നിക്കോബാർ ദ്വീപുകൾ സംരക്ഷിക്കപ്പെടുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാറിൽ 130.75 ചതുരശ്ര കിലോമീറ്റർ വനം വികസന പദ്ധതികൾക്കായി തരം മാറ്റാനുള്ള നീക്കം പുനപരിശോധിക്കുമെന്ന കേന്ദ്ര ​ഗോത്രകാര്യ മന്ത്രി ജുവൽ ഓറത്തിന്റെ പ്രസ്താവന ചർച്ചയാവുകയാണ്. 72,000 കോ‍ടി രൂപയുടെ പദ്ധതിക്കായി വനഭൂമി തരം മാറ്റാൻ അനുവദിച്ച രേഖകൾ കേന്ദ്ര ​ഗോത്രകാര്യ മന്ത്രാലയം പരിശോധിക്കുമെന്നും അതിനനുസരിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. പരിസ്ഥിതിക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയിട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിയ്ക്ക് അനുമതി നൽകുകയായിരുന്നു.​ പദ്ധതിക്കായി ഒമ്പത് ലക്ഷത്തോളം മരങ്ങൾ മുറിക്കേണ്ടി വരുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. വനം ക്ലിയറൻസിന്റെ രേഖകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ഹരിത ട്രിബ്യൂണലും കേന്ദ്ര പരിസ്ഥിതിമന്ത്രാലയ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം, ടൗൺഷിപ്പ്, വാതക-സൗരോർജ്ജ നിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ നിക്കോബാർ തുറമുഖത്തെ സൈനികവും ന‌യതന്ത്രപരവുമായ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയായിരുന്നു ലക്ഷ്യം. ​ഗുഡ്​ഗാവ് ആസ്ഥാനമായുള്ള എം.എസ് എകോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് നീതി ആയോ​ഗിന് വേണ്ടി 2021 മാർച്ചിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചത്. ഇതിന്റെ മുന്നോടിയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ പദ്ധതി 2020ൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാ​ടനം ചെയ്തിരുന്നു.

ജുവൽ ഓറം

ഇന്ത്യൻ ഉപദ്വീപിനേക്കാൾ മ്യാൻമറിനും ഇന്റോനേഷ്യയ്ക്കും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് നിക്കോബാർ 2013 ൽ യുനെസ്കോയുടെ ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷിത പ്രദേശമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയ വിവരം വനം-പരിസ്ഥിതി മന്ത്രാലയം ആദ്യഘട്ടത്തിൽ പരസ്യമാക്കിയിരുന്നില്ല. (പാരിസ്ഥിതിക അനുമതി ആവശ്യമായ പദ്ധതികളുടെ വിവരങ്ങൾ സാധാരണയായി വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പോർട്ടലുകളിൽ പരസ്യമാക്കാറുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതിയുടെ കാര്യത്തിൽ അതുണ്ടായില്ല). നിക്കോബാർ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന, വംശനാശ ഭീഷണി നേരിടുന്ന നിക്കോബാർ മെ​ഗാപോഡ് എന്ന പക്ഷികളുടെ വാസസ്ഥലത്താണ് പദ്ധതി വരാനിരുന്നത്. നിലത്ത് കൂടുണ്ടാക്കുന്ന, വലിയ കാലുകളുള്ള നിക്കോബാർ മെഗാപോഡിൻ്റെ (മെഗാപോഡിയസ് നിക്കോബാരിയൻസിസ്) 70 ശതമാനത്തിലേറെയും കഴിഞ്ഞ 12 വർഷത്തിനിടെ അപ്രത്യക്ഷമായതായി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനം പറയുന്നു. ദ്വീപുകളുടെ തീരപ്രദേശങ്ങളിൽ 788 മെഗാപോഡുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് ഗവേഷകർ പറയുന്നത്. 2004ലെ സുനാമിയിൽ മെ​ഗാപോടുകൾ കൂടുകൂട്ടുന്ന മൺകൂനകൾ (മണ്ണിൻ്റെയും ദ്രവിച്ച ഇലകളുടെയും കൂട്) ഒലിച്ചുപോയതാണ് ഇവയുടെ എണ്ണം കുത്തനെ കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. നിക്കോബാർ ദ്വീപുകളിലെ ​ഗലാത്തിയ ഉൾക്കടലിൽ ലെതർബാക്ക് ആമയുൾപ്പെടെ വ്യത്യസ്ത ഇനത്തിൽപ്പെട്ട ജീവികൾ വസിക്കുന്നുണ്ട്. അവയുടെ വംശനാശത്തിനും ഈ പദ്ധതി കാരണമായേക്കാം എന്ന് ശാസ്ത്ര സമൂഹം പറയുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഏകദേശം 444 ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലമായതിനാൽ തന്നെ ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കണ്ടെയ്നർ ടെർമിനലിന്റെ പദ്ധതിയും പുനപരിശോധിക്കേണ്ടതാണ്.​ ഒമ്പത് ലക്ഷത്തോളം മരങ്ങൾ നഷ്‌ടപ്പെടുന്നത് നിക്കോബാർ ലോംഗ്ടെയിൽഡ് മക്കാക്കിൻ്റെ ജനസംഖ്യയെ അപകടത്തിലാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നിക്കോബാർ മെ​ഗാപോഡ്. കടപ്പാട്:roundglasssustain

