

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സമരമായ വൈക്കം പോരാട്ടത്തിന് നൂറ് വയസ് പിന്നിട്ടിരിക്കുകയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകളിൽ അവർണർക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെ നടന്ന സമരം നീണ്ടുനിന്നത് 603 ദിവസമാണ്. 1925 മാർച്ച് ഒമ്പതിനാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി ഗാന്ധിജി വൈക്കത്ത് എത്തുന്നത്. വൈക്കം സത്യാഗ്രഹ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഗാന്ധിജിയുടെ സന്ദർശനം. നൂറ് വർഷം മുമ്പ് ഗാന്ധി വൈക്കത്ത് എത്തുമ്പോൾ മറ്റൊരു ‘ചരിത്ര സംഭവം’ കൂടി അന്ന് നടക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടദിവസം!
ബഷീർ ആ അനുഭവം വർഷങ്ങൾക്ക് ശേഷം തന്റെ ഓർമ്മകുറിപ്പിൽ പങ്കുവയ്ക്കുകയുണ്ടായി. പിന്നെയും ഏറെക്കാലം കഴിഞ്ഞ് ഒൻപതാം ക്ലാസ് പാഠപുസ്തകത്തിലെ ‘അമ്മ’ അനുഭവകഥയുടെ രൂപത്തിൽ ബഷീറിന്റെ ആ ഓർമ്മ പുതിയ തലമുറയ്ക്കും പരിചിതമായി മാറി. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ബഷീറിന്റെ ഗാന്ധിയോർമ്മകളെ മറ്റൊരു മാധ്യമത്തിലൂടെ പുനരാവിഷ്കരിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട് മഞ്ച ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികൾ. സ്കൂളിന്റെ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമിലൂടെ ശബ്ദ രൂപത്തിൽ (ഓഡിയോ ബുക്ക്) അവതരിപ്പിച്ച ഈ പരിപാടിക്ക് കവി അൻവർ അലിയുടെ എഴുതിയ ‘ഗാന്ധിത്തൊടൽമാല’ എന്ന കവിത ഊർജ്ജമായി മാറി. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ട സംഭവമാണ് കവിതയുടെയും പശ്ചാത്തലം.
“തൊട്ടു ഞാനുമ്മാ! ഗാന്ധിയെ
തൊട്ടു ഞാനുമ്മാ!
പട്ടുപോലെ നനുത്ത തോളിൽ
തൊട്ടു ഞാനുമ്മാ!
കടലു കരകയ്യേറുമാറ്
മനുഷ്യരാകെ ഇരമ്പിയാർത്തു
വൈക്കം ജെട്ടിയിൽ ബോട്ടടുത്തു
ഗാന്ധി വന്നുമ്മാ, നാട്ടില്
കാന്തി വന്നുമ്മാ !”
(‘ഗാന്ധിത്തൊടൽമാല’, അൻവർ അലി)
‘സ്‌കൂളിന്റെ ശബ്ദം നാടിന്റെ ശബ്‍ദം സ്‌കൂളിന്റെ ശബ്ദം നാളെയുടെ ശബ്ദം’ എന്ന ആശയമുയർത്തികൊണ്ട് മഞ്ച സ്കൂൾ തുടക്കമിട്ട ‘റേഡിയോ മഞ്ച’ എന്ന പരിപാടി പിന്നീട് ഒരു ഓഡിയോ ബുക്ക് രൂപത്തിലേക്ക് മാറുകയായിരുന്നു. അതിൽ ഏറെ ശ്രദ്ധേയമായി മാറിയത് ‘ആ കുട്ടി ഗാന്ധിയെ തൊട്ടു’ എന്ന പരിപാടിയാണ്. സ്കൂളുകളിൽ നിന്നും സംഘർഷത്തിന്റെയും ലഹരിയുടെയും വാർത്തകൾ മാത്രം പുറത്തുവരുന്ന ഈ കാലത്ത് മഞ്ച സ്കൂളിലെ വിദ്യാർത്ഥികൾക്ക് പറയാനുള്ള അനുഭവം മറ്റൊന്നാണ്.


