Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഓഫ്റോഡ് – 22
“അതിർത്തിയിൽ സ്ത്രീകളും കുട്ടികളും അഭയാർത്ഥികളായി അയൽരാജ്യങ്ങളിലേക്ക് പോകുന്നു. അവർക്കൊപ്പമുള്ള പുരുഷന്മാരെ കൂടെപ്പോകാൻ സൈന്യം അനുവദിക്കുന്നില്ല. അവർ പട്ടാളത്തിൽ ചേരുന്നു. അതിർത്തിയിൽ കുടുംബങ്ങൾ പിരിയുന്ന കാഴ്ച്ച അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്. ഞങ്ങൾ ഹോസ്റ്റൽ വിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ അവിടെയുള്ള യുക്രെയ്ൻ ജീവനക്കാരും ജോലിക്കാരും ചോദിച്ചു, നിങ്ങൾക്ക് സ്വന്തം നാടുകളിൽ വീടുണ്ട്, ഞങ്ങളെവിടെപ്പോകും? പോളണ്ട് അതിർത്തിയിലേക്കുള്ള ഞങ്ങളുടെ യാത്ര ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ആ യാത്രയിൽ ഞങ്ങൾക്കൊപ്പം നിരവധി യുക്രെയ്ൻ കുടുംബങ്ങളുമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ എടുത്ത്, ലഗേജും വളർത്തുമൃഗങ്ങളുമായി അവരും നടക്കുന്നു. അതിർത്തി കടന്ന് വാഹനങ്ങളിൽ പോകാൻ അനുവാദമില്ല. അതിനാൽ ആദ്യം അവർ വാഹനങ്ങൾ റോഡിലുപേക്ഷിക്കും. തുടർന്ന് നടക്കും. ലഗേജിന്റെ കനം കുറക്കാൻ ഓരോ സാധനങ്ങൾ എടുത്ത് വലിച്ചെറിയും. വസ്ത്രങ്ങൾ, ലാപ്പ്ടോപ്പ് ഒടുവിൽ പെട്ടികൾ തന്നെ ഉപേക്ഷിക്കുന്ന കാഴ്ച്ചകൾ കണ്ടു. ചെക്ക് പോയിന്റിൽ സ്ത്രീകളേയും കുട്ടികളേയും കടത്തിവിടും. പുരുഷന്മാരോട് സൈന്യത്തിൽ ചേരാൻ പറഞ്ഞ് തിരിച്ചയക്കും”. (നാട്ടിൽ തിരിച്ചെത്തിയ യുക്രെയ്നിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥി എയ്ഞ്ചൽ/ ഏഷ്യാനെറ്റ് ന്യൂസ് ഹവർ/ മാർച്ച് 3, 2022).
യുക്രെയ്ൻ-പോളണ്ട് അതിർത്തിയായ സെഹ്നിയിലെ ഇപ്പോഴത്തെ മനുഷ്യ ജീവിതത്തിന്റെ സമഗ്ര ചിത്രമാണ് തിരുവനന്തപുരം പേയാട് സ്വദേശിയായ എയ്ഞ്ചൽ യേശുദാസ് (Danyalo Halasky Lviv National medical university) ഈ വാക്കുകളിലൂടെ അവതരിപ്പിച്ചത്. അതിവേഗത്തിൽ അഭയാർത്ഥികളായിക്കൊണ്ടിരിക്കുന്ന യുക്രെയ്ൻ സ്ത്രീകളും കുഞ്ഞുങ്ങളും, ജനകീയ സേന എന്നു പേരിട്ടിരിക്കുന്ന യുക്രെയ്ൻ സിവിലിയൻ സേനയിൽ അംഗങ്ങളാകുന്ന പുരുഷന്മാരും. ഇതാണ് എയ്ഞ്ചൽ പറഞ്ഞ യുക്രെയ്ൻ ജീവിത നേർച്ചിത്രം.
റഷ്യൻ യുദ്ധം ഉണ്ടാക്കിയെടുത്ത മാനുഷിക ദുരന്തത്തിന്റെ ചിത്രമാണ് ഈ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. അഭയാർത്ഥികളുടെ എണ്ണം ഇപ്പോൾ തന്നെ പത്തു ലക്ഷം കവിഞ്ഞിരിക്കുന്നു. 2013-14 കാലത്ത് യുക്രെയ്നിലെ മനുഷ്യർ തങ്ങളുടെ സർക്കാരിനു നേരെ നടത്തിയ സമാധാനപൂർണ്ണമായ സമരം കൊടിയ അടിച്ചമർത്തലിലേക്കും പിന്നീട് യുദ്ധത്തിലേക്കും വഴി മാറി. അക്കാലത്ത് 20 ലക്ഷം പേരാണ് പോളണ്ടിൽ അഭയാർത്ഥികളായത്. ഇപ്പോൾ നടക്കുന്ന യുദ്ധം അഭയാർത്ഥികളുടെ സംഖ്യ വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധത്തിന്റെ തെറ്റും ശരിയും രാഷ്ട്രീയവും പൗരധർമവും ചർച്ച ചെയ്യുന്നവർ ഒരിക്കലും കാണാതെ പോകുന്നത് അഭയാർത്ഥികളുടെ നിലയില്ലാക്കയത്തിലുള്ള തുഴച്ചിൽ മാത്രം ഉള്ളടക്കമായ ജീവിതമാണ്. ആ ജീവിതത്തിന്റെ നേർച്ചിത്രത്തിലേക്കാണ് എയ്ഞ്ചലിന്റെ വാക്കുകൾ വെളിച്ചം വീശിയത്.
