ദ്രവീഡിയൻ മാതൃകയെ തള്ളിപ്പറഞ്ഞ ​ഗവർണറും തമിഴ്നാടിന്റെ പ്രതിരോധവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ഹിന്ദി മാത്രം സംസാരിക്കുവാൻ നമ്മളിൽ സമ്മർദ്ദം ചെലുത്തുമ്പോൾ, അവരുടെ നേതാക്കൾക്ക് ഇവിടെ വന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുക എളുപ്പമാകും, അതിലൂടെ അവർക്ക് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കുവാൻ കഴിയും. രാഷ്ട്രീയവും അധികാരവുമാണ് അവർ നോക്കുന്നത്, രാജ്യത്തെയല്ല, ജനങ്ങളെയല്ല മാനവികതയുമല്ല. അധികാരം പിടിച്ചെടുക്കാനായി എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിക്കുകയാണ്, ഒരു ചട്ടക്കൂടിനുള്ളിലേക്ക്. അതിന് വേണ്ടി മറ്റെല്ലാം ഇല്ലാതാക്കുക, അതാണ് അവർ ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ അധികാരം, ജി.എസ്.ടി… അങ്ങനെ എല്ലാം.”

2023 ജനുവരി മൂന്നിന് എറണാകുളം ടൗൺ ഹാളിൽ വെച്ച്, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹെെകോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന, ‘സെന്റർ-സ്റ്റേറ്റ് റിലേഷൻസ്’ എന്ന വിഷയത്തിലുള്ള സെമിനാറിൽ സംസാരിച്ചുകൊണ്ട് കനിമൊഴി കരുണാനിധി എം.പി (ഡി.എം.കെ) ഇപ്രകാരം പറഞ്ഞു.

2021ൽ അധികാരത്തിൽ വന്ന സമയത്ത്, കേന്ദ്ര സർക്കാരിനെ ‘യൂണിയൻ ഗവണ്മെന്റ്’ എന്നുതന്നെയായിരിക്കും തുടർന്ന് വിശേഷിപ്പിക്കുക എന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നടത്തിയ പ്രസ്താവന ഇന്ത്യ ‘സംസ്ഥാനങ്ങളുടെ കൂട്ടായ്മ’യാണ് എന്ന ഭരണഘടനാ നിലപാടിനെയും, സംസ്ഥാനങ്ങളുടെ സ്വതന്ത്രതയെയും അടിവരയിടുന്നതായിരുന്നു.

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പരിപാടിയിൽ കനിമൊഴി സംസാരിക്കുന്നു,

“പാർലമെന്റിൽ ബഡ്ജറ്റിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഞാൻ ജി.എസ്.ടിയെ കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചു. കോടിക്കണക്കിന് തുക യൂണിയൻ ഗവണ്മെന്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്. നമുക്ക് നൽകേണ്ട വിഹിതം നൽകുമെന്ന വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല, സംസ്ഥാനങ്ങൾ ജി.എസ്.ടി അംഗീകരിക്കുന്നത് ആ വാഗ്ദാനത്തിന്മേലാണ്. അത് നമുക്ക് തരുന്നതിനെ കുറിച്ചും അവർ ചിന്തിക്കുന്നില്ല. യൂണിയൻ ഗവണ്മെന്റിന്റെ പദ്ധതികൾക്കുള്ള തുകയും സംസ്ഥാന ഗവണ്മെന്റ് വഹിക്കണം. സംസ്ഥാനങ്ങൾക്ക് നൽകേണ്ട പണത്തെക്കുറിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. പാർലമെന്റിൽ പല മന്ത്രിമാരും ഇങ്ങനെയാണ് നമ്മളോട് പ്രതികരിക്കുക. അവർ വസ്തുതകളിൽ വിശ്വസിക്കുന്നില്ല, നമുക്ക് ശരിയായ ഉത്തരങ്ങൾ നൽകുന്നതിൽ വിശ്വസിക്കുന്നില്ല, ഈ രാജ്യത്തെ ജനങ്ങൾക്ക് ഇതെല്ലാം അറിയാനുള്ള അർഹതയുണ്ടെന്ന് വിശ്വസിക്കുന്നില്ല. സംസ്ഥാനങ്ങൾക്ക് അങ്ങനെ ഒന്നും കൊടുക്കാനില്ല എന്നാണ് ധനമന്ത്രി പറഞ്ഞത്. പക്ഷേ എല്ലാ സംസ്ഥാനങ്ങൾക്കും അറിയാം, ഓരോ മുഖ്യമന്ത്രിയും ഇതെക്കുറിച്ച് എഴുതുന്നുണ്ട്, ഓരോ ധനമന്ത്രിയും ഡൽഹിയിലേക്ക് കേന്ദ്ര ധനമന്ത്രിയെ കാണാൻ യാത്ര ചെയ്യുന്നുണ്ട്, പ്രധാനമന്ത്രിയെ കാണാൻ യാത്ര ചെയ്യുന്നുണ്ട്, സംസ്ഥാനങ്ങൾക്ക് ലഭിക്കാൻ അർഹതയുള്ള വിഹിതത്തിന് വേണ്ടി. ഇത് കിട്ടിക്കഴിഞ്ഞാൽ നമുക്കെല്ലാം നമ്മുടെ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്താം, നമ്മുടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ കഴിയും. നമ്മുടെ പണം ഊറ്റിയെടുത്ത അവർ സംസ്ഥാന സഹകരണ സംഘങ്ങളെക്കുറിച്ച് പറയുന്നു. ഏതൊരു സഹകരണ സംഘത്തെയും ദേശീയ സഹകരണസംഘവുമായി ബന്ധിപ്പിക്കുന്ന, ഇന്റർസ്റ്റേറ്റ് നാഷണൽ കോ-ഓപറേറ്റീവ് സൊസെെറ്റിയെ കുറിച്ച് പറയുന്നു. പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഒന്ന് അവരുടെ ആഗ്രഹത്തിനും തീരുമാനത്തിനുമനുസരിച്ച് സംസ്ഥാന സർക്കാരിൽ നിന്നും എടുത്ത് യൂണിയൻ ഗവണ്മെന്റിലേക്ക് കൂട്ടിച്ചേർക്കാൻ അവർ നോക്കും.” കനിമൊഴി എം.പി തുടർന്ന് വിശദീകരിച്ചു.

