എന്തുകൊണ്ട് ടെലഗ്രാം മാത്രം?

ടെലഗ്രാം എന്ന മെസേജിംഗ് ആപ്ലിക്കേഷൻ സ്ഥാപകൻ പവൽ ദുറോവ് കഴിഞ്ഞയാഴ്ച ഫ്രാൻസിൽ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങൾ ലോകമെങ്ങും സജീവമായിരിക്കുകയാണ്. ടെലഗ്രാമിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിനിടെയാണ് ഫ്രഞ്ച് അധികൃതർ പാവേൽ ദുറോവിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് അറസ്റ്റ്. ടെലഗ്രാം വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് അറിഞ്ഞിട്ടും ഇവ തടയാൻ നടപടി സ്വീകരിച്ചില്ലെന്നതാണ് പവൽ ദുറോവിനെതിരെ ഉന്നയിക്കുന്ന കുറ്റം. എന്നാൽ ടെല​ഗ്രാമിനെതിരെ ഉന്നയിക്കപ്പെടുന്ന ഈ പരാതികൾ മെറ്റ (വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം,ഫേയ്സ് ബുക്ക്, മെസഞ്ചർ) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിലേറെ നടന്നിട്ടും എന്തുകൊണ്ടാണ് ടെല​ഗ്രാമിനെ മാത്രം ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ വ്യാപകമാകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു പ്ലാറ്റ്ഫോമിൽ വരുന്ന എല്ലാ ഉള്ളടക്കത്തിനും അതിൻ്റെ ഉടമ ഉത്തരം പറഞ്ഞേ തീരൂ എന്നാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മെറ്റ മേധാവി മാർക്ക് സക്കർബർഗ് അല്ലേ എന്ന ചോദ്യമാണ് അഭിപ്രായസ്വാതന്ത്ര്യപ്പോരാളികൾ ഉയർത്തുന്നത്. ഭീകരവാദം, മയക്കുമരുന്ന്, ബാല രതിചിത്ര വ്യാപാരം തുടങ്ങിയവ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. യൂട്യൂബിൻ്റെ കാര്യവും വ്യത്യസ്തമല്ല. പിന്നെന്തുകൊണ്ടാണ് ദുറോവിന് മാത്രം നിയമനടപടി നേരിടേണ്ടി വരുന്നത്?

പവൽ ദുറോവ്

ആരാണ് പവൽ ദുറോവ് ?

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ച ദുറോവ് ‘റഷ്യൻ സക്കർബർഗ്’ എന്നാണ് അറിയപ്പെടുന്നത്. തന്റെ നാൽപ്പത് വയസ്സിനിടക്ക് ടെലി​ഗ്രാം എന്ന മൾട്ടി ബില്യൺ ഡോളർ ബിസിനസാണ് അദ്ദേഹം പടുത്തുയർത്തിയത്. ആ​ഗോളതലത്തിൽ നിലവിൽ 900 മില്യൺ ഉപയോക്താക്കളാണ് ടെലി​ഗ്രാമിനുള്ളത്. ദുറോവിന്റെ ആസ്തി 15.5 ബില്യൺ ഡോളറാണെന്ന് ഫോബ്സ് മാ​ഗസിൻ വിലയിരുത്തുന്നു. ആളുകൾക്ക് തങ്ങളുടെ സ്വാതന്ത്ര്യം പ്രകടമാക്കാൻ ഉതകുന്ന ഒരു പ്ലാറ്റ്ഫോം എന്ന ലക്ഷ്യത്തിലാണ് താൻ ടെലി​ഗ്രാം സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ 20ാം വയസ്സിൽ റഷ്യൻ ഭാഷയിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന ‘VKontakte’ എന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോമാണ് അദ്ദേഹം ആദ്യമായി സ്ഥാപിച്ചത്. ഒരു കാലത്ത് ഫെയ്‌സ്ബുക്കിനെ വരെ മറികടന്ന് അത് ഉപയോക്താക്കളെ നേടിയിരുന്നു. പിന്നീട് റഷ്യൻ അധികൃതരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇത് വില്പന നടത്തുകയും, സഹോദരനൊപ്പം ടെല​ഗ്രാം ആരംഭിക്കുകയുമായിരുന്നു. 2014 -ൽ റഷ്യ വിട്ട ദുറോവ് കരീബിയൻ രാജ്യമായ Saint Kitts and Nevi എന്ന രാജ്യത്ത് പൗരത്വം നേടി. പിന്നീട് യു.എ.ഇ പൗരത്വം നേടി ദുബായിൽ താമസമാരംഭിച്ചു.