താനടക്കമുള്ള മലയാളി വിദ്യാർത്ഥി സംഘത്തിന്റെ അതിർത്തിയിലേക്കുള്ള യാത്രയെക്കുറിച്ച് എയ്ഞ്ചൽ പറഞ്ഞു: “ഹോസ്റ്റലിൽ നിന്നിറങ്ങി ബസിൽ ആറു കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ പറ്റിയുള്ളൂ. പിന്നീട് ഇറങ്ങി നടന്നു. ലഗേജുണ്ട്, കൊടിയ തണുപ്പുണ്ട്, യുദ്ധാക്രമണത്തെക്കുറിച്ചുള്ള ഭീതിയുണ്ട്. 30 കിലോമീറ്ററിലധികം നടക്കാനുണ്ട്. ആദ്യ ദിവസം പകുതി ദൂരം പിന്നിട്ടു. അന്ന് യുക്രെയ്ൻ സർക്കാരിന്റെ ഷെൽട്ടർ ഹോമിൽ തങ്ങി. പിറ്റേന്ന് നടത്തം തുടർന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമേ (ബിസ്ക്കറ്റ്, വെള്ളം) കയ്യിലുള്ളൂ. അതിർത്തിയിൽ യുക്രെയ്ൻ പൗരന്മാരെ മാത്രമേ കടത്തിവിട്ടുള്ളൂ. കടുത്ത തണുപ്പിൽ എട്ടു മണിക്കൂറുകളോളം റോഡിലിരുന്നു. വിദ്യാർത്ഥികൾ അതിർത്തി കടക്കാൻ ശ്രമിച്ചു. സംഘർഷമായി. സൈന്യം ആകാശത്തേക്കു വെടിവെച്ചു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഘത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. സൈന്യം ലാത്തിവീശി. ഇതിലെല്ലാം പല കുട്ടികൾക്കും പരിക്കു പറ്റി. എനിക്ക് മുഖത്ത് ചവിട്ടേറ്റു. റൈഫിൾ പാത്തികൊണ്ട് പലരേയും അടിക്കുകയും ഇടിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയുടെ ബസ് വരാതെ ഞങ്ങളെ അതിർത്തി കടത്തി വിടില്ലെന്ന സമീപനമാണ് അവർ കൈക്കൊണ്ടത്.” ഈ വാക്കുകളിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾ നാടണയാൻ അനുഭവിച്ച പീഡനങ്ങളും എയ്ഞ്ചൽ വിശദമാക്കി. ഇതിനിടെ കാർഖീവിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ നവീൻ ജി. ശേഖരപ്പ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സ്റ്റോറിലെ വരിയിൽ നിൽക്കുമ്പോഴുണ്ടായ ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്.
അതിർത്തിയിൽ താൻ കണ്ട അഭയാർത്ഥികളുടെ കുത്തൊഴുക്കിനെക്കുറിച്ചുള്ള അനുഭവം മറ്റൊരു മെഡിക്കൽ വിദ്യാർത്ഥി കുറ്റിപ്പുറം സ്വദേശി അമർ അലി പരപ്പാരയും (മാധ്യമം, ഫെബ്രുവരി 28) പങ്കുവെച്ചു. കൈയിൽ കിട്ടിയത് വാരിയെടുത്ത് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രെയ്ൻ ജനതയുടെ നിസ്സഹായ മുഖം വിസ്മരിക്കാൻ കഴിയുന്നില്ലെന്ന് അമർ അലി പറഞ്ഞു.
ഹരിയാനയിലെ ഛാർക്കി ദാദ്രി ജില്ലക്കാരിയായ നേഹ എന്ന വിദ്യാർത്ഥിനിയിലൂടെ മറ്റൊരു ജീവിത കഥയാണ് നാം കേട്ടത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കഴിഞ്ഞ വർഷം മെഡിസിൻ വിദ്യാർത്ഥിയായി എത്തിയ നേഹ ഒരു യുക്രെയ്ൻ കുടുംബത്തിനൊപ്പം പേയിങ് ഗസ്റ്റായാണ് താമസിക്കുന്നത്. ഒരമ്മയും മൂന്നു കുഞ്ഞുങ്ങളുമുള്ള ഒരു കുടുംബത്തിനൊപ്പം. ഇവരെ വിട്ട് താൻ നാട്ടിലേക്കില്ലെന്ന് നേഹ പറഞ്ഞു. (മനോരമ ഫെബ്രുവരി 28). ഇന്ത്യൻ കരസേനയിൽ ജോലി ചെയ്യുമ്പോൾ നേഹയുടെ അച്ഛൻ മരിച്ചതാണ്. അമ്മ എത്ര നിർബന്ധിച്ചിട്ടും മകൾ കീവിൽ നിന്നും മടങ്ങാൻ കൂട്ടാക്കുന്നില്ല.
മറ്റൊരു മനുഷ്യ നേർക്കഥ ബുക്കാറസ്റ്റിൽ നിന്നാണ്. യു.പി സ്വദേശി ഫൈസലും വരാണസി സ്വദേശി കമൽസിങ്ങുമാണ് ഈ ആഖ്യാനത്തിലുള്ളത്. ഇരുവരും ഇവാനോ ഫ്രാങ്ക് വിസ്ക്ക് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ സഹപാഠികൾ. ഫൈസലിന് ഇന്ത്യയിലേക്കു ഫെബ്രുവരി 22ന് മടങ്ങാനുള്ള വിമാനടിക്കറ്റ് കിട്ടിയിരുന്നു. റഷ്യൻ അധിനിവേശവും യുദ്ധവും പടിവാതിൽക്കലെത്തി എന്നറിഞ്ഞാണ് ഫൈസൽ ടിക്കറ്റ് വാങ്ങിയത്. ശ്രമിച്ചു നോക്കിയെങ്കിലും കമൽസിങ്ങിന് ടിക്കറ്റ് കിട്ടിയില്ല. രണ്ടു പേരും ഒന്നിച്ചേ മടങ്ങുന്നുള്ളൂവെന്ന് ഫൈസൽ തീരുമാനിച്ചു. പിന്നീട് നിരവധി ക്ലേശ പഥങ്ങൾ പിന്നിട്ട് റുമേനിയൻ അതിർത്തിയിലെത്തി. ഇരുവരും അവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനം കിട്ടുന്നതും കാത്തിരിക്കുന്നു.
റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് നിരവധിയായ മാധ്യമ ആഖ്യാനങ്ങളും വിശകലനങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ യുക്രെയ്നിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പങ്കുവെക്കുന്ന അനുഭവങ്ങളിൽ കേന്ദ്ര സ്ഥാനത്ത് മനുഷ്യനാണ്. അല്ലാതെ മാധ്യമങ്ങളിലെപ്പോലെ യുദ്ധ തന്ത്ര വിശകലനമോ ചേരികളുടെ ബലാബലമോ അല്ല. മനുഷ്യരുടെ അവസ്ഥകളാണ് അവർ പങ്കുവെക്കുന്നത്. ബങ്കറുകളിലെ കൊടും തണുപ്പിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോഴും തങ്ങളെക്കുറിച്ചു മാത്രമല്ല, യുക്രെയ്നിലെ മനുഷ്യരെക്കുറിച്ചും അവർ ഓർത്തു. കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി.
യഥാർത്ഥ യുദ്ധം നടക്കുന്നത് രാജ്യങ്ങൾ തമ്മിലോ സൈനികർ തമ്മിലോ അല്ല. യുദ്ധമേഘങ്ങൾക്കിടയിൽ ജീവിക്കേണ്ടി വരുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ മനസ്സിലാണെന്ന് ഒന്നാം ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലം രേഖപ്പെടുത്തിയ എം.എ.റഹ്മാന്റെ പുസ്തകം ‘പ്രവാസിയുടെ യുദ്ധങ്ങൾ’ പറയുന്നുണ്ട്. ഇപ്പോൾ വിദ്യാർത്ഥികൾ പങ്കുവെക്കുന്നത് റഹ്മാൻ പറഞ്ഞതിന്റെ തുടർച്ചയാണ്. നിരപരാധികളും നിസ്സഹായരുമായ മനുഷ്യർ അനുഭവിക്കുന്ന യുദ്ധക്കെടുതികൾ എപ്പോഴും വിസ്മരിക്കപ്പെടുന്നു. ചരിത്രം യുദ്ധ വിജയികളുടേയും പരാജിതരുടേതുമാകുന്നു. സാധാരണ മനുഷ്യർ എന്ന ഗണം പാടെ വിസ്മരിക്കപ്പെടുന്നു.
യുക്രെയ്നിൽ സിവിലിയന്മാർ തോക്കുകളുമായാണ് ജീവിക്കുന്നത്. കുട്ടികളെപ്പോലും തോക്കുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു കുട്ടിയുടെ ചിത്രം ഒരു പക്ഷെ റഷ്യൻ അധിനിവേശ യുദ്ധത്തിന്റെ അടയാളച്ചിത്രമായി മാറിയേക്കാം. ലോകത്തിലെ വിവിധ മാധ്യമങ്ങൾ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങിനെ: “അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർക്കെതിരെ പോരാടാനുള്ള പെട്രോൾ ബോംബുകൾ നിർമ്മിക്കാൻ ഒഴിഞ്ഞ കുപ്പികൾ തയ്യാറാക്കുന്ന യുക്രെയ്ൻ ബാലിക. പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ ലിവിവിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഈ പെൺകുട്ടിയെ പോലെ പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ് വിവിധ നഗരങ്ങളിലെ ജനങ്ങൾ” (മാധ്യമം, ഫെബ്രുവരി 28, 2022). ഇത്തരത്തിൽ കുട്ടികളെ യുദ്ധ മുഖത്തേക്കെത്തിച്ച സന്ദർഭത്തിനു കൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. യുദ്ധത്തിന്റേയും ആയുധത്തിന്റേയും അനുഭവങ്ങളിലേക്ക് കുട്ടികളെ പറഞ്ഞയച്ച് 21-ാം നൂറ്റാണ്ടിലും മനുഷ്യർ ‘ചൈൽഡ് സോൾജ്യയേഴ്സി’നെ ഉണ്ടാക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തു ജീവിക്കുന്ന യുക്രെയ്ൻകാരി കാതറൈൻ തച്ചൻകോ ഈ അവസ്ഥയോട് ഇങ്ങിനെ പ്രതികരിച്ചു: “എല്ലായ്പ്പോഴും മിസൈലുകളും സൈറണുകളും സ്ഫോടനങ്ങളും. ഇതാണ് ഇപ്പോൾ നാട്ടിൽ നിന്നും കിട്ടുന്ന വാർത്ത. ഇപ്പോൾ എന്റെ ദിവസം ആരംഭിക്കുന്നത് പ്രിയപ്പെട്ടവർ ജീവിച്ചിരിപ്പുണ്ട് എന്നുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ്. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഭീകരാവസ്ഥയാണ്. ഇത് ജീവിതത്തോടും മൂല്യങ്ങളോടുമുള്ള ഒരാളുടെ സമീപനത്തെ അടിമേൽ മറിച്ചിടും” (അറബ് ന്യൂസ്, ഫെബ്രുവരി 28). ഈ യുദ്ധത്തിൽ സായുധരാക്കപ്പെടുകയോ അഭയാർത്ഥികളാക്കപ്പെടുകയോ, കൂട്ടക്കൊലകൾക്ക് സാക്ഷികളാവുകയോ ചെയ്യേണ്ടി വരുന്ന കുട്ടികളുടെ ജീവിതത്തോടും മൂല്യങ്ങളോടുമുള്ള സമീപനം എന്തായിരിക്കും? പെട്രോൾ ബോംബുണ്ടാക്കാൻ കുപ്പികൾ തയ്യാറാക്കുന്ന ബാലികയുടെ ചിത്രവും 23കാരിയായ തച്ചെൻകോയുടെ വാക്കുകളുടെ നീറ്റലും താരതമ്യം ചെയ്ത് ആലോചിച്ചു നോക്കൂ. ലോകം യുദ്ധങ്ങളിലൂടെയും ഹിംസകളിലൂടെയും പട്ടിണികളിലൂടെയും നൃശംസതകളിലൂടെയും സൃഷ്ടിച്ചെടുത്ത ‘നഷ്ടപ്പെട്ട തലമുറകളി’ലേക്ക് ഒരു തലമുറയെക്കൂടി കൂട്ടിച്ചേർക്കുകയല്ലേ റഷ്യൻ അധിനിവേശം ചെയ്യുന്നത്? ഞങ്ങളുടെ ജീവിത മൂല്യങ്ങൾ ഇനി പഴയതായിരിക്കില്ലെന്ന തച്ചെൻകോയുടെ വാക്കുകളിലെ സൂചന ഒരു ജനതയുടെ തന്നെ ശബ്ദമായി മുഴങ്ങുകയാണ്, യുദ്ധം മൂല്യങ്ങളെ അടിമുടി മറിച്ചിടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പായി മാറുകയാണ്.
