വിവർത്തനം ഒരസാധ്യത, പക്ഷെ നാം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു…

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഓഫ്റോഡ്-5

ഗുരു: ബുദ്ധമതഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ടോ?
തർജമകൾ വായിച്ചിട്ടുണ്ട്.
ഗുരു: കാര്യം ഗ്രഹിക്കാൻ തർജമയും മതിയാവുന്നതാണ്.
മൂലഗ്രന്ഥങ്ങൾ തന്നെ വായിച്ചു പഠിക്കണമെന്ന് തീർച്ചയാക്കിയിരിക്കുകയാണ്.

ശ്രീനാരായണ ഗുരുവും സി.വി കുഞ്ഞുരാമനും തമ്മിലുള്ള-അഭിമുഖം/സംഭാഷണം-ആശയ വിനിമയത്തിലാണ് (പുനഃപ്രസിദ്ധീകരണം-മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2021 സെപ്തംബർ 21) വിവർത്തനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഈ അഭിപ്രായം ഉയർന്നു വന്നത്. കാര്യം ഗ്രഹിക്കാൻ പരിഭാഷ മതിയാകും എന്ന് ഗുരു പറയുന്നു. ഗ്രഹിക്കുന്നതിനപ്പുറത്തേക്കുള്ള വഴി ഒരു പക്ഷെ തർജമയിലൂടെ തെളിഞ്ഞു കിട്ടാതെ പോയേക്കുമോ എന്നൊരു തോന്നൽ കൂടി ഗുരു ഈ സംഭാഷണത്തിൽ പങ്കുവെക്കുന്നു. സി.വി കുഞ്ഞുരാമൻ ബുദ്ധമതത്തെക്കുറിച്ചുള്ള മൂലഗ്രന്ഥങ്ങൾ തന്നെ വായിച്ചു പഠിക്കണമെന്ന് തീർച്ചയാക്കിയിരിക്കുന്നു എന്നു പറയുന്നു. മൂലഗ്രന്ഥം അതാദ്യമായി എഴുതപ്പെട്ട ഭാഷയിൽ തന്നെ വായിച്ചു പഠിക്കണമെന്നാകുമോ (പരിഭാഷയിലല്ലാതെ) അദ്ദേഹം അർത്ഥമാക്കുന്നത്? പരിഭാഷയെക്കുറിച്ച് മലയാളത്തിൽ നടന്ന സംവാദങ്ങളിൽ ആദ്യത്തേതായിരിക്കുമോ ഇതെന്നും ഊഹിക്കാം. ഇന്ന് പരിഭാഷയും പരിഭാഷാ പഠനങ്ങളും വളരെ പ്രധാനപ്പെട്ട പാഠ്യ വിഷയമായിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഗുരു തർജമയുടെ (തർജമ എന്ന പദത്തിന്റെ നിഷ്പത്തി അറബിക്കിൽ നിന്നാണ്, മുത്തർജിം എന്നാൽ പരിഭാഷകൻ എന്നാണ് അറബിക്കിൽ അർഥം) സാധ്യതയും പരിമിതിയും ഒരേ പോലെ ഈ അഭിപ്രായ പ്രകടനത്തിൽ വ്യക്തമാക്കുന്നു. കാര്യം ഗ്രഹിക്കാൻ, അത്രത്തോളം മാത്രം പരിഭാഷയെ ആശ്രയിക്കാം എന്നാണ് ഗുരു പറഞ്ഞതിൽ നിന്നും ഇപ്പോൾ മനസ്സിലാക്കാൻ കഴിയുക.

വിവർത്തനം ഒരസാധ്യമായ കാരണമെന്നും പക്ഷെ നാം പിൻവാങ്ങാൻ പറ്റാത്ത വിധം അതിനുവേണ്ടി നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും ഡോ.വി.സി ഹാരിസ് ഒരു പ്രഭാഷണത്തിൽ പറഞ്ഞതും ഓർമ്മയിലേക്കു വരുന്നു. അസാധ്യമായത്, പക്ഷെ ഒരിക്കലും ശ്രമം അവസാനിപ്പിക്കാൻ പറ്റാത്തത്. കാരണം പരിഭാഷകളില്ലാതായാൽ മനുഷ്യർക്ക് ഒരു ജീവിവർഗം എന്ന നിലയിൽ അതിജീവിക്കാൻ കഴിയാതെ വരും. വിനിമയങ്ങൾക്ക് പരിഭാഷയെയല്ലാതെ മറ്റൊന്നിനേയും ആശ്രയിക്കാൻ നമുക്ക് കഴിയില്ല. കാരണം ലളിതമാണ്. നിരവധിയും അനവധിയുമായ ഭാഷകൾ സ്വായത്തമാക്കി ലോകത്ത് അധികം മനുഷ്യർക്കൊന്നും മുന്നോട്ടുപോവാൻ കഴിയില്ല. അതിനാൽ അസാധ്യമെങ്കിലും നാം പരിഭാഷാ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

