ടോക്‌സിസിറ്റി: ഹരിതഭൂമിക്കായ് തുരന്നുതീരുന്ന കോം​ഗോ

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് സമ്പന്നമാണ് ആഫ്രിക്ക. അതുതന്നെയാണ് ആഫ്രിക്കയുടെ ഏറ്റവും വലിയ ശാപവും. കൊച്ചി മുസരീസ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ടോക്‌സിസിറ്റി’യെന്ന ഇന്‍സ്റ്റലേഷന്‍ കോംഗോയെന്ന ആഫ്രിക്കന്‍ രാജ്യം നേരിടുന്ന നരകയാതനകളുടെ കഥ പറയുന്നു. കോംഗോ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ടോക്‌സിസിറ്റി ടി.കെ.എം വെയര്‍ഹൗസിലെ ഇന്‍വിറ്റേഷന്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പിച്ച (Picha) കളക്ടീവാണ് ടോക്‌സിസിറ്റിയെ കൊച്ചി മുസിരീസ് ബിനാലെയില്‍ സാധ്യമാക്കിയത്.

കൊച്ചി ബിനാലെയിലെ ടോക്സിസിറ്റി പ്രദർശനം

ബ്ലഡ് ഡയമണ്ട് എന്ന സിനിമ കണ്ടവര്‍ക്ക് വജ്ര ഖനനത്തിന്റെ പേരില്‍ ആഫ്രിക്കയില്‍ നടക്കുന്ന ക്രൂരതകള്‍ ഓര്‍മ്മയുണ്ടാകും. ഇനി മേല്‍ വജ്രം അണിയില്ലെന്ന് തീരുമാനിച്ചവരും അങ്ങനെ തീരുമാനിക്കാന്‍ പാകത്തിന് പണമില്ലാത്തതിനാല്‍ അങ്ങനെ തീരുമാനിക്കാത്തവരുമായി കാഴ്ചക്കാര്‍ രണ്ടായി തിരിഞ്ഞതും ചരിത്രമാണ്. എന്നാല്‍ വജ്രത്തിന്റെ പേരില്‍ മാത്രമല്ല ആഫ്രിക്കന്‍ മണ്ണ് കുഴിതോണ്ടുന്നത്. ലോകത്തിന്റെ മറ്റ് പല ആവശ്യങ്ങള്‍ക്കും ആഫ്രിക്കന്‍ മണ്ണ് കുഴിക്കപ്പെടുകയാണ്. കൃഷിയോ അതിജീവനമോ സാധ്യമാകാത്തവിധം ആ മണ്ണ് ഉഴുതുമറിയുന്നു. മൊത്തം ഭൂമിയുടെ നല്ലൊരു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. ബാക്കിയുള്ള മണ്ണിലും ഖനനം തുടരുകയാണ്.

ബ്ലഡ് ഡയമണ്ട് പോസ്റ്റർ

കോളനിവത്കരണം ആഫ്രിക്കയില്‍ ഏല്‍പ്പിച്ച മുറിവുകളിലൊന്നാണ് നിരന്തരം നടക്കുന്ന ഖനനം. ആഫ്രിക്കന്‍ മണ്ണിന്റെ അകക്കാമ്പില്‍ പൊന്നും പണ്ടങ്ങളും മറ്റെവിടെയുമില്ലാത്ത അപൂര്‍വ്വം ധാതുക്കളുമുണ്ടെന്ന് കണ്ടെത്തിയത് യൂറോപ്യന്‍ കച്ചവടക്കണ്ണാണ്. തുടര്‍ന്നങ്ങോട്ട് ആഫ്രിക്കയുടെ ഖനനചരിത്രം ആരംഭിക്കുകയായി. ഇപ്പോള്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളുടെ കാലമാണ്. നൂറും ഇരുന്നൂറും വര്‍ഷമായുള്ള ഖനനം പല ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിരിക്കുന്നത്. ഖനനത്തിനായി സ്ഥാപിച്ച കമ്പനികള്‍ പലതും വ്യവസായികാടിസ്ഥാനത്തിലുള്ള ഖനനം മതിയാക്കിയെങ്കിലും ജനങ്ങള്‍ അവരുടെ നിലയ്ക്ക് ഖനനം തുടരുകയാണ്. ദീര്‍ഘകാലമായ ഖനനം ജനങ്ങളെ ഖനനപ്രിയരാക്കി മാറ്റിയതല്ല, മറ്റൊന്നിനും പറ്റാത്തവിധം മണ്ണ് ഇല്ലാതായതാണ്. ഖനനം തുടരുക മാത്രമാണ് ജനങ്ങളുടെ മുമ്പിലുള്ള മാര്‍ഗ്ഗം.