സംസ്ഥാനങ്ങളുടെ നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് ഡി.എം.കെ 2021 ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നു. അതിന്റെ ഭാ​ഗമായി കൂടിയാണ്, ഗവർണർ പദവിയിൽ നിയമിതനായ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.എൻ രവിയുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ തുടക്കം മുതൽ തന്നെ ഡി.എം.കെയും സഖ്യകക്ഷികളും രാഷ്ട്രീയ പ്രശ്‌നം ഉന്നയിച്ച് നേരിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്കൊപ്പം ​ഗവർണർ ആർ.എൻ രവി

ഗവർണർ പദവിക്കെതിരെയുള്ള നിയമപോരാട്ടം

നിയമനിർമ്മാണത്തിന്റെ സമയബന്ധിതമായ പ്രക്രിയയെ ബാധിക്കുന്ന തരത്തിൽ ബില്ലുകളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നതിനെതിരെ തമിഴ്‌നാട് സർക്കാർ 2023 ഒക്ടോബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണർ ഒരു രാഷ്ട്രീയ ശത്രുവിനെ പോലെ പെരുമാറുന്നു എന്നാണ് ഹ​ർജിയിൽ സർക്കാർ ആരോപിച്ചത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു. സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനൽ കേസുകളിൽ നൽകേണ്ട പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവർണർ ഒപ്പുവയ്ക്കുന്നില്ലെന്ന് തമിഴ്നാട് സർക്കാർ പരാതിപ്പെടുന്നു.

2023 ഏപ്രിലിൽ തമിഴ്‌നാട് അസംബ്ലിയിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്.

“തമിഴ്‌നാട് നിയമനിർമ്മാണസഭയുടെ നിയമ നിർമ്മാണ അധികാരങ്ങൾ ഉറപ്പാക്കാനും സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ഗവർണർ പെരുമാറുന്നത് ഒഴിവാക്കാനും നിയമനിർമ്മാണസഭയുടെ ജനാധിപത്യ, പരമാധികാര സ്വഭാവങ്ങൾ തുടരുന്നത് ഉറപ്പിക്കാനും, അസംബ്ലി പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നത് ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുവാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് യൂണിയൻ ഗവണ്മെന്റിനോടും രാഷ്ട്രപതിയോടും സഭ ആവശ്യപ്പെടുന്നു.” പ്രമേയം പറയുന്നു.

“ഗവർണർക്കെതിരെ അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രമേയമാണ് ഇത്. ഗവർണറുടേത് ഒരു സ്വതന്ത്ര പദവിയായിരിക്കണമെന്ന് സർക്കാരിയ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്ക് ഗവർണർ കൈകടത്തരുത് എന്ന് ഡോ. ബി.ആർ അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഗവർണർ ഒരു വഴികാട്ടി മാത്രമായിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ പല ഉത്തരവുകളും പറയുന്നത്. പക്ഷേ നമ്മുടെ ഗവർണർ ജനങ്ങളുടെ സുഹൃത്താകാൻ തയ്യാറാകുന്നില്ല.” പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

നിയമം, ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയെ സംബന്ധിച്ചുള്ള 10 ബില്ലുകൾ 2023 നവംബറിൽ ഗവർണർ രവി തിരിച്ചയച്ചിരുന്നു. തമിഴ്‌നാട് ലെജിസ്ലേറ്റീവ് അസംബ്ലി റൂൾസിലെ 143ാം വകുപ്പ് അനുസരിച്ചാണ് അസംബ്ലി തന്നെ ബില്ലുകൾ തിരിച്ചെടുത്തത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം, ഈ ബില്ലുകൾ വീണ്ടും പാസായി ഗവർണറുടെ അനുമതിക്കായി പോകുമ്പോൾ ഗവർണർ അവയിൽ ഒപ്പുവെക്കാതെ പിടിച്ചുവെക്കരുത് എന്നും നിയമസഭാ പ്രമേയം പറയുന്നുണ്ട്.

ആരാണ് ആർ.എൻ രവി?

ബിഹാർ പാട്‌ന സ്വദേശിയായ രവീന്ദ്ര നാരായണ രവി 2019ൽ നാഗാലാന്റിലും 2020ൽ മേഘാലയയിലും ഗവർണറായി ജോലി ചെയ്ത ശേഷമാണ് തമിഴ്‌നാട് ഗവർണറായി 2021ൽ അധികാരമേൽക്കുന്നത്. ഭൂമിഹാർ ബ്രാഹ്മിൺ കുടുംബാംഗമായ രവി മാധ്യമപ്രവർത്തകനായി ചെറിയ കാലയളവിൽ ജോലി ചെയ്തിരുന്നു. തുടർന്ന് പൊലീസ് അക്കാദമിയിൽ ചേരുകയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും ഇന്റലിജൻസ് ബ്യൂറോവിലും ജോലി ചെയ്തു. ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ്, മാവോയിസ്റ്റ് മുന്നേറ്റം ശക്തമായ ഇന്ത്യൻ ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലായിരുന്നു രവിയുടെ പ്രവർത്തനങ്ങൾ.

തമിഴ്‌നാട് കോൺഗ്രസ് ചീഫ് കെ.എസ് അളഗിരി, വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോളർ തിരുമാവളവൻ എന്നിവരും ആർ.എൻ രവിയുടെ നിയമനത്തെ എതിർത്തിരുന്നു. സംസ്ഥാനത്തിന്റെ പരമാധികാരത്തെ അട്ടിമറിക്കാനുള്ള യൂണിയൻ ഗവണ്മെന്റിന്റെ ശ്രമമാണ് ഇതെന്ന് ഇവർ അഭിപ്രായപ്പെട്ടു.

തിരുമാവളവൻ

“ദലിതരെ മാത്രമല്ല, എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിച്ചുകൊണ്ടുവരാനാണ് വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) ശ്രമിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ഡി.എം.കെ, കോൺഗ്രസ്, മറ്റു ഇടതുപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം നിൽക്കുന്നത്. ഈ തെരഞ്ഞെടുപ്പ് മതേതരത്വവും വർഗീയതയും തമ്മിലുള്ള യുദ്ധമാണ്. നമ്മൾ വർഗീയതയ്ക്ക് എതിരാണ്. ഡോ. കലൈഞ്ജറുടെയും ജയലളിതയുടെയും അസാന്നിധ്യത്തിൽ, തമിഴ്‌നാട്ടിൽ ബി.ജെ.പി അവരുടെ പാർട്ടി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, അവർക്ക് വരുന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കാരണം തമിഴ്‌നാട്ടിലെ ജനങ്ങൾ സാമൂഹ്യനീതിയെക്കുറിച്ച് ശ്രദ്ധയുള്ളവരാണ്. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെക്കുറിച്ച് അവർക്ക് നന്നായി അറിയാം. തമിഴ്‌നാട് അസംബ്ലിയിലേക്ക് ബി.ജെ.പിയെ പ്രവേശിപ്പിക്കുകയില്ല.” 2021ലെ ഇന്ത്യ റ്റുഡേ കോൺക്ലേവിൽ ഡി.എം.കെ സഖ്യകക്ഷി കൂടിയായ വി.സി.കെ എം.പി തിരുമാവളവൻ പറഞ്ഞു.

