എക്സ് ഉപേക്ഷിച്ച ദി ഗാർഡിയൻ നിലപാട് എന്തുകൊണ്ട് പ്രസക്തമാകുന്നു?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (ട്വിറ്റർ) ഇനി മുതൽ ഔദ്യോഗികമായി ഒന്നും പോസ്റ്റ് ചെയ്യില്ലെന്ന പ്രമുഖ ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ദി ഗാർഡിയന്റെ നിലപാട് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എക്സിലെ ഉള്ളടക്കങ്ങൾ തീവ്ര വലതുപക്ഷ ആശയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയും പ്രചരിപ്പിക്കുന്നവയാണെന്നും, അതിനെ സാധൂകരിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പ് ക്യാമ്പയിനെന്നും, തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇലോൺ മസ്ക് എക്സിനെ ഉപയോഗപ്പെടുത്തിയെന്നും ചൂണ്ടികാണിച്ചാണ് ഗാർഡിയൻ എക്സ് ഉപേക്ഷിച്ചിരിക്കുന്നത്. എക്സിൽ മാത്രം 80 ഔദ്യോഗിക അക്കൗണ്ടുകളുള്ള ഗാർഡിയന് 27 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്.

“ഇത് കുറേ കാലമായി ആലോചിക്കുന്ന ഒരു കാര്യമായിരുന്നു, ഇനി മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ദി ഗാർഡിയന്റെ ഔദ്യോഗിക എഡിറ്റോറിയൽ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റുകളൊന്നും ചെയ്യില്ലെന്ന് വായനക്കാരെ അറിയിക്കുന്നു. എക്സിൽ തുടരുമ്പോൾ ലഭിക്കുന്ന നേട്ടങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നത് ദോഷങ്ങൾ മാത്രമാണ്. എക്സ് ഒരു വിഷലിപ്തമായ മീഡിയ പ്ലാറ്റ്ഫോമാണ്. അതിന്റെ ഉടമയായ ഇലോൺ മസ്ക് തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് എക്സിനെ ഉപയോഗിക്കുന്നത്. എക്സിലെ കണ്ടന്റുകൾ ചിലപ്പോൾ ഞങ്ങളുടെ റിപ്പോർട്ടുകളിലോ ലേഖനങ്ങളിലോ എംബഡ് ചെയ്യുന്നതായിരിക്കും, കൂടാതെ വായനക്കാർക്ക് ഗാർഡിയന്റെ കണ്ടന്റുകൾ എക്സിൽ പങ്കുവെക്കുന്നതിന് തടസങ്ങൾ ഒന്നും തന്നെയില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നത് ഒരു മാധ്യമ സ്ഥാപനത്തെ സംബന്ധിച്ച് പുതിയ പ്രേക്ഷകരെ കണ്ടെത്താനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ്. പക്ഷേ ഞങ്ങളുടെ വർക്കുകൾ പ്രചരിപ്പിക്കുന്നതിൽ ഇനി മുതൽ എക്സിന് കുറഞ്ഞ പങ്ക് മാത്രമേയുള്ളൂ. ഞങ്ങളുടെ ബിസിനസ് മോഡൽ ഒരിക്കലും വൈറൽ ഉള്ളടക്കത്തിൽ അധിഷ്ഠിതമല്ല എന്നതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കിത് ചെയ്യാൻ സാധിച്ചത്.” ദി ഗാർഡിയൻ കുറിച്ചു.