ടോക്സിസിറ്റി പ്രദർശനത്തിൽ നിന്നും

ടോക്‌സിക് (വിഷമയമായ) സിറ്റി (നഗരം) എന്നീ വാക്കുകളുടെ വല്ലാത്തൊരു സമ്മേളനമാണ് ടോക്‌സിസിറ്റിയെന്ന പ്രോജക്ട്. വിഷമയമായ നാഗരിക ജീവിതം എങ്ങനെയാണ് രൂപപ്പെട്ട് വന്നതെന്ന് ഈ പ്രദര്‍ശനം പരിശോധിക്കുന്നുണ്ട്. നിരവധി ധാരകളുള്ള ടോക്‌സിസിറ്റി, ആനിമേഷന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രോജക്ടര്‍, ഉപയോഗിച്ച ബാറ്ററികള്‍ കെട്ടിവെച്ച സൈക്കിള്‍, സ്ത്രീകള്‍ തലയിലും അരയിലും കെട്ടുന്ന നീളന്‍തുണി എന്നിങ്ങനെ വിവിധ വസ്തുക്കളും അവയിലൂടെ വിസ്തൃതമാകുന്ന രേഖീയാഖ്യാനങ്ങളുമാണ് പ്രദര്‍ശനത്തിന്റെ കാതല്‍. ലോകത്തിന്റെ ആര്‍ത്തിക്കുവേണ്ടി സ്വന്തം മണ്ണും വീടിന്റെ അടിത്തറയും വരെ മാന്തിയ നിരാലംബ ജീവിതങ്ങളുടെ സമകാലീക ചരിത്രമാണ് പ്രദര്‍ശനം. ഒരു രാജ്യത്തിന് മരണക്കെണിയൊരുക്കുന്ന ഈ ഖനനങ്ങള്‍ക്ക് പിന്നില്‍ ആരാണ് ? നമ്മള്‍ ഓരോരുത്തരുമാണ് എന്നാണ് ഉത്തരം. ഗ്രീന്‍ എനര്‍ജി എന്ന പുതിയ കാലത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോംഗോയിലെ ഖനനം. ലിതിയം ബാറ്ററി നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്ന കോബാള്‍ട്ടിനുവേണ്ടിയാണ് കോംഗോ മുഴുവന്‍ കുഴിക്കുന്നത്. ലോകത്തിന്റെ ലിതിയം ആവശ്യങ്ങളില്‍ 69 ശതമാനവും പരിഹരിക്കുന്നത് കോംഗോയില്‍നിന്നുള്ള കോബാള്‍ട്ടാണ്. അതായത് വൈദ്യുതി കാറും സ്‌കൂട്ടറുമൊക്കെയായി നമ്മുടെ ജീവിതം കൂടുതല്‍ ‘ഗ്രീന്‍’ ആകുന്നതിന് വേണ്ടിയാണ് കോംഗോയെന്ന കൊച്ചുരാജ്യം സ്വയം നശിച്ചുകൊണ്ടിരിക്കുന്നത് എന്ന് സാരം.