കുട്ടികളെ ഒരുമിച്ചിരുത്തിയ റേഡിയോ
കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സമയത്തിന് ശേഷമാണ്, വിദ്യാർത്ഥികൾക്കായി ഒരു റേഡിയോ എന്ന ആശയം ഉടലെടുക്കുന്നത്. ലോക്ഡൗൺ സമയത്ത് വിക്ടേഴ്സ് ചാനലിലൂടെ സർക്കാർ ആഭിമുഖ്യത്തിൽ പാഠങ്ങൾ നൽകിയിരുന്നുവെങ്കിലും, കൂടുതൽ ആകർഷകവും സംവേദനാത്മകവുമായ ഒരു പഠനവേദിയുടെ ആവശ്യകതയുണ്ടായിരുന്നു. ആ ചിന്തയിൽ നിന്നാണ് മഞ്ച സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു റേഡിയോ ആരംഭിക്കുന്നത്. അതിന് സ്‌കൂളിന്റെ പേര് ചേർത്ത് ‘റേഡിയോ മഞ്ച’ എന്ന പേരുമിട്ടു. മഹാമാരിക്കാലത്ത് കുട്ടികൾ നേരിട്ട പ്രശ്നങ്ങളെ മറികടക്കാനാണ് തുടങ്ങിയതെങ്കിലും സ്‌കൂളിലെ കുട്ടികൾക്ക് ആവേശമായി ‘റേഡിയോ മഞ്ച’ അതിവേഗം വളർന്നു.
“കോറോണയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ ‘ഒരുമിച്ചിരിക്കൽ’ എന്നത് എന്തെന്ന് മറന്നാണ് നമ്മുടെ കുട്ടികൾ തിരിച്ചെത്തിയത്. അവരെ വീണ്ടും കൂട്ടം ചേർത്തിയിരുത്തണമായിരുന്നു, ഒരുപോലെ ശ്രദ്ധ ക്ഷണിക്കണമായിരുന്നു. അതിനായാണ് ഞങ്ങൾ സ്‌കൂളിന്റെ പേരുതന്നെ നൽകിക്കൊണ്ട് ‘റേഡിയോ മഞ്ച’ എന്ന പ്രോഗ്രാം തുടങ്ങുന്നത്. ഒരുമിച്ചിരുന്ന് കേൾക്കുക എന്ന ആശയത്തിൽ നിന്നാണ് അത് ആസൂത്രണം ചെയ്തത്. ഇപ്പോൾ ഈ സ്‌കൂളിൽ ആകെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി 62 കുട്ടികളേയുള്ളൂ. ആ കുട്ടികളെ ഒരുമിച്ചിരുത്തുക എളുപ്പമായിരുന്നു. ഉച്ചയിടവേള ഞങ്ങൾക്ക് ഒരു മണിക്കൂർ ഉണ്ട്. ആ സമയം ഞങ്ങൾ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു.” സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകൻ ഉദയൻ റേഡിയോ മഞ്ച തുടങ്ങാനിടയായ സാഹചര്യം വിശദമാക്കി.


മഞ്ച സ്‌കൂൾ ആരംഭിച്ച ഓഡിയോ ബുക്ക് പിന്നീട് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകളിൽ കേൾപ്പിക്കുകയും അവിടുത്തെ വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് എപ്പിസോഡുകൾ ചെയ്യാനായെന്നും ഉദയൻ മാഷ് പറയുന്നു.
“ഒരു ശബ്ദപുസ്തകം അഥവാ ഓഡിയോ ബുക്ക് എന്ന ആശയം റേഡിയോ മഞ്ചയിൽ നിന്നാണുണ്ടായത്. അതിന്റെ ഭാഗമായി ആദ്യം കുട്ടികൾക്ക് കവിതകൾ കേൾപ്പിക്കുമായിരുന്നു. ബഷീർ ദിനത്തിനും മറ്റും അൻവർ അലിയുടെ ‘ഗാന്ധിത്തൊടൽമാല ‘ കേൾപ്പിച്ചിരുന്നു. ബഷീർ ഗാന്ധിയെ തൊട്ട കഥ ‘അമ്മ’ എന്ന പേരിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുണ്ടായിരുന്നു. കുട്ടികൾക്ക് അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അൻവർ അലിയുടെ കവിതയെ മുൻനിർത്തി സമൂഹത്തിലെ വിവിധ മണ്ഡലത്തിലുള്ളവർ സംസാരിച്ചു. അത് ഞങ്ങൾ റെക്കോർഡ് ചെയ്യുകയും കുട്ടികളെയും അതിൽ ഉൾപ്പെടുത്തിക്കൊണ്ട് ഓഡിയോ ബുക്കാക്കി സ്‌കൂളിന്റെ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇപ്പോൾ പോഡ്‌ബീൻ എന്ന ഓഡിയോ ലിസണിങ് ആപ്പിലും അത് എല്ലാവർക്കും കേൾക്കാം” ഉദയൻ മാഷ് പറഞ്ഞു.
