

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


‘Ficus Religiosa is a tree with an unusual life cycle. Its seeds, contained in bird droppings, fall on other trees, Aerial roots spring up and grow down to the floor. Then, the branches wrap around the host tree and strangle it. Finally, the sacred fig stands on its own.‘
ഇറാനിയൻ സംവിധായകനായ മൊഹമദ് റസൂലോഫിന്റെ ഏറ്റവും പുതിയ സിനിമയായ The Seed of the Sacred Fig തുടങ്ങുന്നത് അരയാലിനെപ്പറ്റി എഴുതിയ ഈ വാക്യങ്ങളിലൂടെയാണ്. ആ മരത്തിന്, നമ്മളുടെ ദേശ-കുടുംബ സങ്കല്പങ്ങളുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് ഒട്ടും തന്നെ യാദൃച്ഛികമല്ല. പക്ഷേ, ഇറാനിയൻ സിനിമകളുടെ മുഖമുദ്രയായ അലിഗറികളിലൂടെയും മെറ്റഫറുകളിലൂടെയും കഥ പറയുന്ന രീതി റസൂലോഫ് ഉപേക്ഷിച്ചിരിക്കുന്നു. “This aesthetics has led to the political castration of cinema. I am done with that path” എന്നദ്ദേഹം ഒരഭിമുഖത്തിൽ പറയുന്നുണ്ട്. കൃത്യമായും വ്യക്തമായും രാഷ്ട്രീയവും ഭരണകൂട വിമർശനവും അവതരിപ്പിക്കുന്ന അദ്ദേഹം അതിൻറെ പേരിൽ വിലക്കുകളും ജയിൽവാസവും നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്. 2002ൽ തുടങ്ങിയ തൻ്റെ ചലച്ചിത്ര സപര്യ വെറും പത്താമത്തെ മാത്രം ഫീച്ചർ സിനിമയിൽ എത്തിനിൽക്കുമ്പോൾ റസൂലോഫ് അവതരിപ്പിക്കുന്നത് ഒരു കുടുംബത്തിൻ്റെ കഥയാണ്. രണ്ട് പെൺമക്കൾ ഉള്ള ഒരു ഇറാനിയൻ കുടുംബത്തിൻ്റെ കഥ.


കുടുംബത്തോട് സ്നേഹവും കരുതലും വെച്ച് പുലർത്തുന്ന കുടുംബനാഥനാണ് ഇമാൻ, പേരിൽപ്പോലും വിശ്വാസം സൂക്ഷിക്കുന്നയാൾ. ആദ്യം ദൈവത്തോടും, അതിനാൽ തന്നെ മതവിശ്വാസങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭരണകൂടത്തോടും. ഈ വിശ്വാസത്തിനപ്പുറത്ത് ഇസ്ലാമിക് റവല്യൂഷനറി കോർട്ടിലെ ജഡ്ജ് ആകണമെന്ന് ആഗ്രഹം, അതിനായി ഉള്ള കഠിനാധ്വാനം- അതുകൂടിയാണ് ഇമാൻ. വളരെ കരുത്തുള്ള ഒരു പിതൃബിംബം. പാരമ്പര്യമൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ആ കുടുംബനാഥന്റെ അനുസരണയുള്ള അനുയായിയാണ് ഭാര്യയായ നജ്മ. കുടുംബത്തെ ഭദ്രമായി കെട്ടുറപ്പിച്ച് നിർത്തുന്നവൾ. നജ്മയെന്ന ഭാര്യക്ക് ഭാരിച്ച ചുമതല കൂടിയുണ്ട്. പാരമ്പര്യ മൂല്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള കാവലാൾ അവരാണ്. ഭാവി തലമുറയെ കൃത്യമായി ചട്ടം പഠിപ്പിച്ച് വളർത്തണം. എന്തൊക്കെയാണെന്നോ ആ ചട്ടങ്ങൾ? നമ്മുടെ മാത്രം കുടുംബമായിരിക്കണം നമ്മുടെ പ്രയോരിറ്റി. അതിന് പുറത്തേക്ക് ബന്ധങ്ങളോ സൗഹൃദങ്ങളോ കെട്ടുപാടുകളോ ഒന്നും പാടില്ല. പിതാവിൻറെ വിശ്വാസത്തിനും സുരക്ഷയ്ക്കും ആഗ്രഹങ്ങൾക്കും എതിരെ നിൽക്കുന്ന ഒരു പ്രവൃത്തിയിലും ഏർപ്പെടരുത്. കുടുംബത്തിന് പുറമേ നടക്കുന്ന യാതൊന്നിലേക്കും നമ്മൾ കണ്ണും കാതും കൊടുക്കരുത്. പിതൃബിംബത്തോട് സന്ദേഹമോ അവിശ്വാസമോ അനാവശ്യ ചോദ്യങ്ങളോ പാടില്ല. ഈ ചട്ടങ്ങളെല്ലാം കൃത്യമായി പാലിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നതിൽ ബദ്ധ ശ്രദ്ധയാണ് നജ്മ. അവർക്ക് രണ്ട് പെൺമക്കളുണ്ട് റെസ്വാനും സനയും. അവർ നജ്മ പറയുന്നതുപോലെ തന്നെ വളർന്നുവരുന്ന കുട്ടികളാണ്, വീടിൻറെ ചുമരുകൾക്ക് പുറത്ത് തികച്ചും നജ്മയുടെ ചിട്ടവട്ടങ്ങൾക്കനുസരിച്ച് മാത്രം പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുട്ടികൾ. എങ്കിലും ഒരു നല്ല സൗഹൃദം ഉണ്ടാക്കുന്നതിൽ റെസ്വാൻ വിജയിക്കുന്നുണ്ട്.
സിനിമ തുടങ്ങുമ്പോൾ വളരെ ശാന്തനായും, ധാർമ്മിക പ്രശ്നങ്ങളിൽ പെട്ടുഴലുന്നവനായും കാണപ്പെട്ട ഇമാൻ, കൗമാരത്തിലെത്തി നിൽക്കുന്ന തൻ്റെ കുഞ്ഞിന് നേരെ തോക്ക് ചൂണ്ടുന്ന ഒരാളായി മാറാൻ കാരണമെന്തെന്നതാണ് ഒറ്റ നോട്ടത്തിൽ കഥാതന്തു. ഏതാണ്ട് ഒരേസമയം കുടുംബത്തിനകത്തും പുറത്തുമായി നടക്കുന്ന രണ്ട് സംഭവങ്ങളാണ് കുടുംബത്തിൻറെ ഭാവി അഥവാ ഭദ്രത നിർണയിക്കുന്നത്. 2022 സെപ്റ്റംബറിൽ ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിക്കപ്പെട്ട് മഹ്‌സ അമിനിയുടെ വധത്തെ തുടർന്ന് നടക്കുന്ന Zan, Zendagi, Azadi (Women, Life, Freedom) പ്രക്ഷോഭങ്ങളിൽ സുഹൃത്ത് സദഫിനേൽക്കുന്ന അപകടവും, ജോലിയുടെ പ്രമോഷന്റെ ഭാഗമായി ഇമാന് ലഭിക്കുന്ന തോക്ക് വീട്ടിൽ വച്ച് കാണാതെയാകുന്നതുമാണ് ആ രണ്ട് സംഭവങ്ങൾ. മുഖത്ത് പരിക്കേറ്റ സദഫിനെ നജ്മ വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ മുതൽ കുടുംബബന്ധങ്ങളുടെ രസതന്ത്രത്തിൽ മാറ്റം വരുന്നു. പുറത്തുള്ള പ്രക്ഷോഭങ്ങൾ അകത്തേക്ക് കടക്കാതിരിക്കാൻ എല്ലാത്തരം മുൻകരുതലുകളും നജ്മ എടുത്തിട്ടും അത് സംഭവിക്കുക