അയിത്തോച്ചാടനത്തിന്റെ സമകാലിക പാഠങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജാതിവിവേചനത്തിനും അയിത്താചാരത്തിനുമെതിരേ വൈക്കത്ത് നടന്ന ചരിത്രപ്രസിദ്ധമായ സത്യ​ഗ്രഹത്തിന്റെ ശ​താ​ബ്​​ദി ആഘോഷവേളയിൽ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രം​ഗത്ത് സമരം സൃഷ്ടിച്ച പ്രതിഫലനങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത് എന്ന് കേരളീയം ചർച്ച ചെയ്യുന്നു.

അയിത്തം എന്നത് ഒറ്റയ്ക്ക് വേറിട്ടു നിലനിൽക്കുന്ന ഒരു ആചാരമല്ല. ജാതിവ്യവസ്ഥ എന്ന സാമൂഹിക സ്ഥാപന വ്യവസ്ഥയുടെ വിവേചന രൂപങ്ങളിൽ ഒന്നാണ് അയിത്തം. ജാതി വിവേചനങ്ങളുടെയും അസമത്വത്തിൻ്റെയും അടിത്തറയിൽ നിലനില്ക്കുന്ന ഒരു സാമൂഹിക സ്ഥാപനമാണത്. ജാതിവ്യവസ്ഥ ഒരു വിഭാഗം ജാതികൾക്ക് ബഹുവിധമായ വിശേഷാധികാരവും മറ്റൊരു വിഭാഗത്തെ പലവിധ ഇല്ലായ്മകളിലും താഴ്ന്ന നിലയിലും നിർബന്ധമായും നിലനിർത്തുന്നു. സാമൂഹിക ബന്ധങ്ങളിലും പലവിധ സാമൂഹിക ഇടപാടുകളിലൂടെയുമാണ് ഇല്ലായ്മകൾ നിലനിൽക്കുന്നത്. ഇത്തരത്തിൽ ജാതി ബന്ധങ്ങൾ സാമൂഹിക ബന്ധങ്ങളായാണ് ചരിത്രപരമായി വളർന്നുവന്നത്.

ഇന്ത്യയെ സംബന്ധിച്ച് സാമൂഹിക ബന്ധങ്ങൾ ജാതി ബന്ധങ്ങളുടെ വേറുകൂറ് ബന്ധങ്ങളും സ്ഥാനമാന പദവി നിലകളുമാണ്. ഇതാകട്ടെ സാമൂഹികമായി കീഴോർ സ്ഥാനങ്ങളിൽ നിലനിർത്തപ്പെട്ട മനുഷ്യരെ വേർതിരിച്ച് മാറ്റി നിർത്തുകയും മ്ലേച്ഛതയും ഹീനതയും അത്യാരോപിച്ച് ജാതികൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളിലെ അകല-അടുപ്പ രൂപമായാണ് പരമ്പരാഗത സമൂഹത്തിൽ നിലനിന്നത്. ഇതിൻ്റെ ശക്തിമത്തായ ഒരു രൂപമാണ് അയിത്തം എന്ന സാമൂഹിക ബഹിഷ്കരണ രീതി. കീഴോർ ജാതികളെ സാമൂഹികമായി പുറന്തള്ളുന്ന വിവേചനരൂപവും ദൈനംദിന ജീവിത ഇടപാടു രൂപവുമായിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്. സാമൂഹിക ഇടപാടുക ളിൽ നിന്നും ഒരു വിഭാഗം മനുഷ്യരെ പുറന്തള്ളിയും മാറ്റി നിർത്തിയുമാണ് അയിത്തം മേൽജാതിക്കാർ പ്രയോഗിച്ചിരുന്നത്. അയിത്തം ഒരു സാമൂഹിക വിവേചന മനോഭാവവും ചൂഷണരീതിയുമാണ്. വേർതിരിച്ച്, മാറ്റി നിർത്തി, പതിതരായി നിലനിർത്തുകയും കീഴായ്മപ്പെടുത്തി അപരവൽക്കരിക്കുകയും ആശ്രിതരായി നിലനിർത്തുകയും ചെയ്യുന്ന ഒരു ഹിംസാ രൂപമായിട്ടാണ് അസമത്തത്തിൻ്റെ ഘടനാപരമായ വ്യവസ്ഥയായ ജാതിവ്യവസ്ഥയുടെ ഭാഗമായി അയിത്തം അല്ലെങ്കിൽ അസ്പ്രശ്യത നിലനില്ക്കുന്നത്.

