ഉത്തരാഖണ്ഡിൽ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

കേരളത്തിന്റെ ഭൂവിസ്തൃതിയുടെയത്രയും (38,000+ച.കി.മി) പ്രദേശമാണ് ഉത്തരാഖണ്ഡിലെ മഹാപ്രളയക്കെടുതിയിൽ താറുമാറായിരിക്കുന്നത്. ദില്ലി, കൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നാലു മഹാനഗരങ്ങളുടെ ആകെ വിസ്തൃതിയുടെ അഞ്ചിരട്ടി! ടൂറിസം മേഖലയ്ക്ക് മാത്രം 12,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 1307 റോഡുകളും 147 പാലങ്ങളും ആയിരത്തിൽപരം ഗ്രാമങ്ങളും, ആയിരക്കണക്കിന് കെട്ടിടങ്ങളും പ്രളയക്കെടുതിയിൽ ഒടുങ്ങിയിരിക്കുന്നു. ജൂൺ 16 മുതൽ രണ്ടു ദിവസം ഗംഗയുടെ പ്രധാന കൈവഴികളായ ഭാഗീരഥിയും, അളകനന്ദയും, മന്ദാകിനിയും, യമുനയും വല്ലാത്തൊരു ശുദ്ധികലശമാണ് നടത്തിയത്. ഒരു പക്ഷെ ഇക്കാലമത്രയും മനുഷ്യർ ആ ഭൂപ്രദേശത്ത് പലവിധത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ധ്വംസനത്തിന് കണക്കും പലിശയും ചേർത്തുകൊണ്ടുള്ള കനത്ത തിരിച്ചടി. ദുരന്തം നടന്നിട്ട് ഒരു മാസത്തിലേറെയായി. എന്നാൽ ഇന്ന് നഷ്ടപ്പെട്ട മനുഷ്യ ജീവനുകളുടെ കണക്കുകൾ അവ്യക്തമായി അവശേഷിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന പ്രകൃതി ദുരന്തത്തിന്റെ ആക്കം ഇത്രമേൽ വർദ്ധിപ്പിക്കുന്നതിന്റെ പിന്നിൽ മനുഷ്യന്റെ കൈ തന്നെയാണ് ഉള്ളത് എന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ‘മനുഷ്യൻ കാരണം സംജാതമായ പ്രകൃതിദുരന്ത’മായിട്ടാണ് ടെലിവിഷൻ മാധ്യമ ചർച്ചകളിൽ ഉത്തരാഖണ്ഡ് ദുരന്തം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതും. കുറേയേറെ വർഷങ്ങളായി ഉത്തരാഖണ്ഡിലും മറ്റു ഹിമാലയൻ സംസ്ഥാനങ്ങളിലും നടന്നുവരുന്ന തെറ്റായ ഭൂവിനിയോഗത്തിന്റെയും, മാറി മാറി വരുന്ന സർക്കാരുകളുടെ വിഫലമായ കാഴ്ചപ്പാടിന്റെയും, ദീർഘവീക്ഷണമില്ലായ്മയുടെയും ആകെത്തുകയാണ് ഈ മഹാദുരന്തം. ഇതൊരു സൂചനയാണ്. അതിന്റെ അലയടികൾ ഇങ്ങ് പശ്ചിമഘട്ടം വരെ നമുക്കു കേൾക്കാം.