ഡോ.വി.സി ഹാരിസ്

എന്താണ് ഈ അസാധ്യത? കവി അനിതാ തമ്പി ഈ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നത് ആത്മനിഷ്ഠാനുഭവത്തെ മുൻ നിർത്തിയാണ്. അവർ എഴുതുന്നു: അവിടെ വെറുതെ നടന്നു. അങ്ങിനെ നടക്കുമ്പോൾ വെളുത്ത ബാനറിൽ ചുവന്ന ചായം കൊണ്ടുള്ള എഴുത്ത് മൊഹീതോ. ക്യൂബൻ കോക്ക്ടെയിൽ. ഹെമിങ് വേയുടെ ഇഷ്ടപാനീയം. രണ്ടു ചെറുപ്പക്കാർ ഒരു തട്ടുവണ്ടിയിൽ ബോർഡ് വെച്ച് കച്ചവടം നടത്തുകയാണ്. അവിടെ നിന്നു കഴിക്കണോ? വേണ്ട. ഒറ്റക്കുള്ള യാത്രയിൽ അത് സുരക്ഷിതമല്ല. അപരിചിതമായ സ്ഥലം. എന്തെങ്കിലും വല്ലായ്ക പറ്റിയാൽ പ്രശ്നമാകും. ചില്ലുകുപ്പിയിൽ കുലുക്കിക്കുത്തി അവർ മൊഹീതോ ഉണ്ടാക്കുന്നത് നോക്കിക്കൊണ്ടു നിന്നു. കേരളം അവർക്കറിയാം. കോവളത്ത് വന്നിട്ടുണ്ട്. അടുത്ത വരവിൽ ഈ കച്ചവടം കേരളത്തിൽ ഉടനീളം നടത്താവുന്നതാണെന്ന് ഞാൻ ഉപദേശിച്ചു. ആളുകൾ ക്യൂ നിൽക്കും. ഉറപ്പ്. നിങ്ങളുടെ റെസിപ്പി എന്താണ്? ഹവാനാക്ലബ്ബ് റം, ഓറഞ്ച് നീര്, നാരങ്ങ നീര്, പുതിനയിലകൾ, പഞ്ചസാര, ഐസ്. അവരത് കുപ്പിയിൽ നന്നായി കുലുക്കിച്ചേർത്ത് കൈയിൽത്തന്നു. മൊഹീതോക്ക് ലോകമെങ്ങും പ്രാദേശികഭേദങ്ങളും ഉണ്ട്. കേരളത്തിൽ വോഡ്കയിൽ ഉണ്ടാക്കുന്ന മൊഹീതോക്കാണ് പ്രിയം എന്ന് തോന്നുന്നു. രാഷ്ട്രീയ ശീലങ്ങളാലാവാം. ‘മൊഹീതൊ പാട്ട്’ എന്നൊരു കവിത ഞാൻ എഴുതിയിട്ടുണ്ട്. അത് പരിഭാഷപ്പെടുത്തിയ ജർമൻ കവി ഒസോല്യാ കലാഷ് ഞാൻ കവിതയിൽ പറയുന്ന ചേരുവയായ വോഡ്ക താൻ പരിഭാഷയിൽ ചേർക്കുകയില്ല എന്നുറപ്പിച്ചു പറഞ്ഞു. വോഡ്കയിൽ മൊഹീതോ ഉണ്ടാക്കുന്നുവെന്ന് ജർമനിയിൽ കവിതയിൽ പോലും എഴുതാൻ സാധ്യമല്ലത്രെ. കവിയുടെ മാനം പോകും. കവിത അവർ റമ്മിലേക്കു മാറ്റി.
കവിതയിലായാലും വസ്തുതകൾ കൃത്യമായിരിക്കണം. വസ്തുതകൾ എന്നാൽ ഒന്നാം കൈ വസ്തുതകൾ; അവയുടെ രണ്ടും മൂന്നും കൈമറിഞ്ഞ പ്രാദേശിക ഭേദങ്ങൾ, സർഗാത്മക വ്യതിയാനങ്ങൾ, മാറ്റപ്പണികൾ, അവയൊന്നും അതിൽപ്പെടില്ല. വസ്തുതകളുടെ ആധികാരികത അവയുടെ ഉറവിടങ്ങളിലാണോ ഉറപ്പിച്ചിരിക്കുന്നത്? (മൊഗേറിലേക്ക്/ ദേശാഭിമാനി ഓണം വിശേഷാൽ പ്രതി 2021).

