Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
അന്തരിച്ച ചിന്തകനും എഴുത്തുകാരനുമായ ടി.ജി ജേക്കബിന് ആദരാഞ്ജലികൾ. എൺപതുകളിൽ നക്സലൈറ്റ് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം സിപിഐ (എംഎല്‍) ന്റെ അഖിലേന്ത്യാ സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന’മാസ് ലൈൻ’ എഡിറ്റർ ആയി ദില്ലിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സംഘടനാരംഗത്ത് നിന്നും മാറിയ അദ്ദേഹം എഴുത്തിലും പഠനങ്ങളിലും സജീവമായി. മുതലാളിത്ത സമ്പദ്വ്യവസ്ഥയേയും വികസനഭീകരതയേയും വിമർശിച്ചുകൊണ്ട് നിരവധി പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നവകൊളോണിയല്‍ ചൂഷണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു പഠനം – India: Development and Deprivation: Neocolonial Transformation of the Economy in a Historical Perspective, ഇന്ത്യയിലെ ദേശീയപ്രശ്നം വിശദീകരിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുപ്പതുകളിലെ രേഖകളുടെ രണ്ടു സമാഹാരങ്ങള്‍ – National question in India : CPI documents, 1942-47; War & National Liberation : CPI documents, 1939-1945, ആദിവാസി-ദലിത് രാഷ്ട്രീയ ഉണർവുകളെ വിശദീകരിക്കുന്ന Encountering The Adivasi Question: South Indian Narratives; Reflection On The Caste Question: The Dalit Situation In South India, കേരളത്തിന്റെ കാർഷിക തകർച്ചയെയും ടൂറിസം വികസനത്തിന്റെ പ്രശ്നങ്ങളെയും വിശദമാക്കുന്ന Wayanad, misery in an emerald bowl : Essays on the ongoing crisis in a cash crop economy-Kerala; Tales of tourism from Kovalam, കേരളത്തിന്റെ മദ്യപാനശീലത്തിന്റെ സമ്പദ്ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന മദ്യകേരളം (Alcohol and Kerala), ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന Left to Right: Decline of Communism in India തുടങ്ങിയ നിരവിധി പഠന ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.
നീലഗിരിയിൽ താമസമാക്കിയ അദ്ദേഹം, ഒഡീസി പബ്ലിക്കേഷൻസ് എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യ സ്റ്റഡി സെന്ററിലെ ഗവേഷകനുമായിരുന്നു. മാർക്സിസ്റ്റ് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിൽ ഏറെ അന്വേഷണങ്ങൾ നടത്തിയ ടി.ജി ജേക്കബ് പിൽക്കാലത്ത് ഗാന്ധിയുടെയും ജെ.സി കുമരപ്പയുടെയും സാമ്പത്തികനയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും നെഹ്റുവിയൻ വികസനമാതൃകകളുടെ വിമർശകനായി മാറുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജെ.സി കുമരപ്പയുടെ Back to Basics: A J.C Kumarappa Reader എന്ന പുസ്തകം ഒഡീസി ബുക്സ് പ്രസിദ്ധീകരിക്കുന്നതും ടി.ജി ജേക്കബ് അതിന് ആമുഖം എഴുതുന്നതും. കേരളീയം ആ ആമുഖത്തിന്റെ മലയാളം പരിഭാഷ 2015ൽ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ചിന്തകളെക്കുറിച്ച് ടി.ജിയുമായി ഒരു ദീർഘസംഭാഷണം നടത്താൻ കേരളീയം തയ്യാറെടുത്തിരിക്കെയാണ് ഈ വിയോഗം എന്നത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട്, ടി.ജിയുടെ രാഷ്ട്രീയ ചിന്തകളിലേക്ക് കടന്നുവന്ന പുതിയ അന്വേഷണങ്ങളെ അടയാളപ്പെടുത്തുന്ന ആ ലേഖനം ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു.
“മനുഷ്യവ്യക്തിത്വങ്ങളുടെ ഗുണനിലവാരമാണ് ഉയർത്തിക്കാട്ടേണ്ടതും മെച്ചപ്പെടേണ്ടതും” – ജെ.സി. കുമരപ്പ
ഖേദകരമായ രീതിയിൽ തിരസ്ക്കരിക്കപ്പെട്ട ഒരു കർമ്മോത്സുക പണ്ഡിതനും മൗലിക ചിന്തകനുമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ജെ.സി കുമാരപ്പ. 1947ന് ശേഷമുള്ള രാഷ്ട്രീയ നേതൃത്വം ഒരിക്കലും അദ്ദേഹത്തിന്റെ രചനകൾ സമാഹരി ക്കുവാനോ പ്രവൃത്തികൾ രേഖപ്പെടുത്തുവാനോ ശ്രദ്ധിച്ചിട്ടില്ല എന്നതിൽ നിന്നും ഈ നിരാകരണം ബോധപൂർവ്വം സംഭവിച്ചിച്ചതാണെന്ന് വ്യക്തമാണ്. ന്യൂ ഡൽഹിയിലെ നെഹ്റു സ്മാരക മ്യൂസിയത്തിലെ മാനുസ്ക്രിപ്റ്റ് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള കുമരപ്പാ രേഖകളുടെ സ്ഥിതി അതിദയനീയമാണ്. അവ അടിയന്തരമായി പരിരക്ഷിച്ച് സമാഹൃത കൃതികളായി പുറത്തിറക്കേണ്ടതുണ്ട്.