ഹിമാലയൻ മലനിരകൾ, ഉത്തരാഖണ്ഡ്. കടപ്പാട്:thehindu

ചിപ്കോ ആന്ദോളൻ ഉടലെടുത്ത നാട്ടിൽ ഇത്തരത്തിലുള്ള ഒരു ദുരന്തം ഉണ്ടാകാൻ പാടില്ലാത്തതാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 2000ത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപപ്പെട്ടതിന് ശേഷം മാത്രം 15,000 ഹെ. (37,066 ഏക്കർ) കാടാണ് പലതരം വികസന പദ്ധതികൾക്ക് വേണ്ടി ഔദ്യോഗികമായി മുറിച്ചു മാറ്റാൻ ഉത്തരവായത്. കാടിന്റെ അനധികൃത കൈയ്യേറ്റം തന്നെ 10,000 ഏക്കറിൽ പരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2001 മുതൽ 2010 വരെ 3904.24 ഹെ. വനംവകുപ്പിന്റെ കീഴിലുള്ള ഭൂമി ഖനന കമ്പനികൾക്കു വേണ്ടി ദാരുണമായി നശിപ്പിക്കപ്പെട്ടു. 1600 ഹെ.ൽ പരം നദീതടമാണ് മണൽ ഖനനത്തിന് വേണ്ടി നിയമത്തിന്റെ പിൻബലത്തോടെ അനുവദിച്ചു കൊടുത്തത്. 2000-ത്തിന് ശേഷം ഹരിദ്വാർ മുതൽ ഗംഗോത്രി വരെയുള്ള ടൂറിസത്തിൽ 38% വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തരാഖണ്ഡിൽ മാത്രം 51 അണക്കെട്ടുകൾ (ജല വൈദ്യുത പദ്ധതികൾ) നിലവിലുണ്ട്. 47 എണ്ണം പണിപ്പുരയിലാണ്. 238 എണ്ണം ഇനിയും പ്ലാനിംഗ് ഘട്ടത്തിലും.

കാടിന്റെ നാശം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ തുടങ്ങിയതാണെങ്കിലും സ്വാതന്ത്യം ലഭിച്ചതിനുശേഷം മാറി മാറി വന്ന ഭരണകൂടങ്ങളുടെ കീഴിൽ കാടുവെട്ടൽ നിരുപാധികം തുടർന്നുപോരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ അണക്കെട്ടുകൾക്കും ഖനനത്തിനും വേണ്ടിയാണ് ഏറ്റവും കൂടുതൽ കാട് നശിപ്പിക്കപ്പെട്ടത്. അണക്കെട്ടുകൾ, മലതുരന്നുള്ള ടണലുകൾ, പവർ സ്റ്റേഷനുകൾ (പലതും മലകൾ തുരന്നുണ്ടാക്കിയവയാണ്), അവയ്ക്കുവേണ്ട റോഡുകൾ ഇവയെല്ലാം തന്നെ അതിലോലമായ പ്രായം കുറഞ്ഞ ഹിമാലയൻ പർവ്വതങ്ങൾക്ക് ഒരുപാട് കാലം താങ്ങാൻ പറ്റുന്ന ഇടപെടലുകളല്ല. ടൂറിസം വികസനത്തിന്റെ പേരിൽ മാത്രം ചെങ്കുത്തായ മലനിരകളെ തുരന്നും വെട്ടി മാറ്റിയും പണിതിട്ടുള്ള റോഡുകൾക്ക് കണക്കില്ല. പല ഗ്രാമങ്ങളും