അനിതാ തമ്പി

മൊഹീതോ കൂട്ടിനെക്കുറിച്ചല്ല പരിഭാഷ എന്ന പ്രശ്നത്തെക്കുറിച്ചാണ് ഈ പരാമർശം. വോഡ്ക റം ആയി മാറിയത് പരിഭാഷകയുടെ തീരുമാനത്താലാണ്. പ്രാദേശിക വകഭേദം, ഒരു തീൻ/കുടി ചേരുവ പോലും മറ്റൊരു സംസ്കാരത്തിൽ അംഗീകരിക്കപ്പെടാതെ പോകുന്നുവെന്നതിന്റെ പ്രബലമായ തെളിവുകൂടിയാണ് അനിത തമ്പി ഈ രേഖപ്പെടുത്തലിലൂടെ വ്യക്തമാക്കുന്നത്. അതായത് പരിഭാഷ കൃതിക്കുണ്ടാകുന്ന മറ്റൊരു വ്യാഖ്യാനം തന്നെയാണെന്നർത്ഥം. തർജമ പഠിതാക്കളുടെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ് ഈ അനുഭവം/ഉദാഹരണം.
രവീന്ദ്രനാഥ് ടാഗോറിന്റെ “ക്രസന്റ് മൂൺ” പിറ എന്ന പേരിൽ ഇന്ന് നമ്മോടൊപ്പമില്ലാത്ത കെ.വി സുരേഷ് മികച്ച നിലയിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ക്രസന്റ് മൂണിനെ പിറ എന്ന് മൊഴിമാറ്റിയതു തന്നെയാണ് പരിഭാഷകന്റെ ഏറ്റവും പ്രധാന സംഭാവന. എന്നാൽ ഒരു പക്ഷെ ബംഗാളി വായനക്കാർ സമ്മതിച്ചു തരാൻ ഇടയില്ലാത്ത ഒരു കാര്യം ഈ വിവർത്തനത്തിലുണ്ട്. പൂജ അവധിക്ക് എല്ലാവരും വരുമ്പോൾ എന്നത് മലയാളി വായനക്കാർക്ക് നന്നായി മനസ്സിലാക്കാനായി വിവർത്തകൻ ഓണാവധിക്ക് വരുമ്പോൾ എന്നാക്കി. ബംഗാളി പൊതുജീവിതത്തിലില്ലാത്ത ഓണം മലയാള പാഠത്തിൽ കടന്നുവരുന്നു. സാംസ്കാരിക സന്ദർഭത്തിന് വലിയ മാറ്റമുണ്ട്. ഓണമല്ല, പൂജ. ഓണത്തിൽ മഹാബലിയും രണ്ടാമത്തേതിൽ ദുർഗയുമാണ് (ദുർഗാപൂജ) വരുന്നത്. ആ മിത്തുകളുടെ ജൻഡർ രണ്ടാണ്. അതിനാൽ തന്നെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രകടമായ വ്യത്യാസങ്ങളുമുണ്ട്. ഇവിടെ വിവർത്തകന്റെ പരിഗണന മലയാളി വായനക്കാർ മാത്രമാണ്. അവരുമായി എളുപ്പത്തിൽ സംവദിക്കാൻ കഴിയുക ഓണത്തിനാണ്. വിവർത്തകൻ തന്റെ വിവേചനാധികാരം ഉപയോഗിച്ചു. യോജിപ്പിനും വിയോജിപ്പിനും ഒരു പോലെ ഇടം നൽകുന്ന ഒരു നീക്കമാണിത്.

ടാഗോർ തന്നെയാണ് ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷകൻ. അദ്ദേഹത്തിന്റെ സ്വന്തം കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളെക്കുറിച്ച് പല കാലങ്ങളിലായി വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഓർക്കണം. ഗുൽസാറിനെപ്പോലുള്ളവർ ബംഗാളിയിൽ എഴുതിയ ടാഗോർ മാത്രമേ അതിജീവിക്കൂ എന്ന് വരെ പറഞ്ഞിട്ടുണ്ട്. സ്വന്തം പരിഭാഷകൾക്ക് നില നിൽപ്പില്ല എന്ന അർഥത്തിൽ. ഗീതാജ്ഞലിയുടെ ഇംഗ്ലീഷ് വിവർത്തനത്തിന് കൂടുതൽ മിഴിവു നൽകിയത് വൈ. ബി യീറ്റ്സിന്റെ ഇടപെടൽ കൂടിയായിരുന്നല്ലോ. ഒപ്പം അദ്ദേഹമെഴുതിയ ‘THE STROKE OF AN OAR GIVEN IN TRUE TIME’ എന്ന ശീർഷകത്തിലുള്ള ആമുഖവും. വിവർത്തനങ്ങൾ മറ്റൊരു പാഠസന്ദർഭമാണ് ജനിപ്പിക്കുന്നതെന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.

