ആൻഫ്രാങ്കിന്റെ ഒറ്റുകാരനും കൊടുംഭയത്തിന്റെ കടംകഥകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓഫ്‌റോഡ്-16

‘പത്തു വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിൽ ആംസ്റ്റർഡാമിലെ ഒരു വീടിന്റെ തട്ടിൻപുറത്ത് നിൽക്കുകയായിരുന്ന എന്റെ മനസ്സിലേക്ക് ഒരു ചോദ്യം ചാട്ടുളിപോലെ തുളഞ്ഞു കയറി. ‘ദ ഡയറി ഓഫ് എ യങ്‌ഗേൾ’ എന്ന മനുഷ്യ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ പുസ്തകത്തിന്റെ രചയിതാവായിരുന്ന ആൻ ഫ്രാങ്ക് ജീവിച്ചിരുന്ന തട്ടിൻപുറത്തായിരുന്നു ഞാൻ നിന്നത്. 1942 മുതൽ 1944 വരെ അവിടെ ഒളിവിൽ താമസിക്കുമ്പോഴായിരുന്നു ആൻ ഈ പുസ്തകമെഴുതിയത്. പതിനാറാം വയസ്സിൽ ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ച് ആ പെൺകുട്ടി കൊല്ലപ്പെട്ടു. ഒരു ജൂത ആയിരുന്നു എന്നതായിരുന്നു അവൾ ചെയ്ത കുറ്റം. രണ്ടു കൊല്ലത്തോളം ആ തട്ടിൻപുറത്ത് ഒളിവിൽ താമസിച്ച ഫ്രാങ്ക് കുടുംബത്തെ ആരോ ഒറ്റിക്കൊടുക്കുകയായിരുന്നു. ഒരു സാധാരണ മനുഷ്യനായിരിക്കും ഒരു മനസാക്ഷിക്കുത്തുമില്ലാതെ ആ കുടുംബത്തെ കൊടിയ പീഡനത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടത്.’ (സുധീഷ് എഴുവത്ത്/ ഓഷ്‌വിറ്റ്‌സ് ഫോട്ടോഗ്രാഫുകളുടെ പ്രദർശന കാറ്റലോഗ് ‘യുവേഴ്‌സ് ഈസ് നോട് ടു റീസൺ വൈ’യിൽ  (ടെർമേഴ്‌സ് ഫ്രം ഓഷ് വിറ്റ്‌സ്) എഴുതിയത്. സുധീഷിന്റെ ഓഷ്‌ വിറ്റ്‌സ് ചിത്രങ്ങളുടെ പ്രദർശനം 2021 ഒക്ടോബർ 16-29ന് എറണാകുളം ദർബാൾ ഹാളിൽ നടന്നിരുന്നു).

2019ൽ ആംസ്റ്റർഡാമിൽ ആൻഫ്രാങ്ക് ഹൗസ് മ്യൂസിയം കാണുമ്പോൾ ഇതേ ചോദ്യം, ഈ കുടുംബത്തെ ആരാണ് നാസികൾക്ക് ഒറ്റിയത്? ഞാനും അഭിമുഖീകരിച്ചു.  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള സന്ദർശകരും സഞ്ചാരികളും ഗൈഡുമാരോടും മ്യൂസിയത്തിനു തൊട്ടടുത്തുള്ള കടകളിലുള്ളവരോടും തെരുവുചിത്രകാരന്മാരോടും ഇതേ ചോദ്യം ആവർത്തിച്ചു. 80 വർഷമായി ലോകം ഈ ചോദ്യത്തിനുളള ഉത്തരം തേടുന്നു. പല അനുമാനങ്ങളും സൂചനകളും ഇക്കാര്യത്തിൽ പലപ്പോഴായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവയൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല. ഇതേ ചോദ്യത്തിനുള്ള ഉത്തരം തേടി റോസ് മേരി സള്ളിവനെഴുതിയ പുസ്തകം ‘The betrayal of Anne Frank: A cold case investigation’  ഈ മാസം 17ന് പുറത്തിറങ്ങി. പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ ഇതിനോടകം സജീവമായിരിക്കുന്നു.

‘ദ ബിട്രെയൽ ഓഫ് ആൻഫ്രാങ്ക്’ കവർ

ആംസ്റ്റർഡാമിൽ ഡച്ച് നോട്ടറിയായി ജോലി ചെയ്തിരുന്ന ജൂത കൗൺസിൽ അംഗമായിരുന്ന ആർനോൾഡ് വാൻ ഡെൻ ബെർഗ് ആണ് ഒറ്റുകാരനെന്ന് ഈ പുസ്തകം സമർത്ഥിക്കുന്നു. ജൂത കൗൺസിലിൽ അംഗങ്ങളായവർക്ക് നാസി സംരക്ഷണം ലഭിക്കുമെന്നും അങ്ങിനെയുള്ളവർ ഒളിച്ചു താമസിക്കുന്ന ജൂതരെ തങ്ങൾക്ക് കാണിച്ചുതരണമെന്നും നാസിപ്പട ആവശ്യപ്പെടുകയായിരുന്നു. തങ്ങളുടേയും കുടുംബങ്ങളുടേയും രക്ഷയ്ക്കുവേണ്ടി ജൂത കൗൺസിലിലുള്ള പലരും ഒറ്റുകാരായി. ആൻഫ്രാങ്കും കുടുംബവും ഒളിവിൽ താമസിക്കുന്ന കാലത്ത് ആംസ്റ്റർഡാമടക്കമുള്ള നെതർലൻഡ്‌സ് പ്രദേശങ്ങളിൽ 30,000ത്തോളം ജൂതർ ഒളിവിൽ കഴിയുന്നുണ്ടായിരുന്നു. ഭൂരിഭാഗവും പിടിക്കപ്പെട്ടു. അപൂർവ്വം ചിലർ രക്ഷപ്പെട്ടു. നാസികൾ സൃഷ്ടിച്ച കൊടുംഭയത്തിൽ ജൂതർ തന്നെ ജൂതരുടെ ഒറ്റുകാരായി മാറിയതിന്റെ ചരിത്രം കൂടിയായി അതിനാൽ ഈ പുസ്തകം മാറുന്നു. ലോകത്തെങ്ങും ഒറ്റുകാരെ സൃഷ്ടിക്കുതിൽ പ്രധാന പങ്കുവഹിച്ചത് (അതല്ലാത്ത കാരണങ്ങൾ ഇല്ലെന്നല്ല) ഇതിനു സമാനമായ സന്ദർഭങ്ങൾ, കൊടുംഭയങ്ങൾ തന്നെയായിരുന്നുവെന്നും പുസ്തകം ഓർമ്മിപ്പിക്കുന്നു.