വൈക്കം മഹാദേവ ക്ഷേത്രം

ജാതിയാണ് അടിസ്ഥാനപരമായി ഇന്ത്യയിൽ അസമത്വം, ചൂഷണം, പുറന്തള്ളൽ എന്നിവയുടെ ഘടനാപരമായ വ്യവസ്ഥ. അത് വ്യവസ്ഥാപരമായ ഒരു സാമൂഹ്യരൂപമാണ്. സാമൂഹിക ക്രമവും സമ്പദ്വ്യവസ്ഥയും സാംസ്കാരികരൂപങ്ങളും അധികാരവ്യവസ്ഥയും ജാതി ബദ്ധമായ വ്യവസ്ഥയാൽ നിർണ്ണയിക്കപ്പെടുന്നു. ഈ വ്യവസ്ഥാക്രമത്തെ മാറ്റുവാനുള്ള ശ്രമങ്ങൾ സമൂഹത്തിൽ പലപ്പോഴായി ഉണ്ടായി വന്നിട്ടുണ്ട്. ഈ സമൂഹരൂപം മാറണം എന്ന കാഴ്ച്ചപ്പാടുകൾ ബുദ്ധൻ്റെ കാലം മുതൽ ഉണ്ടായി വന്നിട്ടുണ്ട്. ജാതിബദ്ധമായിട്ടുളള വിവേചനങ്ങൾ ഇല്ലാതാകുമ്പോഴാണ് തുല്യമനുഷ്യർ എന്ന സങ്കല്പം ദൈനംദിന ജീവിതത്തിൽ സാമൂഹികമായി വിനിമയം ചെയ്യുക. ജാതി ബദ്ധമായ വിവേചനങ്ങൾ പലരീതിയിലുണ്ട്. അടിത്തട്ടിലുള്ള മനുഷ്യരുടെമേലുള്ള അടിച്ചമർത്തലും ചൂഷണവും ഒരു രൂപമാണ്. എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകളെയും കീഴ്പ്പെടുത്തി നിർത്തുന്ന ആൺകോയ്മയും അതിൻ്റെ പ്രത്യയബോധ രൂപമായ ബ്രാഹ്മണ്യ പുരുഷാധിപത്യവും ജാതിവ്യവസ്ഥയാൽ നിശ്ചയിക്കപ്പെട്ടാണ് വളർന്നുവന്നത്. ബഹുവിധമായ തലത്തിലും പലമാസ്വഭാവത്താലും ജാതി എന്ന സ്ഥാപനക്രമം പ്രവർത്തിക്കുമ്പോൾ ജാതിയുടെ പുറന്തള്ളൽ രൂപങ്ങൾ സാമൂഹിക ബന്ധങ്ങളിൽ പലരൂപങ്ങളിൽ പ്രവർത്തിക്കുന്നു. മനുഷ്യരെ ജാതികളായി ഉൾക്കൊള്ളലും പുറന്തള്ളലും വേർതിരിവും മാറ്റി നിർത്തലും കീഴ്മപ്പെടുത്തലും അപരരാക്കി മാറ്റലും അഴുക്കായി ഹീനപ്പെടുത്തലുമായി നിലനിർത്തുന്നു. അസ്പ്രശ്യത എന്നത് പലവിധ അവസരങ്ങളിൽ നിന്നും മൂലധനങ്ങളിൽ നിന്നും വിഭവങ്ങളിൽ നിന്നും കീഴ്മപ്പെടുത്തപ്പെട്ട ജാതികളെ ഹീനരായി മാറ്റിനിർത്തി, പുറന്തള്ളി നിലനിർത്തുന്ന അയിത്തരൂപങ്ങളായി പ്രയോഗിക്കപ്പെടും.

ജാതിമതിൽ തകർക്കുന്ന ഭീം ആര്‍മി പ്രവർത്തകർ

ജാതി ഇല്ലാതായാൽ മാത്രമെ അയിത്തം ഉൾപ്പെടെയുള്ള ജാതിയുടെ വിവേചനരൂപങ്ങൾ ഇല്ലാതാവുകയുള്ളു. അയിത്തം ഇല്ലാതായാൽ ജാതി ഇല്ലാതാവണം എന്നില്ല. ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക ബന്ധക്രമത്തിൽ വിഭവം, അധികാരം, രാഷ്ട്രീയം, സംസ്കാരം എന്നിങ്ങനെ വിവിധ ഘടകങ്ങൾ പാരസ്പര്യപ്പെട്ട് പ്രവർത്തിക്കുകയും അയിത്തക്കാരായി മാറ്റപ്പെട്ടവരുടെ മേൽ ഇവ ഹിംസയായി പ്രവർത്തിക്കുകയും ചെയ്യുന്നു. പരമ്പരാഗത സമൂഹത്തിലുള്ള അയിത്ത രൂപങ്ങളല്ല ആധുനികവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിലനിൽക്കുന്ന വേർതിരിവ് രൂപങ്ങളും പുറന്തള്ളൽ രീതികളും. എന്നാൽ ജാതിവ്യവസ്ഥയുടെ വേർതിരിവ് രൂപങ്ങളുടെ സ്ഥാപനപരമായതും സാംസ്കാരികവുമായ തുടർച്ചകൾ അയിത്തം എന്ന പുറന്തള്ളൽ രൂപത്തെ നിരന്തരം പരിഷ്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഘടനാപരമായ അസമത്വത്തിൻ്റെ സ്വഭാവം നിലനിർത്തിക്കൊണ്ടിരിക്കും. ആധുനികമായ മൂലധന രൂപങ്ങളും ജ്ഞാനസമ്പാദനവും വിവരവിനിമയ രീതികളും ആഗോള വിജ്ഞാന സമ്പദ് രൂപവും ആർജ്ജിക്കുന്നതിൽ നിന്നും അയിത്ത അനുഭവത്തിൻ്റെയും ജാതി ഹിംസ യുടെയും ചരിത്രാനുഭവമുള്ള സമൂഹങ്ങളിൽ നിന്നു വരുന്ന ദലിത്-പിന്നോക്ക ജാതി സമുദായങ്ങളിലെ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും ജ്ഞാന ഉൽപാദന പ്രക്രിയയിൽ നിന്നും ഘടനാപരമായി പുറന്തള്ളുന്ന പ്രക്രിയ വ്യവസ്ഥാപിത രൂപങ്ങളിലൂടെ നടപ്പാക്കപ്പെടുന്നു.

