

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നാഷണൽ എജ്യൂക്കേഷൻ പോളിസി (NEP 2020) ക്കെതിരെ പതിനാറ് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ 2024 ജനുവരി 12ന് ഡൽഹിയിൽ പാർലിമെന്റ് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത്, ‘Save India, Reject BJP’ എന്ന മുദ്രാവാക്യം ഉയർത്തിയെന്ന് ചൂണ്ടികാണിച്ച് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (TISS Mumbai) ഡവലപ്മെന്റ് സ്റ്റഡീസിൽ പി.എച്ച്.ഡി സ്കോളറായ ദലിത് വിദ്യാർത്ഥി രാമദാസ് പ്രിനി ശിവാനന്ദനെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. നടപടിക്കെതിരെ ബോംബൈ ഹൈക്കോടതിയിൽ രാമദാസ് നൽകിയ ഹർജി കഴിഞ്ഞയാഴ്ച കോടതി തള്ളി. യൂണിയൻ ഗവണ്മെന്റിന്റെ ഫെലോഷിപ്പ് വാങ്ങുന്നതുകൊണ്ട് ഇത്തരം രാഷ്ട്രീയ പ്രവർത്തനം നടപടികൾ വിളിച്ചുവരുത്തുമെന്നാണ് കോടതി നിരീക്ഷിക്കുന്നത്. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് ‘എല്ലാവർക്കും വിദ്യാഭ്യാസം വേണം’ എന്ന് പറഞ്ഞതുകൊണ്ട് രാമദാസിനെ ‘ദേശ വിരുദ്ധൻ’ ആയാണ് TISS മുദ്രകുത്തുന്നത്. സ്ഥാപനത്തിന്റെ ഈ ഫാസിസ്റ്റ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എസ്.എഫ്.ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, TISSലെ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം (PSF) മുൻ ജനറൽ സെക്രട്ടറിയുമായ മലയാളി വിദ്യാർത്ഥി രാമദാസ്. TISS പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജനാധിപത്യ- വിദ്യാർത്ഥി വിരുദ്ധ നടപടികളെ കുറിച്ചും നാഷണൽ എജ്യൂക്കേഷൻ പോളിസിയെ കുറിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കിയ സംഘപരിവാർ ഫാസിസത്തെ കുറിച്ചും കേരളീയത്തോട് സംസാരിക്കുകയാണ് രാമദാസ് പ്രിനി ശിവാനന്ദൻ.
നാഷണൽ എജ്യൂക്കേഷൻ പോളിസി (NEP)ക്കെതിരായ സമരത്തിൽ പങ്കെടുത്തതിനാണല്ലോ താങ്കളെ TISSൽ നിന്നും സസ്പെൻഡ് ചെയ്യുന്നത്. TISS പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിന് എങ്ങനെയാണ് സമരത്തിൽ പങ്കെടുക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയായി കണക്കാക്കാൻ കഴിയുന്നത്? അന്നത്തെ സമരം മുതൽ ഇപ്പോൾ ബോംബൈ ഹൈക്കോടതി ഹർജി തള്ളിയത് വരെയുള്ള കാര്യങ്ങൾ വിശദമാക്കാമോ?
ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു സമീപനം ഉണ്ടാകാൻ പാടില്ല. അപ്പോഴും ഇത് നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരു നടപടി അല്ലാതെയായി മാറിയിരിക്കുകയാണ്. അതാണ് ഈ വിഷയത്തിൽ വളരെ പ്രധാനമായി ഞാൻ കാണുന്നത്. കാരണം, ഇത് TISSലോ ഇന്ത്യയിലെ ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റിയിലോ മാത്രം ഒതുങ്ങി നിൽക്കുന്ന വിഷയമല്ല. ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിലാകമാനം സംഘപരിവാർ രാഷ്ട്രീയം, പ്രത്യേകിച്ച് മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം പിടിമുറുക്കുന്നതിന്റെയും അക്കാദമിക് ക്വാളിറ്റിയെ തച്ചുതകർക്കുന്നതിന്റെയും ഒരു തുടർച്ചയെന്നോണമാണ് ഇതിനെ ഞാൻ നോക്കികാണുന്നത്.
2024 ജനുവരി 12നാണ് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ യോഗം നടക്കുന്നത്. ഡൽഹി പൊലീസിന്റെ മോണിറ്ററിങ്ങിൽ നടന്ന ഒരു പരിപാടിയാണത്. അല്ലാതെ രഹസ്യമായോ, സെൻസിറ്റീവ് മേഖലയിൽ അതിക്രമിച്ച് കയറി നടത്തിയ പരിപാടിയോ ഒന്നുമല്ല. ആയിരകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. പങ്കെടുത്ത ഓരോ വിദ്യാർത്ഥിയുടെയും പേരും ഫോൺ നമ്പറും എഴുതിവെച്ചാണ് ഡൽഹി പൊലീസ് മൈതാനത്തിനകത്തേക്ക് കയറ്റിവിട്ടത്. പരിപാടി കഴിഞ്ഞ് ഞാൻ മുംബൈയിലേക്ക് വന്നു, നാല് ദിവസത്തിനുള്ളിൽ എനിക്കൊരു റോഡപകടം പറ്റി ഞാൻ കിടപ്പിലായി. ഒന്നരമാസം കഴിഞ്ഞാണ് നാട്ടിലേക്ക് പോകാൻ ഡോക്ടർ അനുവാദം തന്നത്. അങ്ങനെ മാർച്ചിൽ വീട്ടിലെത്തി. പിറ്റേ ദിവസം മാർച്ച് 7ന് എനിക്കൊരു കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുകയുണ്ടായി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അതിൽ എടുത്തുപറഞ്ഞത്. ഒന്ന് പാർലിമെന്റ് മാർച്ചിൽ പങ്കെടുത്തു, രണ്ട്, ജനുവരി 22ന് നടന്ന രാമക്ഷേത്ര ഉദ്ഘാടനത്തെ അപമാനിച്ചുകൊണ്ട് ആനന്ദ് പട്‍വർദ്ധന്റെ ‘റാം കേ നാം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. മൂന്നാമതായി, മുൻപ് തന്നെ ഞാൻ പ്രശ്നക്കാരനാണെന്നും, ഒരുപാട് തവണ ഔദ്യോഗികമായും അല്ലാതെയും മുന്നറിയിപ്പുകളും നോട്ടീസും തന്നതാണെന്നും എന്നിട്ടും നടപടിയൊന്നും എടുത്തില്ലെന്നും എന്നാൽ ഈ രണ്ട് കാര്യങ്ങൾ സഹിക്കാൻ കഴിയില്ലെന്നും, ഇത് രണ്ടും ദേശവിരുദ്ധമാണെന്നും പറയുന്നു. കൂടാതെ എന്തുകൊണ്ട് എന്നെ പുറത്താക്കേണ്ട എന്നതിന് വിശദീകരണം നൽകാനും പറയുന്നുണ്ട്.