‘ഖസാക്കിന്റെ ഇതിഹാസം’ ഒ.വി.വിജയൻ തന്നെ വിവർത്തനം ചെയ്ത് ‘ലെജണ്ട്സ് ഓഫ് ഖസാക്ക്’ എന്ന ശീർഷകത്തിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ മലയാളി വായനാ/എഴുത്ത് സമൂഹം പരിഭാഷയെ വിമർശിച്ചു. കഥാഗതിയിൽ വന്നു ചേർന്ന ചെറിയ മാറ്റങ്ങൾ പോലും അനുവദിക്കാനാവില്ല എന്ന നിലപാടെടുത്തു. ഖസാക്ക് എന്ന ഗ്രാമത്തിന് വിവർത്തനത്തിൽ കോസ്മോപോളിറ്റൻ നഗരങ്ങളിലെ പോലെയുള്ള പുതിയ ചില സാംസ്ക്കാരിക സന്ദർഭങ്ങൾ പുതുതായി എഴുതി ചേർക്കപ്പെട്ടു എന്ന വിമർശനവും ഉയർന്നു. എന്നാൽ ആ വിവർത്തനം വായിച്ച മലയാളികളല്ലാത്ത/മലയാളമറിയാത്ത വായനക്കാർ എങ്ങിനെ പ്രതികരിച്ചു? വിവർത്തനത്തെ സംബന്ധിച്ച് ഇതൊരു പ്രധാന ചോദ്യമാണ്. ഖസാക്ക് പരിഭാഷയെക്കുറിച്ച് സായിറാം കൃഷ്ണൻ എഴുതി: ഈ പുസ്തകം വായിച്ചു കൊണ്ടിരുന്ന ദിവസങ്ങളിൽ ഞാനാ കഥാപാത്രങ്ങളിൽ നഷ്ടപ്പെട്ടു: മലയാളി വായനക്കാർ ഖസാക്ക് വായിച്ചു കൊണ്ടിരുന്ന കാലത്ത് പറഞ്ഞിരുന്ന അഭിപ്രായങ്ങളിൽ ഒന്നാണ് സായിറാം കൃഷ്ണനും പങ്കുവെക്കുന്നത്. ആ നോവൽ അവസാനിക്കാതെയിരുന്നെങ്കിൽ എന്നും ഞാൻ ആശിച്ചുപോയി എന്നും ഇദ്ദേഹം പറയുന്നു. ഇതും മലയാളി വായനക്കാരുടെ അഭിപ്രായത്തോട് ഒത്തു പോകുന്നതാണ്. മലയാളി വായനക്കാരും പരിഭാഷ വായനക്കാരും സമാനമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു, എന്നാൽ മൂല ഭാഷയിലുള്ളവർ എഴുത്തുകാരന്റെ ഇംഗ്ലീഷ് പരിഭാഷയെ വിമർശിക്കുകയും ചെയ്യുന്നു. തീർച്ചയായും ഖസാക്കും ലജണ്ട്സും തമ്മിൽ ആഖ്യാന സന്ദർഭങ്ങളിലെ മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ട്. മലയാളത്തിൽ എഴുതുമ്പോൾ തന്റെ വായനക്കാരെ പരിഗണിച്ച വിജയൻ ഇംഗ്ലീഷ് പരിഭാഷയിൽ ആ ഭാഷ അറിയുന്ന (മലയാളം അറിയാത്ത) വായനക്കാരെ പരിഗണിക്കുകയായിരിക്കില്ലേ ചെയ്തത്? വിവർത്തനവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നം ഇതിലൂടെ നമ്മുടെ മുന്നിൽ എത്തുകയും ചെയ്യുന്നു.

അടുത്ത കാലത്ത് കന്നഡ എഴുത്തുകാരൻ വിവേക് ശാൻബാഗ് രസകരമായ ഒരു വിവർത്തനാനുഭവം പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ‘ഘാചർ ഘോചർ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ വന്ന ‘കെമിക്കൽ വാർഫെയർ’ എന്ന പ്രയോഗത്തെക്കുറിച്ചാണ് ശാൻബാഗ് പറഞ്ഞത്. നോവലിലെ കഥാപാത്രങ്ങൾ താമസിക്കുന്ന ചെറിയ വാടക വീട്ടിലുണ്ടാകുന്ന ഉറുമ്പ് ശല്യത്തെക്കുറിച്ച് പറയുന്നിടത്താണ് ശ്രീനാഥ് പെരൂറിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ ‘കെമിക്കൽ വാർഫെയർ’ പ്രയോഗം വരുന്നത്. (ഇംഗ്ലീഷ് വിവർത്തനത്തിന്റെ കവറും ഉറുമ്പുകളുടെ ആക്രമണമാണ്). സുധാകരൻ രാമന്തളിയുടെ മലയാള പരിഭാഷയിൽ ആ ഭാഗം ഇങ്ങിനെയാണ്: “എത്ര തന്നെ ശ്രമിച്ചിട്ടും ഞങ്ങളുടെ ക്ഷണികമായ ദൗർബല്യമോ ഓർമ്മക്കുറവോ മുതലെടുത്ത് ഇവ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഞങ്ങൾക്കെല്ലാം തികഞ്ഞ പരാജയബോധം അനുഭവപ്പെട്ടു. അരിശവും വർധിച്ചു. അമ്മ ഏതൊക്കെയോ പൊടികളും രാസവസ്തുക്കളുമൊക്കെ പ്രയോഗിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും അവയുടെ കൂട് കണ്ണിൽപ്പെടുമ്പോൾ കൂടിന്റെ വായിൽ ഗെമക്സിന്റെ പൊടിയും ഗോതമ്പും ചേർത്ത് തയ്യാറാക്കിയ പ്രത്യേക പദാർത്ഥം തിരുകിവെച്ച് അവയുടെ സമാധി ഏർപ്പാടാക്കുമായിരുന്നു. അവയിൽ എത്രയെണ്ണം ചാവുമെന്നറിയില്ലെങ്കിലും അതുകൊണ്ട് അവർക്കൽപ്പം സമാധാനം കിട്ടുമായിരുന്നു.”

