Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത സൈബർ ഇടങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്നതിന് തെളിവാണ് ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവം. ജൂലായ് നാലിന് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നടന്ന ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് യു.പി പൊലീസ് കേസെടുത്തത്. ബി.എൻ.എസ് സെക്ഷൻ 196 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രവൃത്തികൾക്കുള്ള ശിക്ഷ. ഈ വ്യവസ്ഥ ഐ.പി.സി 153 എന്ന വകുപ്പിന് തുല്യമാണ്), ബി.എൻ.എസ് സെക്ഷൻ 353 (പൊതുപ്രശ്നമുണ്ടാക്കുന്ന പ്രസ്താവനകൾക്ക് നൽകുന്ന ശിക്ഷ. ഈ വ്യവസ്ഥ മുൻ ഐ.പി.സിയുടെ 505-ാം വകുപ്പിന് തുല്യമാണ്) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സക്കീർ അലി ത്യാഗി, വാസിം അക്രം ത്യാഗി, ആസിഫ് റാണ, സെയ്ഫ് അലഹ്ബാദി, അഹമ്മദ് റാസ എന്നീ മാധ്യമപ്രവർത്തകർക്ക് നേരെയാണ് യു.പി പൊലീസ് കേസെടുത്തത്. ഹാഷിംപുരയിലേയും മൈലാനയിലേയും സമകാലിക അവസ്ഥകളെക്കുറിച്ച് ശ്രദ്ധനേടിയ റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള വസീം അക്രം ത്യാഗി പത്തുവർഷമായി മാധ്യമരംഗത്ത് സജീവമാണ്. വിദ്വേഷ കുറ്റകൃത്യങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് സക്കീർ അലി ത്യാഗി. യുണൈറ്റഡ് പ്രസ് ക്ലബ് പ്രസിഡൻ്റും മുതിർന്ന ജേർണലിസ്റ്റും സാമൂഹ്യ പ്രവർത്തകനുമാണ് അഹമദ് റാസ.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ജൂലായ് നാലിന് ഷാംലി സ്വദേശിയായ ഫിറോസ് ഖുറേഷിയെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയിരുന്നു. എന്നാൽ സംഭവം ആൾക്കൂട്ട കൊലപാതകമല്ല എന്ന നിലപാടാണ് ഷാംലി പൊലീസ് സ്വീകരിച്ചത്. ആൾക്കൂട്ട കൊലപാതകത്തെ സ്വാഭാവിക മരണമായി വരുത്തി തീർത്ത പോലീസ് നിലപാടിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അഞ്ച് മാധ്യമപ്രവർത്തകരം പ്രതികരിച്ചിരുന്നു. മോഷണക്കുറ്റം ആരോപിച്ചുകൊണ്ട് ഫിറോസ് ഖുറേഷിയെ പിങ്കി, പങ്കജ്, രാജേന്ദ്ര എന്നിവർ ചേർന്ന് വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് സമൂഹ മാധ്യമമായ എക്സ് പോസ്റ്റിലൂടെ മാധ്യമ പ്രവർത്തകർ പങ്കുവെച്ചത്. ഈ മൂവർ സംഘം ഖുറേഷിയെ മാരകമായി മർദിച്ചുവെന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് ഖുറേഷി മരിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ തെറ്റായ വിവരങ്ങളാണ് ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ആക്രമണമല്ലെന്നും ഈ സംഭവത്തിന് ബോധപൂർവം വർഗീയ നിറം നൽകുകയും, സമൂഹ മാധ്യമങ്ങൾ വഴി അവ പ്രചരിപ്പിക്കുകയും ചെയ്തുവെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടനുസരിച്ച് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആർ പ്രകാരം മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്നാണ് യു.പി പോലീസിന്റെ പക്ഷം.