അധിനിവേശവും യുദ്ധവും പല നിലയിലുള്ള അസംബദ്ധങ്ങളുണ്ടാക്കുന്നു. അതിലൊന്ന് റഷ്യൻ ബഹിഷ്ക്കരണത്തിന്റെ ഭാഗമായി ദസ്തേവ്സ്ക്കിയെ പഠിപ്പിക്കേണ്ട എന്ന ഇറ്റലിയിലെ മിലാൻ യൂണിവേഴ്സിറ്റിയുടെ തീരുമാനമാണ്. പല രാജ്യങ്ങളും പല നിലയിലുള്ള ബഹിഷ്കരണങ്ങളും ഉപരോധങ്ങളും റഷ്യക്കുമേൽ കൊണ്ടുവരുന്നു. സാംസ്കാരികമായ ഉപരോധം എന്ന നിലയിലാണ് ദസ്തേവ്സ്ക്കിയുടെ ഒരു കൃതിയും മിലൻ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കേണ്ട എന്ന തീരുമാനത്തിനു പിന്നിൽ. എന്തു വിചിത്രമായ നിലപാട്! ഇവിടെ പഠിപ്പിക്കാൻ തീരുമാനിച്ച ദസ്തേവ്സ്ക്കി കോഴ്സ് പിൻവലിച്ചു. പുടിനും ദസ്തേവ്സ്ക്കിയും ഒന്നു തന്നെ എന്ന് അസംബദ്ധത്തിലേക്ക് ലോകം (ചുരുങ്ങിയത് യൂറോപ്പെങ്കിലും) നയിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാനാവുക. അധിനിവേശവും യുദ്ധവും ഒന്നിനു പുറകെ ഒന്നായി അസംബദ്ധങ്ങൾ മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ സിവിലിയന്മാർക്കും വിദേശികൾക്കും പോറലൊന്നുമേൽക്കാതെ രാജ്യം വിടാൻ ‘സുരക്ഷിത കോറിഡോർ’ സാധ്യമാക്കാമെന്ന് റഷ്യ പറയുന്നു. എന്തിനീ അധിനിവേശിത യുദ്ധമെന്ന് പറയാൻ റഷ്യ തയ്യാറാകുന്നില്ല. ഇറാഖിനെ ഇവ്വിധം കുട്ടിച്ചോറാക്കിയത് എന്തിനെന്ന ചോദ്യത്തിന് അമേരിക്കക്ക് മറുപടിയില്ലാത്തതു പോലെ തന്നെയാണിത്. യുദ്ധവും സുരക്ഷിത കോറിഡോറും ഒരേ പോലെ വാഗ്ദാനം ചെയ്യാൻ കഴിയുക- യുദ്ധത്തിന് എന്ത് അസംബദ്ധവും സാധ്യമാണെന്നതിന് മറ്റൊരു ഉദാഹരണമാണിത്.
എല്ലാ യുദ്ധങ്ങളിലും എന്തു സംഭവിക്കുന്നു? ‘ഒരു സെർബിയൻ ചിന്ത’ എന്ന ശീർഷകത്തിലുള്ള ഈ മലയാള വിവർത്തനത്തിൽ എസ് ഗോപാലകൃഷ്ണൻ അതിനുള്ള ഉത്തരം നൽകുന്നു:
യുദ്ധത്തിൽ രാഷ്ട്രീയക്കാർ
വെടിമരുന്ന് നൽകുന്നു.
പണക്കാർ യുദ്ധരംഗത്തേക്ക്
ആഹാരമെത്തിക്കുന്നു.
പാവങ്ങൾ അവരുടെ
കുഞ്ഞുങ്ങളെ യുദ്ധത്തിന് നൽകുന്നു.
യുദ്ധം തീരുമ്പോൾ ബാക്കി വന്ന
വെടിമരുന്ന് കൊണ്ടുപോകും.
പണക്കാർ കൂടുതൽ ആഹാരം
ഉൽപ്പാദിപ്പിക്കും.
പാവപ്പെട്ടവർ
അവരുടെ കുഞ്ഞുങ്ങളുടെ
കുഴിമാടങ്ങൾ അന്വേഷിക്കും.
യുദ്ധങ്ങളുടെ സെർബിയൻ അനുഭവത്തിൽ നിന്നാണ് എല്ലാ യുദ്ധങ്ങളെക്കുറിച്ചുമുള്ള ഈ വരികളുടെ പിറവി. ഒടുവിൽ അന്വേഷിക്കാനുള്ളത് കുഞ്ഞുങ്ങളുടെ കുഴിമാടങ്ങളെക്കുറിച്ചു മാത്രമാണ്.
യുദ്ധങ്ങൾക്കിടയിലെ കുഞ്ഞുങ്ങളെക്കുറിച്ച് പലസ്തീൻ കവയിത്രി ലിസ സുഹൈർ മജാജ് ‘പ്രതിവാദം’ എന്ന കവിതയിൽ എഴുതുന്നു:
കുഞ്ഞിന്റെ
തലയോട്ടിക്ക്
ബലം നൽകുന്നത്
കാലമാണ്.
ഒരു ചെറുപാത്രം
ഒറ്റയടിക്ക് തകർക്കാം.
ആ ഒറ്റ നിമിഷത്തിൽ
വർഷങ്ങളൊന്നാകെ
അപ്രത്യക്ഷമാകും.
സ്ഫോടനങ്ങൾക്കിടയിൽ
ശബ്ദവും കരച്ചിലും
കേൾക്കില്ല.
നിങ്ങളുടെ
ആകാശത്തിന്
തീ പിടിച്ചിരിക്കുന്നു.
നിങ്ങളുടെ പേര്
വെട്ടിക്കളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കുട്ടികൾ
വലിയ വില കൊടുത്ത്
ജീവിക്കുന്നു.