ഈ ചെറിയ നോവലിൽ കേന്ദ്ര കഥാപാത്രങ്ങൾ ജീവിക്കുന്ന വീട്ടിൽ ഉറുമ്പുകൾ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് വളരെ വിശദമായ, പേജുകൾ നീളുന്ന വിശദീകരണമുണ്ട്. ആഖ്യാനത്തിൽ പ്രധാന ഭാഗങ്ങളിലൊന്ന് സാക്ഷാത്കരിക്കപ്പെടുന്നത് ഉറുമ്പിൻ കൂട്ടങ്ങളിലൂടെയാണ്. മലയാള പരിഭാഷയിൽ കൊടുത്ത ഈ സന്ദർഭത്തെ ഇംഗ്ലീഷ് പരിഭാഷകൻ ഒറ്റ പ്രയോഗത്തിൽ -ഉറുമ്പുകളെ വകവരുത്താനുള്ള കെമിക്കൽ വാർഫെയർ- ഒരേ സമയം സംക്ഷിപ്തവും വിപുലവുമാക്കുകയായിരുന്നു. തന്റെ ആലോചനയിൽ ഒരു നിലയിലും വരാത്ത കാര്യമാണ്, എനിക്ക് ഒരു സംബന്ധവുമില്ലാത്ത പ്രയോഗമാണിത്. എന്നാൽ പരിഭാഷകൻ ആ സന്ദർഭത്തെ ഇംഗ്ലീഷിലാക്കാൻ കുഴങ്ങി-ശാൻബാഗ് പറഞ്ഞു. നോവലിസ്റ്റ് എഴുതിയ “രാസവസ്തുക്കളുപയോഗിച്ചു” എന്നതിൽ നിന്നാകണം പരിഭാഷകൻ ‘കെമിക്കൽ വാർഫെയറി’ൽ എത്തിയത്. ഒരു പക്ഷെ യുദ്ധക്കളങ്ങളെക്കുറിച്ചുള്ള വായനയിൽ അബോധത്തിൽ ഉറങ്ങിക്കിടന്ന ഒരു പ്രയോഗം പരിഭാഷ വേളയിൽ താളുകളിലേക്ക് ഇറങ്ങി വന്നതുമാകാം. കന്നഡയോ, മലയാളമോ വായിക്കാതെ ഇംഗ്ലീഷ് മാത്രം വായിക്കുന്ന ഒരു വായനക്കാരനുമായി ഈ പ്രയോഗത്തിന്റെ ആശയ വിനിമയ സാധ്യത, ഉറുമ്പുപൊടി പോലുള്ളതിനേക്കാൾ കൂടുതലായിരിക്കും. പക്ഷെ അത് ഒറിജിനലിൽ ഇല്ല എന്ന വസ്തുത നിലനിൽക്കുന്നു. അപ്പോൾ എഴുത്തുകാരനും വിവർത്തകനും രണ്ടു പാഠങ്ങളാണ് നൽകുന്നതെന്ന സത്യം ഒരിക്കൽ കൂടി വെളിപ്പെടുന്നു. എഴുത്തുകാരൻ സ്വന്തം കൃതിയുടേയും വിവർത്തകൻ തന്റെ കൃതിയുടേയും (പരിഭാഷ) കർത്താക്കളാണ്. ഒരാൾ എഴുത്തിന്റെ മറ്റൊരാൾ വിവർത്തനത്തിന്റെ അധികാരികൾ ആയി മാറുന്ന പ്രവർത്തനം കൂടി നാമിവിടെ കാണുന്നു. ശാൻബാഗ് മറ്റൊരു കാര്യം കൂടി പറഞ്ഞു. പല കാര്യങ്ങളും മനസ്സിലാക്കാൻ മോശം വിവർത്തനങ്ങളും സഹായിക്കും. ഉദാഹരണം പറയാമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവൻ ബനാന (പൂവമ്പഴം) ആന്റ് അദർ സ്റ്റോറീസ്’.

ആടുജീവിതം തമിഴ് പതിപ്പിന്റെ കവര്‍

ബെന്യാമിന്റെ ആടുജീവിതം തമിഴിലേക്ക് മൊഴിമാറ്റിയപ്പോൾ മോഹൻലാൽ രജനീകാന്തായി മാറി. ഇ.എം.എസ് തമിഴർക്ക് ആരാധനയുള്ള അവരുടെ രാഷ്ട്രീയ നേതാവായും മാറി. നജീബ് മസറയിൽ ആടുകളിൽ തനിക്കിഷ്ടമുള്ളവരെ കാണാൻ ശ്രമിക്കുന്നു. മോഹൻലാലും ഇ.എം.എസുമൊക്കെ കടന്നുവരുന്നത് അങ്ങിനെയാണ്. അത് തമിഴ് വായനക്കാർക്ക് മനസ്സിലാകില്ല എന്നു കരുതിയായിരിക്കണം വിവർത്തനത്തിൽ ഇങ്ങിനെയുള്ള മാറ്റങ്ങൾ കടന്നുവന്നത്. ബെന്യാമിന്റെ ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ യുടെ ഇംഗ്ലീഷ് പരിഭാഷയിൽ മലയാളത്തിലുള്ള ചില അധ്യായങ്ങൾ തന്നെ ഇല്ല. വിവർത്തകർ എഡിറ്റ് ഔട്ട് തീരുമാനമെടുക്കുന്നതിന്റെ സമകാലിക ഉദാഹരണത്തിൽ പ്രധാനപ്പെട്ടതാണിത്.