കോംഗോയിലെ കൊബാൾട്ട് ഖനനം കടപ്പാട് : economictimes.indiatimes.com

ഈ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു കലാസൃഷ്ടിയെന്ന തരത്തിലാണ് ടോക്‌സിസിറ്റി ബിനാലെയില്‍ ശ്രദ്ധ നേടുന്നത്. ലോകത്തിന്റെ ഗ്രീന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ന്നപ്പോള്‍ അതിന്റെ ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന രാജ്യങ്ങളിലൊന്നാണ് കോംഗോ. കോളോണിയലിസത്തിന്റെ ആലസ്യങ്ങളില്‍നിന്ന് രാജ്യം മോചിക്കപ്പെട്ടെങ്കിലും ഖനനത്തില്‍നിന്ന് മോചനം ലഭ്യമായില്ല. നിര്‍ബാധം തുടര്‍ന്ന ഖനനം മാറാവ്യാധികളടക്കം പലതരം ആഘാതങ്ങളാണ് കോംഗോ ജനതയ്ക്ക് സമ്മാനിച്ചത്. കോബാള്‍ട്ടിന്റെ അവശിഷ്ടങ്ങള്‍ മണ്ണും വെള്ളവും മലിനമാക്കി. അതുവഴി അതുവരെ ഇല്ലാതിരുന്ന പലതരം രോഗങ്ങളുടെ പിടിയിലായി കോംഗോയിലെ ജനത.

ഗ്രീന്‍ എനര്‍ജിയുടെ കാണാപ്പുറങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ് ടോക്‌സിസിറ്റിയുടെ പ്രത്യേകത. ആദ്യത്തെ അടുക്കില്‍ ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയെടുത്ത ആനിമേഷന്‍ ചിത്രമാണ് വരിക. സ്റ്റോപ്പ് മോഷന്‍ സങ്കേതത്തില്‍ നിര്‍മ്മിച്ച ‘മച്ചിനി’ കാനഡയിലും ഫ്രാന്‍സിലും സ്‌പെയിനിലുമെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ്. ഈ ചിത്രമാണ് പ്രദര്‍ശനത്തിന്റെ കേന്ദ്രം. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വളരെ വ്യക്തതയോടെ കോംഗോളീസ് ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വരച്ചുകാട്ടുന്നുണ്ട്.

മച്ചിനി – ട്രൈലർ

ഒരു നഗരം എങ്ങനെയാണ് വിഷമയമായത് എന്ന കാമ്പുള്ള ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് സ്റ്റോപ്പ്‌മോഷന്‍. എന്താണ് ഈ കൈമാറ്റങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത് ? എങ്ങനെയാണ് കോംഗോളീസ് ജനത കല്ലിന്മേല്‍ കല്ല് വെച്ച് കെട്ടിയ നാഗരികതകള്‍ക്ക് മേല്‍ പൊടിയും ദുരിതങ്ങളും നിറഞ്ഞത് ? ലോകത്തിനുവേണ്ടി നട്ടെല്ല് വെള്ളമാകുന്നത് വരെ കുഴിച്ചത് സ്വന്തം ശവക്കുഴി തന്നെയാണെന്ന് കോംഗോളീസ് ജനത പതുക്കെ തിരിച്ചറിയുന്നുണ്ട്. അപ്പോഴും നിസ്സഹായതയുടെ കാണാക്കയങ്ങളിലാണ് അവരുടെ ജീവിതം. ആനിമേഷന്‍ ചിത്രത്തില്‍ കല്ലുകളാണ് കഥാപാത്രങ്ങള്‍. കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച മനുഷ്യരാണ് കല്ലുകള്‍ കൈമാറിക്കൈമാറി വിഷലിപ്തമായ നാഗരിക യുക്തിയെ വീണ്ടെടുക്കാൻ ആവാത്തവിധം കൈവിട്ട് കളയുന്നത്. കല്ലുകളുടെ നിര്‍മ്മിതിയായി മനുഷ്യനെ കണ്ട യുക്തിയിലാണ് മച്ചിനിയുടെ കാതല്‍. ലുബുംബാഷി എന്ന ഖനിനഗരത്തെ ചുറ്റിപ്പറ്റിയാണ് ലിതിയം ഖനനത്തിന്റെ പ്രവര്‍ത്തനം. ലിതിയം നിര്‍മ്മിച്ചതും നശിപ്പിച്ചതുമായ നഗരമെന്ന ഖ്യാതിയാണ് ലുബുംബാഷി ഇപ്പോള്‍ പേറുന്നത്. ഈ ലുബുംബാഷിയുടെ വിഷംതീണ്ടിയ ആഖ്യാനമാണ് ടെച്ചിമും ഫ്രാങ്ക് മുക്കുണ്ടിയും ചേര്‍ന്ന് പറയുന്നത്. നാലുവര്‍ഷത്തെ അധ്വാനമാണ് മച്ചിനിയെ വിഖ്യാതമായ പല മേളകളിലും ആര്‍ട്ട് ഷോകളിലും എത്തിച്ചത്.