“സംസ്ഥാന സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യം ഒരു ഗവണ്മെന്റ് എന്നാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 1960കളില്‍ തന്നെ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കടന്നാക്രമിക്കുന്നതിനെതിരെ ശബ്ദങ്ങളുയര്‍ന്നിട്ടുണ്ട്. 1966ല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പരിഷ്‌കരിക്കാനും ശുപാര്‍ശകള്‍ നല്‍കുന്നതിനുമായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്.” 1969ല്‍ തമിഴ്‌നാട് സർക്കാർ പി.വി രാജമന്നാര്‍ കമ്മീഷന്‍ രൂപീകരിച്ചതിന് സമാനമായി പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നും തോളർ തിരുമാവളവന്‍ നവംബറിൽ ആവശ്യമുന്നയിച്ചു.

ബില്ലുകൾ തടഞ്ഞുവയ്ക്കുന്നു

2020ൽ ജനുവരി മുതൽ ​ഗവർണറുടെ മുന്നിലെത്തിയ ബില്ലുകളുടെ എണ്ണം 46 ആണ്. ഇവയിൽ ഗവർണർ ഒപ്പിട്ടത് 41 ബില്ലുകളിലാണ്, മൂന്ന് ബില്ലുകൾ തമിഴ്‌നാട് ഗവണ്മെന്റ് പിൻവലിച്ചു. രണ്ട് ബില്ലുകളിൽ ഗവർണർ പിടിച്ചുവെക്കുകയും ചെയ്തു. 2021ൽ 41 ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു. അതിൽ നാൽപത് ബില്ലുകൾക്ക് ഗവർണറുടെ ഒപ്പ് കിട്ടി. ഒരു ബിൽ ഗവണ്മെന്റ് പിൻവലിച്ചു. 2022ൽ 58 ബില്ലുകൾ ലഭിച്ചതിൽ 44 ബില്ലുകൾക്ക് മാത്രമാണ് ഗവർണർ അനുമതി നൽകിയത്. ഒരു ബിൽ ഗവണ്മെന്റ് പിൻവലിച്ചു. ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചു. ആറ് ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചു. 2023ൽ 36 ബില്ലുകൾ സ്വീകരിച്ചു, 27 ബില്ലുകൾക്ക് അനുമതി നൽകി. രണ്ട് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. രണ്ട് ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചു.

2020 മുതൽ 2023 വരെയുള്ള കാലയളവിൽ 181 ബില്ലുകൾ സ്വീകരിച്ചതിൽ 152 ബില്ലുകളിൽ മാത്രമാണ് ഗവർണർ അനുമതി നൽകിയത്. 10 ബില്ലുകൾ ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണ്. 2023 നവംബർ 16 വരെ ഉള്ള കണക്കാണിത്. നവംബർ 18ന് തമിഴ്‌നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം നടന്നപ്പോൾ ഗവർണർ പിടിച്ചുവെച്ച പത്ത് ബില്ലുകൾ പുനഃപരിശോധിച്ച് അസംബ്ലി പാസാക്കുകയുണ്ടായി. വീണ്ടും ഈ ബില്ലുകൾ ഗവർണറുടെ സെക്രട്ടേറിയേറ്റിലേക്ക് തമിഴ്‌നാട് സർക്കാർ അയച്ചിരിക്കുകയാണ്.

മുൻ മന്ത്രിമാർക്കും മുൻ വൈസ് ചാൻസലർമാർക്കും എതിരെയുള്ള സർക്കാരിന്റെ കേസ് ഫയലുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ചും സർക്കാരും യൂണിയൻ ഗവണ്മെന്റും തമ്മിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാന സർവ്വകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുമായി ബന്ധപ്പെട്ടും സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. തമിഴ്‌നാട് സർക്കാരിന്റെ പബ്ലിക് സർവ്വീസ് കമ്മീഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നത് എന്നും ഗവർണർ ആരോപിച്ചു.

​ഗവർണർ സംസാരിക്കുമ്പോൾ നിയമസഭയിൽ നടന്ന പ്രതിഷേധം.

നിയമസഭാംഗങ്ങളുടെ പ്രതിഷേധവും ഗവർണറുടെ വാക്കൗട്ടും

2023 ജനുവരി 9ന് തമിഴ്‌നാട് നിയമസഭയിൽ അസാധാരണമായ സംഭവങ്ങളാണ് നടന്നത്. തമിഴ്നാടിന് ഏറ്റവും അനുയോജ്യമായ പേര് ‘തമിഴകം’ എന്നാണെന്ന് ഗവർണർ പറഞ്ഞതിനെ തുടർന്ന് സംസ്ഥാന സർക്കാരും ​ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്ന സമയമായിരുന്നു. സർക്കാറിനെ ഗവർണർ പൊങ്കലിനായി ക്ഷണിച്ചതിൽ തമിഴ്നാട് എന്നതിന് പകരം ‘തമിഴകം’ എന്നാണ് ഉപയോ​ഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ നയപ്രഖ്യാപന പ്രസംഗത്തിൽ ചില വാക്കുകൾ പരാമർശിക്കാൻ ഗവർണർ രവി തയ്യാറായില്ല.

തമിഴ്‌നാട്, ദ്രവീഡിയൻ മോഡൽ, സോഷ്യൽ ജസ്റ്റിസ്/സാമൂഹ്യനീതി, സെൽഫ് റെസ്‌പെക്റ്റ്/സ്വാഭിമാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ഇഗാലിറ്റേറിയൻ/തുല്യതാവാദി, ഫെമിനിസം/സ്ത്രീവാദം, കമ്മ്യൂണൽ ഹാർമണി/സാമുദായിക മൈത്രി, തന്തൈ പെരിയാർ, അണ്ണാൽ അംബേദ്കർ, പെരുംതലൈവർ കാമരാജ്, പേരറിഗ്നർ അണ്ണ, മുത്തമിഴരിഗ്നർ കലൈങ്ഗർ എന്നിവയാണ് ഗവർണർ ഉച്ചരിക്കാൻ തയ്യാറാകാതിരുന്ന വാക്കുകൾ.

നയപ്രഖ്യാപന പ്രസംഗത്തിൽ ​ഗവർണർ ഒഴിവാക്കിയ വാക്കുകളെക്കുറിച്ച് എഴുത്തുകാരി മീന കന്തസ്വാമിയുടെ എക്സ് പോസ്റ്റ്.