ദർശൻ സോളങ്കി എന്ന ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുന്ന ഐ.ഐ.ടി ബോംബെ വിദ്യാർത്ഥികൾ

ജാതിവിവേചനവും അയിത്തത്തിൻ്റെ ഘടനാപരമായ പുറന്തള്ളലിൻ്റെയും പ്രധാനപ്പെട്ട ഒരു രൂപമാണ് ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക -മനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് കൊഴിഞ്ഞുപോക്ക് എന്ന പേരിൽ സ്ഥാപനപരമായി പുറന്തള്ളുന്ന ദലിത് -ആദിവാസി-പിന്നോക്ക ജാതി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം. അധികാരത്തിൽ നിന്നും സാംസ്കാരിക ആവിഷ്കാര രംഗത്തു നിന്നും സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും ജാതിയുടെ പേരിൽ മനുഷ്യരെ മാറ്റി നിർത്തുന്നതും അവിടേയ്ക്കുള്ള തുറവുകൾ ഇവർക്കു മുന്നിൽ തടഞ്ഞുവയ്ക്കുന്ന രീതികൾ മെറിറ്റിൻ്റെ പേരിൽ ന്യായികരിക്കപ്പെടുന്നതും അയിത്തത്തിന്റെ സമകാലിക രൂപമാണ്. വിവേചനത്തിന്റെ ഒരു ഇന്ത്യൻ രൂപമാണ് അയിത്ത മനോഭാവവും അത് പ്രവർത്തിക്കുന്ന സൂഷ്മ രൂപങ്ങളും.

രോഹിത് വെണ്മുലയുടെ ആത്മഹത്യയ്ക്കു ശേഷം നടന്ന പ്രതിഷേധം

ജാതിവിവേചനം കാണിക്കുന്നവരും മറ്റുള്ളവരുടെ അവസരങ്ങളും കഴിവുകളും ജാതിയുടെ പേരിൽ അംഗികരിക്കാതെ അവരെ മാറ്റി നിർത്താനും പുറത്താക്കാനും പിന്തുടരുന്ന രീതികൾ കാണിക്കുന്നത് പരിഷ്കരിക്കപ്പെടേണ്ടവർ ജാതി മഹിമയിൽ വിശ്വസിക്കുന്നവരും അയിത്ത മനോഭാവം പിന്തുടരുന്നവരുമാണ് എന്നതാണ്. പൊതുവായി പങ്കുവെക്കേണ്ട അധികാരവും പദവിയും വിഭവങ്ങളും വൈജ്ഞാനിക തയും സാംസ്കാരിക ബൗദ്ധീക മൂലധനങ്ങളും ജാതിയുടെ പേരിൽ മറ്റുള്ളവർക്ക് അർഹതപ്പെട്ടതായിട്ടു പോലും പങ്കുവയ്ക്കാൻ വിസമ്മതിക്കുന്ന മനാഭാവമാണ് അയിത്തമായി പ്രവർത്തിക്കുന്നത്. ഈ മനോഭാവത്തിൻ്റെ ഉറവിടവും അതിൻ്റെ അവബോധവും ജാതി എന്ന വിവേചന വ്യവസ്ഥയാണ്.

ജാതിവിവേചനവും ഭേദരൂപങ്ങളും അയിത്തത്തെ അടിസ്ഥാനമാക്കി നിലനിന്ന വേർതിരിവ് പുറന്തള്ളൽ രീതികളും ആധുനിക കേരളത്തിലെ ജാതി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക തുല്യതയ്ക്കായി നടന്ന സമരങ്ങളും പല രീതിയിലാണ് സമീപിച്ചത്. ഇതിൽ അയിത്തോച്ചാടന പ്രവർത്തനങ്ങൾ ജാതിയുടെ ഘടനാപരമായ അസമത്തവും അയിത്തത്തിൻ്റെ സാമൂഹിക പുറന്തള്ളൽ രീതികളെയും പരിഗണിച്ചു കൊണ്ടല്ല അയിത്ത നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ജാതിയെ പ്രശ്നവത്കരിച്ചുകൊണ്ടായിരുന്നു ജാതി വിരുദ്ധ സാമൂഹിക സമത്വ പ്രസ്ഥാനങ്ങളും ആശയങ്ങളും വളർന്നു വന്നത്. ജാതി ഒരു അസമത്വ വ്യവസ്ഥ ആയതുകൊണ്ട് തന്നെ അതൊരു മേൽകീഴ് വ്യവസ്ഥയായിട്ടാണ് സാമൂഹിക നീതി പ്രസ്ഥാനങ്ങൾ ജാതി വിരുദ്ധ ജനാധിപത്യത്തെ സാമൂഹിക അസമത്വ പ്രശ്നങ്ങളെ ബന്ധപ്പെടുത്തിയത്.

