തങ്കലാൻ: പോസ്റ്റ് കൊളോണിയൽ ദർശനത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കോളനിവൽക്കരണത്തിൻ്റെ സാംസ്ക്കാരിക വിമർശമെന്ന നിലയിൽ ആഫ്രോ-ലിറ്റിനമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ശക്തമായ വേരുകളുള്ള പോസ്റ്റ് കൊളോണിയൽ കലാദർശനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അത്രയങ്ങ് പടർന്നിട്ടില്ല. കലയും സാഹിത്യവും ഇന്ത്യൻ ആധുനികതയെ സംബന്ധിച്ച് മുഖ്യമായും ജന്മിത്ത – ജാതിഘടനയോടും ബ്രിട്ടീഷ് ഭരണത്തോടുമുള്ള അമർഷമായിട്ടാണ് സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് നുരഞ്ഞുപൊന്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യവും കോളനിയുഗത്തിൻ്റെ സാംസ്ക്കാരിക വിമർശത്തെ ആഫ്രോ-ഏഷ്യൻ ഭൂഖണ്ഡങ്ങളിലെന്നതുപോലെ ഏറ്റെടുത്തിട്ടില്ലെന്നു കാണാം. ബ്രിട്ടീഷ് ഭരണത്തെ രാഷ്ട്രീയമായി വിമർശിക്കുന്ന സൃഷ്ടികൾ നിരവധി ഉണ്ടെങ്കിലും, ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയതിന് ശേഷവും നിലനിൽക്കുന്ന സർവ്വസ്പർശിയായ കോളനിവാഴ്ചയുടെ ചിരകാല ആഘാതങ്ങളെ സൂക്ഷ്മതലത്തിൽ വിലയിരുത്തുന്ന പോസ്റ്റ് കൊളോണിയൽ രചനകൾ പ്രബലമല്ല ഇവിടെ.

ആഫ്രോ-ലാറ്റിൻ കലാദർശനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്രകാരം ഇന്ത്യൻ പോസ്റ്റ് കൊളോണിയൽ സൃഷ്ടികൾ ദുർബ്ബലമാകാൻ ചില കാരണങ്ങളുണ്ട്. രാഷ്ട്രീയ വിമോചനത്തിൻ്റെ വിഫല വാഗ്ദാനങ്ങളിൽ മനം നൊന്ത് സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം അസ്തിത്വ വ്യഥകളിലേക്കോ ആത്മീയതയുടെ അകം പൊരുളുകളിലേക്കോ ആണ് പ്രധാനമായും നമ്മുടെ രചനകൾ ചെന്നെത്തിയത്. ഇവയെ നിരസിച്ച് 1990 കൾ മുതൽ ഉയർന്ന ദലിത് സാഹിത്യമാകട്ടെ, സ്വാതന്ത്ര്യാനന്തരം ഇനിയും ഇന്ത്യയിൽ പരിഹരിക്കപ്പെടാത്ത അതിസങ്കീർണ്ണമായ സാമൂഹ്യ അസമത്വങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യൻ ദലിത് സാഹിത്യം പൊതുവേ തന്നെ കോളനി ആധുനികത്വത്തെ വിമോചന പാതയെന്ന നിലയിൽ പുൽകുന്നതും, അതിൻ്റെ ബലത്തിൽ ഇവിടുത്തെ ജാതി അസമത്വങ്ങളെ നിഷേധിക്കുന്നതുമാണ്.

ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യ. കടപ്പാട്:bestedenmk

എന്നാൽ ആഫ്രിക്കൻ അടിമത്താനുഭവം വെളുത്തവർഗ്ഗക്കാരുടെ വംശീയ വിദ്വേഷത്തിൻ്റെ കയ്പുനീർ പേറുന്നതിനാൽ, അവിടെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിരോധം ഒന്നായിത്തീരുകയും, അത് കോളനിവൽക്കരണത്തിനും വംശീയ വിവേചനത്തിനും എതിരായി ഒരൊറ്റ എതിരാളിയിൽ ശ്രദ്ധയൂന്നുകയും ചെയ്തു. തൽഫലമായി കോളനി വാഴ്ചയെന്ന രാഷ്ട്രീയാധിപത്യത്തിന് ശേഷവും അതിൻ്റെ സൂക്ഷ്മതല അനുരണനങ്ങൾ സാംസ്ക്കാരികതലത്തിൽ എങ്ങനെ പുതിയ അധികാര ബീജമായി തുടരുന്നു എന്നു വിശകലനം ചെയ്യുന്ന പോസ്റ്റ് കൊളോണിയൽ സാഹിത്യം ഇതര മൂന്നാംലോകങ്ങളിൽ സജീവമാണ്.