ടൂറിസം കേന്ദ്രങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും മറ്റും പുഴയൊഴുകേണ്ട വഴിയിലാണ് (river flood zone) പണിതുയർത്തിയിട്ടുള്ളത്. പുഴയ്ക്ക് ഒഴുകാനുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെയൊക്കെ ആകെത്തുകയായി കനത്ത മഴ പെയ്യുമ്പോൾ മണ്ണും ചെളിയും മലകളിറങ്ങി വന്ന് പുഴയുടെ വഴിയിലുള്ള എല്ലാത്തിനേയും നശിപ്പിക്കുന്നു. ജൂൺ 16ന് സംഭവിച്ചത് അതാണ്. ഉത്തരാഖണ്ഡിലെ പരിസ്ഥിതിപ്രവർത്തകരും പുഴ സംരക്ഷണപ്രവർത്തകരും മറ്റും കാലങ്ങളായി ഉത്തരാഖണ്ഡ് സർക്കാരിനോടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോടും മാറി മാറി ആവശ്യപ്പെട്ടുവരുന്ന ഒരു കാര്യമുണ്ട്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹിമാലയൻ പർവ്വതനിരകളിൽ എത്രമാത്രം വികസനം ആകാം എന്നതിന് അതിരുണ്ട്. ഒരു ഭൂപ്രദേശത്തിന്റെ വഹനശേഷിക്കുമപ്പുറം അവിടെ വികസന പ്രവർത്തനങ്ങൾ നടത്തിയാൽ പ്രകൃതി തിരിച്ചടിക്കും എന്നത് തീർച്ചയാണ്. അതുകൊണ്ട് ഇനിയെങ്കിലും ഈ പ്രദേശത്തിന്റെ ‘വഹനശേഷി’യെക്കുറിച്ച് വിശകലനം നടത്തുക (carrying capacity studies), ഇത്രയധികം അണക്കെട്ടുകൾ കാടിന്റെയും പുഴയുടെയും മുകളിൽ വരുത്തിവെക്കാവുന്ന ആഘാതം അപ്രഗ്രഹിക്കാൻ ശ്രമിക്കുക (cumulative impact assessment) എന്നിവയാണ് അവർ മുന്നോട്ടു വെക്കുന്ന ന്യായമായ ആവശ്യങ്ങൾ.
ഉത്തരാഖണ്ഡിൽ ഇത്തരത്തിലൊരു ദുരന്തം ഇതാദ്യമായല്ല. 2012ൽ മാത്രം ഉത്തര കാശിയിലും രുദ്രപ്രയാഗിലും കനത്ത മഴ കാരണം ദുരന്തങ്ങൾ ഉണ്ടായതാണ്. കഴിഞ്ഞ 34 വർഷത്തിനിടയിൽ രുദ്രപ്രയാഗിൽ മാത്രം എട്ടു തവണയെങ്കിലും ഇത്തരത്തിലുള്ള പ്രളയക്കെടുതികൾ മൂലം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2013 ജൂണിൽ നടന്ന ഈ മഹാദുരന്തമെങ്കിലും ഭരണകർത്താക്കളുടെയും അണക്കെട്ടു കമ്പനികളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. മാത്രമല്ല ഉത്തരാഖണ്ഡ് അടങ്ങുന്ന ഹിമാലയൻ മേഖല ഭൂകമ്പ സാധ്യതയുള്ള പ്രദേശവും കൂടിയാണ്.

