ലോകം ഇസ്രായേലിനെ ബഹിഷ്ക്കരിക്കണം

പ്രാ‍ർത്ഥന പോലെ കവിത

മനുഷ്യാത്മാവിന്റെ അവസാന പരിശ്രമമാണ് കവിത. ഇക്കാരണത്താൽ തന്നെ മരണത്തോട് അടുക്കുമ്പോൾ മനുഷ്യർ കവിതയോടടുക്കുന്നു. ജീവിതത്തിന്റെ നിർണ്ണായക ഘട്ടത്തിൽ മനുഷ്യ‍ർ കവിതയിലെത്തുന്നു. ജീവിതത്തിന്റെ നിർണ്ണായക മുഹൂർത്തങ്ങളുടെ ചരിത്രമാണ് കവിത. വാ‍ർപ്പുമാത‍ൃകകളാണ് കവിതയുടെ ശത്രു. പൊതുവെ വാർപ്പുമാത്രകകളിൽ കവിതയൊടുങ്ങുന്നു. ഭരണകൂടത്തിലെ ഭരണവർ​ഗത്തെ പോലെയാണത്. ജനങ്ങൾ ഭരണകൂടത്തെ തിരഞ്ഞെടുക്കുകയും ഭരണകൂടം ജനങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. എല്ലാ തിരിച്ചറിവുകളിൽ നിന്നും കവിതയെ നിരന്തരം പുതുക്കുവാൻ ഞാൻ ശ്രമിക്കുന്നു. കവിതയെ കുറിച്ചുള്ള ധാരണകളെല്ലാം ഞാൻ മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു കവി എന്ന നിലയിൽ കവിതയെ വ്യത്യസ്തമായി അന്വേഷിക്കുവാനുള്ള അവകാശം എനിക്കുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ ദിവസവും നിങ്ങൾക്ക് കവിതയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറ്റാം. സായാഹ്നങ്ങളിലും സന്ധ്യകളിലും കവിത മാറാം. കാരണം കവിത ഒരു ആശയസംഹിതയല്ല. അത് ജീവിതം പോലെയാണ്. ജീവിതം പോലെ ചലിക്കുന്നതാണ്. എന്നാൽ മാറ്റമില്ലാതെ തുടരുന്ന അടിസ്ഥാനപരമായ കാര്യങ്ങൾ കവിതയിലുണ്ട്. കവിത എല്ലായ്പ്പോഴും ധ്യാനത്തോടൊപ്പം ആയിരിക്കണം. പ്രാർത്ഥന പോലെയാണ് കവിത. മതവിശ്വാസികൾ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. കവികൾ എല്ലാ ദിവസവും കവിത എഴുതുന്നു, അല്ലെങ്കിൽ കവിത വായിക്കുന്നു.

കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നജ്വാൻ ദർവിഷ് സംസാരിക്കുന്നു. കടപ്പാട്: ILFK

കവിത എഴുതുകയാണ് എന്റെ വഴി

കവിത എഴുതുവാനല്ലാതെ കാവ്യനിരൂപണത്തിൽ കഴിവുള്ള ഒരാളല്ല ഞാൻ. കവിതയെ വിലയിരുത്താനും നി‍ർവചിക്കാനും എനിക്കറിഞ്ഞുകൂട. കവിത എഴുതുകയാണ് എന്റെ വഴി എന്ന തിരിച്ചറിവിലാണ് ഇന്നു ഞാൻ എത്തി നിൽക്കുന്നതും. അതിനാൽ സമകാല പലസ്തീൻ കവിതകളെ കുറിച്ചും അറേബ്യൻ കവിതകളെ കുറിച്ചും പറയേണ്ടയാൾ ഞാനല്ല. ഒരു പലസ്തീനിയാണ് ഞാനെങ്കിലും പലസ്തീനെ പിന്തുണക്കുന്നുവെങ്കിലും കാവ്യപാരമ്പര്യത്തിലേക്കു വരുമ്പോൾ അറേബ്യൻ കാവ്യപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനാണ് ഞാൻ. പേ‍ർഷ്യയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന പൗരസ്ത്യ പാരമ്പര്യത്തിന്റെയും കവിയാണു ഞാൻ. ഇവിടെ ഇരുന്നു സംസാരിക്കുമ്പോൾ എന്റെ കാവ്യ പാരമ്പര്യത്തിൽ നിന്നും ഏറെ അകലെയല്ല ഞാൻ.