സന്ദേശങ്ങൾ അയക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുറോവ് ടെലഗ്രാം സ്ഥാപിച്ചത്. ഇത് വളരെപ്പെട്ടെന്ന് ഉപയോക്താക്കളുടെ ശ്രദ്ധ കവർന്നുവെങ്കിലും തീവ്രസ്വഭാവമുള്ള ഉള്ളടക്കത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടു. സ്വാതന്ത്ര്യവാദിയായ ഡ്യൂറോവ് ടെലഗ്രാമിൽ അയക്കപ്പെടുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാൻ ധിക്കാരപൂർവം വിസമ്മതിച്ചു. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന് വലിയ വില കൽപ്പിച്ച അദ്ദേഹം സെൻസർഷിപ്പ് നിരസിക്കുകയും ഉപയോക്താക്കളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുകയും ചെയ്തു. എന്നാൽ വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണി, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ നടക്കുന്നതായുള്ള പരാതി ടെല​ഗ്രാമിനെതിരെ വ്യാപകമായി. 2018ൽ ടെലഗ്രാം നിരോധിക്കാൻ മോസ്‌കോയിലെ കോടതി ഉത്തരവിട്ടു. എന്നാൽ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടെല​ഗ്രാം ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ റഷ്യ ഉപേക്ഷിച്ചു. അതിന്റെ സന്ദേശമയക്കുന്ന സേവനങ്ങൾ റഷ്യൻ സർക്കാരും പ്രതിപക്ഷവും ഉപയോഗിച്ചുപോരുകയും ചെയ്തു. യുക്രൈനിനെതിരായ റഷ്യൻ യുദ്ധത്തിലും ടെലഗ്രാം നിർണായക പങ്കുവഹിക്കുന്നുണ്ട്.

ടെല​ഗ്രാമിന്റെ റഷ്യയിലെ നിരോധനത്തിനെതിരെ നടന്ന പ്രതിഷേധം. കടപ്പാട്:എക്സ്

ടെലഗ്രാമിന്റെ സവിശേഷത

ഒരു ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിംഗ് (തത്സമയം സന്ദേശം അയക്കൽ) സേവനമാണ് ടെലഗ്രാം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, വിൻഡോസ് ഫോൺ, ഉബുണ്ടു ടച്ച് എന്നീ മൊബൈൽ പ്ലാറ്റ്ഫോമിലും വിൻഡോസ്, മാക് ഒഎസ്, ഗ്നു-ലിനക്സ് എന്നീ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ടെലഗ്രാം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, ഡോക്യുമെന്റുകൾ തുടങ്ങി ഏതു തരത്തിലുള്ള ഫയലുകൾ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം. ഐച്ഛികമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും ടെലഗ്രാം നൽകുന്നുണ്ട്. നിലവിൽ ടെലഗ്രാമിന് ലോകമെമ്പാടും 900 ദശലക്ഷം ഉപയോക്താക്കളുണ്ട്. 2021 മുതൽ ടെലഗ്രാം ഉപയോക്താക്കൾ അറുപത്തിമൂന്ന് ശതമാനമായി വർധിച്ചു.155 രാജ്യങ്ങളിലും 66 ഭാഷകളിലുമായി ടെലഗ്രാം ലഭ്യമാണ്. ഉപയോക്താക്കളുടെ കണക്ക് പ്രകാരം ടെലിഗ്രാം എട്ടാമത്തെ ജനപ്രിയ സാമൂഹ്യ മാധ്യമമാണ്. കൗമാരക്കാർക്കും 25 മുതൽ 34 വയസ്സിനിടക്കുള്ള ചെറുപ്പക്കാർക്കുമിടയിൽ ടെലഗ്രാം സജീവമാണ്. ഗ്രൂപ്പുകൾ, ചാനലുകൾ, ബോട്ടുകൾ എന്നിവ പോലുള്ള ഫീച്ചറുകൾക്കൊപ്പം ബിസിനസ് ആവശ്യങ്ങൾക്കും ടെല​ഗ്രാം ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയാണ് ഏറ്റവും കൂടുതൽ ടെലഗ്രാം ഉപയോക്താക്കളുള്ള രാജ്യം. മൊത്തം ടെലഗ്രാം ഉപയോക്താക്കളിൽ 6.66 ശതമാനം ഇന്ത്യൻ ഉപയോക്താക്കളാണ്. ഇന്ത്യയിലെ വലിയ ജനസംഖ്യയും വ്യാപകമായ സ്മാർട്ട്ഫോൺ ഉപയോഗവുമാണ് ഇതിന് പ്രധാന കാരണം. റഷ്യ, ഇന്തോനേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ടെലഗ്രാം ഉപയോക്താക്കൾ കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.