തന്നെ ചെയ്തു. കുട്ടികൾ സമാർട്ട്ഫോണിലൂടെ, കൂട്ടുകാരുമായുള്ള ആശയ വിനിമയത്തിലൂടെ വീടിൻ്റെ ജനാലകളിലൂടെ എല്ലായിടത്തും നിന്നുള്ള കാഴ്ചകൾ സ്വീകരിക്കുകയും ഗ്രഹിക്കുകയും ചെയ്തുകൊണ്ടിരുന്നു. യാഥാർത്ഥ്യബോധത്തോടെ, യുക്തിയോടെ കാര്യങ്ങളെ നോക്കിക്കാണാൻ ആ പെൺകുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെക്കാൾ പ്രാപ്തിയുണ്ടായിരുന്നു. ഒരു അത്താഴവേളയിൽ പ്രക്ഷോഭങ്ങളെ പറ്റിയും പ്രതിഷേധക്കാരെ പറ്റിയും സ്റ്റേറ്റ് റൺ മീഡിയ ചാനലുകളിലൂടെ വിളമ്പുന്ന നുണ പ്രചാരണങ്ങളിൽ അമർഷത്തോടെ റസ്വാൻ ടി.വി നിർത്താൻ പറയുന്നുണ്ട്. സിനിമയിൽ, അച്ഛൻ മകൾക്കുനേരെ നിൽക്കുന്ന ആദ്യത്തെ സംഭവം ഇവിടെയാണ്. പ്രക്ഷോഭത്തെ പറ്റി താൻ പറയുന്നത് നിങ്ങൾക്ക് വിശ്വസിക്കാൻ വയ്യേ എന്ന് ചോദിക്കുന്ന ഇമാൻ്റെ കണ്ണിൽ നോക്കി ധീരമായി റസ്വാൻ you are a part of it എന്ന് പറയുന്നത് പ്രേക്ഷകൻ്റെ ഗൂസ്ബമ്പ്സ് മൊമന്റസിൽ ഒന്നാണ്.


അറസ്റ്റും വിലക്കും ഭയന്ന് അതീവ രഹസ്യമായി ചിത്രീകരിക്കപ്പെട്ട ഈ സിനിമയിൽ ഇറാനിലെ വുമൺ, ലൈഫ്, ഫ്രീഡം പ്രക്ഷോഭങ്ങളുടെ ഒറിജിനൽ സോഷ്യൽ മീഡിയ വീഡിയോസ് പ്രദർശിപ്പിക്കുന്നതിലൂടെ എന്താണ് ശരിക്കും ഉദ്ദേശിക്കുന്നത്? ഇറാൻ ഭരണകൂടത്തിൻ്റെ കണ്ണിൽപ്പെടാതെ അത്തരം ഔട്ട്ഡോർ രംഗങ്ങൾ റീക്രിയേറ്റ് ചെയ്യാൻ അറസ്ററ് ഭീഷണി നേരിടുന്ന സംവിധായകന് പറ്റില്ല എന്നതു മാത്രമല്ല ഇവിടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നുണ്ടാവുക! ഇറാനിലെ ഭരണകൂട ഭീകരതയും സ്ത്രീ വിരുദ്ധതയും യാഥാർത്ഥ്യം തന്നെയാണ് എന്ന ഓർമപ്പെടുത്തലാണത്. ഇത് വെറുമൊരു സിനിമാ കഥയല്ലെന്നും, സിനിമയിലെ റെസ്വനും സനയും മാത്രമല്ല, നിങ്ങൾ കാണികൾ കൂടി അറിയേണ്ടുന്ന യാഥാർത്ഥ്യമാണ് ഇതെന്നുമുള്ള നിരന്തരമായ ഓർമ്മപ്പെടുത്തൽ. കൗതുകകരമായ ഒരു കാര്യമുള്ളത്, നമ്മുടെ നാട്ടിൽ പൊതുവെ യുവത്വത്തെ വഴിതെറ്റിക്കുന്ന ഒന്നായിട്ടാണ് സോഷ്യൽ മീഡിയയെ സങ്കൽപ്പിക്കാറുള്ളത്. എന്നാൽ, അവിടെ, ഈ സിനിമയിൽ, രക്ഷിതാക്കൾ (സർക്കാരും) പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്ന യാഥാസ്ഥിതികത്വത്തിൽ നിന്നും സങ്കുചിതത്വത്തിൽ നിന്നും ചോദ്യം ചോദിക്കാതെ കീഴടങ്ങി വളരുന്ന അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് സോഷ്യൽ മീഡിയയാണ്.