ആർനോൾഡ് വാൻ ഡെൻ ബെർഗിന് ഡച്ച് നോട്ടറി എന്ന നിലയിൽ ആംസ്റ്റർഡാമിലെ വൻകിട സ്ഥാപനങ്ങളുമായി ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ഥാപനങ്ങളുടെ വിൽപ്പന-വാങ്ങലിന് നോട്ടറിയുടെ സർട്ടിഫിക്കറ്റ് അനിവാര്യമായിരുന്നു. അങ്ങിനെ അന്നത്തെ അവിടുത്തെ സമൂഹത്തിൽ വാൻ ഡെൻ ബെർഗ് പ്രശസ്തനായിരുന്നു. ചിത്രങ്ങളും ശിൽപ്പങ്ങളും ആന്റിക്കുകളും മറ്റു കലാവസ്തുക്കളും ശേഖരിച്ചു വിൽക്കുന്ന ആംസ്റ്റർഡാമിലെ Goudstikker എന്ന സ്ഥാപനത്തിന്റെ നോട്ടറിയായിരുന്നു വാൻ ഡെൻ ബെർഗ്. നാസികളിൽ പലരും യുദ്ധകാലത്ത് വിഖ്യാത ചിത്രകാരന്മാരുടേയും ശിൽപ്പികളുടേയും ആവിഷ്‌ക്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഭാവിയിലേക്കുള്ള വൻ നിക്ഷേപം എന്ന നിലയിലാണ് അവർ ഇങ്ങിനെ ചെയ്തിരുന്നത്. ഹിറ്റ്‌ലർ കഴിഞ്ഞാൽ നാസി നേതൃത്വ നിരയിലെ രണ്ടാമൻ ഹെർമൻ ഗോറിങ്ങിന് കലാവസ്തുക്കൾ സ്വന്തമാക്കുന്ന പരിപാടിയുണ്ടായിരുന്നു. റെംബ്രാൻഡും വാൻഗോഗും അടക്കമുള്ള ആംസ്റ്റർഡാം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ചിത്രകാരന്മാരുടെ രചനകളിൽ ഗോറിങ്ങിന് കണ്ണുണ്ടായിരുന്നു. ഒരിടനിലക്കാരൻ വഴി Goudstikker ൽ ഉണ്ടായിരുന്ന റെംബ്രാൻഡ് പെയിന്റിങ് വാൻ ഡെൻ ബെർഗ് ഏറെക്കുറെ സൗജന്യമായി ഗോറിങ്ങിന് കൈമാറി. ഈ ചിത്രം പിൽക്കാലത്ത് ഹിറ്റ്‌ലറുടെ സ്വകാര്യ ശേഖരത്തിൽ നിന്നും കണ്ടെത്തുകയും ചെയ്തു. സത്യത്തിൽ Goudstikker ആർട്ട് ഹൗസിലെ വസ്തുക്കൾ നോട്ടറി എന്ന സ്വാധീനമുപയോഗപ്പെടുത്തി വൻ ഡെൻ ബെർഗ് ഹിറ്റ്‌ലറിലേക്ക് പോലും എത്തിച്ചു. ജൂതനായിരിക്കത്തന്നെ നാസി ഉന്നതരുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവായി ഇക്കാര്യം പുസ്തകം ഉയർത്തിക്കാണിക്കുന്നു. ഹിറ്റ്‌ലർ അടക്കമുള്ളവർ സ്വകാര്യ സ്വത്തുണ്ടാക്കാൻ ജൂതരെ തന്നെ എങ്ങിനെ ഉപയോഗപ്പെടുത്തിയെന്ന, ചരിത്രം അധികം ചർച്ച ചെയ്തിട്ടില്ലാത്ത ഒരു കാര്യം കൂടി ഇതിലൂടെ തെളിയുന്നു. കൊടുംഭീകരതയുടെ നാളുകളിൽ നാസി ഉന്നതരെ ഇത്തരത്തിൽ സ്വാധീനിക്കുന്നത് തന്നെപ്പോലുള്ളവരുടെ ജീവൻ രക്ഷിക്കുമെന്ന് വാൻ ഡെൻ ബെർഗിനെപ്പോലുള്ളവർ മനസ്സിലാക്കിയിരുന്നു.  ഈ സന്ദർഭത്തിലേക്കാണ് പുസ്തകം വായനക്കാരെ പ്രധാനമായും കൂട്ടിക്കൊണ്ടുപോകുന്നത്.

ആൻഫ്രാങ്കിനെപ്പോലുള്ള കുട്ടികളെ നാസികൾ എന്തിന് ഇരകളാക്കി? ഓഷ്‌വിറ്റ്‌സിൽ (ആംസ്റ്റർഡാമിൽ നിന്നും പിടികൂടിയ ഫ്രാങ്ക് കുടുംബത്തെ തെക്കൻ പോളണ്ടിലെ മരണ നരകക്കുഴിയായ ഓഷ്‌വിറ്റ്‌സ് കോൺസെൻട്രേഷൻ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്) രേഖപ്പെടുത്തിയിട്ടുള്ള ഒരു ഉദ്ധരണി ഇക്കാര്യം വ്യക്തമാക്കുന്നു. നാസിപ്പടയിലെ ഒരു എസ്.എസ്. ഓഫീസർ പറയുന്നു; “കുട്ടികൾ ആ സന്ദർഭത്തിൽ ശത്രുക്കളായിരുന്നില്ല. പക്ഷെ അവർക്കുള്ളിലെ രക്തമായിരുന്നു ശത്രു”. സുധീഷ് എഴുവത്ത് ഈ ഉദ്ധരണി ഫോട്ടോപ്രദർശനത്തിന്റെ കാറ്റലോഗിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം കുട്ടികളുടെ ഒരു ചിത്രവും. ആ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങിനെ: ‘സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാൽ ഈ ചിത്രത്തിലെ കുട്ടികൾ ഗ്രാമപ്രദേശത്ത് നടക്കുന്നവരോ വിനോദസഞ്ചാരത്തിന് എത്തിയവരോ ആണെന്ന് തോന്നാം. എന്നാലിവർ ഓഷ്‌വിറ്റ്‌സിലെ വിഷവാതക ചേമ്പറിലേക്കുള്ള യാത്രയിലാണ്. മരണത്തിലേക്കാണ് അവർ നടന്നു നീങ്ങുന്നത്.’ ഓഷ്‌വിറ്റ്‌സിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ ചിത്രം പോളണ്ടിൽ നിന്നും വന്ന കുട്ടികളുടെ (കൈക്കുഞ്ഞിനെയെടുത്ത ഒരു സ്ത്രീയേയും ചിത്രത്തിൽ കാണാം)താണ്. ഇതേപോലെയാണ് ആൻഫ്രാങ്കും കുടുംബവും ഓഷ്‌വിറ്റ്‌സിൽ വന്നിറങ്ങിയത്. അങ്ങിനെ എത്രയോ കുടുംബങ്ങൾ, മനുഷ്യർ. ഇക്കാര്യം നമ്മെ കൃത്യമായി ഓർമ്മപ്പെടുത്തുന്നു സുധീഷ് എഴുവത്തിന്റെ ഓഷ്‌വിറ്റ്‌സ് ഫോട്ടോഗ്രാഫ് രേഖാവൽക്കരണം.