പ്രസംഗത്തിൽ നിന്നും ഒഴിവാക്കിയ വാചകങ്ങളിൽ, ക്രമസമാധാനം (സംസ്ഥാനം വയലൻസ് ഇല്ലാത്ത ഇടമായി തുടരുന്നു എന്ന വാചകമാണ് വായിക്കാതെ ഒഴിവാക്കിയത്), പ്രകൃതി ദുരന്തങ്ങളെയും മഹാമാരിയെയും സർക്കാർ നേരിട്ടതെങ്ങനെ എന്നീ കാര്യങ്ങളും ഉൾപ്പെടും. മറ്റൊന്ന്, “സാമൂഹ്യനീതി, സ്വാഭിമാനം, തുല്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സ്ത്രീ ശാക്തീകരണം, മതേതരത്വം, സഹാനുഭൂതി എന്നിവയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ സർക്കാർ ആണിത്” എന്ന വാചകമാണ്. “തന്തൈ പെരിയാർ, ഡോ. അംബേദ്കർ, പെരുംതലൈവർ കാമരാജർ, പേരറിഗ്നർ അണ്ണ, മുത്തമിഴ് അരിഗ്നർ കലൈഞ്ജർ എന്നീ നേതാക്കളുടെ ആശയങ്ങളെയും തത്വങ്ങളെയും പിന്തുടർന്നുകൊണ്ട്, ഈ സർക്കാർ ജനങ്ങൾക്ക് ഉറപ്പാക്കുന്നത് പേരുകേട്ട ദ്രവീഡിയൻ മോഡൽ ഭരണമാണ്” എന്ന് പറയുന്ന 65ാം പോയിന്റും രവി വായിക്കാതെ ഒഴിവാക്കി.

‘തമിഴകം ​ഗവർണർ’ എന്നെഴുതിയ ​​ഗവർണറുടെ പൊങ്കൽ ക്ഷണക്കത്ത്

ഗവർണറുടെ പ്രസംഗം പ്രിന്റ് ചെയ്‌തെടുത്തത് അനുമതിയോട് കൂടിയാണെന്നും സഭാംഗങ്ങൾക്കെല്ലാം അതയച്ചത് ​ഗവർണറുടെ അനുമതി നേടിയ ശേഷമാണെന്നും സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രവിയുടെ പെരുമാറ്റം സർക്കാരിന്റെ ദ്രവീഡിയൻ മോഡൽ നയങ്ങൾക്കെതിരാണെന്നും ഈ പ്രവൃത്തികൾ നിയമസഭയുടെ നയങ്ങൾ തെറ്റിക്കുന്നതാണെന്നും സ്റ്റാലിൻ പറഞ്ഞു. പ്രസംഗം തുടങ്ങുന്നതിന് മുമ്പ് തന്നെ അംഗങ്ങൾ ഗവർണറുടെ ‘തമിഴകം’ പ്രസ്താവനയ്‌ക്കെതിരെ സഭയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. അമ്പത് മിനിറ്റോളം ദൈർഘ്യമുള്ള പ്രസംഗത്തിലെ പല ഭാഗങ്ങളും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോക്ക് നടത്തിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സ്റ്റാലിൻ അടിയന്തര പ്രമേയം പാസാക്കി.

സാമൂഹ്യനീതിക്ക് എതിരായ വലതുപക്ഷ അജണ്ട

മെഡിക്കൽ പഠനത്തിനായുള്ള പ്രവേശന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് നടപ്പിലാക്കിയ കേന്ദ്രീകൃത രീതിയായ നീറ്റ് (നാ​ഷ​ന​ൽ എ​ൻ​ട്ര​ൻ​സ് കം ​എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച തമിഴ്നാട് സ്വദേശി എസ് അനിത എന്ന വിദ്യാർത്ഥിനി മാധ്യമങ്ങളോട് വ്യക്തമാക്കിയത് തന്നെ പോലുള്ള വിദ്യാർത്ഥിനികൾക്ക് പഠിക്കാനുള്ള അവസരത്തെ നീറ്റ് ഇല്ലാതാക്കുന്നു എന്നാണ്. പരാജയം നേരിടേണ്ടിവന്ന അനിതയുടെ ആത്മഹത്യ നീറ്റ് പരീക്ഷയ്‌ക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്. നീറ്റ് പ​രീ​ക്ഷ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ടി​നെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന നി​യ​മ​സ​ഭ പാ​സാ​ക്കി​യ നീറ്റ് എക്സംപ്ഷൻ ബി​ൽ ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി മ​ട​ക്കുകയുണ്ടായി. സ്വ​കാ​ര്യ കോ​ച്ചി​ങ്ങി​ന് പോ​കാ​ൻ ക​ഴി​യു​ന്ന സ​മ്പ​ന്ന വിദ്യാർത്ഥിക​ൾ​ക്ക് അ​നു​കൂ​ല​മാ​ണ് നീ​റ്റ് പ​രീ​ക്ഷ​യെ​ന്ന് വിമർശനത്തോടെയാണ് 2023 സെപ്തംബറിൽ നിയമസഭ നീറ്റ് വിരുദ്ധ ബിൽ പാസാക്കിയത്. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾക്ക് കൂടുതൽ പ്രയോജനപ്പെടാനായി നീറ്റ് ഒഴിവാക്കി പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകുകയാണ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യം.

2023 ഒക്ടോബറിൽ നീറ്റ് ടോപ്പർമാർക്ക് രാജ്ഭവനിലെ ഭാരതിയാർ മണ്ഡപത്തിൽ വെച്ച് നടത്തിയ അനുമോദന യോഗത്തിൽ ഗവർണർ ചില പ്രസ്താവനകൾ നടത്തി.

നമ്മുടെ ബുദ്ധിശാലികളായ കുട്ടികൾ ഒരിക്കലും ബുദ്ധിപരമായി പ്രശ്‌നമുള്ളവരാണ് എന്ന് തോന്നരുത് എന്നും മത്സരത്തിലൂടെ മികച്ചവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും പറയുന്നു. നീറ്റ് പരീക്ഷയ്ക്ക് കോച്ചിങ് അത്യാവശ്യമാണ് എന്നതൊരു മിത്ത് ആണ്, കോച്ചിങ് ഒന്നുമില്ലാതെ നീറ്റ് നേടിയ വിദ്യാർത്ഥികളുണ്ട്. അധ്യാപകർ അവരെ നന്നായി പഠിപ്പിച്ചു, അധ്യാപകരുടെ നിലവാരം ഉയർത്തുകയാണ് വേണ്ടതെന്നും രവി പറഞ്ഞു.

അനിതയുടെ ആത്മഹത്യയെ തുടർന്ന് നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന പ്രതിഷേധം.

നീറ്റ് പരീക്ഷയ്ക്ക് കോച്ചിങ് വേണമെന്നത് ഒരു മിത്ത് ആണെന്ന് പറയുന്നതിലൂടെ കോച്ചിങ്ങിന് പോകാനുള്ള സാമൂഹ്യ, സാമ്പത്തിക സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളെയും അവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെയും, നീറ്റിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ ഉയർത്തുന്ന എതിർപ്പിനെയും പൂർണമായും തള്ളിക്കളയുകയാണ് ​ഗവർണർ ചെയ്യുന്നത്. ആഗസ്റ്റ് 2023 വരെയുള്ള കണക്കനുസരിച്ച് 16 വിദ്യാർത്ഥി ആത്മഹത്യകളാണ് നീറ്റ് പരീക്ഷ കാരണം തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നിരിക്കെ നീറ്റിന്റെ പേരിൽ ഉള്ള ആത്മഹത്യ മിത്ത് ആണ് എന്ന ഗവർണറുടെ അവകാശവാദം വസ്തുതാവിരുദ്ധമാണ്.