അതിന് ഞാൻ കൃത്യമായി മറുപടി കൊടുത്തു. പാർലിമെന്റ് മാർച്ച് പോലെയുള്ള പൊതുപരിപാടിയിൽ പങ്കെടുക്കുക എന്നുള്ളത് എന്റെ വ്യക്തിപരമായ അവകാശമാണ്, ഞാനൊരു ഇന്ത്യൻ പൗരനാണ്. അതുകൊണ്ട് തന്നെ നിയമവിരുദ്ധമല്ലാത്ത, ക്രിമിനൽ സ്വഭാവമില്ലാത്ത ഏത് പരിപാടിയിലും പങ്കെടുക്കാം. മാത്രമല്ല, ഞാൻ സംഘടനാ പ്രവർത്തനം നടത്തുന്ന ഒരാള് കൂടിയാണ്. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും, PSF മെമ്പറുമാണ്. അതുകൊണ്ട് തന്നെ പൊതുപരിപാടികളിൽ ഞാൻ പങ്കെടുക്കുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്നാവശ്യപ്പെടുന്നത് ദേശവിരുദ്ധമല്ല എന്നും ഞാൻ വിശദീകരണം നൽകി.


രണ്ടാമത്തെ കാര്യത്തിൽ, രാം കേ നാം ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. നമുക്കറിയാവുന്ന ഏതെങ്കിലും സംഘടനയോ ഗ്രൂപ്പോ ക്യാമ്പസിൽ സ്ക്രീനിങ്ങ് നടത്തിയിട്ടില്ല. ഇതിനൊരു നാല് ദിവസം മുൻപ് രാം കേ നാം ഒരു ഹിസ്റ്റോറിക് ഡോക്യുമെന്റ് ആണെന്നും അത് ആളുകൾ കാണണമെന്നും സൂചിപ്പിച്ചുകൊണ്ട് ഞാൻ വ്യക്തിപരമായി ഫേസ്ബുക്കിൽ മലയാളത്തിലൊരു പോസ്റ്റ് എഴുതിയിട്ടിരുന്നു. യൂണിവേഴ്സിറ്റിയിൽ സ്ക്രീനിങ് നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആയിരുന്നില്ല അത്. അന്നത്തെ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ഒരാൾക്ക് സ്ക്രീനിങ്ങ് നടത്താനുള്ള ആരോഗ്യം പോലുമില്ല എന്ന് മനസിലാക്കണം. രാം കേ നാം സ്ക്രീനിങ്ങ് നടത്തി എന്നുള്ളത് ഒരു മെനഞ്ഞെടുത്ത കഥയാണ്. ആ ഡോക്യുമെന്ററി എല്ലാവരും കണ്ടിരിക്കണം എന്ന് തന്നെയാണ് എന്റെ നിലപാട്. TISS-ൽ തന്നെ രാം കേ നാം പലകാലങ്ങളിൽ ഔദ്യോഗികമായി പ്രദർശിപ്പിച്ചത് ഞാൻ തന്നെ കണ്ടിട്ടുണ്ട്. സംവിധായകൻ ആനന്ദ് പട്‍വർദ്ധൻ നേരിട്ട് ഇവിടെ വന്നിട്ടുണ്ട്. ഞാനൊരു പൊതുവേദിയിലിരുന്ന് ആ ഡോക്യുമെന്ററി കണ്ടിട്ടുണ്ടെങ്കിൽ അതിവിടെ വെച്ചാണ്. ക്ലാസ് റൂം ആക്ടിവിറ്റിയുടെ പേരിൽ പലതവണ TISS-ൽ സ്ക്രീൻ ചെയ്ത ഡോക്യുമെന്ററിയാണിത്. മികച്ച ഡോക്യുമെന്ററിക്ക് ഇന്ത്യ ഗവണ്മെന്റ് ഗോൾഡ്മെഡൽ നൽകിയ, ദൂരദർശനിൽ പ്രദർശിപ്പിക്കപ്പെട്ട, U സർട്ടിഫിക്കറ്റുള്ള, യൂട്യൂബിൽ ആർക്കും ലഭ്യമായ ഒരു ഡോക്യുമെന്ററി. അത്തരത്തിലുള്ള ഒന്നിനെ നിരോധിക്കപ്പെട്ടത് എന്ന രീതിയിലാണ് ഇവർ കാണുന്നത്. അങ്ങനെയല്ല എന്ന് ചൂണ്ടികാണിച്ച് അതിനും മറുപടി കൊടുത്തിരുന്നു.
പിന്നെ ‘ദുർനടപ്പ്’ എന്ന് എന്ന് ഇവർ ചൂണ്ടികാണിച്ച കാര്യങ്ങളിൽ ഒരുതവണ പോലും എന്നെ ശിക്ഷിക്കുകയോ മറ്റോ ചെയ്തിട്ടില്ല. ക്യാമ്പസിൽ നടന്ന ഭഗത് സിങ് മെമ്മോറിയൽ ല്കചറുമായി ബന്ധപ്പെട്ടാണ് ഒരു തവണ കാരണം കാണിക്കൽ നോട്ടീസ് വരുന്നത്. അതിന് അന്ന് തന്നെ മറുപടി നൽകിയതാണ്. പരിപാടിയുമായി ബന്ധപ്പെട്ട് ‘Controversial Speakers’നെ കൊണ്ടുവന്നു, കുത്തിയിരിപ്പ് സമരം നടത്തി എന്നൊക്കെയാണ് ആരോപണങ്ങൾ. ഇതുമായി ബന്ധപ്പെട്ട വീഡിയോ വരെ തെളിവായി ഹാജരാക്കാം എന്നുപറഞ്ഞ് കൃത്യമായി മറുപടി നൽകിയിരുന്നു. ജനാധിപത്യ രീതിയിൽ, സമാധാനപരമായി വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തുന്നത് കുറ്റമായൊന്നും കാണേണ്ട ആവശ്യമില്ല. പിന്നെ പങ്കെടുത്ത സ്പീക്കേഴ്സിന്റെ കാര്യം, ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ഈ വ്യക്തി Controversial ആണ്, അതുകൊണ്ട് അയാളെ കൊണ്ടുവരേണ്ട എന്ന് പറഞ്ഞിട്ടില്ല. യൂണിവേഴ്സിസ്റ്റി അധികൃതരുടെ അനുവാദമില്ലാതെ ഒരാൾക്ക് പോലും ക്യാമ്പസിൽ പ്രവേശിക്കാനോ പരിപാടിയിൽ പങ്കെടുക്കാനോ കഴിയില്ല. 2018 മുതൽ നടക്കുന്ന ഒരു പരിപാടിയാണ് ഭഗത് സിങ് മെമ്മോറിയൽ ലെക്ച്ചർ. മാഗ്സെസെ അവാർഡ് ജേതാക്കളായ പി സായ്നാഥ്, ബെസ്വാഡ വിത്സൺ, ഗോപാൽ ഗുരു, ക്രിസ് മൊഫാട്ട് തുടങ്ങി നിരവധി ആളുകൾ പലകാലങ്ങളിൽ പരിപാടിയുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. 2023-ൽ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് വന്നത്. അതിനും മറുപടി കൊടുത്തിരുന്നു.