വിദ്യാർത്ഥികളുടെ പങ്കാളിത്തം
മഞ്ച സ്കൂൾ പുറത്തിറക്കിയ അഞ്ചാമത്തെ ശബ്ദപുസ്തകം ‘ആ കുട്ടി ഗാന്ധിയെ തൊട്ടു’ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് അന്ന് സമൂഹമാധ്യമത്തിലൂടെ പ്രകാശനം ചെയ്തത്. ഈ പതിപ്പിന് കവർ ചിത്രം വരച്ചത് ആനാട് എസ്.എൻ.വി.എച്ച്.എസ്.എസിലെ ഷാരോൺ ജെ സതീഷ് എന്ന വിദ്യാർത്ഥിയാണ്. ഓഡിയോ ബുക്കിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയത് 2024 ഒക്ടോബറിലാണ്. ബഷീറിന്റെ മകൻ അനീസ് ബഷീർ, എഴുത്തുകാരൻ ജയമോഹൻ, എഴുത്തുകാരി വി.എം ഗിരിജ, സാഹിത്യ നിരൂപകൻ കെ.സി നാരായണൻ, കവി പി.പി രാമചന്ദ്രൻ, റഫീഖ് അഹമ്മദ്, ഡോ. കെ.എം ഭരതൻ തുടങ്ങിയവർ ഈ ഓഡിയോ ബുക്കിൽ സംസാരിക്കുന്നുണ്ട്. ആദ്യ ലക്കത്തിൽ കെ.കെ സുരേന്ദ്രൻ, അജയ് പി മങ്ങാട്ട്, ശിഹാബുദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ ഡോ.ബി ബാലചന്ദ്രൻ തുടങ്ങിയവരും സംസാരിക്കുന്നുണ്ട്. രണ്ടാമത്തെ പതിപ്പിനായി കവർ ചിത്രം വരച്ച് നൽകിയത് മഞ്ച സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഐവാൻ വെസ്ലിയാണ്. ചിത്രരചന പഠിക്കുന്നില്ലെങ്കിലും വലിയ ആവേശത്തോടെയാണ് തന്റെ വിദ്യാലയത്തിന് വേണ്ടി ചിത്രം വരച്ചു നൽകിയത് എന്ന് ഐവാൻ വെസ്ലി പറയുന്നു.


“ചേച്ചിയുടെ പാഠപുസ്തകത്തിൽ നിന്നാണ് ‘അമ്മ’ എന്ന കഥ വായിച്ചുകേൾക്കുന്നത്. കുട്ടി ബഷീർ ഗാന്ധിയെ തൊട്ട കഥ. പിന്നീട് ആ വിഷയം ഒരു ഓഡിയോ ബുക്കാക്കിയിരുന്നു. അതിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജിനായി ഒരു ചിത്രം വരച്ചുതരുമോ എന്ന് സാറാണ് എന്നോട് ചോദിച്ചത്. ഞാൻ പടം വരയ്ക്കാറുണ്ട്. എല്ലാ നിറങ്ങളും ചേർത്ത് കളർഫുൾ ആക്കി വരയ്ക്കാനാണ് ഞാൻ നോക്കിയത്. ഓഡിയോ ബുക്കിനായി എനിക്കിനിയും വരയ്ക്കാൻ താല്പര്യമുണ്ട്.” എട്ടാം ക്ലാസുകാരൻ ഐവാന് വലിയ ഉത്സാഹം.


‘ഗാന്ധിത്തൊടൽമാല’ എന്ന കവിതയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടു കൂടി റാപ്പ് ആക്കി മാറ്റി, അത് പാടി റേഡിയോയിൽ അപ്‌ലോഡ് ചെയ്തത് ഐവാൻ വെസ്ലിയുടെ സഹോദരി കൂടിയായ പത്താം ക്ലാസുകാരി ഇവാന വെസ്ലിയാണ്.