കവിത ഒരു ദു‍ർബല ജീവിയാണ്

കവിതക്കെന്ത് പറയാനാവും? കവിതക്കെന്ത് ചെയ്യാനാവും? എന്നോട് എപ്പോഴും ചോദിക്കാറുള്ള ചോദ്യങ്ങളാണിത്. കവിതക്കെന്തെങ്കിലും ചെയ്യാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. കവിത ഒരു ദു‍ർബല ജീവിയാണ്. നിത്യവർത്തമാനം പോലെയോ, മാധ്യമ പ്രവർത്തനം പോലെയൊ ഒന്നുമല്ല കവിത. ഈ വൈരുദ്ധ്യം തന്നെയാണ് എന്റെ ഉത്കണ്ഠയും. എനിക്ക് കവിത എഴുതണം, മറുവശത്ത് മറ്റൊന്ന് നിറവേറ്റണം. വംശഹത്യ അവസാനിപ്പിക്കാനോ ഒരു കുഞ്ഞിന്റെയെങ്കിലും ജീവൻ രക്ഷിക്കാനോ കവിതയ്ക്കാവില്ല. പലസ്തീനിലെ ഒരു കവിയാണ് നിങ്ങൾ എങ്കിൽ ഈ വൈരുദ്ധ്യത്തോടെയല്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ല.

2023 നവംബർ 18 ന് വടക്കൻ ഗാസ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ കുഞ്ഞുങ്ങളെ മടിയിൽവെച്ച് വിലപിക്കുന്നു ഉമ്മമാർ. കടപ്പാട് : റോയിട്ടേഴ്‌സ്/ഫാദി അൽവിദി.

ഇരുണ്ട കാലത്തെ പ്രണയത്തിന്റെ ധ‍‍ർമ്മമെന്താണ് ?

‘റോൾ’ എന്ന വാക്കിനെ എപ്പോഴും സംശയത്തോടെ നോക്കുന്നവനാണു ഞാൻ. മനുഷ്യർക്ക് എല്ലാത്തിലും എന്തെങ്കിലും പ്രയോജനം കണ്ടെത്തണം. മുതലാളിത്തം വരുന്നതിനും മുൻപ് സാങ്കേതിക വിപ്ലവ കാലത്ത് നിന്നാണ് ഈ വാക്ക് വരുന്നതെന്ന് തോന്നുന്നു. എല്ലാത്തിനും എന്തെങ്കിലും പ്രയോജനം ഉണ്ടായിരിക്കണം. ഒരു പ്രയോജനവും ഇല്ലാത്ത ഒരു മനുഷ്യനാണ് നിങ്ങൾ എങ്കിൽ ഒരു വിലയും നിങ്ങൾക്കുണ്ടാവില്ല.

എഴുത്തുകാരും, സാഹിത്യവും, അമ്മയും, പ്രണയവും എല്ലാമെല്ലാം പ്രയോജനകരം ആയിരിക്കാൻ നിർബന്ധിക്കുന്നതാണ് സോവിയേറ്റ് സാഹിത്യം. എന്നാൽ എല്ലാത്തിനും അതിന്റേതായ അസ്തിത്വമുണ്ട്. എല്ലാത്തിന്റെയും നിലനിൽപ്പിൽ തന്നെ അതിന്റെ ധർമ്മമുണ്ട്. അല്ലാതെ ഓരോന്നിന്റെയും ധ‍ർമ്മത്തിലല്ല അതിന്റെ അസ്തിത്വമുള്ളത്. കവിതയുടെ കർമ്മത്തെക്കുറിച്ചും എന്റെ വികാരം ഇതാണ്. കവിതയ്ക്ക് അതിന്റെ അസ്തിത്വമുണ്ട്.

പ്രണയത്തിന്റെ ധർമ്മം എന്താണെന്ന് നാം ചിന്തിക്കാറില്ല. സമൂഹത്തിൽ പ്രണയത്തിന്റെ ധ‍ർമ്മം എന്താണ്? ഇരുണ്ട കാലത്തെ പ്രണയത്തിന്റെ ധർമ്മം എന്താണ്? കവിതയുടെ ധർമ്മത്തെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. കവിത നിലനിൽക്കണം. എന്നാൽ കവിത അപൂർവ്വമാണ്. എല്ലാവരും കവികളാണ്, എല്ലാവരും കവിതയെ കുറിച്ച് സംസാരിക്കുന്നു. കവിത… കവിത… കവിത… എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. വളരെയേറെ കാവ്യസമാഹാരങ്ങൾ, കാവ്യോത്സവങ്ങൾ കാണുന്നു. എന്നാൽ കവിത മാത്രം കേൾക്കാനാവുന്നില്ല.

കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നജ്വാൻ ദർവിഷും കെ സച്ചിദാനന്ദനും. കടപ്പാട് : ILFK.

ജനാധിപത്യവത്കരണം കവിതയ്ക്കത്ര നന്നല്ല !

കവിതയുടെ ജനാധിപത്യവത്കരണം പലപ്പോഴും വഞ്ചനയും നുണയും നിറഞ്ഞതാണ്. കവിത ഒരു കലയാണ്. ഓരോ കലയിലും വൈദ​ഗ്ദ്യത്തിന്റെ വ്യവസ്ഥകളുണ്ട്. കലയിൽ വൈ​ദ​ഗ്ദ്യമില്ലാതെയും നിങ്ങൾക്ക് ഒരു കലാകാരനാവാം. എന്നാൽ കലയിൽ വൈദ​ഗ്ദ്യം നേടുന്നതിന് നിങ്ങൾ പരിചയിക്കുന്ന കലയുടെ ചരിത്രം അറിയേണ്ടതുണ്ട്. പാരമ്പര്യങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഭാഷ നന്നായ് അറിയേണ്ടതുണ്ട്.

കവിതയെ കുറിച്ച് ഞാൻ എപ്പോഴും പറയാറുള്ള കാര്യങ്ങളിൽ ഒന്നാണിത്, മനുഷ്യ ജീവിതം വളരെ ഹൃസ്വമാണ് എന്നതാണ് കവിയുടെ പരാജയം. ആയിരം വ‍ർഷം ജീവിച്ചിരിക്കുകയാണ് എങ്കിൽ ആർക്കും ഒരു മഹാകവിയാവാം. ആയിരം വർഷം ജീവിക്കുകയാണ് എങ്കിൽ എല്ലാ കവിതകളും നിങ്ങൾക്ക് വായിക്കാം, എല്ലാ കാവ്യപാരമ്പര്യങ്ങളെയും അറിയാം. നിങ്ങൾക്ക് ഒരു നല്ല കവിയാവാം. എന്നാൽ ഇതെല്ലാം നിങ്ങൾ ഒരു പതിനഞ്ച് വർഷത്തിനുള്ളിൽ ചെയ്യേണ്ടതുണ്ട്. എല്ലാം നിങ്ങൾക്ക് വായിക്കേണ്ടതുണ്ട്, എല്ലാം നിങ്ങൾ അനുഭവിക്കേണ്ടതുണ്ട്. അതോടൊപ്പം നിങ്ങൾ എഴുത്തിൽ മുന്നേറേണ്ടതുമുണ്ട്. ഇതൊരു വെല്ലുവിളിയാണ്. ഇക്കാര്യത്താൽ തന്നെ വളരെ കുറഞ്ഞ സമയത്തിൽ ഇതെല്ലാം ചെയ്യാനാവുന്ന വളരെ കുറിച്ച് കവികൾ മാത്രമേ നമുക്കുള്ളൂ. മനുഷ്യൻ എന്ന നിലയിൽ നൂറ് വർഷത്തിനും താഴെ മാത്രമേ നമുക്ക് ജീവിക്കാനാവൂ, അതും ഭാ​ഗ്യം തുണക്കുകയാണെങ്കിൽ.

പുതിയ കവികളിൽ പലർക്കും കാവ്യപാരമ്പര്യങ്ങളിൽ അവ​ഗാഹമില്ല. വായനക്കാർ ഇല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ നിങ്ങളെ വായിക്കുവാൻ ആളുകളുണ്ട് എന്ന മിഥ്യയിൽ എത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നിലും ഞാൻ ഇല്ല. അവ മിഥ്യയിലും അനാവശ്യ ബന്ധങ്ങളിലും എത്തിക്കുന്നു. ഒരു കവി എന്ന നിലയ്ക്ക് നിങ്ങളുടെ ഏകാന്തത നിങ്ങൾക്കു വേണം. ഓരോ ദിവസവും നിങ്ങളുടെ ധ്യാനം കണ്ടെത്താനാവണം. ജനാധിപത്യവത്കരണം കവിതയ്ക്കത്ര നന്നല്ല.

