പരസ്പരം ചുംബിക്കുന്ന ഈ കത്തികളാണോ കേരളത്തിന്റെ ലോഗോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓഫ്‌റോഡ് 12

കുറച്ചുനാളുകള്‍ക്കുള്ളില്‍ മാസ്‌ക്ക് ലോകത്ത് എല്ലാ മനുഷ്യരും നിര്‍ബന്ധമായി ഉപയോഗിക്കേണ്ടി വരുമെന്ന് ബാങ്കോക്ക് തെരുവില്‍ സ്വയം പ്രതിഷ്ഠാപന കലാപ്രദര്‍ശന വസ്തുവായി നില്‍ക്കുമ്പോള്‍ ചെക്ക് കലാകാരന്‍ വ്‌ളാദമീര്‍ ടര്‍ണര്‍ ഒരിക്കലും കരുതിയിരിക്കില്ല. 2019ന്റെ തുടക്കത്തിലാണ് അദ്ദേഹം കടുത്ത അന്തരീക്ഷ മാലിന്യമുള്ള ബാങ്കോക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളിലൊന്നില്‍ പച്ചപ്പുല്ലുപയോഗിച്ചുള്ള (അല്ലെങ്കില്‍ അതിനു സമാനമായ വസ്തു ഉപയോഗിച്ച്) മാസ്‌ക്ക് അണിഞ്ഞ് നിന്നത്. അന്തരീക്ഷ മലിനീകരണം എന്ന ഗുരുതര പ്രശ്‌നത്തെ ലോക രാഷ്ട്രങ്ങള്‍ ഒരു വിഷയമേ ആയി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടര്‍ണര്‍ ഇത്തരത്തില്‍ സ്വയം ഒരു പ്രദര്‍ശന വസ്തുവായി പ്രത്യക്ഷപ്പെട്ടത്. അതുകഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ചൈനയിലെ വുഹാനില്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ഒട്ടും വൈകാതെ ലോകമെങ്ങും പടർന്നു. ഇന്നും മാസ്‌ക്കുകള്‍ ഉപേക്ഷിക്കാന്‍ കഴിയാതെ മനുഷ്യരാശി ജീവിക്കുന്നു. വ്‌ളാദമീര്‍ ടര്‍ണര്‍ തെരുവില്‍ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് അന്ന് പറഞ്ഞു: “കലയും ആക്ടിവിസവും ഒന്നാണെന്ന് ഞാന്‍ കരുതുന്നു. ലോകം മുഴുവന്‍ അലങ്കാര-ആഡംബര വസ്തുക്കളാല്‍ നിറഞ്ഞിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം ജീവിവര്‍ഗം എന്ന നിലയില്‍ മനുഷ്യര്‍ ഈ പ്രപഞ്ചത്തില്‍ അവശേഷിക്കുമോ എന്നതാണ്. പരിസ്ഥിതി സംരക്ഷണം, വംശീയ വിരുദ്ധത എന്നീ ആശയങ്ങളെ പൊതുവിടങ്ങളില്‍ സ്വയം കലാവസ്തുവായി എങ്ങിനെ അവതരിപ്പിക്കാം എന്ന് ഞാന്‍ അന്വേഷിക്കുന്നു. പൊതു ഇടങ്ങളെ കലാസ്ഥലങ്ങളായി മാറ്റുക എന്നതും എന്റെ പ്രവര്‍ത്തനോദ്ദേശമാണ്. കാലാവസ്ഥാ നീതിക്കുവേണ്ടിയാണ് പ്രധാനമായും എന്റെ പോരാട്ടം. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ആഘാതങ്ങളും പോലെ പ്രധാനമായി മറ്റധികം വിഷയങ്ങള്‍ മനുഷ്യരാശിക്ക് ചുറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഈ പോരാട്ടത്തില്‍ ഈ നിമിഷം മുതല്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.”

ടര്‍ണറുടെ മാസ്‌ക്ക് പ്രകൃതിയെ മനുഷ്യന്റെ ശ്വാസകോശത്തിന് ഏറ്റവുമടുത്ത് നിര്‍ത്തുന്നു. കോവിഡാനന്തര കാലത്തും ഇതേ മാസ്‌ക്ക് (ഇതേ കാഴ്ച്ചപ്പാട്) അനിവാര്യമായിരിക്കുന്നു. ഓരോ കാലാവസ്ഥാ ഉച്ചകോടികള്‍ക്ക് ശേഷവും പരിസ്ഥിതിയുടെ തകര്‍ച്ച കൂടുതല്‍ കൂടുതല്‍ ആഴത്തിലുള്ളതാകുന്നു. ഈയടുത്ത് അവസാനിച്ച ഉച്ചകോടിയും വ്യത്യസ്ത അനുഭവമല്ല നല്‍കിയത്. ഈ സാഹചര്യത്തിലാണ് ടര്‍ണറുടെ കല, കോവിഡിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും അന്തരീക്ഷത്തില്‍ ഒരേ പോലെ പ്രവചനാത്മകം കൂടിയായി മാറിയത്.
ടര്‍ണറുടേതടക്കം എഴുപതിലധികം കലാകാരന്മാരുടെ രചനകള്‍ ശേഖരിച്ച് 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ‘The Art of Protest: Political Art and Activism’ (Editors: Robert Klanten, Lincolln Dexter, Andrea Servert) എന്ന പുസ്തകം ക്രിസ്മസ് തലേന്നാളിലാണ് വായിച്ചത്. ഈ വര്‍ഷത്തെ വായനയില്‍ പലതുകൊണ്ടും പ്രധാനപ്പെട്ടതായി ‘The Art of Protest’. 2021ന്റെ മാത്രമല്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളുടെ ലോക ചരിത്ര-സംസ്‌ക്കാരങ്ങളുടെ മാനിഫെസ്റ്റോ പോലെ ഈ ഗ്രന്ഥം അനുഭവപ്പെട്ടു. കലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എട്ട് കലാകാരന്മാരുടെ രചനകള്‍ 330 പേജുള്ള ഈ പുസ്തകത്തില്‍ ഇടം പിടിച്ചിരിക്കുന്നു. നഗരങ്ങളിലോ പ്രകൃതി വന്‍ തോതില്‍ നശിപ്പിക്കപ്പെട്ടയിടങ്ങളിലോ ആണ് മിക്ക കലാകാരന്‍മാരും തങ്ങളുടെ പ്രതിഷ്ഠാപന കല ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും ശക്തമായി അനുഭവപ്പെട്ടത് ടര്‍ണറുടേതാണ്. അദ്ദേഹത്തിന്റെ ‘സോറി ഹ്യൂമൺ’ അടക്കമുള്ളവ പുസ്തകത്തിലുണ്ട്.