“കഴിഞ്ഞ വർഷമാണ് റാപ്പ് പാടിയത്. ഞാൻ അങ്ങനെ പാട്ട് പാടാറില്ല, പഠിക്കുന്നുമില്ല. ഉദയൻ സാറ് പാടാൻ പറഞ്ഞപ്പോൾ പാടുകയായിരുന്നു. ഞാൻ ആദ്യമായാണ് ഇതൊക്കെ ചെയ്യുന്നത്. അതുകൊണ്ട് നല്ല പേടിയുണ്ടായിരുന്നു. തുടക്കത്തിൽ കുറച്ച് തെറ്റി. പിന്നീട് ശരിയായി. അച്ഛനാണ് എന്നെ എല്ലാറ്റിലും പ്രോത്സാഹിപ്പിക്കുന്നത്, സ്‌കൂളിൽ ടീച്ചർമാരും. പറ്റിയാൽ പ്ലസ് വണ്ണിലും മഞ്ച സ്‌കൂളിൽ തന്നെ ചേരും. വീണ്ടും പാട്ടൊക്കെ പാടാമല്ലോ.” ഇവാന വെസ്ലി സന്തോഷത്തോടെ പറയുന്നു.


“ഗാന്ധിപാരായണം എന്ന ഒരു ഓഡിയോ ബുക്കാണ് ആദ്യം ചെയ്തത്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണത്. ഗാന്ധിയെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് ആ റേഡിയോ പ്രഭാഷണം ചെയ്തത്. അതിൽ കുറെ പ്രമുഖ വ്യക്തികൾ ഗാന്ധിയെ കുറിച്ച് സംസാരിച്ചു. അതിൽ ഞാനായിരുന്നു റേഡിയോ ജോക്കി. ഞാൻ ആദ്യമായാണ് റേഡിയോ ജോക്കി ആകുന്നത്. എനിക്ക് വലിയ സന്തോഷമായി.” റേഡിയോ മഞ്ചയിൽ ആർ.ജെ ആവാൻ അവസരം ലഭിച്ച അഭിനവ് എന്ന പത്താം ക്ലാസുകാരൻ കൗതുകത്തോടെ വിശദീകരിച്ചു. പിന്നീട് റോഡിയോയ്ക്ക് വേണ്ടി അംബേദ്‌കർ പാരായണം ചെയ്തപ്പോഴാണ് അംബേദ്ക്കർ ആരായിരുന്നു എന്ന് വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നും അഭിനവ് പറഞ്ഞു.
“മിക്ക സ്‌കൂളുകളിലും റേഡിയോകളുണ്ട്. ഉച്ചഭക്ഷണ ഇടവേളയിൽ അവിടെ പാട്ടുകളും മോട്ടിവേഷൻ സ്റ്റോറികളും ഒക്കെ ആണ് ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾ പാഠപുസ്തകത്തിനപ്പുറമുള്ള ഒരു കാര്യം ആണ് ചെയ്യുന്നത്. ഇടവേള സമയത്തെയും ഞങ്ങൾ അറിവ് കിട്ടാനായി ഉപയോഗിക്കും. റേഡിയോ കേൾക്കുന്നത് വഴി കൂടുതൽ കാര്യം അറിയാൻ പറ്റും. ഇപ്പോൾ വേറെ പല സ്‌കൂളുകളും ഞങ്ങടെ ഓഡിയോ കേൾക്കുന്നുണ്ട്.” അഭിനവ് പറയുന്നു.