ടെച്ചിമും ഫ്രാങ്ക് മുക്കുണ്ടിയും കടപ്പാട്: biennaledelubumbashi.com

കോംഗോളീസ് ജനതയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ചിത്രഭാഷ്യമൊരുക്കുകയാണ് മച്ചിനി ചെയ്യുന്നത്. ഒരു ആനിമേഷന്‍ ചിത്രത്തിന് എത്രമേല്‍ മനുഷ്യസമൂഹത്തിന്റെ സഹനങ്ങളുടെയും സമരങ്ങളുടെയും പ്രതീകമാകാന്‍ സാധിക്കുമെന്ന് മച്ചിനി പറയുന്നു. ലോകസാമ്പത്തിക അഭിവൃദ്ധിയുടെ കാണാക്കരങ്ങളില്‍ ഞെരിഞ്ഞമരുകയാണ് കോംഗോളീസ് ജനത. കൂടുതല്‍ കൂടുതല്‍ ‘ഗ്രീന്‍’ ആയിക്കൊണ്ടിരിക്കുന്ന മനുഷ്യസമൂഹം കാണാതെ പോകുന്ന, കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്കുള്ള കാഴ്ചയാണ് ടോക്‌സിസിറ്റി. ഇത് കേവലം കാഴ്ചയല്ലെന്നും കാഴ്ചക്കപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളാണെന്നും കോംഗോളീസ് ജനതയ്ക്ക് വേണ്ടി കലാകാരന്മാര്‍ വിളിച്ചപറയുന്നു. കല കാലത്തിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണെന്ന് പറഞ്ഞത് അരിസ്റ്റോട്ടിലാണ്. സമയത്തെയും കാലത്തെയും പ്രതിഫലിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയാണ് ഈ ആനിമേഷനിലൂടെ സംവിധായകര്‍ ചെയ്യുന്നത്. കാലത്തിന്റെ മാത്രം നേര്‍ക്കല്ല, ക്രൂരതകള്‍ക്ക് കൂടി നേരെയാണ് ടോക്‌സിസിറ്റിയിലെ കണ്ണാടി പ്രതിഫലിക്കുന്നത്.