ടെലഗ്രാം അക്കൗണ്ടുകൾ ടെലഫോൺ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു. എസ്.എം.എസ് , ഫോൺ കാൾ എന്നിവയിലൂടെയാണ് ഫോൺ നമ്പർ വെരിഫൈ ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഒരു ഡിവൈസിൽ രണ്ട് വ്യത്യസ്ത നമ്പറുകളിൽ രണ്ട് ടെലഗ്രാം അക്കൗണ്ടുകൾ സാധ്യമാണ്. കൂടാതെ ഉപഭോക്താവിന് തന്റെ ഫോൺ നമ്പർ വ്യക്തമാക്കാതെ തന്നെ മെസ്സേജ് അയക്കാനുള്ള സൗകര്യവും ഉണ്ട്. ടെലഗ്രാം അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും നിർവീര്യമാക്കാവുന്നതാണ്. കൂടാതെ ആറ് മാസത്തോളം ഉപയോഗിക്കാതെകിടക്കുന്ന ടെലഗ്രാം നമ്പറുകൾ തനിയെ ഡിലീറ്റ് ചെയ്യപ്പെടും. ഉപഭോക്താവിന് താൻ അവസാനമായി ഓൺലൈനിൽ വന്ന സമയം എന്ന ഭാഗത്തെ തീയതിയും സമയവും മാറ്റാനുള്ള ഓപ്ഷൻ കൂടി ടെലഗ്രാമിലുണ്ട്.

ടെലഗ്രാമിന്റെ ഡിഫോൾട്ട് മെസ്സേജിങ് സംവിധാനം ക്ലൗഡ് അടിസ്ഥാനത്തിലാണ്. ഉപഭോക്താക്കൾക്ക് ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം മറ്റൊരുപഭോക്താവിന് വ്യക്തിപരമായോ, അല്ലെങ്കിൽ 10,000 അംഗങ്ങൾ വരെ ചേർക്കാനാകുന്ന ഒരു ഗ്രൂപ്പിലോ അയക്കാവുന്നതാണ്. മെസ്സേജുകൾ അയച്ചതിനുശേഷം എപ്പോൾ വേണമെങ്കിലും അവ എഡിറ്റ് ചെയ്യാനോ, ഡിലീറ്റ് ചെയ്യാനോ കഴിയും. ഇത് ഉപഭോക്താവിന് അയച്ച മെസ്സേജിലെ തെറ്റുകൾ തിരുത്താനുള്ള അവസരവും സ്വകാര്യതയും നൽകുന്നു. മെസേജുകൾ അയക്കുന്ന ടെലഗ്രാമിന്റെ എൽ.എൽ.പി സെർവർ എം.ടി.പി പ്രോട്ടോക്കോൾ കൊണ്ട് എൻക്രിപ്റ്റഡായ ഒന്നാണ്. ടെലഗ്രാം പ്രൈവസി പോളിസി അനുസരിച്ച് അയക്കപ്പെടുന്ന എല്ലാ മെസേജുകളും, ഉയർന്ന തലത്തിൽ എൻക്രിപ്റ്റെ‍ഡ് ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രാദേശിക എഞ്ചിനീയർമാർക്കും മറ്റ് നുഴഞ്ഞുകയറ്റക്കാർക്കും എളുപ്പത്തിൽ ഡാറ്റ ലഭ്യമാക്കാൻ സാധിക്കില്ല.