ഒരു ചലച്ചിത്രം പോലെ വംശഹത്യ കാണുന്ന ലോകം

ഒരു സാധാരണ സ്ഥലമല്ല ഇന്ന് പലസ്തീൻ. ഏതാണ്ട് കഴിഞ്ഞ നാലു മാസക്കാലമായി ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒരു വംശഹത്യ നേരിടുകയാണ് ഞങ്ങൾ. ചരിത്രത്തിൽ നിന്നാണ് നാം വംശഹത്യകൾ എന്തെന്നറിയാറുള്ളത്. അപൂ‍ർവ്വമായി മാത്രമേ നമുക്ക് വംശഹത്യ അനുഭവിക്കേണ്ടി വരാറുള്ളു. എന്നാൽ കഴിഞ്ഞ നാലുമാസമായി ഒരു ചലച്ചിത്രം പോലെ, ഒരു ടെലിവിഷൻ പരിപാടി പോലെ സ്മാർ‍ട്ട്ഫോണുകളിൽ ലോകം ഞങ്ങളുടെ വംശഹത്യ കണ്ടുകൊണ്ടിരിക്കുന്നു.

ഒരു പലസ്തീൻ ഐക്യദാര്ഢ്യ പോസ്റ്റർ.

ഞാൻ എഴുതുന്ന പേപ്പറിൽ വംശഹത്യ നിഴലിക്കുന്നു

ഞാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കഴിഞ്ഞ നാലു മാസമായി ഇസ്രായേൽ നടത്തുന്ന വംശഹത്യ എന്റെ കവിതയിലേക്ക് കടന്നുവരുന്നു. കഴിഞ്ഞ നാലു മാസമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന പേപ്പറിൽ വംശഹത്യ കടന്നുവരുന്നു. ആ പേപ്പറുകളിലെ വരികൾക്കുള്ളിൽ വംശഹത്യയുണ്ട്, വിഷയം അതല്ലെങ്കിൽ പോലും. ഇന്ന് ഞാൻ എഴുതുന്ന ഓരോ കവിതയിലും വംശഹത്യ നിഴലിക്കുന്നുണ്ട്. ഭക്ഷണം പോലെ ജൈവികമാണ് കവിതയും. നിങ്ങളുടെ ശരീരത്തിലും, ജീവിതത്തെ സ്വീകരിക്കുന്ന രീതിയിലും എല്ലാം കവിത വെളിപ്പെടും. എന്റെ ജീവിതത്തിൽ ഞാൻ എഴുതിയിട്ടുള്ളതിൽ ഏറെയും നേരിട്ടോ അല്ലാതെയോ എന്റെ രാജ്യത്തോട് ബന്ധപ്പെട്ടിരിക്കുന്നതാണ്.

ഗാസ പ്രതിരോധിക്കുകയാണ്

ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ എന്താണെന്ന് എനിക്കറിയാം, അതുപോലെ തന്നെ ​ഭരണകൂടം ഭരണകൂടത്തിന്റെ മാത്രം പ്രതിനിധിയാണെന്നും. ഭരണകൂടങ്ങൾ ജനങ്ങളുടെ പ്രതിനിധികൾ അല്ലെന്നത് ഇന്നൊരു ആ​ഗോള പ്രതിഭാസമാണ്.

ഈ വംശഹത്യയുടെ ആരംഭം മുതൽ ഇരുന്നൂറോളം എഴുത്തുകാരും മാധ്യമപ്രവർത്തകരും ​ഗാസയിൽ കൊല്ലപ്പെടുകയുണ്ടായി. എന്റെ സുഹൃത്തും കവിയുമായ സലീം അൽ നഫാർ കൊല്ലപ്പെട്ടത് ഭാര്യയുടെയും മറ്റു കുടുംബാം​ഗങ്ങളുടെയും കൂടെയാണ്. ഒരാൾ പോലും ആ കുടുംബത്തിൽ അവശേഷിച്ചിരിക്കുന്നില്ല. ആ കുടുംബം മുഴുവനായും മായ്ക്കപ്പെട്ടു. പലസ്തീനിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. ഈ വംശഹത്യയുടെ ഇരകളായവരുടെ എണ്ണം 50,000 ത്തിനോട് അടുക്കുന്നു. ഈ ഇരകളിൽ മൂന്നിൽ രണ്ടും കുട്ടികളാണ്. ഇരകളായവരെല്ലാം പൗരന്മാരാണ്. ഈ വംശഹത്യ അവസാനിക്കുമ്പോഴേക്കും ​ഗാസയിൽ ഇനി എത്ര പേർ അവശേഷിക്കുമെന്ന് പറയാനാവില്ല.