ആൻഫ്രാങ്ക് ​ഗ്രാഫിറ്റി

ഓഷ്‌വിറ്റ്‌സിൽ നിന്നും അതിജീവിച്ച ആൻഫ്രാങ്കിന്റെ അച്ഛൻ ഓട്ടോഫ്രാങ്കിന് ഒരിക്കൽ ഒരു അജ്ഞാതന്റെ കത്ത് ലഭിച്ചു. അതിൽ പറഞ്ഞു, നിങ്ങൾ ഒളിച്ചുതാമസിച്ചതിനെക്കുറിച്ച് ഒറ്റിയത് വാൻ ഡെൻ ബെർഗ് ആണ്. യുദ്ധക്കുറ്റങ്ങളുടെ ഭാഗമായി തന്നേയും കുടുംബത്തേയും ഒറ്റിയത് ആരെന്നറിയാൻ ഓട്ടോഫ്രാങ്ക് പിൽക്കാലത്ത് പല നിലയിലും ശ്രമിച്ചിരുന്നു. രണ്ടാം ലോക യുദ്ധത്തിനു ശേഷം ആംസ്റ്റർഡാം പൊലീസിനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഓട്ടോഫ്രാങ്ക് സമീപിച്ചു. എന്നാൽ തനിക്ക് ലഭിച്ച അജ്ഞാതന്റെ സന്ദേശം പിന്നീട് ആൻഫ്രാങ്ക് മ്യൂസിയത്തിലെ ഒരു ട്രസ്റ്റിയെ ഏൽപ്പിച്ചുവെന്ന് പറഞ്ഞ് ഓട്ടോ ഒഴിഞ്ഞു. 1980ൽ ശ്വാസകോശ അർബുദം ബാധിച്ചു മരിക്കുന്നതുവരെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആരുമായെങ്കിലും ആശയ വിനിമയത്തിന് ശ്രമിച്ചതിന് തെളിവുകളുമില്ലെന്ന് പുസ്തകം പറയുന്നു. വാൻ ഡെൻ ബെർഗ് രണ്ടാം ലോകയുദ്ധം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞ് 1950 ൽ തൊണ്ടയിൽ അർബുദം ബാധിച്ച് മരിക്കുകയും ചെയ്തു.

എന്തുകൊണ്ട് വാൻ ഡെൻ ബെർഗിന്റെ കാര്യത്തിൽ ഓട്ടോഫ്രാങ്ക് മൗനം പാലിച്ചു. “ജൂതൻ തന്നെയായിരുന്നു ഒറ്റുകാരൻ എന്ന വസ്തുത വീണ്ടും ആന്റിസെമിറ്റിക്ക് വികാരപ്രകടനങ്ങൾക്ക് കാരണമായേക്കാമെന്നതാകാം ഒരു കാരണം. മറ്റൊന്ന് ഈ പ്രശ്‌നത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുക വാൻ ഡെൻ ബെർഗിന്റെ ഭാര്യയും മക്കളുമാകാം എന്നതുമാകാം. അല്ലെങ്കിൽ അജ്ഞാതൻ നൽകിയ വിവരത്തെക്കുറിച്ചുള്ള അന്വേഷണം വെറും അഭ്യൂഹം എന്ന നിലയിൽ തള്ളിക്കളഞ്ഞതുമാകാം”. ഇതാണ് പുസ്തകം നൽകുന്ന വിശദീകരണം. ഈ പുസ്തക രചന റോസ്‌മേരി സള്ളിവൻ ഒറ്റക്കു നടത്തിയതാണെങ്കിലും അഞ്ചു വർഷമായി ഏതാണ്ട് 200 പേരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിന്റെ രേഖയാണിത്. ഇത്തരമൊരു അന്വേഷണം സിനിമയാക്കണമെന്ന ഉദ്ദേശത്തോടെ ഡച്ച്  മാധ്യമ പ്രൊഡ്യൂസർ പീറ്റർ വാൻ ട്വിസ്‌ക്കാണ് ഈ ഉദ്യമത്തിനൊരുങ്ങുന്നത്. എഫ്.ബി.ഐയിൽ നിന്നും പിരിഞ്ഞ മുതിർന്ന ഡിറ്റക്ടീവ് വിൻസ് പാൻകോക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിച്ചത്. കുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനുപയോഗിക്കുന്ന എല്ലാ ആധുനിക സംവിധാനങ്ങളും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തിയതായി പാൻകോക്ക് അവകാശപ്പെടുന്നു. ഒപ്പം രേഖകൾ പരിശോധിക്കാനായി നിർമിത ബുദ്ധിയും ഉപയോഗിച്ചു. ഇതിനായി ആംസ്റ്റർഡാമിലെ Xomnia എന്ന ഡാറ്റ വിശകലന സ്ഥാപനം പ്രത്യേക നിർമിത ബുദ്ധി പ്രോഗ്രാം ഉണ്ടാക്കി. രേഖകളുടെ പരിശോധന ഇതുവഴി കൂടുതൽ ശാസ്ത്രീയവും വേഗത്തിലുമായി എന്ന് വിൻസ് പാൻകോക്ക് അവകാശപ്പെടുന്നു. ഈ അന്വേഷണത്തിൽ ആറു രാജ്യങ്ങളിലെ 29 ആർക്കൈവ്‌സുകളിൽ നിന്നുള്ള രേഖകൾ പരിശോധിച്ചു. പുറമെ നിരവധി സ്വകാര്യ ശേഖരങ്ങളിലുള്ള രേഖകളും. മനുഷ്യന് അസാധ്യമായ ഡാറ്റ വിശകലനമാണ് തങ്ങളുടെ പ്രോഗ്രാം വഴി സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് Xomnia യും അവകാശപ്പെടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും നൃശംസമെന്ന് കരുതപ്പെടുന്ന ഒറ്റ് കണ്ടെത്തിയത് മനുഷ്യനല്ല, നിർമിത ബുദ്ധിയാണെന്ന പ്രതീതിയും Xomnia സൃഷ്ടിക്കുന്നു.

എന്നാൽ പുസ്തകത്തിലെ കണ്ടെത്തലിനെതിരെ പലരും മുന്നോട്ടുവന്നിട്ടുണ്ട്. ഒരുദാഹരണം: “വിപണിയിൽ വരുന്നതിനു മുമ്പെ പുസ്തകത്തിന്റെ ഒരു കോപ്പി എനിക്ക് ലഭിച്ചിരുന്നു. ഒരാളെ കുറ്റപ്പെടുത്താനോ പ്രതിയാക്കാനോ തക്ക തെളിവുകൾ പുസ്തകം അവതരിപ്പിച്ചിട്ടില്ല. അതിൽ പറയുന്ന പല കാര്യങ്ങളും ദുർബലമാണ്. മിക്ക കാര്യങ്ങളും അഭ്യൂഹങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. പൊട്ടും പൊടി വിവരങ്ങൾ വെച്ചുള്ള അവകാശവാദം”- എമിലി സ്‌ക്രിജീവർ/ ഡയറക്ടർ ആംസ്റ്റർഡാം ജ്യൂയിഷ് കൾച്ചറൽ ക്വാർട്ടർ. എന്നാൽ പുസ്തകത്തിലെ വാദങ്ങൾ തീർത്തും ദുർബലമാണെന്ന് പറയുക സാധ്യമല്ല. അവതരിപ്പിച്ച വാദങ്ങൾ ഒരു പരിധിവരെ യുക്തി ഭദ്രമാണ്. ഒരു പക്ഷെ, ഭാവിയിൽ ഇതെല്ലാം വെല്ലുവിളിക്കപ്പെടാനുള്ള സാധ്യതയെ തള്ളിക്കളയേണ്ട കാര്യവുമില്ല. അങ്ങിനെയാണ് ഈ പുസ്തകത്തിന്റെ വായന ഇപ്പോൾ നൽകുന്ന അനുഭവം.

