

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കഴിഞ്ഞ പതിനായിരം കൊല്ലത്തെ ഭൂമിയുടെ ചരിത്രം ഭൂമിയിൽ മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകളുടേതാണ്. ഇതിനെ നരവംശാധിപത്യ കാലമെന്നാണ് (Anthropocene) ഡച്ച് ശാസ്ത്രജ്ഞൻ പോൾ ക്രൂറ്റ്സൺ വിശേഷിപ്പിച്ചത്. 2000ൽ 1400 (AD) മുതൽ ഇത് കൊളോണിയൽ കാലഘട്ടമായി മാറുന്നുണ്ട്. യൂറോപ്യൻ അധിനിവേശം, ഭൂമിയുടെ ഇതരഭാഗങ്ങളിൽ ആക്രമിച്ചെത്തി, കൊലയും കൊള്ളയും സാംസ്കാരികാധിനിവേശങ്ങളും നടത്തി തദ്ദേശീയരെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യുന്നു. ജൈവപ്രകൃതിയുടെ വൈവിധ്യത്തിന് നേരെയുള്ള അക്രമ പരമ്പരകൾ, തദ്ദേശീയ ഭാഷകളെയും നാമാവശേഷമാക്കി. കൊളോണിയലിസത്തിൽ നിന്ന് മോചനം നേടിയ രാഷ്ട്രങ്ങളും നിർഭാഗ്യവശാൽ അനുവർത്തിച്ചത് കൊളോണിയലിസത്തിന്റെ വക്താക്കളുടെ അതേ വികസനങ്ങളും രാഷ്ട്രീയവുമാണ്. ഇത് ഏറ്റവുമധികം, നമ്മുടെ നാട്ടിൽ നഗ്നമാക്കപ്പെടുന്നത് 1990 കൾക്ക് ശേഷമാണ്. 2014 മോദിഭരണം അധികാരത്തിലെത്തിയതോടെ ഇതിന് ഒരു സമഗ്രാധിപത്യ സ്വഭാവമുണ്ടായി. ഒരു രാജ്യം, ഒരു മതം, ഒരു ദൈവം, ഒരു നേതാവ്, ഒരു ഭാഷ എന്നതായി പുതിയ സമവാക്യം. മോദിഭരണത്തിന്റെ വിദ്യാഭ്യാസ നയം ഇതിന്റെ ഭാഗമാണ്. ഹിന്ദിയും സംസ്‌കൃതാവും എല്ലാ ഇന്ത്യക്കാരിലും അടിച്ചേൽപ്പിക്കുന്നതാണ് അതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഹിന്ദി, സംസ്‌കൃതം എന്നിവയുടെ അധിനിവേശം മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇരുപത്തഞ്ചിലധികം ഭാഷകൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. മോദി ഭരണം പിന്തുടരുന്ന കൊളോണിയൽ കാലഘട്ടം മുതൽ പരിശോധിച്ചാൽ നൂറ് കണക്കിന് ഭാഷകൾ ഇവിടെ അന്യം നിന്ന് പോയിട്ടുണ്ട്. മൈഥിലി, ഭുജ്, ബുന്ദേൽഖണ്ഡി, ഭോജ്പൂരി, അവഡി, കണ്ണാജി, കടുവാലി, ഖുമോണി, ഹരിയാൻവി, രാജസ്ഥാനി, മാർ വാരി, മേവാരി, ഹിമതി, ബാഗേലി, ചണ്ഡാലി, ഛത്തീസ്ഗഢി, കോർബ തുടങ്ങി പല ഭാഷകളും അധിനിവേശത്തിന്റെ പിടിയിലാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വികസനം നടപ്പാക്കുന്നതോടെ അവിടങ്ങളിലെ തദ്ദേശീയ ഭാഷകളും കുഴിച്ചുമൂടപ്പെടും.


ദിലീപ് ചിത്രെയുമായി (മറാഠി കവി – 1938-2009) ഇ.വി രാമകൃഷ്ണൻ നടത്തിയ അഭിമുഖത്തിൽ (അന്യോന്യം: ജൂലൈ 2021) ചിത്രെ പറയുന്നുണ്ട്: “നമുക്ക് സംസ്‌കൃത കാവ്യശാസ്ത്ര, പാശ്ചാത്യ മാതൃകകൾ ഉണ്ട്. ജൈവ പാര്യമ്പര്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങളെ മെക്കോളയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാക്കി.” പാശ്ചാത്യ മാതൃകകളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങൾ, ഇന്ത്യൻ ഭൂതകാലത്തെ ഹൈന്ദവ പുനരുദ്ധാരകരുടെ ദൃഷ്ടിയിലൂടെ കാണുന്ന ക്ലാസിക്കൽ ഇന്ത്യയെയും ചിത്രെ നിഷേധിക്കുന്നുണ്ട്. “എന്നാൽ ആധുനിക ഇന്ത്യൻ ഭാഷകളുടെ അറുനൂറ് വർഷങ്ങളിലെ ചരിത്രത്തെ ആധാരമാക്കിയുള്ള ഒരു സാഹിത്യ വീക്ഷണം നമുക്കില്ല.” (AD 1000ന് ശേഷമുള്ള സമ്പന്നമായ ചരിത്ര സംസ്കാരങ്ങൾ നമ്മുടെ കാഴ്ചപ്പാടിൽ വരുന്നേയില്ല). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബഹുഭാഷാസംസ്കാരം അത്യന്തം സങ്കീർണവും വൈജാത്യങ്ങൾ നിറഞ്ഞതുമാണ്. നമ്മുടെ കൃതികൾ, പാഠങ്ങൾ യൂറോപ്യൻ കൃതികളെക്കാൾ ഗാഢമായ മുഴക്കങ്ങൾ ഉൾകൊള്ളുന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റ് ഇറ്റലിയിൽ നിന്നും ഹിറ്റ്ലറുടെ നാസി ജർമനിയിൽ നിന്നും ഏകമുഖ സംസ്കാരത്തിന്റെ പാഠങ്ങൾ പഠിച്ച ആർ.എസ്.എസ്സിന്റെ വക്താക്കൾക്ക് ഇതിനും മനസ്സിലാകില്ല.