കുമരപ്പയുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ ഗാന്ധിയുടെയും പ്രസക്തി, ഇന്നത്തെ അന്തർദ്ദേശീയ-ദേശീയ ഭൂമികകളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. സമാധാനത്തയും സ്വയംപര്യാപ്തതയെയും കുറിച്ച് അവർ പറഞ്ഞതും എഴുതിയതുമൊക്കെ പ്രവചനാത്മക സത്യങ്ങളായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. മനുഷ്യവംശത്തിന്റെ അതിജീവനത്തിൽ താത്പര്യം പുലർത്തുന്ന ഒരാൾക്കും അവഗണിക്കാനാകാത്ത ചിന്തകളാണ് ജെ.സി. കുമരപ്പയുടേത്. ആധുനിക മനുഷ്യന് നേരിടേണ്ടിവരുന്ന ഗുരുതരമായ ദുര്യോഗങ്ങളെ വ്യക്തമായി മനസ്സിലാക്കാനും അവയ്ക്ക് കൃത്യമായ പോംവഴികൾ കണ്ടെത്താനും ശ്രമിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം. പുതിയ സർക്കാരിന്റെ ഔദ്യോഗിക നയങ്ങളോടും പരിപാടികളോടുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം കുമരപ്പയുടെ രചനകളെ ജനകീയമാക്കാൻ, 1947ന് ശേഷമുള്ള പുത്തൻ ഭരണാധികാരികൾ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. എന്നിട്ടും, രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ചിന്തകരെ അദ്ദേഹത്തിനു സ്വാധീനിക്കാനായി. അത്തരം വീക്ഷണ ങ്ങളെ നിലനിർത്താനും കാലാനുസൃതമായി പ്രസക്തമാക്കാനുമുള്ള ശ്രമങ്ങളുമുണ്ടായി. കൂടാതെ, ദിനംപ്രതി ഭീഷണിയായിക്കൊണ്ടിരിക്കുന്ന നിരവധി ആനുകാലിക പ്രശ്നങ്ങളെ അദ്ദേഹത്തിന്റെ ദർശനങ്ങളാൽ വിലയിരുത്താനുള്ള ശ്രമങ്ങളും ഏറിവരുകയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വികസനമാതൃക
നെഹ്റുവിയൻ സാമ്പത്തികശാസ്ത്രത്തിന്റെ തീക്ഷ്ണ വിമർശകനായിരുന്നു കുമരപ്പ. കേ ന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപപ്പെട്ടുവന്ന സാമ്പത്തികനയങ്ങൾ, സാമ്രാജ്യത്വശ ക്തികളോടുള്ള വിധേയത്വം വർദ്ധിക്കുന്നതിനും, യഥാർത്ഥ സ്വാതന്ത്ര്യം വിദൂരമാ ക്കുന്നതിനും, സാധാരണക്കാരന്റെ ദുരിതങ്ങൾ അധികരിക്കനും മാത്രമേ ഉതകൂ എന്ന ദ്ദേഹം മനസ്സിലാക്കി. നെഹ്റുവിയൻ സാമ്പത്തികനയം ഊന്നൽ നല്കിയ വ്യാവസായി കോന്മുഖത, കടംകൊണ്ട ഉപദേശകരിലും മൂലധനത്തിലും അത്യാധുനിക സാങ്കേതിക തയിലും അസന്തുലിത അന്താരാഷ്ട്രവ്യാപാരത്തിലും ഊന്നിയുള്ളതായിരുന്നു. ഈ നയം ആത്യന്തികമായി വൈകൃതങ്ങൾക്കും പക്ഷഭേദങ്ങൾക്കും കാരണമാകുമെന്ന് കുമരപ്പ ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നു. ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തിന്റെ നേർ വിപരീതമായിരുന്നു നെഹ്റുവിയൻ മാതൃക. 1947-ന് ശേഷം, സ്വയംപര്യാപതയേയും ഗ്രാമകേന്ദ്രീകൃത വികസന പദ്ധതികളേയും കുറിച്ച് സംസാരിച്ചവരെല്ലാം ഗാന്ധിയുടെ ചിന്തകളെ സൗകര്യപൂർവ്വം തമസ്കരിക്കുകയാണുണ്ടായത്. നെഹ്റു അനുയായികളാൽ ഏറെ തഴയപ്പെട്ട ചിന്തകരിലൊരാളാണ് കുമരപ്പ. കുമരപ്പയുടെ വാക്കുകളിലും വചനങ്ങളിലും ഔദ്യോഗിക താത്പര്യം വന്നു ഭവിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല. വികസനത്തെക്കുറിച്ചുള്ള കുമരപ്പയുടെ വിമർശനങ്ങൾ കേട്ട് സഹികെട്ട് ഒരിക്കൽ നെഹ്റു “ഭ്രാന്തൻ” എന്നുപോലും അദ്ദേഹത്തെ വിളിക്കുകയുണ്ടായി. നെഹ്റു സർക്കാർ സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയങ്ങൾ ജനസാമാന്യത്തിനുമേൽ ദുരിതം വിതയ്ക്കുമെന്നും ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് വൈദേശിക ശക്തികളോട് കൂടുതൽ വിധേയപ്പെടേണ്ടിവരുമെന്നും സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽത്തന്നെ കുമരപ്പ തിരിച്ചറിഞ്ഞിരുന്നു. പിന്നീടുള്ള ദശാബ്ദങ്ങളിൽ ഈ പ്രവചനം രൂഢമൂ
ലമാക്കപ്പെട്ടു എന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു. സാമ്രാജ്യത്വ ശക്തികളോടുള്ള വിധേയത്വം ജനജീവിതത്തിന്റെ ഓരോ ചെറു കണികകളെപ്പോലും കുരുക്കിലാക്കുന്ന സ ങ്കീർണ്ണമായ വലയായി പരിണമിച്ചിരിക്കുന്നു. അന്താരാഷ്ട്ര സാമ്പത്തിക വൃത്തങ്ങളിലെ ചെറിയൊരു ചലനം പോലും ദേശീയ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ പര്യാപ്തമാണ്.
ബ്രിട്ടീഷുകാർ ഇന്ത്യയെ അവരുടെ കോളനിയാക്കുന്ന സമയത്ത് ഇവിടെ, സുസ്ഥിരമായ കൃഷിയും വികസ്വരമായ ഗ്രാമീണ വ്യവസായങ്ങളും കച്ചവട പൈതൃകമവകാശപ്പെടാവുന്ന വാണിജ്യനഗരങ്ങളും അഭിവൃദ്ധിപ്പെട്ടുവരുന്നുണ്ടായിരുന്നു. രാജ്യം കയ്യടക്കിയവർ ഘട്ടംഘട്ടമായി ഇവയെല്ലാം നശിപ്പിച്ചുകളഞ്ഞു. അസംസ്കൃതവസ്തുക്കളും നിർമ്മാണം കഴിഞ്ഞ വസ്തുക്കൾക്കുള്ള മാർക്കറ്റും അന്വേഷിച്ചുനടന്ന ബ്രിട്ടീഷ് വ്യവസായികളുടെ ഇഷ്ടാനിഷ്ടങ്ങളായിരുന്നു ഈ നശീകരണത്തിനു പിന്നിലുണ്ടായിരുന്നത്. കോളനിവൽക്കരിക്കപ്പെട്ട ദേശീയ സമ്പദ്വ്യവസ്ഥയുടെ ചെലവിൽ നികുതി നിയമങ്ങൾ വളച്ചൊടിച്ച് അവർ വസ്തുക്കൾ കയറ്റിറക്കുമതി ചെയ്തു. ഇതുതന്നെയായിരുന്നു കോളനിവൽക്കരണത്തിന്റെ ലക്ഷ്യവും. തദ്ദേശ ജന്മിമാരുടെ സാമൂഹ്യ രാഷ്ട്രീയ ബന്ധങ്ങളെ ഉപയോഗപ്പെടുത്തിയാണ് അവരിതു നടപ്പാക്കിയത്. ഇവരെ കോംപ്രദോർ ബൂർഷ്വാസി എന്നു വിളിക്കാം. കാർഷിവൃത്തിയിൽ നിന്നുമുള്ള അസ്ഥിര വരുമാനം കൃഷിചെയ്യുന്നവരെ അക്ഷരാർത്ഥത്തിൽ നിർധനരാക്കി. ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ, പ്രത്യേകിച്ചും 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ഇന്ത്യ ദുരന്തങ്ങളിൽ ആണ്ടുമൂടിയിരുന്നു. ദശലക്ഷക്കണക്കിനു ജനങ്ങൾ പട്ടിണിമൂലം ഈ കാലയളവിൽ മരണത്തിനിരയായി-ഭൂരിഭാഗവും ഗ്രാമീണർ.