ഒന്നരമാസത്തിന് ശേഷം ഏപ്രിലിലാണ് രണ്ട് വർഷത്തേക്ക് സസ്പെന്റ് ചെയ്തു എന്ന് പറഞ്ഞ് എനിക്കെതിരെ നടപടി വരുന്നത്. സസ്പെൻഷൻ മാത്രമല്ല, TISS ന്റെ ഏതെങ്കിലും ക്യാമ്പസിൽ കയറുന്നതിനും വിലക്കേർപ്പെടുത്തി. കൂടാതെ നിയമസംവിധാനങ്ങൾ അന്വേഷിക്കട്ടെ എന്നുപറഞ്ഞ് അന്വേഷണ ഏജൻസികളെയും ക്ഷണിച്ചുവരുത്തുന്നു. പാർലിമെന്റ് മാർച്ചിൽ പങ്കെടുത്തു എന്നുള്ളതാണ് പ്രധാനകുറ്റം. വിദ്യാർത്ഥി സംഘടനകളിൽ അംഗത്വം ലഭിക്കുന്നത് നിങ്ങൾ വിദ്യാർത്ഥി ആയതുകൊണ്ടാണെന്നും, അതിന് കാരണം നിങ്ങൾക്ക് യൂണിവേഴ്സിറ്റി അഡ്മിഷൻ തന്നതുകൊണ്ടാണെന്നും അതുകൊണ്ട് തന്നെ നിങ്ങൾ വിദ്യാർത്ഥി സംഘടനയുടെ അഭിപ്രായമായി പറയുന്നത് യൂണിവേഴ്സിറ്റിയുടെ അഭിപ്രായമായി കരുതുമെന്നും അതുകൊണ്ട് നിങ്ങളെ ഞങ്ങൾ സസ്പെന്റ് ചെയ്തിരിക്കുന്നു എന്നുമാണ് ലോജിക്.
സസ്പെന്റ് ചെയ്തത് വാർത്തയായപ്പോൾ ഞാൻ സ്ഥിരം പ്രശ്നക്കാരനാണെന്നും, കുറേ കാലമായി ഇവിടെ പഠിക്കുന്നുവെന്നും അനധികൃതമായി ഹോസ്റ്റലിൽ താമസിക്കുന്നുവെന്നും പറഞ്ഞ് പബ്ലിക് നോട്ടീസിറക്കി. അതൊക്കെ കള്ളമാണ്. ഞാൻ ഇവിടെത്തന്നെ MA, MPhil ചെയ്തിട്ടാണ് PhD ചെയ്യുന്നത്. മൂന്ന് കോഴ്സിനും അതിന്റെതായ സമയമുണ്ടാവുമല്ലോ, വെറുതെ ഇവരാരും അഡ്മിഷൻ തന്നതല്ലല്ലോ? എല്ലാം കഷ്ടപ്പെട്ട് പഠിച്ച് എൻട്രൻസ് ക്രാക്ക് ചെയ്ത് നേടിയെടുത്തതാണ്. മെയ് നാലാം തീയതിയാണ് കേസ് കൊടുക്കുന്നത്. അന്ന് തൊട്ട് ആഗസ്റ്റ് 30 വരെ കോടതി നോക്കിയത്, ഇത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തിരിച്ചയക്കണോ, അതോ കോടതി തന്നെ പരിഗണിക്കണോ എന്നാണ്. അതിന് ശേഷമാണ് കേസിന്റെ മെറിറ്റിലേക്ക് തന്നെ പോകുന്നത്. കേസ് മൊത്തം 28 തവണ മാറ്റിവെച്ചു. ജനുവരി 24ന് വാദം പൂർത്തിയായി. ഇൻസ്റ്റിറ്റ്യൂട്ട് കോടതിയിൽ വാദിച്ച ഒരു കാര്യമാണ് വിധിയിൽ കൊണ്ടെത്തിച്ചത്. അതായത്, കേന്ദ്രസർക്കാരിന്റെ ഫെലോഷിപ്പ് വാങ്ങുന്ന ഒരു വിദ്യാർത്ഥി Save India, Reject BJP എന്ന് പറയാമോ? ഈ വാദം കോടതിയും ശരിവെച്ചു. അങ്ങനെ ഇൻസ്റ്റിറ്റ്യൂട്ടിന് തോന്നിയാൽ ഞങ്ങൾക്ക് ഒന്നും പറയാനില്ല എന്നാണ് കോടതി പറഞ്ഞത്. അവിടെ വിതരണം ചെയ്ത ലഘുലേഖകളിൽ പോലും PSF എന്ന് മാത്രമേ കൊടുത്തിട്ടുള്ളൂ. TISS എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും അവർ വളച്ചൊടിച്ച് അവരുടെ വാദങ്ങൾ സമർത്ഥിച്ചെടുത്തു.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ചെയർമാനായിട്ടുള്ള ഒരു യൂണിവേഴ്സിറ്റിയിലുള്ള ദലിത് പി.എച്ച്ഡി സ്കോളർക്ക് കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തെ (National Education Policy- 2020) വിമർശിക്കാമോ ഇല്ലയോ? സ്ഥാപനത്തിന്റെ അധികാരിയായി നിൽക്കുന്ന ഒരാൾ പറയുന്നു അവരുടെ സർക്കാരിനെതിരായി, വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരുന്ന ഒരു പദ്ധതിയെ ഒരാളും വിമർശിക്കേണ്ട, വിമർശിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് പുറത്തുപോവാം എന്ന്. ഞാൻ എന്ന വ്യക്തിയെ ഒഴിവാക്കിയാലും ഇത് അപലപിക്കപ്പെടേണ്ട ഒരു കാര്യമാണ്. ഇങ്ങനെ സംഭവിക്കാൻ പാടില്ല. TISS പോലുള്ള സ്ഥാപനങ്ങൾ എല്ലാ കാലത്തും സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയാനും, പഠനങ്ങൾ നടത്താനും, ഉന്നത നിലവാരത്തിലുള്ള ഗവേഷണങ്ങൾ പുറത്തുവരാനുമുള്ള ഒരിടമാണ്. രാജ്യത്തിന്റെ ഭാവിയുടെ ക്വാളിറ്റി കൂടിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ആക്രമിക്കപ്പെടുന്നത്.
ഡൽഹിയിൽ നടന്ന പാർലമെന്റ് AISA, AISB, AISF, CRJD, CYSS, DMK Student Wing, Dravidian Students’ Federation, DSF, NSUI, PSF, PSU, SFI, RLD Chatra Sabha, Samajwadi Chatra Sabha, Satro Mukti Sangram Samiti, and Tribal Students’ Union തുടങ്ങി പതിനാറ് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടുന്ന യുണൈറ്റഡ് സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ (USI) നടത്തിയ മാർച്ചായിരുന്നു. അതിലെ ഒരു കക്ഷി മാത്രമാണ് PSF (Progressive Students Forum). അതിനെ പ്രതിനിധീകരിച്ചുകൊണ്ട് സംഘാടകനെന്ന നിലയിൽ പൊതുപരിപാടിയിൽ പ്രസംഗിച്ച ആളുകളിൽ ഒരാൾ മാത്രമാണ് ഞാൻ. SFI യോട് അഫിലിയേറ്റഡ് ആണെങ്കിലും ഒരു സ്വതന്ത്ര സംഘടന കൂടിയാണ് PSF. ഞങ്ങൾ ആവശ്യപ്പെടുന്നത് എല്ലാവർക്കും വിദ്യാഭ്യാസം എന്നുള്ളതാണ്. ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും വിദ്യാഭ്യാസം വേണം എന്നാവശ്യപ്പെടുന്നത് എങ്ങനെയാണ് ദേശവിരുദ്ധ പ്രവർത്തനമാകുന്നത്?


എന്താണ് രാംദാസിന്റെ സാമൂഹിക പശ്ചാത്തലം, വയനാട് നിന്നും TISS വരെയുള്ള താങ്കളുടെ ഇത്രയും നാളത്തെ യാത്രയെ കുറിച്ച് വിശദമാക്കാമോ?