അളകനന്ദാ നദിയിലെ വിഷ്ണുപ്രയാ​ഗ് അണക്കെട്ട്. കടപ്പാട്:dhruvmalhotra

ഹിമാലയൻ പർവ്വത നിരകളുടെ ഭാഗമായ അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇത്തരം വിവേകമില്ലാത്ത വികസനപാതയിൽ കൂടിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡിൽ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കിൽ നമുക്ക് പിഴവ് പറ്റിയിരിക്കുന്നു. 2010ൽ ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോൾ നിയോഗിച്ച പ്രൊഫസർ മാധവ് ഗാഡ്ഗിൽ നയിച്ച പശ്ചിമഘട്ട പാനൽ റിപ്പോർട്ടിലും ഇതേ സൂചനകൾ കാണാം. ഹിമാലയം പോലെ അതീവലോലമായ ആവാസ വ്യവസ്ഥയാണ് പശ്ചിമഘട്ട മലനിരകൾ അടങ്ങുന്ന ഭൂപ്രദേശം. കേരളം മുതൽ ഗുജറാത്തിലെ ഡാംഗ്സ് വരെ 1600 കി.മി നീളത്തിൽ നിലകൊള്ളുന്ന ഈ അതിപുരാതന പർവ്വതനിരയുടെ കാടുകൾക്കും നാശത്തിന്റെ ചരിത്രം പറയാനുണ്ട്. തേയില, കാപ്പി തോട്ടങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ, അണക്കെട്ടുകൾ, ഭൂമി കൈയ്യേറ്റങ്ങൾ എന്നിങ്ങനെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കാടിന് വഴിമാറേണ്ടിവന്നു. ജലസേചനത്തിനും ജലവൈദ്യുതിയ്ക്കും വേണ്ടിയുള്ള അണക്കെട്ടുകളുടെ വരവ് നാശത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. ഏകദേശം 2800 വലിയ അണക്കെട്ടുകൾ പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന ചെറുതും വലുതുമായ പുഴകൾക്ക് കുറുകെ ഉയർത്തി കഴിഞ്ഞിരിക്കുന്നു. നൂറുകണക്കിന് ചെറുകിട അണക്കെട്ടുകൾ വേറെയും. ഇവയ്ക്കുവേണ്ടി വെട്ടി മാറ്റിയതും, ജലസംഭരണികൾക്ക് വേണ്ടി മുക്കിയതുമായ കാടിന്റെ കൃത്യമായ കണക്കുകൾ പോലും ലഭ്യമാണോ എന്ന് സംശയമാണ്. പുഴമണൽ വാരൽ എല്ലാ പുഴകളിലും വ്യാപകമായി നടക്കുന്നു. പുതിയ അണക്കെട്ടുകൾക്കു വേണ്ടിയുള്ള പരിസ്ഥിതി ആഘാത പഠനങ്ങളും, മറ്റും നടന്നുവരുന്നു. മുംബൈ നഗരത്തിന്റെ ഒരിക്കലും തീരാത്ത കുടിവെള്ള ദാഹം ശമിപ്പിക്കാനായി പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന പല പുഴകളിലും പുതിയ അണക്കെട്ടുകൾ തീർക്കാനുള്ള തത്രപ്പാടിലാണ് മഹാരാഷ്ട്ര സർക്കാർ.
അനിയന്ത്രിതമായ വിനോദ സഞ്ചാരം കാരണം ഊട്ടി, കൊടൈക്കനാൽ, വാൽപ്പാറ, കുനൂർ, കുദ്രേമഖ്, മൂന്നാർ, അതിരപ്പിള്ളി, വയനാട് പോലുള്ള ഹിൽ സ്റ്റേഷനുകളുടേയും, ടൂറിസ്റ്റ് പ്ലോട്ടുകളുടേയും വഹനശേഷി വളരെയധികം കുറഞ്ഞിരിക്കുന്നു. കിഴക്കോട്ടൊഴുകുന്ന കൃഷ്ണാ, കാവേരി പോലുള്ള വലിയ നദികൾ അമിത ചൂഷണം കാരണം വേനൽ കാലങ്ങളിൽ കടലിൽ എത്തിച്ചേരാതെയായിരിക്കുന്നു. 2001-2004 ലെ വരൾച്ചാ വർഷങ്ങളിൽ കൃഷ്ണാനദി കടലിലേക്ക് എത്തിച്ചേർന്നിരുന്നില്ല. അത്രയധികം ജലമാണ് ഈ പശ്ചിമഘട്ട പുഴയിൽ നിന്നും ഊറ്റിയെടുക്കുന്നത്. ഗോവയിൽ ഇരുമ്പ് ഖനിക്കു വേണ്ടിയുള്ള ഖനനം കാരണം ഭൂഗർഭജലം വരെ വറ്റിപ്പോയ അവസ്ഥയുണ്ടായിട്ടുണ്ട്. ഭൂമി കൃഷിയോഗ്യമല്ലാതായിരിക്കുന്നു. മലകളിൽനിന്നുത്ഭവിക്കുന്ന നീരുറവകൾ വറ്റിപോയിരിക്കുന്നു. കേരളത്തിലെ മിക്ക പശ്ചിമഘട്ട പഞ്ചായത്തുകളിലെയും ചെറുതും വലുതുമായ ക്വാറികൾ കാരണം കുടിവെള്ളം ക്ഷാമം, ആരോഗ്യപ്രശ്നങ്ങൾ, ജൈവവൈവിധ്യനാശം എന്നിവ വ്യാപകമായിരിക്കുന്നു. തെറ്റായ ഭൂവിനിയോഗവും കൂടുതലായി മണ്ണിളക്കിയുള്ള കൃഷിയും കാരണം മണ്ണൊലിപ്പ് വർദ്ധിക്കുകയും മണ്ണിന്റെ ജൈവാംശം കുറയുകയും ചെയ്തു. പശ്ചിമഘട്ടത്തിലെ പല അണക്കെട്ടുകളിലെ ജലസംഭരണികളും കാട് ശേഷിച്ച പ്രദേശത്തെ മേൽമണ്ണും, എക്കലും വന്നടിഞ്ഞ് പ്രവർത്തനശേഷി കുറഞ്ഞുവരുന്ന അവസ്ഥയിലാണ്. ഉത്തരാഖണ്ഡിലും ദുരന്തം കാരണം 10 അണക്കെട്ടുകൾ എക്കലും ചെളിയും നിറഞ്ഞ് പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇവയിൽ ചിലതിന്റെ ഷട്ടറുകൾ സമയത്ത് തുറക്കാത്തത് പ്രളയക്കെടുതിയുടെ ആഘാതം കൂട്ടാൻ കാരണമായി.