ദാരിദ്ര്യത്തിന്റെ ഉത്ഭവം കുമരപ്പക്കും ഗാന്ധിക്കും വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ് കോളനി ശക്തികൾ വിട്ടുപോയപ്പോൾ, ഗ്രാമകേന്ദ്രീകൃത വികസനത്തെക്കുറിച്ച് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ദേശീയവും അ ദേശീയവുമായ മാറ്റങ്ങൾക്കനുസൃതമായ, പരമ്പരാഗത ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സാമ്പത്തികയുക്തി ആ ചിന്തകളിലുണ്ടായിരുന്നു. വികസന പ്രക്രിയയുടെ നാഴികക്കല്ലായി സുസ്ഥിരത കണക്കാക്കപ്പെട്ടു. 1947ന് ശേഷം ദേശീയ നേതാക്കൾ കടലിലെറിഞ്ഞുകളഞ്ഞ നിർണ്ണായക തത്വമായിരുന്നു ഇത്. കാഴ്ചപ്പാടുകളിൽ എന്തെല്ലാം പോരായ്മകൾ ഉണ്ടായിരുന്നാലും സുസ്ഥിരതയുടെയും സ്വയംപര്യാപ്തതയുടെയും കാര്യത്തിൽ ഒരുപാട് സാധ്യകൾ അതിൽ അന്തർലീനമായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങൾ ഇതു ശരിവയ്ക്കുന്നുമുണ്ട്. കോൺഗ്രസ്സിന്റെയും മുസ്ലീംലീഗിന്റെയും നേതാക്കൾക്ക് അധികാരം കൈമാറിക്കൊണ്ട് ബ്രിട്ടീഷുകാർ ഇന്ത്യവിടുന്ന സമയത്ത് ലോകശക്തികൾക്ക് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു വികസനം അവർ ഉറപ്പാക്കിയിരുന്നു. കൂടാതെ, രണ്ടാംലോകമഹായുദ്ധത്തിൽ തീർത്തും ക്ഷീണിതരായ സാമ്രാജ്യത്വശക്തികൾ യഥാർത്ഥ വിജയികളാൽ-അ മേരിക്ക-പുറകിലാകപ്പെടുകയും ചെയ്തു. ഇത്, ഇന്ത്യൻ രംഗഭൂമി മറ്റുള്ളവർക്കുകൂടി ചൂഷണം ചെയ്യപ്പെടാനുള്ള കളമൊരുക്കി. അവരുടെ കണക്കുകൂട്ടൽ തെറ്റിയില്ല. ബ്രിട്ടീഷ് രാജകിരീടത്തിലെ മാത്രം രത്നമാകുന്നതിനുപകരം മറ്റു പല സാമാജ്യകിരീടങ്ങളിൽകൂടി രത്നക്കല്ലായി മാറിയത് ഇന്ത്യാ രാജ്യം മാത്രമായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾക്കും ശേഷം ആഗോളവ്യാപകമായി പ്രാബല്യത്തിൽ വന്ന അധികാര സന്തുലിതാവസ്ഥയുടെ ഭാഗമായിരുന്നു ഇത്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതിനും ഏറെ മുമ്പ ഈ പ്രക്രിയ ആരംഭിച്ചിരുന്നു. ഇന്ത്യ തീർത്തും സ്വതന്ത്രമാകുമ്പോഴേക്കും ഈ നവ
കൊളോണിയൽ മാതൃകയിൽ രാജ്യം ചൂഷണം ചെയ്യപ്പെടാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങിക്കഴിഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ പതനവും നവലിബറൽ സാമ്പത്തി കനയങ്ങളുടെ ശാക്തീകരണവും അമേരിക്കൻ ആധിപത്യവും വിധേയത്വത്തിലേക്കു ള്ള പിൻവാങ്ങലിന് വേഗത കൂട്ടി. ഈ സാഹചര്യങ്ങളിലാണ് കുമരപ്പയുടെ പ്രസക്തി കൂടുതൽ അർത്ഥപൂർണ്ണമാകുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന സമയത്ത് സാധാരണക്കാരായ ദശലക്ഷക്കണക്കിന് ജ നങ്ങളുടെ ദാരിദ്ര്യമായിരുന്നു ഏറ്റവും രൂക്ഷമായ പ്രശ്നം. നാട്ടിൻ പുറങ്ങളിലായിരുന്നു ഇത് ഏറ്റവും കഠിനം. വൻ നഗരങ്ങളിലേക്കുള്ള മൂലധനരൂപീകരണത്തിനായി ബോധപൂർവ്വം സാമ്പ ത്തികനയങ്ങൾ രൂപപ്പെടുത്തിയതിന്റെ ഫലമായിരുന്നു ഇത്. ഭക്ഷണ മില്ലാതെ ലക്ഷങ്ങൾ ചത്തൊടുങ്ങിയ ബംഗാൾ ക്ഷാമത്തിൽ കൽക്കത്ത തെരുവുകൾ മൃതദേഹങ്ങൾ കൊണ്ടുനിറഞ്ഞു. ഈ ഭീകരചിത്രം ഓർമ്മയിലിരിക്കെ, യാഥാർത്ഥ്യ ബോധം ആവശ്യപ്പെട്ടത് ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള പുനഃസ്ഥാപനമായിരുന്നു. നിർഭാഗ്യവശാൽ, മുൻഭരണാധികാരികളുടെ അജണ്ടയിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല. പകരം, അമേരിക്കൻ മുതലാളിത്തത്തിന്റെയും അതിന്റെ ആഗോള സഖ്യങ്ങളുടെയും ചൂണ്ടക്കൊളുത്തുകളിൽ കുരുങ്ങി ‘അമേരിക്കൻ പ ണ്ഡിതരിൽ’ ഇന്ത്യ വിശ്വാസമർപ്പിച്ചു. ഇന്ത്യൻ യാഥാർത്ഥ്യത്തെക്കുറിച്ച് അവർക്കൊരു ചുക്കും അറിയില്ലായിരുന്നു. നെഹ്റുവിന്റെ ചേരിചേരാനയം അമേരിക്ക നയിക്കുന്ന പടിഞ്ഞാറൻ ചേരിയിൽ നിന്നും കൂടുതൽ സൗജന്യങ്ങളും സഹായവും വിലപേശാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു. പുത്തൻ അധീശശക്തിയായി വളർന്നുവന്ന അമേരിക്കക്ക് ഇന്ത്യയെപ്പോലുള്ള ഒരു വിദൂരമേഖല, നേരിട്ടു നിയന്ത്രിക്കുന്ന കോളനിയാക്കുക എന്നത് വിഡ്ഡിത്തമായിരിക്കുമെന്ന് അറിയാമായിരുന്നു. മൂലധന സ്വരൂപീകരണത്തിന്റെ ചലനശാസ്ത്രം, അത്തരം കാല പഴക്കംചെന്ന പ്രക്രിയകളെ പിന്താങ്ങിയതുമില്ല. ബ്രിട്ടീഷ് യൂറോപ്യൻ രൂപത്തിലുള്ള കോളനിവൽക്കരണ ബാഹുല്യം രണ്ടു ലോ കമഹായുദ്ധങ്ങളോടെ തിരിച്ചടിക്കപ്പെടുകയും അഭിവൃദ്ധിപ്പെട്ടുകൊണ്ടെയിരിക്കുന്ന അമേരിക്കയിൽ മൂലധനത്തിന്റെ പ്രതാപം സ്വാഭാവികമായും പുതിയ കോളനിരൂപ ങ്ങൾക്കും കമ്പോള ചൂഷണത്തിനും വഴിവയ്ക്കുകയും ചെയ്തു. അമേരിക്ക പോലുള്ള ഒരു സാമ്പത്തിക രാക്ഷസന് ആവശ്യമുള്ളത്രയും മൂലധനം സ്വരൂപിക്കുന്നതിന് ഇത്തരം വികസന/നിയന്ത്രിത നയങ്ങൾ സഹായകമായി. അതിന്റെ മുഴുവൻ ശക്തിയുമുപ യോഗിച്ച് അമേരിക്ക അവർക്കാവശ്യമായ വികസന പദ്ധതികൾ ഇന്ത്യയിൽ നടപ്പാക്കി. അങ്ങനെയാണ് ‘നീല, വെളുപ്പ്, പച്ച’ തുടങ്ങിയ ഓമനപ്പേരുകളിലുള്ള വിപ്ലവങ്ങൾ ഇന്ത്യയിലേക്കു കടന്നുവന്നത്. അതിപ്പോൾ ജൈവസാങ്കേതിക വിപ്ലവത്തിൽ എത്തിനിൽക്കുന്നു.