മുങ്ങിത്താഴുന്ന ലോകം പരമ്പരയില്‍ ബിഹാര്‍ മുസഫര്‍പൂരില്‍ നിന്നുള്ള രംഗം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയസമയങ്ങളില്‍ യാത്ര ചെയ്ത് സാധ്യമാക്കിയ ‘മുങ്ങിത്താഴുന്ന ലോകം’ പരമ്പര ദക്ഷിണാഫ്രിക്കക്കാരനായ ഗിഡിയോൺ മെന്‍ഡലിന്റേതാണ്. ഈ യാത്രയില്‍ 2007ല്‍ അദ്ദേഹം ബിഹാര്‍ മുസഫര്‍പൂരിലെ സെലംപൂർ ഗ്രാമത്തിലെ വെളളത്തില്‍ മുങ്ങിനില്‍ക്കുന്ന ചിന്ത, സമുദ്രാദേവി എന്നീ സ്ത്രീകളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോര്‍ട്രെയിറ്റ് പരമ്പരയും കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്‌നത്തിലേക്കു തന്നെ ശ്രദ്ധ ക്ഷണിക്കുന്നു. ഗിഡിയോൺ മെന്‍ഡല്‍ പറയുന്നു: “മുങ്ങിത്താഴുന്ന ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ വൈയക്തികതയെ രേഖപ്പെടുത്തുന്നു. കണക്കുകളും ചാര്‍ട്ടുകളും അവതരിപ്പിക്കുകയല്ല, മറിച്ച് മനുഷ്യവികാരങ്ങള്‍ പറയുന്നതിനാണ് ഇവിടെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്, ആത്മനിഷ്ഠ തലത്തില്‍. 2007ലാണ് ഈ പരമ്പരക്ക് തുടക്കമാവുന്നത്. ഒരാഴ്ച്ചയിലുണ്ടായ രണ്ട് പ്രളയങ്ങള്‍ പകര്‍ത്തിയാണ് തുടക്കം. ഇതില്‍ ആദ്യപ്രളയം യു.കെയിലും രണ്ടാമത്തേത് ഇന്ത്യയിലുമായിരുന്നു. പ്രളയ ദുരന്തം എന്നെ നടുക്കിക്കളഞ്ഞു. ഇരകള്‍ അനുഭവിക്കുന്ന സമാന അവസ്ഥകള്‍ എനിക്ക് മനസ്സിലാക്കാനായി. ഇതിനു ശേഷം കനത്ത പ്രളയമുണ്ടായ ഹെയ്ത്തി, പാക്കിസ്ഥാന്‍, ആസ്‌ട്രേലിയ, തായ്‌ലന്‍ഡ്, നൈജീരിയ, ജര്‍മനി, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ബ്രസീല്‍, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പോയി. വീണ്ടും ഞാന്‍ ഇന്ത്യയും യു.കെയും സന്ദര്‍ശിച്ചു. പ്രളയ ഇരകളില്‍ സാമ്യതകളാണ് എല്ലായിടത്തും കണ്ടത്. അങ്ങിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മിക്ക രാജ്യങ്ങളും കനത്ത തോതില്‍ അനുഭവിക്കുകയാണെന്ന് മനസ്സിലാക്കുകയും ചെയ്തു.”