പുരുഷനെഴുതിയ രചനയുടെ വിവർത്തനം സ്ത്രീ നിർവ്വഹിക്കുമ്പോൾ ജെൻഡർ പ്രശ്നങ്ങളോട് വിവർത്തക എങ്ങിനെ പ്രതികരിക്കുമെന്നത് വിവർത്തന പഠിതാക്കൾ ഇപ്പോൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന കാര്യമാണ്. ട്രാൻസ്ജെൻഡർ കൃതികളിൽ ഈ പ്രശ്നം കൂടുതൽ ഗൗരവമായ ചർച്ചകളിലേക്ക് നമ്മെ നയിക്കുന്നുമുണ്ട്. ഇംഗ്ലീഷിലേക്കുള്ള വിവർത്തനങ്ങൾ എഴുത്തുകാരൻ (കാരി) വിവർത്തകൻ (ക) എന്നിവർക്കൊപ്പം എഡിറ്റർ എന്നൊരാൾ കൂടി പ്രവർത്തിക്കുന്നു. വിവർത്തന ടെക്സ്റ്റിലെ പല മാറ്റങ്ങൾക്കും കളമൊരുക്കുന്നത് എഡിറ്ററാണ്. എം മുകുന്ദന്റെ ദൽഹിഗാഥകൾ ഇംഗ്ലീഷിലാക്കിയപ്പോഴുണ്ടായ അനുഭവം വിവർത്തക ഇ.വി ഫാത്തിമ പങ്കുവെച്ചു.

“മലയാളി നൊസ്റ്റാള്‍ജിയ, മലയാളി എങ്ങിനെ ജീവിച്ചുവെന്നതിന്റെ കുറേ വിവരണങ്ങള്‍ ദല്‍ഹിഗാഥയിലുണ്ട്. മത്തി വാങ്ങാന്‍ പോകുന്നതും അങ്ങിനെയുള്ള കാര്യങ്ങള്‍. അതൊക്കെ വളരെ ഇംപോര്‍ട്ടന്റാണ്. പുതിയൊരു സ്ഥലത്തു ചെല്ലുമ്പോള്‍ പഴയ ഓര്‍മ്മകളുമായി മനുഷ്യര്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്നത് എങ്ങിനെയാണ് എന്നതിനെ കുറിക്കാന്‍ ഇത്തരം കാര്യങ്ങള്‍ പ്രധാനമാണ്. എന്നാല്‍ ഇവ്വിധം എക്‌സ്‌റ്റെൻഡഡ്‌ ഡിസ്‌ക്രിപ്ഷന്‍ ഇംഗ്ലീഷില്‍ വന്നാല്‍ ഗുണമുണ്ടാകോ എന്നൊരു ചോദ്യം ഞങ്ങള്‍ക്കിടയിലുണ്ടായി. കാരണം കാലം മാറിയതുകൊണ്ട് അതിന് ഇഫക്ടുണ്ടാകുമോ എന്ന സംശയം. ഈ വിവരണങ്ങള്‍ എഡിറ്റ് ഔട്ട് ചെയ്യണമോയെന്ന് ഞാനും മുകുന്ദേട്ടനും (എം.മുകുന്ദന്‍) ആലോചിച്ചു. സഹവിവര്‍ത്തകന്‍ കെ നന്ദകുമാര്‍ ഒന്നും ഒഴിവാക്കേണ്ട എന്നു പറഞ്ഞു. ഞങ്ങളുടെ എഡിറ്ററും അതൊന്നും മാറ്റേണ്ട, അങ്ങിനെ പോട്ടെ എന്നു പറഞ്ഞു.” വിവര്‍ത്തന കൃതികളില്‍ മാറ്റം വരുത്തിയ എഡിറ്റര്‍മാരുടെ നിരവധി ഉദാഹരണങ്ങളുമുണ്ട്. ഇവിടെ മൂല കൃതിയിലെ വിവരണങ്ങള്‍ നിലനിര്‍ത്തിയ എഡിറ്ററെക്കുറിച്ചാണ് വിവര്‍ത്തക പറഞ്ഞിരിക്കുന്നത്.

ഗ്രേസിയുടെ ചെറുകഥാ സമാഹാരം ‘ബേബിഡോളി’ന്റെ ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചതും ഫാത്തിമയാണ്. ആ അനുഭവത്തെക്കുറിച്ച് അവർ എഴുതി: “പലപ്പോഴും എഴുത്തുടമ, ഒരൽപം സംശയത്തോടെ എങ്കിലും കാണേണ്ടതാണെന്നു കരുതപ്പെടുന്ന വിവർത്തക എന്ന potential ‘traitor’ എന്ന പഴഞ്ചൻ വാർപ്പുമാതൃകകളെയൊക്കെ നിരായുധമാക്കിയ ടീച്ചറിന്റെ ഹൃദ്യമായ സ്നേഹവാൽസ്യം വേറിട്ടൊരനുഭവമായിരുന്നു. ഒരു സ്ത്രീയുടെ കൂടെ self conscious ആവാതെ, ഒന്നിനേയും പേടിക്കാനില്ലാതെ, ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഫോണിലും വാട്സാപ്പിലുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ ഉറപ്പിക്കപ്പെട്ട സൗഹൃദവും കൂടിയായിരുന്നു വേറിട്ട ആ വിവർത്തനാനുഭവം.”