“പുതിയ കുട്ടികൾ ഡിജിറ്റൽ ലോകത്ത് ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. ഞങ്ങളുടെ കുട്ടികൾ ആ ഡിജിറ്റൽ സ്പെയ്സിനെ തന്നെ വിജ്ഞാനപ്രദമാക്കി ഉപയോഗിക്കുന്നു. ഓരോ എപ്പിസോഡ് ശ്രവിക്കുന്നതിലൂടെയും ഒരു കുട്ടി ഗാന്ധിയെ അറിയുന്നു, ബഷീറിനെ അറിയുന്നു, അൻവർ അലിയെ അറിയുന്നു, മാത്രമല്ല അതിൽ സംസാരിച്ച ആളുകളെ മുഴുവൻ അറിയുന്നു. കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകർക്ക് ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ സ്‌കൂളുകളിൽ ചെയ്യാൻ കഴിയും. ഞങ്ങളുടെ സ്‌കൂളിലെ പോലെ തന്നെ കേരളത്തിൽ പല സ്‌കൂളുകളും പല നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. അതൊന്നും മീഡിയ റിപ്പോർട്ടിങിൽ ഉൾപ്പെടുന്നില്ല എന്ന് മാത്രം.” ഉദയൻ മാഷ് പറയുന്നു.
കുട്ടികൾ അമിതമായി ആശ്രയിക്കുന്ന സ്മാർട് ഫോൺ അടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങൾ ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങളിലേക്ക് അവരെ പിടിച്ചുവലിക്കുന്ന കാലത്ത് റോഡിയോ മഞ്ച പ്രസക്തമായ ഒരു സാമൂഹ്യ ഇടപെടൽ കൂടിയായി മാറുന്നു. കേൾവിക്കാർ മാത്രമല്ല, ഉള്ളടക്കം നിർമ്മിക്കുന്നവരും അവതാരകരും ഒക്കെയായി കുട്ടികൾ ഈ ഉദ്യമത്തിൽ സജീവമായി പങ്കുചേരുന്നു. ശബ്ദപുസ്തകത്തിൽ കവി പി.പി രാമചന്ദ്രൻ പറയുന്നതുപോലെ, “ഗാന്ധിയെ അറിയുക വഴി ഈ കുട്ടികൾ തൊട്ടത് ഇന്ത്യയെയാണ്.”


വീണ്ടും വൈക്കത്തേക്ക്
വലിയ ജനാരവത്തിന് മധ്യത്തിലായി ഗാന്ധിയിറങ്ങിയപ്പോൾ കുട്ടികളെല്ലാം ഗാന്ധിയെ വട്ടംവെച്ചു നിന്നു. അവരിൽ വൈക്കം ഇംഗ്ലീഷ് സ്കൂളിൽ ഫോർത്ത് ഫോം വിദ്യാർഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീറുമുണ്ടായിരുന്നു. പെട്ടെന്ന് ബഷീറിന് ഒരാഗ്രഹം, ഗാന്ധിയെ ഒന്ന് തൊടണം. ആ ആഗ്രഹം മനസിൽ നിറച്ച് ബഷീർ ഗാന്ധിജി സഞ്ചരിച്ച വാഹനത്തിന് പിറകെ ഏറെ നേരം ഓടി. അങ്ങനെ ബോട്ട് ജെട്ടിയിലേയും കായലോരത്തേയും വലിയ തിരക്കിനെ മറികടന്ന് ബഷീർ ഗാന്ധിയെ തൊട്ടു. തിരികെ വീട്ടിലെത്തിയ ബഷീർ തന്റെ അമ്മയോട് ആ തൊടലിനെക്കുറിച്ച് കൗതുകത്തോടെ വിവരിച്ചു. ബഷീർ എഴുതുന്നു:
“അന്ന് സന്ധ്യയ്ക്ക് വീട്ടിൽ ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാൻ പറഞ്ഞു.
‘ഉമ്മാ ഞാൻ ഗാന്ധിയെത്തൊട്ട്.”
ഗാന്ധിയെ കുറിച്ചുള്ള വർത്തമാനങ്ങൾ പതിവായതോടെ ഒരുദിവസം ഉമ്മ ബഷീറിനോട് തിരിച്ച് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം കേട്ട് ബഷീറിന് ഉത്തരം മുട്ടിപ്പോയി.
“എടാ, ഈ കാന്തി നമ്മടെ പഷ്ണി തീർക്കുവാ?”
ഭാരതം സ്വതന്ത്രമായാൽ നമ്മുടെ പട്ടിണി തീരും എന്നായിരുന്നു അന്ന് ബഷീറിന്റെ പ്രതികരണം.
‘ആ കുട്ടി ഗാന്ധിയെ തൊട്ടു’ എന്ന ഓഡിയോ ബുക്ക് കേൾക്കാം: