ആത്മസ്നേഹം, ആണധികാരം: ‘ദി സബ്സ്റ്റൻസ്’ കാണുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാൻ ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ഏറ്റവും വലിയ സ്റ്റാൻഡിങ് ഒവേഷനും ലഭിച്ച ചിത്രം എന്നതായിരുന്നു ‘ദി സബ്സ്റ്റൻസ്’ എന്ന സിനിമ കാണാനുള്ള പ്രേരകം. ഫ്രഞ്ച് സംവിധായികയായ കോറലി ഫാർഗെറ്റ് സംവിധാനം ചെയ്ത ഹൊറർ/സൈഫൈ ഴോണറിൽ പെടുന്ന ചിത്രം സിനിമാ നിരൂപകർക്കിടയിൽ ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങുന്നുണ്ട്. ഡെമി മൂറെ അവതരിപ്പിക്കുന്ന എലിസബത്ത് സ്പാർക്ക്ൾ എന്ന കഥാപാത്രം താൻ കുറെ കാലം അവതരിപ്പിച്ചിരുന്ന ടെലിവിഷൻ ഷോയിൽ നിന്നും പുറത്താക്കപ്പെടുന്നതാണ് കഥയുടെ ആരംഭം. തന്റെ ജീവിതത്തിന്റെ ലക്ഷ്യവും സുപ്രധാന ഭാഗവുമായിരുന്ന ടെലിവിഷൻ ഷോയിൽ നിന്നും പുറത്താക്കപ്പെടുന്നതോടെ എലിസബത്തിന്റെ ജീവിതം വ്യർഥമാവുകയും അസ്തിത്വ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം കാരണം എലിസബത്ത് ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആശുപത്രിയിലെ നഴ്സ് അവർക്ക് ഒരു പെൻഡ്രൈവ് നൽകുന്നു. അതിൽ നിലവിലുള്ളതിനേക്കാൾ നല്ല ഒരു സെൽഫിനെ ഉണ്ടാക്കാൻ ശേഷിയുള്ള മരുന്നിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും അത് ലഭിക്കാനുള്ള നമ്പറും ഉണ്ട്. തന്റെ പുതിയ സെൽഫിനെ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാലും പഴയ തന്നിലേക്ക് മടങ്ങാനുള്ള വ്യഗ്രത കാരണവും എലിസബത്ത് മരുന്ന് ഓർഡർ ചെയ്ത് ഉപയോഗിക്കുന്നു. നിലവിലെ ശരീരം പിളർന്ന് പുതിയ ശരീരം ഉടലെടുക്കുകയും പഴയ ശരീരം നിശ്ചലമാവുകയും ചെയ്യുന്നു. ഓരോ ഏഴ് ദിവസം കഴിയുംതോറും ശരീരങ്ങൾ മാറണം. അല്ലാത്ത പക്ഷം ഒരിക്കലും നികത്താനാവാത്ത കുറവുകൾ അപ്പോൾ നിശ്ചലമായ ശരീരത്തിന് സംഭവിക്കും.

സിനിമയിൽ നിന്നുള്ള ദൃശ്യം.

പുതിയ ശരീരം സ്യൂ എന്ന് സ്വയം നാമകരണം ചെയ്യുകയും എലിസബത്ത് ജോലി ചെയ്തിരുന്ന ടിവി ഷോയുടെ ഓഡിഷന് പോവുകയും അവിടെ നിയമിക്കപ്പെടുകയും ചെയ്യുന്നു. ഒരേ ബോധം പങ്കിടുന്ന, ഒരേ ഉണ്മയുടെ വ്യത്യസ്ത സാക്ഷാൽക്കാരങ്ങളായ രണ്ട് ശരീരങ്ങളും ബോധാവസ്ഥയിൽ പരസ്പരം കണ്ടുമുട്ടുന്നില്ല. അതിനാൽ തന്നെ അവക്കിടയിൽ ശത്രുത വളരുന്നു. പതിയെ ആദ്യത്തെ ശരീരത്തെ പുതിയ ശരീരം അവഗണിക്കുന്നു. പഴയ ശരീരത്തിന് ഗുരുതരമായ വൈകൃതങ്ങൾ സംഭവിക്കുന്നു. തുടർന്നങ്ങോട്ട് രണ്ടു ശരീരങ്ങളും തമ്മിലുള്ള ശത്രുതയാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഒടുക്കം ഇരു ശരീരങ്ങളും നാശത്തിന്റെ വക്കിലെത്തുന്നേരം സ്യൂ മരുന്ന് വീണ്ടും സേവിക്കുന്നു. പക്ഷെ അതിസങ്കീർണവും വികൃതവുമായ ഒരു ശരീരമാണ് രൂപപ്പെടുന്നത്. അന്നത്തെ ടിവി ഷോക്ക് വികൃതമായ രൂപവുമായി ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നീട് ശരീരം ഛിന്നഭിന്നമാവുകയും ചെയ്യുന്നു. സിനിമയുടെ ദൃശ്യ ഭാഷയും മിസ്-എൻ-സീനും അലോസരപ്പെടുത്തുന്ന രൂപത്തിലാണ് ഒരുക്കിയിട്ടുള്ളത്. ക്യാമറയുടെ ചലനങ്ങളും പശ്ചാത്തല സംഗീതവും ദൃശ്യാനുഭവത്തെ അവിസ്മരണീയമാക്കാൻ സഹായിച്ചിട്ടുണ്ട്.

