യലോകത്തെ തൂത്തെറിയുന്ന ക്രൂരമായ ഒരു പകർച്ചവ്യാധിയാണ് ദേശീയത” എന്ന് ടാഗോർ പറയുന്നുണ്ട്. ഈ ദേശീയതയുടെ കേന്ദ്രം പടിഞ്ഞാറു നിന്നാണ് ഉത്ഭവിച്ചത് എന്ന് ടാഗോര്‍ പറയുന്നു. “പടിഞ്ഞാറൻ ദേശീയതയുടെ സ്രോതസ്സിലും കേന്ദ്രത്തിലും ഉള്ളത് സംഘർഷത്തിന്റെയും അധിനിവേശത്തിന്റെയും ആത്മാവാണ്. സാമൂഹികമായ സഹകരണം അല്ല അതിന്റെ അടിസ്ഥാനം. ആത്മീയതയുടെ ആദർശാത്മകതയല്ല അധികാരത്തിന്റെ നിയതമായ ഒരു സംഘടനയാണ് അത് വികസിപ്പിച്ചെടുത്തത്.” ദേശീയതയുടെ അടിയാധാരമായ ഹിംസാത്മകതയെ ടാഗോർ എതിർക്കുന്നു. ഹിംസയുടെ രൂപകങ്ങൾ ഉപയോഗിച്ചാണ് ടാഗോർ ദേശീയതയെ വിശേഷിപ്പിക്കുന്നത്. “ലോകത്തിന്റെ വിശ്രാന്തിക്കെതിരെ നിരന്തരം ജാഗ്രത പാലിച്ചുകൊണ്ട് അതിന്റെ മജ്ജയിൽ കൂർത്ത പല്ലുകളാഴ്ത്തുന്ന ഈ ദേശരാഷ്ട്രത്തെ പോലെ ഒരു വലിയ വിനാശത്തെ മനുഷ്യ ചരിത്രത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ പോലും കാണാൻ നിങ്ങൾക്ക് ഇടവന്നിട്ടുണ്ടോ ?” എന്ന് ടാഗോർ ചോദിക്കുന്നു.
ദേശരാഷ്ട്രമെന്ന സങ്കല്പത്തെ അടിമുടി എതിർക്കുകയാണ് ടാഗോർ. ഒരുതരത്തിലുള്ള ധാർമ്മികമായ യുക്തിയും ദേശരാഷ്ട്രത്തിൽ ഇല്ല എന്ന് ടാഗോർ അസന്നിഗ്ധം പറയുന്നു. ദേശീയതയും രാഷ്ട്രീയവും പ്രമേയമാകുന്ന ഈ പ്രഭാഷണങ്ങളിൽ ഇടയ്ക്ക് കവിയായ രവീന്ദ്രനാഥ ടാഗോറും പ്രകാശിക്കുന്നത് കാണാം. ദേശീയതയെ വിശേഷിപ്പിക്കാൻ നിർമ്മിച്ച രൂപകങ്ങളിലും ദേശീയതയുടെ ഫലം മനുഷ്യനിൽ എന്തു മാറ്റമാണ് ഉണ്ടാക്കിയത് എന്നു വിശദീകരിക്കുന്ന സന്ദർഭത്തിലും കവിയായ ടാഗോറിനെ നമുക്ക് കാണാം. “മനുഷ്യനെ അവന്റെ സ്വാഭാവികമായ പരിതസ്ഥിതികളിൽ നിന്ന് സാമൂഹിക ജീവിതത്തിന്റെ സമഗ്രതയിൽ നിന്ന് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സാമൂഹികമായ ഉത്തരവാദിത്വത്തിന്റെയും സജീവമായ ബന്ധങ്ങളിൽ നിന്ന് വിടർത്തിയാൽ നിങ്ങൾക്ക് കിട്ടുക സമ്പത്തിന്റെ ഭീമമായ ഉത്പാദനത്തിനുവേണ്ടി ശിഥിലീകരിക്കപ്പെട്ട ഒരു യന്ത്രത്തിന്റെ ശകലങ്ങളെ ആയിരിക്കും. മരത്തിനെ വെട്ടി വിറകാക്കി നോക്കൂ . അത് നിങ്ങൾക്ക് വേണ്ടി കത്തിയേക്കാം. പക്ഷേ ഒരിക്കലും പൂക്കളോ ഫലങ്ങളോ നിങ്ങൾക്ക് അതിൽ നിന്ന് കിട്ടില്ല.” എന്ന് ദേശീയതയുടെ മുറിവുകളില്‍ ചവിട്ടി നിന്ന് ടാഗോര്‍ പറയുന്നു.
ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയിലും ജപ്പാനിലും സന്ദർശിച്ചതിന്റെ മുഴുവൻ അനുഭവവും ഈ വാക്കുകളിൽ കാണാം. ലോകമഹായുദ്ധം സൃഷ്ടിച്ച വിനാശത്തിന്റെ അടിസ്ഥാനം ദേശരാഷ്ട്രം എന്ന യുക്തിയാണ് എന്ന് ടാഗോര്‍ വിശ്വസിക്കുന്നു. “ദേശരാഷ്ട്രം സത്യത്തിന്റെയോ നന്മയുടെയോ ശബ്ദത്തിന് ചെവി കൊടുക്കില്ല. മനുഷ്യന്റെ ഏറ്റവും മുകളിൽ കിടക്കുന്ന പരസ്പരമുള്ള വിശ്വാസത്തെയും മനുഷ്യനെ ജീവിപ്പിക്കുന്ന ആദർശങ്ങളെയും ചവിട്ടിയരച്ച് ഇരുമ്പിനെ ഇരുമ്പിനോടും യന്ത്രത്തെ യന്ത്രത്തോടും കൂട്ടിയോജിപ്പിച്ചുകൊണ്ട് അത് അതിന്റെ നൃത്തം തുടർന്നുകൊണ്ടേയിരിക്കും.” ടാഗോറിന്റെ ഈ വാക്കുകൾ ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള ലോകത്തു മാത്രമല്ല പ്രസക്തമാകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകമെങ്ങും ദേശീയത ഒരു മഹാരോഗം പോലെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വർത്തമാനകാല ഇന്ത്യയുടെ സവിശേഷ പരിസരത്തിൽ ഏറ്റവും ഹീനമായ രീതിയിൽ ദേശീയത മാറിയിരിക്കുന്നു. “ബോധം നശിപ്പിക്കാൻ മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും ശക്തമായ ഒരു മരുന്നാണ് ഈ ദേശീയത എന്നത്. ധാർമികതയെ കുറിച്ച് ലെവലേശം ചിന്തയില്ലാതെ ഏറ്റവും ഹീനമായ പ്രവർത്തികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനും അതിൽ തെറ്റ് ചൂണ്ടിക്കാണിച്ചാൽ അതിനോട് ഭീഷണമായി പ്രതികരിക്കാനും ഒരു ജനതയെ മുഴുവൻ പ്രേരിപ്പിക്കും വിധം ശക്തമാണ് അതിൽ നിന്നുയരുന്ന കോപാഗ്നി.” എന്നാണ് ടാഗോറിന്റെ വിമര്‍ശനം.
കേവലാഭിമാന ബോധങ്ങളെയെല്ലാം ടാഗോര്‍ വിമർശിക്കുന്നു. “ദാരിദ്ര്യത്തിലേക്കും ദൗർബല്യത്തിലേക്കും മാത്രം നയിക്കുന്നു ആ കേവലാഭിമാനം. ശിരസ്സിനെക്കാൾ ശിരോവസ്ത്രത്തിൽ മാത്രം അഭിമാനിക്കുന്ന ഒരു സുന്ദര വിഡ്ഢി.” ദാരിദ്ര്യത്താലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാലും ജനത പീഡനം അനുഭവിക്കുമ്പോൾ രാഷ്ട്രത്തലവന്‍ രാജ്യത്തിന്റെ ഭൂതകാല മിഥ്യാഭിമാനങ്ങളെ താലോലിച്ച് അതിൽ അഭിമാനംകൊള്ളാൻ ജനതയോട് ആഹ്വാനം ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രം അതിന്റെ ഏറ്റവും ദുർബലമായ സാമ്പത്തികാവസ്ഥയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ജനതയുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ വികസിപ്പിക്കുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ അന്തഃസത്ത സാഫല്യം കണ്ടെത്തുന്നത് എന്ന് അറിയാത്ത ഭരണാധികാരികൾ ടാഗോറിന്റെ ദേശീയ സങ്കൽപ്പങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടതാണ്. വീടു പോലുമില്ലാത്ത മനുഷ്യരോട് നിങ്ങൾ വീടുകളിൽ ദേശീയപതാക ഉയർത്തണം എന്ന് പറയുന്നതിന്റെ ഔചിത്യം എന്താണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
ദേശീയത എന്നാല്‍ ഉറക്കെ വിളിക്കേണ്ട മുദ്രാവാക്യങ്ങളോ, പതാകയോ അല്ല. മറിച്ച് തുല്യനീതിയും സാമൂഹിക സുരക്ഷിതത്വവുമാണ്. ജപ്പാൻ ജനതയോട് സംസാരിക്കുന്ന വേളയിലാണ് ടാഗോർ ഏറ്റവും രൂക്ഷമായി ദേശീയതയെ വിമർശിക്കുന്നത്. “യൂറോപ്പിന്റെ മണ്ണിൽ നിന്ന് പൊട്ടിമുളയ്ക്കുകയും കള പോലെ ലോകം മുഴുവൻ പടരുകയും ചെയ്യുന്ന ഈ ദേശരാഷ്ട്ര സംസ്കാരത്തിന്റെ അടിസ്ഥാനം പുറന്തള്ളലാണ്. അന്യ ജനതയുടെ വിഭവങ്ങളെ ആശ്രയിക്കുകയും അവരുടെ ഭാവിയെ ഒന്നാകെ വിഴുങ്ങുകയും ചെയ്യുന്ന മാംസഭുക്കിന്റെയും നരഭോജിയുടെയും പ്രവണതകളാണ് അതിന്റേത്.”