നിങ്ങൾ കാണാത്ത
മുഖങ്ങളും
കണ്ണുകളും പരിഗണിക്കുക.
പൂർണനാശം.
ഈ വാക്കുകളിൽ
ഭൂമിയുടെ വിടവ്
പിളരുന്നു.
ഇറാഖിലെ യുദ്ധാനുഭവത്തെ നെദാൽ അബ്ബാസ് ‘സുറ മിൻറ’ എന്ന കവിതയിൽ ഇങ്ങിനെ ആവിഷ്ക്കരിച്ചിട്ടുണ്ട്:
വെള്ളിയാഴ്ച രാവിലെ
സുറാ മിൻറായിൽ
വെടിയേറ്റ ചെറുപ്പക്കാരന്റെ
ശരീരം ചിതറിക്കിടന്നു.
അതിനരികിലൂടെ
കറുത്ത അബായ
അണിഞ്ഞ യുവതി
കുട്ടിയെ ഒക്കത്തുവെച്ച്
ഒന്നുമറിഞ്ഞില്ലെന്ന്
കളം വരച്ച്
നടന്നുപോയി.
ആകാശത്തേക്ക്
മലർത്തിവെച്ച
കയ്യുമായി കിടക്കുന്ന
ശരീരാവശിഷ്ടത്തിലേക്ക്
കുട്ടി നോക്കി,
അതിനെ തൊടാൻ വെമ്പി.
പിതാവിന്റെ വിരലുകൾ
പോലെ തോന്നിച്ച
അവിടെ തൊടാൻ
കുട്ടിയൊന്ന് പിടഞ്ഞു.
ഇതാണ് യുദ്ധം എല്ലായ്പ്പോഴും അവശേഷിപ്പിക്കുന്നത്. എന്തിനായിരുന്നു യുദ്ധമെന്ന ചോദ്യം ഓരോ കാലത്തും ഉത്തരങ്ങളിലൊന്നുമില്ലാത്ത ഇരുട്ടിൽ ചെന്നു വീണു.
വിഖ്യാത ചരിത്രകാരൻ യുവാൽ നോവ ഹരാരി (സാപിയൻസിന്റെ കർത്താവ്) ഗാർഡിയനിൽ റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചെഴുതി (പുടിൻ ഇപ്പോഴെ തോറ്റിരിക്കുന്നു)യ ലേഖനത്തിൽ അദ്ദേഹം ഒരിടത്ത് പുടിനെക്കുറിച്ച് ഇങ്ങിനെ എഴുതുന്നു: “ജർമൻ അതിക്രമങ്ങളെക്കുറിച്ചും ലെനിൻ ഗ്രാഡിലെ റഷ്യൻ ധീരതയെക്കുറിച്ചുമുള്ള നൂറുനൂറ് കഥകളാൽ ഊട്ടിവളർത്തപ്പെട്ടതാവും അയാളുടെ കുട്ടിക്കാലവും. ഇപ്പോഴിതാ അയാൾ സമാനമായ കഥകൾക്ക് കാരണക്കാരനായിരിക്കുന്നു. പക്ഷെ പഴയ കഥകളിലെ ഹിറ്റ്ലറുടെ വേഷമാണ് അയാൾക്കിപ്പോൾ”. ആ ലേഖനത്തിലെ മറ്റൊരു പ്രധാന നിരീക്ഷണം ഇതാണ്: “രാഷ്ട്രങ്ങൾ ആത്യന്തികമായി പടുക്കപ്പെട്ടത് കഥകൾക്കുമേലാണ്. കഴിഞ്ഞു പോകുന്ന ഓരോ ദിവസവും യുക്രെയ്ൻകാർക്ക് പുതുപുതു കഥകളുണ്ടാവുന്നു. അവയൊന്നും ഈ ഇരുൾക്കാലത്തേക്ക് മാത്രമുള്ളവയല്ല മറിച്ച് വരുന്ന പതിറ്റാണ്ടുകളിലും വരാനിരിക്കുന്ന തലമുറകളിലും പറയപ്പെടാനുള്ളവയാണ്. അമേരിക്കയോട് ഓടിയൊളിക്കാനുള്ള വാഹനമല്ല, ആഞ്ഞടിക്കാനുള്ള ആയുധമാണ് വേണ്ടതെന്നു പറഞ്ഞ് തലസ്ഥാനത്തു നിന്ന് ഒളിച്ചോടാൻ കൂട്ടാക്കാത്ത പ്രസിഡന്റ്, കീഴടങ്ങാൻ പറഞ്ഞ റഷ്യൻ കപ്പൽ പടയോടു പോയി തുലയാൻ പറഞ്ഞ സർപ്പദ്വീപിലെ പട്ടാളക്കാർ, വഴിയിൽ ചടഞ്ഞിരുന്ന് റഷ്യൻ ടാങ്കുകളെ തടഞ്ഞു നിർത്തിയ നാട്ടുകാർ…. അതെല്ലാം കൊണ്ടാണ് രാഷ്ട്രം നിർമ്മിക്കപ്പെടുക. കാലം കഴിഞ്ഞുപോകുമ്പോൾ ഈ കഥകൾ ടാങ്കുകളേക്കാൾ കരുത്തുറ്റവയായിത്തീരും. ദൗർഭാഗ്യവശാൽ, ഈ യുദ്ധം പല രൂപം പ്രാപിച്ച് ഒരുപാട് വർഷങ്ങൾ നീണ്ടു നിൽക്കാനിടയുണ്ട്. ഇക്കഴിഞ്ഞ കുറഞ്ഞ ദിവസങ്ങൾ മുഴു ലോകത്തിനും ഒരു കാര്യം വ്യക്തമായി മനസ്സിലായിരിക്കുന്നു- യുക്രെയ്ൻ ഒരു യഥാർത്ഥ രാഷ്ട്രമാണ്, അവിടുത്തേത് യഥാർത്ഥ ജനതയാണ്, അവർക്ക് റഷ്യൻ സാമ്രാജ്യത്തിന് കീഴിൽ കഴിയുകയേ വേണ്ട. അവേശേഷിക്കുന്ന സുപ്രധാനമായ ഒരു ചോദ്യം മാത്രമാണ്- നെടുങ്കൻ ഭിത്തികളിലൂടെ തുളച്ചു കയറി ഈ വിവരം ക്രെംലിനിലെത്താൻ എത്ര കാലമെടുക്കും എന്ന ചോദ്യം മാത്രം” (ലേഖനത്തിന്റെ മലയാള വിവർത്തനം മാധ്യമം എഡിറ്റ് പേജ്, മാർച്ച് 2, 2022). ഹരാരി പറയുന്ന ഈ കാലമാണ് യുദ്ധത്തെ ഏറ്റവും ഭീകരമാക്കുക. അദ്ദേഹം തന്റെ ലേഖനത്തിൽ പല രൂപങ്ങളിൽ ഏറെ നാൾ നീളാൻ ഇടയുള്ള യുദ്ധമായാണ് ഇന്നത്തെ അവസ്ഥയെ കാണുന്നത്. യുദ്ധകാലത്ത് ഒറ്റക്കു നിൽക്കുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്ന് കൂടി ആലോചിക്കാൻ ഹരാരിയുടെ ലേഖനം പ്രേരിപ്പിക്കുന്നു. അതിനെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നില്ലെങ്കിലും.
ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ മനുഷ്യ കവചമാക്കുന്നുവെന്ന വിവാദവും യുദ്ധമുഖത്ത് നടക്കുന്നു. ഇന്ത്യയിലെ റഷ്യൻ അംബാസഡറാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി അതിർത്തി കടക്കാൻ കഴിയാത്ത നിലയുള്ള പ്രദേശങ്ങളിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരുടെ സുരക്ഷിതമായ യാത്ര സാധ്യമാക്കേണ്ടത് റഷ്യയാണെന്നും യുക്രെയ്ൻ തിരിച്ചടിച്ചു. റഷ്യയുടെ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. മനുഷ്യ കവചമോ യുദ്ധ ബന്ദികളോ യുക്രെയ്നിലെ ഇന്ത്യക്കാർ എന്ന നിലയിലേക്കാണ് ഈ വിവാദം ഇതെഴുതുമ്പോൾ വളർന്നിരിക്കുന്നത്. യുദ്ധത്തിനെതിരെ റഷ്യക്കാർ സ്വന്തം നാട്ടിലും “ഐ ആം സോറി, ഐ ആം റഷ്യൻ’ എന്ന പ്ലക്കാർഡുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന റഷ്യക്കാർ നടത്തിയ യുദ്ധ വിരുദ്ധ പ്രവർത്തനവും സമ്പൂർണ്ണമായി നിർത്തലാക്കാൻ റഷ്യ ആവശ്യപ്പെട്ടു കഴിഞ്ഞു. വിദേശത്ത് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന റഷ്യക്കാർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന ഭീഷണി പോലും ഉയർന്നു കഴിഞ്ഞു.
ഒഡേസ സ്വദേശിനിയായ യുക്രെയ്ൻ കവയിത്രി LYUDMYLA KHERSONSKA യുടെ (വേഡ്സ് ഫോർ വാർ: ന്യൂ പോയംസ് ഫ്രം യുക്രെയ്ൻ എന്ന സമാഹാരത്തിലാണ് ഈ കവിതയുളളത്) ശീർഷകമില്ലാത്ത കവിത ഇങ്ങിനെയാണ്:
മനുഷ്യന്റെ കഴുത്തിൽ
തുളഞ്ഞു കയറിയ
വെടിയുണ്ട
തുന്നിക്കെട്ടിയ
മനുഷ്യന്റെ
കണ്ണുപോലെയാണ്.
സ്വന്തം വിധിയിലേക്ക്
പിന്തിരിഞ്ഞു നോക്കുന്നതു
പോലെയാണ് ആ കണ്ണ്.
ആരാണ് അയാളെ വെടിവെച്ചത്?
ആരാണതിന് ഉത്തരവിട്ടത്?
ആരായിരുന്നു രംഗത്ത്?
ശവദാഹം ആരു നടത്തും?
എത്രയാണ് അതിനുള്ള കൂലി?
മനുഷ്യത്വത്തിന്റെ കാര്യം വന്നാൽ
യുദ്ധം എല്ലാത്തിന്റേയും തുടക്കവും
ഒടുക്കവുമാണ്.
തുടക്കവും ഒടുക്കവുമായ യുദ്ധത്തെയാണ് ഈ കവിത പ്രതിനിധീകരിക്കുന്നത്. പുതിയ യുക്രെയ്ൻ കവിതകളുടെ സമാഹാരം യുദ്ധത്തോടാണ് സംസാരിക്കുന്നത്. 2017ൽ ഇറങ്ങിയ പുസ്തകം തീർച്ചയായും ഇപ്പോഴത്തെ യുദ്ധത്തോടല്ല പ്രതികരിക്കുന്നത്. 2014ലെ യുദ്ധത്തോടാണ്. 300 പേജുകളുള്ള ഈ പുസ്തകം ഇപ്പോൾ വായിക്കുമ്പോൾ നിലവിൽ നടക്കുന്ന യുദ്ധത്തോടാണ് കവികൾ പ്രതികരിച്ചെഴുതിയത് എന്നു തന്നെ തോന്നും. ഇന്നത്തെ യുദ്ധാവസ്ഥയോട് അത്രയേറെ സാമ്യത ഈ കവിതകളിൽ കാണാൻ കഴിയും. അതിനുള്ള കാരണം ലളിതമാണ്, യുദ്ധം എല്ലാ കാലത്തും മനുഷ്യന് ദുഃഖവും കെടുതിയും മാത്രമാണ് നൽകിയത് എന്നതു തന്നെ. പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങിനെ ഒരു വരിയുണ്ട്: “ഈ കവികൾക്ക് യുദ്ധം ദൂരെയെവിടെയോ നടക്കുന്ന ഒരു കാര്യമായിരുന്നില്ല. അവരുടെ വീട്ടുമുറ്റത്തു തന്നെയാണ് യുദ്ധം അരങ്ങേറിയത്. വീണ്ടും ആ ദേശത്തുള്ള മനുഷ്യർ തങ്ങളുടെ വീട്ടുമുറ്റത്ത് നടക്കുന്ന യുദ്ധത്തിലെ ഇരകളായിരിക്കുന്നു. ലോകം നോക്കി നിൽക്കുന്നു”. ഈ സമാഹാരത്തിലെ കവിതകളിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണ്. ഈ വരികൾ നമ്മെ വെന്തടിഞ്ഞ മനുഷ്യാവസ്ഥകളിലേക്കാണ് കൊണ്ടുപോകുന്നത്. കൊടിയ വേദനയുള്ള മുറിവുകളാൽ നിർമിച്ച പിരമിഡുകളാണ് യുദ്ധം അവശേഷിപ്പിക്കുന്നത്. യുദ്ധം മനുഷ്യ ദുരന്തത്തിന്റെ അക്ഷരമാലയാണെന്ന് ഈ സമാഹാരം ആവർത്തിച്ചു വ്യക്തമാക്കുന്നു.
