Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോക രാഷ്ട്രീയത്തിൽ വലതുപക്ഷ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. നവ യാഥാസ്ഥിതിക വിപ്ലവം, കൺസർവേറ്റീവ് റവല്യൂഷൻ എന്നീ വാക്കുകൾ കൊണ്ടാണ് അതിനെ അടയാളപ്പെടുത്തുന്നത്. റഷ്യയിൽ പുടിന്റെ ഉദയം, ഷി ജിൻപിങ് വീണ്ടും അധികാരത്തിലേക്ക് വരാൻ ഭരണഘടനയടക്കം മാറ്റിയത്, ട്രംപ് 2017 ൽ അധികാരത്തിൽ എത്തിയത്, ബോൾസനാരോ ബ്രസീലിൽ അധികാരത്തിൽ വന്നത് ഇവയെല്ലാം ഈ നവ യാഥാസ്ഥിതിക പ്രക്രിയയുടെ ഭാഗമാണ്. അതിന്റെ ഒരു തുടർച്ച അമേരിക്കയിൽ വീണ്ടും ഉണ്ടായെന്ന് കരുതുന്നതാവും ശരി. അമേരിക്കയെ സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും വലതുപക്ഷ പാർട്ടികൾ തന്നെയാണ്. സാങ്കേതികമായി റിപ്പബ്ലിക്കൻ പാർട്ടി തീവ്ര വലതുപക്ഷമാണ്.
അതേസമയം, ഡെമോക്രാറ്റുകൾ അവരേക്കാൾ ലിബറൽ നിലപാടുകൾ എടുക്കുന്നവരാണ് എന്ന വ്യത്യാസമാണ് പൊതുവിലുള്ളത്. എന്നാലും ജോ ബൈഡന്റെ ഭരണകാലമെടുത്താൽ, അമേരിക്കൻ വിദേശകാര്യ നയത്തിൽ ലിബറലിസം കാണാൻ സാധിക്കില്ല. ഗാസ യുദ്ധത്തിലും യുക്രൈയിൻ – റഷ്യ യുദ്ധത്തിലും കിഴക്കൻ ഏഷ്യയിൽ തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷത്തിലും അതുപോലെ ക്വാഡിന്റെ രൂപീകരണത്തിലും തെക്കൻ ചൈന കടൽ കേന്ദ്രീകരിച്ച് ചൈന മറ്റ് രാജ്യങ്ങളുമായി (ഫിലിപ്പീൻസ്) തുടങ്ങിയ സംഘർഷത്തിലും ഫലപ്രദമായി ഇടപെടാനോ പ്രശ്നപരിഹാരത്തിനോ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഇവയെല്ലാം ലോകത്തിലെ സുപ്രധാനമായ അന്താരാഷ്ട്ര സംഘർഷങ്ങളാണ്. ഒരു സൂപ്പർ പവർ എന്ന നിലയ്ക്ക് പ്രശ്നപരിഹാരത്തിനായി ഫലപ്രദമായ ഇടപെടൽ നടത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. വിദേശനയം പരിശോധിച്ചാൽ ട്രംപിനേക്കാൾ വലതുപക്ഷത്തായിരുന്നു ജോ ബൈഡൻ എന്ന് പറയേണ്ടി വരും. അതുകൊണ്ട് വലതുപക്ഷം എന്നുള്ളത് അമേരിക്കൻ സാഹചര്യത്തിൽ പ്രസക്തമല്ല. അത് റിപ്പബ്ലിക്കൻ പാർട്ടിയാണെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയാണെങ്കിലും വിദേശനയത്തിന്റെ കാര്യത്തിൽ വലതുപക്ഷ സമീപനം തന്നെയാണ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകൾ ചില കാര്യങ്ങളിൽ ലിബറൽ നയം സ്വീകരിക്കുന്നു എന്നുമാത്രമേ പറയാൻ കഴിയൂ. ‘ട്രംപിസം’ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന, അമേരിക്കൻ സാഹചര്യത്തിലുള്ള ഒരു നവ യാഥാസ്ഥിതികത്വത്തിന്റെ ഒരു ഉയർപ്പായിരുന്നു 2017ൽ ട്രംപിന്റെ വരവോടെ ഉണ്ടായത്. അമേരിക്ക ട്രംപേരിക്കയായി മാറി എന്ന് നമ്മൾ പറയാറുമുണ്ട്. അതിന് തടയിടാൻ ജോ ബൈഡന് കഴിഞ്ഞുവെങ്കിലും ട്രംപ് വീണ്ടും തിരിച്ച് വന്നിരിക്കുന്നു. ട്രംപിസം വീണ്ടും മേൽക്കൈ നേടി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത്.