അളകനന്ദാ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ നിർമ്മാണം. കടപ്പാട്:dhruvmalhotra

ഉദാഹരണത്തിന്, അളകനന്ദ നദിയിൽ പണിതുകൊണ്ടിരിക്കുന്ന ശ്രീനഗർ ജലവൈദ്യുത പദ്ധതിയുടെ അവസ്ഥ പരിശോധിക്കാം. ശ്രീനഗർ ജലവൈദ്യുത പദ്ധതിയുടെ പണിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ടൺ ചെളിയും മണ്ണും സംരക്ഷണഭിത്തി പോലും പണിയാതെ ചെങ്കുത്തായ മലഞ്ചെരുവുകളിൽ നിക്ഷേപിച്ച് വരുകയായിരുന്നു. ജൂൺ 16 വരെ അടഞ്ഞു കിടന്ന അണക്കെട്ടിന്റെ ഷട്ടറുകൾ അടുത്ത ദിവസം രാവിലെ യാതൊരു മുന്നറിയിപ്പും കൂടാതെ തുറക്കുകയായിരുന്നു. കീഴ്ത്തടപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീനഗർ പട്ടണത്തി ലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ശ്രീനഗർ പട്ടണത്തിന്റെ കുറേ ഭാഗം 10-30 അടി ഉയരത്തിലുള്ള ചെളിയിൽ (muck and silt) പൂണ്ടുപോകുകയും ചെയ്തു. 400 മെഗാവാട്ടിന്റെ വിഷ്ണുപ്രയാഗ് ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. സമയത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാത്തതുകൊണ്ട് പുഴ മല തകർത്ത് പുതിയൊരു വഴിയുണ്ടാക്കുകയായിരുന്നു. ഇത്തരം ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി ദാരുണമായി പരാജയപ്പെട്ടിരിക്കുകയും ചെയ്തു.