പുസ്തകത്തിലെ മറ്റൊരു രചനയിലേക്കു വരാം. താലിബാന്‍ തിരിച്ചു വന്ന അഫ്ഗാനിസ്ഥാനില്‍, 2021 ഓഗസ്റ്റ് 16ന് രാജ്യം വിട്ടോടാനായി പതിനായിരക്കണക്കിന് മനുഷ്യര്‍ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയതും അതില്‍ ചിലര്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരിപ്പുറപ്പിക്കുകയും ആകാശത്തു നിന്ന് വീണ് രണ്ടു പേര്‍ മരിക്കുകയും ചെയ്ത ദാരുണ സംഭവം ലോകത്തിന് മറക്കാന്‍ കഴിയാത്തതാണ്. തുര്‍ക്കിക്കാരനായ ഹലീല്‍ അല്‍ടിന്‍ഡ്രെ എന്ന കലാകാരന്‍ മറ്റൊരു നിലയില്‍ ഈ അവസ്ഥയെ 2016ല്‍ ചിത്രീകരിച്ചിരുന്നു. കലയുടെ ദുരന്താത്മകമായ പ്രവചനപരത ഹലീലിന്റെ ‘കോഫ്റ്റ് എയര്‍ലൈന്‍സ്’ നമുക്ക് മുന്നില്‍ വയ്ക്കുന്നു. ഒരു വിമാനത്തിന്റെ മുകളില്‍ കയറി ഇരിക്കുന്ന നാല്‍പ്പതോളം പേരെയാണ് ഫോട്ടോഗ്രാഫ്/ വീഡിയോ ഇന്‍സ്റ്റലേഷനില്‍ ഹലീല്‍ ചിത്രീകരിച്ചത്. വിയന്നയിലാണ് ഈ കലാസൃഷ്ടിയുടെ പ്രദര്‍ശനം നടന്നത്. എര്‍ദോഗാന്റെ തുര്‍ക്കി ഭരണകൂടം കലാകാരന്മാരേയും സ്വതന്ത്ര ചിന്തകരേയും കൂച്ചുവിലങ്ങിട്ട് (സാഹിത്യ നോബല്‍ ജേതാവ് ഓര്‍ഹാന്‍ പാമുക്കിന് പോലും സ്വന്തം നാട്ടിലേക്ക് വരാന്‍ ഭയമായ കാലം) തളക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പലായനമാണ് ഹലീലിന്റെ പ്രമേയം. എര്‍ദോഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു സംഘം നടത്തിയ ശ്രമം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു ഹലീലിന്റെ വിയന്ന പ്രദര്‍ശനം. അഞ്ചു വര്‍ഷത്തിനപ്പുറം ഭരണകൂട ഭീകരതയെ ഭയന്ന് പലായനം ചെയ്യുന്ന ജനതയെ (കിട്ടിയ ഇടങ്ങളില്‍ കയറിപ്പറ്റി രക്ഷപ്പെടുന്ന) കാബൂളില്‍ ലോകം കണ്ടു.‌

ഹലീല്‍ അല്‍ടിന്‍ഡ്രെയുടെ ‘കോഫ്റ്റ് എയര്‍ലൈന്‍സ്

ഈ പുസ്തകത്തിലെ കലാകാരന്മാരുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്നുകൂടിയാണ് മനുഷ്യരുടെ നിര്‍ബന്ധിത പലായനങ്ങള്‍. ക്യൂബ-അമേരിക്കന്‍ കടല്‍പ്പാത, മെഡിറ്ററേനിയന്‍ കടല്‍പ്പാത എന്നിവയിലൂടെയുള്ള പലായന രംഗങ്ങള്‍ ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ഫോട്ടോഗ്രാഫുകളിലും പ്രതിഷ്ഠാപനങ്ങളിലും അവതരിപ്പിച്ചിരിക്കുകയാണ് കലാകാരര്‍. പുസ്തകത്തിന്റെ കവര്‍ ചിത്രം 2017ല്‍ ചെയ്ത ബലൂൺ ശില്‍പ്പമാണ്. കടലോരത്ത് സൂര്യന്റെ ചൂടേറ്റിരിക്കുന്നവര്‍ക്കിടയിലാണ് സ്‌കെലേക്കിന്‍& പെല്‍മാന്റെ (ബെല്‍ജിയം) ബലൂൺ അഭയാര്‍ഥി എന്ന ഈ ശില്‍പ്പം സ്ഥാപിച്ചത്. കടലോരത്ത് മേല്‍ വസ്ത്രങ്ങളില്ലാതെ ഇരിക്കുന്നവര്‍ക്കിടയില്‍ മുഴുവസ്ത്രവും ലൈഫ് ജാക്കറ്റും ധരിച്ച് ഒരാള്‍ ഇരിക്കുന്നു. അയാള്‍ കടല്‍യാത്രക്ക് നിര്‍ബന്ധിപ്പിക്കപ്പെട്ടയാളാണ്. 2015ല്‍ ബാലനായ ഐലന്‍ കുര്‍ദി മെഡിറ്ററേനിയനില്‍ കുടുംബത്തോടൊപ്പം പലായനം ചെയ്യുമ്പോള്‍ മുങ്ങിമരിച്ച സംഭവം, അതിനുമുമ്പ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കടല്‍യാത്രാ ദുരിതങ്ങളും മരണങ്ങളും- ഇവയെ ഓര്‍ക്കുന്നവര്‍ക്ക് ‘ബലൂൺ അഭയാര്‍ഥി’ എന്ന ആശയം മനസ്സിലാക്കാന്‍ എളുപ്പം കഴിയും. കടലിലൂടെ ബോട്ടുകളിലും നാടന്‍ വള്ളങ്ങളിലും സഞ്ചരിച്ച ഇവരെ മാധ്യമങ്ങള്‍ ‘ബോട്ട് പീപ്പിള്‍’ എന്നു വിളിച്ചു. ആ മനുഷ്യരുടെ ജീവിതത്തിലെ ദുരന്താത്മകമായ അനിശ്ചിതത്വങ്ങളെയാണ് ഈ ശില്‍പ്പം ഉള്‍ക്കൊള്ളുന്നത്. കടലില്‍ ബോട്ടില്‍ ഇതേ അഭയാര്‍ഥി ഇരിക്കുന്ന (ബോട്ട് നിറഞ്ഞ് നില്‍ക്കുന്ന ബലൂൺ ശില്‍പ്പമായി) രീതിയിലും പ്രതിഷ്ഠാപനമുണ്ട്. റിച്ചാര്‍ഡ് മൊസേ (അയര്‍ലന്റ്)യുടെ ‘ഇന്‍കമിങ്’ വീഡിയോ പ്രതിഷ്ഠാപനവും ഇതേ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നു. ലൈഫ് ജാക്കറ്റുകളുപയോഗിച്ച് ചൈനീസ് കലാകാരന്‍ ഐ വെയ് വേയ് സാക്ഷാത്കരിച്ച ‘അഭയാര്‍ഥി കല’, കാമുറൂൺ കലാകാരി അത്ജാനി ഒക്‌പെ എജ്‌ബേയുടെ സിറിയന്‍ അഭയാര്‍ഥി ചിത്രങ്ങള്‍ എന്നിവയെല്ലാം ഇതേ സങ്കീര്‍ണ്ണതയെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ്.