മച്ചിനിയിലെ ഒരു രംഗം

എത്രമാത്രം ഗ്രീന്‍ ആണ് നമ്മുടെ ചിന്തകള്‍ ? ഒരു ഇലക്ട്രിക് സ്‌കൂട്ടറും കൂടിയായാല്‍ കംപ്ലീറ്റ് ഗ്രീന്‍ ആകും. ഡൗണ്‍പെയ്‌മെന്റ് അടച്ച് ഇലക്ട്രിക്ക് സ്‌കൂട്ടറിനുള്ള കാത്തിരിപ്പിലാണ് എന്നൂഹിക്കാവുന്നതേയുള്ളൂ. അതിനിടയില്‍ ഒരു കലാസൃഷ്ടി എന്ത് ചലനം സൃഷ്ടിക്കാനാണ് ? ഒരു അനീതി നടന്നാല്‍ നഗരം ചുട്ട് ചാമ്പലാക്കിയില്ലെങ്കില്‍ ഒരു ഗുമ്മുമില്ലെന്ന് ഡയലോഗടിക്കാം. എന്നാല്‍ നഗരം തന്നെ ചാമ്പലാകുകയാണ്. എന്ത് ചെയ്യാനാവും. വാസസ്ഥലമെന്നത് പൊടിനിറഞ്ഞ ഒരിടമാകുന്നു. അതിനിടയില്‍ പൊടിയും വിയര്‍പ്പും നിറഞ്ഞ ഒരു ജീവിതമാണ് ഇപ്പോള്‍ കോംഗോളീസ് ജനതയുടെ ജീവിതം. ആനിമേഷനും അതില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും അടങ്ങുന്ന ആദ്യഘട്ടം കഴിഞ്ഞാല്‍ ഖനനം സൃഷ്ടിച്ച കൃത്രിമ ജലാശയങ്ങളുടെ ഏരിയല്‍ ദൃശ്യങ്ങളാണ്. കോംഗോളീസ് ഫോട്ടോഗ്രാഫര്‍ ജോര്‍ജ് സെങ്കയാണ് പിച്ച കളക്ടീവിന്റെ ഭാഗമായി ഈ പ്രദര്‍ശനം ഒരുക്കുന്നത്.

ടോക്സിസിറ്റിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ജോർജ് സെങ്കയുടെ ചിത്രങ്ങൾ

ദീര്‍ഘകാലത്തെ ഖനനവും നേരിയ മഴക്കാലങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത കൃത്രിമ ജലാശയങ്ങള്‍ പൊടിയില്‍ കുതിര്‍ന്ന കോംഗോളീസ് ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്നുണ്ട്. പൂഴിമണ്ണ് നിറഞ്ഞ ജലാശയം ഒരു ദുര്‍ഭൂതത്തെയെന്നവണ്ണം ഫ്രെയിമില്‍ നിറയുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. ഏരിയല്‍ ഷോട്ടില്‍നിന്ന് കൂടുതല്‍ ക്ലോസ് ആയ ഷോട്ടുകളിലേക്ക് വരുന്ന പ്രകാരത്തില്‍ നാലഞ്ച് ചിത്രങ്ങളാണ് ഈ സീരിയസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ സ്‌നാപ്പില്‍ ഒന്നും ഒതുക്കാനാവില്ലല്ലോ!

ആദ്യത്തെ ഏരീയല്‍ ചിത്രത്തില്‍ കടുത്ത നിറങ്ങളുടുത്ത സ്ത്രീകളെ കാണാം. കൂടുതല്‍ ക്ലോസ് ഷോട്ടുകളിലേക്ക് വരുമ്പോള്‍ കാഴ്ച്ചയ്ക്ക് വ്യക്തത കിട്ടുന്നു. വ്യവസായികാടിസ്ഥാനത്തില്‍ അവസാനിപ്പിച്ചെങ്കിലും വ്യക്തികള്‍ സ്വന്തം നിലയ്ക്ക് ഖനനം തുടരുകയാണ്. ജീവിക്കാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാത്ത ഒരു ജനതയായി കോംഗോളീസ് ജനത മാറിയിരിക്കുന്നു. ഉടമസ്ഥന്‍ വീടിന്റെ അടിവശം കുഴിച്ചില്ലെങ്കില്‍ അയല്‍ക്കാരന്‍ കുഴിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍. കുടുംബം ഒന്നടങ്കം കുഴിക്കുകയാണ്. അപ്പനും അമ്മയും മക്കളും ചേര്‍ന്ന് കുഴിച്ചിട്ടും അന്നന്നത്തെ അപ്പത്തിനുള്ള വകയൊക്കുന്നില്ല. പാട്ടത്തിനെടുത്ത് ഖനനം ചെയ്യാവുന്ന സ്ഥിതിയില്ലാത്തതിനാല്‍ അതില്‍ നടപടിയില്ലെന്ന് മാത്രം.