വയനാട് കൽപറ്റയിലാണ് എന്റെ വീട്. കുടുംബത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദ്യത്തെ ആളാണ് ഞാൻ. അച്ഛൻ ഒന്നാം ക്ലാസ്സ് വരെയും, അമ്മ എട്ടാം ക്ലാസ്സ് വരെയും മാത്രമേ പഠിച്ചിട്ടുള്ളൂ. എന്റെ രണ്ട് അനിയന്മാരും നന്നായി തന്നെ പഠിച്ചിട്ടുണ്ട്. ഒരാൾ എം.ഫിലും ഒരാൾ മാസ്റ്റേഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു കാര്യം, സ്കോളർഷിപ്പുകളോ, ഫെലോഷിപ്പുകളോ ഇല്ലെങ്കിൽ നമുക്ക് ഇവിടെവരെ എത്താൻ കഴിയില്ല എന്നുള്ളതാണ്. സ്റ്റേറ്റിന്റെ പിന്തുണയോട് കൂടിയാണ് നമ്മൾ വരുന്നത്. അതൊരു നല്ല കാര്യം തന്നെയാണ്. പക്ഷേ, അതിനർത്ഥം ഭരണകൂടത്തിന് അടിമകളായി കഴിയണമെന്നല്ല. പ്ലസ് ടു വരെ വയനാട്ടിൽ തന്നെയാണ് പഠിച്ചത്. യു.ജി ചെയ്തത് കോഴിക്കോട് ഫാറൂഖ് കോളേജിൽ ആയിരുന്നു. പിന്നെ ജെ.എൻ.യുവിൽ പി.ജിക്ക് ചേർന്നെങ്കിലും വ്യക്തിപരമായ ചില കാരണങ്ങളാൽ ആദ്യ സെമസ്റ്ററിൽ തന്നെ ഡ്രോപ്പ് ചെയ്യേണ്ടിവന്നു. അത് കഴിഞ്ഞ് TISS-ൽ മീഡിയ ആന്റ് കൾച്ചറൽ സ്റ്റഡീസിൽ പി.ജി ചെയ്തു. അത് കഴിഞ്ഞ് എം.ഫിലും. TISS-ൽ ആ വർഷത്തെ എൻട്രൻസിൽ ടോപ്പർ ആയിരുന്നു ഞാൻ. അതിന് TISS തന്നെ ആദരിച്ചിട്ടുണ്ട്. അത്യാവശ്യം നല്ലപോലെ ബുദ്ധിമുട്ടി തന്നെയാണ് ഇവിടെവരെ എത്തിയത്. സ്കൂളിൽ പഠിക്കാൻ വേണ്ടി മാത്രമല്ല ഉച്ചക്കഞ്ഞി ഉള്ളതുകൊണ്ട് കൂടിയാണ് പോയിരുന്നത് എന്നും വേണമെങ്കിൽ പറയാം. ബി.എ കാലഘട്ടം മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു.
താങ്കളെ സസ്പെന്റ് ചെയ്യുക മാത്രമല്ല, TISS ന്റെ ഏതെങ്കിലും ക്യാമ്പസുകളിൽ കയറുന്നതിന് വിലക്ക് കൽപ്പിക്കുകയും അന്വേഷണ ഏജൻസികളോട് സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും ആവശ്യപ്പെടുന്നുണ്ട്. ഭരണകൂടത്തെ പോലെ തന്നെ വിയോജിപ്പുകളെയും അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങളെയും നിഷേധിക്കാൻ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമകാലിക ഇന്ത്യയിൽ കഴിയുന്നുണ്ട്. ഹിന്ദുത്വ ഫാസിസം ഇന്ത്യയിൽ പിടിമുറുക്കുന്നതിന്റെ സൂചന തന്നെയല്ലേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഫലിക്കുന്നത്?
എന്റെ സസ്പെൻഷൻ ഇക്കാര്യത്തിൽ ഒരു ഉദാഹരണം തന്നെയാണ്. പക്ഷേ ഇതൊരു പുതിയ തുടക്കമാണ്. കാരണം ഇതുവരെ നമ്മൾ കണ്ടിട്ടുള്ള സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു രീതിയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ, വസ്ത്രത്തിന്റെ കാര്യത്തിൽ, ഭാഷയുടെയും ആചാരത്തിന്റെയും കാര്യത്തിലൊക്കെ പലവിധത്തിലുള്ള നിരോധനങ്ങൾ കൊണ്ടുവരുന്നത് നമ്മൾ കണ്ടതാണ്. എന്നാൽ ഇത് ഒരുപടി കൂടി മുന്നോട്ട് പോയി. എനിക്കെതിരെ പബ്ലിക് ആയി നോട്ടീസ് ഇറക്കിയ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. ‘ഇയാൾ രാജ്യദ്രോഹിയാണ്, ഇയാളെ സൂക്ഷിക്കണം’ എന്നാണ് അതിൽ പറയുന്നത്. ഇന്ത്യയിൽ ഒരു യൂണിവേഴ്സിറ്റിയും ഒരു വിദ്യാർത്ഥിക്കെതിരെ ഇത്തരമൊരു നോട്ടീസ് ഇറക്കയിതായി കേട്ടറിവ് പോലുമില്ല. എനിക്കയച്ച നോട്ടീസിലെ ഒരു വാക്യം വളരെ പ്രശ്നമാണ്. രാം കേ നാം എന്ന ഡോക്യുമെന്ററി അന്നേ ദിവസം കേന്ദ്ര സർക്കാർ കാണാൻ പറഞ്ഞിട്ടില്ല എന്നാണ് നോട്ടീസിൽ പറയുന്നത്. അതായത്, കേന്ദ്ര സർക്കാർ ആ ദിവസം കാണാൻ ആവശ്യപ്പെടാത്ത ഒരു സിനിമയെ ഞാൻ പ്രൊമോട്ട് ചെയ്തു എന്ന്. ഇവിടെ നിരോധനമല്ല വിഷയമായി വരുന്നത്, ഞങ്ങൾ നിങ്ങളോട് ചെയ്യാൻ പറഞ്ഞില്ലല്ലോ, എന്നിട്ടും നിങ്ങളത് ചെയ്തല്ലോ എന്നുള്ളതാണ്. അവർ ആവശ്യപ്പെടുന്നത് മാത്രം മറ്റുള്ളവർ ചെയ്താൽ മതി എന്നാണ് സംഘപരിവാർ കൽപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങി നിരവധി വിദ്യാർത്ഥി നേതാക്കളെ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. വിയോജിപ്പുകളെ ഇല്ലാതെയാക്കാനായി UAPA എന്ന ഡ്രകോണിയൻ നിയമം വിദ്യാർത്ഥികൾക്കെതിരെ ഉപയോഗിക്കുന്ന ഭരണകൂടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
PSF എന്ന സംഘടന ഇന്ത്യയിലെ പ്രൈവറ്റ്/ഡീംഡ് യൂണിവേഴ്സിറ്റികളെടുത്ത് നോക്കിയാൽ ഏറ്റവും ആക്റ്റീവ് ആയ ഒരു വിദ്യാർത്ഥി സംഘടനയാണ്. അതുകൊണ്ട് തന്നെ അത്തരം സ്പേസിലെ പ്രവർത്തനം ഏത് രീതിയിലായിരിക്കണം, വിദ്യാർത്ഥികൾ സംഘടിക്കുമ്പോൾ അതിനെ എങ്ങനെ എതിർക്കണം എന്നുള്ളതിന് ഒരു രീതി കണ്ടെത്തുക എന്നുള്ളതാണ് ഇവരുടെ സമീപനം. അതൊരു പൊതുരീതി ആയിരിക്കണമെന്നില്ല. JNU-വിൽ നേരിടുന്ന പോലെയായിരിക്കില്ല TISS-ൽ നേരിടുന്നത്. UAPA ആവുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഐക്യദാർഢ്യങ്ങളും രൂപപ്പെടുമല്ലോ. അത്തരത്തിലുള്ള ചർച്ചകൾ ഉണ്ടാവാതെ തന്നെ അടിച്ചമർത്താം എന്നുള്ളതാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഏതൊരു സാധാരണ വിദ്യാർത്ഥിയെയും ഇത്തരത്തിലുള്ള നടപടി ബാധിക്കും എന്ന ഒരു ഭയം രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് ഇതിൽ കാണാൻ കഴിയുന്നത്. രാജ്യത്തെ എല്ലാവർക്കുമെതിരെ UAPA ചുമത്താൻ കഴിയിലല്ലോ? പുറമെ നിന്ന് നോക്കുമ്പോൾ ഇതിന് അത്രയും ഭീകരതയില്ലെന്ന് പൊതുസമൂഹത്തിന് തോന്നുകയും ചെയ്യും, എന്നാൽ അവരുദ്ദേശിക്കുന്ന ഫലം ലഭിക്കുകയും ചെയ്യും.