ഇന്ത്യയിൽ യൂറോപ്യൻ അധിനിവേശത്തിന് മുന്നേ തന്നെ നൂറ്റാണ്ടുകളുടെ ബ്രാഹ്മണാധിപത്യവും അതിൻ്റെ ജാതിവ്യവസ്ഥയും ചുട്ടുനീറുന്ന ആഭ്യന്തര യാഥാർത്ഥ്യമായതിനാൽ ഈ സാമൂഹ്യ-സാംസ്ക്കാരിക പീഢനങ്ങളിൽ നിന്നുള്ള മോചനം സ്വാതന്ത്ര്യപൂർവ്വ കാലങ്ങളിലും പിന്നീടും അടിത്തട്ട് ദർശനങ്ങളിൽ മൗലികമായി തീരുന്നു. മാത്രമല്ല അടിത്തട്ട് സമൂഹത്തിൻ്റെ രാഷ്ട്രീയവും സാമൂഹികവുമായ ഉയിർത്തെഴുന്നേല്പ്, യൂറോപ്യൻ അധിനിവേശം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ അസാധ്യമായേനെ എന്ന ബോധ്യവും ദലിത് ചിന്തകളിൽ അതിശക്തമാണ്. അതുകൊണ്ട് ഇന്ത്യൻ ജാതിഘടനയുടെ സാംസ്ക്കാരിക തലങ്ങളെ – അതിൻ്റെ മർമ്മങ്ങളെ ഭേദിക്കുന്നതിൽ കാണുന്ന അതീവ ശ്രദ്ധയും ഊർജ്ജവും ഇന്ത്യയിലെ ജനകീയ രചനകളിൽ കോളനിവാഴ്ചയുടെ സാംസ്ക്കാരിക വിമർശത്തോട് കാണാനാവില്ല.

ഇന്ത്യയിൽ പോസ്റ്റ് കൊളോണിയൽ സൃഷ്ടികൾ ഊർജ്ജസ്വലമാകാത്തതിനുള്ള മറ്റൊരു പ്രധാന കാരണം, സ്വാതന്ത്ര്യാനന്തരം വീര്യമുൾക്കൊണ്ട ഇടതുപക്ഷ കലാബോധം പ്രധാനമായും ബദ്ധശ്രദ്ധമായത് ഫ്യൂഡൽ സാമ്പത്തിക ഘടനയുടെ ജീർണ്ണതകളെ തുറന്നുകാണിക്കുന്നതിനും അതിനു പകരമെന്ന നിലയിൽ യൂറോപ്യൻ ആധുനികതയെ ഉയർത്തിക്കൊണ്ടുവരുന്നതിനുമായിരുന്നു. “അധികാരം കൊയ്യണമാദ്യം, നാം അതിനുമേലാകട്ടെ പൊന്നാര്യൻ” എന്ന മട്ടിൽ അധികാരലബ്ധിയോടെ ജന്മിത്ത-സാമ്രാജ്യത്വ ശക്തിയുടെ തിരശ്ശീല വീഴുന്ന സർവ്വരാജ്യ മാർക്സിസ്റ്റ് കലാദർശനവും പോസ്റ്റ് കൊളോണിയൽ സാഹിത്യത്തിൻ്റെ ഉപരിസാധ്യതകളെ വിട്ടുകളയുന്നുണ്ട്.

ഈ വിധം മുഖ്യധാര, മാർക്സിസ്റ്റ്, ദലിത് കലാദർശനങ്ങൾ പോസ്റ്റ് കൊളോണിയൽ വിചാരങ്ങളെ മിക്കവാറും അവഗണിച്ചതിനാൽ, സർഗ്ഗസൃഷ്ടികളിലേയ്ക്ക് വ്യാപകമായ പകർന്നാട്ടം നടത്താതെ, മുഖ്യമായും ചരിത്രപഠനങ്ങളിൽ പോസ്റ്റ് കൊളോണിയലിസം ഇന്ത്യയിൽ ഒതുങ്ങുന്നതു കാണാം. കീഴാളമായ പോസ്റ്റ് കൊളോണിയൽ ദർശനം സർഗ്ഗാത്മക രചനകളിൽ അപൂർവ്വമാകുന്ന ഇന്ത്യൻ സാഹചര്യത്തിൽ, കോളനി ഭരണത്തിൻ്റെ ശേഷിപ്പുകളായി ഇനിയും തുടരുന്ന സാംസ്ക്കാരിക ഭാരങ്ങളോട് ഇന്ത്യൻ സമൂഹത്തിൻ്റെ അബോധതലങ്ങളിലുള്ള എതിർപ്പിനെ വ്യാജമായി മുതലെടുക്കുന്നതാകട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഏകാധിപത്യ വാഞ്ഛകളാണ്. അവർ ‘ഇന്ത്യ’യെന്നതിന് പകരം ‘ഭാരത’മെന്നും ‘ഇന്ത്യൻ പീനൽ കോഡി’നു പകരം ‘ഭാരതീയ ന്യായ സംഹിത’യെന്നും വിവർത്തനം നിർവ്വഹിച്ച് കോളനിഭരണത്തെ പോലും തോല്പിക്കുന്ന ജനായത്ത വിരുദ്ധതയെ ഒളിച്ചുകടത്തുന്നു.

ഈ സാഹചര്യത്തിൽ പതിവ് ദലിത് കാഴ്ചപ്പാടിൽ നിന്നും മുന്നോട്ടുസഞ്ചരിച്ച് അടിത്തട്ട് ജനതയുടെ തനതു ഭാഷയിൽ പോസ്റ്റ് കൊളോണിയൽ ദർശനം അവതരിപ്പിക്കുന്ന ചലച്ചിത്രാവിഷ്ക്കാരമാണ് പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ.

തങ്കലാൻ സിനിമയിൽ നിന്നും.

യൂറോപ്യനും ഇന്ത്യനുമായ രണ്ട് യജമാന കൂട്ടുകെട്ടുകളെ ഒരേപോലെ പ്രാദേശിക അടിത്തട്ടിൽ നിന്നുകൊണ്ട് വിചാരണ ചെയ്യുന്നുണ്ട് തങ്കലാൻ. ഒരു വശത്ത് കൃഷിഭൂമി ദലിത് സമൂഹത്തിൽ നിന്നും തട്ടിയെടുത്ത് അവരെ ഭൂരഹിതരും കൃഷിയടിമകളുമാക്കി മാറ്റുന്ന ഗ്രാമീണ നാടുവാഴി ജാതിമേധാവിത്വം. മറുവശത്ത്, ഈ അടിമത്തത്തിൽ നിന്ന് മോചനമെന്ന നിലയിൽ പുതിയ ഉല്പാദന മേഖലയിൽ നാണയരൂപത്തിൽ കൂലി കൊടുക്കുന്ന യൂറോപ്യൻ കോളനി ആധുനികത്വം. പുതിയ കൂലി നാണയവ്യവസ്ഥ ദലിത് സമൂഹത്തെ അടിമത്തത്തിൻ്റെ കൃഷിപ്പണിയിൽ നിന്ന് മാത്രല്ല അതിൻ്റെ ആജന്മ സങ്കേതമായ ജാതി ഗ്രാമങ്ങളിൽ നിന്നും കൂടി രക്ഷപ്പെടുത്തുന്നു. കോലാർ പ്രദേശത്ത് സ്വർണ്ണ ഖനനത്തിൻ്റെ പര്യവേഷകനായി എത്തുന്ന ബ്രിട്ടീഷ് ഓഫീസർ ക്ലമൻ്റ് പ്രഭുവാണ് വടക്കൻ ആർക്കോട്ടു ജില്ലയിലെ വെപ്പൂർ നിവാസികളായ പറയ്യരെ അടിമപ്പണിയിൽ നിന്നും സ്വതന്ത്രരാക്കി അവരെ സ്വർണ്ണനിക്ഷേപ പ്രദേശങ്ങളിൽ കൂലിവേലക്കാരായി എത്തിക്കുന്നത്.