ടോക്സിസിറ്റിയിൽ പ്രദർശിപ്പിച്ചിട്ടുള്ള ജോർജ് സെങ്കയുടെ ചിത്രങ്ങൾ

ക്ലോസ് ചിത്രങ്ങളില്‍ നിന്ന് കൃത്രിമ ജലാശയവും തുടരുന്ന ഖനനവും സൃഷ്ടിക്കുന്ന അങ്കലാപ്പും പ്രശ്‌നങ്ങളും വ്യക്തമാണ്. ഇത്രമേല്‍ വലിയ ദുരന്തമായി ലിതിയം ശേഖരം മാറിയതെങ്ങനെയെന്ന ചോദ്യം വീണ്ടുമുറക്കെ ചോദിക്കപ്പെടേണ്ടതാണ്. ധാതുക്കളുടെയും വജ്രത്തിന്റെയും ശേഖരങ്ങളാണ് ആഫ്രിക്കയെ തകര്‍ത്തത്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ടെത്തിയ യൂറോപ്യന്‍ കമ്പനികളും അവര്‍ക്ക് ഒത്താശ ചെയ്ത പ്രാദേശിക ഭരണകൂടവും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കന്മാരും ഒത്തുചേര്‍ന്ന് ഇല്ലാതാക്കിയ മനോഹരദേശത്തിന്റെ ചരിത്രമാവും ആഫ്രിക്കയ്ക്ക് ഭാവിയില്‍ പറയാനുണ്ടാകുക.

കരിമണല്‍ ഖനനമടക്കമുള്ള അപായമണിങ്ങള്‍ മുഴങ്ങുന്ന സമകാലീക കേരളത്തിലിരുന്നാണ് ഈ കലാസൃഷ്ടി കാണുന്നത്. കുന്നിടിച്ച് നിരത്താനും പ്രളയത്തിന് പിന്നാലെ പാറമടകള്‍ തുറക്കാനും രാഷ്ട്രീയനേതൃത്വത്തിന്റെ ഒത്താശകള്‍ ആവോളമുണ്ട്. നമ്മുടെ നാടും പതുക്കെയാണെങ്കിലും നീങ്ങുന്നത് വലിയ പാരിസ്ഥിതിക വിപത്തിലേക്കാണ്. ബിനാലെയിലെ ഈ കലാസൃഷ്ടി അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതിനാദ്യം ഈ വര്‍ക്ക് കണ്ണ് തുറന്ന് കാണണം, മനസിലാക്കണം. കൈവിട്ട് പോയ ആയുധമായി നാടും നാട്ടുകാരും മാറാതിരിക്കാനുള്ള നിതാന്ത ജാഗ്രതയാണ് കാണിക്കേണ്ടത്. ആഫ്രിക്കയിലേക്ക് തുറന്നുവെച്ച കച്ചവടക്കണ്ണുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്കും നീങ്ങുന്നുണ്ട്. ഒരു തത്വദീക്ഷയുമില്ലാത്ത ഭരണകൂടമാകയാല്‍, ജനങ്ങളുടെ നിതാന്ത ജാഗ്രത മാത്രമാണ് രക്ഷയ്ക്കുള്ളത്.

തിരിച്ചുവരുന്ന ദുരന്തംപോലെ ബാറ്ററിക്കുള്ള ലിതിയം ഉപയോഗിച്ച ബാറ്ററിയായി തിരിച്ചുവരുന്ന ദുര്യോഗത്തിനും കോംഗോ സാക്ഷ്യം വഹിക്കുന്നുണ്ട്. ഉപയോഗിച്ച ബാറ്ററികള്‍ സൈക്കളില്‍ വെച്ചുകെട്ടി വിളിച്ചുപറഞ്ഞ് വില്‍ക്കുന്ന ഒരാളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന സൈക്കിളും അതില്‍ വെച്ചുകെട്ടിയ ബാറ്ററികളും കോംഗോളീസ് ഭാഷയില്‍ വിളിച്ചുചൊല്ലലും ഈ ഇന്‍സ്റ്റലേഷന്‍ മുറിയില്‍ അലയടിക്കുന്നുണ്ട്. അലക്‌സാേ്രന്ത മുലോങ്കോയുടെ ദ ഇന്‍വിസിബിള്‍ റീസൈക്കളേഴ്‌സിലെ (The Invisible Recyclers) വിളിച്ചുചൊല്ലലിന്റെ അന്തരീക്ഷത്തിലാണ് നമുക്ക് ഷോ കാണാനാകുക.

ബാറ്ററികൾവെച്ചുകെട്ടിയ സൈക്കിൾ

നാട്ടിലെ മീന്‍കച്ചവടക്കാരുടെ വിളിച്ചുചൊല്ലല്‍ പോലെ ഉപയോഗിച്ച ബാറ്ററികള്‍ വിളിച്ചുചൊല്ലി കച്ചവടം ചെയ്യുകയാണ്. ബാറ്ററിക്കുള്ള അസംസ്‌കൃത വസ്തുവില്‍ പ്രയാണം തുടങ്ങി ഉപയോഗിച്ച ബാറ്ററിയായി തിരിച്ചുവരുന്ന ദുരന്തകാവ്യത്തിലെ കഥാപാത്രം പോലെയാണ് ലിതിയത്തിന്റെ കോംഗോളീസ് കഥ. ഒരു കൂട്ടര്‍ രാവിലെ മുതല്‍ ഖനനം തുടങ്ങുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഉപയോഗിച്ച ബാറ്ററികള്‍ വില്‍ക്കാനിറങ്ങുന്നു. ബാറ്ററിയില്‍ തുടങ്ങി ബാറ്ററിയില്‍ അവസാനിക്കുന്ന ഒരു ചാക്രിക ജീവിതമാണ് ഇപ്പോള്‍ കോംഗോളീസ് ജനത ജീവിക്കുന്നതെന്ന് പറയാം. ലിതിയത്തില്‍ തുടങ്ങി ലിതിയത്തില്‍ അവസാനിക്കുന്നു അവരുടെ ദുരന്തജീവിതം.

നാലാമത്തെ ലെയര്‍, എത്രയൊക്കെ ഖനനം ചെയ്തിട്ടും ‘തൊഴിലാളി’ മാത്രമായി ജീവിക്കാന്‍ വിധിക്കപ്പെട്ട കോംഗോളീസ് ജനതയുടെ ദുരിതംപിടിച്ച ജീവിതത്തെ അനാവരണം ചെയ്യുന്ന ‘ചിഹ്ന’മായ ഒരു തുണിയാണ്. കോംഗോളീസ് സ്ത്രീകള്‍ അരയിലും തലയിലും ചുറ്റുന്ന ഈ നീളന്‍ തുണിയില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമെന്ന് എഴുതിയിരിക്കുന്നു. മുദ്രാവാക്യങ്ങളും മറ്റും എഴുതാനും അവ പ്രദര്‍ശിപ്പിക്കാനും കൂടി ഉപയോഗിക്കുന്ന ഈ നീളന്‍തുണി കോംഗോളീസ് സ്ത്രീകളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഒന്നാണ്.