യൂണിയൻ ഗവണ്മെന്റിന്റെ ഫണ്ട് കൈപ്പറ്റുന്നത് കൊണ്ട് ഇത്തരമൊരു നടപടി നേരിടാൻ ഒരാൾ ബാധ്യസ്ഥനാണെന്നാണ് ബോംബൈ ഹൈക്കോടതി പറയുന്നത്. ഇതൊരു വ്യക്തിയുടെ മാത്രം പോരാട്ടമല്ലെന്ന് താങ്കൾ ദി വയറിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. മറ്റ് വിദ്യാർത്ഥി യൂണിയനുകളുടെയും ജനാധിപത്യ സമൂഹത്തിന്റെയും പിന്തുണ ഈ വിഷയത്തിൽ എത്രത്തോളം ലഭിക്കുന്നുണ്ട്?
കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലുമൊരു ഗ്രാന്റോ, ഫെലോഷിപ്പോ കിട്ടുന്ന ഒരാൾ ബിജെപി വിമർശനം ഉയർത്തിപിടിക്കാമോ എന്നുള്ള ചോദ്യമാണ് ഇവിടെയുള്ളത്. കേന്ദ്രസർക്കാർ നൽകുന്ന ഫെലോഷിപ്പ് ഒരിക്കലും ബിജെപി ഓഫീസിൽ നിന്നും കിട്ടുന്ന ചാരിറ്റിയല്ല. നമ്മൾ മത്സരപരീക്ഷകൾ പാസായി, യു.ജി.സി തീരുമാനിച്ച ഗൈഡ് ലൈനിലൂടെ യോഗ്യത നേടിയാണ് ഇവിടെവരെ എത്തിയത്. രാജ്യം ഭരിക്കുന്ന പാർട്ടിയോട് എതിരഭിപ്രായം ഉണ്ടാവാൻ പാടില്ല എന്നുള്ളത് ഇതിന്റെയൊന്നും മാനദണ്ഡമല്ല, അങ്ങനെ ഒരിക്കലും ആവാനും പാടില്ല. യൂണിവേഴ്സിറ്റികളിൽ ആരാണ് ഇത്തരം ഫെലോഷിപ്പുകളുടെ ഗുണഭോക്താക്കൾ? അത് പ്രധാനമായും ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളാണ്. “ഫെലോഷിപ്പുകൾ വാങ്ങുന്ന നിങ്ങൾ ഞങ്ങളുടെ പാർട്ടിക്കെതിരെ ഒന്നും മിണ്ടരുത്” എന്ന് ചുരുക്കും. അങ്ങനെ നോക്കുമ്പോൾ ഇത് തികച്ചും വിവേചനപരമാണ്. മുൻപ് CAA വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ, വേഷം കണ്ടാൽ അറിയാം ഇവർ ആരാണെന്ന് സംഘപരിവാർ ചാപ്പ അടിച്ചതുപോലെ, ഫെലോഷിപ്പ് വാങ്ങുന്നുണ്ടെങ്കിൽ അറിയാമല്ലോ ഇവർ ആരാണ് എന്നുള്ളത്, അവർ മിണ്ടാൻ പാടില്ല, അതാണ് പുതിയ രീതി. ഇപ്പോൾ ഇതൊരു ലീഗൽ ഡോക്യുമെന്റ് കൂടിയായി മാറി. ഇനി ഏത് യൂണിവേഴ്സിറ്റിക്കും ഇതെടുത്ത് ഉപയോഗിക്കാം. ഞാൻ NFSC (National Fellowship for Scheduled Caste Students) വാങ്ങുന്ന ഒരാളാണ്. അത് NET എക്സാമിലെ പ്രകടനത്തിന് നൽകുന്നതാണ്. ഏത് ഫെലോഷിപ്പും ആയിക്കോട്ടെ അത് സർക്കാരിന്റെ ഒരു ചാരിറ്റിയല്ല. NET യോഗ്യതയുണ്ടെങ്കിൽ നിങ്ങൾക്ക് നാട്ടിൽ പോയി ജോലി ചെയ്യാം, അതുപേക്ഷിച്ച് പകരം ആ വിലപ്പെട്ട സമയം ഗവേഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു. അത് രാജ്യത്തിന്റെ പുരോഗതിക്കാണ്. അതിന് തരുന്ന പ്രതിഫലമാണ് ഫെലോഷിപ്പുകൾ. കേന്ദ്രസർക്കാരിന്റെ ഏതെങ്കിലുമൊരു പദ്ധതിയുടെ ഗുണഭോക്താക്കളാവാത്ത എത്ര മനുഷ്യരാണ് ഈ രാജ്യത്തുള്ളത്? റേഷൻകടയിൽ നിന്ന് അരി വാങ്ങിയാൽ നാളെ ഇവർ പറയില്ലേ നിങ്ങൾ അങ്ങനെ ചെയ്യരുതെന്ന്. വിദ്യാർത്ഥി സമൂഹത്തിന്റെ പിന്തുണകൾ ലഭിക്കുന്നുണ്ട്. പല സംഘടനകളും യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി യൂണിയനുകളും ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്. വരുന്ന 24ന് യുണൈറ്റഡ് സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് വീണ്ടും നടത്തുന്നുണ്ട്.
രാമദാസിന്റെ സസ്പെൻഷനും കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ സമീപനം എങ്ങനെയായിരുന്നു?
സസ്പെൻഷൻ വന്ന സമയത്ത് മലയാള മാധ്യമങ്ങൾ വാർത്ത കൊടുത്തിരുന്നു, ഇപ്പോൾ അധികമൊന്നും കാണാനില്ല. പക്ഷേ നെഗറ്റീവ് രീതിയിലാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം നല്ല രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പല സ്ഥാപനത്തിലും ആ റിപ്പോർട്ടേഴ്സ് അല്ല ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിധി വരുന്നതിന്റെ തലേന്ന് വരെ നമ്മുടെ സുഹൃത്തുക്കളോട് ഈ വിഷയത്തെ പറ്റി അന്വേഷിച്ചവരുണ്ട്. വിധി വന്ന് നിമിഷങ്ങൾക്കകം വാർത്തകൾ വരുന്നു. എല്ലാം പുതിയ ആളുകളാണ് ചെയ്യുന്നത്. രണ്ട് പ്രമുഖ നാഷണൽ മീഡിയകളിൽ നിന്നും വാർത്തകൾ തയ്യാറാക്കിയെന്ന് എന്നെ വിളിച്ച് പറയുകയും, എങ്ങനെയാണ് എന്റെ പ്രസ്താവനകൾ അതിൽ കൊടുക്കുന്നതെന്ന് വായിച്ച് കേൾപ്പിക്കുകയും അതിന്റെ കോപ്പി കാണിക്കുകയും ചെയ്തിട്ട് പിന്നീട് നോക്കിയപ്പോൾ അവരുടെ റിപ്പോർട്ട് അല്ല ആ മീഡിയ പ്രസിദ്ധീകരിക്കുന്നത്. മാധ്യമങ്ങൾക്ക് നമ്മുടെ ഭാഗം അറിയേണ്ട ആവശ്യമില്ല. അഭിമുഖം വരെ എടുത്തിരുന്നു. ആദ്യത്തെ മൂന്ന് ദിവസവും എന്റെ വെർഷൻ ഒരു മാധ്യമത്തിലും വന്നിരുന്നില്ല. പിന്നീട് ‘ദി വയറി’ലാണ് ആദ്യമായി ഒരു റിപ്പോർട്ട് വരുന്നത്.