“ഹരിതവിപ്ലവത്തിന്റെ ആസ്തിബാധ്യതാകണക്കുകൾ തന്നെ വേണ്ടത്ര കാര്യങ്ങൾ കാണിച്ചുതരുന്നുണ്ട്. കടബാധ്യതകൾ സഹിക്കാനാകാതെ രണ്ടു ലക്ഷത്തോളം കർഷകർ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. അസ്ഥിരമായ കാർഷികവൃത്തിയുടെ പരിണിതഫലമാണിതൊക്കെ. ഈ കർഷക ആത്മഹത്യകൾ മിക്കതും സംഭവിച്ചിട്ടുള്ളത് പഞ്ചാബ് ഉൾപ്പെടുന്ന ഹരിതവിപ്ലവ പ്രദേശങ്ങളിലാണ്. ഇന്ത്യൻ കാർഷിക മണ്ഡലത്തിലെ അമേരിക്കൻ ഇടപെടലിന്റെ മഹത്തായ വിജയഗാഥയായി അറിയപ്പെടുന്ന പ്രദേശങ്ങളാണിതെന്നോർക്കണം. ജനിതകമാറ്റം വരുത്തിയ കൃഷിയാണ് ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ കാർഷികോത്പാദകരെ കൊന്നുകൊണ്ടിരിക്കുന്നത്. (ഉപഭോക്താക്കളെയും മറ്റ് സസ്യജാലങ്ങളെയും കൊല്ലുന്നുണ്ട്). പല സംസ്ഥാനങ്ങളിലും ഇതു തുടങ്ങിക്കഴിഞ്ഞു. സ്വാതന്ത്യത്തിനുശേഷം, തേനും പാലുമൊഴുക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കാനായി അമേരിക്കൻ പണ്ഡിതരെ നെഹ്റു സർക്കാർ ക്ഷണിച്ചുവരുത്തിയപ്പോഴേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കുമരപ്പ മനസ്സിലാക്കിയിരുന്നു. തന്റെ തന്നെ ഹിംസാ-അഹിംസാ രീതികളിൽ അദ്ദേഹം ഇതിനെ എതിർത്തു. അതുകൊണ്ടുതന്നെ ദേശവിരുദ്ധനായും ജനവിരുദ്ധനായും അദ്ദേഹം മുദ്രകുത്തപ്പെട്ടു. തേനും പാലുമഴുകുന്നതിനു പകരം സാമ്പത്തികാസമത്വങ്ങളുടെ അപ്രതീക്ഷിതമായ വർദ്ധനവും അനന്തമായ രക്തച്ചൊരിച്ചിലുമാണ് സംഭവിച്ചത്. 1947നുശേഷം രാജ്യത്തെ കോടിശ്വരന്മാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. അമേരിക്കക്കു ശേഷം ലോകത്ത് ഏറ്റവും കൂടുതൽ പണക്കാരുള്ള രാജ്യം എന്നുവേണമെങ്കിൽ ഇന്ത്യക്ക് വീമ്പടിക്കാം. അതേസമയത്തുതന്നെ, അഥവാ അക്കാരണത്താൽ തന്നെ, ലോക അത് ഏറ്റവും ദരിദ്രമായ രാഷ്ട്രവുമാണ് ഇന്ത്യ. സ്വാതന്ത്യത്തിന് 60 വർഷങ്ങൾക്കു ശേഷവും ലോകത്തിൽ ഏറ്റവും ദരിദ്രരായ ജനങ്ങളിൽ 30 ശതമാനവും ഇന്ത്യയിലാണ്. ആകെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേരും കേവലം 20 രൂപയിൽ കുറഞ്ഞ തുക വരുമാനമുള്ളവരാണ്. ഈ അത്യഗാധമായ ദാരിദ്ര്യത്തിന് ഒരു കാരണമുണ്ടാകാതെ തരമില്ല. അതെന്തുകൊണ്ട് എന്ന് അന്വേഷിക്കുന്ന ആർക്കും ഉത്തരത്തിനായി ഒട്ടും പ്രയാസപ്പെടേണ്ടി വരില്ല. 1947 നുശേഷം അന്താരാഷ്ട്ര മൂലധനശക്തികളുടെ ദാഹമകറ്റുന്ന മുതിർന്ന കറവപ്പശുവായിത്തീർന്നിട്ടുണ്ട് ഇന്ത്യ. രാജ്യത്തെ രാഷ്ട്രീയ നേതൃത്വമാകട്ടെ, ഇറക്കുമതി ചെയ്യപ്പെടുന്ന വികസന മാതൃകയിലൂടെ ദാരിദ്ര്യത്തെയും സാമ്പത്തിക പരാധീനതയെയും മറികടക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
കർഷകർക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയെക്കുറിച്ച് കൂടുതൽ സംസാരിക്കു ന്നത് ഇവിടെ അസ്ഥാനത്താകില്ലെന്നു തോന്നുന്നു. രണ്ടാം പഞ്ചവത്സര പദ്ധതി(1956)യുടെ സമാരംഭത്തോടെ ആസൂത്രണ മാതൃകയെക്കുറിച്ച് മുമ്പുണ്ടായിരുന്ന എല്ലാ അനി ശ്ചിതത്വങ്ങളും അവസാനിപ്പിച്ചുകൊണ്ട് വൻകിട വ്യവസായങ്ങളും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനവുമൊക്കെ തുടങ്ങുകയും ഭരണകൂട നയങ്ങൾ വെളിപ്പെടുകയും ചെയ്തു. 