സലീം അൽ നഫാർ

തീ‍ർച്ചയായും ​ഗാസ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ നിലയ്ക്കും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. വാക്കുകൊണ്ടും ശരീരംകൊണ്ടും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. നാലു മാസമായി ഇസ്രായേൽ ​ഗാസയിൽ ബോംബ് വർഷിച്ചുകൊണ്ടിരിക്കുന്നു. വൈറ്റ് ഫോസ്ഫറസും, നിരോധിത ആയുധങ്ങളും എല്ലാം ഉപയോ​ഗിച്ച് അവർ ​ഗാസയെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അവർ​ക്ക് ​ഗാസ പിടിച്ചെടുക്കാനാവുന്നില്ല, ​ഗാസയുടെ പ്രതിരോധമാണിത്.

ഇസ്രായേൽ, നരകത്തിലേക്കുള്ള വഴി

ഇന്ന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇസ്രായേലിനെ ബഹിഷ്ക്കരിക്കുക എന്നുള്ളതാണ്. സാംസ്കാരികവും സാമ്പത്തികവുമായ ബഹിഷ്ക്കരണം. പലസ്തീനുവേണ്ടി മാത്രമായല്ല ഈ ബഹിഷ്ക്കരണം നടപ്പിലാക്കേണ്ടത്. ഇസ്രായേൽ ഭരണവ്യവസ്ഥ ഈ ലോകത്തിന് എത്രമാത്രം അപകടകരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാവണം അത്. അറബ് ലോകത്ത് ഭരണ​കൂടത്തെ ജനങ്ങൾ പിന്തുണക്കുന്നില്ലെങ്കിൽ ഞങ്ങൾ അതിനെ റെജീം എന്ന് വിളിക്കും, ഒരു ഭരണകൂടമായി ഞങ്ങൾ അതിനെ അം​ഗീകരിക്കുന്നില്ല.

ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം പറയാം. നശിപ്പിക്കുകയോ, കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയോ ചെയ്യേണ്ട ഇസ്രേയേലിന്റെ വിനാശകരമായ ആയുധങ്ങൾ അവർ ഇന്ത്യൻ ഭരണകൂടത്തിന് നൽകുന്നു. അതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. രണ്ടാമതായി അവർ നൽകുന്നത് സ്പയിങ്ങ് സോഫ്റ്റുവയറുകളാണ്. ഈ സ്പയിങ്ങ് സോഫ്റ്റ്വയറുകൾ ഭരണകൂടം ഉപയോ​ഗിക്കുന്നത് മാധ്യമപ്രവർത്തകർക്കെതിരെയാണ്. ജനാധിപത്യം തകർക്കുവാനാണ്. ഇസ്രായേലുമായുള്ള ബന്ധം ഇവിടെ അവശേഷിക്കുന്ന അൽപ്പം ജനാധിപത്യത്തെയും ഇല്ലാതാക്കും. ഇസ്രായേലുമായുള്ള ബന്ധം സർവ്വനാശത്തിന് കാരണമാകും.

ഇസ്രായേൽ ബഹിഷ്ക്കരണ ക്യാംമ്പയിനിൽ നിന്നും.

ഇനിയും അഞ്ചുവർഷത്തേക്ക് ഈ ബന്ധം തുടരുകയാണെങ്കിൽ ഇതുപോലെ ഒരു സംഭാഷണത്തിനുള്ള സ്വാതന്ത്ര്യം പോലും നമുക്ക് ഉണ്ടാവുകയില്ല. ലോകം മുഴുവൻ സാംസ്കാരികവും, സാമ്പത്തികവുമായി ഇസ്രായേലിനെ ബ​ഹിഷ്ക്കരിക്കേണ്ടതുണ്ട്. നവലിബറലിസവും നവഫാസിസവും തമ്മിലുള്ള അന്താരാഷ്ട്ര സഖ്യത്തെ തടയേണ്ടതുണ്ട്. അത് എല്ലാവരെയും നരകത്തിലേക്ക് നയിക്കും. ‘ഞങ്ങളെ പിന്തുടരൂ… ഞങ്ങൾ നിങ്ങളെ നരകത്തിലേക്ക് നയിക്കാം’ എന്നതാണ് അവരുടെ പുതിയ മുദ്രാവാക്യം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 2, 2024 3:11 pm