നീറ്റിനെതിരെ ബഹളമുണ്ടാക്കുന്നത് സ്വകാര്യ ലോബിയുടെ വാദം മാത്രമാണെന്നും ആത്മഹത്യകളെ നീറ്റുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്നും ഗവർണർ പറഞ്ഞു. ആത്മഹത്യകളെ നിസാരവൽക്കരിച്ച് സംസാരിച്ച ഗവർണർ വിദ്യാർത്ഥികളോട് പറഞ്ഞത്, മെഡിക്കൽ ഫീൽഡിൽ അല്ലെങ്കിലും മറ്റൊരു ഫീൽഡിൽ നിങ്ങൾക്ക് തിളങ്ങാൻ കഴിയുമെന്നാണ്. പരാജയം പരാജയപ്പെടുന്ന വിദ്യാർത്ഥിയുടെ മാത്രം ഉത്തരവാദിത്തമാണെന്നും.

നീറ്റ് ബിൽ നിലവിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി കാത്തുനിൽക്കുകയാണ്. ബില്ലിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ ദ്രൗപദി മുർമുവിന് അയച്ച കത്തിൽ ബില്ലിന്റെ സ്ഥിതി വിവരിക്കുന്നത് ഇങ്ങനെയാണ്, “നീറ്റ് എക്‌സംപ്ഷൻ ബിൽ തമിഴ്‌നാട് സർക്കാർ പാസാക്കിയത് നിയമസഭയുടെ അംഗീകാരത്തോടും അഭിപ്രായ ഐക്യത്തോടെയുമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ കൂട്ടായ ആഗ്രഹമാണിത് സൂചിപ്പിക്കുന്നത്. ബില്ലിന് അംഗീകാരം നൽകുന്നതിൽ വരുന്ന കാലതാമസം അർഹരായ വിദ്യാർത്ഥികൾക്ക് വിലയേറിയ മെഡിക്കൽ സീറ്റുകൾ മാത്രമല്ല നഷ്ടപ്പെടുത്തുന്നത്, വിലമതിക്കാനാവാത്ത മനുഷ്യജീവൻ കൂടിയാണ്.”

“ഇന്ന് തമിഴ്നാട്ടിൽ നീറ്റ് വലിയൊരു പ്രശ്നമാണ്, നമുക്കത് ആവശ്യമില്ല. എല്ലാ സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ നയങ്ങളിൽ അവർ ഇടപെടുന്നു. വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിന്റെ ഭാഗമായിരുന്നു. പിന്നീടിത് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി. ഇത് കൺകറൻ്റ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റിക്കിട്ടാനുള്ള നമ്മളുടെ ശ്രമങ്ങൾ തുടരുകയാണ്.” കനിമൊഴി എംപി തമിഴ്‌നാട്ടിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചരിത്ര പശ്ചാത്തലം വിശദീകരിച്ചു.

“പുതിയ വിദ്യാഭ്യാസ നയം നോക്കൂ, അതനുനസരിച്ചുള്ള ടാർഗറ്റുകളിലെത്തിയ സംസ്ഥാനങ്ങളാണ് തമിഴ്നാടും കേരളവും. അടുത്ത മുപ്പത് വർഷങ്ങളിൽ അവർ നേടാനാഗ്രഹിക്കുന്ന ടാർഗറ്റുകൾ നമ്മൾ ഇതിനകം നേടിക്കഴിഞ്ഞു. നമ്മളെന്തിന് പുതിയൊരു വിദ്യാഭ്യാസ നയത്തിന്റെ ഭാരം ചുമക്കണം? ഓരോ സംസ്ഥാനത്തിനും ഓരോ വ്യത്യസ്ത ആവശ്യങ്ങളാണ് ഉള്ളതെന്ന് അവർ മനസ്സിലാക്കുന്നില്ല. ഒരു സംസ്ഥാന സർക്കാരിന് മാത്രമാണ് അവിടുത്തെ ജനങ്ങൾ എവിടെ എത്തി നിൽക്കുന്നുവെന്നും അവർക്ക് എന്താണ് വേണ്ടത് എന്നുമെല്ലാം മനസ്സിലാക്കാൻ കഴിയുക. സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം തിരിച്ചുകൊണ്ടുകൊണ്ടുവന്നാൽ നമ്മുടെ ജനങ്ങൾക്ക്, നമ്മുടെ വിദ്യാർത്ഥികൾക്ക് വേണ്ടത് എന്താണെന്നതനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയും. കലെെഞ്ജറുടെ കീഴിലുള്ള ഡി.എം.കെ സർക്കാർ ഓരോ ജില്ലയിലും ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജ് വേണമെന്ന നയം കൊണ്ടുവന്നു. അണ്ടർപ്രിവിലേജ്ഡ് ആയ വിദ്യാർത്ഥികൾക്ക് ഡോക്ടർമാരാകാനുള്ള അവസരം കിട്ടും എന്നതിനാലാണ്. നമ്മൾ സാമൂഹ്യനീതിയിൽ വിശ്വസിക്കുന്നു. സാമൂഹ്യനീതി ജാതിയുടെ അടിസ്ഥാനത്തിലല്ല, അതിനപ്പുറമാണ്. എല്ലാവർക്കും സ്വകാര്യ കോളേജിൽ പോകാൻ കഴിയില്ല, പക്ഷേ നീറ്റ് വന്നതോടെ ഗ്രാമീണ മേഖലകളിലുള്ള അണ്ടർപ്രിവിലേജ്ഡ് കുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക്, മതത്തിന്റെയും ജാതിയുടെയും പേരിൽ അടിച്ചമർത്തൽ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് എന്തിന് വേണ്ടിയാണോ ഈ കോളേജുകൾ ഉണ്ടാക്കിയത്, അതിനായി അവിടെക്ക് എത്താൻ പറ്റുന്നില്ല. യൂണിയൻ ഗവണ്മെന്റിന് ഈ വിദ്യാർത്ഥികളിൽ നിന്നും അവരുടെ അവസരങ്ങൾ തട്ടിയെടുക്കാനുള്ള എന്ത് അവകാശമാണ് ഉള്ളത്? ഇതാണ് നമ്മളോടും മറ്റു സംസ്ഥാനങ്ങളോടും യൂണിയൻ ഗവണ്മെന്റ് ചെയ്യുന്നത്. നമ്മൾ ആരാണെന്ന് അവർ മനസ്സിലാക്കുകയില്ല, ഈ രാജ്യത്തിന് എന്താണ് വേണ്ടതെന്ന് അവർ മനസ്സിലാക്കുകയില്ല, സംസ്ഥാനത്തിന് എന്താണ് വേണ്ടതെന്ന് അവർക്ക് അറിയില്ല.”