പുസ്തകത്തിന്റെ കവര്‍, സ്‌കെലേക്കിന്‍& പെല്‍മാന്റെ ‘ബലൂൺ അഭയാര്‍ഥി’

പുസ്തകത്തിന്റെ അടിസ്ഥാന സത്ത ഉയര്‍ത്തിപ്പിടിക്കാനായി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ബ്യൂട്ടിയിലെ ഫിലിപ്പ് റൂച്ചിന്റെ വാക്കുകള്‍ എഡിറ്റര്‍മാര്‍ ഉദ്ധരിക്കുന്നു; “മനുഷ്യരാശിയുടെ നൈതിക വളര്‍ച്ചക്കുള്ള യഥാർത്ഥ പ്രതീക്ഷ കിടക്കുന്നത് കലയിലാണ്. നൈതിക വിരുദ്ധരെ നേരിടാനുറച്ച കലാപ്രവര്‍ത്തകരാണ് ശരിക്കുമുള്ള പോരാളികള്‍. കല വിഭജനങ്ങളുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പറയുന്നവര്‍ അതുണ്ടാക്കുന്ന പാലങ്ങളെക്കുറിച്ച്, വിവിധങ്ങളായ പരസ്പര ബന്ധങ്ങളെക്കുറിച്ച് അതുവഴി ജനമുന്നേറ്റത്തിനുള്ള പാതകള്‍ സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ച് മനസ്സിലാക്കാത്തവരാണ്.” 1928ല്‍ എഡ്‌വാര്‍ഡ് ബെര്‍നാസ് പറഞ്ഞ കാര്യവും ഇവിടെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു; “കലയിലും രാഷ്ട്രീയത്തിലെ പോലെ ന്യൂനപക്ഷമാണ് ഭരിക്കുന്നത്. കല പക്ഷെ ഭൂരിപക്ഷത്തിലെത്തിച്ചേരുന്നു. പൊതു അഭിപ്രായത്തിന്റെ ശരീരഘടന മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കലക്കേ സാധിക്കൂ.” ബാര്‍ബറ സൈസ്‌മോര്‍ അഭിപ്രായപ്പെടുന്നു; “ഓരോ വിഭാഗങ്ങളും സംഘങ്ങളും ശേഖരിച്ചിട്ടുള്ള കലാവസ്തുക്കളാണ് അതിജീവനത്തിന്റേയും സ്വയംഭരണത്തിന്റേയും സംസ്‌ക്കാരമെങ്കില്‍ തീര്‍ച്ചയായും അതിനെ ചലനക്ഷമമായ സംസ്‌ക്കാരം എന്നു വിളിക്കാം. കാരണം അതൊരു പോരാട്ടമാണ്.”

ഇത്തരത്തില്‍ കലയെക്കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളും പുസ്തകത്തില്‍ സംവാദത്തിനായി ഇടംപിടിച്ചിരിക്കുന്നു. അറബ് വസന്തം എങ്ങിനെ ദീര്‍ഘകാലം കല തന്നെ അസാധ്യമായ രാജ്യങ്ങളില്‍ അത് സാധ്യമാക്കി എന്നതിനെക്കുറിച്ചും അതിന്റെ ഭാഗമായി വന്ന കലാരചനകളെക്കുറിച്ചും വിശദമാക്കുകയും ചെയ്യുന്നു. ‘ലജ്ജയുടെ ഗോപുരം’ പോലുള്ള പ്രതിഷ്ഠാപനങ്ങള്‍ ഇത്തരം ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കുന്നു. യു.എന്‍ എന്നെഴുതിയ ബോര്‍ഡിന് കീഴില്‍ ഷൂസുകളുടേയും ചെരിപ്പുകളുടേയും മലയാണ് ഗോപുരമായി ഇവിടെ മാറിയിരിക്കുന്നത്. അറബ് ലോകത്തെ സാധാരണ സിവിലിയന്‍മാര്‍ക്ക് ഒരിക്കലും നീതി ലഭ്യമാക്കാന്‍ കഴിയാത്ത യു.എന്‍, അവരെ പലായനങ്ങളിലേക്ക് തള്ളിവിട്ട് അവരുടെ ഷൂകള്‍ പോലും ഉപയോഗ ശൂന്യമാക്കുന്ന അന്തരാഷ്ട്ര സമൂഹം ഈ ഷൂമലക്ക് മുന്നില്‍ ലജ്ജിച്ച് തല താഴ്ത്തി നില്‍ക്കുന്നു. സുഡാനിലെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ ഖാലിദ് അല്‍ ബീഹ് അറബ് വസന്ത കലയെക്കുറിച്ച് ഇങ്ങിനെ പറഞ്ഞു; “ഞങ്ങള്‍ അതിമനോഹരമായ ഒരു വിപ്ലവത്തിലൂടെ കടന്നുപോയി. 30 വര്‍ഷത്തിനു ശേഷം മനോഹരമായ അതോടൊപ്പം സമാധാനപരമായ വിപ്ലവത്തിലൂടെ. അതില്‍ സിംഹഭാഗവും കലയുടെ പ്രവര്‍ത്തനമായിരുന്നു. നിങ്ങള്‍ ആ സമയത്ത് വിവിധ രാജ്യങ്ങളിലെ തെരുവുകളില്‍ ഗ്രാഫിറ്റികള്‍ കണ്ടു. ജനങ്ങള്‍ തെരുവുകല ഇഷ്ടപ്പെടുന്നതുകൊണ്ടായിരുന്നില്ല അത്, അവര്‍ക്ക് തങ്ങളെ സ്വയം ആവിഷ്‌ക്കരിക്കേണ്ടതുണ്ടായിരുന്നു.”