ജാതി വ്യവസ്ഥയുടെ അടിത്തട്ടിലുള്ള മനുഷ്യർക്ക് മനുഷ്യ പദവിയും മനുഷ്യനായി ജീവിക്കുവാനുള്ള അന്തസ്സും സ്വാഭിമാനവും വിഭവങ്ങളും അവസരങ്ങളും നേടുവാനുള്ള സാമൂഹിക തുല്യതയാണ് ഇവർ ലക്ഷൃം വച്ചത്. ഇതെല്ലാം കീഴോർ ജാതി സമുദായങ്ങൾക്ക് നിഷേധിക്കുന്ന ചൂഷണവ്യവസ്ഥയും പുറംതള്ളൽ രീതിയുമായിട്ടാണ് ഇവർ ജാതിയെയും അയിത്തത്തെയും സമീപിച്ചത്. ഈ ചൂഷണക്രമം മാറണമെന്നും ജാതിവ്യവസ്ഥയും അത് സൃഷ്ടിച്ച വേർതിരിവുകളും അതിന്റെ ഭാഗമായുണ്ടായിവന്ന എല്ലാ തരത്തിലുള്ള വിഭവദാരിദ്ര്യവും അധികാരമില്ലായ്മകളും പരിഹരിക്കുന്ന ഒരു ജനാധിപത്യ സംവിധാനം ഉണ്ടായി വരണം എന്ന രാഷ്ട്രീയ സാമൂഹിക ഭാവന നവോത്ഥാന കാലത്ത് ജാതിവിരുദ്ധ സാമൂഹിക നീതി പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തി. ജാതിവിരുദ്ധ സമരങ്ങളിലൂടെ പുതിയ ഒരു സമൂഹം ഉണ്ടായി വരുന്നതിനായി സാമൂഹ്യ നീതി, തുല്യത, വിഭവങ്ങളിലും അധികാരത്തിലുമുള്ള പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളാണ് ജാതിവിരുദ്ധ കീഴാള പ്രസ്ഥാനങ്ങൾ പൊതുവെ മുന്നോട്ടുവച്ചത്.

വൈക്കം സത്യാഗ്രഹ ശിൽപ്പം

കേരളത്തെ സംബന്ധിച്ച്, നവോത്ഥാനം എന്നു പൊതുവെ വിളിക്കുന്ന സാമൂഹിക ആധുനീകരണ പ്രക്രിയ, ഒരു പരിവർത്തന പ്രക്രിയയായിട്ടാണ് വളർന്നുവന്നത്. ഇതിൻ്റെ ഭാഗമായി ഭാഗമായിട്ടാണ് ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടുവന്നത്. അടിത്തട്ടുജാതി സമുദായങ്ങളിൽ നിന്നാണ് തുല്യതയെ ഒരു സാമൂഹിക ഭാവനയായി അത് വിഭാവനം ചെയ്തത്. മനുഷ്യാവകാശ സമരങ്ങളായി ആരംഭിക്കുകയും പൊതുവായി എല്ലാവർക്കും പൗരാവകാശം ലഭ്യമാകുന്ന സാമൂഹിക മുന്നേറ്റങ്ങളായി കീഴോർ ജാതി വിഭാഗങ്ങൾ നവോത്ഥാന സംരംഭങ്ങളെ സമര സാമൂഹികതയായി പ്രക്ഷോഭകരമായും വിധ്വംസകവുമായി വികസിപ്പിച്ചു. വഴി നടക്കാനുള്ള, സഞ്ചരിക്കുവാനുള്ള സമരമായും, വിദ്യ അഭ്യസിക്കാനുള്ള അവകാശങ്ങൾക്കായുള്ള പോരാട്ടമായും പണിമുടക്കു സമരങ്ങളായും പൗരാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളായും നവോത്ഥാന പ്രസ്ഥാനങ്ങൾ വിവിധ രീതിയിൽ സാമൂഹിക പരിവർത്തനത്തെ ആധുനികതയുടെ അടിത്തറയാക്കി മാറ്റി. വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും, പൊയ്കയിൽ അപ്പച്ചനും, നാരായണ ഗുരുവും പാമ്പാടി ജോൺ ജോസഫും ഉൾപ്പെടെയുള്ള ഒട്ടനവധി വ്യക്തികളും പലവിധ പ്രസ്ഥാനങ്ങളും പ്രവർത്തിച്ചത് ഈ പ്രക്രിയയ്ക്കുള്ളിലാണ്.

പാമ്പാടി ജോൺ ജോസഫ്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കൊളോണിയൽ ആധുനികത യുടെയും സാമൂഹിക ആധുനികവത്കരണ പ്രക്രിയകളുടെയും അതു സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പരിവർത്തനങ്ങളുടെയും ചരിത്ര സന്ദർഭത്തിലാണ് ഈ സാമൂഹികമാറ്റം സംഭവിക്കുന്നത്.

തൈക്കാട്‌ അയ്യാ സ്വാമി

അയിത്തം എന്ന സാമൂഹിക പ്രയോഗം മനുഷ്യരെ തൊടലും തൊടാതിരിക്കലും എന്ന കേവല യുക്തിയിലല്ല പ്രവർത്തിക്കുന്നത്. വിപുലമായ ഒരു സാമൂഹികവും ഘടനാപരവുമായ ഒരർത്ഥം ചരിത്ര ഭൂതകാലത്തിലും ദൈനംദിന വർത്തമാനത്തിലും സാമൂഹിക ജീവിതത്തിൽ അതിനുണ്ട്. അയിത്തം എന്ന ഒറ്റവാക്കിൽ സമകാലിക വേർതിരിവ് രൂപങ്ങളെയും ജാതിപ്രശ്നങ്ങളെയും പ്രശ്നവത്കരിക്കാനാവില്ല. നൂറുവർഷം പൂർത്തീകരിക്കുന്ന വൈക്കം സത്യാഗ്രഹവും അതിനുമുമ്പ് നടന്ന അയിത്തത്തിനെതി രായ സമരങ്ങളും അയിത്തത്തെ പ്രശ്നവത്കരിച്ചുകൊണ്ടാണ് വളർന്നു വന്നത്. നമ്മുടെ സമകാലിക പൊതുബോധം നിലനിൽക്കുന്നത്, അയിത്തം എന്ന വിവേചന രൂപം എന്ന ന്നേക്കുമായി ഇല്ലാതായി, അയിത്ത രൂപങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു, എന്ന രാഷ്ട്രീയ ധാരണയിലാണ്. അതുകൊണ്ടുതന്നെ അയിത്തം എന്ന പദംകൊണ്ട് വിശേഷിപ്പിച്ചിരുന്ന ഒന്നിനെ ഇന്ന് അതേ രീതിയിൽ പ്രശ്നവത്കരിക്കുന്നതിന് സാമൂഹി ക വിശകലന രീതി പിന്തുടരുന്നവർക്ക് ചില പ്രശ്നങ്ങളുണ്ട്. എന്നാൽ സാമൂഹ്യമായ പുറന്തള്ളലും, അല്ലെങ്കിൽ ജാതീയമായ അടിച്ചമർത്തലും സാമ്പ്രദായികമായ രീതിയിലല്ലെങ്കിലും വ്യത്യസ്തമായ രീതികളിൽ ഇന്നും തുടരുന്നു.