അമിതാധികാരത്തെ എതിർത്ത ചരിത്രം

ഡി.എം.കെ വക്താവ് സൂര്യ കൃഷ്ണമൂർത്തി യൂണിയൻ സർക്കാരും ഡി.എം.കെയും തമ്മിൽ നടന്ന രാഷ്ട്രീയ അധികാരത്തർക്കങ്ങളുടെ ചരിത്രം കേരളീയത്തോട് വിശദീകരിച്ചു. “ഡി.എം.കെയ്ക്ക് ഗവർണർ ഭരണത്തെയും ഗവർണർ പദവിയെയും എതിർത്തുനിൽക്കുന്ന വലിയൊരു ചരിത്രമുണ്ട്. 1974ൽ റിട്ടയേഡ് ജഡ്ജ് ആയിരുന്ന രാജമന്നാർ കമ്മീഷൻ പുറത്തിറക്കിയ ഒരു റിപ്പോർട്ട് ഉണ്ട്. ഡോ. കലൈഞ്ജർ ഒരു കമ്മിറ്റിയെ നിയമിച്ചു, നിയമസഭയിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഗവണ്മെന്റിന് കൂടുതൽ അധികാരങ്ങൾ എന്തുകൊണ്ട് ആവശ്യമാണ് എന്ന് വിശദീകരിക്കുകയായിരുന്നു ആ റിപ്പോർട്ട്. ഗവർണറുടെ പോസ്റ്റ് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ടത് ഈ റിപോർട്ടിലാണ്. മുമ്പുണ്ടായിരുന്ന ഗവർണർമാർ ആരും സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളിൽ ഇടപെടുന്നവർ ആയിരുന്നില്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, രാജ്ഭവൻ ‘കോൺഗ്രസ് ഹൗസ്’ ആയി മാറിയെന്ന് പറഞ്ഞിരുന്നു. അതുപോലെ ഇന്ന് തമിഴ്‌നാട് രാജ്ഭവൻ, ‘കമലാലയം ‘ആയി മാറി (കമലാലയം എന്നാൽ ബി.ജെ.പിയുടെ സംസ്ഥാന കാര്യാലയം.) സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ, നയങ്ങൾ എന്നിവയ്‌ക്കെതിരെ തുറന്ന വേദികളിൽ ഈ ഗവർണർ സംസാരിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ കോടതിയെ സമീപിക്കുന്നതിന് മുമ്പ്, എ.ഐ.ഡി.എം.കെയുടെ മുൻ മന്ത്രിക്കെതിരായ അഴിമതി സംബന്ധിച്ച പരാതികളും ഗവർണറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയായിരുന്നു. ഈ ഫയലുകൾ അനക്കാതെ വച്ചതിലൂടെ ആ മന്ത്രിയുടെ അഴിമതിയെ പിന്തുണയ്ക്കുകയായിരുന്നു ഗവർണർ. എ.ഐ.ഡി.എം.കെയുടെ നേതാവ് എടപ്പാടി പളനിസ്വാമി ഗവർണറുടെ പ്രവൃത്തികളെ പ്രത്യക്ഷമല്ലാതെയാണെങ്കിലും പിന്തുണയ്ക്കുന്നുണ്ട്, അസംബ്ലിക്കകത്ത്. ഗവർണറെ ചോദ്യം ചെയ്യാൻ നിയമസഭയ്ക്ക് അധികാരമില്ല എന്നാണ് അവർ പറയുന്നത്.”

തമിഴ്‌നാട് സർക്കാർ, സ്‌കൂളുകളിൽ നടപ്പിലാക്കിയ പ്രഭാതഭക്ഷണ പദ്ധതിയെക്കുറിച്ച് ദിനമലർ പത്രം നൽകിയ വാർത്ത ‘ടോയ്‌ലറ്റുകൾ നിറഞ്ഞൊഴുകുകയാണ്’ എന്ന തലക്കെട്ടിലായിരുന്നു. ദിനമലർ വാർത്തയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി.

ദിനമലർ വാർത്തയ്ക്കെതിരെ നടന്ന പ്രതിഷേധം. കടപ്പാട്:muslimmirror

“സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുക എന്നത് തമിഴ്‌നാട്ടിൽ തുടങ്ങിയ പദ്ധതിയാണ്. 1970കളിലാണ് ദ്രാവിഡ മുന്നേറ്റത്തിന്റെ ജസ്റ്റിസ് പാർട്ടിയുടെ നേതാക്കൾ ഈ പദ്ധതിക്ക് തുടക്കമിട്ടത്- ‘ഫീഡിങ് ഫോർ എജ്യുക്കേഷൻ’ എന്നായിരുന്നു അതിന്റെ പേര്. വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് എത്തിക്കാൻ അവർക്ക് ഭക്ഷണവും നൽകുക. ചെന്നൈ കോർപറേഷനിൽ ജസ്റ്റിസ് പാർട്ടിയാണ് ഈ സങ്കൽപം ആദ്യം നടപ്പിലാക്കിയത്. ദ്രവീഡിയൻ നേതാവ് കാമരാജ് ഈ പദ്ധതിയെ ഉച്ചഭക്ഷണ പദ്ധതിയാക്കി വിപുലീകരിച്ചു. കലൈഞ്ജർ അതിലേക്ക് കോഴിമുട്ട കൂട്ടിച്ചേർത്തു. അങ്ങനെ വലിയൊരു ചരിത്രമുണ്ട് നമുക്ക്. പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. കഴിഞ്ഞ വർഷം സെപ്തംബറോടുകൂടി പരീക്ഷണാടിസ്ഥാനത്തിൽ സ്‌കൂളുകളിൽ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കിയിരുന്നു, 1500 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കി, അതിൽ 1300 സ്‌കൂളുകളിൽ മികച്ച റിസൾട്ടാണ് കിട്ടിയത്. ഈ സ്‌കൂളുകളിൽ 10 മുതൽ 30 ശതമാനം വരെ ഹാജർ നിലയിൽ ഉയർച്ച രേഖപ്പെടുത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ ബജറ്റിൽ അതിനായി തുകയും അനുവദിച്ചു. ഈ പദ്ധതിക്ക് മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളത്- ഒന്ന് സ്‌കൂളുകളിൽ കുട്ടികൾ വരുന്നത് പതിവാക്കുക, കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ ലഭ്യമാക്കുക, സ്ത്രീകൾക്ക് കുട്ടികളെ സ്‌കൂളിലയക്കുന്ന സമയത്തുള്ള പാചകം കാരണമുണ്ടാകുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കുക. ഈ മൂന്ന് ലക്ഷ്യങ്ങളും നിറവേറ്റാൻ കഴിയുന്നുണ്ട്. 16 ലക്ഷം കുട്ടികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കെതിരെയുള്ള ആക്രമണങ്ങളെല്ലാം വരുന്നത് അവരുടെ ബ്രാഹ്മണ്യ മനസ്സിൽ നിന്നാണ്. ചരിത്രപരമായി തന്നെ തമിഴ്‌നാടിനും അബ്രാഹ്മണരായ കുട്ടികൾക്കും ഗുണം ചെയ്യുന്ന പദ്ധതികളെയെല്ലാം അവർ എതിർക്കുകയാണ് ചെയ്യുന്നത്.” സൂര്യ കൃഷ്ണമൂർത്തി വിശദീകരിച്ചു.

സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം. കടപ്പാട്:deccanherald

ഗവർണർ രവി തമിഴരുടെ വൈകാരികതയിൽ ഇടപെടുന്നതിനാണ് ശ്രമിക്കുന്നതെന്നും സൂര്യ കൃഷ്ണമൂർത്തി പറയുന്നു. “ദ്രാവിഡ മുന്നേറ്റം തമിഴ് ജനങ്ങളുടെ വൈകാരികതയുമായി വളരെയേറ ഇഴുകിച്ചേർന്ന ഒന്നാണ്. അവരുടെ സ്വാഭിമാനത്തിന് സുരക്ഷിതത്വം നൽകുന്നു എന്നതുകൊണ്ടാണത്. ദ്രാവിഡ മുന്നേറ്റത്തിന്റെ ആശയങ്ങളെ എതിർക്കുന്നത് സ്വാഭാവികമായും ജനങ്ങളുടെ വെകാരികതയ്ക്ക് എതിരായി മാറും. ഗവർണർ രവി തമിഴ്‌നാട് എന്ന പേരിനും എതിരായിരുന്നു. തമിഴ്‌നാട് എന്ന പേര് ഉച്ചരിക്കാൻ പോലും രവി തയ്യാറായിരുന്നില്ല. തമിഴകം എന്നാണ് പകരം അദ്ദേഹം പറഞ്ഞുതുടങ്ങിയത്. തമിഴകം എന്ന പേര് മുമ്പ് നമ്മൾ ഉപയോഗിച്ചിരുന്നു എന്നത് യാഥാർത്ഥ്യമാണ്. ‘തമിഴ്‌നാട്’ എന്ന പേര് നമ്മുടെ നേതാവ് സി.എൻ അണ്ണാദുരൈ നൽകിയതാണ്, ‘മദ്രാസ് സ്റ്റേറ്റ്’ എന്നതിൽ നിന്നും പേര് ‘തമിഴ്‌നാട്’ എന്നാക്കി മാറ്റിയെടുക്കാൻ ശങ്കരലിംഗനാർ ജീവൻ കൊടുത്തുനടത്തിയ സമരം ഓർക്കേണ്ടതാണ്. എതിർപ്പ് ഉയർന്നപ്പോൾ ഗവർണർ തെറ്റ് തിരുത്തി. ഗവർണർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചശേഷമാണ് ബില്ലുകൾ മുന്നോട്ടുനീക്കിയത്. മുൻ മന്ത്രിക്കെതിരായ നിയമനടപടികൾ ആവശ്യപ്പെടുന്ന നാല് കേസുകളിൽ രണ്ടെണ്ണത്തിൽ ചലനമുണ്ടായി. ആർട്ടിക്കിൾ 200ന് ഒരു സമയപരിധി നിശ്ചയിക്കുക എന്ന ആവശ്യം കൂടിയാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ കേസിലൂടെ ആവശ്യപ്പെടുന്നത്. പഞ്ചാബ് കേസിലും കേരള കേസിലും സംഭവിച്ചതുപോലെ, കോടതിയിൽ നിന്നും ശക്തമായ നിർദ്ദേശങ്ങൾ തമിഴ്‌നാട് കേസിലും ഉണ്ടാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

ഗവർണറുടെ പരിധികൾ

2022 ഫെബ്രുവരിയിൽ തമിഴ്‌നാട് അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ അഡ്മിഷൻ ബിൽ/ആന്റി-നീറ്റ് ബിൽ തിരിച്ചയച്ചതിനെ തുടർന്ന് ആർ.എൻ രവിക്കെതിരെ ട്വിറ്ററിൽ #GetOutRavi എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ രൂപപ്പെട്ടു. ഗെറ്റ് ഔട്ട് രവി എന്ന ക്യാമ്പയിൻ പിന്നീട് പല സാഹചര്യങ്ങളിലും ട്വിറ്ററിൽ/എക്‌സിൽ ട്രെൻഡിങ് ആയി. ഇതേക്കുറിച്ചുള്ള പോസ്റ്ററുകൾ പതിച്ചുകൊണ്ട് ഓഫ്‌ലൈനിലും പ്രതിഷേധങ്ങൾ വ്യാപകമായി. നിയമസഭയിൽനിന്നുള്ള ഇറങ്ങിപ്പോക്കിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ജയ മേനോന് നൽകിയ അഭിമുഖത്തിൽ, ദ്രവീഡിയൻ മോഡൽ എന്നൊന്ന് ഇല്ലെന്നും അതൊരു കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് എന്നും ഗവർണർ രവി പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ​ഗവർണർ നൽകിയ അഭിമുഖം