എന്നാൽ ഫിറോസിന്റെ സഹോദരൻ അഫ്‌സലിൻ്റെ പരാതിയിൽ താനാഭവൻ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനായി നഗരത്തിലെ ആര്യ നഗർ ഭാഗത്തേക്ക് പോയ ഫിറോസ് ആക്രമിക്കപ്പെടുകയായിരുന്നു എന്നാണ് പറയുന്നത്. ഇരുമ്പ് അവശിഷ്ടങ്ങൾ, ടിൻ ഷീറ്റുകൾ, പഴയ മൊബൈൽ ഫോണുകൾ തുടങ്ങിയവ ശേഖരിക്കുന്നതിനായി ഉന്തുവണ്ടിയിൽ പോകുന്ന ഫിറോസ് ജോലിയുടെ ഭാഗമായി മൈക്ക് ഉപയോഗിക്കുന്നതിനെ പ്രതികൾ എതിർത്തതായും, ഇതേച്ചൊല്ലി തർക്കം ഉണ്ടാവുകയും അവർ ഫിറോസിനെ മർദ്ദിക്കുകയും ചെയ്തതായും അഫ്സൽ മാധ്യമങ്ങളോട് പറഞ്ഞു. മർദ്ദനമേറ്റ ഫിറോസിനെ രാത്രി പതിനൊന്ന് മണിയോടെ സുഹൃത്തുക്കൾ വീട്ടിലെത്തിച്ചെങ്കിലും അവിടെ വച്ച് ഫിറോസ് മരണപ്പെടുകയായിരുന്നുവെന്ന് അഫ്സൽ പറയുന്നു. അതുകൊണ്ടുതന്നെ, മർദ്ദനമല്ല മരണകാരണം എന്ന പൊലീസ് വാദത്തെ ശക്തമായി എതിർത്ത അഫ്സൽ തന്റെ സഹോദർൻ യാതൊരു വിധ ക്രിമിനൽ ചുറ്റുപാടുമില്ലാത്ത വ്യക്തിയാണെന്നും ‘ഒബ്സർവേർ പോസ്റ്റി’നോട് പറഞ്ഞു. ” എന്റെ സഹോദരൻ കള്ളനല്ല, അവനെതിരെ ഇതുവരെ ഒരു കേസുമില്ല. നല്ലൊരു കുടുംബനാഥനായിരുന്നു അവൻ, എന്തിനാണ് അവനെ കൊന്നതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല.”
മാധ്യമപ്രവർത്തകൻ വസിം അക്രം ത്യാഗിയുടെ എക്‌സ് അക്കൗണ്ടിൽ കേസിൽ ഉൾപ്പെട്ടവരെക്കുറിച്ച് വ്യക്തമായ വിവരമുണ്ട്. കേസിൽ പ്രതികളായി ചൂണ്ടിക്കാണിച്ച മൂന്നുപേർക്കെതിരെ ഇതുവരെ പൊലീസ് അന്വേഷണം ഉണ്ടായില്ലെന്നും വസിം അക്രം ത്യാഗി പറയുന്നു. “ഇപ്പോൾ പൊലീസ് എനിക്കുനേരെ എഫ്.ഐ.ആർ ചാർജ് ചെയ്തിരിക്കുന്നു. എന്നെ നിശബ്ദനാക്കാൻ എന്റെ മാധ്യമ പ്രവർത്തനത്തിന് നേരെയുണ്ടായ ആക്രമണമാണ് ഇത്. പക്ഷേ, ഞങ്ങൾക്ക് ശരി ചെയ്തേ പറ്റൂ. ഇക്കാലത്ത് വാർത്ത റിപ്പോർട്ട് ചെയ്യുന്നത് പോലും ക്രിമിനൽ കുറ്റമാണ്.” മാധ്യമ പ്രവർത്തകൻ സക്കീർ അലി ത്യാഗി മക്തൂബ് മീഡിയയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
2023 ആഗസ്റ്റ് പതിനൊന്നിനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഭാരതീയ ന്യായ സംഹിത ബിൽ 2023 ലോക്സഭയിൽ അവതരിപ്പിക്കുന്നത്. അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ച ബില്ലിന് ഡിസംബർ 25നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. 2024 ജൂലായ് ഒന്ന് മുതൽ ബിൽ നിലവിൽ വന്നതോടെ 64 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) അടക്കമുള്ള മൂന്ന് നിയമങ്ങളാണ് ചരിത്രമായി മാറിയത്. ഭാരതീയ ന്യായ സംഹിത നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെപോലും ബാധിക്കുന്ന രീതിയിലേക്ക് നിയമം പ്രയോഗിക്കപ്പെടാം എന്ന് വ്യക്തമാകുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം മൊബൈൽ ഫോൺ, ലാപ്ടോപ്, ക്യാമറ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങളിലെ മെസേജുകൾ, ഇ-മെയിലുകൾ, കോൾ റെക്കോർഡിങ്ങുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ ഇനി എളുപ്പമാകും. വ്യക്തികളുടെ സ്വകാര്യതയ്ക്ക് വില കൊടുക്കാതെയാകും പരിശോധനകൾ ഉണ്ടാവുക. പ്രസ്തുത നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം ഒരു പൊലീസ് ഓഫീസർക്ക് യാതൊരു വിധ ഓർഡറുകളും ഇല്ലാതെ തന്നെ ഒരു സ്വകാര്യ വ്യക്തിയുടെ ഫോണും മറ്റും പരിശോധിക്കാനാവും. ഓൺലൈൻ പ്രഭാഷണങ്ങൾക്കും ഭാരതീയ ന്യായ സംഹിത പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുസ്ലീങ്ങൾ ഇരകളാക്കപ്പെടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ കൂടിയതായി വാർത്തകളുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂൺ നാല് മുതൽ ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ള ആളുകളുടെ സംഘം ഒമ്പതോളം മുസ്ലീം പുരുഷന്മാരെ മർദിച്ചുകൊന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.പിയിലെ ഫിറോസിന്റെ കേസിന് സമാനമായി ജൂൺ മാസത്തിൽ മുഹമ്മദ് ഫരീദ് എന്ന വ്യക്തിയെയും ആൾക്കൂട്ടം മർദ്ദിച്ച് കൊന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ ആൾകൂട്ടം ഫരീദിനെ ഇടിക്കുകയും ചവിട്ടുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നത് കാണാം. ഈ കൊലപാതക വാർത്ത റിപ്പോർട്ട് ചെയ്ത ബീഹാറിലെ സദാഫ് കമ്രാൻ എന്ന മാധ്യമ പ്രവർത്തകന് നേരെയും ജൂലായ് ആറിന് നിയമ നടപടിയുണ്ടായിട്ടുണ്ട്. സദാഫ് കമ്രാന്റെ മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള ‘ഹിന്ദുസ്ഥാനി മീഡിയ’ എന്ന യുട്യൂബ് ചാനലിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 196-ാം വകുപ്പ് പ്രകാരമാണ് ഉത്തർപ്രദേശിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നത് മുതൽ സക്കീർ അലി ത്യാഗിക്കെതിരെ കേസുകളും അറസ്റ്റുകളും ഉണ്ടായിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ക്രിമിനൽ റെക്കോർഡുകൾ വെളിച്ചത്തുകൊണ്ടുവന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ 2017 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ത്യാഗിയെ അറസ്റ്റ് ചെയ്ത് 42 ദിവസത്തോളം ജയിലിൽ അടച്ചിട്ടുണ്ട്. 2020 ആഗസ്റ്റിൽ ഗോവധം ആരോപിച്ചും ഉത്തർപ്രദേശ് പോലീസ് സക്കീർ അലി ത്യാഗിയെ അറസ്റ്റ് ചെയ്തിരുന്നു. ഗോവധ നിരോധന നിയമ (Cow Slaughter Act) പ്രകാരം പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2022 ഡിസംബറിൽ, ഉത്തർപ്രദേശ് കൺട്രോൾ ഓഫ് ഗുണ്ടാസ് ആക്‌ട് പ്രകാരവും സാക്കിർ അലി ത്യാഗിക്കെതിരെ കേസെടുക്കുകയും കേസ് പ്രകാരം മൂന്നുമാസത്തേക്ക് ത്യാഗിയെ സ്വന്തം ജില്ലയായ മീററ്റിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു.
നിയമ പരിഷ്ക്കരണങ്ങളിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, മാധ്യമ പ്രവർത്തകർക്കുനേരെയുണ്ടായ ഈ നടപടിയിൽ ഹൈദരാബാദ് എംപിയും AIMIM ചീഫുമായ അസദുദ്ദീൻ ഒവൈസി രംഗത്തുവന്നു. ചുമത്തപ്പെട്ട കേസ് അടിയന്തിരമായി പിൻ വലിക്കണമെന്ന് ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും പ്രതികരിച്ചു.