NEP എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്നത് എന്ന് വിശദമാക്കാമോ?
NEP ജനാധിപത്യ വിരുദ്ധമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. ആരാണ് ഇതിലൊക്കെ തീരുമാനങ്ങൾ എടുക്കുന്നത്? ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും താഴെതട്ടിൽ നിന്നും ചർച്ചകൾ നടത്തിയത് എനിക്കോർമ്മയുണ്ട്. അന്ന് നാട്ടിലെ ചര്‍ച്ചയില്‍ വിദ്യാർത്ഥി പ്രതിനിധിയായി ഞാനും പങ്കെടുത്തിട്ടുണ്ട്. അതൊരു ജനാധിപത്യപരമായ കാര്യമാണ്. NEPയുടെ കാര്യത്തിൽ അങ്ങനെ ഒരു ചർച്ചകളും നടന്നിട്ടില്ല. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ പാസാക്കപ്പെട്ട പോളിസിയാണ് NEP. ചർച്ച ചെയ്യാൻ വിട്ടാൽ ആരെങ്കിലും വിമർശിച്ച് അത് ജനങ്ങൾ അറിഞ്ഞാലോ എന്നുള്ള ഭയമാണ്. അതുകൊണ്ട് തന്നെ കോവിഡ് സമയത്താണ് ഇത് പാസാക്കിയെടുക്കുന്നത്. മറ്റൊന്ന്, അടിസ്ഥാനപരമായി NEP വിദ്യാഭ്യാസ കച്ചവടത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ്. നിങ്ങൾ പെട്ടെന്ന് പഠിച്ച്, പെട്ടെന്ന് പുറത്ത് പോവൂ എന്നാണ് NEP പറയുന്നത്. കോഴ്സ് പൂർത്തിയാക്കിയില്ലെങ്കിലും സർട്ടിഫിക്കറ്റ് കിട്ടും എന്നാണ് പല കോഴ്സുകളും പറയുന്നത്. അങ്ങനെയാണ് ഇതിന്റെ ഘടന നിലനിൽക്കുന്നത്. ആരായിരിക്കും കോഴ്സുകളിൽ നിന്നും ഡ്രോപ്പ് ഔട്ട് ആയിപോവുക? സ്വാഭാവികമായും അത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരായിരിക്കും. അതായത് അരികുവത്കരിക്കപ്പെട്ട വിദ്യാർത്ഥികളെ അവിടെ തന്നെ നിർത്താൻ NEP വ്യവസ്ഥാപിതമായി ഉപകരിക്കും എന്നുള്ളതാണ്. വാജ്പേയി ഗവണ്മെന്റിന്റെ കാലത്ത് തയ്യാറാക്കിയ ബിർല- അംബാനി കമ്മിറ്റി റിപ്പോർട്ട് ആണ് NEPയുടെ അടിസ്ഥാനമെന്ന് പറയുന്നത്. ഇവർ മാത്രമാണോ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത്? വിദ്യാർത്ഥികളുണ്ട്, ഗവേഷകരുണ്ട്, അധ്യാപകരുണ്ട്, അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുണ്ട്, രാഷ്ട്രീയക്കാരുണ്ട് ഇവരാരും തന്നെ ഇതിന്റെ ഭാഗമാവുന്നില്ല.
മറ്റൊരു കാര്യം സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതിലേക്കാണ് ഇതെത്തുന്നത്. മഹാരാഷ്ട്രയിൽ മാത്രം 15000 സ്കൂളുകളും കർണാടകയിൽ 30000 സ്കൂളുകളും പൂട്ടുന്നു എന്നാണ് കേൾക്കുന്നത്. ഒരു പ്രദേശത്ത് ക്വാളിറ്റി എജ്യൂക്കേഷൻ ഉണ്ടാക്കുന്നതിന് വേണ്ടി ഒരു സ്കൂൾ നിർമ്മിക്കുന്നു, അതുകൊണ്ട് ബാക്കിയെല്ലാം അടച്ചുപൂട്ടുന്നു എന്നതാണ് അവസ്ഥ. രാജ്യത്ത് സ്കൂളുകളുടെ എണ്ണം വളരെ പ്രധാനമാണ്. 20-30 കിലോമീറ്റർ യാത്ര ചെയ്ത് നിങ്ങളുടെ സ്കൂളിലെത്തൂ എന്ന സ്ഥിതി ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉണ്ടായികൊണ്ടിരിക്കുകയാണ്. മാത്രമല്ല കോഴ്സുകളിൽ എക്സിറ്റ് പോയിന്റുകൾ വെക്കുന്നു. ഏത് വർഷം വേണമെങ്കിലും നിർത്തിപോവാം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ ലോ സ്കിൽഡ് ആയിട്ടുള്ള ആളുകളെ നിർമ്മിച്ചെടുക്കുകയാണ് NEP ചെയ്യുന്നത്. പിന്നെ സംവരണം പോലുള്ള കാര്യങ്ങളെ പറ്റി NEPയിൽ പറയുന്നേയില്ല. സിലബസുകൾ വർഗീയവത്കരിക്കുന്നത് നമ്മൾ കാണുന്നുണ്ട്. അതിനെ ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്യുകയാണ് NEPയിലൂടെ. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണവും വർഗീയവത്കരണവുമാണ് NEP.
TISS പോലെയുള്ള സ്ഥാപനത്തിലും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും എങ്ങനെയാണ് ജാതീയത പ്രവർത്തിക്കുന്നത്?
ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പറയുമ്പോൾ നമ്മൾ അഡ്മിഷൻ തൊട്ട് തുടങ്ങേണ്ടതുണ്ട്. ഇന്ത്യയുടെ ജനസംഖ്യയുടെ 79 ശതമാനം എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളാണ്. എന്നാൽ അവരുടെ പ്രാതിനിധ്യം എത്രയാണ്? അഡ്മിഷന്റെ എണ്ണം കൂടിയെങ്കിലും ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ മാറ്റങ്ങൾ വരുന്നില്ല. അഡ്മിഷൻ എടുത്താലും നിങ്ങൾക്ക് അവിടെ തുടരാൻ സാധിക്കില്ല. സപ്പോർട്ടും സൗകര്യങ്ങളും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും കിട്ടിയാൽ മാത്രമേ തുടരാൻ കഴിയൂ. എന്റെ തന്നെ യൂണിവേഴ്സിറ്റിയുടെ കാര്യമെടുത്താൽ എസ്.സി/എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കുറേ കാലത്തിന് ശേഷം 2017- 18 കാലഘട്ടത്തിൽ ഇവിടെയൊരു വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു, എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട്. അഡ്മിഷൻ എടുക്കുമ്പോൾ യൂണിവേഴ്സിറ്റി പറയുന്നത് ‘നിങ്ങൾ ആദ്യം പണമടക്കൂ, നിങ്ങൾക്കത് പിന്നീട് തിരിച്ചുകിട്ടുമല്ലോ’ എന്നാണ്. എത്ര പേർക്ക് ഈ പണം മുഴുവനായി അടയ്ക്കാൻ കഴിയും? ഭീമമായ ഫീസാണ് ഇവിടെയുള്ളത്. അത് കൊടുക്കണമെന്ന് പറഞ്ഞാൽ എന്നെകൊണ്ട് സാധിക്കില്ല. യൂണിവേഴ്സിറ്റിക്ക് കിട്ടാൻ വൈകും എന്നതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ ആദ്യം പണമടയ്ക്കാൻ നിർബന്ധിതരാവുന്നു. മൂന്നാല് മാസം നീണ്ടുനിന്ന സമരമായിരുന്നു. അതുകഴിഞ്ഞ് അടുത്ത വർഷത്തെ അഡ്മിഷൻ നോക്കുമ്പോൾ എസ്.സി/എസ്.ടി പ്രാതിനിധ്യം 75 ശതമാനമായി ഉയരുകയാണ് ചെയ്തത്. അതിന് മുൻപുള്ള വർഷം 46 ശതമാനം മാത്രമേ ഉണ്ടായിരുന്നുളളൂ.
ഇന്ത്യൻ സർവകലാശാലകളിൽ എസ്.സി/ എസ്.ടി അധ്യാപക തസ്തികകൾ പോലും ഒഴിഞ്ഞുകിടക്കുകയാണ്. എസ്.സി ക്യാറ്റഗറി പിന്നെയും ഉണ്ടെന്ന് പറയാം. എസ്.ടി തീരെയില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി പ്രവർത്തിക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്തുകൊണ്ടാണ്. ജാതി വെറിയനായ ഒരു വ്യക്തി നടത്തി തീർക്കുന്ന ഒരു കാര്യമല്ല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയത. കുറച്ച് കൂടി വിശാലമായി അതിനെ ഇവിടെ കാണേണ്ടതുണ്ട്.


PSF ന്റെ രൂപീകരണവും അതേ തുടർന്നുള്ള സംഭവവികാസങ്ങളും വിശദമാക്കാമോ?
2012 ലാണ് PSF രൂപീകരിക്കുന്നത്. തുടക്കത്തിൽ സ്റ്റഡി സർക്കിൾ എന്നുള്ള സ്വഭാവത്തിലായിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ ഓരോ വിഷയങ്ങൾ ഏറ്റെടുത്ത് ഇടപെടുക എന്നുള്ള രീതിയിലായി. അങ്ങനെയാണ് വിദ്യാർത്ഥി സംഘടനയായി മാറുന്നത്. ആഴത്തിലുള്ള സോഷ്യൽ സയൻസ് ചർച്ചകളാണ് ഇവിടുത്തെ അക്കാദമിക് ആക്റ്റിവിറ്റി. CAA വിരുദ്ധ സമരം നടക്കുന്ന കാലത്ത് TISS ആയിരുന്നു മുംബൈയിലെ പ്രധാന കേന്ദ്രം. അന്ന് ഞാൻ PSF ന്റെ ജനറൽ സെക്രട്ടറിയായിരുന്നു. PSFന്റെ അംഗങ്ങൾ യൂണിയനിൽ മത്സരിക്കാറുണ്ട്. അംബേദ്കർ സ്റ്റുഡന്റ്സ് അസ്സോസിയേഷനും (ASA), പി.എസ്.എഫുമാണ് ഇവിടുത്തെ പ്രധാന വിദ്യാർത്ഥി സംഘടനകൾ. ഇപ്പോൾ ABVP യുമുണ്ട്. മറ്റുള്ള കാര്യങ്ങളിൽ വിയോജിപ്പുകൾ നിലനിർത്തികൊണ്ട് തന്നെ ASA- PSF ഒരുമിച്ച് പ്രവർത്തിക്കാറുണ്ട്. അന്നത്തെ യൂണിയനും മിക്സ്ഡ് ആയിരുന്നു. കേന്ദ്ര സർക്കാർ കുറേ കഴിഞ്ഞാണ് TISS ഏറ്റെടുക്കുന്നത്.
മറ്റ് യൂണിവേഴ്സിറ്റികൾ നേരത്തെ തുറന്നെങ്കിലും കോവിഡ് കാരണം ഞങ്ങളുടെ ക്യാംപസ് രണ്ട് വർഷം അടച്ചിട്ടിരുന്നു. ആ സമയത്ത്, ക്യാംപസ് തുറന്ന് കിട്ടാൻ വേണ്ടിയും ഡിജിറ്റൽ ഡിവൈഡിനെതിരെയും ഓൺലൈൻ ആയി സമരം ചെയ്യുക എന്നുള്ള രീതി ഞങ്ങൾ അവലംബിച്ചിരുന്നു. അത് ഒരു പുതിയ രീതിയായിരുന്നു. അങ്ങനെയാണ് യൂണിവേഴ്സിറ്റി തുറന്നത് തന്നെ. എല്ലാ യൂണിവേഴ്സിറ്റികളിലും അങ്ങനെ തന്നെയായിരിക്കണം എന്നില്ല. രീതികൾ മാറാം, എന്തായാലും ഇവിടെ അത് വിജയവുമായിരുന്നു. കൂടാതെ ലൈബ്രറി വൈകുന്നേരമാവുമ്പോൾ അടച്ചിടുന്നതിനെതിരെയും സമരം ചെയ്തിരുന്നു. ഞാനിവിടെ എം.എക്ക് പഠിക്കാൻ വരുമ്പോൾ, ഓർമ്മ ശരിയാണെങ്കിൽ എന്റെ ക്ലാസിൽ എന്നെ കൂടാതെ ഒരാൾക്ക് മാത്രമേ സ്വന്തമായി ലാപ്ടോപ് ഇല്ലാതിരുന്നുള്ളൂ. ദിവസവും ഒരുപാട് വായിക്കാനും ഉണ്ടായിരുന്ന ഞങ്ങൾക്ക് ലൈബ്രറി മാത്രമായിരുന്നു ആശയം, അവിടെയുള്ള പൊതുവായ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാം. ഇതൊക്കെ വൈകുന്നേരമാവുമ്പോൾ അടച്ച് കഴിഞ്ഞാൽ ആരാണ് അവിടെ പുറന്തള്ളപ്പെട്ട് പോകുന്നത്? സാധാരണക്കാരായ വിദ്യാർത്ഥികളാണ്. ആ വിഷയത്തെ കൃത്യമായി അഡ്രസ്സ് ചെയ്തത് PSF ആണ്. വാശിയിൽ നിരന്തരം ലൈബ്രറിയിൽ കയറിയിരുന്ന് പഠിച്ചാണ് അത് മുഴുവൻ സമയവും തുറന്നുകിട്ടിയത്. ക്യാമ്പസിലെ കർഫ്യൂവിന്റെ കാര്യത്തിൽ വന്ന മാറ്റവും അങ്ങനെ തന്നെയാണ്. ഭീമമായ ഫീസിനേതിരെ, അതിന്റെ ഭീകരമായ നടപ്പാക്കലിനെതിരെ, എപ്പോഴും വിദ്യാർത്ഥി പക്ഷത്ത് നിന്ന് പ്രതിരോധിക്കുന്നതും ആവശ്യങ്ങൾ നേടി എടുക്കുന്നതും പി.എസ്.എഫ് ആണ്.