1960കളുടെ തുടക്കത്തിൽ, നെഹ്റു ആധുനിക ദേവാലയ സൂക്തങ്ങൾ ആലപിക്കുമ്പോൾ ഭക്ഷ്യസുരക്ഷ മുമ്പൊന്നുമില്ലാത്തവണ്ണം അധോഗതിയിലായി. അമേരിക്കയോടുള്ള ആവർത്തിച്ച ദുരിയാചനകൾക്കൊടുവിൽ പി.എൽ 480 പദ്ധതിപ്രകാരം കാലിത്തീറ്റയ്ക്കു സമാനമായ ഭക്ഷ്യസാധനങ്ങൾ അയച്ചുകിട്ടി. മാനുഷികവ പരിഗണനകൾ കണക്കിലെടുത്താണ് ഇത്തരം ഗുണം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിലേക്കയക്കുന്നതെന്നും അങ്ങനെ ഒരു ഭക്ഷ്യകലാപത്തിൽ നിന്നും നെഹ്റു സർക്കാരിനെ രക്ഷിച്ചെടുക്കുകയായിരുന്നെന്നും അമേരിക്ക വ്യക്തമാക്കി. ഒരുപാട് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ചോദ്യ ചിഹ്നമാണ് ഭക്ഷ്യപ്രശ്നം എന്നത് അമേരിക്കൻ തന്ത്രജ്ഞർക്ക് അറിയാമായിരുന്നു. രാസവള ഭീമന്മാർക്കും കാഷിക സാങ്കേതികവിദഗ്ധർക്കും ഗുണകരമാകുംവിധം ഇന്ത്യൻ കാർഷികരംഗത്തെ പരമാവധി പ്രയോജനപ്പെടുത്താൻ അമേരിക്ക തീരുമാനിക്കുന്നത് അങ്ങനെയാണ്. അത്യ ധുനിക വിത്തിനങ്ങളിലൂടെയും രാസവളവിധേയത്വത്തിലൂടെയും ഇന്ത്യൻ കാർഷികരംഗത്തെ സംഘടിപ്പിക്കേണ്ടത് എങ്ങനെയെന്ന് സർക്കാരിനെ അവർ ബോധ്യപ്പെടുത്തി. വൈകാതെ ഫോർഡ് ഫൗണ്ടേഷന്റെ ആദ്യത്തെ ഓഫീസ് രാജ്യത്തിന്റെ പുറത്ത് ഇന്ത്യയിൽ തുറക്കപ്പെട്ടു. പുത്തൻ കാർഷികപ്രവണതകളെക്കുറിച്ച് ഫോർഡ് ഫൗണ്ടേഷൻ, ഇന്ത്യൻ സാമ്പത്തിക വിദഗ്ധർകും കാർഷിക ശാസ്ത്രജ്ഞർക്കും പരിശീലനം കൊടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സമഗ്രമായ കാർഷിക പ്രവർനങ്ങൾക്കായി ജലദൗർലഭ്യമില്ലാത്ത ജില്ലകൾ തെരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങൾ ഇത്തരം പരീക്ഷണങ്ങൾക്ക് തെരഞ്ഞെടുത്ത പ്രദേശങ്ങളായിരുന്നു. പുത്തൻ കാർഷിക പരീക്ഷണങ്ങൾ ധാരാളം ജലം ആവശ്യപ്പെടുന്നതുകൊണ്ട് വെള്ളത്തിന്റെ സമൃദ്ധമായ ലഭ്യത പ്രധാനപ്പെട്ട ഘടകമായിരുന്നു.
ആദ്യമൊക്കെ രാസവളങ്ങൾ ധാരാളമായി ഇറക്കുമതി ചെയ്തിരുന്നു. പിന്നീട് അവ ഇവിടെത്തന്നെ ഉണ്ടാക്കുവാനുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവും ഇറക്കുമതി ചെയ്തു. ഇതാകട്ടെ ഒന്നുകിൽ പരീക്ഷിച്ച് ഉറപ്പാക്കാത്തതോ, അല്ലെങ്കിൽ പഴയതോ ആയിരുന്നു. ഇതിനൊരു മകുടോദാരണമാണ് യൂണിയൻ കാർബൈഡ്. പുതിയ സാ കേതികവിദ്യ പ്രയോജനപ്പെടുത്തിയപ്പോൾ, ഗോതമ്പിന്റെയും സമാന ധാന്യങ്ങളുടെയും ഉത്പാദനം 15-20 കൊല്ലത്തോളം ഗണ്യമായി കൂട്ടി. പക്ഷേ പല ഭാഗങ്ങളിലും ഭക്ഷ്യ സുരക്ഷ വളരെയൊന്നും പുരോഗമിച്ചില്ല. ഈ ഉത്പാദന വിപ്ലവം 25 വർഷത്തിനുള്ളിൽ താഴോട്ടു പതിക്കാൻ തുടങ്ങി. ജല ദൗർലഭ്യം, ഭൂഗർഭ ജലത്തിന്റെ ഗുണക്കുറവ്, ഊർജ്ജച്ചെലവ്, മണ്ണിന്റെ പോഷകക്കുറവ്, കമ്പോള ഘടകങ്ങളിൽ ഉത്പാദകർക്കുള്ള നിയന്ത്രണമില്ലായ്മ എന്നിവയൊക്കെ കൃഷി നഷ്ടമാകുന്നതിന് കാരണായിത്തീർന്നു. അതേസമയം കാർഷിക കമ്പനികളുടെ ലാഭം കൂടിക്കൂടിവന്നു. സാധാരണ കർഷകരെ കടക്കെണിയിലേക്കു തള്ളിവിട്ടുകൊണ്ട് ദേശീയ അന്തർദ്ദേശീയ കമ്പനികളുടെ ഏജന്റുമാർ ലാഭമുണ്ടാക്കി എന്നാണ് ഇത് വ്യക്തമാക്കുന്നത്. കാർഷികരംഗത്ത് കാട്ടുനീതി അരങ്ങേറി.