പൊയ്കയിൽ അപ്പച്ചൻ

ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടി, ദേശരാഷ്ട്രമായി ഭരണഘടനാ ജനാധിപത്യത്തിന്റെയും സാമൂഹ്യതുല്യതയുടെയും തുല്യപൗരത്വത്തിന്റെയും ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെയും അടിസ്ഥാനത്തിൽ എഴുപത് വർഷത്തിലേറെയായി അതിജീവിച്ച ഒരു രാഷ്ട്രം എന്ന നിലയിൽ, അയിത്തം ഉൾപ്പെടെയുള്ള പുറന്തള്ളൽ രീതികളെയും വിവേചനങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോയി എന്ന മുൻവിധിയോടെ ജീവിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആശയങ്ങളും വൈജ്ഞാനിക മണ്ഡലവുമാണ് ജാതിയെപ്പറ്റിയുള്ള പൊതുസംവാദങ്ങളിൽ ഉയർന്നു കേൾക്കുന്നത്.

നാരായണ ഗുരു

ദലിതർ, ഗോത്രവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ എന്നീ പല സാമൂഹിക നിലകളിലെയും മനുഷ്യരുടെ പിന്നോക്കാവസ്ഥ ഇപ്പോഴും തുടരുന്നു. രാഷ്ട്രീയ രംഗത്തും, സാമൂഹിക രംഗത്തും, സാമ്പത്തിക രംഗത്തും, വിവേചനവും അസമത്വവും ശക്തമായി തന്നെ നിലനിൽക്കുന്നു. ജാതിമർദ്ദനവും ജാതിക്കൊലയും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഈയിടെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടന്ന നഗ്നമായ ഭരണ ഘടനാ ലംഘന, സാമൂഹിക നീതി നിഷേധത്തിൻ്റെ കാരണവും ജാതിവിവേചനം തന്നെയായിരുന്നല്ലോ. ഇത്തരത്തിൽ സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തും ആവിഷ്കാര രംഗത്തും കലാ സാഹിത്യ രംഗത്തും വിവേചനം നേരിടുന്നതിന്റെ കാരണമെന്താണ് ?

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം

വിവേചനവും വേർതിരിവും നവോത്ഥാന കാലത്ത് പരിഹരിച്ചു എന്നു ചിലർ അവകാ ശപ്പെടുന്നു. നവോത്ഥാനത്തെ ആദർശാത്മകമായി കാണുന്ന ഒരു സമീപനമുണ്ട്. എന്നാൽ നവോത്ഥാനത്തിൽ തന്നെ ഈ പ്രശ്നം അന്തർലീനമാണ് എന്ന് വിലയിരുത്തുന്ന പഠനങ്ങളും ഉണ്ട്. നവോത്ഥാനം ആരുടേതായിരുന്നു ? ഇതിനെ നവോത്ഥാനം എന്നു വിളിക്കാമോ ? നവോത്ഥാന കാലത്ത് ഇതെല്ലാം പരിഹരിച്ചുവോ ? പിന്നീട് നവോത്ഥാന മൂല്യങ്ങൾ നശിച്ചുപോയി എന്ന തരത്തിലാണ് നവോത്ഥാനത്തെ പലരും ആദർശവത് കരിക്കുന്നത്.

ആധുനികത ഉണ്ടായി വന്നപ്പോൾ പോലും ദലിതരും ആദിവാസികളും സ്ത്രീകളും മത്സ്യതൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് അധികാരം, വിഭവം, സമ്പത്ത് എന്നിവയിൽ കാര്യമായ പങ്കാളിത്തം ലഭിച്ചില്ല എന്നു മാത്രമല്ല കീഴാളരെ സമത്വത്തോടെ ഉൾകൊള്ളുന്ന ഒരു സിവിൽ സമൂഹം വളർന്നു വന്നില്ല. പരമ്പരാഗത വരേണ്യർ പരിഷ്ക്കരിക്കപ്പെടുകയും പുതിയ സാമുദായിക ശക്തികൾ സവർണ്ണരായി മാറുകയും അവർ അധികാരസ്ഥാനത്തേക്ക് വരികയും ചെയ്തു. പരിഷ്ക്കരിക്കപ്പെട്ട മനുഷ്യർ അവരുടെ അധികാരം പങ്കുവെക്കാൻ തയ്യാറാവുന്നില്ല എന്നതുകൊണ്ട് വിഭവവും അധികാരവും കീഴോർ സമൂഹങ്ങളിലേക്ക് കൂടി എത്തപ്പെടുന്ന, വിഭവങ്ങളുടെ നീതിപൂർവ്വമായ പുനർവിതരണവും പങ്കുവയക്കലും നടക്കുന്ന ജനാധിപത്യ രാഷ്ടിയക്രമം വളർന്നു വന്നില്ല.