ഗ്രാമീണ കാർഷികാടിമത്തം, ജാതിവിവേചനം ഇവയിൽ നിന്നുമുള്ള രക്ഷ മാത്രമല്ല സായിപ്പിൻ്റെ വാഗ്ദാനം. പറയ്യപ്പെണ്ണുങ്ങൾക്കെല്ലാം മേൽവസ്ത്രമായി നിറമുള്ള ബ്ലൗസുകളുമായിട്ടാണ്, സായിപ്പിൻ്റെ നിർദ്ദേശപ്രകാരം സ്വന്തം ഗ്രാമത്തിലേയ്ക്ക് തങ്കലാൻ പറയ്യൻ തിരികെ എത്തുന്നത്. സാഹസികമായ സ്വർണ്ണ പര്യവേഷണ യാത്രയിൽ ജീവഹാനി സംഭവിച്ച തൻ്റെ മകൻ്റെ പാൻ്റും കുപ്പായവും, വഴികാട്ടിയും സ്വർണ്ണഖനന ജ്ഞാനിയുമായ തങ്കലാന് സായിപ്പ് സമ്മാനിക്കുന്നുണ്ട്. മേൽവസ്ത്രമെന്നത് ജാതിയടിമത്തത്തിൽ നിന്നും അപരിഷ്കൃതത്വത്തിൽ നിന്നും കോളനി ജനതയെ ആധുനിക മനുഷ്യരാക്കുന്ന പ്രതീകമാണ്. കോലാർ പ്രദേശത്തെ പുതിയ ഭൂമിയിലേക്ക് നാടുവിട്ട് ചെന്നാൽ പ്രാപ്യമാകുന്ന സ്വർഗ്ഗത്തിലെ നാനാതരം സുഖനിർവൃതിയാണ് പറയ്യപ്പെണ്ണുങ്ങളുടെ കുപ്പായം. തങ്ങളുടെ പെണ്ണുങ്ങൾ എല്ലാവരെയും ബ്ലൗസിട്ട് പുതുവേഷത്തിൽ കണ്ടതോടെയാണ് വാഗ്ദത്തഭൂമിയിലേക്കു ഗ്രാമം വിട്ടുപോകാം എന്നു പറയ്യർ ഒന്നടങ്കം സന്തോഷിച്ചത്.

പോസ്റ്റ് കൊളോണിയൽ വിമർശം അറിവിൻ്റെ അധികാരത്തെ അപനിർമ്മിക്കുന്നതിനാൽ സ്വർണ്ണനിക്ഷേപത്തിൻ്റെ അറിവുകളെല്ലാം സായിപ്പ് നേടിയെടുക്കുന്നത് തങ്കലാൻ്റെ ഭൂമിശാസ്ത്രപരമായ നാട്ടറിവിനെ പാട്ടിലാക്കിയാണ്. മണ്ണിൽ നിന്നും തങ്കം ഖനനം ചെയ്തെടുക്കുന്ന സാങ്കേതികവിദ്യ വശത്താക്കിയ നാട്ടുസമൂഹമാണ് തങ്കലാർ പറയ്യർ. ഈ പ്രാദേശിക വിജ്ഞാനത്തിൻ്റെ അടിത്തറയെ ആധുനിക ഉപകരണങ്ങളാൽ തേച്ചുമിനുക്കിയെടുത്ത് തങ്ങളുടേതാക്കി മാറ്റി, തങ്കനിക്ഷേപങ്ങളെ കോളനി യജമാനത്വം കവർന്നെടുത്തു കൊണ്ടുപോയി. അന്ന് ‘മിനി ഇംഗ്ലണ്ട്’ എന്നറിയപ്പെട്ട കോലാറിൽ കൂലിയടിമകളായി അവിടെയെത്തിയവരുടെ പിന്മുറക്കാർ – 2,60,000 മനുഷ്യർ അടിസ്ഥാന സൗകര്യങ്ങൾ പലതും നിഷേധിക്കപ്പെട്ടു, ഖനനം ബാക്കിയാക്കിയ രാസമാലിന്യങ്ങൾക്കരുകിൽ ഗത്യന്തരമില്ലാതെ ഇന്നും കഴിയുന്നുണ്ട്.