ഇ.വി ഫാത്തിമ

വിവർത്തനത്തെക്കുറിച്ചും അവർ പറയുന്നു: “ഗൗരവത്തോടെ വിവർത്തനം നിർവ്വഹിക്കുന്ന പലരും ആകസ്മികമായി ഈ ഫീൽഡിൽ വന്നുപെട്ടവരാവും. പല വിവർത്തക aspirantsഉം കരുതും പോലെ മിനിമം രണ്ടു ഭാഷയിലുള്ള പരിചയം കൊണ്ടു മാത്രം എടുത്തു ചാടാൻ പറ്റിയ മേഖല അല്ല വിവർത്തനം. അറിയാവുന്ന എല്ലാ ഭാഷകളിലും വർഷങ്ങളായുളള വായന, വിവർത്തന കൃതികളുമായുള്ള സാഹിത്യ പരിചയം, പല രജിസ്റ്റർ/ശൈലികൾ തിരിച്ചറിയൽ, വിവർത്തനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഉൾബോധം, bicultural liminality, വർഗ-ജാതി-ലിംഗ-കീഴാള-കൊളോണിയൽ ഉൾപ്പിരിവുകൾ വായിച്ചെടുക്കാനുള്ള ക്രിട്ടിക്കൽ പരിശീലനം എന്നിങ്ങനെ ഒരുപാട് അടരുകൾ കൂടിച്ചേരുന്ന സങ്കീർണ പ്രക്രിയയാണ് വിവർത്തനം.” (മൊഴിമാറ്റ സമസ്യകൾ/മാധ്യമം ആഴ്ച്ചപ്പതിപ്പ് 2021 മെയ് 3). അതേ ലേഖനത്തിൽ മലയാളം-ഇംഗ്ലീഷ് വിവർത്തനത്തിൽ മുൻനിരയിലുള്ള വനിതാ വിവർത്തകരെക്കുറിച്ചും ഫാത്തിമ എഴുതുന്നു: “മുൻനിരക്കാരായ ഗീതാകൃഷ്ണൻകുട്ടി, വാസന്തി ശങ്കരനാരായണൻ, പ്രേമ ജയകുമാർ ഉൾപ്പെടെയുള്ളവർക്കൊപ്പം അനിത നായർ, അനിത ദേവസ്യ, ജെ ദേവിക, ജയശ്രീ കളത്തിൽ, ഷഹനാസ് ഹബീബ് എന്നിവരടങ്ങുന്ന സ്ത്രീ വിവർത്തകർ കളം നിറഞ്ഞുനിൽക്കുന്ന ഇടങ്ങളിൽ ഈയിടെയായി വീണ്ടും പുരുഷ വിവർത്തകരും കടന്നുവരാൻ തുടങ്ങിയിട്ടുണ്ട്.”

വിവർത്തകർക്ക് പഴയ കാലത്തു നിന്നും വ്യത്യസ്തമായി ഇന്ന് അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്. വിവർത്തകന്റെ/കയുടെ പേര് മുൻ കവറിൽ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ പലപ്പോഴും ഇങ്ങിനെ സംഭവിക്കുമായിരുന്നില്ല. എഴുത്തുകാരനൊപ്പം തന്നെ വിവർത്തകനും സ്ഥാനം ലഭിക്കുന്നു. എഴുത്തധികാരത്തെക്കുറിച്ചുള്ള ഒരു തിരുത്താണിത്. എന്നാൽ ഇംഗ്ലീഷിലേക്കുള്ള വിവർത്തനത്തിലാണ് ഇതു മിക്കപ്പോഴും സംഭവിക്കുന്നത്. പ്രാദേശിക ഭാഷാ വിവർത്തകരുടെ കാര്യത്തിൽ ഇപ്പോഴും ഇതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. വിവർത്തനം അവഗണിക്കാവുന്ന ഒരു മൈനർ ആർട്ട് എന്ന സങ്കൽപ്പം ഇപ്പോഴും നിലനിൽക്കുന്നു എന്നർത്ഥം. ഒരു ഉദാഹരണം പ്രസക്തമാവുമെന്ന് തോന്നുന്നു. വിഖ്യാത ഹിന്ദി എഴുത്തുകാരൻ പ്രേം ചന്ദ് ആദ്യകാലത്ത് ഉറുദുവിലും എഴുതിയിരുന്നു. ഉറുദു കഥകൾ പിന്നീട് ഹിന്ദിയിലേക്ക് മൊഴിമാറ്റി. ആ മൊഴിമാറ്റം നിർവ്വഹിച്ചവരുടെയൊന്നും പേരു വിവരങ്ങൾ എവിടെയുമില്ല. കഥാകൃത്തിന്റെ പേരു വന്നു, വിവർത്തകരുടേത് വന്നില്ല. ഇന്നും പ്രേംചന്ദ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നവർക്ക് ഉറുദു-ഹിന്ദി വിവർത്തകരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സ്ഥിതി അൽപ്പം ഭേദമായി എന്നു പറയാമല്ലാതെ വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ വിവർത്തകരെ പരിഗണിക്കുന്ന രീതിയിൽ വളരെ വലിയ മാറ്റം ഇന്നും വന്നിട്ടില്ലെന്ന് കാണാം.