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം

ദലിതരിൽ നിന്നും ആദിവാസികളിൽ നിന്നും സാംസ്കാരിക നായകന്മാർ ഉയർന്നുവരണം എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തോന്നാത്തത് എന്തുകൊണ്ടാണ്? അരികുവത്കരണം എന്ന പ്രശ്നം പരിഹരിക്കണമെങ്കിൽ അരികുവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്ന സാംസ്കാരിക പ്രക്രിയ അവരെ മുൻനിർത്തി ഉണ്ടായി വരണമല്ലോ. അതിന് അവരെ അത്തരത്തിൽ വളർത്തിക്കൊണ്ട് വരണമല്ലോ. നവോത്ഥാനത്തിനെ തുടർന്നു രൂപം കൊണ്ട സിവിൽ സമൂഹ ബന്ധങ്ങളിൽ അതിനുള്ള സാധ്യതയെ അടയ്ക്കുന്ന അധികാര രൂപങ്ങൾ കോയ്മകളായി നിലനിന്നു. ഏത് തരത്തിലുള്ള നവോത്ഥാന നീതി സങ്കല്പമാണ് ആദിവാസികൾക്കിടയിലും തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്കിടിയിലും സ്ത്രീകൾക്കിടയിലും വിമോചന സങ്കല്പമായി വളർന്നു വന്നത് എന്നത് അന്വേഷിക്കേണ്ടതാണ്.

നവോത്ഥാന സമരങ്ങളെല്ലാം പൗരാവകാശ സമരങ്ങളായിട്ടാണ് ആരംഭിച്ചത്. നീതിയുടെ ആവശ്യങ്ങളായിരുന്നു അതെല്ലാം. മനുഷ്യരായി പരിഗണിക്കാനും സഞ്ചാരസ്വാതന്ത്ര്യത്തിനും പൊതുവായി വിദ്യഭ്യാസം ലഭിക്കാനും വേണ്ടിയുള്ള പുതിയ ‘പൊതുവിനെ’, പൊതു മലയാളിയെ, നിർവ്വചിക്കാനുള്ള നീതി സങ്കല്പവും തുല്യതാ ബോധവുമായിട്ടാണ് നവോത്ഥാനം ഒരു ചരിത്ര അനുഭവമായി മാറിയത്. എന്നാൽ എന്തുകൊണ്ടാണ് മനുഷ്യർ ഇപ്പോഴും പിന്നോക്കരും അടിച്ചമർത്തപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരും സമ്പത്തില്ലാത്തവരും സാമൂഹ്യ തുല്യതയില്ലാത്തവരും വിദ്യഭ്യാസമേഖലയിൽ നിന്നും പുറന്തള്ളപ്പെട്ടവരായും ഭൂമിയിൽ അവകാശമില്ലാത്ത വരായും തുടരുന്നത് ?

അയ്യങ്കാളി പ്രതിമ

അയ്യങ്കാളി ഉൾപ്പെടെയുള്ളവർ സാധു (അയിത്തജാതി) ജനങ്ങൾ ക്ക് ഭൂമി വേണം, വിദ്യഭ്യാസം വേണം, തുല്യത വേണം, പ്രാതിനിധ്യം വേണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. പക്ഷെ ആ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു ജനാധിപത്യ ഭരണക്രമമായിട്ടും നവോത്ഥാന പ്രക്രിയ നടന്നിട്ടും ഒട്ടനവധി ദേശീയ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടന്നിട്ടും ഭരണഘടനാപരമായ തുല്യതയും സാമൂഹിക നീതിയും കീഴോർ ജാതി വിഭാഗങ്ങൾക്കും പുറന്തള്ളപ്പെട്ടവർക്കും ലഭ്യമായിട്ടില്ല.

ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച്, ഉന്നത വിദ്യഭ്യാസ മേഖലയിലെ വിദ്യഭ്യാസപ്രവർത്തനങ്ങളിൽ ഭാഗവാക്കാവാൻ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങൾ, ദലിതർ ആദിവാസികൾ ഉൾപ്പെടെയുള്ളവർ വ്യവസ്ഥാപിതമായും, സ്ഥാപനപരമായും ഇന്ത്യയിൽ പുറന്തള്ളപ്പെടുന്നു. അവർ ആത്മഹത്യ ചെയ്യപ്പെടുന്നു. രോഹിത് വെമുലയുടെ മരണം ഒരു ഉദാഹരണമാണ് . ഐ.ഐ.ടികളിൽ നിരന്തരം സാമൂഹികമായി പുറന്തള്ളപ്പെട്ട സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ ആത്മഹത്യകളുണ്ടാവുന്നു. ഘടനാപരമായ അസമത്വവും ഘടനാപരമായ പുറന്തള്ളലും ഉണ്ടാവുന്നു. അയിത്തം പോലെയുള്ള സങ്കൽപ്പങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയണമെന്നില്ല. ഇത് ജാതിയുടെ ഘടനാപരമായ പുറന്തള്ളൽ രൂപമായ അയിത്തത്തിന്റെ ആധുനിക രൂപമാണ്.