ആംസ്റ്റർഡാമിലെ ആൻഫ്രാങ്ക് ഹൗസ്

ആംസ്റ്റർഡാമിലും പരിസരങ്ങളിലുമുള്ള ജൂത കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസം വാഗ്ദാനം ചെയ്ത് ഒറ്റി വഞ്ചിച്ച ചില ജൂതരെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്. താമസ സൗകര്യം നൽകി വാടക മുൻകൂറായി വാങ്ങിച്ച ശേഷം ഒറ്റുകയായിരുന്നു ഇത്തരക്കാർ ചെയ്തുപോന്നത്. മറ്റൊരു കൂട്ടർ നിയമവിരുദ്ധ റേഡിയോ വിതരണക്കാരായിരുന്നു. ബി.ബി.സി പ്രക്ഷേപണം ലഭിക്കുന്ന റേഡിയോകൾ നാസികൾ നിയമവിരുദ്ധമാക്കിയിരുന്നു. എന്നാൽ ചില പ്രത്യേക ഫ്രീക്വൻസിയിൽ റേഡിയോ കിട്ടുന്ന വിധത്തിലാക്കാൻ കഴിവുള്ളവർ യുദ്ധ വാർത്തകൾ അറിയാൻ താൽപര്യമുള്ളവർക്കിടയിൽ റേഡിയോ സെറ്റുകൾ വിറ്റിരുന്നു. കുറച്ചു നാൾ കഴിയുമ്പോൾ ഈ റേഡിയോകളും അതിന്റെ ഉടമകളും നാസി റെയ്ഡിൽ പിടിക്കപ്പെടും. റേഡിയോ വിറ്റവർക്ക് നാസി ഭടൻമാരിൽ നിന്ന് ഇതു വീണ്ടും തിരിച്ചു കിട്ടും. അവരത് പിന്നെയും വിൽക്കും. വൈകാതെ റെയ്ഡിൽ റേഡിയോകൾ വീണ്ടും പിടക്കപ്പെടും. പിന്നെയും പഴയ നാടകം ആവർത്തിക്കും. ഇത് പുസ്തകത്തിൽ പറയുന്ന മറ്റൊരു ഒറ്റു സന്ദർഭമാണ്.  

ഒരു ഭാഗത്ത് നാസികളോടുള്ള കൊടിയ ഭയം, മറുഭാഗത്ത് ഈ സമയത്തും പണമുണ്ടാക്കാനുള്ള ത്വര- ഇതിനിടയിൽപെട്ടവർ മനുഷ്യരേ അല്ലാതായിത്തീർന്ന ചരിത്ര സന്ദർഭം- പുസ്തകം ഇപ്പറഞ്ഞതിന്റെ നിരവധി വശങ്ങളെ പരിശോധിക്കുന്നു. ജർമനിയിലേക്ക് 16 വയസ്സ് തികഞ്ഞ കുട്ടികളെ നിർബന്ധിത ജോലിക്ക് (ലേബർ ക്യാമ്പുകളിലേക്ക്) അയക്കുന്നതിൽ നിന്നും രക്ഷ നേടാനാണ് പല മാതാപിതാക്കളും തുടക്കത്തിൽ ഒറ്റുകാരായി മാറുന്നത്. ഒറ്റുന്നവർ സംരക്ഷിക്കപ്പെടും എന്ന തോന്നൽ സൃഷ്ടിക്കുന്നതിൽ നാസികൾ വിജയിച്ചിരുന്നു. എന്നാൽ ഈ ജോലി പൂർത്തിയായി എന്നു മനസ്സിലാക്കുന്നതോടെ ഇങ്ങിനെയുള്ള നിരവധി ഒറ്റുകാർ കോൺസട്രേഷൻ ക്യാമ്പുകളിലെത്തി ഗ്യാസ് ചേമ്പറുകളിൽ അവസാനിക്കുകയും ചെയ്തു. എല്ലാ ഭീകരതകളും ഏകാധിപത്യങ്ങളും എങ്ങിനെ അന്നും ഇന്നും പ്രവർത്തിച്ചുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പുസ്തകം.  

ആൻഫ്രാങ്കിന്റെ ഒരു ഡയറിക്കുറിപ്പിൽ നാം ഇങ്ങനെ വായിക്കുന്നു:
1943 ഡിസംബർ 27 തിങ്കൾ. പ്രിയ കിറ്റീ,
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ജീവിതത്തിലാദ്യമായി എനിക്കൊരു ക്രിസ്മസ് സമ്മാനം കിട്ടി. കൂഫ്ഹൂസും ക്രേലറുടെ പെൺമക്കളും എനിക്കൊരു മനോഹര സമ്മാനം തന്നു. ‘സമാധാനം 1944’ എന്നെഴുതിയ മനോഹരമായ ഒരു കേക്കാണ് മീപ് തന്നത്. യുദ്ധകാലത്തിന് മുമ്പുണ്ടായിരുന്ന ഗുണനിലവാരമുള്ള ഒരു പൗണ്ട് മധുര ബിസ്‌ക്കറ്റുകളാണ് എല്ലി തന്നത്. കൂടാതെ പീറ്ററിനും മാർഗോട്ടിനും എനിക്കും ഓരോ കുപ്പി യോഗർട്ടും. മുതിർന്നവർക്കെല്ലാം ഓരോ കുപ്പി ബിയർ. എല്ലാം മനോഹരമായി തയ്യാറാക്കപ്പെട്ടവ. ഓരോ പാഴ്‌സലിന്റെ പുറത്തും ഭംഗിയുള്ള ചിത്രങ്ങളും. അങ്ങനെ ക്രിസ്മസ് വളരെ പെട്ടെന്നു കടന്നുപോയി.
നിന്റെ ആൻ.
(ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ/ 30-ാം പതിപ്പ്, ഡി.സി.ബുക്ക്‌സ്/ വിവർത്തനം; പ്രമീളാദേവി).

1944ൽ ലോക സമാധാനം വരുമെന്ന പ്രതീക്ഷ രേഖപ്പെടുത്തിയ ക്രിസ്മസ് കേക്ക് മനുഷ്യരുടെ ഹൃദയത്തിന്റെ കഷ്ണം തന്നെയാണ്. യുദ്ധം അവസാനിച്ചത് 1945ലാണ്. പക്ഷെ അതിന്റെ കെടുതികളിൽ നിന്നും എത്രയോ രാജ്യങ്ങൾ ഇന്നും മുക്തരായിട്ടില്ല. 1944 ആഗസ്റ്റ് ഒന്നിനാണ് ആൻഫ്രാങ്കിന്റെ ഡയറിയിലെ അവസാന കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 1945 മാർച്ചിൽ ബെർഗൻ-ബെൽസൻ നാസി തടവറയിൽ (ഓഷ് വിറ്റ്‌സിൽ നിന്നും ആനിനെ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു) ടൈഫസ് ബാധിച്ച് ആൻഫ്രാങ്ക് മരിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ നാസിഭരണത്തിൽ നിന്നും ഹോളണ്ട് മോചിതമാവുകയും ചെയ്തു. ആ കാലത്തിന്റെ രേഖയായി ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ഇന്നും നമ്മോട് സംസാരിക്കുന്നു. ഒ.വി വിജയൻ പറഞ്ഞു, ‘ആൻഫ്രാങ്ക് ഏതെങ്കിലും വംശത്തിന്റെ പ്രതിനിധിയല്ല, അവൾ സാർവലൗകികമായ വിലാപമാണ്, പ്രതീകമാണ്’.

സാർവലൗകികമായ വിലാപത്തിന്റെ ആഴത്തിൽ കിടക്കുന്ന പ്രധാന ചോദ്യമാണ് ആനിനെ ആര് ഒറ്റിയെന്നത്. അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ഇന്ന് ലഭിച്ചിരിക്കുന്ന ആധികാരികമായ രേഖയായി ‘ The betrayal of Anne Frank: A cold case investigation’-നെ കാണാം. ഒരുപക്ഷെ നാളെ ഇതും തിരുത്തപ്പെട്ടേക്കാം. അങ്ങിനെയൊരു സാധ്യത തള്ളിക്കളയാവുന്നതല്ല. ചരിത്രം എപ്പോൾ വേണമെങ്കിലും തിരുത്തുകൾക്കും പുനർവിചിന്തനങ്ങൾക്കും വിധേയമാക്കപ്പെടാം. അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ടുതാനും. എന്നാൽ ഒരു ചോദ്യം ഉയരുന്നു, എന്തുകൊണ്ടാണ് ലോകം ആനിന്റെ ഒറ്റുകാരനെ/ഒറ്റുകാരെ അന്വേഷിക്കുന്നത്. തീർച്ചയായും മനുഷ്യ ചരിത്രഗതിയിൽ ഒറ്റുകാരെക്കുറിച്ച് അന്വേഷിക്കൽ അനിവാര്യമാണ് എന്നതുകൊണ്ടു തന്നെ. അത് കേവലമായ ഒറ്റിന്റെ അന്വേഷണം മാത്രമല്ല, മറിച്ച് ഒരു ചരിത്രാന്വേഷണമായി/ പുസ്തകമായി തന്നെ മാറുന്നു. വ്യക്തികളുടെ ഓർമകൾ പല കാലഘട്ടങ്ങളിൽ എങ്ങിനെയെല്ലാം മാറി മറിയുന്നുവെന്നതിനുള്ള നിരവധി ഉദാഹരണങ്ങൾ പുസ്തകം മുന്നോട്ടുവെക്കുന്നു. 1960ൽ ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചയാൾ 1980തിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് മറ്റൊരു വിധത്തിലാണ്. ഈ മാറ്റങ്ങളിൽ നിന്നും എങ്ങിനെ സത്യം കണ്ടെത്തും? അങ്ങിനെയുള്ള അന്വേഷണത്തിന്റെ ഉദാഹരണം കൂടിയാണ് ‘ദ ബിട്രയൽ’. മുൻ എഫ്.ബി.ഐ ഡിറ്റക്ടീവിന്റെ രീതികൾക്ക് പൊലീസ്/രഹസ്യാന്വേഷണ ഏജൻസി ഛായ തീർച്ചയായുമുണ്ട്. ‘സ്റ്റാലിൻസ് ഡോട്ടർ’ പോലുള്ള ജീവചരിത്ര പുസ്തകങ്ങളിലൂടെ വായന സമൂഹത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള റോസ്‌മേരി സള്ളിവന് ഈ പൊലീസ് അന്വേഷണ ഛായക്ക് മനുഷ്യമുഖം നൽകാൻ കഴിഞ്ഞിരിക്കുന്നു. അതാണ് ഈ പുസ്തകത്തിന്റെ വിജയവും.

ടെർമേഴ്‌സ് ഫ്രം ഓഷ്‌വിറ്റ്‌സ് കാറ്റലോഗ് കവർ

ആംസ്റ്റർഡാം സിറ്റി ആർക്കൈവ്‌സിലെ മുഖ്യ ആർക്കൈവിസ്റ്റ് പീറ്റർ ക്രൊയീസ്യൻ പുസ്തകത്തിൽ പറയുന്നു; “മിക്ക ദിവസങ്ങളിലും ആർക്കൈവ്‌സിൽ വരുന്നവരിൽ ചിലർ എന്നോട് ചോദിക്കും, എന്റെ അച്ഛന്റെ, അമ്മാവന്റെ, അമ്മയുടെ, സഹോദരിയുടെ, മുത്തച്ഛന്റെ, അമ്മായിയുടെ ഒറ്റുകാരൻ ആരായിരുന്നു?” ഈ ചോദ്യം പല കോണുകളിൽ നിന്നും ഇന്നും വരുന്നുണ്ടെന്നാണിതിനർത്ഥം. അത് അവസാനിച്ചിട്ടില്ലെന്നും. ഒളിവിൽ കഴിയുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്ത എല്ലാ മനുഷ്യരുടേയും പിൽക്കാലത്ത് അവരുമായി ബന്ധപ്പെട്ടവരുടേയും പൊതു ചോദ്യമായി എന്നെ/ഞങ്ങളെ ഒറ്റിയത് ആരെന്ന ചോദ്യമായി ഇതുയരുന്നു. അതായത് ലോക മനസ്സാക്ഷിയിൽ അവശേഷിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നു തന്നെയാണിതെന്ന് പീറ്റർ ക്രൊയീസ്യൻ ഇവിടെ സാക്ഷ്യപ്പെടുത്തുകയാണ്. ഈ സംസാരത്തെ ഗ്രന്ഥകാരി ഈ വാക്കുകളിൽ സംഗ്രഹിക്കുന്നു:  The truth he said is the jewish people are human at all levels. As human can or will betray each other then there will be jewish people among them. ആൻഫ്രാങ്ക് കുടുംബത്തെ ഒറ്റിയവരെന്ന് മുൻകാലങ്ങളിൽ സംശയിക്കപ്പെട്ട എല്ലാവരിലേക്കും ഈ സംഘത്തിന്റെ അന്വേഷണം നീണ്ടു. അതെല്ലാം ആഴത്തിൽ പരിശോധിക്കപ്പെടുകയും ചെയ്തു. പക്ഷെ അവ അഭ്യൂഹങ്ങൾ മാത്രമാണെന്ന് കണ്ടെത്തി. അവസാനം നാലു പേരിലേക്ക് അന്വേഷണത്തെ സൂക്ഷ്മമാക്കി. അങ്ങിനെയാണ് വാൻ ഡെൻ ബെർഗിന്റെ ഒറ്റ് കണ്ടെത്തുന്നത്. ആംസ്റ്റർഡാമിൽ ജൂതർ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കോ നിർബന്ധിത ലേബർ ക്യാമ്പുകളിലേക്കോ അയക്കപ്പെട്ട കാലത്ത് വാൻ ഡെൻ ബെർഗിന്റെ കുടുംബത്തിന് അങ്ങിനെയുള്ള അനുഭവങ്ങൾ ഒന്നുമുണ്ടാകുന്നില്ല. ഈ കുടുംബം ഒളിവിലും പോയിട്ടില്ല. പെൺമക്കളും ഭാര്യയും വാൻ ഡെൻ ബെർഗിനൊപ്പം തന്നെയാണുണ്ടായിരുന്നത്. വീട് രണ്ടു തവണ മാറിയിട്ടുണ്ട് എന്നുമാത്രം. ഇതിനു പുറമെ യുദ്ധം അവസാനിച്ച് ഹോളണ്ട് വിമോചിതമാക്കപ്പെട്ടതിനു തൊട്ടുപിന്നിലെ വാൻ ഡെൻ ബെർഗിനെ ഡച്ച് നോട്ടറി എന്ന സ്ഥാനത്തു നിന്നും ഹോളണ്ട് സർക്കാർ നീക്കുകയും ചെയ്തു. കൊളാബറേറ്റർ (നാസികളുടെ സഹകാരി) എന്ന നിലയിലായിരുന്നു ഇതെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു. ആൻഫ്രാങ്കിന്റെ കുടുംബത്തെ മാത്രമല്ല ഒളിവിൽ കഴിയുന്ന 38 കുടുംബങ്ങളുടെ വിവരങ്ങൾ വാൻ ഡെൻ ബെർഗ് നാസികൾക്ക് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്നവരുടെ പേരുകളായിരുന്നില്ല ഇയാൾ കൊടുത്തിരുന്നത്. ഒളിവിടത്തിന്റെ വിശദാംശങ്ങളും അവിടെ എത്രുപേരുണ്ടെന്നതുമായിരുന്നു. ആൻഫ്രാങ്കിന്റെ കുടുംബത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംബന്ധിച്ചത്. ഓട്ടോ, ആൻ തുടങ്ങി ആരുടേയും പേരുകൾ ഒറ്റ് ലിസ്റ്റിലില്ല. എന്നാൽ അവർ ഒളിവിൽ താമസിച്ച പ്രിൻസെൻഗാർച്ച് 263നെക്കുറിച്ചും അവിടെ എട്ടു പേർ ഒളിവിൽ കഴിയുന്നുവെന്നുമാണ് വാൻ ഡെൻ ബെർഗിന്റെ ഒറ്റ് രേഖയിലുണ്ടായിരുന്നത്.