ആധുനിക ചിത്ര-ശില്‍പ്പകലയും അതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും യൂറോ സെന്‍ട്രിക്ക് ആയി നില നില്‍ക്കുന്നതിനേയും പുസ്തകം വിമര്‍ശിക്കുന്നു. ചിത്ര-ശില്‍പ്പകലകളെല്ലാം ഉണ്ടായത് യൂറോപ്പിലായിരുന്നുവെന്നും ലോകത്തിലെ മറ്റു സ്ഥലങ്ങള്‍ക്ക് ഇതില്‍ കാര്യമൊന്നുമില്ലെന്നുമുള്ള വാദത്തെ (നോവലുണ്ടായത് യൂറോപ്പിലാണെന്ന് വാദിക്കുന്നതു പോലെ തന്നെ) പുസ്തകം ടിം ബാരിഞ്ചറുടെ 2020ലെ ഡീ കോളനൈസിംഗ് ആർട്ടി ഹിസ്റ്ററിയിലെ നിലപാടുകളുപയോഗിച്ച് പുതിയ സംവാദ മുഖത്തേക്ക് നയിക്കുന്നു. ടിം ബാരിഞ്ചര്‍ പറഞ്ഞു; “നില നില്‍ക്കുന്ന കലാചരിത്രം കൊളോണിയല്‍ എംപയറുടെ സൃഷ്ടിയാണ്. അവയെല്ലാം ആ ചക്രവര്‍ത്തിമാരുടെ ഉല്‍പ്പന്നങ്ങളും. കലാചരിത്രം നിഷ്‌ക്കളങ്കമായ ഒന്നാണെന്ന് ഒരിക്കലും നിങ്ങള്‍ കരുതരുത്. ഇത് മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ കലാചരിത്രത്തിന്റെ അപകോളനീകരണം സാധ്യമാകൂ.”

റിച്ചാര്‍ഡ് മൊസേയുടെ ‘ഇന്‍കമിങ്’

ഇത്തരത്തില്‍ കലയുമായി ബന്ധപ്പെട്ട നിരവധി സംവാദ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെട്ടതാണ് The Art of Protest. അതിലുള്ള അഭിപ്രായങ്ങളോട് പലരും വിയോജിക്കും എന്നുറപ്പാണ്. പക്ഷെ ആ വാദങ്ങളെ ഇന്ന് ജീവിക്കുന്ന ഒരാള്‍ക്ക് പൂര്‍ണ്ണമായും അവഗണിക്കാനാകില്ല. ജനതയുടെ സ്വയംഭരണാവകാശത്തെ ഇറാഖിന്റെ പശ്ചാത്തലത്തില്‍ കലാ സൈദ്ധാന്തികന്‍ വിശദീകരിക്കുന്നത് നോക്കാം. “1970തുകളില്‍ ഇറാഖില്‍ 30 മില്യൺ ഈന്തപ്പനകളുണ്ടായിരുന്നു. 2003ല്‍ ഇറാഖ് യുദ്ധം അവസാനിക്കുമ്പോള്‍ അത് മൂന്ന് മില്യണായി ചുരുങ്ങി. ഒരു ജനത, അവരുടെ ഇക്കോളജി എങ്ങിനെയാണ് ചുരുങ്ങിയത് എന്നു പറയാന്‍ ഇതില്‍പ്പരം മറ്റൊരു ഉദാഹരണമാവശ്യമില്ല. ഈ ശോഷിപ്പിക്കലിന്റെ ചരിത്രത്തിലൂടെയാണ് കൊളോണിയല്‍ കാലത്തും യൂറോപ്പ് സമ്പത്തുണ്ടാക്കിയത്. പില്‍ക്കാലത്ത് അമേരിക്കയും ഇതേ മാതൃക പിന്തുടരുന്നു. കലയുടെ ചരിത്രം രചിക്കുന്നവര്‍ പറയുന്നു എല്ലാം യൂറോപ്പിലാണുണ്ടായത്. അതെങ്ങിനെ അംഗീകരിക്കാന്‍ കഴിയും? അതിനാല്‍ രാഷ്ട്രീയ കല എന്ന ആശയത്തിന് വലിയ പ്രാധാന്യമുണ്ട്, കാരണം അത് യൂറോ-കൊളോണിയല്‍ കലയെ ചോദ്യം ചെയ്യുന്നു, അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു.” കലയുടെ പൊളിച്ചെഴുത്ത് എന്ന ശീര്‍ഷകത്തില്‍ ഗ്രന്ഥത്തിലുള്ള ഫ്രാന്‍സ്‌സിക്ക ഗാവിന്റെ ലേഖനമാണ് ഇത്തരത്തിലുള്ള ചര്‍ച്ചക്ക് കളമൊരുക്കുന്നത്. ഇവ്വിധം രചനകള്‍ക്കൊപ്പം രാഷ്ട്രീയ കലയുടെ സൈദ്ധാന്തികരുടെ വാദങ്ങളും ഈ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ശുദ്ധകല/രാഷ്ടീയ കല എന്ന ബൈനറി ഉണ്ടാക്കുന്നതിന് പകരം കലാ ചരിത്രം യൂറോ കലയുടെ മാത്രം ചരിത്രമായത് എങ്ങിനെയെ ചോദ്യമാണ് ഗാവിനടക്കമുള്ളവര്‍ ചോദിക്കുന്നത്.