ഇന്ത്യയുടെ വ്യത്യസ്തമായ പ്രാദേശിക സംസ്‌കൃതികളിലുള്ള വിജ്ഞാനവുമായി സംവദിക്കാത്ത ഒരു ധാരണയും യഥാർത്ഥത്തിലുള്ള ഒരിന്ത്യൻ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നില്ല. കാരണം, ബുദ്ധിജീവികളായ പലരും ഇന്നും സംസ്‌കൃത- പേർഷ്യൻ ധാരകളെ പ്രാദേശിക സംസ്‌കൃതിയുടെ ചിന്താധാരകൾക്കുമേൽ പ്രതിഷ്ഠിക്കുകയാണ്. ഉദാഹരണത്തിന്, കബീറിനെ പോലെ ഏറ്റവും അർഗുമെന്റേറ്റീവ് ആയ ഒരിന്ത്യക്കാരനെപറ്റി അമർത്യ സെന്നിനെ പോലെയുള്ളവർ വെറും രണ്ടോ മൂന്നോ പരാമർശങ്ങളിലൊതുക്കുകയാണ്. ദൈവഭാഷയുടെയും (Language of God – സംസ്‌കൃതം) പ്രഭു ഭാഷയുടെയും (Persian or English) കുരുക്കുകളിൽ നിന്ന് പുറത്ത് കടന്ന് ദേശ ഭാഷാ സംസ്കൃതികളെ മനസ്സിലാക്കിയാലെ ഇത് തിരിച്ചറിയാനാവൂ. (KABIR, KABIR : പുരുഷോത്തം അഗർവാൾ : 2021).


മോദി ഭരണത്തിന്റെ ഹിന്ദു-ഹിന്ദി മേധാവിത്തം തിരിച്ചറിയണമെങ്കിൽ 1857 ലെ ഇന്ത്യയുടെ മഹത്തായ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷമുണ്ടായ സംഭവങ്ങൾ മനസ്സിലാക്കണം (രൺജിത്ത് ഹോസ്‌കോട്ട് : The Homeland’s an Ocean: 2024). ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്ന ബ്രിട്ടൺ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം നടപ്പാക്കുന്നു. ഹിന്ദുവിനെയും മുസ്ലീമിനെയും തമ്മിലടിപ്പിക്കുന്നു. നൂറ്റാണ്ടുകളായുള്ള ഹിന്ദു-മുസ്ലീം സാംസ്കാരിക സമന്വയ ധാര ശിഥിലമാക്കപ്പെടുന്നു. രണ്ട് മതങ്ങളുടെയും നേതൃത്വങ്ങൾ സാംസ്കാരിക ധിക്കാരത്തിന്റെയും വിശുദ്ധ ജന്മത്തിന്റെയും തുരുത്തുകളായി മാറുന്നു. ഈ പ്രാകൃതത്വം (Primordialism) അല്ലാമാ (Allama) ഇക്ബാൽ പോലുള്ള ചിന്തകരെ ഉപഭൂഖണ്ഡങ്ങൾക്കതീതമായ മുസ്ലീം ബ്രദർഹുഡ്ഡിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നു. ഹിന്ദു ചിന്തകനായ തിലകനെപ്പോലെയുള്ളവർ യൂറോപ്യൻ സ്റ്റെപ്പികളിൽ നിന്നുത്ഭവിച്ച വേദിക് സംസ്കാരത്തിന്റെ ആര്യൻ അവകാശികളും അനന്തരവന്മാരുമായി ഹിന്ദുയിസത്തെ തുടർ കണ്ണികളാക്കുന്നു. ഇന്ത്യയുടെ വിഭജനത്തിലും (1947) ഹിന്ദു-മുസ്ലീം ഹിംസകളിലും ഈ വിഭജനം ഇന്ന് മോദി ഭരണത്തിലൂടെ ആർ.എസ്.എസ് ഹിന്ദി അധിനിവേശത്തിന്റെ ഉപകാരണമാക്കുന്നുണ്ട്. ഭാരതേന്ദു ഹരീഷ് ചന്ദ്ര, പ്രതാപ് നാരായൺ മിശ്ര, മഹാവീർ പ്രസാദ് ദ്വിവേദി, രാമചന്ദ്ര ശുക്ല എന്നിവരുടെ ശ്രമഫലമായി ഹിന്ദു പുനരുദ്ധാരകർ, ആധുനിക – സ്റ്റാൻഡേർഡ് ഹിന്ദിക്ക് രൂപം കൊടുക്കുന്നു. ബ്രജ് ഭാഷ പേഴ്സോ അറബിക് ഘടകങ്ങളെ തിരസ്കരിച്ച് Khari Boli അടിത്തറയിൽ സംസ്‌കൃത വത്കരിച്ച ഹിന്ദിയാണിതെന്ന് രൺജിത്ത് ഹോസ്‌കോട്ട് വ്യക്തമാക്കുന്നു (പുറം: XXX ii-iii). മറുഭാഗത്ത് ഉർദുവും ഇസ്ലാമിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി മാറുന്നുണ്ട്. ഗാന്ധി വധിക്കപ്പെടുന്നതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് – ഹിന്ദിയും ഉർദുവും കലർന്ന – ഹിന്ദുസ്ഥാനിയെന്ന നപുംസക ഭാഷയെ അദ്ദേഹം ജനകീയമാക്കാൻ ശ്രമിച്ചു എന്നതാണ്. ഗോഡ്‌സെ ഇതെടുത്തു പറയുന്നുണ്ട്.