പുസ്തകം മറ്റൊരു കാര്യവും വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ആംസ്റ്റർഡാം നഗരത്തിലൂടെ ഇന്ന് അലയാൻ തയ്യാറുള്ള ഒരു സഞ്ചാരി രണ്ടാം ലോക യുദ്ധത്തിന്റെ 36 സ്മാരകങ്ങൾക്കരികിലൂടെ കടന്നുപോകും. അവയിൽ ചിലത് സ്മാരകങ്ങളോ മ്യൂസിയങ്ങളോ ആണ്. മറ്റു ചിലവ അക്കാലത്തെ പ്രതിരോധ മാധ്യമസ്ഥാപനങ്ങൾ പോലുള്ളവയാണ്. അത്രയും സ്ഥലങ്ങൾ കാണുമ്പോൾ ആംസ്റ്റർഡാം എന്ന നഗരം എങ്ങിനെയാണ് യുദ്ധത്തിൽ മുങ്ങിയതെന്ന് ആർക്കും (ഇതിന്റെ വെർച്ച്വൽ ടൂറും സാധ്യമത്രെ) ആഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നും ഗ്രന്ഥകാരി വ്യക്തമാക്കുന്നു.

1980 ൽ ആനിന്റെ അച്ഛൻ ഓട്ടോഫ്രാങ്ക് മരിച്ചു. ഓഷ്‌വിറ്റ്‌സിൽ സഹതടവുകാരനായിരുന്ന ജോസഫ് സ്‌പ്രോസ് ശ്വാസകോശ അർബുദത്താൽ മരണാസന്നനായ ഓട്ടോഫ്രാങ്കിനെ കണ്ടത് 1980 ഓഗസ്റ്റ് 19ന് പകലായിരുന്നു, സ്വിറ്റ്‌സർലൻഡിൽ. 91 വയസ്സുകാരനായ ഓട്ടോ അന്ന് രാത്രി അന്തരിച്ചു. ജോസഫും ഓട്ടോയും ഓഷ്‌വിറ്റ്‌സ് ഓർമ്മകളാണ് പങ്കുവെച്ചതെന്ന് ജോസഫിന്റെ ഭാര്യ പിന്നീട് പറഞ്ഞു. തന്റെ ഒറ്റുകാരനെക്കുറിച്ച് ഓട്ടോ എന്തെങ്കിലും ആ സംസാരത്തിൽ പറഞ്ഞിരുന്നോ? അതിന് ഒരു തെളിവും ഇതുവരേയും ലഭിച്ചില്ല. ‘Less a Mystery Unsolved than a secret well ketp’ എന്ന് ഗ്രന്ഥകാരി പറയുന്നത് ഓട്ടോഫ്രാങ്കിന്റെ സമീപനത്തിലേക്കുള്ള വെളിച്ചം വീശലായിക്കൂടി മാറുന്നുണ്ട്.

ആൻഫ്രാങ്ക് എഴുതുന്നു:
1944 ഫെബ്രുവരി 23 ബുധൻ. പ്രിയ കിറ്റീ,
നല്ല കാലാവസ്ഥയാണിപ്പോൾ. എല്ലാ ദിവസവും കാലത്ത് പീറ്ററും ഞാനും തട്ടിൻപുറത്തെ മുറിയിൽ നിന്നുകൊണ്ട് നീലാകാശവും വെള്ളിമണികൾ പോലെ മഴത്തുള്ളികൾ തിളങ്ങുന്ന ഇലകളില്ലാത്ത ചെസ്റ്റ്‌നട്ട് മരവും, വായുവിലൊഴുകുന്ന പക്ഷികളേയും കണ്ടു നിൽക്കും. ശുദ്ധവായു ശ്വസിക്കുകയും നിശ്ശബ്ദതയുടെ സുഖമനുഭവിക്കുകയും ചെയ്യുന്ന ഈ വേളകൾ എനിക്കു വളരെ സന്തോഷം തരുന്നു. പിന്നീട് പീറ്റർ വിറകുമുറിക്കുന്നു. ഞാൻ പുറത്തെ കാഴ്ച്ചകൾ കണ്ടുകൊണ്ടിരിക്കുന്നു. അപ്പോൾ ഞാൻ വിചാരിക്കും, ഇങ്ങനെ ഇളംവെയിലും നീലാകാശവുമെല്ലാം കാണാൻ കഴിയുമെങ്കിൽ ഞാനെന്നും സന്തോഷവതിയായിരിക്കുമെന്ന്. ഭയവും ദുഃഖവും ഏകാന്തതയുമൊക്കെ അനുഭവിക്കുന്നവർക്കുള്ള ഏറ്റവും നല്ല പോംവഴി, പുറത്തെവിടെയെങ്കിലും പോയി പ്രകൃതിയോടൊപ്പം, ഈശ്വരനോടൊപ്പം കുറച്ചു സമയം ചെലവഴിക്കുക എന്നതാണ്. അപ്പോൾ മാത്രമാണ് മനുഷ്യർ സന്തോഷമായി കഴിയണമെന്നാണ് ഈശ്വരനാഗ്രഹിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുന്നത്. ഞാൻ ഉറച്ചു വിശ്വസിക്കുന്നത് പ്രകൃതി നമ്മുടെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം നൽകുമെന്നുതന്നെയാണ്. ഒരുപക്ഷെ, ഏറെ വൈകാതെ, എന്നെപ്പോലെ ചിന്തിക്കുന്ന ആരോടെങ്കിലുമൊപ്പം ഞാൻ പ്രകൃതിയുടെ ആനന്ദം അനുഭവിക്കാനിടയായേക്കാം.
നിന്റെ ആൻ.