ഫെമിനിസ്റ്റ് ആര്‍ട്ടിനെക്കുറിച്ചും പുസ്തകം ചര്‍ച്ച ചെയ്യുന്നു. വംശീയത, സ്ത്രീവിരുദ്ധത, ട്രാന്‍സ് അവകാശങ്ങള്‍, വര്‍ഗീയത എന്നീ പ്രശ്‌നങ്ങളെയാണ് ഇന്നത്തെ ഫെമിനിസ്റ്റ് ആര്‍ട്ട് അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്നും വ്യത്യസ്തമായി 21-ാം നൂറ്റാണ്ടില്‍ കലയില്‍ സംഭവിച്ച വലിയ മാറ്റങ്ങളിലൊന്ന് സ്ത്രീ കലാകാരികളെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്നതാണ്. കലാചരിത്രമെഴുതുന്നവരും ക്യുറേറ്റര്‍മാരും ഈ തിരിച്ചറിവിലേക്കെത്തിയതോടെ കലയില്‍ വേണ്ടവിധം കേള്‍ക്കപ്പെടാതെ പോയ പെൺ ശബ്ദം അതിന്റെ എല്ലാ ശക്തികളോടെയും കേള്‍ക്കാന്‍ കഴിഞ്ഞു. എന്നു മാത്രമല്ല പ്രവാസികളായ സ്ത്രീകളുടെ രചനകള്‍ പുതിയ ആശയ സംവാദ മണ്ഡലങ്ങളുമായി കലയിലും അതിന്റെ ചരിത്രത്തിലും ഉയർന്നുവന്നു. അവര്‍ പലരും യൂറോപ്പിലുള്ളവരോ യൂറോപ്യന്‍ വേരുകളുള്ളവരോ ആയിരുന്നില്ല. മിക്കവരും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതുവരെ ഒരു പക്ഷെ ഉയർന്നു കേള്‍ക്കാന്‍ കഴിയാതിരുന്ന ലോകത്തിന്റെ മൊത്തത്തിലുള്ള ശബ്ദം ഈ നൂറ്റാണ്ടില്‍ കലയിലൂടെ കേള്‍ക്കാന്‍ തുടങ്ങിയത് ഇങ്ങിനെയാണെും വാദിക്കുന്നു.

അമേരിക്കന്‍ രാഷ്ട്രീയം, പ്രത്യേകിച്ചും ബുഷ്, ട്രംപ് കാലഘട്ടങ്ങളെ പൊളിച്ചെഴുതുന്ന നിരവധി കലാരചനകള്‍ ഈ താളുകളിലുണ്ട്. സദ്ദാമിന്റെ കൊട്ടാരത്തില്‍ നിന്നും കടത്തിയ പാത്രങ്ങളില്‍ അമേരിക്കന്‍ സമ്പന്നര്‍ ഭക്ഷണം കഴിക്കുന്നു എന്ന സങ്കല്‍പ്പമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഓരോ ജനവിഭാഗത്തിന്റേയും അന്തസ്സ് കെടുത്തിക്കളഞ്ഞതില്‍ അമേരിക്കയുടെ പങ്ക് പ്രത്യേകമായി വിശകലനം ചെയ്യപ്പെടുന്നു. പല ജനതകളുടേയും ദേശങ്ങളെ അവര്‍ക്ക് നഷ്ടപ്പെടുത്തിയതിനെ സിറിയന്‍-പലസ്തീന്‍ എഴുത്തുകാരന്‍ സരി ഹനഫി വിശേഷിപ്പിച്ചത് Spacio-cide എന്നായിരുന്നുവെന്ന് പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. Suicide എന്ന വാക്കിലെ അവസാന ഭാഗമെടുത്ത് സ്ഥലം എന്ന വാക്കുമായി ചേര്‍ത്ത് ഹനഫിയുണ്ടാക്കിയതാണ് ഈ പദം. സ്ഥലഹത്യയുടെ/അടിച്ചോടിക്കലുകളുടേയും കുടിയിറക്കുകളുടേയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്രത്തെ ഈ പദം മാഞ്ഞുപോകാത്ത വിധം കൊത്തിവെച്ചിരിക്കുന്നു.

ലൈഫ് ജാക്കറ്റുകളുപയോഗിച്ച് ചൈനീസ് കലാകാരന്‍ ഐ വെയ് വേയ് ബെര്‍ലിനില്‍ സാക്ഷാത്കരിച്ച അഭയാര്‍ഥി കല

ഒരു ഇന്ത്യന്‍ കലാകാരന്റെ രചന മാത്രമാണ് പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മലയാളിയായ സാജന്‍ മണിയുടെ ‘Alphabet of Touch >< Overstretched Bodies and Muted Howls for Songs’ ആണ് ഈ രചന. (ഇതിന്റെ മറ്റൊരാഖ്യാനം caste-pital എന്ന ശീര്‍ഷകത്തില്‍ ആലപ്പുഴയില്‍ ലോകമേ തറവാടില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്) പെര്‍ഫോമന്‍സ് ആർട്ടായ ഈ രചന പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളെ പ്രധാനമായും പിന്തുടരുന്നു. സാജന്‍ മണിയെക്കുറിച്ചും അദ്ദേഹത്തിന്റെ രചനയെക്കുറിച്ചും ഇങ്ങിനെ വായിക്കാം: “പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട കേരളത്തിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കുടുംബത്തിലംഗമായ സാജന്‍ മണി തന്റെ വിഭജിതമായ സ്വത്വത്തെക്കുറിച്ച് വരക്കുന്നു. സ്വന്തം ശരീരം തന്നെ ഉപയോഗിച്ചാണ് ഈ കലാരൂപത്തില്‍ അദ്ദേഹം തന്നെക്കുറിച്ചും കൊളോണിയില്‍ ചരിത്രത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതിലൂടെ അധികാരം, വേദന, മുതലാളിത്തം തുടങ്ങിയ കാര്യങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കപ്പെടുന്നു. സ്വന്തം ശരീരവുമായി താന്‍ തന്നെ നടത്തുന്ന കൂടിക്കാഴ്ച്ച ചരിത്രത്തെ നോക്കിക്കാണാനുള്ള സാമൂഹ്യ രാഷ്ട്രീയ രൂപകമായി മാറുന്നതായി മണി പറയുന്നു. റബര്‍ ഒരേ സമയം ഭയപ്പെടുത്തുന്നതും പ്രതീകാത്മകവുമായ ഒന്നായി മണിയുടെ രചനകളില്‍ മാറുന്നു. മണി തന്റെ ശരീരഛായയെ റബര്‍ ഷീറ്റുകളില്‍ സ്‌ക്രീന്‍ പ്രിന്റിലാക്കി “Unlearning lessons from my father” എന്ന രചനയുടെ മെറ്റീരിയലിലേക്ക് അച്ഛന്‍ റബ്ബര്‍ ടാപ്പിംഗ് നടത്തുന്ന ഫൂട്ടേജ് പ്രൊജക്ട് ചെയ്ത് കലാകൃതി ആവിഷ്‌ക്കരിച്ചിരുന്നു. സ്വന്തം അനുഭവങ്ങളില്‍ നിന്നു തന്നെ സാമൂഹ്യ-കൊളോണിയല്‍ ചരിത്രത്തെ, അടുപ്പമുള്ള ഒപ്പം രാഷ്ട്രീയവുമായ ചരിത്രത്തെ നോക്കിക്കാണാനുള്ള ശ്രമമാണ്. കൊളോണിയല്‍ കാലത്തും അതിനുശേഷവും കേരളത്തിലുള്ള റബര്‍ കൃഷിയും അതിലെ കൂലിത്തൊഴിലാളിയും ആ ചരിത്രവുമാണ് മണി വികസിപ്പിച്ചെടുക്കുന്നത്.

