ഓസ്കാർ ജേതാവായി മടങ്ങിയെത്തിയ മിയാസാക്കി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പ്രമേയത്തിലും ദൃശ്യഭാഷയിലും വളരെ വ്യത്യസ്തമായ ശൈലി പിന്തുടരുന്ന ക്രിസ്റ്റഫർ നോളൻ എന്ന ചലച്ചിത്ര സംവിധായകനും ഓപ്പൺഹൈമർ എന്ന സിനിമയും നിറഞ്ഞുനിന്ന ഒരു ഓസ്കാർ പ്രഖ്യാപനമാണ് ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്നത്. അണുബോംബിന്റെ സ്രഷ്ടാവ് ജെ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതം പറഞ്ഞ സിനിമ ഏഴ് അവാർഡുകളാണ് നേടിയത്. പലതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്രിസ്റ്റഫർ നോളന് സംവിധാനത്തിന് ലഭിക്കുന്ന ആദ്യ ഓസ്കാർ. ഓപ്പൺഹൈമറിന്റെ ഈ മിന്നുന്ന പ്രകടനമാണ് വാർത്തകളിൽ എവിടെയും നിറഞ്ഞത്. എന്നാൽ ഇത്തവണ കിഴക്കനേഷ്യൻ രാജ്യത്തേക്കെത്തിയ മികച്ച അനിമേഷൻ ചിത്രത്തിനുള്ള അവാർഡ് ലോകത്തെമ്പാടുമുള്ള നിരവധി ചലച്ചിത്രാസ്വാദകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. കാരണം, മികച്ച അനിമേഷൻ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ദ ബോയ് ആൻഡ് ദ ഹെറോൺ സംവിധാനം ചെയ്തിരിക്കുന്നത് ജാപ്പനീസ് അനിമേഷൻ സിനിമകളുടെ മാസ്റ്റർ ഹയാവോ മിയാസാക്കിയാണ്. ലോകത്തിന്റെ എല്ലാ കോണുകളിലും പ്രായഭേദമന്യേ ആരാധകരുള്ള, അനിമേഷൻ സിനിമകളുടെ രചനാരീതികളെ മാറ്റിമറിച്ച ഹയാവോ മിയാസാക്കിക്ക് ഇരുപത് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന രണ്ടാം ഓസ്കാർ പുരസ്കാരമാണിത്. ദ ബോയ് ആൻഡ് ദ ഹെറോണിന് ഓസ്കാർ ലഭിക്കുമ്പോൾ കുട്ടികളുടെ മനസ്സിറിയുന്ന ഈ മാസ്റ്ററിന് പ്രായം എൺപത്തി മൂന്ന്.

ഹയാവോ മിയാസാക്കി

രണ്ട് പതിറ്റാണ്ടുകളായി ഹയാവോ മിയാസാക്കിയും അദ്ദേഹം സഹസ്ഥാപകനായ സ്റ്റുഡിയോ ഗിബ്ലിലും രൂപകല്പന ചെയ്ത അനിമേഷൻ സിനിമകൾ ലോക ക്ലാസിക്കുകളായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ജാപ്പനീസ് മിത്തുകളിലും മുത്തശ്ശിക്കഥകളിലും കഥാതന്തു തിരയുന്ന മിയാസാക്കി, വാൾട്ട് ഡിസ്നിയോ പിക്സറോ പോലെയുള്ള ലോക പ്രശസ്ത അനിമേഷൻ നിർമ്മാതക്കൾ വരച്ചിട്ട പരിചിത ലോകത്തിലേക്കല്ല നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. കാടും കടലും ജൈവവൈവിധ്യവും കുട്ടികളും മുതിർന്നവരും കൗമാരക്കാരും ഉൾച്ചേരുന്ന മിയാസാക്കി കഥകളും വരകളും, പടിഞ്ഞാറൻ ലോകത്ത് നിന്നുമെത്തിയ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് പറഞ്ഞുതരാൻ കഴിയാത്ത ജീവിതവീക്ഷണത്തിലേക്കാണ് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഏത് പ്രായത്തിലുള്ളവർക്കും മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്ന കഥാസന്ദർഭങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുമ്പോഴും തത്വചിന്താപരമായ ആലോചനകൾ കഥയിലുടനീളം മിയാസാക്കി സന്നിവേശിപ്പിച്ചിരുന്നു. അകിര കുറസോവ സിനിമയിൽ അനുഭവിപ്പിച്ചതുപോലെ ദൃശ്യമികവുകൊണ്ടും കഥാപാത്രത്തിന്റെ സൂക്ഷ്മ ഭാവങ്ങളെപ്പോലും പ്രതിഫലിപ്പിക്കാൻ കഴിയുന്ന ചലച്ചിത്രഭാഷയുടെ കൈയടക്കത്താലും മിയാസാക്കി അനിമേഷൻ സിനിമകളുടെ അതികായനായി മാറി. കഥാപാത്രങ്ങളുടെ ആന്തരിക വികാരങ്ങൾക്ക് മിയാസാക്കി നൽകിയ കടും കളറുകൾ പരമ്പരാഗത 2D അനിമേഷൻ രീതികൾക്ക് പുത്തൻ ഉണർവ് നൽകി. 3D അനിമേഷൻ ശൈലികൾ ഇഷ്ടപ്പെടാത്ത മിയാസാക്കി കൈകൊണ്ട് വരയ്ക്കുന്ന കഥാപാത്രങ്ങൾ-മനുഷ്യരൂപങ്ങളും അമാനുഷികരൂപങ്ങളും-പ്രത്യേക ഭാവങ്ങളോടെ ആരാധാക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചു.