സംവിധായകൻ പാ. രഞ്ജിത്ത് നടൻ വിക്രം എന്നിവർ ചിത്രീകരണത്തിനിടയിൽ, കടപ്പാട്: എക്സ്

ഈ സിനിമ അതിശക്തമായി മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു പ്രമേയം ആദിവാസികളും ദലിതുകളും തമ്മിലുള്ള സ്വാതന്ത്ര്യ ദർശനത്തിലെ വേർപിരിയലാണ്. കോലാർ ഖനിസമ്പത്തിനെ സ്വന്തം രക്തം കൊടുത്തും അവിടുത്തെ തദ്ദേശീയ സമൂഹം കാത്തു പോരുന്നു. എന്നാൽ കൃഷിയടിമത്തം വിട്ട് ഖനനത്തൊഴിൽ നൽകുന്ന ആധുനിക സൗകര്യങ്ങളിലൂടെ ജീവിത പുരോഗതി നേടാം എന്ന കോളനി യജമാന വാഗ്ദാനത്തെ പിൻതുടരുന്ന വടക്കെ ആർക്കോട്ടിലെ ഗ്രാമത്തിൽ നിന്നും കോലാറിലേക്കു പോകുന്നു പറയ്യസമൂഹം. അവർ സായിപ്പിനെ സ്വർണ്ണഖനിയിലേക്ക് നയിക്കുകയും, വഴിയുടനീളം അയാളുടെ ജീവൻരക്ഷ എറ്റെടുക്കുകയും, കോലാർ ഭൂമി കാത്തുരക്ഷിക്കാൻ നൂറ്റാണ്ടുകളായി രക്തം ചീന്തി കാവൽ നിൽക്കുന്ന ആദിവാസികളോട് സായിപ്പിന് വേണ്ടി പോരാടുകയും ചെയ്യുന്നു.

കഥാന്ത്യത്തിൽ എന്നാൽ തങ്കലന് തൻ്റെ ജന്മപരമ്പരയിലെ ഗോത്രബന്ധം ബോധ്യപ്പെടുന്നുണ്ട്. ഖനി കണ്ടെത്തി, അതിൽ നിന്നും പാറകൾ വെട്ടി പറയ്യകുലം തങ്കം അടർത്തിയെടുത്തതോടെ, അതേവരെ സമശീർഷരായി സൗഹൃദത്തിൽ പെരുമാറിയിരുന്ന സായിപ്പിൻ്റെ തനിനിറം പുറത്തുവരുന്നു. അയാൾ അവയെല്ലാം പിടിച്ചെടുക്കുകയും അനുസരിക്കാത്തവരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു. വസ്ത്രങ്ങളും നാണയവും തന്ന് തങ്ങളെ പാട്ടിലാക്കി, ഖനി, ഖനനം എന്നിവയെപ്പറ്റിയുള്ള നാട്ടറിവുകളും പറയ്യരുടെ അധ്വാനവും കവർന്നെടുത്ത്, അവരെ ഭക്ഷണവും വിശ്രമവും പോലുമില്ലാതെ കഷ്ടപ്പെടുത്തി കോലാറിലെ പൊന്ന് മുഴുവൻ തൻ്റേതു മാത്രമാക്കി സായിപ്പ് കൈയടക്കിയപ്പോഴാണ് താനും തൻ്റെ ജനതയും വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് തങ്കലാൻ തിരിച്ചറിയുന്നത്. അതോടെ അതിപ്രാചീനമായ ബോധോദയം അയാളിൽ സംഭവിക്കുകയും തൻ്റെ പൂർവ്വ ഗോത്രബന്ധം ഉള്ളിൽ തെളിയുകയും ചെയ്യുന്നു.

