തീപ്പണക്കം: പൊട്ടൻ തെയ്യത്തിൽ നിന്നും നാരായണ ഗുരുവിലേക്ക് നീളുന്ന വെളിച്ചം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര”; മിത്തിൽ നിന്ന് ഉടലെടുത്ത ഈ മൗലികമായ ചോദ്യത്തിലൂടെ സഞ്ചരിക്കുകയാണ് ചിത്രകാരനും സംവിധായകനുമായ കെ.എം മധുസൂദനന്റെ പുതിയ ഡോക്യുമെന്ററി ‘തീപ്പണക്കം’. ഒരു ജനതയുടെ പോരാട്ടത്തിന്റെ ചരിത്രത്തെയാണ് ഡോക്യുമെന്ററി പ്രതിനിധാനം ചെയ്യുന്നത്. പൊട്ടൻ തെയ്യം കെട്ടിയാടുന്ന ഒരു കലാകാരന്റെ ആത്മഗതങ്ങളിലൂടെ പൊട്ടൻ തെയ്യത്തിന്റെ ഐതിഹ്യവും ജാതിവിരുദ്ധ പോരാട്ടവും ശ്രീനാരായണ ഗുരുവുമായുള്ള ബന്ധവും ഏറ്റവും മിനിമലിസ്റ്റിക് ആയ രീതിയിൽ സംവിധായകൻ അടയാളപ്പെടുത്തുന്നു. ഈ വർഷം ജൂലായിൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ (IDSFFK) പ്രദർശിപ്പിച്ച തീപ്പണക്കം ശ്രദ്ധ നേടിയിരുന്നു.

പൊട്ടൻ തെയ്യം

ജാതീയത അതിന്റെ ഏറ്റവും തീവ്രതയിലായിരുന്ന കാലത്ത് എല്ലാ മനുഷ്യരും തുല്യരാണെന്ന മഹത്തായ ആശയം ഉറക്കെ പ്രഖ്യാപിച്ച ഒരു കീഴാള മനുഷ്യന്റെ കഥയാണ് പൊട്ടൻ തെയ്യമായി നിലനിൽക്കുന്ന ഐതിഹ്യം. മലയൻ, പുലയൻ, പാണൻ തുടങ്ങി ജാതിയിലുള്ളവരാണ് പൊട്ടൻ തെയ്യം കെട്ടാറുള്ളത്. സർവജ്ഞപീഠം കയറാൻ ഒരുങ്ങുന്ന ശങ്കരാചാര്യരെ പരമശിവൻ അലങ്കരൻ എന്ന പുലയന്റെ വേഷത്തിലെത്തി വഴി തടയുകയും, വഴിമാറാൻ പറഞ്ഞ ശങ്കരനോട് “നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര” എന്ന മറുപടിയുമായി  മനുഷ്യരെല്ലാം ഒന്നാണ് എന്ന വലിയ പ്രപഞ്ച സത്യത്തിലൂടെ ശങ്കരനെ തന്റെ മുന്നിൽ മുട്ടുകുത്തിക്കുകയും ചെയ്ത അലങ്കരൻ എന്ന ‘പുലയ ശിവന്റെ’ ചരിത്രമാണ് പൊട്ടൻ തെയ്യത്തിലൂടെ ഉത്തരമലബാറിൽ കെട്ടിയാടുന്നത്.