രോഹിത് വെമുല

കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനം അയിത്തത്തെ കണ്ടിരുന്നത് മതപരിഷ്ക്കരണത്തിൻ്റെ ഭാഗമായി പരിഹരിക്കേണ്ട, സവർണ്ണ ഹിന്ദുക്കളെ ധാർമികമായി പരിഷ്ക്കരിക്കേണ്ട ഒരു മനോഭാവത്തിൻ്റെ പ്രശ്നമായിട്ടാണ്. അയിത്തോച്ചാടനം അഥവാ ഹരിജനോദ്ധാരണമായിരുന്നു ഇതിനായി മുന്നോട്ടുവെച്ചത്. അയിത്തം ഇല്ലാതായാൽ വിവേചനങ്ങൾ ഇല്ലാതെയാവും. വഴിനടക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയാൽ, ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കീഴാള-പിന്നോക്ക ജാതികൾ അനുഭവിക്കുന്ന അസമത്വത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നതായിരുന്നു പ്രബലമായ ഒരു ദേശീയ വീക്ഷണം.

ടി.കെ. മാധവൻ

അയിത്തം പാലിക്കുന്നത് ജാതി ഹിന്ദുക്കളുടെ ഒരു ധാർമ്മികമായ പ്രശ്നമായി, ഒരു പ്രായശ്ചിത്തത്തിൻ്റെ പ്രശ്നമായി കാണുന്ന സമീപനം മൂലമാണ് അയിത്തം പാപമാണ് എന്ന സങ്കല്പം ഗാന്ധിജിയെ പോലുള്ളവർ ഉന്നയിച്ചത്. അയിത്തം പാപമാണെന്നും അതിന് അയിത്തം പാലിക്കുന്ന ജാതി ഹിന്ദുക്കൾ പരിഹാരം ചെയ്യണം എന്നുമായിരുന്നു സവർണ്ണ ഹിന്ദുക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അതുവരെ ഹിന്ദുക്കളായി പരിഗണിക്കപ്പെടാതിരുന്ന മനുഷ്യരെ ഹിന്ദുക്കളായി നിർവചിച്ചുകൊണ്ട്, ഒരു വിഭാഗം ഹിന്ദുക്കളോട് മറ്റൊരു വിഭാഗം ഹിന്ദുക്കൾ അയിത്തം കാണിക്കുന്നത് പാപമാണ് എന്ന ഒരു ധാർമിക പ്രശ്നമായാണ്. സവർണ്ണ ഹിന്ദുക്കളോട് അതിന് പരിഹാരം ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു ധാർമ്മിക നൈതിക രാഷ്ട്രീയമാണ് ഗാന്ധി മുന്നോട്ടുവെച്ചത്.

മഹാത്മാ ഗാന്ധി

സവർണ്ണ ഹിന്ദുക്കളുടെ സമ്മതത്തോട് കൂടി തന്നെ അയിത്ത പ്രശ്നം പരിഹരിക്കപ്പെടുന്ന രീതിയിലേക്ക് അത് മാറുകയും അയിത്തോച്ചാടനം ഒരു രാഷ്ടിയപ്രശ്നമായി പരിണമിക്കുകയും ചെയ്തു. അയിത്തോച്ചാടനത്തിലൂടെ പൊതുവായി പങ്കിടാവുന്ന ഒരു സ്ഥലമെന്നത് പൊതുവഴിയും പൊതു ഹിന്ദു ആരാധനാലയമായി മാറേണ്ട ക്ഷേത്രവും ഹിന്ദുവായി മാറേണ്ട അയിത്തജാതിക്കാരും ഈ രാഷ്ടിയത്തിൻ്റെ കേന്ദ്രത്തിലേക്ക് വന്നു. ഏറ്റവും വിശുദ്ധമായ സ്ഥലമായി സവർണ്ണ ഹിന്ദുക്കൾ കണ്ടിരുന്ന ക്ഷേത്രത്തെ അയിത്തക്കാരെന്ന് പറഞ്ഞ് പുറന്തള്ളിയിരുന്ന ആളുകളെ സവർണ്ണർ ഉൾകൊണ്ടുകൊണ്ട് അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ അയിത്തം ഇല്ലാതായി അതുവഴി സാമൂഹ്യവിവേചന പ്രശ്നങ്ങൾ ഇല്ലാതാകും എന്നുള്ളതായിരുന്നു ഈ ദേശീയവാദ രാഷ്ട്രീയ സങ്കൽപ്പം.

മന്നത്ത് പത്ഭമനാഭൻ

പക്ഷെ ജാതി സൃഷ്ടിച്ച ഘടനാപരമായ ഒട്ടനവധി അസമത്വ-പുറന്തള്ളൽ പ്രശ്നങ്ങൾ അയിത്തോച്ചാടന പ്രവർത്തന കാലത്തെന്ന പോലെ ഇപ്പോഴും രൂക്ഷമാണ്. കീഴാളവിഭാഗങ്ങളുടെ വിഭവ പങ്കാളിത്തവും അധികാര പങ്കാളിത്തവും അവർക്ക് സമൂഹത്തിൽ തുല്യതയോടുകൂടി ജീവിക്കാനുള്ള അവസര സമത്വവും ഉറപ്പാക്കുന്ന നീതി ജനാധിപത്യ സംവിധാനത്തിലും പ്രവർത്തിക്കുന്നില്ല. വ്യത്യസ്ത രീതിയിലുള്ള മൂലധനരൂപങ്ങളിലെ പങ്കാളിത്തത്തിൽ നിന്നും അവർ അവഗണിക്കപ്പെടുകയോ, പുറന്തള്ളപ്പെടുകയോ, മാറ്റിനിർത്തപ്പെടുകയോ ചെയ്യുന്നു. പ്രത്യക്ഷമായി കാണുന്ന വിവേചനരൂപം എന്നു പറയുന്ന സാമൂഹിക ജീവിതത്തിലെ ദൈനംദിന അകൽച്ച, അയിത്തം എന്നു പറയുന്ന അകൽച്ചാരൂപങ്ങളെ പരിഹരിക്കപ്പെടുന്നതിലൂടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന മുദ്രാവാക്യങ്ങളിൽ പരിഹാരം നിർദ്ദേശിക്കുന്ന രീതിയാണ് കാണുന്നത്.