ഇന്ത്യൻ ഭാഷകളെ കൊളോണിയൽ-ബ്രിട്ടീഷ് ഇംഗ്ലീഷ് അധീശപ്പെടുത്തി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതുപോലെ ഇന്ത്യൻ ഭാഷകളും വാമൊഴി ഭാഷകളെ ഇല്ലാതാകാൻ നോക്കുന്നുണ്ട്. കൊളോണിയൽ തന്ത്രത്തിന്റെ സ്വഭാവം തന്നെയാണ് മലയാളവും ആദിവാസി ഭാഷകളോട് കാണിക്കുന്നത്. കേരളത്തിലെ ആദിവാസികളെ ദരിദ്രരും അനാഥരും നിസ്സഹായരും ഭൂരഹിതരും ആക്കുന്നതിൽ കേരളത്തിന്റെ മലയാള ഭാഷാ അധിനിവേശം ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഗോത്രഭാഷകളിലൂടെ അവരിലേക്ക് നമുക്ക് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ, നാം മുന്നോട്ടുവെച്ച വികസനത്തിന്റെ അധിനിവേശ ഭാഷ അവർക്ക് തിരിച്ചറിയാണെങ്കിലും കഴിഞ്ഞേനേ. മലയാളവും ഗോത്രഭാഷകളും തമ്മിലുള്ള സംവാദം സംഭവിച്ചില്ല. ഇപ്പോഴാണ് അതിനൽപ്പം മാറ്റമുണ്ടാകുന്നത്.


ഹിന്ദി ഭാഷയെന്നല്ല, ഏത് ഭാഷയും പഠിക്കുന്നത് നല്ലതാണ്. ഭാഷ സംസ്കാരത്തിന്റെ ഹൃദയത്തുടിപ്പും, സാഹിത്യം അതിന്റെ കണ്ണാടിയുമാണല്ലോ. പക്ഷേ, ഒരു ഭാഷ അറിയാത്തവരുടെ മേൽ ഔദ്യോഗികമായി അടിച്ചേൽപ്പിക്കുന്നത് സംസ്കാര വിരുദ്ധവും അധാർമികവുമാണ്. അത് ഫാസിസം തന്നെയാണ്.
പ്രകൃതിയുടെ വൈവിധ്യങ്ങളെ ആധുനിക പാശ്ചാത്യ നാഗരികതയെന്ന യൂറോ സെൻട്രൽ വികസനത്തിനായി നശിപ്പിക്കുന്നവർ ഭാഷ വൈവിധ്യങ്ങളെയും വിശ്വാസ വൈവിധ്യങ്ങളെയും ഇല്ലായ്മ ചെയ്യുന്നത് ‘ഭാരതീയ’മെന്ന രാഷ്ട്രീയതന്ത്ര വിദ്യകൊണ്ടാണ്. ഈ വഞ്ചന കൊളോണിയൽ-നവ കൊളോണിയൽ-ചങ്ങാത്ത-കോർപ്പറേറ്റ് മുതലാളിത്തത്തിന്റേതാണ്. ഈ വസ്തുത നാം മനസ്സിലാക്കുമ്പോഴാണ്, സംസ്കാരസമ്പന്നവും മൈത്രീപൂർണവുമായ ഹിന്ദിയെന്ന ഇരിന്ത്യൻ ഭാഷയെ, കേന്ദ്രീകൃത അധികാരത്തിന്റെ അധിനിവേശത്തിനായി ഒരു എ.കെ 47 റൈഫിളായി ഉപയോഗിക്കുന്നതിന്റെ ഫാസിസ്റ്റ് രീതി വ്യക്തമാകുക.