കെ.എം മധുസൂദനൻ

പുളിമരം, ചെമ്പക മരം തുടങ്ങിയവയുടെ തടികൾ വെട്ടിയുണ്ടാക്കി കത്തിച്ച് അതിന്റെ കനലിൽ (മേലേരി) പൊട്ടൻ തെയ്യം വലം വെച്ച് ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ഉട കൊണ്ട് ശരീരം ഭാഗികമായി മറയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊട്ടൻ തെയ്യം കെട്ടുമ്പോൾ പൊള്ളലേൽക്കാൻ സാധ്യത വളരെ കൂടുതലാണ്. തീക്കനലിൽ കിടക്കുമ്പോഴും ‘എനിക്ക് കുളിരണ്’ എന്നാണ് പൊട്ടൻ തെയ്യം പറയുന്നത്. മുഖത്തെഴുത്ത് ഇല്ലാത്ത പൊട്ടൻ തെയ്യത്തിന് മൂന്ന് തരത്തിലുള്ള മുഖാവരണമാണുള്ളത്. അത് നന്ദികേശൻ, ശിവൻ, പാർവതി എന്നിവരെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ വെള്ള നിറത്തിലുള്ള അരിചാന്തും ദേഹത്ത് പുരട്ടുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ഉടയാടകളാണ് പൊട്ടൻ തെയ്യം ധരിക്കുന്നത്. പൊട്ടൻ തെയ്യം കെട്ടുന്ന ഒരു തെയ്യം കലാകാരന്റെ ആത്മഗതങ്ങളാണ് നാല്പത് മിനിറ്റ് ദൈർഘ്യമുള്ള ‘തീപ്പണക്കം’.

പൊട്ടൻ തെയ്യം അവതരിപ്പിച്ച കലാകാരൻ ഹരീഷ് കൊയ്യോൻ. ഡോക്യുമെന്ററിയിൽ നിന്നും.

കനലിനായി വെട്ടുന്ന മരച്ചില്ലകളിൽ നിന്നും തുടങ്ങുന്ന ഡോക്യുമെന്ററിയുടെ ആദ്യ ദൃശ്യം അവസാനിക്കുന്നത് കനലൊരുക്കാനായി തയ്യാറാക്കുന്ന മൺതിട്ടയുടെയും മേലേരിയുടെയും മറ്റൊരു ദൃശ്യത്തിലേക്കാണ്. കരിമരമാണ് തന്റെ വൃക്ഷമെന്നും വെട്ടിയാലും വീണ്ടും വളർന്നുവരുന്ന ഇരുണ്ട മഹാവൃക്ഷമാണ് താനെന്നും പൊട്ടൻ തെയ്യം സമൂഹത്തെ ഓർമ്മിപ്പിക്കുന്നു. “ഞങ്ങൾ മുറിഞ്ഞാലും നിങ്ങൾ മുറിഞ്ഞാലും ഒന്നല്ലേ ചോര” എന്ന പൊട്ടൻ തെയ്യത്തിന്റെ വലിയ ചോദ്യത്തിന് വരേണ്യ സമൂഹത്തിന് ഒരിക്കലും ഉത്തരങ്ങളുണ്ടായിരുന്നില്ല. ബഹുജനങ്ങളെ ജാതിയുടെ പേരിൽ മാറ്റിനിർത്തിയിരുന്ന, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചിരുന്ന കാലത്ത് നെയ്യാറിൽ നിന്നും കല്ലെടുത്ത് കൊണ്ടുവന്ന്, ‘നാം പ്രതിഷ്ഠിച്ചത് നമ്മുടെ (ഈഴവ) ശിവനെയാണ്’ എന്ന് പ്രഖ്യാപിച്ച് പൂജിക്കാനും പ്രാർത്ഥിക്കാനും അവസരമൊരുക്കിയ ശ്രീനാരായണ ഗുരുവിനോടുള്ള പൊട്ടൻ തെയ്യത്തിന്റെ ചരിത്രപരമായ ബന്ധത്തെക്കുറിച്ചും ഡോക്യുമെന്ററിൽ പ്രതിപാദിക്കുന്നുണ്ട്.