തമിഴ് എഴുത്തുകാരിയും സിനിമ സംവിധായികയുമായ ലീന മണിമേഖലൈ യുദ്ധത്തിന്റെ അന്തരീക്ഷത്തിൽ ഒരു പോസ്റ്റിട്ടിരുന്നു. 1990ൽ (യു.എസ്.എസ്.ആർ ഇല്ലാതാകുന്നതിന് ഒരു വർഷം മുമ്പ്) ‘ലോക സമാനധാനം’ എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടി കരിങ്കടൽ തീരത്തെ റഷ്യയിലെ ആർത്തേക്ക് ഇൻർനാഷണൽ ചിൽഡ്രൻസ് ക്യാമ്പിൽ യങ് പയനിയറായി ലീന മണിമേഖലൈ ഒരു മാസം താമസിച്ചു. കരിങ്കടൽ എന്നാൽ യുക്രെയ്ൻ എന്നു പറഞ്ഞുകൊടുത്ത സാഷയുമായുണ്ടായ സൗഹൃദത്തെ ലീന പോസ്റ്റിൽ ഓർത്തു. കുറേക്കാലം കത്തു ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീടത് മുറിഞ്ഞു പോയെന്ന് ലീന എഴുതി. ആ പോസ്റ്റ് ഇങ്ങിനെ അവസാനിക്കുന്നു: “അവനിപ്പോൾ എവിടെയായിരിക്കും? അവൻ .യുദ്ധ മുന്നണിയിലായിരിക്കാം എന്നോർക്കുന്നതു തന്നെ എന്നെ ഭയപ്പെടുത്തുന്നു. ഞാനവന് സുരക്ഷയും സ്നേഹവും സന്തോഷവും ആശംസിക്കുന്നു”. കുട്ടിക്കാലത്തുണ്ടായ ഒരു സൗഹൃദത്തെ ഇന്നും ഒരാൾ ഓർക്കുന്നു. തീർത്തും മാറിയ, യുദ്ധ സാഹചര്യത്തിൽ. മനുഷ്യന്റെ സൗഹൃദത്തെക്കുറിച്ചുള്ള ഓർമ്മകൾ എല്ലായ്പ്പോഴും നന്മ പുലരണമെന്ന് ആഗ്രഹിക്കുന്നു, ലോകത്തിന്റെ നീതി മിക്കപ്പോഴും തിരിച്ചാണെങ്കിലും.
വിഖ്യാത റഷ്യൻ സിനിമ ഐസൻസ്റ്റീന്റെ ‘ബാറ്റൽ ഷിപ്പ് പൊതംകിന’ലെ ഒഡേസ പടവുകളുടെ സ്വീക്വൻസുകൾ, തോക്കുമായി പിന്നാലെ അടിവെച്ചു വരുന്ന പട്ടാളക്കാരെ കണ്ട് ജീവനും കൊണ്ട് ജനക്കൂട്ടം ഓടുന്ന ആ രംഗം യുദ്ധത്തിന്റെ ആദ്യനാളുകളിൽ തന്നെ ഓർമ്മകളിലേക്കു വന്നു. രോഗിയായ കൊച്ചുകുട്ടിയായ മകൻ വെടിയേറ്റു മരിക്കുകയും എന്റെ കുട്ടി എന്ത് തെറ്റു ചെയ്തു എന്ന ചോദ്യവുമായി മൃതദേഹവുമായി അമ്മ പട്ടാളക്കാരെ അഭിമുഖീകരിക്കുകയും അമ്മയും വെടിയേറ്റു മരിക്കുന്നതുമാണ് ആ രംഗത്തെ അവിസ്മരണീയമാക്കുന്നത്. ഒഡേസയും ആ പടവുകളും യഥാർത്ഥത്തിലുള്ളതാണ്, തെക്കു പടിഞ്ഞാറൻ യുക്രെയ്നിൽ. എന്റെ കുഞ്ഞ് എന്തു തെറ്റു ചെയ്തെന്ന ചോദ്യം തന്നെ, റഷ്യയുടെ ഭാഗമാവുകയും പിന്നീട് വിട്ടു പോവുകയും ചെയ്ത യുക്രെയ്ൻ ഇപ്പോൾ റഷ്യയോട് ആവർത്തിക്കുന്നു. അതിനുള്ള ഉത്തരം ഇപ്പോഴും റഷ്യയുടെ കൈവശമില്ല.