ദേശീയഗാനത്തോടുകൂടി സഭ അവസാനിക്കുന്നതിന് മുമ്പ് ഇറങ്ങിപ്പോക്ക് നടത്തിയതിനെക്കുറിച്ചും പ്രധാന നേതാക്കളുടെ പേര് വായിക്കാതിരുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ രവിയുടെ മറുപടി ഇങ്ങനെയാണ്. “2022ൽ സഭയിൽ എന്റെ ആദ്യത്തെ പ്രസം​ഗത്തിന് ശേഷം അവർ എന്നോട് പറഞ്ഞത്, നിയമസഭയിൽ ഗവർണർ എത്തുന്നതിനും മടങ്ങുന്നതിനുമൊപ്പം ദേശീയഗാനം ആലപിക്കാറില്ല എന്നാണ്. സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിക്കും. ഞാൻ നിർബന്ധിച്ചിട്ടും തുടക്കത്തിൽ ദേശീയഗാനം പ്ലേ ചെയ്യാൻ അവർ തയ്യാറായില്ല, അവസാനത്തിൽ അവരത് ചെയ്തു. സ്പീക്കർ ഇത്തവണ എന്നെ ക്ഷണിക്കാൻ എത്തിയപ്പോൾ ഞാൻ ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടു. പാർലമെന്റിലും എല്ലാ നിയമസഭകളിലും ദേശീയഗാനം ബഹുമാനിക്കപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് സ്പീക്കർക്കും മുഖ്യമന്ത്രിക്കും കത്തയച്ചെങ്കിലും അവർ ദേശീയഗാനം പ്ലേ ചെയ്തില്ല.” തനിക്ക് നൽകിയ പ്രസംഗം സർക്കാരിന്റെ നയങ്ങളെയോ പരിപാടികളെയോ കുറിച്ചായിരുന്നില്ലെന്നും അത് വെറും പ്രചരണമാണെന്നും ഗവർണർ പ്രതികരിച്ചു. ഒരു ഭാരതം, ഒരു ഇന്ത്യ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രമല്ല ദ്രവീഡിയൻ ആശയമെന്നും ഭാഷാ വിവേചനം ശക്തിപ്പെടുത്തുന്നതാണെന്നും പറഞ്ഞുകൊണ്ട് ഗവർണർ ഈ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ‘നയം’ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസം ഒരു കൺകറന്റ് സബ്ജക്റ്റ് ആയതുകൊണ്ടാണ് യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ചുള്ള എട്ട് ബില്ലുകൾ പിടിച്ചുവെച്ചതെന്ന് രവി പറയുന്നു. യു.ജി.സിയുടെ മാനദണ്ഡങ്ങൾ പ്രകാരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരമാധികാരം രാഷ്ട്രീയ ഇടപെടലിന്റെ സാധ്യതകളിൽനിന്ന് സുരക്ഷിതമായിരിക്കണം എന്നതിനെ സുപ്രീം കോടതി ഉയർത്തിപ്പിടിക്കുന്നുവെന്നും രവി ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിൽ സംസ്ഥാന സർവ്വകലാശാലകളിൽ നിർഭാഗ്യവശാൽ സിൻഡിക്കേറ്റ് നിയമനങ്ങളാണ് നടക്കുന്നത്, സ്ഥാപനങ്ങളുടെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും ആകെ ബാക്കിയുള്ളത് വൈസ് ചാൻസലർമാരുടെ നിയമനമാണെന്നും രവി പറയുന്നു. വൈസ് ചാൻസലർമാരുടെ നിയമനം ചാൻസലറുടെ അധികാരമാണെന്നും അതും സംസ്ഥാനമുഖ്യമന്ത്രിയിലേക്ക് മാറിയാൽ എല്ലാം രാഷ്ട്രീയ നിയന്ത്രണത്തിൽ വരുമെന്നുമാണ് ഗവർണറുടെ അഭിപ്രായം.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം നിരവധി അക്രമസംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. വീടുകൾക്കും വാഹനങ്ങൾക്കും നേരെ അമ്പതിലധികം ബോംബ് ആക്രമണങ്ങൾ ഉണ്ടായിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഗവർണർ പറയുന്നു. 2023ലെ റിപബ്ലിക് ദിന സന്ദേശത്തിലും, തമിഴ്‌നാട്ടിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു എന്നും നിരോധനത്തെ തുടർന്ന് അനേകം ഡസൻ ബോംബ് ആക്രമണങ്ങൾ നടത്താൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ധൈര്യപ്പെട്ടു എന്നും രവി പറയുന്നുണ്ട്. 2022 നവംബറിൽ നടന്ന കാർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. എന്നാൽ അഭിമുഖത്തിലും റിപബ്ലിക് ദിന സന്ദേശത്തിലും നടത്തുന്ന വാദങ്ങൾ കണക്കുകളുടെ പിൻബലത്തിലല്ല ഗവർണർ പറയുന്നത്. പുരാതനക്ഷേത്രങ്ങളാണ് നമ്മുടെ സ്വത്വവും സംസ്‌കാരവും എന്നും റിപബ്ലിക് ദിന സന്ദേശത്തിൽ രവി പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയിൽ ഉൾപ്പെടെ പ്രവർത്തിച്ച ആർ.എൻ രവി, ഗവർണർ പദവിയിലിരിക്കെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.

GetOutRavi എന്ന ഹാഷ്ടാഗ് ക്യാമ്പയിനിന്റെ ഭാ​ഗമായി ചെന്നൈ ന​ഗരത്തിൽ പതിച്ച പോസ്റ്റർ. കടപ്പാട്:deccanherald

​ഗവർണർ എന്ന പദവി

ഭരണഘടനാ അസംബ്ലിയിൽ നടന്ന ഗവർണർ നിയമനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ആദ്യം തെരഞ്ഞെടുപ്പിലൂടെ ഗവർണറെ നിയമിക്കുന്ന സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെക്കാൾ വലിയ അധികാരകേന്ദ്രമായി മാറുന്നതിന് ഇത് കാരണമായേക്കും എന്നതിനാൽ ഈ സാധ്യത പരി​ഗണിക്കപ്പെട്ടില്ല (ഇന്ത്യാസ് ഫെഡറൽ സെറ്റ് അപ്, ആർ മോഹൻ). പ്രവിശ്യകളിൽ, പ്രവിശ്യകളുടെ സർക്കാരുകളിൽ ഗവർണർ ആയി നിയമിക്കപ്പെടുന്നവർ തദ്ദേശീയ ജനതയുമായി അല്ലെങ്കിൽ രാഷ്ട്രീയവുമായി ബന്ധമോ അടുപ്പമോ ഉള്ളവർ ആകരുത് എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചത് ജവഹർലാൽ നെഹ്‌റുവാണ്. ഈ വ്യക്തി പ്രവിശ്യയിലെ ജനങ്ങൾക്ക് സ്വീകാര്യമായതും ആകണം, അല്ലെങ്കിൽ പ്രശ്‌നങ്ങളുണ്ടാകും എന്നും നെഹ്‌റു പറയുന്നു. ഈ കാര്യത്തിൽ ഡോ. അംബേദ്കറുടെ കാഴ്ചപ്പാട് ഇങ്ങനെയാണ്, “വ്യക്തിപരമായൊരു ജഡ്ജ്‌മെന്റിലൂടെ നിറവേറ്റേണ്ട ഒരു ചുമതലയും ഗവർണർക്ക് ഇല്ല. മന്ത്രിസഭയുടെ നിർദ്ദേശങ്ങൾ പിന്തുടരുക മാത്രം ചെയ്താൽ മതി.”

ഒരു സംസ്ഥാനത്ത് ഗവർണറെ നിയമിക്കുമ്പോൾ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കണം എന്ന് സർകാരിയ കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. 1983ൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള അധികാര തുല്യത ഉറപ്പാക്കാനും ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് കഴിയുന്ന മാറ്റങ്ങൾ സാധ്യമാക്കാനുമായി നിയമിച്ചതാണ് ഈ കമ്മീഷൻ. സർകാരിയ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയിരുന്നെങ്കിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലുള്ള നിരവധി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് ആർ മോഹൻ ഇന്ത്യാസ് ഫെഡറൽ സെറ്റ് അപ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. 1947 മുതൽ 1984 വരെയുള്ള ഗവർണർ നിയമനങ്ങളെക്കുറിച്ച് സർവേ നടത്തിയ സർകാരിയ കമ്മീഷൻ കണ്ടെത്തിയത് 60 ശതമാനം ​ഗവർണർമാരും നിയമനത്തിന് തൊട്ടുമുമ്പ് വരെയും രാഷ്ട്രീയത്തിൽ സജീവമായിരുന്നവരാണ് എന്നാണ്.

1. തകർക്കപ്പെടുന്ന ഇന്ത്യൻ ഫെഡറലിസം

2. ഗവർണറുടെ രാഷ്ട്രീയവും സർക്കാരിന്റെ താത്പര്യങ്ങളും

Also Read

15 minutes read December 27, 2023 1:02 pm