ആൻഫ്രാങ്ക് ഡയറിക്കുറിപ്പുകൾ മലയാള പരിഭാഷയുടെ കവർ

ആനിന്റെ ഡയറിക്കുറിപ്പിൽ മനുഷ്യജീവിതം എങ്ങിനെയെല്ലാം ആവിഷ്‌ക്കരിക്കപ്പെട്ടു എന്നതിന് ഈ ചെറുകുറിപ്പ് തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം. റോസ്‌മേരി സള്ളിവൻ പുസ്തകത്തിൽ ഡയറിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പറയുന്നത് ആൻഫ്രാങ്ക് വായനക്കാരെ തീർച്ചയായും സഹായിക്കും. അതിലൊന്നാമത്തേത് ഡയറിക്ക് മൂന്ന് ടെക്സ്റ്റുകളുണ്ടെന്ന വിവരമാണ്. ഒന്ന് ആൻ എഴുതിയത്. രണ്ടാമത്തേത് ഡച്ച് പ്രവാസി സർക്കാർ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീന്റെ ആഹ്വാന പ്രകാരം ഡയറി ആൻ തന്നെ കൂടുതൽ ശക്തമാക്കി വീണ്ടുമെഴുതിയത് (ലണ്ടനിൽ നിന്നും നടത്തിയ റേഡിയോ പ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ എഴുതി വെക്കണമെന്നാണ് തന്റെ നാട്ടുകാരോട് ഗെറിറ്റ് ആവശ്യപ്പെട്ടത്). മൂന്നാമത്തേത് ഓട്ടോഫ്രാങ്കിന്റെ എഡിറ്റിംഗോടെ ഇന്ന് ലോക വായനാസമൂഹത്തിന് ലഭ്യമായ ഡയറിക്കുറിപ്പുകൾ. എന്നാൽ ഇതൊന്നും ആൻഫ്രാങ്കിന്റെ എഴുത്തിനേയോ താൻ അനുഭവിച്ച ജീവിതത്തെ അവതരിപ്പിക്കുന്നതിലോ ഒരു നിലയിലും ബാധിച്ചിട്ടില്ലെന്ന് (ആൻഫ്രാങ്ക് ഡയറി ക്രിട്ടിക്കൽ എഡിഷന്റെ വെളിച്ചത്തിൽ ആണ് ഗ്രന്ഥകാരി ഇക്കാര്യം സമർത്ഥിക്കുന്നത്) റോസ്‌മേരി വ്യക്തമാക്കുന്നു. ആൻഫ്രാങ്ക് എന്നൊരാളില്ലെന്നും ഡയറി വ്യാജമാണെന്നും ആന്റിസെമിറ്റിക്ക് സംഘങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ കാണാം. ഡയറിയെ ആസ്പദമാക്കി തയ്യാറാക്കിയ നാടകപ്രദർശനത്തിനു നേരെ ജർമ്മനിയിലുണ്ടായ കയ്യേറ്റത്തെക്കുറിച്ചും അവർ പറയുന്നു. ഒപ്പം ആൻഫ്രാങ്ക് ഡയറിയെപ്പോലെ ലോക മനസ്സാക്ഷിയിൽ ഇടം പിടിച്ച ഡയറിയെ ആസ്പദിച്ചുള്ള നാടകത്തേയും സിനിമയേയും കുറിച്ചും വിശദമാക്കുന്നു.

മറ്റൊരു കാര്യം വിവർത്തനവുമായി ബന്ധപ്പെട്ടതാണ്. ഡയറി ആദ്യമായി ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തയാൾ അതിൽ ജർമൻകാർ എന്ന് ഉപയോഗിക്കുന്നത് (ജർമൻ ഭാഷയിലിറങ്ങുന്ന പുസ്തകത്തിൽ ജർമൻകാരെ അധിക്ഷേപിക്കുന്നത് എങ്ങിനെ ന്യായീകരിക്കാനാവുമൊയിരുന്നു വിവർത്തകന്റെ ചോദ്യം) ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചും റോസ്‌മേരി പറയുന്നു. ഇതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആനിന്റെ ഡയറി നാസി റെയ്ഡിനിടയിൽ എങ്ങനെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നതിനെക്കുറിച്ചുള്ള വിശദീകരണമാണ്. സിൽബർ ബൗർ എന്ന നാസി പൊലീസുകാരനാണ് കയ്യിൽ തോക്കുമായി ഫ്രാങ്ക് കുടുംബത്തിന്റെ ഒളിയിടത്തിലേക്ക് ആദ്യം വരുന്നത്. അയാൾ എല്ലാവരേയും അറസ്റ്റ് ചെയ്യുന്നു. കയ്യിൽ കിട്ടിയ വിലപിടപ്പുള്ള വസ്തുക്കൾ കടത്താൻ ഒരു ബാഗ് കൈക്കലാക്കുന്നു. അവിടെയുണ്ടായിരുന്ന പണവും ആഭരണങ്ങളും അയാൾ സ്വന്തമാക്കി. ഒപ്പം ഫ്രാങ്ക് കുടുംബത്തിനൊപ്പം ഒളിവിൽ താമസിച്ചിരുന്ന ദന്തഡോക്ടർ Fritz Pfeffer ന്റെ പല്ലുകെട്ടാനുള്ള സ്വർണ്ണവും (Dental gold) സിൽബർ ബൗർ കയ്യിലെടുത്തു. അയാൾക്ക് ഈ സാധനങ്ങൾ നിറക്കാൻ കിട്ടിയ ബാഗിലാണ് ആൻഫ്രാങ്കിന്റെ ഡയറിയും നോട്ടുബുക്കുകളും മറ്റു ചില കടലാസുകളും ഉണ്ടായിരുന്നത്. തനിക്ക് കിട്ടിയ വില കൂടിയ സാധനങ്ങൾ ബാഗിലാക്കാനായി അയാൾ ആദ്യം അത് കാലിയാക്കി. ഡയറിയും നോട്ടുപുസ്തകങ്ങളും കടലാസുകളും തറയിലേക്കെറിഞ്ഞു. പിന്നീട് ആൻ തിരിച്ചു വരുമ്പോൾ ഇത് നൽകാനായി ഓട്ടോഫ്രാങ്കിന്റെ സഹായികളിലൊരാളായ മീപ്പ്  അതെടുത്തുവെക്കുന്നു. (അവർ ജൂതയല്ലായിരുന്നു. ആസ്‌ട്രേലിയൻ വേരുള്ളവളുമായിരുന്നു. സിൽബർ ബൗറും ആസ്‌ട്രേലിയൻ വേരുകളുള്ളയാളായിരുന്നു. അതിനാൽ മീപ്പ് അറസ്റ്റ് ചെയ്യപ്പെട്ടില്ല). ആൻ തിരിച്ചു വന്നില്ല. ഓഷ്‌വിറ്റ്‌സിൽ നിന്നും അതിജീവിച്ചെത്തിയ ഓട്ടോഫ്രാങ്കിന് ഡയറിയും നോട്ടുപുസ്തകങ്ങളും കടലാസുകളും തിരിച്ചുകിട്ടി. പിന്നെ സംഭവിച്ചതെല്ലാം ചരിത്രമാണെന്ന് ലോകത്തിനറിയാം. വിലപിടിച്ചതായി സിൽബർ ബൗർ കരുതിയവക്കൊന്നുമില്ലാത്ത വില ആ ഡയറിക്കുണ്ടായിരുന്നുവെന്ന് പിൽക്കാലം അർത്ഥശങ്കക്കിടമില്ലാത്ത വിധം തെളിയിച്ചു. ഓട്ടോഫ്രാങ്ക് ഒന്നാം ലോക യുദ്ധത്തിൽ ജർമൻ പട്ടാളത്തിൽ ഓഫീസറായി ജോലി ചെയ്തിരുന്നു. അത് രേഖപ്പെടുത്തിയ ഒരു ചെറിയ പെട്ടിയിലേക്ക് സിൽബർ ബൗറിന്റെ ശ്രദ്ധ തിരിഞ്ഞതും തറയിൽ വീണു കിടന്ന ഡയറിയെ രക്ഷപ്പെടുത്തിയെന്ന് ഓട്ടോഫ്രാങ്ക് പറഞ്ഞതും പുസ്തകത്തിന്റെ താളുകളിൽ നാം വായിക്കുന്നു. ഇത്തരം കാര്യങ്ങൾ കൂടി അടയാളപ്പെടുത്തിയിട്ടുള്ള ഒരു സമഗ്ര ആൻഫ്രാങ്ക് പുസ്തകം കൂടിയാണ്  ‘The betrayal of Anne Frank: A cold case investigation’.