പരിസ്ഥിതി മന്ത്രാലയം ഗോമുഖ് മുതലുള്ള ഭാഗീരഥി നദിയുടെ 100 കി.മി വരെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിച്ചപ്പോൾ (Bhagirathi Eco Sensitive Area Notification) ഉത്തരാഖണ്ഡ് സർക്കാർ തന്നെയാണ് ആ നീക്കത്തിനെ ആദ്യം എതിർത്തത്. ഉത്തരാഖണ്ഡിന്റെ വികസനത്തിന് ഈ വിജ്ഞാപനം ഒരു വിഘാതമായിരിക്കും എന്നാണ് അവരുടെ സർക്കാർ വിലയിരുത്തിയത്. നദീ തീരത്തുള്ള നൂറോളം ജനങ്ങളും ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒരു പക്ഷെ ഇന്ന് ആ ഗ്രാമവാസികൾ തിരിച്ചറിയുന്നുണ്ടാകാം ഇത്തരം ഒരു വിജ്ഞാപനത്തിന്റെ വില. ഭാഗീരഥി ഇ.എ സ്.എ നോട്ടിഫിക്കേഷനിൽ പുഴയും പുഴ തീരങ്ങൾക്കും പരിസ്ഥിതിയ്ക്കും അതു വഴി മനുഷ്യർക്കും ഗുണം ചെയ്യുന്ന ഒരുപാട് ശുപാർശകൾ എഴുതി വെച്ചിട്ടുണ്ട്. നീർത്തടാധിഷ്ഠിതമായ ഭൂഗർഭ ജലവിഭവപരിപാലനവും, മണ്ണ്, ജല സംരക്ഷണവും, ഗ്രാമീണരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി പുനസ്ഥാപനവും മറ്റും അടങ്ങുന്ന മാസ്റ്റർപ്ലാൻ അനുസരിച്ചായിരിക്കണം അവിടത്തെ പ്രവർത്തികൾ മുന്നോട്ടു പോകേണ്ടത് എന്ന് വിജ്ഞാപനം നിഷ്കർഷിക്കുന്നു. പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥ ഇന്ന് ദുരന്തത്തിന്റെ വക്കിലാണ്. പ്രകൃതിയുടെ തിരിച്ചടി പലപ്പോഴും നാം പ്രതീക്ഷിക്കുന്ന രീതിയിലോ ഭാവത്തിലോ ആയിക്കൊള്ളണമെന്നില്ല. ഈ കാലത്ത് കേരളം അനുഭവിച്ച കടുത്ത വരൾച്ചയും ജലക്ഷാമവും സൂചിപ്പിക്കുന്നതും അതാണ്. മാധവ് ഗാഡ്ഗിൽ നയിച്ച പശ്ചിമഘട്ട പാനൽ റിപ്പോർട്ട് കേരള സർക്കാരും ഒരു ജനവിഭാഗവും തള്ളികളഞ്ഞിരിക്കുകയാണ്. ആ റിപ്പോർട്ടിൽ എഴുതിവെച്ചിരിക്കുന്ന നിർദ്ദേശങ്ങളും ശുപാർശകളും തകർന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിന് കുറവെങ്കിലും പ്രാണവായു തിരിച്ചു നൽകാൻ സഹായിച്ചേക്കും. കാട് പോയി പാറ തെളിഞ്ഞ മലത്തലപ്പുകളും, വറ്റിക്കൊണ്ടിരിക്കുന്ന പുഴകളും, തുടർച്ച നഷ്ടപ്പെട്ട കാടിന്റെ അവശിഷ്ടങ്ങളും, അണക്കെട്ടുകൾക്കു താഴെ ഒഴുകാത്ത പുഴകളും, അനിയന്ത്രിതമായ ടൂറിസവും റോഡ് വികസനവും ഖനനവും തെറ്റായ കൃഷി രീതികളും എല്ലാം കൂടിച്ചേർന്ന് പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കുന്ന അവസ്ഥയിലേക്കാണ് നാം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നത്.

2013 ജൂണിൽ ഉണ്ടായ ​ദുരന്തം. കടപ്പാട്:dhruvmalhotra

ഉത്തരാഖണ്ഡുമായുള്ള സമാനതകൾ ഇത്തരത്തിൽ നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു ഭൂപ്രദേശത്തിന്റെ വഹനശേഷിക്കുമപ്പുറം അതിരുകളില്ലാത്ത, ആസൂത്രണമില്ലാത്ത വികസനം അവിടെ നടത്തിയാൽ ആ ഭൂപ്രദേശത്തിന് അത് താങ്ങാൻ ബുദ്ധിമുട്ടായിരിക്കും. ഹിമാലയം-പശ്ചിമഘട്ടം പോലുള്ള അതിലോലമായ ആവാസവ്യവസ്ഥകളെ മറ്റൊരു കണ്ണിൽ കൂടി വീക്ഷിക്കേണ്ടതുണ്ട്. 2000-ത്തിൽ പ്രണബ് സെൻ കമ്മിറ്റി റിപ്പോർട്ട് അതെഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പശ്ചിമഘട്ടം മുഴവനായും ഇക്കോ സെൻസിറ്റീവ് റീജിയൺ ആയി കാണേണ്ടതുണ്ട് എന്ന് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ എഴുതി വെച്ചിരിക്കുന്നത്. ആ ‘മറ്റൊരു കണ്ണ്’ വികസനത്തിന് അതിരുകളുണ്ടെന്നും പരിസ്ഥിതി സംരക്ഷണമാണ് യഥാർത്ഥ വികസനമെന്നും നമ്മെ കാണിച്ചു തരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 16, 2023 3:34 am