2021-ൽ പുറത്തിറങ്ങിയ നാഷണൽ മറൈൻ ​ടർട്ടിൽ ആക്ഷൻ പ്ലാനിൽ, ഇന്ത്യയിലെ പ്രധാനപ്പെട്ട സമുദ്ര ആമകളുടെ ആവാസകേന്ദ്രങ്ങളുടെ പട്ടികയിൽ ​ഗലാത്തിയ ഉൾപ്പെട്ടിട്ടുണ്ട്. തുറമുഖം, റിസോർട്ടുകൾ, വ്യവസായം എന്നിവ കടലാമകളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ആക്ഷൻ പ്ലാൻ പറയുന്നുണ്ടെങ്കിലും അതൊന്നും ഈ പദ്ധതി പരി​ഗണിച്ചതേയില്ല. പദ്ധതിയുടെ ആദ്യ പ്രഖ്യാപനമുണ്ടായപ്പോൾ തന്നെ ​ഗവേഷകരും സന്നദ്ധ സംഘടനകളും തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും ദുരന്തസാധ്യതയും മുൻനിർത്തി ഒട്ടേറെ ആശങ്കകൾ ഉന്നയിച്ചിരുന്നു. ദുരന്ത സാധ്യതയുള്ള പ്രദേശത്ത് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഷോമ്പൻ എന്ന മം​ഗ്ലോയിഡ് ഗോത്രവർ​ഗ വിഭാ​ഗം. കടപ്പാട്:thegaurdian

ഇന്ത്യൻ മഹാസമുദ്രത്തിനും ദക്ഷിണ ചൈനാക്കടലിനും ഇടയിലുള്ള പ്രധാന കപ്പൽമാർ​ഗമായ മലാക്ക കടലിടുക്കിന്റെ പടിഞ്ഞാറൻ അറ്റത്ത് നിന്ന് 90 കിലോമീറ്റർ മാത്രം അകലെയാണ് ​ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ സ്ഥാനം. ആ സാധ്യത ഉപയോ​ഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ കണ്ടെയ്നർ ടെർമിനൽ നിർമ്മാണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയത്. എന്നാൽ, പ്രദേശത്ത് അധിവസിക്കുന്ന ഷോമ്പൻ എന്ന മംഗ്ലോയിഡ് ഗോത്രവർ​ഗ വിഭാ​ഗത്തിന്റെ അനുമതി നേടാതെ പദ്ധതി അതിവേ​ഗം നടപ്പിലാക്കാനുള്ള തിടുക്കം ദ്വീപ് ഭരണസംവിധാനത്തിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായി. ദേശീയ പട്ടികവർ​ഗ കമ്മീഷൻ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വനത്തിനുള്ളിൽ തന്നെ ജീവിക്കുന്നവരാണ് ഷോമ്പൻ ​ഗോത്രവിഭാ​ഗം. ഷോമ്പൻ വിഭാഗത്തിന്റെ രണ്ട് ജനവാസ മേഖലകൾ പദ്ധതി പ്രദേശത്ത് ഉൾപ്പെടുന്നതിനാൽ പദ്ധതി അവരെ നേരിട്ട് തന്നെ ബാധിക്കും. വാസസ്ഥലം നഷ്ടമാകുന്നത് കൂടാതെ അവരുടെ ആഹാര ലഭ്യതയെയും പദ്ധതി സാരമായി ബാധിക്കും. (ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ തദ്ദേശീയരായ ദ്വീപുവാസികൾ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഷെഡ്യൂളുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാൽ വന്യജീവികളെ ആഹാരത്തിനായി ഉപയോഗിക്കാൻ അവർക്ക് അനുവാദമുണ്ട്).

പദ്ധതിയ്ക്കായി പ്രതിദിനം 86600 കിലോലിറ്റർ (KLD) ജലം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്. അതിൽ 45,000 കിലോ ലിറ്റർ ജലം ദ്വീപിലെ ശുദ്ധജല സംഭരണികളിൽ നിന്ന് എടുക്കുന്നതാവാം. ഈ പ്രക്രിയകളുടെ ഭാ​ഗമായി ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളും അവശിഷ്ട ജലവും സംസ്ക്കരിക്കാനോ സുരക്ഷിതമായി പുനരുപയോഗം ചെയ്യാനോ ഉള്ള വ്യവസ്ഥകളൊന്നും പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ല എന്നതും പാരിസ്ഥിതിക ദുരന്തങ്ങൾക്ക് വഴി വയ്ക്കാനുള്ള സാധ്യത കൂട്ടുന്നു.

​ഗ്രേറ്റ് നിക്കോബാർ പ്രോജക്ട്, രൂപരേഖ. കടപ്പാട്:നീതി ആയോ​ഗ്

ദ്വീപിലെ വികസനപദ്ധതികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംഘം ജനുവരിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചിരുന്നു. പദ്ധതി പുനഃപരിശോധിക്കാമെന്ന കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറത്തിന്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്ന് കോൺഗ്രസ് നേതാവും മുൻ വനം പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശും പ്രതികരിച്ചു.

നിക്കോബാർ ദ്വീപുകളിലെ കാടിനോടും കടലിനോടും ചേർന്ന് കഴിയുന്ന ഗ്രാമീണ സമൂഹങ്ങളെക്കുറിച്ച് പഠിക്കുകയും അവർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മലയാളി ​ഗവേഷകൻ മനിഷ് ചാണ്ടി ഈ പദ്ധതി സൃഷ്ടിക്കാൻ പോകുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നു. 2022 നവംബർ 14ന് കേരളീയം പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം. നിക്കോബാർ മഴക്കാടുകൾക്ക് മരണമണി:

Also Read

4 minutes read June 29, 2024 3:59 pm