Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത മുണ്ടക്കൈയിൽ നാലാം നാളിലും രക്ഷാദൗത്യം തുടരുകയാണ്. ദുരന്തമേഖലയിൽ നിന്നും ഇനി ആരെയും ജീവനോടെ രക്ഷിക്കാൻ ബാക്കിയില്ല എന്നും മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവിൽ തുടർന്നുകൊണ്ടിരിക്കുന്നതെന്നും സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 330 പിന്നിട്ടു. 284 പേരെയാണ് കണ്ടെത്താനുള്ളത്. ചാലിയാറിൽ മാത്രം കണ്ടെത്തിയത് 172 മൃതദേഹങ്ങളാണ്. നിലവിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 2328 പേരാണ് കഴിയുന്നത്. മരണം നാനൂറ് കടക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിലും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർത്ഥികളെ കാണാതായതായി ഡി.ഡി.ഇ അറിയിച്ചു. ഇതിൽ നാലുപേരുടെ മൃതദേഹങ്ങൾ കിട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവർ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. മുഖ്യമന്ത്രി ചൂരൽമലയിലെത്തി ബെയിലി പാലത്തിന്റെ നിർമ്മാണം വിലയിരുത്തുകയും ചെയ്തു. ബെയിലി പാലം ഉദ്ദേശിച്ച സമയത്ത് തന്നെ സൈന്യത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞു. 26 മണിക്കൂർ കൊണ്ടാണ് 190 അടി പാലം സൈന്യം നിർമ്മിച്ചത്. 24 ടൺ ഭാരം വരെ താങ്ങാനുള്ള ശേഷിയാണ് പാലത്തിനുള്ളത്. രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾ ഇതുവഴി പോകാൻ തുടങ്ങിയതോടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങളിൽ തിരച്ചിൽ ഊർജിതമാക്കാൻ കഴിഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളെയാണ് ദുരന്തം സാരമായി ബാധിച്ചത്. ദുരന്തമേഖലയിലെ ആകെ ജനസംഖ്യ 6750 ആണ് ക്യാമ്പുകളിൽ എത്താത്ത 750 പേർ ഇനിയുമുണ്ടെന്നാണ് കണക്കാക്കുന്നത്. മുണ്ടക്കൈ വാർഡിൽ 540 വീടുകൾ ഉണ്ടായിരുന്നതിൽ അവശേഷിക്കുന്നത് 21 മാത്രം. ചൂരൽമല വാർഡിൽ 600 വീടുകളുണ്ടായിരുന്നതിൽ 68 വീടുകൾ കാണാനില്ല. 4548 പേരെ ദുരന്തം നേരിട്ട് ബാധിച്ചുവെന്നാണ് സർക്കാർ കണക്ക്. വീടുകളടക്കം 348 കെട്ടിടങ്ങൾ തകർന്നതായി കണക്കുകൾ പറയുന്നു. കൂടാതെ തൊഴിലാളികൾ താമസിച്ചിരുന്ന 30 എസ്റ്റേറ്റ് പാടികളും തകർന്നുപോയി. 638 ഹെക്ടർ കൃഷിഭൂമി ഒലിച്ചുപോയതായാണ് കൃഷിവകുപ്പ് വിലയിരുത്തുന്നത്. 21 കോടിരൂപയുടെ നഷ്ടം ഇതിൽ കണക്കാക്കുന്നു. എന്നാൽ കൃഷിനാശത്തിന്റെ കണക്ക് ഇതിലും കൂടാനാണ് സാധ്യത. ഹൈദരാബാദിലെ നാഷ്ണൽ റിമോർട്ട് സെൻസിംഗ് സെന്റർ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിന്റെ ഉയരം 1500 മീറ്ററാണ്. ദുരന്തത്തിന്റെ വ്യാപ്തി 86000 ചതുരശ്ര മീറ്ററാണ്, ദൈർഘ്യം 8 കിലോമീറ്ററും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപാറയിലെ വനമാണ്. സ്വകാര്യഭൂമിയിലെ അതിർത്തികളിൽ നിന്നും 2 കിലോമീറ്റർ ഉള്ളിലാണ് നിലമ്പൂർ കോവിലകത്തിന്റെ കൈവശത്ത് നിന്നും ഏറ്റെടുത്ത ഈ നിക്ഷിപ്ത വനഭൂമി. അവിടെ നിന്നും ചാലിയാറിലേക്ക് ഒഴുകിയിരുന്ന കൊച്ചരുവിയാണ് ഉരുൾപൊട്ടി പരന്നൊഴുകിയത്. 6 മീറ്റർ വീതി മാത്രമുണ്ടായിരുന്ന ഈ അരുവിയ്ക്ക് കുറുകെയാണ് 190 അടി നീളത്തിൽ ബെയ്ലി പാലം നിർമ്മിച്ചിരിക്കുന്നത്.