മിനിമലിസ്റ്റ് ആയിരിക്കുമ്പോഴും പൊട്ടൻ തെയ്യത്തിന്റെയും കേരളത്തിന്റെ മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്ര പ്രാധാന്യമാണ് ആഖ്യാനങ്ങളിലൂടെ തീപ്പണക്കത്തിൽ വെളിവാകുന്നത്. ‘തീ എന്നത് താൻ തന്നെയാണെന്നും താൻ എന്നത് തീയാണെന്നും’ പൊട്ടൻ തെയ്യം പറയുന്നു. ആദിയിലും അന്ത്യത്തിലും മനുഷ്യൻ തീയാവുന്നു. പൊട്ടൻ തെയ്യത്തിന് തീയുമായുള്ള അഭേദ്യമായ ബന്ധത്തെ ഡോക്യുമെന്ററി മികച്ച രീതിയിലാണ് അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. അത്തരം രംഗങ്ങളിലെല്ലാം തന്നെ ഓലച്ചൂട്ടിന്റെ വെളിച്ചം കൊണ്ട് തന്നെയാണ് കാണുന്ന പ്രേക്ഷകരും പൊട്ടൻ തെയ്യം ദർശിക്കുന്നത് എന്നത് തന്നെയാണ് തീപ്പണക്കത്തിന്റെ ജൈവികത. പൊട്ടൻ തെയ്യം കെട്ടിയാടുന്നതിന്റെ പ്രാരംഭഘട്ടം മുതൽ പൊലിച്ച് പാട്ടിനൊപ്പം തീക്കനലിൽ ജീവിച്ചതിന്റെ അവശേഷിപ്പുമായി ഒരു ഓല ചൂട്ടും കത്തിച്ച് പുലർച്ചെ വീട്ടിലേക്ക് തിരികെ നടക്കുന്ന പുലയ മനുഷ്യന്റെ ദൃശ്യം വരെ ഏച്ചുകെട്ടലുകളില്ലാതെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു. മനുഷ്യർ സ്വന്തം ജീവിതത്തിൽ പാലിച്ചുപോരാത്ത സത്യങ്ങളെ ലോകത്തോട് വിളിച്ചുപറയുന്ന പൊട്ടൻ തെയ്യം ആരെയും ഭയക്കുന്നില്ല.

നാരായണ ​ഗുരു, ഓയിൽ പെയ്ന്റിം​ഗ്, കെ.എം മധുസൂധനൻ. ഡോക്യുമെന്ററിയിൽ നിന്നും.

തെയ്യം കെട്ടിയാടലിന് ശേഷമുള്ള പൊട്ടൻ തെയ്യത്തിന്റെ വീട്ടിലേക്കുള്ള ചൂട്ടും കത്തിച്ചുള്ള ഏകാന്തമായ നടപ്പാണ് ഡോക്യുമെന്ററിയിലെ ഏറ്റവും മനോഹര ദൃശ്യമായി അനുഭവപ്പെട്ടത്. അവിടെ പ്രകൃതിയും മനുഷ്യനും മാത്രമേ അവശേഷിക്കുന്നുള്ളൂ. നിശബ്ദതയിലും ഒരു ചൂട്ടിന്റെ വെളിച്ചത്തിൽ അയാൾ നടന്നകലുന്നു. ആൾക്കൂട്ടങ്ങളില്ലാതെ, തോറ്റം പാട്ടുകളോ ചെണ്ട മേളങ്ങളോ ഇല്ലാതെ. അവിടെ അയാൾ മനുഷ്യനോ ദൈവമോ അതോ രണ്ടിന്റേയും കലർപ്പോ? ശ്രീനാരായണ ഗുരുവിന്റെ ഛായാ ചിത്രത്തിലേക്ക് ഓലച്ചൂട്ടിൽ നിന്നുള്ള വെളിച്ചം തട്ടുന്ന നേരത്ത്  ചിത്രമവസാനിക്കുമ്പോൾ ഗുരു ബാക്കിവെച്ച് പോയ മനുഷ്യത്വത്തിന്റെയും ഐക്യത്തിന്റെയും നിരവധി അടരുകളിലേക്കുമുള്ള സാധ്യത കൂടിയാണ് ചിത്രം അവശേഷിപ്പിക്കുന്നത്.

Also Read

3 minutes read November 13, 2024 1:22 pm