മൈ നെയ്ബർ ടോട്ടോറോ

മനുഷ്യർ, അമാനുഷ്യർ, പ്രകൃതി എന്നിവയാണ് മിയാസാക്കി സിനിമകളിലെ പ്രധാന കഥാപാത്രങ്ങൾ. മിക്ക സിനിമകളിലും ഇവ മൂന്നും ഒരേ പ്രാധാന്യത്തോടെ കടന്നുവരുന്നതായി കാണാം. അദ്ദേഹത്തിന്റെ അമാനുഷിക കഥാപാത്രങ്ങൾ മിക്കതും വെസ്റ്റേൺ സിനിമകളിൽ കാണുന്നപോലെയുള്ള രാക്ഷസന്മാരോ ഭൂതങ്ങളോ അല്ല. പ്രകൃതിയിലെ പലതരം ശക്തികളെ ആവാഹിച്ച അമാനുഷിക ശേഷികളുള്ള ജീവരൂപങ്ങളാണ് മിയാസാക്കിയുടെ മിക്ക അമാനുഷികരും. മൈ നെയ്ബർ ടോട്ടോറോ എന്ന സിനിമയിലെ ടോട്ടോറോ എന്ന കഥാപാത്രം അതിന് ഒരു ഉദാഹരമാണ്. പ്രകൃതിയിൽ മനുഷ്യർ ചെലുത്തുന്ന സമ്മർദ്ദങ്ങളുടെ ആഘാതങ്ങൾ പല സിനിമകളിലും പലരൂപത്തിലും ശൈലിയിലും വിഷയമായി വരുന്നു. അതുകൊണ്ടുതന്നെ ഇക്കോ ഫിലോസഫറായ ചലച്ചിത്രകാരൻ എന്ന വിശേഷണവും നിരൂപകർ അദ്ദേഹത്തിന് നൽകുന്നുണ്ട്.