ജെ ദേവിക

മാർകേസ് തന്റെ പരിഭാഷകരെ തന്നെപ്പോലെ തന്നെ കണ്ടു എന്നു പറയാറുണ്ട്. അത് ഇംഗ്ലീഷ് പരിഭാഷകരുടെ കാര്യത്തിലാണെന്നതാണ് വാസ്തവം. “ബെറ്റർ ദാൻ ഒറിജനൽ” പോലുള്ള പ്രയോഗങ്ങൾ ഇംഗ്ലീഷ് പരിഭാഷകരെക്കുറിച്ചുള്ളതാണ്. മറ്റു ഭാഷകളിലെ പരിഭാഷകരെക്കുറിച്ച് മാർകേസ് പറഞ്ഞ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കണ്ടില്ല. ഇംഗ്ലീഷ് നേടിയ ആഗോളത (ഭാഷാധികാരം) ഇതിനു പിന്നിലെ പ്രധാന സംഗതി കൂടിയാണ്. വിവർത്തനങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ ഇത്തരത്തിലൊരു കാര്യം കൂടി പ്രധാനപ്പെട്ടതാണ്. ചെമ്മീന്റെ പരിഭാഷയെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ഉയരാറുള്ള ഒരു ചോദ്യമുണ്ട്. കേരളത്തിലെ പുരുഷാധിപത്യ സമൂഹം ചാരിത്ര്യത്തിന് നൽകുന്ന കാഴ്ചപ്പാടില്ലാത്ത സമൂഹങ്ങളിൽ ഈ കൃതി വായിക്കപ്പെട്ടാൽ അവർക്കിത് മനസ്സിലാകുമോ? വിവാഹ പൂർവ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളുമുള്ള സമൂഹങ്ങളിൽ പിഴച്ച പെണ്ണ് പോലുള്ള ആശയങ്ങൾ മനസ്സിലാവുക പോലുമില്ല. നോൺ-ട്രാൻസലേറ്റബിലിറ്റി എന്ന് പറയുന്നത് ഭാഷാപരമായ പ്രശ്നമല്ല, സാംസ്ക്കാരിക പ്രശ്നമാണ് എന്നു പറയുന്നത് അതുകൊണ്ടാണ്.

നമുക്കൊപ്പം ഇന്നില്ലാത്ത ഡോ.വി.സി ഹാരിസ് പറഞ്ഞ കാര്യത്തിലേക്ക് വരാം. വിവർത്തനം എന്ന അസാധ്യതയിലേക്ക്. എന്താണ് ഹാരിസ് ഉദ്ദേശിച്ചത്? വിവർത്തനം പാഠത്തിന്റെ മറ്റൊരു വ്യാഖ്യാനം ആണെന്നു തന്നെ. സാധ്യമായ വിവർത്തനം ഒറിജനൽ പാഠത്തിന്റെ മറ്റൊരു വ്യാഖ്യാന-ആഖ്യാനമാണ്. സ്വതന്ത്ര വിവർത്തനമല്ല, വ്യാഖ്യാന വിവർത്തനമാണ് നിലനിൽക്കുന്നത്. വിവർത്തനത്തിന്റെ ഗുണ-ദോഷങ്ങൾ, ശരി-തെറ്റുകൾ ആലോചിക്കുമ്പോൾ അതിനെ സാധ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തിലാണ് നമ്മൾ എത്തിച്ചേരുക. ഇല്ലെങ്കിൽ വിനിമയത്തിന്റെ നിരവധിയായ അടരുകൾ മനുഷ്യ സംസ്ക്കാരത്തിന് നഷ്ടമാകും. മാത്രവുമല്ല മാർകേസിനെ, മാർക്സിനെ, നെരൂദയെ, സിമോൺ ദ ബുവ്വയെ, ടോട്ടോച്ചാൻ, ഒറ്റവൈക്കോൽ വിപ്ലവം തുടങ്ങിയവയെ, ഗാന്ധിയെ അങ്ങിനെ എത്രയോ കൃതികൾ നാം വായിച്ചിട്ടുള്ളത് പരിഭാഷകളിലാണ്. അതുകൊണ്ട് പരിഭാഷയിൽ നഷടപ്പെട്ടതല്ല, നേടിയതാണ് നമ്മുടെ സാംസ്കാരിക-രാഷ്ട്രീയ ജീവിതം എന്നുകൂടി പറയേണ്ടി വരും. പ്രത്യേകിച്ചും കേരളത്തിന്റെ അയൽ സംസ്ഥാന എഴുത്തുലോകം പരിഭാഷാക്കുറവിനാൽ വലിയ തോതിൽ നഷ്ടമായിരിക്കുകയും ചെയ്യുന്നു. മലയാള കൃതികളുടെ അയൽപ്പക്ക ദേശ വിവർത്തനങ്ങളും കുറവുതന്നെ. അതും ഈ ആലോചനകളിൽ കടന്നുവരുന്നു.

Also Read

10 minutes read November 7, 2021 4:58 am