ബോട്ടുകൾ – 2015 ജൂണിന് ടെലഗ്രാം തേർഡ് പാർ‍ട്ടി ഡെവലപ്പേഴ്സിനുവേണ്ടി ഒരു പ്ലാറ്റ്ഫോം പുറത്തിറക്കി, അതിന്റെ പേരാണ് ബോട്ടുകൾ. പ്രോഗ്രാമുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ടെലഗ്രാമിലെ ഓൺലൈൻ അക്കൗണ്ടുകളാണ് ബോട്ടുകൾ. അവയ്ക്ക് മെസേജുകൾ സ്വീകരിച്ച് മറുപടി നൽകാനും, പ്രോഗ്രാമുകളും ആവശ്യം നിറവേറ്റാനും, ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാനുമൊക്കെയുള്ള കഴിവുണ്ട്. ഉപഭോക്താവിന് ഇത് എനേബിൾ ചെയ്യണമെങ്കിൽ ഒരു ചാറ്റ്ബോക്സിൽ ബോട്ടിന്റെ യൂസെർനെയിമും, ചെയ്യേണ്ട പ്രവൃത്തിയും ടൈപ്പ് ചെയ്യണം. അതോടെ ആവശ്യപ്പെടുന്ന വസ്തുതകൾ സ്ക്രീനിൽ തെളിയുന്നു. അത് മറ്റൊരു ചാറ്റിലേക്ക് അയക്കാനും കഴിയുന്നു. കൂടാതെ ഇഷ്ടമുള്ള ഫോർമാറ്റിൽ ആ ഡാറ്റ അയയ്ക്കാവുന്നതാണ്.

ചാനൽ – അനേകം ഉപഭോക്താക്കൾക്ക് ഒരു മെസേജ്ജ് ഒരൊറ്റ നിമിഷത്തിൽ അയക്കാനുതകുന്ന ടെലഗ്രാമിലെ സാധ്യതയാണ് ചാനലുകൾ. ഒരു ചാനലിലേക്ക് കയറുന്ന ഉപഭോക്താവിന് അതുവരെ കൈമാറപ്പെട്ട എല്ലാ ചാറ്റുകളും കാണാൻ സാധിക്കും. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിൽ ചാനലിൽ ചേരാനും, അവിടം വിട്ട് ഒഴിയാനുമുള്ള സംവിധാനമുണ്ട്.

സീക്രട്ട് ചാറ്റുകൾ – ക്ലൈന്റ് ടു ക്ലൈന്റ് എൻക്രിപ്ഷനിലൂടേയും ചാറ്റുകൾ അയക്കാവുന്നതാണ്. ഈ ചാറ്റുകളും എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എം.ടി പ്രോട്ടോകോൾ ഉപയോഗിച്ചാണ്. ടെലഗ്രാമിന്റെ ക്ലൗഡ് മെസ്സേജുകൾ എൻക്രിപ്റ്റ് ചെയ്യപ്പെട്ടതുകൊണ്ടുതന്നെ മെസ്സേജ് അയക്കുന്ന ഡിവൈസിലും, എത്തിച്ചേരേണ്ട ഡിവൈസിലും മാത്രമേ മെസ്സേജ് വായിക്കാനാകൂ. അവ മറ്റു ഡിവൈസുകളാൽ വായിക്കപ്പെടില്ല. ഇങ്ങനെ അയക്കുന്ന മെസ്സേജുകളെ ഡിലീറ്റ് ചെയ്യാനോ നിശ്ചിത സമയത്തിനുള്ളിൽ തനിയെ ഡിലീറ്റ് ആക്കാവുന്ന തരത്തിലേക്ക് മാറ്റാൻ കഴിയും.