ദി സബ്സ്റ്റൻസ്, പോസ്റ്റർ

ആൺനോട്ടങ്ങളെ അനുസരിക്കേണ്ടി വരുന്ന, അവയെ തൃപ്തിപ്പെടുത്താൻ നിർബന്ധിതയാകുന്ന സ്ത്രീയെയാണ് എലിസബത്ത് പ്രതിനിധീകരിക്കുന്നത് എന്നാണ് പൊതുവെയുള്ള വായന. ടെലിവിഷൻ ചാനലിന്റെ മേധാവിയുടെയും ഷെയർ ഹോൾഡേഴ്സിന്റെയും തൃപ്തിയെ അതിപ്രാധാന്യത്തോടെ സിനിമ അവതരിപ്പിക്കുന്നുണ്ട് എന്നതാവാം ഇങ്ങനെയൊരു വായനക്ക് കാരണം. ചാനൽ മേധാവിയുടെ നോട്ടത്തിലെ പുരുഷാധികാരത്തെയും അതിനോട് എലിസബത്തിനുള്ള (സംവിധായികക്കുള്ള) പുച്ഛവും കാണിക്കാൻ ഫിഷ് ഐ ലെൻസും അരോചകമായ ക്ലോസപ്പുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. പുതിയ ശരീരം പ്രത്യക്ഷപ്പെടുന്ന സീനുകളിൽ ഉപയോഗിച്ചിട്ടുള്ള അതിനെ ഫെറ്റിഷൈസ് ചെയ്യുന്ന തരത്തിലുള്ള ഷോട്ടുകളും സ്ത്രീയെ ചരക്കുവൽക്കരിക്കുന്ന ആണധികാരത്തെയാണ് സൂചിപ്പിക്കുന്നത് (സമ്പദ് വ്യവസ്ഥ കയ്യാളുന്ന പുരുഷപ്രേക്ഷകരെ തൃപ്തിപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കാനാകുമോ ഇത്തരമൊരു ദൃശ്യ ഭാഷ സ്വീകരിച്ചിട്ടുള്ളത്?).

ആണധികാരം, സ്ത്രീ ചരക്കുവൽക്കരണം എന്നിവക്കപ്പുറത്തേക്ക് ചർച്ച ചെയ്യപ്പെടേണ്ട സിനിമയാണിതെന്നാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. യഥാർത്ഥ സെൽഫിനെ ഉൾക്കൊള്ളാൻ കഴിയാത്ത പ്രവണത വളരെയധികം വർദ്ധിച്ച് വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അത് ഒന്നുകിൽ സാമൂഹികമായി കൽപിക്കപ്പെടുന്ന സൗന്ദര്യസങ്കൽപത്തിലേക്ക് എത്താൻ കഴിയാത്തതിനാലാവാം, അല്ലെങ്കിൽ സോഷ്യൽ മീഡിയ നിർമിക്കുന്ന കൽപിത ലോകത്തിലേക്ക് ഉൾച്ചേരാൻ കഴിയാത്തതിനാലാവാം. താൻ അംഗീകരിക്കുന്ന സെൽഫിലേക്കെത്തുവാൻ വേണ്ടി സൗന്ദര്യ വർദ്ധക വസ്തുക്കൾ/ ഇമേജ് ഫിൽട്ടറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പ്രതിഭാസത്തെയാണ് സിനിമ പറയുന്നത് എന്ന് വായിക്കാം.

കോറലി ഫാർഗെറ്റ്

എലിസബത്ത് വാർധക്യത്തിലേക്കെത്തുന്നത് സമൂഹം അംഗീകരിച്ച സൗന്ദര്യ സങ്കൽപത്തിന് പുറത്താകലാണ്. അവർ ഉപയോഗിക്കാൻ തുടങ്ങുന്ന സബ്സ്റ്റൻസ് എന്ന പദാർത്ഥം സൗന്ദര്യ വർദ്ധക വസ്തുക്കളുടെ/ ഇമേജ് ഫിൽട്ടറുകളുടെ പ്രതീകവും തുടർന്നുണ്ടാകുന്ന പുതിയ ശരീരം പൊതുബോധത്തിലേക്ക് ഉൾച്ചേരുന്ന സൗന്ദര്യത്തിലേക്ക് എത്തിച്ചേരലുമാണ്. പിന്നീട് സംഭവിക്കുന്ന ആത്മനിന്ദയും ഇരു സെൽഫും തമ്മിലുള്ള ശത്രുതയും അസ്തിത്വ പ്രതിസന്ധിയെയുമാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ആണധികാരത്തെക്കുറിച്ചും സമൂഹം നിർണയിച്ച മാനദണ്ഡങ്ങളെ മുതലാളിത്തം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും അത് വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് സിനിമ പ്രതിപാദിക്കുന്നത്. സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Also Read

3 minutes read October 31, 2024 11:31 am