ലോകം കണ്ട വലിയ ആണവ ദുരന്തത്തിനു സാക്ഷിയായ ചെർണോബിലും യുക്രെയ്നിൽ തന്നെ. ആണവ ദുരന്തത്തിൽ ശരീരം മുഴുവൻ പൊള്ളി അടർന്ന മനുഷ്യരുടെ ശബ്ദം അന്ന് പുറത്തുകേൾപ്പിക്കാതിരിക്കാൻ യു.എസ്.എസ്.ആറിനു കഴിഞ്ഞു. എന്നാൽ പിന്നീട് സ്വറ്റ്ലാന അലക്സിവിച്ച് Chernobyl Pyre എന്ന പുസ്തകത്തിലൂടെ അന്ന് ഇരകളായവരുടെ രക്ത ബന്ധുക്കളിലൂടെ അവരുടെയെല്ലാം ശബ്ദം ലോകത്തെ കേൾപ്പിച്ചു. ആ എഴുത്തിന് അവർക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചു. ആ പുസ്തകത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത, മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു രംഗമുണ്ട്. ചെർണോബിൽ ദുരന്തത്തിൽ പൊള്ളിയടർന്ന് മരിച്ച ആണവ നിലയത്തിലെ ഒരു ജീവനക്കാരന്റെ സംസ്കാര വേളയിൽ ഒരു സ്ത്രീ രണ്ടു ചെരുപ്പുകളുമായി അവിടേക്ക് വരുന്നു. മൃതദേഹത്തിനൊപ്പം ചെരിപ്പുകൾ കൂടി വെക്കണം എന്നാവശ്യപ്പെടുന്നു. എന്തിന് എന്നു ചോദിക്കുമ്പോൾ തന്റെ ഭർത്താവിന്റെ കാലുകൾ ആണവ ദുരന്തത്തിൽ പൊള്ളിയടർന്നിരുന്നുവെന്നും (അയാളും ആണവ നിലയത്തിലെ ജീവനക്കാരനായിരുന്നു. സംസ്കരിക്കുന്നയാളുടെ സഹപ്രവർത്തകനുമായിരുന്നു) അതിനാൽ ചെരിപ്പിടാൻ പറ്റിയിരുന്നില്ലെന്നും ഇപ്പോൾ മുറിവ് ഉണങ്ങിയിരിക്കുമെന്നും അതിനാൽ ഈ സംസ്ക്കരിക്കുന്നയാൾ സ്വർഗത്തിലെത്തുമ്പോൾ അവിടെ വെച്ച് കണ്ടുമുട്ടുമെന്നും അപ്പോൾ ചെരിപ്പ് കൈമാറട്ടെയെന്നുമാണ് ആ സ്ത്രീ പറഞ്ഞത്. എല്ലാവരും അതു സമ്മതിച്ചു. ചെരിപ്പും കൂടി മൃതദേഹത്തിനൊപ്പം വെച്ച് സംസ്കാരം നടത്തി.
ആ ചെർണോബിലാണ് യുദ്ധത്തിൽ ആദ്യമായി കീഴടക്കിയെന്ന് റഷ്യ പറഞ്ഞത്. മരിച്ചവർക്കുള്ള ചെരിപ്പുമായി വിധവകൾ ശ്മശാനങ്ങളിൽ കാത്തു നിന്നിരുന്ന അതേ ചെർണോബിൽ വീണ്ടും റഷ്യ കീഴടക്കിയിരിക്കുന്നു, എന്തിന്?
1991ലെ ഗൾഫ് യുദ്ധം (ഇറാഖ് കുവൈത്തിനെ ആക്രമിച്ചത്) അന്ന് നാമമാത്രമായ സാറ്റലൈറ്റ് ടി.വികൾ ലോകത്തിനു മുന്നിലെത്തിച്ചു. മലയാളികളിൽ ഒരു ന്യൂനപക്ഷം അത് സാറ്റലൈറ്റ് ടി.വിയിൽ കണ്ടു. കുവൈത്തിലും ഖത്തറിലും ജോലി ചെയ്യുന്ന മനുഷ്യരുടെ കേരളത്തിലെ പതിനായിരക്കണക്കിനു വീടുകളിൽ യുദ്ധത്തിന്റെ ആഘാതങ്ങൾ വന്നു വീണുകൊണ്ടിരുന്നു. പിന്നീട് ഇറാഖിൽ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി നഴ്സുമാരിലൂടെ യുദ്ധം മലയാളി വീണ്ടും അനുഭവിച്ചു. ഇപ്പോഴത് പുതു തലമുറ വിദ്യാർത്ഥികളിലൂടെയാണ് നാം കേട്ടു കൊണ്ടിരിക്കുന്നത്. ആ വിദ്യാർത്ഥികളുടെ വീടുകളിൽ മാത്രമല്ല, മലയാളി പൊതു സമൂഹത്തിൽ പൊതുവിൽ യുദ്ധാനുഭവം പങ്കുവെക്കപ്പെട്ടു. വിദ്യാർത്ഥികളുടെ കരച്ചിലും ക്ഷോഭവും നിസ്സഹായതയും ഈ ദിവസങ്ങളിൽ നാം കണ്ടു കൊണ്ടിരിക്കുന്നു. ഷെല്ലിംഗിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ സഹപാഠികൾ ആകുലതയും നിസ്സഹായതയും പങ്കുവെച്ചു. ആ കുട്ടിയുടെ കുടുംബത്തിന്റെ നിത്യവേദനയും മലയാളി വിദ്യാർത്ഥികളിലൂടെ തന്നെ കേരളീയർ അറിഞ്ഞു. വിമർശനങ്ങളും ട്രോളുകളും അശ്ലീലവും വർഗീയതയും ഹിംസയും നിറഞ്ഞ സൈബർ ആക്രമണങ്ങളും യുദ്ധവേളയിലും മലയാളി തുടരുന്നുണ്ടായിരുന്നു. പണമുള്ളവർ വിദേശത്ത് പഠിക്കാൻ പോകുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനോ എന്നു തുടങ്ങി പല തരം ചോദ്യങ്ങൾ ഉയർന്നു. യുദ്ധഭൂമിയിൽ നിന്നു കൊണ്ടു തന്നെ വിദ്യാർത്ഥികൾ ഇതിനെല്ലാം മറുപടി കൊടുക്കുകയും ചെയ്തു. പ്രത്യേകിച്ചും വർഗീയമായ പ്രചാരണങ്ങൾക്ക്, പരാമർശങ്ങൾക്ക്. ഇപ്പോഴും നിരവധി വിദ്യാർത്ഥികളടക്കം ഇന്ത്യക്കാർ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന യാഥാർത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.
ഈ അവസരത്തിൽ എയ്ഞ്ചലിനോട് ഹോസ്റ്റലിലെ യുക്രെയ്ൻ ജീവനക്കാർ പങ്കുവെച്ച ചോദ്യം ബാക്കിയാക്കുന്നു. “നിങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നു, ഞങ്ങളോ?”