ദി ​ഗാർഡിയൻ പ്രസിദ്ധീകരിച്ച വിശദീകരണം, കടപ്പാട്: theguardian

2022ൽ ഇലോൺ മസ്ക് എക്സിന്റെ ഉടമസ്ഥത ഏറ്റെടുത്ത ശേഷം ആ പ്ലാറ്റ്ഫോമിൽ നിന്നും പിൻവാങ്ങുന്ന പ്രധാന മാധ്യമസ്ഥാപനമാണ് ദി ഗാർഡിയൻ. 44 ബില്ല്യൺ ഡോളറിന് എക്സിന്റെ ഉടമസ്ഥത സ്വന്തമാക്കിയതിന് ശേഷം, ഗൂഢാലോചന സിദ്ധാന്തത്തിന്റെ പ്രയോക്താവായ അലക്സ് ജോൺസ്, സ്ത്രീവിരുദ്ധ കണ്ടന്റുകൾ പ്രചരിപ്പിച്ചതിലൂടെ ഇൻഫ്ലുവൻസറായി മാറിയ ആൻഡ്രൂ ടേറ്റ്, ബ്രിട്ടനിലെ തീവ്ര വലതുപക്ഷ ആക്റ്റിവിസ്റ്റ് ടോമി റോബിൻസൺ എന്നിവരുടെ ബാൻ ചെയ്ത എക്സ് അക്കൗണ്ടുകളുടെ നിരോധനം പിൻവലിക്കുകയാണ് ഇലോൺ മസ്ക് ചെയ്തത്.

തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മസ്കിനെ സൂപ്പർ ജീനിയസ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൂടാതെ തനിക്ക് വേണ്ടി നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് മസ്കിന് നന്ദിയും അറിയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിക്ക് 100 മില്ല്യൺ ഡോളറിലധികം സംഭാവന നൽകുകയും പ്രചരണത്തിന് നേരിട്ടിറങ്ങുകയും ചെയ്ത വ്യക്തിയാണ് ഇലോൺ മസ്ക്. പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള 75,000 ഡോളർ ടാക്സ് അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്ന ട്രംപിന്റെ വാഗ്ദാനം ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോവുന്നത് ഇലോൺ മസ്കിനും അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനിക്കുമാണെന്നത് വ്യക്തം. ട്രംപിന് വെടിയേറ്റ പെൻസിൽവാനിയയിലെ ബട്ലർ നഗരത്തിൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് മസ്കിനൊപ്പമായിരുന്നു. തെരഞ്ഞെടുപ്പിലെ പിന്തുണയ്ക്ക് പ്രത്യുപകാരമെന്നോണമാണ് പുതിയ സർക്കാരിൽ ഡിപ്പാർട്മെന്റ് ഓഫ് എഫിഷ്യൻസി (DOGE)യുടെ ഹെഡ് ആയി ഇലോൺ മസ്കിനെ ട്രംപ് നിയമിച്ചത്. മസ്കിനൊപ്പം ഇന്ത്യൻ സംരംഭകൻ വിവേക് രാമസ്വാമിയും എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിന്റെ ചുമതല വഹിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പുതിയ അമേരിക്കൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ ലളിതവും കൂടുതൽ കാര്യക്ഷമവും ആക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക, പാഴ് ചെലവവുകൾ നിയന്ത്രിക്കുക തുടങ്ങി വിവിധ ചുമതലകളാണ് മസ്കിനും വിവേക് രാമസ്വാമിക്കുമുള്ളത്. അതേസമയം, സാമൂഹ മാധ്യമ മേഖലയെ നിയന്ത്രിക്കുന്ന ശതകോടീശ്വരനായ ഒരു വ്യവസായിക്ക് അമേരിക്കൻ ഭരണത്തിൽ ആധിപത്യം ലഭിക്കുന്ന അവസ്ഥയെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

ട്രംപിനൊപ്പം പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഇലോൺ മസ്ക്, കടപ്പാട്: thehindu

ഗാർഡിയന്റെ എക്സിൽ നിന്നുള്ള പിന്മാറ്റം സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവർത്തനത്തിനും അഭിപ്രായ സ്വാതന്ത്രത്തിനുമേറ്റ തിരിച്ചടിയായും കണക്കാക്കപ്പെടുന്നുണ്ട്. എക്സ്, മെറ്റ തുടങ്ങിയ മുതലാളിത്ത ഭീമാന്മാർ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഭരണകൂടത്തിന് പിന്തുണയുള്ള പോസ്റ്റുകൾക്കും വൈറൽ കണ്ടന്റുകൾക്കും മാത്രം റീച്ച് നൽകുകയും ഭരണകൂട വിമർശന പോസ്റ്റുകൾ അൽഗോരിതം വഴി ഷാഡോബാൻ ചെയ്യുകയും ചെയ്യുന്നത് പതിവായിരിക്കുന്ന സന്ദർഭത്തിലാണ് ഗാർഡിയന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.  