ക്ലൈന്റ് ആപ്പുകൾ – ടെലഗ്രാമിന് കുറേയധികം ക്ലൈന്റ് ആപ്പുകളുണ്ട്. ഇത് ഒഫിഷ്യൻ ടെലഗ്രാം എൽ.എൽ.പി നിർമ്മിച്ച വേർഷനുകളും അൺഒഫീഷ്യലായി നിർമ്മിച്ചവയും ഉണ്ട്. ഇങ്ങനെ രണ്ട് രീതിയിലും നിർമ്മിച്ചിരിക്കുന്ന ക്ലൈന്റുകളുടെ കോ‍ഡ് ഓപ്പൺ സോഴ്‍സാണ്, ആർക്കും തുറന്ന് മാറ്റങ്ങൾ വരുത്താവുന്ന ഒന്ന്.

എ.പി.ഐ – ഡെവലപ്പർമാർക്ക് ടെലഗ്രാമിന്റെ ഒഫീഷ്യൽ ആപ്ലിക്കേഷന്റെ പ്രവർത്തനം പോലെ തന്നെ പുതിയത് നിർമ്മിക്കാൻ സഹായിക്കുന്ന തുറന്ന എ.പി.ഐകൾ ടെലഗ്രാമിനുണ്ട്. ഡെവലപ്പേഴ്സിന് ബോട്ടുകളുണ്ടാക്കാൻ സഹായിക്കുന്ന എ.പി.ഐ യും ടെലഗ്രാമിന് ഉണ്ട്. അവ പ്രോഗ്രാമുകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. 2016 ഫെബ്രുവരിയിൽ ഫോർബ്‌സ് ഒരു എ.ഐ സമാനമായ ബോട്ട് പുറത്തിറക്കി. ഇത് പുതിയ വാർത്തകളെ തനിയെ വിശകലനം ചെയ്യുകയും കാണിച്ച് തരികയും മറുപടികൾ പറയുകയും ചെയ്യുന്ന ബോട്ടായിരുന്നു.

ഇത്രയധികം പ്രത്യേകതകൾ ഉണ്ടാകുമ്പോഴും ക്രിപ്റ്റോഗ്രാഫി വിദഗ്ധർ ടെലഗ്രാമിന്റെ എൻക്രിപ്ഷൻ സുരക്ഷയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം ടെലഗ്രാമിന്റെ എൻക്രിപ്ഷനിൽ ഹോം-ബ്രീവഡ് ആന്റ് അൺപ്രൂവൻ ക്രിപ്റ്റോഗ്രാഫി ഉപയോഗിക്കുന്നത് അതിന്റെ സുരക്ഷയെ ബലഹീനമാക്കുകയും, ബഗ്ഗുകളുടെ സാധ്യതകൾ അധികരിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ ടെലഗ്രാമിന്റെ പ്രവർത്തകർക്ക് ക്രിപ്റ്റോഗ്രാഫിയിൽ വേണ്ട വൈദഗ്ധ്യം ഇല്ലെന്നും അവർ അവകാശപ്പെടുന്നു. ടെലഗ്രാം വാട്സ്ആപ്പിനേയും, ലൈനിനേയും അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണെന്ന് അഭിപ്രായത്തോടും അവർ യോജിക്കുന്നില്ല. കാരണം വാട്സ്ആപ് എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ ആണ് ഉപയോഗിക്കുന്നത്. പക്ഷേ ടെലഗ്രാം ഇത് ഉപയോഗിക്കുമ്പോഴും, അവർ ഉപഭോക്താക്കളുടെ ഡാറ്റകളെല്ലാം ക്ലൗഡിൽ സൂക്ഷിക്കുന്നത് അപകടമാണ്. 2016 ജൂലൈയിൽ ലൈനും എൻഡ് ടു എൻഡ് എൻക്രിപ്ഷനിലേക്ക് മാറി. 2016 ഏപ്രിലിൽ റഷ്യയിലെ ചില ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യുമ്പോഴുള്ള എസ്.എം.എസ് വേരിഫിക്കേഷൻ ഹൈജാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുണ്ടായി. അതിന് പരിഹാരമായി ടെലഗ്രാം ടു-ഫാക്ടർ ഒതന്റിഫിക്കേഷൻ ഏനേബിൾ ആക്കാൻ നിർദ്ദേശിച്ചു.