ദുരന്തനിവാരണം പുരോഗമിക്കുന്നതിനൊപ്പം ദുരന്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും തർക്കങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മുണ്ടക്കൈയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മേഘഘടനയിലുണ്ടായ മാറ്റവുമാണ് ദുരന്തത്തിന് വഴിവച്ചതെന്ന് വിദഗ്ധർ പറയുന്നു. കേരളത്തിന്റെ അറബിക്കടൽ ഭാഗത്ത് കട്ടികൂടിയ കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നതാണ് മഴയുടെ സ്വഭാവം മാറുന്നതിന് കാരണമെന്ന് ശാസ്ത്രസമൂഹം നിരീക്ഷിക്കുന്നു. കൂമ്പാരമേഘങ്ങളുടെ രൂപപ്പെടൽ കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും തെറ്റിക്കുന്നു 2019ലെ പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിൽ ദുരന്തത്തിന് കാരണമായത് മേഘഘടനയിലുണ്ടായ മാറ്റമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സമാനരീതിയിലിലുള്ള മേഘരൂപവത്കരണം തന്നെയായിരുന്നു ദുരന്തസമയത്ത് മുണ്ടക്കൈയിലുണ്ടായിരുന്നതും. വയനാട് ദുരന്തം മുന്നറിയിപ്പുകളെക്കുറിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കത്തിന് വഴിതുറന്നു. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കേരളം അവഗണിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. എന്നാൽ വയനാട്ടിൽ ചുവപ്പ് ജാഗ്രത മുന്നറിയിപ്പ് നൽകിയത് ഉരുൾപ്പൊട്ടലുണ്ടായ ജൂലൈ 30ന് തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര ആണ് സ്ഥിരീകരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം ശരി വയ്ക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. അതേസമയം ഓറഞ്ച് അലർട്ട് നൽകുന്നത് തന്നെ തയ്യാറെടുപ്പുകളോടെ കരുതിയിരിക്കാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ റെഡ് അലർട്ട് 29ന് തന്നെ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയുമായിരുന്നു. വയനാട്ടിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്നും 29ന് ഉച്ചയ്ക്ക് 2 മണിക്ക് ലഭിച്ച ഫോർകാസ്റ്റ് ബുള്ളറ്റിൻ പ്രകാരം 29,30 തിയതികളിൽ വയനാട് ജില്ലയ്ക്ക് ഉരുൾപൊട്ടൽ സാധ്യത തീരെയില്ലാത്ത ഗ്രീൻ അലർട്ട് ആണ് നൽകിയത്. മുന്നറിയിപ്പുകളെ സംബന്ധിച്ചുള്ള പോരായ്മകളും സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വ്യക്തയില്ലായ്മയുമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളോ പഠനറിപ്പോർട്ടുകളോ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ശാസ്ത്രഞ്ജർക്ക് നൽകിയ നിർദ്ദേശവും വിവാദമായിരുന്നു. തുടർന്ന് ദുരന്തനിവാരണ പ്രിൻസിപ്പൾ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറത്തിറക്കിയ ഈ ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വയനാടിലെ ഉരുൾപൊട്ടൽ സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണ മേഖല ബെഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. വയനാട് ദുരന്തം സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണോ ദുരിതത്തിലേക്ക് നയിച്ചതെന്നായിരിക്കും പ്രധാനമായും ഹരിത ട്രിബ്യൂണൽ പരിശോധിക്കുക.
Photo: Special Arrangement