ട്രംപിനെ സംബന്ധിച്ച് അപ്രതീക്ഷിതമായ വാക്കും പ്രവർത്തിയും വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പല സന്ദർഭങ്ങളിലും ആഭ്യന്തര രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടായിട്ടുണ്ടെങ്കിലും, ട്രംപിന്റെ വിദേശനയത്തിൽ വലിയ പ്രതിസന്ധിയും പ്രശ്നവും നടന്നതായി നമുക്ക് കാണാൻ സാധിക്കില്ല. കാരണം ട്രംപിന്റെ കാലത്ത് വലിയ യുദ്ധങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. രണ്ടാമത്തെ കാര്യം ഉത്തര കൊറിയയുമായുള്ള സംഘർഷമാണ്. ഉത്തര കൊറിയയെ പൈശാചികമായ സഖ്യം എന്ന നിലയ്ക്കാണ് ട്രംപ് കണ്ടിരുന്നത്. പൈശാചികമായ സഖ്യത്തെ കായികമായും സൈനികമായും തകർക്കുക എന്നത് ട്രംപിന്റെ അമേരിക്കൻ വിദേശനയത്തിന്റെ അടിസ്ഥാന ഘടകമായിരുന്നു. ആ പ്രതിസന്ധിയെ ട്രംപ് തരണം ചെയ്യുകയുണ്ടായി. അദ്ദേഹം സെൻടോസ ഉടമ്പടിയിൽ ഒപ്പുവെച്ചു. യുണൈറ്റഡ് നേഷൻസിന്റെ ജനറൽ അസ്സംബ്ലിയിൽ ഉത്തര കൊറിയൻ പ്രതിനിധിയും അമേരിക്കൻ പ്രതിനിധിയും തമ്മിലുള്ള വാക്ക് തർക്കം ലോകത്തെ പോലും ഞെട്ടിച്ചു കളഞ്ഞിരുന്നു. ‘റോക്കറ്റ് വിട്ടുകളിക്കുന്ന കുള്ളൻ’ എന്നാണ് ഉത്തര കൊറിയൻ നേതാവിനെ അമേരിക്കൻ പ്രസിഡന്റ് വിളിച്ചത്. തിരിച്ച് ‘വയസ്സനായ കിറുക്കൻ’ എന്ന് ട്രംപിനെ അവർ വിളിക്കുകയുണ്ടായി. ഈ രൂപത്തിൽ തകർന്നടിഞ്ഞ ഒരു നയതന്ത്ര ബന്ധത്തെ സെൻടോസ ഉടമ്പടിയിലൂടെ ഒരു പരിധിവരെ നോർമലൈസ് ചെയ്യാൻ ട്രംപിന് സാധിച്ചു. അതുകൊണ്ട് വിദേശ നയത്തിന്റെ കാര്യത്തിൽ ട്രംപ് ഒരു പരാജയമല്ല. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഇന്ത്യ-പാക് ബന്ധത്തിൽ കാര്യമായ പുരോഗതി ട്രംപിന്റെ കാലത്ത് ഉണ്ടായിരുന്നു. ആഭ്യന്തര നയത്തിന്റെ കാര്യത്തിൽ തീവ്ര വലതുപക്ഷ നയങ്ങൾ ട്രംപ് പുലർത്തിയിരുന്നെങ്കിലും വിദേശനയത്തിന്റെ കാര്യത്തിൽ പ്രായോഗികമായി ശരിയായ സമീപനം സ്വീകരിച്ചുവെന്ന് കരുതുന്നതാവും ശരി.
അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തെ അമേരിക്കൻ ജനത വിലയിരുത്തിയത് മൂന്ന് കാര്യങ്ങളെ കേന്ദ്രീകരിച്ചാണ്. ഇക്കോണമി, ഇമിഗ്രേഷൻ, അബോർഷൻ. ഇതിൽ ഇക്കോണമിയുടേത് പൊതുവായുള്ള കാര്യമാണ്. പക്ഷേ, ഇമിഗ്രേഷന്റെ കാര്യത്തിൽ ഒരു ലിബറൽ സമീപനം ഡെമോക്രാറ്റിക് പാർട്ടി പുലർത്തിയപ്പോൾ കുടിയേറ്റക്കരെ കടത്തിവിടില്ല എന്ന സമീപനമാണ് ട്രംപ് പുലർത്തിയത്. നിലവിൽ അമേരിക്കയിലുള്ള പോലെ നിയമവിധേയമായ മാർഗങ്ങളിലൂടെ കുടിയേറുന്നതിനെ കുറിച്ചല്ല, മറിച്ച് മെക്സിക്കൻ അതിർത്തിയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരായി അമേരിക്കയിലേക്ക് കടക്കുന്നതിനെ സംബന്ധിച്ചാണ് പറയുന്നത്. അമേരിക്കയുടെ ക്രമസമാധാന നിലയ്ക്ക് തന്നെ തകരാറുണ്ടാവുന്ന രൂപത്തിലേക്ക് വളർന്ന ഒരു പ്രക്രിയയാണിത്. ട്രംപ് പറയുന്നത് മെക്സിക്കൻ അതിർത്തിയിൽ നിന്ന് വരുന്ന മെക്സിക്കക്കാരായിട്ടുള്ള, അതുപോലെ മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള നിയമ വിരുദ്ധ കുടിയേറ്റത്തിനെ പൂർണമായും തടയും എന്നാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം, കൊളംബിയ പോലെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ആളുകൾ, ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ, സ്വന്തം രാജ്യത്ത് നിയമ നടപടി നേരിടുന്നവർ ഏതെങ്കിലും മാർഗത്തിൽ അതിർത്തി കടന്ന് അമേരിക്കയിൽ എത്തി കുറച്ചുകാലം കഴിഞ്ഞ് അവിടുത്തെ പൗരത്വം നേടുന്ന അവസ്ഥയുണ്ട്. അത്തരം കുടിയേറ്റം അമേരിക്കയ്ക്ക് ഭീഷണിയാണ് എന്ന നിലപാടാണ് ട്രംപിന്റേത്. അതേസമയം ഈ കാര്യത്തിൽ ലിബറൽ സമീപനമാണ് കമല ഹാരിസ് സ്വീകരിച്ചത്. മെക്സിക്കൻ അതിർത്തി വഴിയുള്ള കുടിയേറ്റത്തെ ചെറുക്കുന്നതിനുള്ള ചുമതല കമല ഹാരിസിനുണ്ടായിരുന്നു. ആ കാര്യത്തിൽ കമല ഹാരിസ് പരാജയപ്പെട്ടു എന്നാണ് അമേരിക്കൻ ജനത വിലയിരുത്തുന്നത്. മെക്സിക്കൻ അതിർത്തി വഴിയുള്ള ഇല്ലീഗൽ എമിഗ്രേഷൻ തടയും എന്നത് അമേരിക്ക എന്ന രാജ്യത്തിന്റെ ദേശീയ താത്പര്യമാണ്. എന്റെ നിരീക്ഷണത്തിൽ എമിഗ്രേഷൻ പോളിസിയിൽ വലിയൊരു മാറ്റമൊന്നും ഉണ്ടാകില്ല. യൂറോപ്പിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും നിയമ വിധേയമായി കുടിയേറിവന്ന് സ്ഥിര താമസക്കാരായി മാറി അമേരിക്കൻ പൗരത്വം നേടിയെടുക്കുന്നവരെ സംബന്ധിച്ച് നിയമപരമായ തടസ്സമുണ്ടാവില്ല. കഴിഞ്ഞ പ്രസിഡൻസിയുടെ കാലത്ത് മെക്സിക്കൻ അതിർത്തിയിൽ ഒരു വലിയ മതിൽ കെട്ടുന്നതിനെ കുറിച്ചുപോലും ട്രംപ് പറഞ്ഞിരുന്നു. കേൾക്കുമ്പോൾ കിറുക്കാണെന്ന് തോന്നുമെങ്കിലും അമേരിക്കൻ ജനത അതിന് അനുകൂലമായി ചിന്തിച്ചു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