ഹരിതവിപ്ലവം താറുമാറാക്കിയ കൃഷിയിടങ്ങളിൽ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ പരീക്ഷിക്കുകയും അനുബന്ധ സാങ്കേതിവിദ്യകൾക്ക് തുടക്കം കുറിക്കുകയും ചെയ്യണമെന്നാണ് രണ്ടാം ഹരിതവിപ്ലവത്തിന്റെ പ്രയോക്താക്കൾ ആവശ്യപ്പെടുന്നത്. ദാരിദ്ര്യവും പോഷകാഹാരക്കുറവും ഇല്ലാതാക്കാൻ ഇത് അത്യാവശ്യമാണ് പോലും. ജി.എം രംഗത്തെ ആഗോളഭീമന്മാരായ മൊൺസാന്റോയും കാർഗിലും എല്ലാം അമേരിക്കൻ രാസവള ഭീമന്മാരുമാണ്. ജൈവ-രാസ യുദ്ധങ്ങളിലാണ് അവരുടെ പ്രാഗത്ഭ്യം. ആഗോള വിപണിയിൽ വിത്ത് സാങ്കേതികവിദ്യാ കുത്തക കൈയിലൊതുക്കിക്കൊണ്ട് വിശാലമായ കാർഷികരംഗം പിടിച്ചടക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഈ കൂട്ടർ. ഇന്ത്യൻ കാർഷിക സർവ്വകലാശാലകൾ അവർക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകുന്നു. ജി.എം സാങ്കേതികവിദ്യയുടെ സാമൂഹി-സാമ്പത്തിക-ആരോഗ്യ പ്രത്യഘാതങ്ങൾ അവർ കണക്കിലെടുക്കുന്നതേയില്ല. അവരോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ജി.എം കമ്പനികൾ പടച്ചുവിടുന്ന കൈപുസ്തകങ്ങളാണ് മറുപടിയായി എടുത്തുതരുന്നത്. ഇക്കഥ പഴയ ഹരിതവിപ്ലവത്തിന്റെ ആവർത്തനം മാത്രമാണ്. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ജി.എം സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനുമായി ഇത്തരം ബഹുരാഷ്ട്ര കുത്തകകൾ നടത്തിയിരിക്കുന്നത്. ഇന്ത്യയെ എറ്റവും പ്രഥമവും പ്രധാനവുമായ കമ്പോളമായി അവർ കണക്കാക്കുന്നു. ആസുരമായ പ്രത്യാഘാതങ്ങളാണ് ഹരിതവിപ്ലവത്തിന് പുറമെ വന്നുകൊണ്ടിരിക്കുന്നത്. അമിതമായി വാഴ്ത്തപ്പെട്ട പഞ്ചാബ് പോലും അതിന് വലിയ കൊടുത്തുകൊണ്ടിരിക്കുകയാണ്. ആഗോള കുത്തകകൾക്ക് ഇപ്പോൾ അധികലാഭം നേടണം. ലാഭത്തിന്റെ ആൾത്താരയിൽ വിശുദ്ധമായി ഒന്നുമില്ലെന്നിരിക്കെ ഈ അത്യാർത്തി സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖം തന്നെയാണ്. 1950ൽ തന്നെ ഈ വികസനമാതൃകയുടെ ക്രൂരതയെ വ്യാഖ്യാനിച്ചെടുക്കാൻ ജെ.സി കുമരപ്പയ്ക്ക് കഴിഞ്ഞിരുന്നു. ജി.എം സാങ്കേതികവിദ്യ അതിന്റെ പൂർണ്ണരൂപത്തിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അവതരിച്ചിരുന്നില്ല. പക്ഷെ ഇന്ത്യ സ്വാംശീകരിച്ച പുത്തൻ കാർഷിക സാങ്കേതികവിദ്യയുടെ അപകടകരമായ ശീലങ്ങളെക്കുറിച്ചുള്ള കുമരപ്പയുടെ കണ്ടെത്തലുകൾ കൃഷിയുടെ ഭാവി മനോഭാവങ്ങളെ വ്യക്തമായി കാണിച്ചുതരുന്നു.
(പരിഭാഷ: അജിതൻ, കേരളീയം ആർക്കൈവ്, 2015 ഏപ്രിൽ)