യൂറോപ്പ്യൻ ദേശീയതയെ അന്ധമായി എതിർക്കുകയല്ല ടാഗോർ ചെയ്യുന്നത്.മറിച്ച് യൂറോപ്പിന്റെ മഹത്വങ്ങളെല്ലാം ടാഗോർ അംഗീകരിക്കുന്നു. കലയിലൂടെയും സാഹിത്യത്തിലൂടെയും പ്രകാശിപ്പിക്കപ്പെടുന്ന സത്യ സൗന്ദര്യങ്ങളെയെല്ലാം ടാഗോർ ആദരിക്കുകയും ചെയ്യുന്നു. യൂറോപ്പിന്റെ അധിനിവേശ ബോധത്തെ മാത്രമാണ് ടാഗോര്‍ എതിര്‍ക്കുന്നത്. യൂറോപ്പിൽ നിന്ന് ഉൾക്കൊള്ളാവുന്ന അറിവുകളെ ഉൾക്കൊള്ളാനും ടാഗോർ പറയുന്നുണ്ട്. അതോടൊപ്പം ജപ്പാൻ ജനതയുടെ വളർച്ചയെയും ടാഗോർ അത്ഭുതദാദരവോടെ നോക്കിക്കാണുന്നു. മനുഷ്യന്റെ കമ്പോള താൽപര്യങ്ങളെ പരിപൂർണ്ണമായും എതിർക്കുന്ന ടാഗോർ ഈ ആകാശവും ഭൂമിയും ആദർശവാദികളുടെയും അപ്രയോഗികവാദികളുടെയുമാണ് എന്ന് ജപ്പാൻ ജനതയോട് പറയുന്നു. അതുകൊണ്ടുതന്നെ മനുഷ്യരക്തത്തിന് വേണ്ടി കൊതിക്കുന്ന വേട്ടച്ചെന്നായകൾക്ക് വേണ്ടി ഭൂമിയാകുന്ന സ്വർഗ്ഗത്തെ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ദേശീയതാ പ്രസ്ഥാനങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആ കാലഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു മനുഷ്യൻ ദേശീയതയെക്കുറിച്ചുള്ള തൻ്റെ സന്ദേഹങ്ങൾ പറയുന്നത് ആധുനികമായ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണ്.
ടാഗോര്‍ ഒരു രാജ്യസ്നേഹിയായിരുന്നു. പക്ഷെ ഒരു ദേശീയതാവാദി അല്ലായിരുന്നു എന്ന് രാമചന്ദ്രഗുഹ നിരീക്ഷിക്കുന്നുണ്ട് (Makers of Modern India). ജാലിയന്‍ വാലാബാഗ് കൂട്ടകൊലയില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച് knighthood രാജാവിനു തിരിച്ചേല്‍പ്പിച്ച ടാഗോറിനെ ചരിത്രത്തില്‍ കാണാം. ടാഗോര്‍ കോളോണിയല്‍ അധിനിവേശങ്ങളെ ശക്തമായി എതിര്‍ത്തു. മതവിദ്വേഷത്തിലേക്ക് കാലെടുത്തുവെക്കുന്ന സങ്കുചിതമായ ദേശീയത ബോധത്തെയും എതിര്‍ത്തു. അന്ധമായ ഭൂതകാലാരാധനയോടും ടാഗോറിന് എതിര്‍പ്പായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ അടങ്ങിയിട്ടുള്ള എല്ലാത്തരം വര്‍ഗ്ഗീയവാദത്തോടും ടാഗോറിന് വിയോജിപ്പായിരുന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ടാഗോര്‍ സ്വപ്നം കണ്ടത്. ഹിംസാത്മകതയെ ഉയര്‍ത്തിപ്പിടിക്കുന്ന ബലവത്തായ കരങ്ങള്‍ രാജ്യത്തിന്റെ അടയാളമായി മാറിയ കാലത്ത് കാരുണ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ടാഗോര്‍ ദര്‍ശനത്തിലേക്ക് ജനത തീർച്ചയായും തിരിഞ്ഞുനോക്കേണ്ടതുണ്ട്.