ഗാർഡിയന്റെ പിൻവാങ്ങലിനെ തുടർന്ന് എക്സ് ഉപേക്ഷിച്ച നിരവധി സ്ഥാപനങ്ങൾ വീണ്ടും പൊതു ശ്രദ്ധയിലേക്ക് വന്നു. സ്റ്റേറ്റ് അഫിലിയേറ്റഡ് മീഡിയ എന്ന് എക്സ് അവരെ സ്വയം ലേബൽ ചെയ്തതിന് ശേഷം, കഴിഞ്ഞ വർഷം നോൺ പ്രോഫിറ്റ് അമേരിക്കൻ മീഡിയ ഓർഗനൈസേഷനായ നാഷണൽ പബ്ലിക് റേഡിയോ (എൻ.പി.ആർ) എക്സിൽ അവരുടെ കണ്ടന്റുകൾ പങ്കുവെക്കുന്നത് നിർത്തിയിരുന്നു. കൂടാതെ ഔദ്യോഗിക കാരണങ്ങൾ ഒന്നും പങ്കുവെക്കാതെ തന്നെ ബെർലിൻ ഫിലിം ഫെസ്റ്റിവൽ എക്സിൽ നിന്നും പിന്മാറുകയാണെന്ന് നവംബറിൽ അറിയിച്ചിരുന്നു. അതേസമയം വിദ്വേഷ പ്രചാരണങ്ങളുടെയും അസഭ്യകരമായ ഉള്ളടക്കങ്ങളുടെയും പേരിലാണ് യുകെയിലെ റോയൽ നാഷണൽ ഓർത്തോപീഡിക് ഹോസ്പിറ്റൽ എക്സ് ഉപേക്ഷിച്ചത്. മുൻ സി.എൻ.എൻ ആങ്കർ ഡോൺ ലെമൺ ഇത്തരത്തിൽ എക്സ് ഉപേക്ഷിച്ച വ്യക്തിയാണ്. സത്യസന്ധമായ സംവാദങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സുതാര്യതയ്ക്കും പ്രാധാന്യം നൽകുന്ന പ്ലാറ്റ്ഫോമാണ് എക്സ് എന്നായിരുന്നു താൻ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോഴത് അങ്ങനെയല്ലാതെയായി മാറിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡോൺ ലെമൺ എക്സ് ഉപേക്ഷിച്ചത്.

ഇന്ത്യയിൽ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ അടക്കമുള്ള സ്ഥാപനങ്ങളോടും, സ്വതന്ത്ര മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് അടക്കമുള്ള മാധ്യമങ്ങളോടുമുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തുവന്നതിനെ തുടർന്ന് ബിബിസിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ദേശീയ തെരഞ്ഞെടുപ്പ് സമയത്ത് തീവ്ര ഹിന്ദുത്വ പോസ്റ്റുകൾക്കും, മുസ്ലീം വിരുദ്ധവും മതസ്പർദ്ധ പരത്തുന്നതുമായ പോസ്റ്റുകൾക്കും മെറ്റയും എക്സും കൂടുതൽ റീച്ച് കൊടുക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. ആഗോളതലത്തിൽ പലസ്തീൻ അനുകൂല പോസ്റ്റുകളെ മെറ്റ അടക്കമുള്ള സോഷ്യൽ മീഡിയ ഭീമന്മാർ ഷാഡോ ബാൻ ചെയ്യുന്നത് പതിവായിരിക്കുന്നു. സ്വതന്ത്രമാധ്യമങ്ങൾ ഭരണകൂടത്തിന്റെ അമിതമായ നിയന്ത്രണത്തിലാവുകയും സോഷ്യൽ മീഡിയ കുത്തകകൾ ഭരണകക്ഷിയുടെ താത്പര്യ സംരക്ഷകരായി മാറുകയും ചെയ്യുന്ന സാഹചര്യമാണ് ആഗോളമായി നിലനിൽക്കുന്നത്. ആ പശ്ചാത്തലത്തിലാണ് ദി ഗാർഡിയൻ എടുത്ത തീരുമാനം ഏറെ പ്രസക്തമാകുന്നത്. ഗാർഡിയന്റെ ധീരമായ ഈ നിലപാട് ലോക മാധ്യമ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.

Also Read

4 minutes read November 18, 2024 1:24 pm