സ്പിരിറ്റഡ് എവേ

ടോക്കിയോ സിറ്റിയിൽ ജനിച്ച മിയാസാക്കി കുട്ടിക്കാലം മുതൽ ആനിമേഷനിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജാപ്പനീസ് കോമിക്‌സ് ആനിമേറ്റഡ് സീരീസുകളുടെ നിർമ്മാതാക്കളായ ടോയി ആനിമേഷൻ കമ്പനിയിൽ ചേർന്ന് പ്രവർത്തിച്ച അദ്ദേഹം 1985-ൽ സ്റ്റുഡിയോ ഗിബ്ലിയുടെ സഹസ്ഥാപകനായി മാറിയതോടെയാണ് സ്വന്തമായ ശൈലി വികസിപ്പിച്ചെടുക്കുന്നത്. ലാപുട്ട: കാസിൽ ഇൻ ദി സ്കൈ (1986), മൈ നെയ്ബർ ടോട്ടോറോ (1988), കിക്കീസ് ഡെലിവറി സർവീസ് (1989), പോർക്കോ റോസ്സോ (1992) എന്നിവയുൾപ്പെടെ നിരവധി സിനിമകൾ അദ്ദേഹത്തെ അതിവേഗം ലോകം ശ്രദ്ധിക്കുന്ന അനിമേറ്ററാക്കി മാറ്റി. 1997-ൽ പ്രിൻസസ് മോണോനോക്ക് എന്ന മിയാസാക്കിയുടെ സിനിമ പുറത്തിറങ്ങിയതിന് ശേഷം പാശ്ചാത്യ ലോകത്തും സ്റ്റുഡിയോ ഗിബ്ലിയുടെ ജനപ്രീതിയും സ്വാധീനവും വർദ്ധിപ്പിച്ചു. 2001-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ സ്പിരിറ്റഡ് എവേ ജാപ്പനീസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി മാറി. മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള ഓസ്കാർ അവാർഡ് ലഭിച്ച സ്പിരിറ്റഡ് ഏവേ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ടു. പിന്നീടുള്ള മിയാസാക്കിയുടെ ചിത്രങ്ങളായ ഹൗൾസ് മൂവിംഗ് കാസിൽ (2004), പോണിയോ (2008), ദി വിൻഡ് റൈസസ് (2013) എന്നിവയും ശ്രദ്ധേയമായിരുന്നു. ദി വിൻഡ് റൈസസ് റിലീസ് ചെയ്തതിന് പിന്നാലെ ഫീച്ചർ ഫിലിമുകളിൽ നിന്ന് വിരമിക്കുകയാണെന്ന് മിയാസാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് മടങ്ങിയെത്തിയ അദ്ദേഹം പന്ത്രണ്ടാമത്തെ സിനിമയായ ദി ബോയ് ആൻഡ് ദി ഹെറോണി (2023)ലൂടെ രണ്ടാമതും ഓസ്കാർ അവാർഡിന് അർഹനായിരിക്കുന്നു. മികച്ച അനിമേറ്റഡ് ഫീച്ചറിനുള്ള മിയാസാക്കിയുടെ നാലാമത്തെ ഓസ്‌കാർ നോമിനേഷനായിരുന്നു ഇത്. അനിമേഷൻ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ സംവിധായകനും അദ്ദേഹം തന്നെയാണ്. ഒരു ദശാബ്ദക്കാലമെടുത്ത് നിർമ്മിച്ച സിനിമയാണ് ദി ബോയ് ആൻഡ് ദി ഹെറോൺ. സിജിഐയുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും യുഗത്തിൽ മിയാസാക്കി കൈകൊണ്ട് വരയ്ക്കുന്ന പ്രക്രിയയിൽ ഉറച്ചുനിന്നതുകൊണ്ട് കൂടിയാണ് സിനിമാ പൂർത്തീകരണം ഇത്രയധികം നീണ്ടത്. അമ്മയുടെ മരണശേഷം നാട്ടിൻപുറത്തേക്ക് ചേക്കേറുന്ന മഹിതോ മക്കി എന്ന ആൺകുട്ടിയുടെയും അവിടെ അവൻ കാണുന്ന ഒരു ഹെറോൺ പക്ഷിയുടെയും കഥയാണ് ദി ബോയ് ആൻഡ് ദി ഹെറോൺ.

ദി ബോയ് ആൻഡ് ദി ഹെറോൺ

എന്നാൽ, രണ്ടാം തവണയും അവാർഡ് വാങ്ങാൻ മിയാസാക്കി ഓസ്കാർ വേദിയിൽ എത്തിയില്ല എന്നതും പ്രത്യേകതയായി. 2003ൽ സ്പിരിറ്റഡ് എവേയ്ക്ക് അവാർഡ് ലഭിച്ചപ്പോഴും അദ്ദേഹം ഓസ്കാർ വേദിയിലേക്ക് വന്നിരുന്നില്ല. 2009ൽ ലോസ് ഏയ്ഞ്ചൽസ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അതിന്റെ കാരണം വ്യക്തമാക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ ധീരമായ രാഷ്ട്രീയ നിലപാട് ലോകം അറിയുന്നത്. “ഇറാഖിൽ ബോംബാക്രമണം നടത്തുന്ന ഒരു രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് അക്കാദമി അവാർഡിനായി ഞാൻ യു.എസ്സിലേക്ക് വരാതിരുന്നത്. അന്ന്, എൻ്റെ നിർമ്മാതാവ് എന്റെ വായടച്ചു, അത് പറയാൻ എന്നെ അനുവദിച്ചില്ല. പക്ഷേ ഇന്ന് ഞാൻ അയാളെ പരിഗണിക്കുന്നില്ല. കാരണം, എൻ്റെ നിർമ്മാതാവും ആ വികാരത്തിൽ ഇന്ന് പങ്കുചേരുന്നുണ്ട്.” 2009ൽ മിയാസാക്കി പറഞ്ഞു. വെറുപ്പിനും വിദ്വേഷത്തിനും എതിരായ മനുഷ്യഭാവങ്ങളുടെ സമാഹാരമാണ് മിയാസാക്കി സിനിമകൾ എന്നതിനാൽ ആ നിലപാട് വളരെ പ്രധാനമായി മാറുന്നു. ഒരുപക്ഷേ, ഇത്തവണയും ഓസ്കാർ വേദിയിലേക്ക് അദ്ദേഹം എത്താതിരുന്നതിന് കാരണം ഗാസയിലെ യുദ്ധത്തിന് യു.എസ് നൽകുന്ന പിന്തുണയായിരിക്കുമോ? ഹയാവോ മിയാസാക്കി അത് ഒരിക്കൽ വെളിപ്പെടുത്തും എന്നുതന്നെ പ്രതീക്ഷിക്കാം.

Also Read

4 minutes read March 12, 2024 12:18 pm