തുടർന്നാണ് തോക്ക് കാണാതെയാവൽ. തോക്ക് നഷ്ടപ്പെട്ടാൽ, സ്വയ രക്ഷക്കുള്ള ആയുധം നഷ്ടപ്പെട്ടു എന്നതിലുപരി ഭാവിയിൽ തന്നെ കാത്തിരിക്കുന്ന ‘ജഡ്ജ്’ പദവി നഷ്ടപ്പെട്ടേക്കാം എന്ന് കൂടി തിരിച്ചറിയുന്ന ഇമാൻ കുടുംബത്തെയൊന്നാകെ ഇളക്കിമറിക്കുന്ന കാഴ്ചയാണ് പിന്നീട്. സ്വന്തം മക്കൾ മാത്രമല്ല, എന്നും വിശ്വസ്ത അനുയായി ആയിരിക്കുന്ന ഭാര്യ പോലും, ഇമാൻറെ സംശയദൃഷ്ടിയിൽപെട്ടുപോയി. ഇൻവെസ്റ്റിഗേറ്റീവ് ജഡ്ജ് ആയി ജോലി ചെയ്യുന്ന ഇമാൻ തനിക്ക് മുൻപിലെത്തുന്ന കുറ്റാരോപിതരോട് ചെയ്യുന്നതൊക്കെ തൻ്റെ കുടുംബത്തോടും ചെയ്യുന്നു. സഹപ്രവർത്തകൻ്റെ ചോദ്യം ചെയ്യലിന് വിധേയരാക്കുന്നു, കുട്ടികളുടെ മുറിയിൽ തിരച്ചിൽ നടത്തുന്നു, എല്ലാവരുടെയും ഫോണുകൾ പിടിച്ചുവെക്കുന്നു. മാത്രമല്ല, എല്ലാരേയും അന്യോന്യം സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.
In my home, I don’t feel safe എന്നത് എല്ലാ ഏകാധിപതികളുടെയും പരിവേദനമാണ്. ഭരണാധികരികളുടെ എസ്കോർട്ട് വാഹന സുരക്ഷ, കാവൽ നിൽക്കുന്ന കമാൻഡോസിൻ്റെയും പൊലീസിൻ്റെയും എണ്ണം മുതലയവയിലൂടെ തോക്കുകളെ മാത്രമല്ല, അവർ കറുത്ത നിറത്തെയും കൂവലിനെ കൂടിയും ഭയക്കുമെന്ന് ഇറാനിൽ പോകാതെ തന്നെ നമുക്കറിയാം. In their home, they do not feel safe at all! ഇമാൻ ഭയക്കുന്നത് നഷ്ടപ്പെട്ടുപോയ തോക്കിനെയാണ്, സംശയിക്കുന്നത് കുടുംബത്തെയും. ഇമാൻ്റെ വ്യക്തിവിവരങ്ങൾ ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ മേലധികാരി ഇമാനെ ഉപദേശിക്കുന്നു. നഷ്ടപ്പെട്ടത്തിന് പകരമായി ഒരു തോക്കും നൽകുന്നു. തുടർന്ന് ഇമാനും കുടുംബവും ഇമാൻ്റെ ജന്മനാട്ടിലേക്ക് പോകുകയാണ്.