സാമൂഹിക ആധുനീകരണ പ്രക്രിയയിലൂടെയും സാമുദായിക പരിഷ്ക്കരണത്തിലൂടെയും പ്രത്യക്ഷമായ അയിത്ത രൂപങ്ങൾ ഇല്ലാതാകുകയും സഞ്ചാര അവകാശ സമരങ്ങളിലൂടെയും ക്ഷേത്രപ്രവേശനത്തിലൂടെയും അയിത്തക്കാരെയും കൂടി ഉൾക്കൊള്ളുന്ന ഒരു ആധുനിക ഹിന്ദു മതം രൂപപ്പെടുകയും അത് മത ഭൂരിപക്ഷ സമുദായമായി സ്ഥാനപ്പെട്ട് അതിൻ്റെ നേതൃത്വത്തിൽ സമജാതി വൽക്കരിക്കപ്പെട്ട സാമുദായിക വിഭാഗങ്ങൾ അധികാരശക്തികളായി മാറുകയും അധികാര -വിഭവ രാഷ്ട്രീയ രൂപങ്ങൾ ആധുനിക രീതിലുള്ള ആധിപത്യ രൂപമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അയിത്തത്തിൻ്റെ ആധുനിക രൂപം അധികാരത്തിൻ്റെ വിവിധ രൂപത്തിൽ കീഴോർ ജാതി വിഭാഗങ്ങൾക്കുമേൽ പതിക്കുന്നു. ഇന്ന് ഘടനാപരമായ അയിത്തം ജാത്യാധികാരമായും സാമുദായിക അധികാരമായും തുടരുന്നു. ഭൂരിപക്ഷ ഹിന്ദു എന്ന ഒരു രാഷ്ട്രീയ വ്യവഹാരത്തെ അയിത്തോച്ചാടന പ്രവർത്തനങ്ങൾ സൃഷ്ടിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക് വിഭവ പങ്കാളിത്തമോ തുല്യതയോ രാഷ്ട്രീയ അധികാരമോ സാമൂഹിക സാംസ്കാരിക മൂലധന പങ്കാളിത്തമോ കിട്ടാതിരിക്കുകുയും എന്നാൽ എല്ലാവരും ഹിന്ദുക്കളായി എണ്ണപ്പെടുകയും ഭൂരിപക്ഷ ഹിന്ദുക്കൾ എന്ന പേരിൽ വരേണ്യ സാമുദായിക വിഭാഗങ്ങൾ ഹിന്ദു വക്താക്കളായി മാറുകയും ചെയ്തു. സാമൂഹിക വിവേചനം തുടരുകയും, പരമ്പരാഗത അയിത്തം മറ്റൊരുരീതിയിൽ ഘടനാപരമായ അസമത്വമായും സാമൂഹ്യ പുറന്തള്ളലായും പരിണമിക്കുകയും ചെയ്തു.

ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചതിന് കൂട്ടക്കൊലചെയ്യപ്പെട്ട അവർണ്ണരെ ഒരുമിച്ച് സംസ്കരിച്ചെന്നു കരുതപ്പടുന്ന ദളവാക്കുളം നിന്നിരുന്ന സ്ഥലം

വൈക്കത്തെ ഈഴവ, പുലയ സമുദായങ്ങൾ തുടങ്ങിവെച്ച സമരങ്ങളുടെ തുടർച്ചയാണ് വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. പിന്നീടത് ഒരു ബഹുജന പ്രക്ഷോഭമായി മാറി. എന്നാൽ അയിത്തോച്ചാടനവും വഴി നടപ്പും എന്ന ആവശ്യത്താൽ പരിമിതപ്പെട്ടെങ്കിലും സാമൂഹിക സമത്വത്തെ മുന്നോട്ടുവച്ച സമരമായിരുന്നു. വൈക്കം സത്യാഗ്രഹം. കീഴാള സമൂഹങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണ് നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ആശയമായ അവസരസമത്തവും തുല്യതയും. പരിവർത്തന പ്രക്ഷോഭങ്ങളിൽ ഏറെയും അടിത്തട്ട് സമൂഹങ്ങളായിരുന്നു. അവർ ഉയർത്തിക്കൊണ്ടുവന്ന നീതി, തുല്യത, പങ്കാളിത്തം, പ്രാധനിത്യം തുടങ്ങിയ ആശയങ്ങൾക്ക് തുടർച്ചയുണ്ടായില്ല. മറിച്ച് തൊള്ളായിരത്തി ഇരുപതോടു കൂടി പരിഷ്കരണവാദമായും, ദേശീയ പ്രസ്ഥാനമായും, പിന്നീടുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വരേണ്യരുടെ നിയന്ത്രണത്തിലേക്കും അവർ നയിക്കുന്ന പ്രസ്ഥാനങ്ങളിലേക്കും കീഴാള സമരങ്ങളെയും ആ പാരമ്പര്യമുള്ള സമൂഹങ്ങളെയും കൂടി ഉൾച്ചേർക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത്തരം പ്രസ്ഥാനങ്ങളിലും സംഘടനകളിലും കീഴാള-പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാതെ വന്നു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും സാമൂഹിക തുല്യതയും തുല്യ നീതിയും അകലെയാണ്.

Also Read

11 minutes read March 31, 2023 3:30 pm