representational image

കടുത്ത സ്വകാര്യത

ടെലഗ്രാമിൻ്റെ സ്വകാര്യതാ സവിശേഷതകൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ടെലഗ്രാം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് രഹസ്യ ചാറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ എന്നുറപ്പ് വരുത്തുന്നു. ഫേയ്സ്ബുക്കിൽ സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫേയ്സ്ബുക്കിന് തന്നെ അത് ആക്സസ് ചെയ്യാൻ സാധിക്കും. വാട്സ്ആപ്പിൽ, സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ്ട് ആക്‌സസ് ചെയ്യാനാവും. ഒരു വാട്സാപ്പ് ഗ്രൂപ്പിൽ 1024 അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്താനാവൂ എങ്കിൽ ടെലെഗ്രാമിൽ അത് രണ്ടുലക്ഷമാണ്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം കക്ഷികളുമായി ഉപയോക്തൃ ഡാറ്റ പങ്കിടില്ലെന്ന് ടെലിഗ്രാം ശക്തമായി അവകാശപ്പെടുന്നു. സെറ്റ് ടൈമറുകൾ ഉപയോഗിച്ച് ഒരു നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ അപ്രത്യക്ഷമാകുമെന്ന് ഉറപ്പാക്കുകായും യഥാർത്ഥ സന്ദേശം അയച്ചയാളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താതെ സന്ദേശങ്ങൾ കൈമാറാൻ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യുന്നു. ആർക്കും പിടികൊടുക്കാത്ത ഈ സ്വകാര്യതയാണ് ക്രിമിനലുകളുടെയും ഇഷ്ടസ്ഥലമാക്കി ടെലഗ്രാമിനെ മാറ്റിയത്. പക്ഷേ, ഈ സുരക്ഷിതത്വം ഏകാധിപത്യ സർക്കാരുകൾക്കെതിരായ പ്രതിഷേധ സമരങ്ങൾക്ക് ചാലകശക്തിയായി പ്രവർത്തിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇറാനും ഹോങ്കോങും പോലുള്ള സ്ഥലങ്ങളിൽ. റഷ്യ- യുക്രൈൻ യുദ്ധം, ഗാസയിലെ ഇസ്രായേൽ അധിനിവേശം തുടങ്ങിയ പ്രശ്‌നങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ കാണാത്ത പലതും പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നത് ഈ ആപ്പാണ്. പക്ഷേ, ഇതിൻ്റെ ഒരു മറുവശം ഭീകരവാദ പ്രവർത്തനങ്ങൾക്കും ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നതാണ്.

representational image

ടെലഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ

സുരക്ഷാ പ്രശ്നങ്ങളും സ്വകാര്യത സംബന്ധിച്ചുള്ള പ്രശ്നങ്ങളും ആപ്പിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഉള്ള പങ്കും കണക്കിലെടുത്ത് പല രാജ്യങ്ങളിലും ടെലഗ്രാമിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ടെലഗ്രാമിന് വിലക്കെർപ്പെടുത്തിയ ചില രാജ്യങ്ങൾ ഇവയാണ്.

ചൈന: ശക്തമായ ഇന്റർനെറ്റ്‌ സെൻസർഷിപ് നിയമങ്ങൾ ഉള്ളത് കൊണ്ട് ടെലിഗ്രാം പൂർണമായും നിരോധിച്ചു.

ഇറാൻ: സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന ധാരണകൊണ്ട് നിരോധിച്ചു.
റഷ്യ: രാജ്യത്തിന്റെ ലോക്കൽ ഡാറ്റാ – ഷെയറിങ് നിയമങ്ങളുമായി ഒത്തുപോകാത്തതിനാൽ 2018 മുതൽ 2020 വരെ താൽകാലികമായി നിരോധിച്ചു.
ബ്രസീൽ: കോടതി ഉത്തരവിന് എതിരായി പ്രവർത്തിച്ചതിനും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും താത്കാലികമായ നിരോധനം ഏർപ്പെടുത്തി.
ഇന്തോനേഷ്യ: തീവ്രവാദ സംഘടനകൾ ആപ്പ് ഉപയോഗിക്കുന്നു എന്ന ധാരണയിൽ ആപ്പ് 2017 -ൽ താത്കാലികമായി നിരോധിച്ചിരുന്നു.

ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കുമോ ?

ക്രിമിനൽ പ്രവർത്തനങ്ങൾക്കായി മെസേജിംഗ് ആപ്പായ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തെത്തുടർന്ന് ആപ്പിനെതിരെ ആന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ടെലഗ്രാം വേദിയാവുന്നു എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം തുടങ്ങിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ട് പ്രതികൂലമായാൽ മാത്രമേ കേന്ദ്രസർക്കാർ നിരോധനം പരിഗണിക്കുവെന്നും വാർത്തകൾ പറയുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാം ഉടൻ നിരോധിക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവുംചേർന്നാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണം എന്തുകൊണ്ട് ബുദ്ധിമുട്ടാവുന്നു?

ഇന്ത്യയിലെ ടെലഗ്രാമിന് എതിരായ അന്വേഷണം കുറച്ചധികം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. ടെലഗ്രാമിന്റെ എൻക്രിപ്ഷൻ പോളിസി കാരണം ആപ്പിലൂടെയുള്ള ആശയവിനിമയങ്ങൾ നിരീക്ഷിക്കാൻ അധികാരികൾക്ക് ബുദ്ധിമുട്ട് നേരിടാറുണ്ട്. സീക്രട്ട് ചാറ്റ് സംവിധാനത്തിന് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ആണ് ടെലഗ്രാം ഉപയോഗിക്കുന്നത്. ഇത് ആശയവിനിമയം നടത്തുന്നവർക്കല്ലാതെ മറ്റാർക്കും വായിക്കാൻ കഴിയില്ല. ഇത്രയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നുണ്ടെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇതൊരു പ്രശ്നമായി നിൽക്കുന്നു. ടെലഗ്രാമിന്റെ വികേന്ദ്രീകൃതമായ ഘടന കാരണം ഇതിന് പല നിയന്ത്രണ കേന്ദ്രങ്ങളും ഉണ്ട്. ഇതു കാരണം അധികാരികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ആപ്പിന്റെ സർവറുകൾ പല രാജ്യങ്ങളിലായാണ് നിലനിൽക്കുന്നതെന്നതിനാൽ അധികാരപരിധിപരമായ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും.

ഇന്ത്യയിലെ ടെലഗ്രാമിന് എതിരായ അന്വേഷണത്തെക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്താവനയും ഇതുവരെയും ഇറങ്ങിയിട്ടില്ല. ഇത് ഉപഭോക്താക്കളെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നു. അന്വേഷണത്തിന്റെ ഫലം ടെലഗ്രാമിന്റെ ഇന്ത്യയിലെ ഭാവിയെ ബാധിക്കുമെന്നത് ഉറപ്പാണ്. ഉന്നയിക്കപ്പെടുന്ന വാദങ്ങൾ ശരിയാണെങ്കിൽ ആപ്പിന്റെ നിരോധനം ഏർപ്പെടുത്തും. ഇതുവഴി സുരക്ഷിതമായ ആശയവിനിമയത്തിന് ആപ്പ് ഉപയോഗിക്കുന്ന ലക്ഷകണക്കിന് ഉപഭോക്താക്കളെ ഇത് സാരമായി ബാധിക്കും.

എന്തുകൊണ്ട് ടെലഗ്രാം?

വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ഫേയ്‌സ്ബുക്കുമൊക്കെ അടങ്ങുന്ന ടെക് ലോകത്തെ മുൻനിരക്കാരനാണെങ്കിലും സിലിക്കൺവാലിയുമായി നേരിട്ട്
ബന്ധമൊന്നുമില്ലാത്ത ടെലഗ്രാം ടെക് വമ്പന്മാരടങ്ങുന്ന ‘പവർ ഗ്രൂപ്പി’ൽ അംഗമല്ല. മെറ്റയിൽ സുരക്ഷാകാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രം 40,000 പേരുണ്ടെങ്കിൽ ദൈനംദിന കാര്യങ്ങൾക്കുൾപ്പെടെ ആകെ നൂറോളം പേർ മാത്രമേ ടെലഗ്രാമിൽ ജോലിക്കാരായുള്ളൂ. മെറ്റയും ആൽഫബെറ്റുമൊക്കെ ആഗോള വിപണയുമായി ഇഴചേർന്ന് പ്രവർത്തിക്കുന്നവരാണെങ്കിൽ ടെലഗ്രാമിന് മറ്റ് കമ്പനികൾക്കുള്ളതുപോലെ വലിയ വരുമാനമോ അധികാരകേന്ദ്രങ്ങളുടെ പിന്തുണയോ ഇല്ല. കൊട്ടിഘോഷിച്ച് പറയുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യുന്നതായുള്ള ആരോപണവും ശക്തമാണ്. നേരത്തേ അജ്ഞാതരായി ഇടപെട്ടിരുന്ന ടെലഗ്രാം ഉപയോക്താക്കളെ, പ്രത്യേകിച്ചും ശത്രുരാജ്യത്തോട് കൂറുപുലർത്തുന്നവരെ കണ്ടുപിടിച്ച് റഷ്യ നിയമത്തിനുമുന്നിൽ കൊണ്ടുവന്നത് വലിയ ചർച്ചയായിരുന്നു. ഇന്ത്യക്കുപിന്നിൽ ലോകത്തെ രണ്ടാമത്തെ ടെലഗ്രാം ഉപയോക്താക്കളാണ് റഷ്യ. സർക്കാർ/മിലിട്ടറി രംഗത്ത് റഷ്യ ടെലഗ്രാമിനെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്.

പവൽ ദുറോവിന്റെ അറസ്റ്റിനെ തുടർന്ന് ഫ്രാൻസിൽ നടന്ന പ്രതിഷേധം. കടപ്പാട്:deccan chronicle

ടെലഗ്രാമിലൂടെ നടക്കുന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളെല്ലാം ദുറോവിന്റെ തലയിൽ കെട്ടിവെക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡേവിഡ് ഒലിവിയർ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സാങ്കേതിക നിയമങ്ങൾ അനുശാസിച്ചാണ് ടെലഗ്രാം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാറ്റ്ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്‌ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് ടെലഗ്രാമിൻറെ വാദം.

ടെലഗ്രാമിന്റെ ഭാവി

ടെക് പ്ലാറ്റ്‌ഫോമുകൾ അവരുടെ ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾക്ക് എത്രത്തോളം ഉത്തരവാദികളായിരിക്കണം എന്നതിനെക്കുറിച്ചും ഡിജിറ്റൽ ഇടങ്ങളിൽ സർക്കാർ ഇടപെടലിൻ്റെ അപകടസാധ്യതകളെക്കുറിച്ചും സുപ്രധാന ചോദ്യങ്ങൾ ദുറോവിന്റെ അറസ്റ്റ് ഉയർത്തുന്നുണ്ട്. ഈ കേസ് എങ്ങനെ വികസിക്കുന്നുവെന്നും സാങ്കേതിക നിയന്ത്രണത്തിൻ്റെ ഭാവിയിൽ എന്ത് മാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്നുമറിയാൻ എല്ലാ കണ്ണുകളും ഇനി ഫ്രഞ്ച് കോടതിയിലായിരിക്കും. പവൽ ദുറോവിന്റെ അറസ്റ്റ് സർക്കാർ നിയന്ത്രണത്തോടുള്ള അദ്ദേഹത്തിൻ്റെ ചെറുത്തുനിൽപ്പായി കൂടിയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഈ ഏറ്റവും പുതിയ അധ്യായം അദ്ദേഹത്തിനും അദ്ദേഹം സൃഷ്ടിച്ച പ്ലാറ്റ്‌ഫോമിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 31, 2024 1:30 pm