ജോ ബൈഡനും ട്രംപും ഇസ്രായേലിന് സമ്പൂർണമായ പിന്തുണയാണ് നൽകുന്നത്. അമേരിക്കയിൽ 50 സ്റ്റേറ്റ് ആണെങ്കിൽ, 51 മത്തെ സ്റ്റേറ്റ് ആയാണ് ഇസ്രയേലിനെ അവർ കാണുന്നത്. ഇസ്രായേലിനെ സമ്പൂർണമായി പിന്തുണച്ച് ആയുധങ്ങളും പണവും മറ്റ് സന്നാഹങ്ങളും നൽകിയ ഘട്ടത്തിലും ഈ പ്രശ്നത്തിൽ ഒരു വെടിനിർത്തൽ കൊണ്ടുവരുന്നതിനോ പ്രശ്നം പരിഹരിക്കാനുള്ള നയതന്ത്രപരമായ ഇടപെടൽ നടത്തുന്നതിനോ ബൈഡൻ ശ്രമിച്ചില്ല. അപ്പോൾ ട്രംപ് പറഞ്ഞത് ഞാൻ യുദ്ധം അവസാനിപ്പിക്കും എന്നാണ്. അതിന് സാധിച്ചാൽ അതൊരു നേട്ടമായിരിക്കും. കാരണം, ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രണത്തിനെതിരെ പ്രതികരിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് വളരെ കൃത്യമായി ഒരു വംശഹത്യയുടെ മാനങ്ങളിലേക്ക് മാറി. ഗാസയിൽ മാത്രം 43,000 ത്തോളം മനുഷ്യർ കൊല്ലപ്പെട്ടു. ലക്ഷകണക്കിന് ആളുകൾ അഭയാർഥികളായി. ഈ ഒരു ഹ്യുമാനിറ്റേറിയൻ ക്രൈസിസിനെ നേരിടാൻ ബൈഡന് കഴിഞ്ഞില്ല. ജോ ബൈഡൻ അപ്പോഴും പൂർണമായി ഇസ്രയേലിനെ പിന്തുണയ്ക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. റഷ്യ യുക്രൈയിൻ യുദ്ധത്തിൽ യുക്രൈനെ പൂർണമായി സഹായിക്കുന്ന സമീപനം ബൈഡൻ സ്വീകരിച്ചു. ഒരു വൻ ശക്തിയായ റഷ്യ ലോകത്തിൽ ഏറ്റവുമധികം ആണവായുധങ്ങളുള്ള രാജ്യമാണ്. അങ്ങനെയുള്ള ഒരു രാജ്യം നിരന്തരമായ സംഘർഷാവസ്ഥയിൽ തുടരുന്നത് ഒട്ടും ഗുണകരമല്ല. മാത്രമല്ല അന്താരാഷ്ട്ര രംഗത്ത് ചൈനയും അമേരിക്കയും തമ്മിലാണ് മത്സരം. ഈ സന്ദർഭത്തിൽ റഷ്യ പൂർണമായി ചൈനയുടെ ആശ്രയത്വത്തിലേക്ക് പോയി. അമേരിക്ക കൊണ്ടുവന്ന ഉപരോധത്തെ മറികടക്കാൻ അമിതമായ രൂപത്തിൽ ചൈനയെ ആശ്രയിക്കേണ്ട ഒരു സാഹചര്യം റഷ്യക്ക് ഉണ്ടായി. റഷ്യയും ചൈനയും സൈനികമായി വൻ ശക്തികളാണ്. ആ സാഹചര്യത്തിൽ യുക്രൈൻ യുദ്ധം പരിഹരിക്കേണ്ടത് അമേരിക്കയുടെ നല്ല താത്പര്യങ്ങൾക്ക് ഉതകുന്ന ഒന്നായിരുന്നു. അവിടെയും ബൈഡൻ ആ രീതിയിലുള്ള ഒരു സമീപനം സ്വീകരിച്ചില്ല. ഇനി ഇസ്രായേലിന്റെ കാര്യത്തിലേക്ക് വന്നാൽ, ഇസ്രായേലിന് ട്രംപ് കൂടുതൽ പിന്തുണ കൊടുക്കും എന്നത് വാസ്തവമാണ്. അതോടൊപ്പം നിലവിൽ തുടരുന്ന യുദ്ധം ഒരു നയതന്ത്ര മാർഗത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് വാഗ്ദാനവും അതായിരുന്നു. അദ്ദേഹം പറഞ്ഞത് ഈ തെരഞ്ഞെടുപ്പ് ഞാൻ വിജയിക്കുകയാണെങ്കിൽ ഈ യുദ്ധം ഞാൻ അവസാനിപ്പിക്കും എന്നാണ്. അങ്ങനെയെങ്കിൽ അത് വലിയ പോസിറ്റിവായ കാര്യമാണ്. ആ കൂട്ടക്കൊല അവസാനിക്കണം എന്നുള്ളത് ലോകം ആഗ്രഹിക്കുന്ന കാര്യമാണ്. ഇത് യുദ്ധത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമല്ല. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹാരമുള്ളൂ. അതിന് മുൻകൈ എടുക്കാൻ പറ്റുന്ന ഏക ശക്തി അമേരിക്കയാണ്. നെതന്യാഹുവിനെ അതിനുവേണ്ടി പ്രേരിപ്പിക്കാൻ കഴിയുന്ന ശക്തി അമേരിക്കയാണ്. അത് ചെയ്തില്ല എന്നയിടത്താണ് ജോ ബൈഡന്റെ ഗാസ/പശ്ചിമേഷ്യൻ നയം പരാജയപ്പെട്ടത്.