സാജന്‍ മണിയുടെ പെര്‍ഫോമന്‍സ് ആര്‍ട്ടില്‍ നിന്നും

ഇന്ത്യയിലെ ദളിതര്‍ അനുഭവിക്കുന്ന കൊടിയ ഹിംസയെയാണ് ഈ കലാകാരന്‍ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയില്‍ ഞാന്‍ അപരനാണ്, യൂറോപ്പിലുമതെ സാജന്‍ മണി പറയുന്നു. കേരളത്തിലെ (ഇന്ത്യയിലെ) പ്രതിഷേധ ചരിത്രത്തില്‍ നിന്നുമാണ് ഈ കലാകാരന്‍ തന്റെ രചനകള്‍ക്കുള്ള ഊര്‍ജം സംഭരിക്കുന്നത്. ഈ പെര്‍ഫോമന്‍സ് കലയുടെ ശീര്‍ഷകം പൊയ്കയില്‍ അപ്പച്ചന്റെ (ദളിത് പോരാളി, കവി, മുന്‍ അടിമ, തൊട്ടുകൂടാത്തവന്‍) പ്രതിഷേധ ഗാനങ്ങളില്‍ നിന്നുമെടുത്തതാണ്. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് മണി ബര്‍ലിനിലെ ഒരു ഗ്യാലറിയില്‍ നടത്തിയത്. ഗ്യാലറി ചുമരുകളില്‍ പൊയ്കയില്‍ അപ്പച്ചന്റെ ഗാനങ്ങളെഴുതുന്നതായിരുന്നു ഈ കലാവിഷ്‌ക്കാരത്തിന്റെ ഉള്ളടക്കത്തിന്റെ കേന്ദ്ര ബിന്ദു. ഇവിടെ ആഖ്യാനം ഭൗതികവും ആശയപരവുമായി പ്രവര്‍ത്തിച്ചു. സമകാലിക പാരിസ്ഥിതിക പ്രതിസന്ധി, കുടിയേറ്റം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയവയും ഈ രചനയില്‍ ഇഴചേർന്നു നില്‍ക്കുന്നു. ഇന്നും ചര്‍ച്ചയാകുന്ന ‘ഇന്ത്യത്വം’ എന്നത് എന്തു മാത്രം പടിഞ്ഞാറന്‍ നിര്‍മ്മിതിയാണെന്ന വിമര്‍ശനവും സാജന്‍ മണി ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നു: 2020ല്‍ ഈ പ്രദര്‍ശനം നടക്കുമ്പോള്‍ ഇറക്കിയ ബ്രോഷറിലെ ആന്റണി ജോര്‍ജ് കൂത്തനാടിയുടെ ലേഖനത്തിന്റെ ഉപശീര്‍ഷകം, ‘ചെകുത്താന്റെ പാലും ദൈവത്തിന്റെ സ്വന്തം നാടും’ എന്നതാണ്. റബ്ബര്‍ തൊഴിലാളിയിലേക്കുള്ള ഈ നോട്ടം കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായതാണ്. റബര്‍ പാലും മനുഷ്യ രക്തവും തീര്‍ക്കുന്ന സമാന്തരങ്ങളെ ഈ ലേഖനം വിശകലനം ചെയ്യുന്നുണ്ട്. നിലനില്‍ക്കുന്ന ചരിത്ര-സാമൂഹിക-സാംസ്‌ക്കാരിക പഠനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലേഖനമാണിത്. സാജന്‍ മണി ഉന്നയിക്കുന്ന വ്യത്യസ്തകള്‍ ലേഖനത്തേയും സംവാദ മുഖത്തേക്ക് എത്തിച്ചിരിക്കുന്നു. അതുവഴി കലാപ്രദര്‍ശന ബ്രോഷറുകളുടെ ചരിത്രവും മാറ്റി എഴുതപ്പെടുന്നു. ജാതിയുടെ പല അടരുകള്‍ സാജന്‍ മണിയും ആന്റണി ജോര്‍ജും ഇവിടെ വ്യക്തമാക്കുന്നു. The Art of Protest ല്‍ ഉള്ള ഏക ഇന്ത്യന്‍/കേരള കലാകൃതി ജാതി എന്ന പ്രശ്‌നത്തെ അടിത്തട്ടില്‍ നിന്നു തന്നെ നോക്കിക്കാണുന്നു.

എദെല്‍ റോഡ്‌റിഗസിന്റെ ‘സഹിഷ്ണുത’

2021 കടന്നുപോകുമ്പോള്‍ കേരളത്തിന്റെ ലോഗോ എന്താണെതിനെക്കുറിച്ചുള്ള ചിന്തയിലേക്കും ഈ പുസ്തകം കൂട്ടിക്കൊണ്ടുപോയി. മറ്റൊരു തരത്തിലുള്ള പ്രവചനാത്മകതയിലേക്ക്. ക്യൂബ-യു.എസ്.എ കലാകാരനായ എദെല്‍ റോഡ്‌റിഗസിന്റെ 2018ലെ ‘സഹിഷ്ണുത’ എന്ന പോസ്റ്റര്‍ കലാരചനയാണ് ഇങ്ങിനെ ഒരാലോചനയിലേക്കെത്തിച്ചത്. ചുംബിക്കുന്ന രണ്ടു കത്തികള്‍ ഇതില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. കറുത്ത പിടിയുള്ള (മുഖമുള്ള) കത്തിക്ക് വെളുത്ത ശരീരവും വെളുത്ത മുഖമുള്ള കത്തിക്ക് കറുത്ത ശരീരവുമാണ്. എദെല്‍ റോഡ്‌റിഗ്‌സ് പറയുന്നു; “എന്തു നടക്കുമ്പോഴും ഒരാള്‍ക്ക് ലാഭമുണ്ടാകുന്നു, മറ്റൊരാള്‍ ഇരയാകുന്നു.” രാഷ്ട്രീയക്കൊല മുതല്‍ പ്രണയക്കൊലവരെയുള്ള ഹിംസകള്‍. ഡിജിറ്റല്‍ ഹിംസകള്‍, വന്‍കിട പദ്ധതികളുടെ പേരിലുള്ള ഹിംസകള്‍, മതഹിംസകള്‍, ദത്തിന്റെ പേരില്‍… അങ്ങിനെ ‘കേരള മോഡലി’ന്റെ ഉള്ള് കീറി പരസ്പരം ചുംബിക്കുന്ന ഈ കത്തികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി തോന്നി. അഹിംസാവാദികളെന്ന് നടിക്കുന്ന ഹിംസാ പ്രായോഗികരുടെ ഉള്‍ക്കീശകളിലുള്ളത് ഈ കത്തികള്‍ തന്നെയല്ലേ?

(ഫീച്ചേർഡ് ഇമേജ്: വ്‌ളാദമീര്‍ ടര്‍ണര്‍ ജൈവ മാസ്‌ക്ക് അണിഞ്ഞ് ബാങ്കോക്ക് തെരുവില്‍)

Also Read

10 minutes read December 26, 2021 5:15 am