റെനിയാസ് ഡയറിയുടെ കവർ

ഹോളോകോസ്റ്റ് അനുഭവങ്ങളുടെ നിരവധി പുസ്തകങ്ങൾ പല ഭാഷകളിലായി ഇറങ്ങിയിട്ടുണ്ട്. പലരും ഓർമ്മകളും അനുഭവങ്ങളും കൂടുതൽ പക്വമായി എഴുതാനാവുന്ന പ്രായമാണ് രചനക്ക് തെരഞ്ഞെടുത്തത്. കുറച്ചുകൂടി മുതിർന്നിട്ട്, പ്രായമായിട്ടാണ് മിക്കവരും എഴുതിയത്. 2019ലാണ് റെനിയാസ് ഡയറി എന്ന ശീർഷകത്തിൽ മറ്റൊരു ഹോളോകോസ്റ്റ് ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത്. തെക്കു കിഴക്കൻ പോളണ്ടിലെ Uhrynkivtsi എന്ന (ഈ പ്രദേശം ഇപ്പോൾ ഉക്രൈയിനിലാണ്) ചെറിയ നഗരത്തിൽ ജീവിച്ച റെനിയ സ്പീഗലിന്റെ ഡയറിയാണിത്. 1924ൽ ജനിക്കുകയും 1942ൽ 18-ാം വയസ്സിൽ ഗസ്റ്റപ്പോ കൊലപ്പെടുത്തുകയും ചെയ്ത റെനിയയുടെ ഡയറിയിലും ആൻഫ്രാങ്കിന്റെ ഡയറിയിലെ ആഖ്യാനത്തിന് സമാനമായ നിരവധി ജീവിത സ്പന്ദനങ്ങൾ നമുക്ക് കാണാൻ കഴിയും. മൈ ഡിയർ ഡയറി എന്ന് സംബോധന ചെയ്താണ് ഓരോ കുറിപ്പും ആരംഭിക്കുന്നത്. ഡയറിയോട് മാത്രം സംസാരിക്കേണ്ടി വന്ന അസംഖ്യം മനുഷ്യരുടെ മനസ്സ് റെനിയയുടെ കുറിപ്പുകളിലും തെളിഞ്ഞു കാണാം. റെനിയയുടെ സഹോദരി എലിസബത്ത് ബെല്ലാക്കാണ് ദീർഘകാലം ഈ ഡയറി സൂക്ഷിക്കുകയും പിന്നീട് പോളിഷിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്. റെനിയയുടെ ഡയറിയിൽ നിറയെ കവിതകളാണ്. കവിതകൾ ഉദ്ധരിക്കപ്പെട്ട ദിവസങ്ങളും പോളണ്ടിന്റെ അതേ ദിവസത്തെ യുദ്ധ-നാസി വാർത്തകളും ഒത്തുവെച്ചാൽ ഓരോ കവിതയും രഹസ്യഭാഷയിലെപോലെ അന്നത്തെ പോളണ്ടിന്റെ ചരിത്രത്തിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതായി തീർച്ചയായും അനുഭവപ്പെടും. സ്വകാര്യതയിൽ, മറ്റാരോടും പറയാനും പങ്കുവെക്കാനുമില്ലാത്ത സാഹചര്യങ്ങളിൽ പിറവികൊണ്ട ഡയറികൾ പിൽക്കാലത്ത് മനുഷ്യരാശിക്ക് എന്തെല്ലാം അനുഭവങ്ങൾ പകരുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ദ ബിട്രെയൽ ഓഫ് ആൻഫ്രാങ്ക്’. ഇത്തരം പുസ്തകങ്ങൾ വിവിധ ചരിത്ര സന്ദർഭങ്ങളെ പുനഃസന്ദർശിക്കുന്ന മറ്റു പുസ്തക രചനകൾക്കുള്ള മാതൃക കൂടി തീർക്കുകയാണെന്നും വലിയ സംശയത്തിനിടമില്ലാത്ത വിധം പറയുകയും ചെയ്യാം. പക്ഷെ തീർച്ചയായും ഇത്തരം രചനകൾ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്‌തേക്കാനുള്ള സംവാദാത്മകമായ സാധ്യതകളെ കാണാതിരിക്കേണ്ടതുമില്ല.

ഫീച്ചേർഡ് ഇമേജ്: ഓഷ്‌വിറ്റ്‌സിലെ മരണവഴിയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ. ഫോട്ടോ-സുധീഷ് എഴുവത്ത്.

Also Read

13 minutes read January 23, 2022 4:48 am