പ്രാദേശിക പ്രകൃതിസമ്പത്തിൻ്റെ സംരക്ഷകർ തദ്ദേശീയ സമൂഹമാണെന്നും അതിൻ്റെ വിനയോഗത്തിൻ്റെ യഥാർത്ഥ അധികാരം അവർക്ക് മാത്രമാണെന്നും പാ. രഞ്ജിത്തിൻ്റെ ഈ ചലച്ചിത്രം വ്യക്തമാക്കുന്നു. സമകാലിക നിയോ ലിബറൽ ഇന്ത്യൻ സാഹചര്യത്തിൽ, വേദാന്ത കമ്പനിയുടെ ബോക്സൈറ്റ് ഖനനത്തിൽ നിന്നും തങ്ങളുടെ ആവാസവ്യവസ്ഥയുടെ ആണിക്കല്ലായ നിയാംഗിരി കുന്നുകളെ നിയമപോരാട്ടം വഴി രക്ഷപ്പെടുത്തിയ ഒഡീഷയിലെ ദോംഗ്രിയ കൊന്ത് ആദിവാസികളുടെ സമരത്തെ കൂടി ഓർമ്മിപ്പിക്കുന്നു തങ്കലാൻ. വനാവകാശനിയമം ആദിവാസി ഗ്രാമസഭകൾക്ക് നൽകുന്ന പ്രത്യേകമായ അധികാരം ഉപയോഗിച്ച് ഖനനത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊണ്ടതിനാലാണ് ബഹുരാഷ്ട്ര കമ്പനി ഖനനം ഉപേക്ഷിക്കാൻ നിർബ്ബന്ധമായത്. തദ്ദേശീയ വിഭവങ്ങൾക്ക് മേൽ സമൂഹത്തിൻ്റെ അവകാശത്തിലാണ് തങ്കലാനും ഒടുവിൽ ഊന്നൽ നൽകുന്നത്. കോളനിയുഗം അടിച്ചേല്പിച്ച പുരോഗതിയുടെ നേർരേഖാ വ്യാമോഹങ്ങളിൽ നിന്നും സ്വയംഭരണത്തിൻ്റെ ചാക്രികമായ സ്വാസ്ഥ്യത്തിലേയ്ക്ക് അയാൾ എത്തിച്ചേരുന്നു.

ഇന്ത്യൻ ജാതിമേധാവിത്വ സമൂഹവും അധിനിവേശ യുക്തിയും മേലാളമായ ഒരേ താല്പര്യങ്ങളെ പിന്തുടരുന്നതിനാൽ അതിൽ ഏതാണ് മറ്റൊന്നിനേക്കാൾ മികച്ചത് എന്ന ചോദ്യം അപ്രസക്തമാണ്. രണ്ടിൻ്റെയും ആധിപത്യ ശൈലികളിലെ വ്യത്യാസങ്ങൾ നമ്മിൽ മതിഭ്രമം തീർക്കുന്നുവെന്നേയുള്ളൂ. പാടത്ത് പണി ചെയ്യുമ്പോഴും പറയ്യരുടെ പാട്ടും കൂത്തും കളിചിരികളും നമുക്കു കാണാം. എന്നാൽ വേലയും വിനോദവും രണ്ട് ലോകങ്ങളിലായി മുറിച്ചു മാറ്റിയ ഖനിയിലെ പുതിയ ഉല്പാദന പ്രക്രിയയിൽ ഇണകളുടെ കൊഞ്ചൽ വിലക്കുന്നുണ്ട് സൂപ്പർവൈസർ.