കഴിഞ്ഞ ഓഗസ്റ്റിൽ PSFനെ നിരോധിക്കുകയുണ്ടായി. യൂണിവേഴ്സിറ്റിക്ക് യു.ജി.സി ഗൈഡ് ലൈൻ പ്രകാരം റെക്കഗനൈസ് ചെയ്യാനോ ഡീറെക്കഗനൈസ് ചെയ്യാനോ മാത്രമേ കഴിയൂ. എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിച്ച് പോകുന്ന ഒരു സംഘടനയാണ് PSF. അങ്ങനെയുള്ളപ്പോൾ നിരോധിക്കാൻ ഒരു യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടോ? ഇനി വേണമെങ്കിൽ തന്നെ അത് ഭരണകൂടമാണ് ചെയ്യേണ്ടത്, ഇവിടെ യൂണിവേഴ്സിറ്റി തന്നെ സ്റ്റേറ്റ് ആയി മാറുകയാണ്. ഇത്രയും ഭീകരമായ ഒരു കാര്യം ഇന്ത്യയിലെ ഒരു വിദ്യാർത്ഥി സംഘടനയും നേരിട്ടതായി അറിവില്ല. ഒരു സോഷ്യൽ ബോയ്കോട്ടിനാണ് യൂണിവേഴ്സിറ്റി ഔദ്യോഗികമായി ആവശ്യപെട്ടത്. PSF ന്റെ ഏതെങ്കിലും മെമ്പർമാരോ മറ്റോ നിങ്ങളുടെ അടുത്ത് എന്തെങ്കിലും കാര്യത്തിന് സമീപിച്ചാൽ സഹകരിക്കരുത്, സഹകരിച്ചാൽ നിങ്ങൾക്കെതിരെ നടപടിയെടുക്കും എന്നാണ് പറഞ്ഞത്. പക്ഷേ, വിദ്യാർത്ഥികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നിരോധനം ഒരു മാസം പോലും തുടരാൻ സാധിക്കാതെ പിൻവലിക്കേണ്ടി വന്നു. PSF ന്റെ മെമ്പർഷിപ്പ് ഇപ്പോൾ ഇരട്ടിയായി. TISSന്റെ മറ്റ് ക്യാമ്പസുകളിലും യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്.
115ഓളം അധ്യാപകരെയും സ്റ്റാഫിനെയും മുൻപ് പിരിച്ചുവിട്ടിരുന്നു. 48 മണിക്കൂർ കൊണ്ട് പിരിഞ്ഞുപോവണം എന്നാണ് അവരോട് ആവശ്യപ്പെട്ടത്. അത് PSF ആണ് പുറത്തുകൊണ്ടുവന്ന് വലിയ വിഷയമാക്കി മാറ്റിയത്. അധ്യാപകരുടെ വിഷയം വിദ്യാർത്ഥികളുടേത് കൂടിയായാണ് ഞങ്ങൾ കണ്ടത്. ഒരേ സമയം പല ഭാഷകളിൽ PSF അഡ്മിഷനുമായി ബന്ധപ്പെട്ട് സഹായങ്ങൾ ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റി ആകെ രണ്ട് ഭാഷകളിൽ മാത്രമാണ് അത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ PSF ഒരു പൊളിറ്റിക്കൽ ആക്ട് കൂടിയായാണ് അതിനെ കാണുന്നത്. അത്തരത്തിൽ എല്ലാ വിദ്യാർത്ഥികളുടെയും പുരോഗതിക്ക് വേണ്ടിയാണ് PSF പ്രവർത്തിക്കുന്നത്. ഇത് സ്വകാര്യ/കൽപ്പിത സർവകലാശാലകളിലെ പുരോഗമന വിദ്യാർത്ഥി മുന്നേറ്റത്തിന്റെ വിജയകരമായ പരീക്ഷണമാണ്.
ഇത്തരമൊരു നടപടിക്ക് ശേഷം താങ്കളുടെ വിദ്യാർത്ഥി ജീവിതം എങ്ങനെയാണ് മാറ്റിമറിക്കപ്പെട്ടത്?
ഞാനിപ്പോൾ മഹാരാഷ്ട്രയിൽ തന്നെയാണുള്ളത്, മാസത്തിൽ മുന്നോ നാലോ തവണ കോടതിയിൽ പോകേണ്ടതുകൊണ്ട് നാട്ടിൽ പോയി തിരിച്ചുവരാനുള്ള ഒരു അവസ്ഥയിലല്ല. സംഘടനയുടെയും ബാക്കിയുള്ള സുഹൃത്തുക്കളുടെയും മറ്റും സഹായത്തിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഒരു വ്യക്തിയുടെ പ്രശ്നമായി നോക്കുമ്പോൾ തീർച്ചയായും ഇതുപോലെയുള്ള ബുദ്ധിമുട്ടുകളുണ്ട്. പബ്ലിക്കിന് മുന്നിലേക്ക് ‘ഇയാൾ ദേശ വിരുദ്ധനാണ്’ എന്ന് പറഞ്ഞ് സൈബർ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കുകയാണ് സ്ഥാപനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരമൊരു ഭീഷണയോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. ഗവേഷണത്തിന്റെ കാര്യത്തിലും വളരെ ബുദ്ധിമുട്ടുണ്ട്. ഫീൾഡ് വർക്കിന് സ്ഥാപനത്തിന്റെ അനുമതി കിട്ടാതെ പോവാൻ കഴിയില്ല. ഫെലോഷിപ്പ് കോടതി അതിനിടയിൽ പുതുക്കി തന്നിരുന്നു. പക്ഷേ എല്ലാം ഫൈനൽ ജഡജ്മെന്റിനെ ആശ്രയിച്ചിരിക്കും. ബി.ജെ.പി വിമർശനം നടത്തുന്നവർ ഫെലോഷിപ്പിന് അർഹരല്ലെന്ന നിലപാട് എടുക്കുന്ന സർവകലാശാലയും സർക്കാരുമാണല്ലോ ഉള്ളത്. മിക്കവാറും ഫെലോഷിപ്പ് പണമൊക്കെ തിരിച്ചടിക്കാൻ ആവശ്യപ്പെടും. അല്ലെങ്കിലേ നമ്മൾ കടത്തിലാണ്. ഫെലോഷിപ്പ് കിട്ടുമ്പോഴാണ് അതൊക്കെ വീട്ടുന്നത്. ഇത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്, ഏറ്റവും പ്രധാനം അക്കാദമിക് ജീവിതത്തിന്റെ ഭാവി എന്താവും എന്നുള്ളത് തന്നെയാണ്. ആശങ്കയോടെയാണ് ഞാൻ അതിനെ നോക്കികാണുന്നത്. എന്നിരുന്നാലും സംഘപരിവാർ തലകുനിക്കാൻ പറയുമ്പോൾ നിലത്തിഴയാൻ നമ്മുക്ക് കഴിയില്ലല്ലോ. നമ്മൾ ഇപ്പോൾ വിട്ടുകൊടുത്താൽ ഒരാളെ മത്രമല്ല, ഒരുപാട് വിദ്യാർത്ഥികളെ നാളെ ഇത് ബാധിക്കും. എന്തായാലും സുപ്രീംകോടതിയിൽ പോകാൻ തന്നെയാണ് തീരുമാനം.