പുറമേ നിന്നുള്ള ശത്രുക്കളിൽ നിന്ന് രക്ഷിക്കാനെന്ന മട്ടിൽ നമ്മളെ, നമ്മളായിരിക്കുന്ന ഇടത്ത് നിന്ന് മാറ്റും. അവരുടെ ദേശ സങ്കൽപ്പങ്ങളിലേക്ക്, പ്രാചീനമായ ഒരിടത്തേക്ക്. ശേഷം സൗമ്യനായ പിതൃബിംബത്തിൻ്റെ ചെയ്തികളും ശരീരഭാഷയും പാടേ മാറും, ക്രൂരനായ ഒരു ഏകാധിപതിയുടെ എല്ലാ ഭാവഹാവാദികളും സ്വീകരിക്കും. നമ്മൾ ഭയക്കും, എങ്കിലും ചെറുക്കാൻ ശ്രമിക്കും. ഫലപ്രദമായി ചെറുക്കാനാകുന്ന ഒരേയൊരു കൂട്ടർ യുവത ആയിരിക്കും. തടവിലാക്കപ്പെട്ട ബാക്കിയുള്ളവരെ ഭയവിഹ്വലതയോടെയെങ്കിലും, അവർ സ്വതന്ത്രരാക്കും. അതോടെ സമനില തെറ്റുന്ന പിതാവ് സ്വയരക്ഷയ്ക്കായി അനുവദിക്കപ്പെട്ട തോക്ക് ചൂണ്ടുന്നത് നിസ്സഹായരായ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നേർക്കാവും. തനിക്ക് നേരെ അപ്പോൾ ആ നഷ്ടപ്പെട്ടെന്ന് കരുതിയ തോക്കുയർന്നാലും അയാൾ പേടിക്കില്ല. കുഞ്ഞിക്കൈകൾ പിടിച്ച തോക്കിന് തന്നെ ഒന്നും ചെയ്യാനാകില്ല എന്ന ആത്മവിശ്വാസത്തോടെ അയാൾ മുന്നോട്ട് നീങ്ങും. ഒടുവിൽ അത് സംഭവിക്കും. പിതൃബിംബങ്ങളെയൊക്കെ മണ്ണിട്ട് മൂടുന്ന ഒരു സ്ഫോടനം സംഭവിക്കുക തന്നെ ചെയ്യും!


2024 കാൻ ചലച്ചിത്ര മേളയിൽ ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് എട്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതറിഞ്ഞ് ജർമ്മനിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു സംവിധായകൻ റസുലോഫിന്. അദ്ദേഹം മാത്രമല്ല, സന, റെസ്വാൻ, സദഫ് എന്നീ കഥാപാത്രങ്ങളായി അഭിനയിച്ച നടിമാർ ഉൾപ്പെടെ ജർമ്മനിയിൽ അഭയം തേടിയിരിക്കുകയാണ്. കാനിൽ പാം ഡി ഓറിന് മത്സരിക്കുകയും പ്രത്യേക ജൂറി പുരസ്കാരം നേടുകയും ചെയ്ത ഈ ചിത്രം, 2025ലെ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ സിനിമ വിഭാഗത്തിലെ ഓസ്കാർ അവാർഡിനായുള്ള നോമിനേഷൻ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽ The Seed of Sacred Fig ഇറാൻ എന്ന രാഷ്ടത്തിലെ തിയോക്രസിയെയും സ്ത്രീവിരുദ്ധതയെയും കുറിച്ചുള്ള കഥയാണ്. എന്നാൽ, സത്യമായും അതൊരു കുടുംബത്തിൻ്റെ കഥയാണ്. പാട്രിയാർക്കിയുടെ വിത്ത് വീണ് വ്യക്തികളെ ചുറ്റിവരിഞ്ഞ് പടർന്ന് പന്തലിക്കുന്ന കുടുംബം എന്ന ‘വിശുദ്ധ’ സ്ഥാപനത്തിൻ്റെ കഥ. രാഷ്ട്രത്തോളം വളർന്ന് വലുതാകുന്ന കുടുംബത്തിൻ്റെ കഥ! ഇറാനിലെ മാത്രം കുടുംബത്തിലെ കഥയാവണോ അതെന്ന് നമ്മൾ വേണം തീരുമാനിക്കാൻ.