ട്രംപിന്റെ തിരിച്ചുവരവ് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. അമേരിക്കയുടെ വിദേശനയം പറയുന്നത് അമേരിക്കയുടെ ദേശതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉതകുന്ന നയം സ്വീകരിക്കും എന്നാണ്, അല്ലാതെ പ്രത്യയശാസ്ത്രപരമായ അഴിച്ചുകെട്ടൽ ആരോടും ഉണ്ടാകില്ല. അമേരിക്കൻ വിദേശനയം സൂക്ഷ്മമായി വിശകലനം ചെയ്‌താൽ അത് മനസ്സിലാകും. അതേസമയം ഹിന്ദുത്വ ശക്തികൾ ഈ വിജയം ആഘോഷിക്കാൻ കാരണം അവർ ഒരേ തൂവൽ പക്ഷികളാണ് എന്നതാണ്. ട്രംപ് അമേരിക്കൻ രാഷ്ട്രീയത്തിൽ നവ യാഥാസ്ഥിതിക തീരുമാനം എടുക്കുന്ന വ്യക്തിയാണ്. ഒരു നവ യാഥാസ്ഥിതികൻ എന്ന് എല്ലാ അർത്ഥത്തിലും പറയാവുന്ന ഒരാൾ. ഇന്ത്യയിൽ ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവയ്ക്കുന്നത് ഒരു മത കേന്ദ്രീകൃതമായ നവ യാഥാസ്ഥിതികത്വ പ്രത്യയശാസ്ത്രവും വികസനവുമാണ്. ട്രംപ് ഇതുതന്നെയാണ് അമേരിക്കയിലും പറയുന്നത്. വെള്ളക്കാരന്റെ വംശീയ മേധാവിത്തം പുനഃസ്ഥാപിക്കും, അമേരിക്കൻ സാഹചര്യത്തിലുള്ള റേസിസം പോലെ, ക്രിസ്ത്യൻ മത മൗലികവാദം തുടങ്ങിയ ആശയങ്ങളോട് ഐക്യപ്പെടുകയും വൻതോതിൽ അമേരിക്കയെ വികസനത്തിലേക്ക് നയിക്കുമെന്ന് പറയുകയും ചെയ്യുന്ന കാര്യങ്ങളാണ് ട്രംപിന്റെ നയങ്ങളുടെ കാതൽ. ഇന്ത്യയിലും സമാനമായ നിലപാടാണ് ഹിന്ദുത്വ ശക്തികൾ മുന്നോട്ടുവയ്ക്കുന്നത്. ഒരു ഭാഗത്ത് വൻതോതിലുള്ള മുതലാളിത്ത വികസനവും മറുഭാഗത്ത് ഹിന്ദുത്വത്തിലൂന്നിയ ദേശീയതയും അതിന്റെ ഭാഗമായുള്ള സോഷ്യൽ എഞ്ചിനീയറിങ്ങുമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. അപ്പോൾ പ്രത്യയശാസ്‌ത്രപരമായി ഐഡിയോളോജിക്കൽ കസിൻസ് എന്ന് മോദിയെയും ട്രംപിനെയും വിശേഷിപ്പിക്കാം. അതിന്റെ ഭാഗമായി ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ ഈ വിജയം ആഘോഷിക്കുന്നു എന്നതിന്റെ അപ്പുറത്തേക്ക് ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ സ്വാഭാവികമായും ഇരു രാജ്യങ്ങളുടെയും ശക്തിക്കനുസരിച്ചാവും മുന്നോട്ടുപോവുക. ഒരുകാര്യം അതിൽ വിശകലനം ചെയ്യേണ്ടതുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഭരണാധികാരികൾ തമ്മിലുള്ള പോസിറ്റീവായ ഒരു തലം വളരെ പ്രധാനമാണ്. നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു എന്നുള്ളത് നമുക്ക് അറിയുന്ന കാര്യമാണ്. ആ അർത്ഥത്തിൽ ആ സൗഹൃദവും ബന്ധവും ഒരുപക്ഷേ ഇന്ത്യക്ക് കുറച്ചുകൂടെ ഗുണകരമായേക്കാം എന്ന് മാത്രം.
(സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്: റയീസ് ടി.കെ)