ടോക്സിസിറ്റിയിൽ പ്രദർശിപ്പിച്ചിട്ടുള്ള നീളൻ തുണി

കാലങ്ങളായി ഖനനം ചെയ്യുന്ന കോംഗോളീസ് ജനത ഇപ്പോഴും തൊഴിലാളി മാത്രമായി തുടരുന്നു. ഇതിനിടയില്‍ ഇടനില നിന്നവര്‍ എല്ലായിടത്തുമെന്നവണ്ണം വലിയ സമ്പന്നരായി മാറി. ഖനനം ചെയ്യാത്ത ഇടങ്ങളില്‍ അവര്‍ക്ക് ഭൂമിയും സ്വസ്ഥമായ ജീവിതവുമുണ്ട്. എല്ലായിടത്തേയും പോലെ തൊഴിലാളികള്‍ അസമത്വങ്ങള്‍ നിറഞ്ഞ ജീവിതം ജീവിക്കുന്നു. കാലങ്ങള്‍ക്ക് മുമ്പുതന്നെ ഖനനത്തിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ ഒരു ഡോക്‌റുടെ വീഡിയോ ഡോക്യുമെന്റേഷന്‍ ഈ പ്രോജക്ടിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. നടക്കാനടക്കം പ്രശ്‌നം നേരിടുന്ന ആളുകളെ നടക്കാന്‍ സഹായിക്കുന്ന ഡോക്ടറെ ആ ആദ്യകാല വീഡിയോ ഫൂട്ടേജുകളില്‍ കാണാം. അന്റ്‌ജെ വാന്‍ വിച്ചെല്ലനും (Antje van Wichelen) ഫുണ്ടിയും (Fundi) ചേര്‍ന്നാണ് ഈ ആര്‍ക്കൈവല്‍ വീഡിയോ പ്രദര്‍ശനത്തിനെത്തിച്ചത്.

കോംഗോയില്‍നിന്നുള്ള ഈ കലാപ്രദര്‍ശനം ചില സംഗതികള്‍ കൂടി മുന്നോട്ട് വെയ്ക്കുന്നുണ്ട്. കലാപ്രവര്‍ത്തനം എങ്ങനെയാണ് പ്രതിരോധവും പ്രതിഷേധവുമായി മാറുന്നതെന്ന് ഖനനമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് വരുന്ന കലാസൃഷ്ടികള്‍ തെളിയിക്കുന്നു. കലാപ്രവര്‍ത്തനം വഴിയാണ് ഈ പ്രശ്‌നങ്ങളെ പൊളിച്ചുകാണിക്കുന്നതും പ്രതിരോധിക്കുന്നതും. ടോക്‌സിസിറ്റിയടക്കം നിരവധി പ്രോജക്ടുകളിലൂടെയാണ് ആഫ്രിക്കന്‍ കലാകാരന്മാര്‍ ഖനനമടക്കമുള്ള ചൂഷണങ്ങളെ ലോകത്തിന് മുമ്പിലെത്തിക്കുന്നത്. രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനത്തില്‍നിന്ന് മാറ്റിനിര്‍ത്താവാത്ത ഒന്നായിട്ടാണ് കലാപ്രവര്‍ത്തനം വര്‍ത്തിക്കുന്നത്. ടോക്‌സിസിറ്റി, ചൂഷണത്തെക്കുറിച്ചുള്ള, പാരിസ്ഥിതികാഘാതത്തെക്കുറിച്ചുള്ള, ഖനനത്തിന്റെ ആത്യന്തിക പരിണതികളെക്കുറിച്ചുള്ള ഒരു വിലാപകാവ്യമാണ്, വിപ്ലവപ്രവര്‍ത്തനവുമാണ്. ഇന്‍സ്റ്റലേഷന്‍ ഒരു വിഷയത്തെ സമഗ്രമായി അവതരിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. ഒരു വിഷയത്തെ പലവഴിക്ക് പിടികൂടാനും അവതരിപ്പിക്കാനും സാധിക്കുന്ന തരത്തില്‍ വിപുലമാണ് ഇന്‍സ്റ്റലേഷന്റെ രീതിശാസ്ത്രം. അതാണ് ടോക്‌സിസിറ്റിയെ ഖനനമെന്ന വിഷയത്തിന്റെ വിവിധതലങ്ങളിലേക്ക് പോകാന്‍ സഹായിക്കുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read