പോസ്റ്റ് കൊളോണിയൽ കീഴാളപക്ഷത്തെ അടയാളപ്പെടുത്തുന്ന ഈ ചിത്രം ജാതിവ്യവസ്ഥയെ വിടാതെ ചോദ്യം ചെയ്തുകൊണ്ട് സവർണ്ണ ഭാരതത്തെയും ബ്രിട്ടീഷ് വാഴ്ചയെയും എതിർദിശയിൽ നിർത്തുന്ന കപട ദേശീയതയിൽ നിന്നും വഴി മാറി പോകുന്നുണ്ട്. സ്വത്വം തിരിച്ചറിയാതെ, പൂണൂലിട്ട് ബ്രാഹ്മണ്യത്തെ അനുകരിച്ചു അപഹാസ്യനാകുന്ന അധ:സ്ഥിതൻ; സായിപ്പിൻ്റെ കാര്യസ്ഥനായി ജാതിപീഢനത്തിലും സാമ്പത്തിക ചൂഷണത്തിലും ഒരേപോലെ മുന്നിട്ടു നിൽക്കുന്ന ഇന്ത്യൻ സവർണ്ണ സാക്ഷരൻ. ഈ കഥാപാത്രങ്ങളെ ചൂണ്ടി ജാതിവിമർശനത്തിലൂടെ കീഴാളസ്വത്വത്തിൽ ഊന്നുകയും, എന്നാൽ സായിപ്പിൻ്റെ കോളനി ആധുനികത ആത്യന്തികമായി അടിത്തട്ട് ജനതയിൽ വരുത്തി തീർക്കുന്ന മാരകമായ ചേതങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്നു തങ്കലാൻ.

തങ്കലാൻ സിനിമയിൽ നിന്നും.

കോലാറിലെ കുന്നിൻ മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബുദ്ധപ്രതിമ, ചോള കാലഘട്ടത്തിലും ബ്രിട്ടീഷ് ഭരണത്തിലും അവിടെ നടന്ന സ്വർണ്ണവേട്ടയുടെ രക്തച്ചൊരിച്ചിലുകൾക്ക് സാക്ഷിയാണ്. ചോളരാജൻ തലയറുത്തു മാറ്റിയ ആ വിഗ്രഹത്തിൻ്റെ ശിരസ്സ് തങ്കലാൻ്റെ മകൻ അശോകൻ വീണ്ടും ചേർത്തു വെയ്ക്കുന്നു. പറയ്യർ തമിഴകത്തിലെ ബുദ്ധ പാരമ്പര്യത്തിൻ്റെ അവകാശികളും എന്നും ബ്രാഹ്മണാധിപത്യത്തെ ചെറുത്തു നിന്നവരുമാണ്. തൻ്റെ ബൗദ്ധബന്ധത്തെ തങ്കലാൻ മറന്നുപോകുന്നുവെങ്കിലും അയാളുടെ മകൻ ബുദ്ധദർശനത്തെ വീണ്ടെടുക്കുകയും സ്വർണ്ണവേട്ടയിൽ നിന്നും പിതാവിനെ ധർമ്മമാർഗ്ഗത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഈ ചലച്ചിത്രത്തിൻ്റെ ദൃശ്യഭാഷ ചരിത്രത്തെയും മിത്തുകളെയും കഥകളെയും ഉപകഥകളെയും കൂട്ടിയിണക്കുന്ന ബൃഹദ് ആഖ്യാനത്തെ അനുകരിക്കുന്നതത്രേ. റിയലിസത്തെയും ഇതിഹാസഭാവനകളെയും ഇത് സംയോജിപ്പിക്കുന്നു. സമകാലിക യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കാൻ വിശ്വാസങ്ങളെയും കെട്ടുകഥകളെയും ആശ്രയിക്കുന്നു.

എല്ലാ ബൃഹദ് ആഖ്യാനവും വീരനായകനെ കണ്ടെത്തി കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതിലൂടെ ചരിത്രത്തിൻ്റെ ആന്തരിക സത്യാന്വേഷണങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നുണ്ട്. തങ്കലാനും സിനിമയുടെ സാങ്കേതികമായ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസ്വാദനത്തിൻ്റെ വിവിധ ശ്രേണികൾക്ക് അവസരമൊരുക്കി ജനപ്രിയതയെ സൃഷ്ടിക്കുന്നു. വീരനായകത്വവും നൃത്തവും പാട്ടും സംഘട്ടനവും മാജിക്കും മിശ്രണം ചെയ്ത് ജനപ്രിയമാകുമ്പോൾ തന്നെ പോസ്റ്റ് കൊളോണിയൽ കീഴാളപക്ഷ സത്യങ്ങളിലേക്ക് സഞ്ചരിക്കാൻ സംവിധായകൻ രഹസ്യമായി ക്ഷണിക്കുന്നു.

Also Read

7 minutes read August 20, 2024 12:25 pm